പ്രണയിക്കുമ്പോൾ നിങ്ങൾക്ക് എന്ത് സംഭവിക്കുന്നു? ശരീരത്തിനും മസ്തിഷ്ക്കത്തിനും വരുന്ന കൗതുകകരമായ മാറ്റങ്ങൾ

പേരറിയാത്ത നൊമ്പരമായും നീരിൽ വീണൊഴുകുന്ന പൂക്കളായുമൊക്കെ പ്രണയത്തെ പാടിപ്പുകഴ്ത്തുന്നവരാണ് നമ്മൾ. പ്രണയമെന്നത് പലപ്പോഴും പറഞ്ഞൊപ്പിക്കാൻ പറ്റാത്ത വികാരമാകാറുണ്ട്. ഹൃദയമിടിപ്പ് കൂടുന്നതും ആവേശത്തിലമരുന്നതും പ്രപഞ്ചം മുഴുവൻ ഒരൊറ്റയാളിലേക്ക് ചുരുങ്ങുന്നതുമെല്ലാം ഇതിൻ്റെ ഭാഗമാണ്. എന്നാൽ പ്രണയം വഴിഞ്ഞൊഴുകുന്ന പാട്ടുകൾക്കപ്പുറം അത് യാഥാർത്ഥ്യമാകുമ്പോൾ മനസ്സിലും ശരീരത്തിലും നിരവധി മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്.
പ്രണയിക്കുമ്പോൾ നമ്മുടെ മസ്തിഷ്ക്കത്തിനും ശരീരത്തിനും എന്ത് സംഭവിക്കുന്നു എന്നത് ശാസ്ത്രജ്ഞർക്ക് എക്കാലത്തും താൽപ്പര്യം നൽകുന്ന വിഷയമാണ്. ന്യൂറോസയൻസ്, സൈക്കോളജി, എൻഡോക്രൈനോളജി തുടങ്ങിയ ശാസ്ത്രശാഖകളിൽ നിന്നുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രണയത്തിന് പിന്നിലെ ഈ കൗതുകകരമായ ശാസ്ത്രത്തെക്കുറിച്ച് നമുക്ക് വിശദമായിത്തന്നെ മനസ്സിലാക്കാം.
പ്രണയം വിരിയുന്നത് മസ്തിഷ്ക്കത്തിൽ, ഹൃദയത്തിലല്ല
ഹൃദയത്തിൻ്റെയും ചുവന്ന റോസാപ്പൂക്കളുടെയും പ്രതീകാത്മകതയ്ക്ക് അപ്പുറം, പ്രണയം ആരംഭിക്കുന്നത് നമ്മുടെ തലച്ചോറിലാണ് എന്നതാണ് വാസ്തവം. ഒരു വ്യക്തിയോട് ആകർഷണം തോന്നുമ്പോൾ, രാസവസ്തുക്കളുടെ ഒരു പ്രവാഹം ഉണ്ടാകുകയും തലച്ചോറിലെ ചില പ്രത്യേക ഭാഗങ്ങൾ സജീവമാകുകയും ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട പ്രധാന മസ്തിഷ്ക ഭാഗങ്ങൾ:
- വെൻട്രൽ ടെഗ്മെന്റൽ ഏരിയ (VTA): തലച്ചോറിൻ്റെ റിവാർഡ് സെൻ്റർ, ഡോപമിൻ എന്ന നല്ല വികാരങ്ങൾ നൽകുന്ന ന്യൂറോട്രാൻസ്മിറ്ററിനെ പുറത്തുവിടുന്നു. സന്തോഷം, പ്രചോദനം, പ്രതിഫലം എന്നിവയുമായി ബന്ധമുള്ള ഹോർമോണാണിത്.
- കോഡേറ്റ് ന്യൂക്ലിയസ് (Caudate Nucleus): പഠനത്തിനും ഓർമ്മയ്ക്കും ഉത്തരവാദിയായ ഈ ഭാഗം സന്തോഷകരമായ അനുഭവങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ പങ്കാളിയുമായി കൂടുതൽ അടുത്തിടപഴകാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു.
- ഹിപ്പോകാമ്പസ് (Hippocampus): പുതിയ ഓർമ്മകൾ സൃഷ്ടിക്കുന്നതിൽ ഇതിന് പങ്കുണ്ട്. പ്രണയാനുഭവങ്ങൾക്ക് വൈകാരികമായ പ്രാധാന്യം നൽകുന്നതിൽ ഇത് നിർണ്ണായകമാണ്.
ശാസ്ത്രീയ പഠനം:
2005-ൽ ആരോണും സംഘവും നടത്തിയ പഠനത്തിൽ, പ്രണയിക്കുന്നവരുടെ മസ്തിഷ്ക്കം fMRI സ്കാനിംഗിന് വിധേയമാക്കിയപ്പോൾ, അവർ അവരുടെ പങ്കാളിയുടെ ചിത്രം കാണുമ്പോൾ മേൽപ്പറഞ്ഞ മസ്തിഷ്ക്ക ഭാഗങ്ങൾ കൂടുതൽ സജീവമാകുമെന്ന് കണ്ടെത്തി.
പ്രണയം: രാസപരമായ പ്രതിഭാസം
പ്രണയത്തിന് പിന്നിലെ ഈ രാസപരമായ രഹസ്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
പ്രണയത്തിലായിരിക്കുന്നത് രാസപരമായി ഒരുതരം ആസക്തിക്ക് (addiction) തുല്യമാണ്. ഇതിൽ തലച്ചോറിൻ്റെ റിവാർഡ് സിസ്റ്റം സജീവമാവുകയും തീവ്രമായ മാനസികാവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട പ്രധാന ഹോർമോണുകളും ന്യൂറോട്രാൻസ്മിറ്ററുകളും:
- ഡോപമിൻ (Dopamine): ഉന്മേഷം, പ്രചോദനം, സന്തോഷം എന്നിവ നൽകുന്ന ഹോർമോണാണിത്.
- ഓക്സിടോസിൻ (Oxytocin): “അടുപ്പത്തിൻ്റെ ഹോർമോൺ” എന്നറിയപ്പെടുന്ന ഓക്സിടോസിൻ, പ്രത്യേകിച്ച് ശാരീരിക അടുപ്പത്തിന് ശേഷം വിശ്വാസവും വൈകാരിക അടുപ്പവും വർദ്ധിപ്പിക്കുന്നു.
- വാസോപ്രെസ്സിൻ (Vasopressin): ഇതും ബന്ധങ്ങളെ ദൃഢമാക്കുന്ന ഒരു ഹോർമോണാണ്. ദീർഘകാല ബന്ധങ്ങൾക്കും ഒരുമിച്ച് നിൽക്കാനുള്ള ആഗ്രഹത്തിനും ഇത് കാരണമാകുന്നു.
- സെറോട്ടോണിൻ (Serotonin): പ്രണയത്തിൻ്റെ ആദ്യ ഘട്ടങ്ങളിൽ സെറോട്ടോണിൻ്റെ അളവ് കുറയാൻ സാധ്യതയുണ്ട്. ഇത് ഒബ്‌സെസീവ്-കമ്പൽസീവ് ഡിസോർഡർ (OCD) ഉള്ളവരിൽ കാണുന്നതിന് സമാനമായി പങ്കാളിയെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നതിന് കാരണമാകുന്നു.
ശാസ്ത്രീയ പഠനം:
പുതിയതായി പ്രണയത്തിലായവരുടെ സെറോട്ടോണിൻ അളവ് ഒ സി ഡി ഉള്ളവരുടേതിന് സമാനമാണെന്ന് 1999-ൽ മരാസിറ്റിയും സംഘവും നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. പുതിയ പങ്കാളിയെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു.
പ്രണയത്തിൻ്റെ മൂന്ന് ഘട്ടങ്ങൾ
ഡോ. ഹെലൻ ഫിഷറെപ്പോലുള്ള മനശാസ്ത്രജ്ഞർ പ്രണയത്തിന് വ്യത്യസ്ത ഘട്ടങ്ങളുണ്ടെന്ന് വാദിക്കുന്നു, ഓരോ ഘട്ടത്തിനും അതിൻ്റേതായ ജൈവികാടിസ്ഥാനമുണ്ട്.
- അനുരാഗം (Lust): ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ തുടങ്ങിയ ലൈംഗിക ഹോർമോണുകളാണ് ഈ ഘട്ടത്തിൽ ആഗ്രഹം വർദ്ധിപ്പിക്കുന്നത്.
- ആകർഷണം (Attraction): ഈ ഘട്ടത്തിൽ ഡോപമിൻ, നോർഎപ്പിനെഫ്രിൻ, സെറോട്ടോണിൻ എന്നിവയുടെ അളവ് കൂടുന്നു. ഇത് ആവേശം, ഊർജ്ജസ്വലത, വിശപ്പില്ലായ്മ, ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.
- അടുപ്പം (Attachment): ഓക്സിടോസിൻ, വാസോപ്രെസ്സിൻ എന്നിവ ദീർഘകാല ബന്ധം നിലനിർത്താൻ സഹായിക്കുന്നു. ഇത് സ്ഥിരതയ്ക്കും കുടുംബം കെട്ടിപ്പടുക്കുന്നതിനും വളരെ പ്രധാനമാണ്.
ഈ ജൈവികമായ ഘട്ടങ്ങൾ, ആഗ്രഹം മുതൽ പ്രത്യുൽപ്പാദനം വരെയും തുടർന്ന് കുടുംബം കെട്ടിപ്പടുക്കുന്നതു വരെയുമുള്ള നമ്മുടെ നിലനിൽപ്പിനെ ഉറപ്പാക്കുന്നു.
കാഴ്ചപ്പാടും പെരുമാറ്റവും മാറ്റുന്നു
പ്രണയം ഒരു പുതിയ അനുഭവം നൽകുക മാത്രമല്ല ചെയ്യുന്നത്, അത്, നിങ്ങളുടെ ചിന്തകളെയും പ്രവർത്തികളെയും മാറ്റുന്നു:
- ശ്രദ്ധ കൂടുന്നു: പങ്കാളിയെക്കുറിച്ചുള്ള ചെറിയ കാര്യങ്ങൾ പോലും നിങ്ങൾ ശ്രദ്ധിച്ചുതുടങ്ങുന്നു. ഇത് ജൈവികമായ പ്രേരണയാണ്.
- പേടിയും വേദനയും കുറയുന്നു: ഓക്സിടോസിൻ, എൻഡോർഫിൻ എന്നിവ കൂടുന്നത് ഉത്കണ്ഠയും അസ്വസ്ഥതയും കുറച്ച് സുരക്ഷിതത്വബോധം നൽകുന്നു.
- പ്രചോദനം വർദ്ധിക്കുന്നു: പങ്കാളിയെ പിന്തുടരാനുള്ള ആഗ്രഹത്തിന് ഡോപമിൻ കൂടുതൽ ഊർജ്ജം നൽകുന്നു.
രസകരമായ വസ്തുത: പ്രണയം കണ്ണുകളെയും സ്വാധീനിക്കും. ആകർഷണം തോന്നുന്ന ഒരാളെ നോക്കുമ്പോൾ കൃഷ്ണമണി വികസിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ആരോഗ്യപരമായ ഗുണങ്ങൾ ദീർഘകാലത്തേക്ക്
പ്രണയത്തിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്:
✅ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു
✅ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
✅ രോഗപ്രതിരോധശേഷി കൂട്ടുന്നു
✅ വേദന സഹിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നു
നേരെമറിച്ച്, പ്രണയനൈരാശ്യം (heartbreak), തലച്ചോറിലെ ശാരീരിക വേദനയുമായി ബന്ധപ്പെട്ട ഭാഗങ്ങളെ സജീവമാക്കുന്നു. ഇത്, നമ്മുടെ വികാരങ്ങളും ശരീരവും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു.
പ്രണയം: രസതന്ത്രം, മനശാസ്ത്രം, നിഗൂഢത
പ്രണയത്തിലാകുന്നത് ഒരു മാന്ത്രികാനുഭവമായി തോന്നാം. പക്ഷെ അതിന് തിരിച്ചറിയാൻ കഴിയുന്ന ജൈവിക പ്രക്രിയകളുടെ അടിസ്ഥാനവുമുണ്ട്. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയുമെങ്കിലും, പ്രണയത്തിൻ്റെ വൈകാരികവും ആത്മീയവുമായ ആഴവും പരപ്പും ഇപ്പോഴും രഹസ്യമായി തുടരുന്നു. നിങ്ങൾ പുതിയ പ്രണയത്തിലായിരിക്കുമ്പോഴോ, ദീർഘകാല ബന്ധത്തിലായിരിക്കുമ്പോഴോ, അല്ലെങ്കിൽ പ്രണയനൈരാശ്യത്തിൽ നിന്ന് മുക്തി നേടുമ്പോഴോ, ഈ ശാസ്ത്രം മനസ്സിലാക്കുന്നത് വികാരങ്ങളെ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ സഹായിക്കും.
References :
1. Romantic love: an fMRI study of a neural mechanism for mate choice
2. Reward, motivation, and emotion systems associated with early-stage intense romantic love
3. Alteration of the platelet serotonin transporter in romantic love
4.The role of pupil size in communication. Is there room for learning?




