സൗന്ദര്യത്തിന്റെ ഇരുണ്ട വശം: കൃത്രിമ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു?

സ്വയംപരിചരണം പ്രതിസന്ധിയാകുമ്പോൾ
ചർമ്മസംരക്ഷണത്തിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടാണ് പലരും ദിവസം ആരംഭിക്കുന്നത്. സ്കിൻ കെയർ ലിസ്റ്റിൽ ഉൾപ്പെടുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്-ചർമ്മം വൃത്തിയാക്കൽ, ഈർപ്പം നലനിർത്താൻ മോയ്സ്ചറൈസർ, ചർമ്മത്തിന് തിളക്കം നൽകാനും പാടുകൾ മറയ്ക്കാനും വേണ്ട സ്റ്റിക്കുകളും ലിക്വിഡുകളും. വീടിന് പുറത്ത് പോകുമ്പോൾ മേക്കപ്പിനായി കുഞ്ഞുപെട്ടികളിലും കുപ്പികളിലുമായി പലതരം ഉൽപ്പന്നങ്ങൾ.
ചർമ്മത്തിൻ്റെ തിളക്കം നമ്മുടെ മനസ്സിൽ സന്തോഷം നിറയ്ക്കുന്നു. എന്നാൽ, ആ തിളക്കത്തിന് പിന്നിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു സത്യമുണ്ട്: പല സ്കിൻകെയർ ഉൽപ്പന്നങ്ങളും കെമിക്കൽ കോക്ക്ടെയിലുകളാണ്. പലതരം രാസവസ്തുക്കൾ സംയോജിപ്പിക്കാനുള്ള പ്രതലമായി നമ്മുടെ ചർമ്മം മാറുമ്പോൾ, തൊലിപ്പുറത്തു മാത്രമല്ല, ചർമ്മത്തിൽ ആഴ്ന്നിറങ്ങിയും ഈ രാസവസ്തുക്കൾ പ്രവർത്തനം തുടങ്ങും.
ഫെയർനെസ് ക്രീമുകൾ മുതൽ ആന്റി-ഏജിംഗ് സെറമുകൾ വരെ, മിക്ക ഉൽപ്പന്നങ്ങളിലും കൃത്രിമ പ്രിസർവേറ്റീവുകൾ, സർഫാക്ടന്റുകൾ, ബ്ലീച്ചിംഗ് ഏജന്റുകൾ എന്നിവ കൂടിയ അളവിൽ അടങ്ങിയിരിക്കുന്നു. സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഈ പദാർത്ഥങ്ങൾ ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാവുകയോ, ചർമ്മത്തിന്റെ പ്രതിരോധശേഷി തകർക്കുകയോ, കാൻസർ സാധ്യത വർദ്ധിപ്പിക്കുകയോ ചെയ്തേക്കാം.
തിളക്കമുള്ള സ്കിൻകെയർ ലേബലുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്നത് എന്താണെന്നും നമ്മുടെ ആരോഗ്യത്തിന് ദോഷം വരുത്താതെ ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാമെന്നും nellikka.life പരിശോധിക്കുന്നു.
1. ചർമ്മം: ജീവനുള്ള ആവരണം
ശ്വസിക്കാൻ കഴിയുന്ന, ജീവനുള്ള അവയവമാണ് ചർമ്മം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവവും ഇതുതന്നെ. ഭംഗിയും തിളക്കവും നൽകാനായി നാം പുരട്ടുന്ന ഉൽപ്പന്നങ്ങളിൽ നിന്ന്
ചില തന്മാത്രകളെ ചർമ്മം ഉള്ളിലേക്ക് ആഗിരണം ചെയ്യുന്നു — പ്രത്യേകിച്ച്, മോയ്സ്ചറൈസറുകൾ, സെറമുകൾ, സൺസ്‌ക്രീനുകൾ പോലുള്ളവ, ചർമ്മത്തിൽ ആഴ്ന്നിറങ്ങി പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
പാരബെനുകൾ, താലേറ്റുകൾ, ഓക്സിബെൻസോൺ (സൺസ്‌ക്രീനുകളിൽ ഉപയോഗിക്കുന്നത്) തുടങ്ങിയ സംയുക്തങ്ങൾ പുരട്ടി മണിക്കൂറുകൾക്കുള്ളിൽ അവയുടെ അംശം രക്തത്തിലും മൂത്രത്തിലും കണ്ടെത്താൻ കഴിയും എന്നാണ് ജേണൽ ഓഫ് അപ്ലൈഡ് ടോക്സിക്കോളജിയിൽ 2020ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് .
ഈ വസ്തുക്കൾ അപ്രത്യക്ഷമാകുന്നില്ല — അവ കാലക്രമേണ അടിഞ്ഞുകൂടുകയും ഹോർമോണുകൾ, കോശങ്ങൾ, ഡിഎൻഎ എന്നിവയുമായി പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നു.
2. സ്കിൻകെയർ ഷെൽഫിലെ സ്ഥിരം വില്ലന്മാർ
ചർമ്മത്തിന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന ചില പ്രധാന വസ്തുക്കൾ ഏതെല്ലാമാണെന്ന് നോക്കാം.
പാരബെനുകൾ( മീഥൈൽ, ഈഥൈൽ,പ്രൊപ്പൈൽ, ബ്യൂട്ടൈൽ)
ബാക്ടീരിയ വളർച്ച തടയാനുള്ള പ്രിസർവേറ്റീവുകൾ ആയി ഉപയോഗിക്കുന്നു.
പാരബെനുകൾ ഈസ്ട്രജനെ അനുകരിക്കുന്നു — അതുകൊണ്ട് ഇവ ഹോർമോൺ തടസ്സം സൃഷ്ടിക്കുന്ന രാസവസ്തു (Endocrine Disruptors) എന്നും അറിയപ്പെടുന്നു. സ്തനാർബുദ കോശങ്ങളിലും ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ സുരക്ഷിതമായവ: ഫിനോക്സി എത്തനോൾ (phenoxyethanol) അല്ലെങ്കിൽ വിറ്റാമിൻ ഇ, റോസ്മേരി സത്ത് എന്നിവ ചേർത്ത പ്രകൃതിദത്ത പ്രിസർവേറ്റീവുകൾ.
സോഡിയം ലോറൽ സൾഫേറ്റ് (SLS) & സോഡിയം ലോറെത്ത് സൾഫേറ്റ് (SLES)
ക്ലെൻസറുകളിലും ഫേസ് വാഷുകളിലും പത ഉണ്ടാകാൻ സാധാരണയായി ഉപയോഗിക്കുന്നു.
ഇവ ചർമ്മത്തിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യുകയും ചർമ്മത്തിന്റെ പ്രതിരോധശേഷി ദുർബലമാക്കുകയും അസ്വസ്ഥത, വരൾച്ച, എക്സിമ എന്നിവയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
കൂടുതൽ സുരക്ഷിതമായവ: കൊക്കോ-ഗ്ലൂക്കോസൈഡ് (coco-glucoside) അല്ലെങ്കിൽ ഡെസിൽ ഗ്ലൂക്കോസൈഡ് (decyl glucoside) പോലുള്ള സസ്യാധിഷ്ഠിത സർഫാക്ടന്റുകൾ.
ഓക്സിബെൻസോൺ, ഓക്ടിനോക്സേറ്റ്
ഈ യു വി ഫിൽട്ടറുകൾ ഫലപ്രദമാണെങ്കിലും ഹോർമോൺ തടസ്സം സൃഷ്ടിക്കുകയും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. ഇവ ചർമ്മത്തിൻ്റെ സംവേദനക്ഷമതയ്ക്കും തൈറോയ്ഡ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും ഇടയാക്കുന്നു.
കൂടുതൽ സുരക്ഷിതമായവ: സിങ്ക് ഓക്സൈഡ് (zinc oxide) അല്ലെങ്കിൽ ടൈറ്റാനിയം ഡൈ ഓക്സൈഡ് (titanium dioxide) ചേർത്ത മിനറൽ അധിഷ്ഠിത സൺസ്‌ക്രീനുകൾ.
ഹൈഡ്രോക്വിനോൺ (ഫെയർനെസ്, പാടുകൾ മാറ്റാനുള്ള ക്രീമുകളിൽ)
ചർമ്മത്തിന് വെളുപ്പുനിറം നൽകാൻ ഉപയോഗിക്കുന്ന, പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട രാസവസ്തുവാണിത്.
ദീർഘകാല ഉപയോഗം ഓക്രോണോസിസിന് (നീലകലർന്ന കറുപ്പ് നിറമുള്ള സ്ഥായിയായ പാടുകൾ) കാരണമാകാം.
കൂടുതൽ സുരക്ഷിതമായവ: നിയാസിനാമൈഡ് (Niacinamide), കോജിക് ആസിഡ് (kojic acid), അല്ലെങ്കിൽ ഇരട്ടിമധുരത്തിന്റെ സത്ത് (licorice root extract).
സിലിക്കോണുകൾ (ഡൈമെത്തിക്കോൺ, സൈക്ളോപെൻ്റാസിലോക്സേൻ)
ചർമ്മത്തിന് മിനുസം നൽകുന്നതിന് ഉപയോഗിക്കുന്നു. ഇവ ചർമ്മത്തിനു പുറത്ത് ഒരു പാളി സൃഷ്ടിക്കുകയും അഴുക്കും ബാക്ടീരിയകളും അതിൽ കുടുങ്ങിക്കിടക്കാൻ ഇടയാക്കുകയും ചെയ്യും. മുഖക്കുരുവിനും മുഖചർമ്മം മങ്ങുന്നതിനും ഇത് കാരണമാകുന്നു.
കൂടുതൽ സുരക്ഷിതമായവ: ജലാംശം കൂടുതലുള്ള, സുഷിരങ്ങൾ അടയ്ക്കാത്ത മോയ്സ്ചറൈസറുകൾ (non-comedogenic) അല്ലെങ്കിൽ കറ്റാർ വാഴ (Aloe vera) അധിഷ്ഠിത ജെല്ലുകൾ.
ഫോർമാൽഡിഹൈഡ് പുറത്തുവിടുന്ന പ്രിസർവേറ്റീവുകൾ ( ഡിഎംഡിഎം ഹൈഡൻടോയിൻ, ഇമിഡസോളിഡിനൈൽ യൂറിയ)
സൂക്ഷ്മാണുക്കളുടെ മലിനീകരണം തടയാൻ ഉപയോഗിക്കുന്നു.
ഇവ സാവധാനത്തിൽ ഫോർമാൽഡിഹൈഡ് പുറത്തുവിടുന്നു, കാൻസറിന് കാരണമാകുന്ന ഒരു വസ്തുവാണിത്. ഇവ അലർജിക് ഡെർമറ്റൈറ്റിസിനും വിട്ടുമാറാത്ത വീക്കത്തിനും കാരണമാകും.
3. ഫെയർനെസ് ക്രീമുകൾ: വെളുത്ത നിറം ലഭിക്കാൻ ആരോഗ്യം നശിപ്പിക്കുമ്പോൾ
നമ്മുടെ രാജ്യത്ത് വെളുത്ത നിറത്തോട് വല്ലാത്ത അഭിനിവേശമാണ്. നിറത്തിൻ്റെ പേരിലുള്ള വിവേചനം അവസാനിച്ചു എന്ന് പറയുമ്പോഴും ഇന്നും വെളുത്ത നിറത്തിനോടുള്ള പ്രതിപത്തിക്ക് വിരാമമായിട്ടില്ല. വെളുപ്പാണ് സൗന്ദര്യം എന്ന തെറ്റിദ്ധാരണ, വിപണിയിൽ കോടിക്കണക്കിന് രൂപയുടെ
കച്ചവടമായി മാറുന്നു.
വെളുപ്പിക്കാനുപയോഗിക്കുന്ന പല ക്രീമുകളിലും മെർക്കുറി (Mercury), സ്റ്റിറോയ്ഡുകൾ (Steroids), ഹൈഡ്രോക്വിനോൺ എന്നിവ അടങ്ങിയിട്ടുണ്ട്.
ഇവയുടെ ഉപയോഗത്തിന് നിയമവിലക്കോ കർശന നിർദ്ദേശങ്ങളോ ഒക്കെ നിലവിലുണ്ടെങ്കിലും വില കുറഞ്ഞ പല ഉൽപ്പന്നങ്ങളിലും ഇപ്പോഴും ഈ രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഉണ്ട്.
മെർക്കുറി, മെലാനിൻ ഉത്പാദനം തടയുന്നു, പക്ഷേ ഒപ്പംതന്നെ, അത് വൃക്കകൾ, ഞരമ്പുകൾ, മസ്തിഷ്ക്കം എന്നിവയെയും നശിപ്പിക്കുന്നു.
തുടർച്ചയായ ഉപയോഗം ഓർമ്മക്കുറവ്, വിറയൽ, ചർമ്മത്തിന് കനം കുറയൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്.
4. സൺസ്‌ക്രീനുകളും സെറമുകളും: ഹോർമോൺ പ്രശ്നങ്ങൾക്കുള്ള പരോക്ഷകാരണം
സൺസ്‌ക്രീനുകളും സെറമുകളും പലപ്പോഴും പ്രായം കുറയ്ക്കുകയും (anti-aging), തിളക്കം നൽകുകയും ചെയ്യുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവയിലെ ചില സജീവ ഘടകങ്ങൾ — പ്രത്യേകിച്ചും രാസവസ്തുക്കളായ യുവി ഫിൽട്ടറുകൾ (chemical UV filters) , കൃത്രിമ റെറ്റിനോയ്ഡുകൾ (synthetic retinoids) എന്നിവ, ശരീരത്തിന്റെ സ്വാഭാവിക ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു.
സൺസ്‌ക്രീൻ ഉപയോഗിച്ച് ഒരു ദിവസത്തിന് ശേഷം പരിശോധന നടത്തിയ എല്ലാവരുടെയും രക്തത്തിൽ ഓക്സിബെൻസോൺ കണ്ടെത്തിയതായി 2019ലെ എഫ്.ഡി.എ. (FDA) പഠനം കണ്ടെത്തിയിട്ടുണ്ട്.
ഇവയുടെ തുടർച്ചയായ ഉപയോഗം സ്ത്രീകളിൽ തൈറോയ്ഡ് പ്രശ്നങ്ങൾക്കും പ്രത്യുത്പാദന ശേഷിയിലെ തകരാറുകൾക്കും കാരണമാകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെയുള്ള റെറ്റിനോളിന്റെ അമിത ഉപയോഗം ചുവപ്പ് നിറം, ചർമ്മം അടർന്നുപോകൽ, ഫോട്ടോസെൻസിറ്റിവിറ്റി (സൂര്യരശ്മി ഏറ്റാൽ ഉടൻ ചർമ്മം പ്രതികരിക്കുന്ന അവസ്ഥ) എന്നിവയ്ക്ക് കാരണമാകും. അതായത്, ഉൽപ്പന്ന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നതിന് വിപരീതമായി, സൂര്യപ്രകാശമേൽക്കുമ്പോൾ ഇത് ചർമ്മത്തെ കൂടുതൽ ദുർബലമാക്കുന്നു.
5. “പ്രകൃതിദത്തം” എന്ന മിഥ്യ: നുണ പറയുന്ന ലേബലുകൾ
“പ്രകൃതിദത്തം” (natural), “ഹെർബൽ” (herbal), “ഡെർമറ്റോളജിസ്റ്റ്-ടെസ്റ്റ് ചെയ്തത്” തുടങ്ങിയ വാക്കുകൾക്ക് നിയമപരമായ മാനദണ്ഡങ്ങൾ ഇല്ല.
ഉദാഹരണത്തിന്, “പ്രകൃതിദത്തമായത്” എന്ന് ലേബൽ ചെയ്ത ഒരു ക്രീമിൽ 1% സസ്യ സത്തും — 99% കൃത്രിമ വസ്തുക്കളും (synthetic fillers) അടങ്ങിയിട്ടുണ്ടാകാം..
ഇതിനെ ഗ്രീൻവാഷിംഗ് (Greenwashing) എന്നാണ് പറയുന്നത് — അതായത്, രാസവസ്തുക്കൾ നിറഞ്ഞ ഉൽപ്പന്നങ്ങളെ സസ്യസത്താണെന്ന ലേബലിൽ വിപണനം ചെയ്യുന്ന തന്ത്രം.
ലേബലുകൾക്ക് പകരം എപ്പോഴും ചേരുവകളുടെ ലിസ്റ്റ് (ingredient lists) പരിശോധിക്കുക.
എക്കോസെർട്ട് (Ecocert), കോസ്മോസ് (COSMOS), അല്ലെങ്കിൽ യു.എസ്.ഡി.എ. ഓർഗാനിക് (USDA Organic) പോലുള്ള സർട്ടിഫിക്കേഷനുകൾ (certifications) ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം വാങ്ങുക, കൂടാതെ “സുഗന്ധം” (fragrance), “പർഫ്യൂം” (parfum), അല്ലെങ്കിൽ “കളറന്റ്” (colorant) എന്ന് രേഖപ്പെടുത്തിയിട്ടുള്ളവയെല്ലാം ഒഴിവാക്കുക.
6. സുരക്ഷിതമായ ചർമ്മപരിപാലനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
ശരീരത്തിൽ വിഷാംശം എത്തുന്നത് കുറയ്ക്കാൻ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്:
1.ലാളിത്യം ശീലമാക്കാം: ഉൽപ്പന്നങ്ങൾ എത്രത്തോളം കുറവ് ഉപയോഗിക്കുന്നുവോ അത്രയും നല്ലത് .
2.”പെട്ടെന്നുള്ള” തിളക്കത്തിനും നിറത്തിനും വേണ്ടിയുള്ളവ ഒഴിവാക്കുക: ഇവ പലപ്പോഴും ബ്ലീച്ചിംഗിനെയോ സ്റ്റിറോയ്ഡ് അധിഷ്ഠിത ഫോർമുലകളെയോ ആധാരമാക്കിയാകും ഇത്തരം ഉൽപ്പന്നങ്ങൾ നിർമ്മിച്ചിട്ടുണ്ടാകുക.
3.മിനറൽ സൺസ്‌ക്രീനുകളിലേക്കും പ്രകൃതിദത്തമായ എക്സ്ഫോളിയന്റുകളിലേക്കും (ഉദാഹരണത്തിന്, ലാക്റ്റിക് ആസിഡ് അല്ലെങ്കിൽ ഓട്സ് മീൽ പോലുള്ളവ) മാറുക.
4.ഉള്ളിൽ നിന്ന് ഈർപ്പം നൽകാം, ആരോഗ്യം വീണ്ടെടുക്കാം: പോഷകാഹാരം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, വേണ്ടത്ര ഉറങ്ങുക എന്നിവയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ സ്കിൻകെയർ.
5.മുഴുവൻ ചേരുവകളുടെ വിവരങ്ങളും വെളിപ്പെടുത്തുന്ന നല്ല ബ്രാൻഡുകളിൽ നിന്ന് വാങ്ങുക.
6.കാലഹരണ തിയതികൾ (expiry dates) പരിശോധിക്കുക: പഴയ ക്രീമുകൾ ദോഷകരമായ ഉപോൽപ്പന്നങ്ങൾ (harmful by-products) സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
തിളക്കമെന്നാൽ ആരോഗ്യമാകണം
ആരോഗ്യമുള്ള ചർമ്മം എന്നത് മാർബിൾ പോലെ വെളുത്തതോ മിനുസമാർന്നതോ അല്ല. പോഷകങ്ങൾ നിറഞ്ഞ ആഹാരവും പ്രകൃതിയിൽ നിന്ന് നേരിട്ടുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളും സമ്മർദ്ദമില്ലാത്ത മനസ്സും ആവശ്യത്തിന് ഉറക്കവും ഉറപ്പാക്കിയാൽ അത് ചർമ്മത്തിന് ഗുണം ചെയ്യും. സ്വാഭാവികമായ നിറവും തിളക്കവും നൽകും.
യഥാർത്ഥ സൗന്ദര്യം അവബോധത്തിൽ നിന്നാണ് ഉരുത്തിരിയുന്നതെന്ന് nellikka.life വിശ്വസിക്കുന്നു — ചർമ്മത്തിൽ പുരട്ടുന്ന ഓരോ ഉൽപ്പന്നവും ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നതാകണം.
യഥാർത്ഥ തിളക്കം പ്രതിഫലിക്കുന്നത് ആന്തരിക ആരോഗ്യത്തിൽ നിന്നാണ്.
References




