കാഴ്ച്ചയ്ക്ക് മിഴിവേകാനുള്ള ദീർഘവീക്ഷണം: ഒഫ്താൽമോളജി കരിയറാക്കാം; ജീവിതത്തിന് തിളക്കമേകാം

കാഴ്ച്ചയ്ക്ക് മിഴിവേകാനുള്ള ദീർഘവീക്ഷണം: ഒഫ്താൽമോളജി കരിയറാക്കാം; ജീവിതത്തിന് തിളക്കമേകാം

മുൻപെങ്ങുമില്ലാത്ത തരത്തിൽ നേത്ര സംരക്ഷണത്തിന് പ്രാധാന്യമേറുന്ന കാലമാണിത്. ഡിജിറ്റൽ ലോകത്തെ ജീവിതത്തിൽ, നമ്മൾ ദിവസവും സ്ക്രോൾ ചെയ്തും മൊബൈലിലും ലാപ്ടോപ്പിലും മണിക്കൂറുകൾ ചെലവഴിച്ചും കണ്ണുകൾക്ക് അമിതമായി പണികൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കണ്ണുകളുടെ പരിപാലനത്തിനും പ്രസക്തിയേറുന്നു. 

എങ്കിലും കണ്ണുകളെയും കാഴ്ചയെയും സംബന്ധിക്കുന്ന ചികിൽസാശാഖയായ ഒഫ്താൽമോളജി കരിയറായി തെരഞ്ഞെടുക്കാൻ മുന്നോട്ടുവരുന്നവരുടെ എണ്ണം ഇപ്പോഴും കുറവാണ് എന്നതാണ് വാസ്തവം.

ശസ്ത്രക്രിയയും  നവീന കണ്ടുപിടുത്തങ്ങളും മാനവികതയുമൊത്തുചേർന്ന നേത്രരോഗശാസ്ത്രത്തിൽ അധിഷ്ഠിതമായ സേവനം – അതാണ് ഒഫ്താൽമോളജിസ്റ്റിൻ്റെ പ്രവർത്തനമേഖല. നേരത്തെ കണ്ടെത്തിയാൽ ഒഴിവാക്കാൻ സാധിക്കുന്ന അന്ധതയുമായി ലക്ഷക്കണക്കിന് മനുഷ്യരാണ് ഭാരതത്തിൽ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ രംഗത്തെ അവസരങ്ങളും വലുതാണ്.

എന്താണ് ഒഫ്താൽമോളജി?

കണ്ണുകളുടെയും കാഴ്ചാ സംവിധാനത്തിന്റെയും രോഗനിർണയം, ചികിത്സ, പ്രതിരോധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഒഫ്താൽമോളജി. കൃത്യതയുള്ള ചികിത്സ, ശസ്ത്രക്രിയാ വൈദഗ്ദ്ധ്യം, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവ സമന്വയിക്കുന്ന സവിശേഷ മേഖലയാണിത്.

സാധാരണ പ്രശ്‌നങ്ങളായ കാഴ്ചാ വൈകല്യങ്ങൾ (refractive errors), തിമിരം (cataracts), ഗ്ലോക്കോമ എന്നിവ മുതൽ, റെറ്റിനയിലെ സങ്കീർണ്ണമായ രോഗങ്ങൾ, കോർണിയ മാറ്റിവെയ്ക്കൽ, നേത്രാർബുദം (ocular oncology) തുടങ്ങിയ സങ്കീർണ്ണ ചികിൽസകൾ വരെ ഒഫ്താൽമോളജിസ്റ്റുകൾ കൈകാര്യം ചെയ്യുന്നു.

നേത്ര ചികിത്സ എന്നതിനേക്കാൾ ഉപരിയായി, വ്യക്തികൾക്ക് ആത്മാഭിമാനവും സ്വാതന്ത്ര്യവും മെച്ചപ്പെട്ട ജീവിത നിലവാരവും തിരികെ നൽകുന്ന ഒരു മഹദ്പ്രവൃത്തി കൂടിയാണിത്.

ഇന്ത്യയിലെ സാഹചര്യം

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകത്തിലെ അന്ധരായ ജനസംഖ്യയുടെ അഞ്ചിലൊന്ന് ഇന്ത്യയിലാണ്.

ഈ കേസുകളിൽ ഭൂരിഭാഗവും തടയാൻ കഴിയുന്നതോ അല്ലെങ്കിൽ ചികിത്സിച്ചു മാറ്റാൻ കഴിയുന്നതോ ആയ അന്ധതയാണ് എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത. പരിശീലനം ലഭിച്ച ഒഫ്താൽമോളജിസ്റ്റുകളുടെ സമയബന്ധിതമായ ഇടപെടൽ ഈ ചികിൽസയിൽ അത്യാവശ്യമാണ്.

നിലവിലെ യാഥാർത്ഥ്യങ്ങൾ:

  • ഇന്ത്യയിൽ അന്ധതയുടെ ഏകദേശം 50-60% കാരണം തിമിരമാണ് (Cataracts).
  • പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതുകൊണ്ട്, ഡയബെറ്റിക് റെറ്റിനോപ്പതി (Diabetic retinopathy) വർദ്ധിച്ചു വരുന്നു.
  • കാഴ്ചാ വൈകല്യങ്ങൾ (Refractive errors) ലക്ഷക്കണക്കിന് സ്കൂൾ കുട്ടികളെയും ജോലി ചെയ്യുന്നവരെയും ബാധിക്കുന്നു.
  • ഗ്രാമീണ ഇന്ത്യയിൽ നേത്രരോഗ വിദഗ്ദ്ധരുടെ സേവനം വളരെ പരിമിതമാണ്. നഗരങ്ങളേക്കാൾ പരിതാപകരമാണ്  ഗ്രാമങ്ങളിലെ അവസ്ഥ. കണക്കുകൾ വ്യക്തമാക്കുന്നതനുസരിച്ച്, ഏകദേശം ഒരു ലക്ഷം പേർക്ക് ഒരു ഒഫ്താൽമോളജിസ്റ്റ് എന്ന അനുപാതത്തിലാണ് ഇവിടെ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നത്.

ഒഫ്താൽമോളജി ഇത്രയേറെ കൃതാർത്ഥത നൽകുന്ന കരിയറാകാനുള്ള കാരണങ്ങൾ  

1. തൽക്ഷണം പ്രകടമാകുന്ന ഫലം

മണിക്കൂറുകൾക്കുള്ളിൽ ഒരാളുടെ ജീവിതം മാറ്റിമറിക്കുന്ന ഫലങ്ങൾ നേരിട്ട് കാണാൻ കഴിയുന്ന തൊഴിലുകൾ വളരെ കുറവാണ്.

വിജയകരമായ തിമിര ശസ്ത്രക്രിയയ്ക്ക്, രോഗിയുടെ ലോകത്തെ, കുറച്ചു മണിക്കൂറുകൾ കൊണ്ട് മാറ്റിമറിക്കാൻ കഴിയുന്നു. ഇത് വ്യക്തികളെ, അന്ധതയിൽ നിന്ന് കാഴ്ചയിലേക്ക്, ആശ്രയത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് എത്തിക്കുന്നു. 

2. വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സന്തുലിതാവസ്ഥ

അത്യാധുനിക ശാസ്ത്രത്തിന്റെയും കലയുടെയും  സംയോജനമായി നവീന കാലത്ത് ഒഫ്താൽമോളജി മാറിക്കഴിഞ്ഞിരിക്കുന്നു.

ലേസർ ശസ്ത്രക്രിയകൾ, റോബോട്ടിക് മൈക്രോസ്കോപ്പുകൾ, റെറ്റിനൽ ഇമേജിംഗ്, എഐ (AI) അടിസ്ഥാനമാക്കിയുള്ള രോഗനിർണയം എന്നിവയെല്ലാം ഈ വൈദ്യശാസ്ത്രശാഖയെ ഏറ്റവും സാങ്കേതികമായി പരിഷ്ക്കരിക്കപ്പെട്ട ഒന്നാക്കി മാറ്റുന്നു.

3. നിരവധി ഉപശാഖകളിൽ സ്പെഷലൈസേഷൻ

എംബിബിഎസും പോസ്റ്റ് ഗ്രാജുവേഷനും (ഒഫ്താൽമോളജിയിൽ എംഎസ്/എംഡി/ഡിഎൻബി) പൂർത്തിയാക്കിയ ശേഷം, താഴെ പറയുന്ന മേഖലകളിൽ കൂടുതൽ വൈദഗ്ധ്യം നേടാം:

  • കോർണിയ, കാഴ്ചാ വൈകല്യ ശസ്ത്രക്രിയ 
  • റെറ്റിന, വിട്രിയസ് 
  • നേത്ര പ്ലാസ്റ്റിക് സർജറിയും സൗന്ദര്യവർധക ചികിത്സകളും 
  • കുട്ടികളുടെ ഒഫ്താൽമോളജി 
  • ന്യൂറോ-ഒഫ്താൽമോളജി 
  • ഗ്ലോക്കോമ ചികിത്സ 
  • കമ്മ്യൂണിറ്റി ഒഫ്താൽമോളജി 

ഓരോ ശാഖയും വെല്ലുവിളികളോടൊപ്പം, പുതിയ കണ്ടെത്തലുകൾക്കും ഗവേഷണങ്ങൾക്കുമുള്ള അനന്തസാധ്യതകളും നൽകുന്നു.

4. ആഗോളതലത്തിൽ അവസരങ്ങൾ

ഒഫ്താൽമോളജി ആഗോളതലത്തിൽ വളരെയധികം ആദരവുനേടുന്ന ശാസ്ത്രശാഖയാണ്. ഇന്ത്യൻ ഒഫ്താൽമോളജിസ്റ്റുകൾ ഗവേഷണം, നിർമ്മിതബുദ്ധി (AI) ഉപയോഗിച്ചുള്ള രോഗനിർണയം, ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ സംരംഭങ്ങൾ എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ട്. രാജ്യത്ത് അതിവേഗം വളരുന്ന സ്വകാര്യ മേഖലയിൽ, അക്കാദമിക് കരിയറുകൾ, വിദേശ ഫെലോഷിപ്പുകൾ, സ്വകാര്യ പ്രാക്ടീസ് എന്നിവയ്ക്ക് മികച്ച അവസരങ്ങളുണ്ട്.

5. ശസ്ത്രക്രിയയിലെ കൃത്യതയും വ്യക്തിജീവിതത്തിലെ സന്തുലിതാവസ്ഥയും

മറ്റ് ചില ശസ്ത്രക്രിയാ സ്പെഷ്യാലിറ്റികളെ അപേക്ഷിച്ച്, ഒഫ്താൽമോളജി, ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു. ശസ്ത്രക്രിയകൾ പലപ്പോഴും മുൻകൂട്ടി ആസൂത്രണം ചെയ്താണ് നടത്തുന്നത്, ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾ ചിട്ടയുള്ളതാണ്, അടിയന്തര സാഹചര്യങ്ങൾ അപൂർവമാണ്.  ഇതെല്ലാം ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രാഗൽഭ്യം നേടുന്നതിനൊപ്പം വ്യക്തിജീവിതം കരുത്തുറ്റതാക്കാനും  സമയം നൽകുന്നു.

ഇന്ത്യയിൽ ഒഫ്താൽമോളജിസ്റ്റ് ആകാൻ

  1. ആദ്യഘട്ടം: എംബിബിഎസ് (5.5 വർഷം) അടിസ്ഥാന മെഡിക്കൽ വിദ്യാഭ്യാസം.
  1. രണ്ടാംഘട്ടം: പോസ്റ്റ് ഗ്രാജുവേറ്റ് സ്പെഷലൈസേഷൻ NEET-PG വിജയിച്ച ശേഷം എംഎസ് (ഒഫ്താൽമോളജി) അല്ലെങ്കിൽ എംഡി (ഒഫ്താൽമോളജി) അല്ലെങ്കിൽ ഡിഎൻബി ഒഫ്താൽമോളജി എന്നിവ തിരഞ്ഞെടുക്കുക.
  1. മൂന്നാംഘട്ടം: ഫെലോഷിപ്പും സൂപ്പർ-സ്പെഷലൈസേഷനും കോർണിയ, റെറ്റിന, പീഡിയാട്രിക്സ്, അല്ലെങ്കിൽ റിഫ്രാക്റ്റീവ് ശസ്ത്രക്രിയ പോലുള്ള ഒരു ഉപവിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
  1. നാലാംഘട്ടം : ഗവേഷണം അല്ലെങ്കിൽ പ്രാക്ടീസ്  ഒരു ആശുപത്രിയിലോ അക്കാദമിക സ്ഥാപനത്തിലോ ചേരാം, അല്ലെങ്കിൽ സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാം. അതുമല്ലെങ്കിൽ പൊതുജനാരോഗ്യം അല്ലെങ്കിൽ നേത്ര സംബന്ധിയായ പുതിയ കണ്ടുപിടുത്തങ്ങൾ എന്നിവയിൽ ഗവേഷണം തുടരാം.

ഒഫ്താൽമോളജിയുടെ മാനുഷിക വശം

തിമിരം നീക്കം ചെയ്യുന്ന ഓരോ ശസ്ത്രക്രിയയും കേവലമൊരു ചികിത്സാരീതി മാത്രമല്ല. അതിൽ മങ്ങിയ ജീവിതങ്ങൾക്ക് തിളക്കം കൈവരുത്തുന്ന കഥകൾ ആലേഖനം ചെയ്തിട്ടുണ്ട്.

പാടത്തേക്ക് തിരിച്ചുപോയി പണിയെടുക്കാൻ ശേഷി കൈവന്ന കർഷകന്റെ കഥ.

പേരക്കുട്ടിയെ ആദ്യമായി കാണുന്ന മുത്തശ്ശിയുടെ കഥ.

ഇരുണ്ട അക്ഷരങ്ങൾക്ക് പകരം, അറിവിൻ്റെ തെളിച്ചം വായിച്ചെടുക്കാൻ  കഴിയുന്ന വിദ്യാർത്ഥിയുടെ കഥ.

പ്രത്യാശ വീണ്ടെടുക്കുന്ന ജീവിതങ്ങളെ കൺമുന്നിൽ കാണാൻ ഒഫ്താൽമോളജി അവസരം നൽകുന്നു — ശാസ്ത്രത്തിന് എത്രത്തോളം മഹത്തരമാകാമെന്ന്, ഓരോ ദിവസവും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു സേവനമാണിത്.

“ആദ്യ തിമിര ശസ്ത്രക്രിയയിലൂടെ ഒരാൾക്ക് കാഴ്ച തിരികെ നൽകിയപ്പോൾ, ഇതുതന്നെയാണ് എൻ്റെ ലക്ഷ്യമെന്ന് ഞാൻ തിരിച്ചറിഞ്ഞു.” — ഡോ. രാധികാ മേനോൻ, ഒഫ്താൽമിക് സർജൻ, ചെന്നൈ.

ഭാരതത്തിൻ്റെ ഭാവി കാഴ്ച തെളിയിക്കുന്നവരെ കാത്തിരിക്കുന്നു

വിഷൻ 2020: ദി റൈറ്റ് ടു സൈറ്റ്, അരവിന്ദ് ഐ കെയർ, ശങ്കര നേത്രാലയ തുടങ്ങിയ സർക്കാർ, സ്വകാര്യ സംരംഭങ്ങൾ, അനേകായിരങ്ങൾക്ക് ചികിൽസ നൽകി, കുറഞ്ഞ ചെലവിലുള്ള നേത്ര പരിചരണം സാധ്യമാണെന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്.

അടുത്ത വലിയ മുന്നേറ്റം വരാൻ പോകുന്നത് യുവതയിൽ നിന്നാണ് — വൈദ്യശാസ്ത്രത്തെ നിർമ്മിത ബുദ്ധിയുമായും, ടെലി-ഒഫ്താൽമോളജിയുമായും  പൊതുജനാരോഗ്യവുമായും സംയോജിപ്പിക്കുന്നവരിൽ നിന്ന്.

ഡിജിറ്റൽ സ്‌ട്രെയ്ൻ, കുട്ടികളിലെ മയോപ്പിയ, വാർദ്ധക്യ സംബന്ധമായ മാക്യുലാർ ഡീജനറേഷൻ എന്നിവ വർദ്ധിച്ചുവരുമ്പോൾ, നാളത്തെ ഒഫ്താൽമോളജിസ്റ്റുകൾക്ക് സഹാനുഭൂതിയും സാങ്കേതികവിദ്യയും ധാർമ്മികതയും സംരംഭകത്വവും സംയോജിപ്പിക്കേണ്ടി വരും.

ഒഫ്താൽമോളജി തെരഞ്ഞെടുക്കേണ്ടതിൻ്റെ കാരണങ്ങൾ

  • വൈകാരിക സംതൃപ്തി നൽകുന്ന ഒരു തൊഴിൽമേഖലയാണിത്. മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായ കാഴ്ചശക്തി കൈവരിക്കാൻ, ചികിൽസകർ സഹായിക്കുന്നു.
  • ശാസ്ത്രസംബന്ധിയായ പ്രചോദനം — ജീവശാസ്ത്രം, ഒപ്റ്റിക്സ്, നവീന ആശയങ്ങൾ എന്നിവയെല്ലാം ഇതിൽ സമന്വയിക്കുന്നു.
  • സാമൂഹിക പ്രസക്തി — രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ അസമത്വങ്ങളിൽ ഒന്നാണിത്. 
  • സാമ്പത്തിക വിശ്വാസ്യത — ആഗോള ഡിമാൻഡ്, സ്ഥിരമായ വരുമാനം, ക്ലിനിക്കൽ, അക്കാദമിക് വളർച്ചയ്ക്കുള്ള അവസരങ്ങൾ എന്നിവ ഈ രംഗത്ത് സുലഭമായുണ്ട്.

“ഒഫ്താൽമോളജിയിൽ, ഓരോ ദിവസവും ആരംഭിക്കുന്നത് പ്രകാശത്തോടെയാണ്. അവസാനിക്കുന്നതാകട്ടെ കൃതജ്ഞതയോടെയും.”

ഇന്ത്യയിലെ ജിജ്ഞാസയും സേവനതൽപ്പരതയുമുള്ള വിദ്യാർത്ഥികൾക്ക്, ഈ മേഖല ഒരു കരിയർ മാത്രമല്ല, അത് മറ്റൊരു ലോകമാണ് — വിജ്ഞാനവും അനുകമ്പയും സാങ്കേതികവിദ്യയും മനുഷ്യസേവനത്തിനായി ഒന്നിക്കുന്ന ഒരു ലോകം.

“മികച്ച ഭാവി എന്നത്, വ്യക്തതയോടെ, അനുകമ്പയോടെ, ധീരതയോടെ ജീവിതത്തെ കാണുന്നവർക്ക് അവകാശപ്പെട്ടതാണെന്ന് nellikka.life വിശ്വസിക്കുന്നു.”

References

  1. World Health Organization. World Report on Vision. WHO, 2023.
  2. Sightsavers India. India Vision Report 2024.
  3. Aravind Eye Care System. Impact Studies on Preventable Blindness in Rural India.
  4. National Medical Commission (India). Postgraduate Medical Education Regulations, 2022.
  5. The Lancet Global Health. Gender and Access in Eye Care Services: A South Asian Perspective (2021).

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe