കുടലിന്റെ ആരോഗ്യം കാക്കാം: ഉടലും മനസ്സും സംരക്ഷിക്കാം

കുടലിന്റെ ആരോഗ്യം കാക്കാം: ഉടലും മനസ്സും സംരക്ഷിക്കാം

നമ്മൾ പലപ്പോഴായി കഴിക്കുന്ന ആഹാരം ദഹിപ്പിച്ച്, പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിലെ പ്രവർത്തനമായി മാത്രം ദഹനവ്യവസ്ഥയെ കണക്കാക്കുന്ന ധാരാളം പേരുണ്ട്. യഥാർത്ഥത്തിൽ, കുടൽ എന്നത് ശരീരത്തിൻ്റെയും മനസ്സിൻ്റെയും മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന വ്യവസ്ഥയുടെ ഭാഗമാണ് എന്നാണ് ആധുനിക ശാസ്ത്രം വ്യക്തമാക്കുന്നത്. നമ്മുടെ രോഗപ്രതിരോധശേഷി, ഉപാപചയപ്രവർത്തനങ്ങൾ, മാനസികാരോഗ്യം, മാരക രോഗങ്ങൾ തടയൽ എന്നിവയിലെല്ലാം കുടലിന്റെ ആരോഗ്യം  സുപ്രധാന പങ്ക് വഹിക്കുന്നു.

കുടലിന്റെ ആരോഗ്യത്തിന് പിന്നിലെ ശാസ്ത്രം

നമ്മുടെ ദഹനനാളത്തിൽ, ബാക്ടീരിയ, വൈറസ്, ഫംഗസ്, തുടങ്ങിയ കോടിക്കണക്കിന് സൂക്ഷ്മാണുക്കളുടെ ഒരു വലിയ സമൂഹം തന്നെയുണ്ട്. ഇതിനെ ഗട്ട് മൈക്രോബയോം എന്ന് പറയുന്നു. ഏകദേശം 100 ട്രില്യണിലധികം സൂക്ഷ്മാണുക്കൾ അടങ്ങിയ ഈ സമൂഹം പല പ്രവർത്തനങ്ങളേയും സ്വാധീനിക്കുന്നു:

  • ദഹനവും പോഷകങ്ങളുടെ ആഗിരണവും.
  • രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്നത് (നമ്മുടെ പ്രതിരോധ കോശങ്ങളിൽ എഴുപത് ശതമാനവും കുടലിലാണ്).
  • കുടലും മസ്തിഷ്ക്കവും തമ്മിലുള്ള ബന്ധം വഴി മാനസികാവസ്ഥയെയും ചിന്തകളെയും സ്വാധീനിക്കുന്നത്.
  • ശരീരത്തിലെ നീർക്കെട്ടും വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യതയും.

ആരോഗ്യവും പ്രതിരോധശേഷിയുമുള്ള ശരീരത്തിൻ്റെ അടിസ്ഥാനം സന്തുലിതമായ ഒരു മൈക്രോബയോമാണ്. എന്നാൽ ഈ സന്തുലിതാവസ്ഥ തകിടം മറിയുമ്പോൾ, ഡിസ്ബയോസിസ് എന്ന അവസ്ഥയിലെത്തുന്നു. ഇത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

കുടലിന്റെ അനാരോഗ്യം സൂചിപ്പിക്കുന്ന സാധാരണ ലക്ഷണങ്ങൾ

കുടലിലെ പ്രശ്നങ്ങൾ എപ്പോഴും വയറുവേദന തന്നെ ആയിക്കൊള്ളണമെന്നില്ല.. ഏറ്റവും പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ ഇനി പറയുന്നു:

  • സ്ഥിരമായ വയറുവീർപ്പ്, ഗ്യാസ്, അല്ലെങ്കിൽ ക്രമരഹിതമായ മലശോധന.
  • ചില ഭക്ഷണങ്ങൾ കഴിക്കുമ്പോഴത്തെ ബുദ്ധിമുട്ടുകൾ .
  • ഇടയ്ക്കിടെയുള്ള അണുബാധകൾ അല്ലെങ്കിൽ രോഗപ്രതിരോധ ശേഷിക്കുറവ്.
  • വിട്ടുമാറാത്ത ക്ഷീണവും ഉറക്കക്കുറവും.
  • മുഖക്കുരു, എക്സിമ പോലുള്ള ചർമ്മപ്രശ്നങ്ങൾ.
  • ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക അസ്വസ്ഥതകൾ.

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ

കുടലിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാനും മൈക്രോബയോമിനെ സന്തുലിതമാക്കാനും ശാസ്ത്രം ചില പ്രായോഗിക വഴികൾ നിർദ്ദേശിക്കുന്നുണ്ട്.

1. നാരുകൾ അഥവാ ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുക

നാരുകൾ കുടലിലെ നല്ല ബാക്ടീരിയകളുടെ പ്രധാന ഭക്ഷണമാണ്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ നീർക്കെട്ട്, ഹൃദ്രോഗം, വൻകുടലിലെ കാൻസർ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

നാരുകൾ നിറഞ്ഞ ഭക്ഷണങ്ങൾ:

  • മുഴുധാന്യങ്ങൾ (ഓട്സ്, തവിട് കളയാത്ത അരി, ബാർലി)
  • പയർ വർഗ്ഗങ്ങൾ (കടല, പരിപ്പ്, ബീൻസ്)
  • പച്ചക്കറികളും പഴങ്ങളും (ബ്രൊക്കോളി, ചീര, ആപ്പിൾ, ബെറിപ്പഴങ്ങൾ)
  • നട്സും വിത്തുകളും (ബദാം, ഫ്ലാക്സ് സീഡ്)

ദിവസവും കുറഞ്ഞത് 25-30 ഗ്രാം ഫൈബർ എങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.

2. പ്രോബയോട്ടിക്കുകളും പുളിപ്പിച്ച ഭക്ഷണങ്ങളും

പ്രോബയോട്ടിക്കുകൾ നമ്മുടെ കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ, ജീവനുള്ള നല്ല ബാക്ടീരിയകളാണ്. ഇത് സപ്ലിമെന്റുകളായി ലഭ്യമാണെങ്കിലും ആഹാരത്തിലൂടെ കുടലിലെത്തുന്നതാണ് കൂടുതൽ ഫലപ്രദം.

ഉദാഹരണത്തിന്:

  • നല്ല ബാക്ടീരിയകൾ അടങ്ങിയ തൈര് 
  • കെഫിർ 
  • സൗവർക്രോട്ട്, കിംചി
  • മധുരം ചേർക്കാത്ത കൊമ്പൂച്ച 

ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ലേബലിൽ “live and active cultures” എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം

3. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക

റിഫൈൻഡ് ഷുഗർ, കൃത്രിമ മധുരങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കുടലിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും നീർക്കെട്ട് വർദ്ധിപ്പിക്കുകയും ചെയ്യും.

കൊഴുപ്പും പഞ്ചസാരയും കൂടിയ പാശ്ചാത്യ രീതിയിലുള്ള ഭക്ഷണക്രമം കുടലിലെ മൈക്രോബുകളുടെ വൈവിധ്യം കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് അമിതവണ്ണം, പ്രമേഹം, ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള രോഗങ്ങൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

4. അനാവശ്യമായ ആൻ്റിബയോട്ടിക് ഉപയോഗം പരിമിതപ്പെടുത്തുക

പല രോഗങ്ങൾക്കും ആൻ്റിബയോട്ടിക്കുകൾ അത്യാവശ്യമാണെങ്കിലും, അവയുടെ അമിത ഉപയോഗം കുടലിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും കുടലിന്റെ സന്തുലിതാവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.

വിദഗ്ദ്ധ നിർദ്ദേശം: ആൻ്റിബയോട്ടിക്കുകൾ കഴിക്കേണ്ടി വന്നാൽ, കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ  പ്രോബയോട്ടിക് കൂടി കഴിക്കുന്നതിനെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുക.

5. നന്നായി ഉറങ്ങുക, സമ്മർദ്ദം കുറയ്ക്കുക

ഉറക്കക്കുറവും സ്ഥിരമായ മാനസിക സമ്മർദ്ദവും ഗട്ട് മൈക്രോബയോമിനെ പ്രതികൂലമായി ബാധിക്കും. ഇത് രോഗങ്ങൾ വരാനുള്ള സാധ്യതയും ദഹനപ്രശ്നങ്ങളും വർദ്ധിപ്പിക്കും.

ഗവേഷണങ്ങൾ തെളിയിച്ച വഴികൾ:

  • ദിവസവും 7-9 മണിക്കൂർ നന്നായി ഉറങ്ങുക.
  • മൈൻഡ്ഫുൾനെസ് ധ്യാനം, സി ബി ടി പോലുള്ള സ്ട്രെസ് മാനേജ്മെൻ്റ് രീതികൾ പരിശീലിക്കുക.
  • പതിവായി വ്യായാമം ചെയ്യുക. ഇത് കുടലിന്റെ പ്രവർത്തനത്തിനും മാനസികാരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യും.

6. ആവശ്യത്തിന് വെള്ളം കുടിക്കുക

വെള്ളം ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആന്തരിക പാളികളെ സംരക്ഷിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മലബന്ധം തടയാനും പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാനും സഹായിക്കും.

വയറും തലച്ചോറും തമ്മിലുള്ള പരസ്പരം ബന്ധം

 കുടൽ വാഗസ് നാഡി  വഴി തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. കുടലിന്റെ ആരോഗ്യം മാനസികാവസ്ഥയെ സ്വാധീനിക്കുന്നതും ഉത്കണ്ഠയും വിഷാദവും ചിലപ്പോൾ ദഹനപ്രശ്നങ്ങളായി പ്രത്യക്ഷപ്പെടുന്നതും ഇതുകൊണ്ടാണ്.

മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന പ്രോബയോട്ടിക്കുകളെക്കുറിച്ചുള്ള സൈക്കോബയോട്ടിക്സ് എന്ന പുതിയ പഠനമേഖല, ഗട്ട്-ബ്രെയിൻ ബന്ധത്തെ മെച്ചപ്പെടുത്തുന്നതിലൂടെ മാനസികപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നു.

ചെറിയ മാറ്റങ്ങളിലൂടെ വലിയ പ്രയോജനം നേടാം

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ജീവിതശൈലിയിൽ സങ്കീർണ്ണമായ മാറ്റങ്ങൾ വരുത്തേണ്ട കാര്യമില്ല. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ശീലങ്ങൾ സ്ഥിരമായി പിന്തുടരുന്നതിലൂടെ, മൈക്രോബയോമിനെ സംരക്ഷിക്കാനും അതുവഴി കരുത്തും  ദഹനശക്തിയും, രോഗപ്രതിരോധശേഷിയും നേടാനും മനസ്സിന് തെളിച്ചം നൽകാനും കഴിയും.

മറക്കണ്ട, കുടൽ നന്നായാൽ ഉടൽ നന്നാവും. 

കുടൽ തന്നെയാവട്ടെ നല്ല ആരോഗ്യത്തിലേക്കുള്ള വഴികാട്ടി!

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe