ദ എംപെറർ ഓഫ് ഓൾ മാലഡീസ്: എ ബയോഗ്രഫി ഓഫ് കാൻസർ – വൈദ്യശാസ്ത്ര സാഹിത്യത്തിലെ സവിശേഷ ഗ്രന്ഥം

ദ എംപെറർ ഓഫ് ഓൾ മാലഡീസ്: എ ബയോഗ്രഫി ഓഫ് കാൻസർ – വൈദ്യശാസ്ത്ര സാഹിത്യത്തിലെ സവിശേഷ ഗ്രന്ഥം

വൈദ്യശാസ്ത്ര സംബന്ധിയായ പുസ്തകങ്ങളുടെ ലോകത്ത് , ‘ദ എംപെറർ ഓഫ് ഓൾ മാലഡീസ്‘ അഥവാ,’സർവ്വരോഗങ്ങളുടെയും ചക്രവർത്തി’ എന്ന പുസ്തകത്തിന് സുപ്രധാന  സ്ഥാനമുണ്ട്. അർബുദത്തെക്കുറിച്ചുള്ള രചന എന്നതിലുപരി, അത്, ആ രോഗത്തിൻ്റെ ജീവചരിത്രം കൂടിയാണ്. മനുഷ്യരാശിയുടെ മെരുങ്ങാത്ത ശത്രുക്കളിലൊന്നായ അർബുദവുമായി, നൂറ്റാണ്ടുകളായി നമ്മൾ നടത്തുന്ന പോരാട്ടത്തിൻ്റെ കഥയാണത്.

ഹാർവാർഡ്, ഓക്സ്ഫോർഡ് എന്നീ സർവ്വകലാശാലകളിൽ  പഠനം പൂർത്തിയാക്കിയ ഇന്ത്യൻ വംശജനായ, കാൻസർ ചികിത്സാ വിദഗ്ദ്ധനും ശാസ്ത്രജ്ഞനുമായ  ഡോ. സിദ്ധാർത്ഥ മുഖർജിയാണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. പുലിറ്റ്സർ പുരസ്ക്കാരം നേടിയ ഈ ഗ്രന്ഥം, ചരിത്രത്തിൻ്റെയും ശാസ്ത്രത്തിൻ്റെയും ജീവചരിത്രത്തിൻ്റെയും മനുഷ്യവികാരങ്ങളുടെയും ഭൂമികയാണ്.

പുസ്തകത്തിൻ്റെ പ്രസക്തി

കാൻസർ എന്ന രോഗം ഏതെങ്കിലും തരത്തിൽ നമ്മളെ എല്ലാവരെയും  സ്പർശിക്കുന്ന ഒന്നാണ് — ചിലപ്പോൾ ഒരു രോഗിയായി, അല്ലെങ്കിൽ അവരെ പരിചരിക്കുന്നവരായി, രോഗിയുടെ ബന്ധുവായി, അർബുദത്തെ അതിജീവിച്ചവരായി, അതുമല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ വേദനയിൽ സങ്കടപ്പെടുന്നവരായി. പക്ഷെ, അർബുദത്തിൻ്റെ ചരിത്രത്തെക്കുറിച്ചോ, സങ്കീർണ്ണതകളെക്കുറിച്ചോ, നമ്മുടെ സംസ്കാരത്തിൽ അതുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചോ കുറച്ചു പേർക്ക് മാത്രമേ വ്യക്തമായറിയുകയുള്ളൂ. 

ഈ കുറവ്, അക്ഷരങ്ങളിലൂടെ നികത്തുന്നൂ സിദ്ധാർത്ഥ മുഖർജി എന്ന അതുല്യ പ്രതിഭ.

ഡോക്ടർ എന്ന നിലയിൽ മാത്രമല്ല,  ഒരു കഥാകാരനായാണ് അദ്ദേഹം രചന നിർവ്വഹിച്ചിരിക്കുന്നത്.  ശാസ്ത്രീയമായ വ്യക്തതയും ഒഴുക്കുള്ള ആഖ്യാനശൈലിയും ഉപയോഗിച്ച്, വായനക്കാരുടെ മനസ്സിൽ തട്ടുന്ന തരത്തിൽ, ഭീതിയുളവാക്കുന്ന  കാൻസറിൻ്റെ ലോകത്തേക്ക് അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

പുസ്തകത്തിൻ്റെ ഉള്ളടക്കം

‘കാൻസറിൻ്റെ  ജീവചരിത്രം’ എന്ന് രചയിതാവ് തന്നെ വിശേഷിപ്പിക്കുന്ന ഈ പുസ്തകം പല സുപ്രധാന മേഖലകളിലൂടെയും സഞ്ചരിക്കുന്നു:

  • പുരാതന കാലം: പുരാതന ഈജിപ്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ കാൻസർ കേസുകളിൽ തുടങ്ങി, രോഗ ചരിത്രം വിവരിക്കുന്നു.
  • ധാരണകളിൽ വന്ന വ്യതിയാനങ്ങൾ: അന്ധവിശ്വാസങ്ങളിൽ നിന്ന് ശാസ്ത്രീയാന്വേഷണങ്ങളിലേക്ക് അർബുദം സംബന്ധിച്ച കാഴ്ചപ്പാടുകൾ എങ്ങനെയാണ് പരിണമിച്ചതെന്ന്  ഈ ഗ്രന്ഥം വിശകലനം ചെയ്യുന്നു.
  • ഗവേഷണത്തിലെ നാഴികക്കല്ലുകൾ: കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രിയ, ജനിതകശാസ്ത്രം, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ പ്രധാന മുന്നേറ്റങ്ങളുടെ ചരിത്രം വിശദീകരിക്കുന്നു.  
  •  മുൻപേ നടന്നവർ: അർബുദ ചികിത്സാരംഗത്തെ വഴികാട്ടികളായവരെ ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു. ഉദാഹരണത്തിന്, സിഡ്നി ഫാർബർ (ആധുനിക കീമോതെറാപ്പിയുടെ പിതാവ്), മേരി ലാസ്കർ (ഗവേഷണത്തിന് ഫണ്ട് കണ്ടെത്താൻ മുന്നിട്ടിറങ്ങിയ വനിത) എന്നിവർ.
  • സാമൂഹിക പശ്ചാത്തലം: ചികിത്സാരംഗത്ത് സ്വാധീനം ചെലുത്തിയ സാമൂഹികവും രാഷ്ട്രീയവുമായ സംഭവവികാസങ്ങൾ ഈ രചനയിൽ പ്രതിപാദിക്കുന്നു.  പ്രത്യേകിച്ച്, 1970-കളിൽ അമേരിക്കയിൽ നടന്ന ‘കാൻസറിനെതിരായ യുദ്ധം’ എന്ന വലിയ മുന്നേറ്റത്തെക്കുറിച്ച്.
  • സ്വാനുഭവങ്ങൾ: ഗ്രന്ഥകർത്താവിൻ്റെ സ്വന്തം അനുഭവങ്ങളും അക്ഷരങ്ങളിലൂടെ വരച്ചുകാട്ടുന്നുണ്ട്. രക്താർബുദ രോഗികളെ ചികിത്സിക്കവെ, ഒരു ഡോക്ടർ എന്ന നിലയിൽ അദ്ദേഹം നേരിട്ട വൈകാരിക –  ധാർമ്മിക പ്രതിസന്ധികൾ ആഴത്തിൽ വിവരിക്കുന്നു.

ലളിതവും ശാസ്ത്രീയവുമായ അവതരണം 

ഈ പുസ്തകത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത, ആഴമേറിയ ശാസ്ത്രീയ വശങ്ങൾ പോലും വളരെ ലളിതമായി അവതരിപ്പിക്കുന്നു എന്നതാണ്. സങ്കീർണ്ണമായേക്കാവുന്ന ശാസ്ത്ര ഘടകങ്ങളെ സാധാരണ വായനക്കാരനും മനസ്സിലാകുന്ന തരത്തിൽ വിവരിച്ചിട്ടുണ്ട് സിദ്ധാർത്ഥ മുഖർജി.  ഈ പുസ്തകത്തിൽ വളരെ ലളിതമായി പ്രതിപാദിക്കുന്ന ചില വിഷയങ്ങൾ  ഇവയാണ്:

കോശങ്ങളുടെ പ്രവർത്തനം, അവയ്ക്കുണ്ടാകുന്ന ജനിതകമാറ്റങ്ങൾ.

ഡി.എൻ.എ , കാൻസറിൻ്റെ ജനിതക രഹസ്യങ്ങൾ.

ട്യൂമറുകൾ ഉണ്ടാകുന്നത് എങ്ങനെയെന്നും  അവ ശരീരത്തിൽ എങ്ങനെ പടരുന്നു എന്നും .

മരുന്ന് പരീക്ഷണ രീതികളും ധാർമ്മികമായ വെല്ലുവിളികളും.

ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ നവീനചികിത്സാ രീതികൾ.

ഇത്തരത്തിൽ, ലളിതവും ശാസ്ത്രീയവുമായതുകൊണ്ടുതന്നെ, ഈ പുസ്തകം സാധാരണക്കാർക്കും വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്കും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്രദമാണ്. 

പുസ്തകത്തിലെ പ്രധാന ആശയങ്ങൾ

1.കാൻസർ: ഒരു ജൈവിക, സാമൂഹിക പ്രതിഭാസം

കാൻസർ എന്നത് കോശങ്ങളെ ബാധിക്കുന്ന രോഗം മാത്രമല്ല.  അത്, നമ്മുടെ സാമൂഹിക സാഹചര്യങ്ങളുടെയും, സാമ്പത്തിക കാഴ്ച്ചപ്പാടിൻ്റെയുെം, മനുഷ്യൻ്റെ പെരുമാറ്റത്തിൻ്റെയും കൂടി ഭാഗമാണ്. രാഷ്ട്രീയ – സാമ്പത്തിക ഘടകങ്ങളും  പൊതുജന അഭിപ്രായങ്ങളും എങ്ങനെയാണ് ഗവേഷണത്തിൻ്റെ വേഗതയെയും ദിശയെയും സ്വാധീനിച്ചതെന്ന് മുഖർജി വ്യക്തമാക്കുന്നു.

2.മനുഷ്യൻ്റെ അതിജീവനശേഷി

വ്യക്തിപരമായ അനുഭവകഥകളാൽ സമ്പന്നമാണ്  ഈ പുസ്തകം. രോഗവുമായി മല്ലിടുകയും സഹിക്കുകയും, ചിലപ്പോൾ കീഴടങ്ങുകയും ചെയ്യുന്ന രോഗികളുടെ കഥകൾ. അവരുടെ ധീരത, വൈദ്യശാസ്ത്രത്തിൻ്റെ മാനവിക ദർശനം എത്രമാത്രം വിസ്തൃതമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

3.പ്രതീക്ഷ, പരിമിതി

അർബുദത്തിൻ്റെ പൊരുത്തപ്പെടാനുള്ള കഴിവും ആക്രമണ സ്വഭാവവും അംഗീകരിക്കുമ്പോൾ തന്നെ, ഗവേഷണ മുന്നേറ്റങ്ങളിലുള്ള പ്രതീക്ഷയെക്കുറിച്ചും അർബുദത്തിൽ നിന്നു രക്ഷിക്കാനായ ജീവനുകളെപ്പറ്റിയും നാം നേടിയ മുന്നേറ്റങ്ങളുമെല്ലാം ഈ ഗ്രന്ഥം ചേർത്തുവെയ്ക്കുന്നുണ്ട്.

അംഗീകാരങ്ങളും പുരസ്കാരങ്ങളും

നോൺ ഫിക്ഷൻ വിഭാഗത്തിൽ പുലിറ്റ്സർ പുരസ്ക്കാരം (2011)

‘ദ ടൈംസ്’ ദശാബ്ദത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പുസ്തകങ്ങളിൽ ഒന്നായി ഈ ഗ്രന്ഥം തെരഞ്ഞെടുത്തു.

പ്രശസ്ത സംവിധായകൻ കെൻ ബേൺസ് ഈ രചനയെ ആധാരമാക്കി ഡോക്യുമെൻ്ററി സൃഷ്ടിച്ചു.

എല്ലാവരും വായിക്കേണ്ട പുസ്തകം – എന്തുകൊണ്ട് ?

സമൂഹത്തിലെ സമസ്തമേഖലകളിലുള്ളവർക്കും അറിവു നൽകുന്ന ഗ്രന്ഥമാണിത്.  

  • ആരോഗ്യമേഖലയിള്ളവർക്ക്: ചരിത്രപരമായ അറിവും ചികിത്സ സംബന്ധിച്ച ഉൾക്കാഴ്ച്ചയും നൽകുന്നു.
  • രോഗികൾക്കും പരിചരിക്കുന്നവർക്കും: അസുഖത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാൻ സഹായിക്കുന്നു.
  • ഗവേഷകർക്കും നയരൂപീകരണ വിദഗ്ധർക്കും: ഗവേഷണത്തിന് സ്ഥിരമായ ഫണ്ടിംഗിൻ്റെയും ഒറ്റക്കെട്ടായുള്ള പ്രവർത്തനത്തിൻ്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.
  • പൊതുജനങ്ങൾക്ക്: രോഗത്തെക്കുറിച്ചുള്ള അവബോധവും സഹാനുഭൂതിയും .

പുസ്തകം ചെലുത്തിയ സ്വാധീനം

മുഖർജിയുടെ ഈ പുസ്തകം വലിയ മാറ്റങ്ങൾക്ക് കാരണമായി:

  • കാൻസറിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ആഴത്തിൽ അവബോധം സൃഷ്ടിച്ചു.
  • ഗവേഷണങ്ങൾ  ശ്രദ്ധിക്കപ്പെടുകയും സാമ്പത്തിക സഹായം  ലഭ്യമാകുകയും ചെയ്തു.
  • രോഗികളോടുള്ള സമീപനം സംബന്ധിച്ച്  പുനർവിചിന്തനം നടത്താൻ, ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് പ്രേരണ നൽകി.

ഉപസംഹാരം: ശാസ്ത്രത്തിന് മാനവിക സ്പർശം നൽകുന്ന പുസ്തകം

‘ദ എംപെറർ ഓഫ് ഓൾ മാലഡീസ്‘ അഥവാ,’സർവ്വരോഗങ്ങളുടെയും ചക്രവർത്തി’, ഒരു പുസ്തകം എന്നതിലുപരി, വൈദ്യശാസ്ത്ര സാഹിത്യത്തിലെ ഒരു മഹത്തായ നേട്ടമാണ്. കാൻസറിനെതിരായ മനുഷ്യൻ്റെ പോരാട്ടത്തിലെ ദുരന്തവും വിജയവും തോൽവി സമ്മതിക്കാൻ മനസ്സില്ലാത്ത നിശ്ചയദാർഢ്യവും ഈ പുസ്തകം പറഞ്ഞുവെയ്ക്കുന്നു. വൈദ്യശാസ്ത്രത്തെ കേവലം വസ്തുതകളിലൂടെയല്ല, മറിച്ച് മനുഷ്യരുടെ കഥകളിലൂടെയും ശാസ്ത്രീയമായ ഉൾക്കാഴ്ചകളിലൂടെയും മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം ഒരു അമൂല്യ നിധി തന്നെയാണ്.

Recommended Reading & References

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe