അമ്മയാകാൻ ഒരുങ്ങുകയാണോ?  ആരോഗ്യവും ഉൻമേഷവും നേടാം

അമ്മയാകാൻ ഒരുങ്ങുകയാണോ?  ആരോഗ്യവും ഉൻമേഷവും നേടാം

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീജീവിതത്തിലെ ഏറ്റവും വലിയ പരിവർത്തനത്തിന് തയ്യാറാകുന്ന സമയമാണ് ഗർഭകാലം. ഉള്ളിലുള്ള കുഞ്ഞുജീവൻ്റെ ചലനങ്ങൾ തിരിച്ചറിയാൻ തുടങ്ങുന്നതു മുതൽ  വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത തരം ആനന്ദം അനുഭവിക്കാനാവും. ഗർഭത്തിൻ്റെ അവസാന ആഴ്ച്ചകളിൽ അമ്മയുടെ ശരീരവും മനസ്സും അത്ഭുതകരമായ താളത്തിൽ പ്രവർത്തിക്കുന്നു. എന്നാൽ, പ്രസവത്തോടടുക്കുന്ന ഈ ഘട്ടം, ചിലപ്പോൾ, വൈകാരിക വ്യതിയാനങ്ങളും ബുദ്ധിമുട്ടുകളും അനിശ്ചിതത്വവും കൊണ്ടുവരാനും സാദ്ധ്യതയുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുകയും ഗർഭിണികൾ, അവരുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ശ്രദ്ധിക്കുകയും ചെയ്യുന്നത്, പ്രസവം  സുഗമമാക്കാനും ആത്മവിശ്വാസം ഉറപ്പാക്കാനും സഹായിക്കും.

1. ശാരീരിക ആരോഗ്യം: പ്രസവത്തിനായി ശരീരത്തെ ഒരുക്കാം

നിങ്ങളുടെ ശരീരം ഇപ്പോൾ ഏറ്റവും സജീവമായ പരിവർത്തന ഘട്ടത്തിലാണ്. ഓരോ കോശവും, കുഞ്ഞുജീവനെ പരിപോഷിപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • സമീകൃതാഹാരം (Balanced Nutrition):

പ്രോട്ടീൻ, അയേൺ, കാൽസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമടങ്ങിയ ഭക്ഷണം, ചെറിയ അളവിൽ ഇടയ്ക്കിടെ കഴിക്കുക.

ചീര, ഈന്തപ്പഴം, മുട്ട, മീൻ, ധാന്യങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ശരീരത്തിൽ മതിയായ ജലാംശം നിലനിർത്തേണ്ടത് (Hydration) അത്യാവശ്യമാണ്. ദിവസവും 2.5–3 ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കുക.

  • ലഘുവായ ചലനങ്ങൾ:

ഡോക്ടർ വിലക്കിയിട്ടില്ലെങ്കിൽ, പ്രസവത്തിനു മുമ്പുള്ള യോഗ (Prenatal yoga), നടത്തം, അല്ലെങ്കിൽ പെൽവിക് ടിൽറ്റുകൾ പോലുള്ള ലഘു വ്യായാമങ്ങൾ ചെയ്യാം.

ഇവ ശരീരത്തിൻ്റെ  വഴക്കം മെച്ചപ്പെടുത്താനും രക്തയോട്ടം വർദ്ധിപ്പിക്കാനും നടുവേദന കുറയ്ക്കാനും പ്രസവത്തിനായി ഇടുപ്പെല്ലിനെ സജ്ജമാക്കാനും സഹായിക്കുന്നു.

  • ഉറക്കവും വിശ്രമവും

ഗർഭത്തിന്റെ അവസാന നാളുകളിൽ ക്ഷീണം കൂടാൻ സാധ്യതയുണ്ട്.

ഇടത് വശം ചരിഞ്ഞ് കിടന്നുറങ്ങുന്നത് കുഞ്ഞിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും നീർക്കെട്ട് കുറയ്ക്കാനും സഹായിക്കും.

ബോഡി പില്ലോ (Body Pillow) ഉപയോഗിക്കുന്നത്  നല്ല സപ്പോർട്ട് നൽകും.

  • ലക്ഷണങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാം:

നിങ്ങളുടെ കുഞ്ഞിന്റെ അനക്കം ശ്രദ്ധിക്കുകയും അത് രേഖപ്പെടുത്തി വെയ്ക്കുകയും ചെയ്യുക.

കുഞ്ഞിന്റെ ചലനങ്ങളിൽ പെട്ടെന്ന് കുറവനുഭവപ്പെടുകയോ തുടർച്ചയായ തലവേദന, കാഴ്ച മങ്ങൽ, അമിതമായ നീർക്കെട്ട് എന്നിവ ഉണ്ടാകുകയോ ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ അറിയിക്കണം.

ഡോക്ടറുടെ ഉപദേശം:

പ്രസവത്തിന് ആഴ്ചകൾക്ക് മുമ്പുതന്നെ ഗർഭാശയമുഖം (Cervix) മൃദുവാകാനും നേർത്തുവരാനും തുടങ്ങും. വയറുവേദനയോ ഇടുപ്പിലെ സമ്മർദ്ദമോ വളരെ നേരിയ തോതിൽ രക്തസ്രാവമോ (light spotting) ഉണ്ടാകുന്നത് സാധാരണമാണ്. എങ്കിലും എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

2. വൈകാരികവും മാനസികവുമായ ഉണർവ്വ്

നിങ്ങളുടെ ശരീരം പ്രസവത്തിനായി തയ്യാറെടുക്കുമ്പോൾ ഹോർമോണുകളുടെ തോത് അതിവേഗം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. സന്തോഷം, ഭയം, സങ്കടം എന്നിങ്ങനെയുള്ള വികാരങ്ങളുടെ വേലിയേറ്റം അനുഭവപ്പെടുന്നത് തികച്ചും സാധാരണമാണ്.

മാനസികമായ സ്വാസ്ഥ്യത്തിന്:

  • വികാരങ്ങളെ അംഗീകരിക്കുക:

നിങ്ങൾ അനുഭവിക്കുന്ന ഓരോ വികാരവും തികച്ചും സ്വാഭാവികമാണ്. ഭയത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും പങ്കാളിയോടോ അടുത്ത സുഹൃത്തുക്കളോടോ അല്ലെങ്കിൽ ഡോക്ടറോടോ സംസാരിക്കുക.

  • ശ്വസന വ്യായാമങ്ങൾ:

സാവധാനത്തിൽ, താളാത്മകമായി ശ്വാസമെടുക്കാൻ പരിശീലിക്കുക.  4 സെക്കൻഡ് ശ്വാസം ഉള്ളിലേക്ക് എടുക്കുക, 6 സെക്കൻഡ് കൊണ്ട് പുറത്തേക്ക് വിടുക. ഇത് കോർട്ടിസോളിൻ്റെ (Cortisol) അളവ് കുറയ്ക്കുകയും പ്രസവ സമയത്ത് ശാന്തമായിരിക്കാൻ സഹായിക്കുകയും ചെയ്യും.

  • അമിതമായി വിവരങ്ങൾ തേടുന്നത് ഒഴിവാക്കുക:

ഇൻ്റർനെറ്റിൽ പ്രസവം സംബന്ധിച്ച പല കഥകളും അതിശയോക്തി കലർന്ന വിവരണങ്ങളും ഉണ്ടാകും. ഓരോ ഗർഭകാലവും അതുല്യമാണ്. സ്വന്തം ശരീരത്തെയും ഡോക്ടറെയും വിശ്വസിച്ച് മുമ്പോട്ടു പോകുക. ആധികാരികതയില്ലാത്ത വിവരങ്ങൾ അനാവശ്യ ടെൻഷൻ സൃഷ്ടിക്കും. 

  • കുഞ്ഞുമായി ബന്ധം സ്ഥാപിക്കുക:

ഉദരത്തിൽ തുടിക്കുന്ന കുഞ്ഞുജീവനോട് സംസാരിക്കാം,  പാട്ടുകൾ പാടിക്കേൾപ്പിക്കാം, അല്ലെങ്കിൽ മെല്ലെ തലോടാം. ഇത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് പുറമെ, സ്നേഹത്തിൻ്റെയും ശാന്തതയുടെയും ഹോർമോണായ ഓക്സിടോസിൻ (Oxytocin) പുറപ്പെടുവിക്കാനും സഹായിക്കും.

  • തയ്യാറെടുക്കുക, പരിഭ്രമം വേണ്ട:

ഹോസ്പിറ്റൽ ബാഗ് നേരത്തെ തയ്യാറാക്കുക. ഡോക്ടറോട് പ്രസവവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംശയങ്ങളും സംസാരിച്ച് പ്ളാൻ ചെയ്യുക. പ്രസവം സുഗമവും സങ്കീർണ്ണതകളൊന്നും ഇല്ലാത്തതുമായിരിക്കുമെന്ന് ചിന്തിക്കുക. വേണ്ട രീതിയിൽ തയ്യാറെടുക്കുന്നത് ഉത്കണ്ഠ ഗണ്യമായി കുറയ്ക്കും.

വൈകാരിക യാഥാർത്ഥ്യം: പ്രസവത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകുന്നു എന്ന വസ്തുതയ്ക്കപ്പുറം, നിങ്ങളുടെ തന്നെ പുതിയൊരു രൂപത്തെ സൃഷ്ടിക്കുക എന്ന മനോഹര പ്രക്രിയയാണ് നടക്കുന്നത് എന്നും തിരിച്ചറിയണം.  ക്ഷമയോടെയും സ്നേഹത്തോടെയും കുഞ്ഞിൻ്റെ വരവിനെ സ്വാഗതം ചെയ്യാനാകണം. 

3. പ്രസവത്തിൻ്റെ മനഃശാസ്ത്രം

പ്രസവം എന്നത് ശാരീരിക പ്രക്രിയ എന്നപോലെ തന്നെ, മാനസികമായ പ്രക്രിയയും കൂടിയാണ്. സുരക്ഷിതത്വം അനുഭവിക്കുകയും പിന്തുണ ലഭിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് പ്രസവ സമയത്ത് ബുദ്ധിമുട്ടുകൾ കുറവായിരിക്കുമെന്നും അവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാനാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

പ്രസവസമയത്ത് മൈൻഡ്ഫുൾനെസ് പരിശീലിക്കാം:

  • വേദനയുടെ തീവ്രതയിൽ ശ്രദ്ധിക്കുന്നതിന് പകരം ഓരോ ശ്വാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
  • നിങ്ങളുടെ വേദനയുടെ താളത്തിൽ വിശ്വസിക്കുക.  ഓരോ സങ്കോച വികാസവും കുഞ്ഞിനെ ലോകത്തേക്ക് കൂടുതൽ അടുപ്പിക്കുന്നു.
  • പങ്കാളി, ഡോക്ടർ, അല്ലെങ്കിൽ നിങ്ങൾക്കടുപ്പമുള്ള സുഹൃത്ത് തുടങ്ങി, ആത്മവിശ്വാസം നൽകുന്നവരുടെ സാന്നിദ്ധ്യം ഏറെ ഗുണം ചെയ്യും.

പോസിറ്റീവ് ചിന്തകൾ സഹായിക്കും:

“എന്റെ ശരീരത്തിന് എന്തുചെയ്യണമെന്ന് അറിയാം.”

“ഓരോ വേദനയും എൻ്റെ കുഞ്ഞിനെ വരവേൽക്കാനുള്ള മാർഗ്ഗമാണ്.”

“എനിക്ക് കരുത്തുണ്ട്. അമ്മയാകാൻ ഞാൻ പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞു . ഞാൻ സുരക്ഷിതയാണ്.” തുടങ്ങിയ പോസിറ്റീവ് ചിന്തകൾ മനസ്സിൽ നിറയ്ക്കുക.

4. പ്രസവാനന്തരം

കുഞ്ഞ് എത്തുന്നതോടെ  അമ്മയുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം വീണ്ടെടുക്കുന്ന പ്രക്രിയ തുടരുകയാണ്.

ഓർമ്മിക്കാൻ:

  • കുഞ്ഞിനോട് പെട്ടെന്ന് അടുപ്പം തോന്നുന്നില്ലെങ്കിൽ വിഷമിക്കേണ്ട. പതിയെപ്പതിയെ സ്നേഹം വളർന്നുവരും.
  • പ്രസവാനന്തരം വികാരങ്ങൾ മാറിമറിഞ്ഞേക്കാം. സന്തോഷത്തിൽ നിന്ന് പെട്ടെന്ന് കരച്ചിലിലേക്ക് മാറിയേക്കാം. ഇതെല്ലാം സ്വാഭാവികമാണെന്ന് തിരിച്ചറിയണം.
  • ഈ സങ്കടം രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ, ഡോക്ടറുമായി സംസാരിക്കുക; ഇത് പ്രസവാനന്തര വിഷാദം (Postpartum Depression) ആകാം, ഇത് ചികിത്സിച്ചു ഭേദമാക്കാൻ കഴിയും.
  • കിട്ടുന്ന സമയത്ത് ഉറങ്ങുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, മറ്റുള്ളവരിൽ നിന്ന് സഹായം സ്വീകരിക്കുക . എല്ലാക്കാര്യങ്ങളും നിങ്ങൾ  ഒറ്റയ്ക്ക് ചെയ്യേണ്ടതില്ല.

ആരോഗ്യമുള്ള  അമ്മയാകുക എന്നതാണ് നിങ്ങളുടെ കുഞ്ഞിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.

 5. സഹായം തേടേണ്ടത് എപ്പോൾ?

താഴെ പറയുന്ന ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെയോ കൗൺസിലറെയോ സമീപിക്കുക:

  • നിരന്തരമായ ഉത്കണ്ഠ അല്ലെങ്കിൽ പരിഭ്രാന്തി (Panic attacks)
  • ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ ബുദ്ധിമുട്ട്
  • കുഞ്ഞിൽ നിന്ന് അകന്നു നിൽക്കുന്നതായി തോന്നുക അല്ലെങ്കിൽ നിരാശ തോന്നുക
  • പ്രസവശേഷം ശാരീരിക വേദന അല്ലെങ്കിൽ അമിത രക്തസ്രാവം

നേരത്തെയുള്ള പരിചരണം സങ്കീർണ്ണതകൾ തടയാനും ശാരീരികമായും വൈകാരികമായും വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കും.

ജീവിതത്തിൽ വന്ന പരിവർത്തനത്തെക്കുറിച്ചോ കുഞ്ഞിന് നൽകുന്ന സ്നേഹത്തെക്കുറിച്ചോ ആശങ്ക വേണ്ട. പുതിയൊരു ജീവനെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ നിങ്ങൾ നടത്തിയ വലിയ യാത്ര വിജയത്തിലെത്തിയതിനെക്കുറിച്ച് ചിന്തിച്ച് സന്തോഷിക്കുക.  

നിങ്ങളുടെ ഈ യാത്ര പവിത്രമാണ്, ഈ പരിവർത്തനം അസാദ്ധ്യമായ കരുത്തിൻ്റെ പ്രതിഫലനവും.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe