വന്ധ്യത നൽകുന്ന വൈകാരികാഘാതം, സ്ത്രീകൾ അറിയേണ്ടതെല്ലാം

പ്രതീക്ഷയ്ക്കപ്പുറത്തെ നിശബ്ദ വേദന
വന്ധ്യത എന്ന വൈദ്യശാസ്ത്ര വിധിയെഴുത്തിനപ്പുറം അതനുഭവിക്കുന്ന സ്ത്രീകൾ നേരിടുന്ന നിരവധി പ്രതിസന്ധികളുണ്ട്. അവളിലെ സ്ത്രീത്വത്തെ, സ്വത്വബോധത്തെ എല്ലാം പിടിച്ചുലയ്ക്കുന്ന അതീവ സംഘർഷാവസ്ഥയാണത്. നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച്, അമ്മയാകാൻ വേണ്ടിയാണ് പെണ്ണ് ജനിക്കുന്നതെന്ന ചിന്താഗതി പുലർത്തുന്ന സമൂഹങ്ങൾ അനവധിയുള്ളപ്പോൾ, സ്ത്രീകളെ സംബന്ധിച്ച്, അനപത്യതാദുഃഖം ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമായി മാറുന്നു. വന്ധ്യതാ ചികിൽസ നീളുന്നതോടെ ഒറ്റപ്പെടലും കുറ്റബോധവും അപമാനവും സ്ത്രീകളെ വേട്ടയാടാൻ തുടങ്ങുന്നു.
കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകൾ നേരിടുന്ന വൈകാരിക, മാനസിക, സാമൂഹിക സംഘർഷങ്ങൾ, അവൾക്ക് സമൂഹം നൽകേണ്ട പിന്തുണയും സ്നേഹവും അനുകമ്പയും,വന്ധ്യതയെ സമീപിക്കേണ്ട രീതി തുടങ്ങിയ വിഷയങ്ങൾ നമുക്ക് മനസ്സിലാക്കാം.
തിരിച്ചറിയുക, നിങ്ങൾ തനിച്ചല്ല
ഇന്ത്യൻ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്ഷൻ ( ഐ എസ് എ ആർ ) നടത്തിയ പഠനം അനുസരിച്ച്, രാജ്യത്തെ നഗരങ്ങളിൽ കഴിയുന്ന ആറിൽ ഒന്ന് ദമ്പതികളും വന്ധ്യതാപ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. വൈകിയുള്ള വിവാഹം, ജീവിതശൈലിയിലെ മാറ്റങ്ങൾ, മാനസിക സമ്മർദ്ദം, പാരിസ്ഥിതിക വ്യതിയാനങ്ങൾ തുടങ്ങിയ ഘടകങ്ങൾ, വന്ധ്യതാനിരക്ക് വർദ്ധിപ്പിക്കുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്.
ഇത്ര സാധാരണമായിരുന്നിട്ടുകൂടി, വന്ധ്യത അനുഭവിക്കുന്ന സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ നിരവധിയാണ്.
- കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നുമുള്ള അപമാനം
- ഓരോ ആർത്തവത്തോടനുബന്ധിച്ചും ഉണ്ടാകുന്ന വൈകാരിക ബുദ്ധിമുട്ടുകൾ
- ചികിൽസകളും ഹോർമോൺ തെറാപ്പിയും
- ചികിൽസാച്ചെലവുകളുടെ ഭാരം
അനപത്യത നൽകുന്ന വൈകാരിക സമ്മർദ്ദം
1. സ്വത്വ പ്രതിസന്ധിയും സ്വയം അവമതിപ്പും
പരമ്പരാഗത കെട്ടുപാടുകൾക്കുള്ളിൽ കഴിയുന്ന പല സ്ത്രീകൾക്കും മാതൃത്വമെന്നത് സ്വത്വബോധത്തിന് ലഭിക്കുന്ന സംതൃപ്തിയാണ്. അമ്മയാകാനുള്ള നിരന്തര ശ്രമങ്ങൾ അവരിൽ ഇനിപ്പറയുന്ന ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
- താൻ അപൂർണ്ണയാണെന്ന തോന്നൽ
- നാണക്കേടും സ്വയം പഴിക്കലും
- പങ്കാളിയോടും കുടുംബത്തോടും അപരാധം ചെയ്യുന്നുവെന്ന വ്യസനം
“ ഓരോ മാസവും ഞാൻ പരീക്ഷയിൽ തോറ്റുകൊണ്ടേയിരുന്നു, പിന്നീടങ്ങോട്ട്, ഒരു സ്ത്രീ എന്ന നിലയിലും ഞാൻ പരാജയപ്പെട്ടതായി എനിക്ക് തോന്നി.“ – വന്ധ്യതാദുഃഖം അനുഭവിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകളാണിത്. ഇതേ അവസ്ഥയിൽ കഴിയുന്ന എത്രയോ സ്ത്രീകൾ നമുക്കു ചുറ്റുമുണ്ട്.
2. ഉത്ക്കണ്ഠ, വിഷാദം, ദുഃഖം
കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകൾ അനുഭവിക്കുന്ന വൈകാരിക സംഘർഷം, അർബുദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങൾ നേരിടുന്ന രോഗികളുടേതിന് സമാനമാണെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. സാധാരണയായി ഇവരിൽ കാണുന്ന അവസ്ഥകൾ
- വിഷാദം
- അമിതമായ ഉത്ക്കണ്ഠ
- മാറിമാറി വരുന്ന നിഷേധാത്മക സമീപനം, ദേഷ്യം,സങ്കടം എന്നിവ
3.വിവാഹബന്ധത്തിൽ ഉടലെടുക്കുന്ന പ്രതിസന്ധി
- വൈകാരിക ഉൾവലിയൽ
- കുറ്റപ്പെടുത്തൽ, അവജ്ഞ
- മാനസിക സമ്മർദ്ദം മൂലമുള്ള ലൈംഗിക പ്രശ്നങ്ങൾ
4.സാമൂഹികമായി ഒറ്റപ്പെടുക
അമ്മയാകലുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ നിന്ന് വന്ധ്യത അനുഭവിക്കുന്ന സ്ത്രീകൾ ഒഴിഞ്ഞുമാറുന്നതായി കാണാം. സീമന്തം, കുഞ്ഞിന് പേരിടൽ തുടങ്ങിയ വിശേഷാവസരങ്ങളിൽ, ഇവർക്ക് മറ്റുള്ളവരെ അഭിമുഖീകരിക്കുന്നതിൽ പ്രയാസമുണ്ടാകും. മറ്റുള്ളവർ വന്ധ്യതാചികിൽസയെക്കുറിച്ചോ കുഞ്ഞിന് ജൻമം നൽകാൻ കഴിയാത്തതിലെ ബുദ്ധിമുട്ടുകളെക്കുറിച്ചോ സംസാരിക്കുന്നതും ഇവരിൽ വേദനയുളവാക്കും. കുടുംബാംഗങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഇത്തരം വകതിരിവില്ലാത്ത സമീപനം ഉണ്ടാകുമ്പോൾ അത്, ഇവരെ മാനസിക ഒറ്റപ്പെടലിലേക്ക് എത്തിക്കും.
ചികിൽസാരീതികളും വൈകാരിക തളർച്ചയും
ഐ യു ഐ, ഐ വി എഫ്, ഐ സി എസ് ഐ, ഹോർമോൺ കുത്തിവെയ്പ്പ് തുടങ്ങിയവ സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, വൈകാരിക വ്യതിയാനങ്ങളും സൃഷ്ടിക്കും.
- ഓരോ തവണയും ആർത്തവദിനത്തോടടുക്കുമ്പോൾ ഇത്തവണ ഗർഭിണി ആയേക്കാമെന്ന പ്രത്യാശ, ആർത്തവം വരുന്നതോടു കൂടി കടുത്ത നിരാശക്ക് വഴിമാറും
- ദിവസേനയുള്ള ഇഞ്ചക്ഷനുകൾ, സ്കാനിംഗ്, രക്ത പരിശോധനകൾ
- ഹോർമോൺ മാറ്റത്തിനനുസരിച്ചുള്ള വൈകാരിക ഏറ്റക്കുറച്ചിലുകൾ
- ഗർഭം അലസൽ, എക്ടോപിക് ഗർഭം തുടങ്ങിയ സങ്കീർണ്ണതകളേക്കുറിച്ചുള്ള ഭീതി
ശാരീരിക-മാനസിക സ്വാസ്ഥ്യത്തിനായി
വന്ധ്യത പരിഹരിക്കുന്നതിനായുളള ചികിൽസയോടൊപ്പം തന്നെ മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള മാർഗ്ഗങ്ങളും തേടണം.
1.തെറാപ്പികൾ
- കോഗ്നിറ്റീവ് ബിഹേവ്യറൽ തെറാപ്പി(സി ബി ടി) – നെഗറ്റീവ് ചിന്തകളെ മാറ്റാൻ സഹായിക്കും
- പിന്തുണയ്ക്കുന്ന കൂട്ടായ്മകൾ- സമാന അവസ്ഥ നേരിടുന്നവരുമായി തുറന്നു സംസാരിക്കാം
- മാനസിക-ശാരീരിക പ്രോഗ്രാമുകൾ- ഈ രീതിയിലൂടെ ഗർഭധാരണശേഷി വർദ്ധിക്കുന്നതായി ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
2. മൈൻഡ്ഫുൾനെസ്സും മെഡിറ്റേഷനും
- സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ ഉൽപ്പാദനം കുറയുന്നു
- വൈകാരിക സ്ഥിരത കൈവരുന്നു
- ആത്മനിയന്ത്രണത്തോടെ പെരുമാറാൻ കഴിയുന്നു, ഉൾവലിയാനുള്ള തോന്നൽ കുറയുന്നു
3. പങ്കാളിയോട് ഉള്ളുതുറന്ന് സംസാരിക്കാം
- വൈകാരിക സ്ഥിരത സംബന്ധിച്ച് കൃത്യമായ പരിശോധന
- സംയുക്തമായി തീരുമാനങ്ങൾ കൈക്കൊള്ളാം
- ആവശ്യമെങ്കിൽ ദമ്പതികൾക്കുള്ള തെറാപ്പിക്ക് വിധേയമാകാം
4.അതിരുകൾ നിശ്ചയിക്കാം
- വിഷമിപ്പിക്കുന്ന ചോദ്യങ്ങളിൽ നിന്ന് മാറിനിൽക്കാം
- ബുദ്ധിമുട്ടിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളൽ നിന്ന് ഇടയ്ക്ക് ഒഴിഞ്ഞുമാറാം
- ഉള്ളു തുറന്ന് സംസാരിക്കാൻ,വ്യക്തികളെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കാം
5. സന്തോഷം തരുന്ന മേഖലകൾ കണ്ടെത്താം
- അമ്മയാവുക എന്നത് മാത്രമല്ല ജീവിതത്തിൻ്റെ ലക്ഷ്യമെന്ന് മനസ്സിലാക്കണം
- കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാം, കുഞ്ഞില്ലാതെയും ജീവിക്കാൻ കഴിയുമെന്ന് ചിന്തിക്കാം, ശ്രദ്ധ അർപ്പിക്കാനുള്ള മറ്റു മേഖലകൾ തെരഞ്ഞെടുക്കാം
- സ്വന്തം കഴിവുകളും താൽപ്പര്യങ്ങളും തിരിച്ചറിഞ്ഞ് അവരവർക്കായി ജീവിക്കാം.
ചികിൽസകർ ചെയ്യേണ്ടത്
പരിശോധനാഫലങ്ങൾ മാത്രം മുൻനിർത്തിയുള്ള സമീപനം മാറ്റാം
- വന്ധ്യതാ ചികിൽസയോടൊപ്പം മാനസികാരോഗ്യം നിലനിർത്താൻ കൌൺസെലിംഗ് ഉൾപ്പെടുത്താം
- ക്ളിനിക്കിലേയും ലാബിലേയും ജീവനക്കാരെ സൌമ്യമായി പെരുമാറാൻ പരിശീലിപ്പിക്കാം
- പരിശോധനാഫലങ്ങളെക്കുറിച്ച് വിവരിക്കുമ്പോൾ, പരാജയമാണെന്നോ പ്രയോജനമില്ലെന്നോ തുടങ്ങിയ നെഗറ്റീവ് പദങ്ങൾ ഒഴിവാക്കാം
സാസ്ക്കാരികമാറ്റവും അനിവാര്യം
നമ്മുടെ രാജ്യത്ത്, പെണ്ണായാൽ പ്രസവിക്കണം എന്ന തരത്തിലുള്ള സാമൂഹ്യ സമ്മർദ്ദം താങ്ങാവുന്നതിനും ഏറെയാണ്. ഇനിയെങ്കിലും ഇത്തരം സമ്മർദ്ദങ്ങൾ മാറ്റിയേ മതിയാവൂ.
- വന്ധ്യതയെക്കുറിച്ചുള്ള സംഭാഷണങ്ങൾ മൂലം ആർക്കും മനോവേദന ഉണ്ടാകരുത്
- അനപത്യത സംബന്ധിച്ച പരമ്പരാഗത ചിന്താഗതിയിൽ മാറ്റം വരുത്താൻ കുടുംബങ്ങളേയും സമൂഹത്തേയും പ്രോൽസാഹിപ്പിക്കാം
- മാതൃത്വം എന്ന അവസ്ഥയ്ക്കപ്പുറം, സ്ത്രീ എന്ന പദവി ആസ്വദിക്കാൻ പഠിക്കണം. സ്ത്രീയുടെ കരുത്ത്, മനോധൈര്യം എന്നീ അമൂല്യഗുണങ്ങൾക്ക് പ്രാമുഖ്യം നൽകി അവരവർക്ക് വേണ്ട പ്രാധാന്യം നൽകി ജീവിക്കാൻ തുടങ്ങാം. അത്, വന്ധ്യത എന്ന ഒറ്റവാക്കിൽ ജീവിതം ചുരുങ്ങിപ്പോകാതിരിക്കാൻ സഹായിക്കും.
നിങ്ങൾ ഒറ്റയ്ക്കല്ല, അശക്തരുമല്ല
വന്ധ്യത എന്ന അവസ്ഥയല്ല നിങ്ങളെ അടയാളപ്പെടുത്തേണ്ടത്. കുഞ്ഞിന് വേണ്ടിയുള്ള നിങ്ങളുടെ പരിശ്രമങ്ങൾ ഫലം കണ്ടാലും ഇല്ലെങ്കിലും സന്തോഷിക്കാനും ആഘോഷിക്കാനും ജീവിതം ആസ്വദിക്കാനും നിങ്ങൾക്കവകാശമുണ്ട്. ഒറ്റപ്പെടൽ എന്ന അവസ്ഥക്ക് പകരം നിൽക്കേണ്ടത് മനസ്സിലാക്കിയുള്ള ചേർത്തുപിടിക്കലാണ്, അപമാനത്തിന് പകരം നൽകേണ്ടത് പിന്തുണയും.
എത്ര കുഞ്ഞുങ്ങളുടെ അമ്മയാണ് എന്നത് കണക്കാക്കിയല്ല സ്ത്രീത്വം നിശ്ചയിക്കേണ്ടത്. സമൂഹം നൽകുന്ന വേദനകളുടെ ആഴം കൂട്ടാതെ, അവളുടെ അഭിമാനത്തേയും മൂല്യങ്ങളേയും ആദരിക്കുന്ന ലോകത്തെ നമുക്ക് വളർത്തിയെടുക്കാം.




