ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കണോ? ബ്ലൂ സോണുകളിലെ മനുഷ്യരുടെ അത്ഭുതരഹസ്യങ്ങൾ മനസ്സിലാക്കാം

കഴിക്കുന്ന ഭക്ഷണത്തിലും ശ്വസിക്കുന്ന വായുവിലും ചെയ്യുന്ന ജോലികളിലുമെല്ലാം ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്ന ഘടകങ്ങൾ നിറഞ്ഞതായാൽ അതെങ്ങനെയിരിക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ?
ഇപ്പറഞ്ഞ കാര്യങ്ങളെല്ലാമുള്ള മേഖലകളാണ് ബ്ലൂ സോണുകൾ (Blue Zones). ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം, ഏറ്റവും ആരോഗ്യത്തോടെ, ഏറ്റവും സംതൃപ്തിയോടെ മനുഷ്യർ ജീവിക്കുന്ന പ്രദേശങ്ങളാണിവ. ഇവിടെയുള്ള പലരും തൊണ്ണൂറും നൂറും വയസ്സുമൊക്കെ അനായാസം പിന്നിടുന്നവരാണ്. ജീവിതശൈലീ രോഗങ്ങൾ ഇവർക്കിടയിൽ വളരെ കുറവാണ് എന്നതാണ് അതിശയകരമായ മറ്റൊരു കാര്യം.
ജീവിതത്തിലെ തിരക്കുകൾക്കിടയിൽപ്പെട്ട് മടുപ്പിക്കുന്ന ജോലികളിലും ജങ്ക് ഫുഡിലും സോഷ്യൽ മീഡിയയുടെ മുമ്പിലുമായി ഒറ്റപ്പെട്ട് ജീവിക്കുമ്പോൾ, ബ്ലൂ സോണുകൾ നമുക്ക് കാലാതീതമായ ഒരറിവ് പകരുന്നു: ദീർഘായുസ്സ് എന്നത് ജീവിതശൈലി തന്നെയാണെന്ന്.
എന്താണ് ബ്ലൂ സോണുകൾ?
നാഷണൽ ജിയോഗ്രാഫിക് ഗവേഷകനും പര്യവേഷകനുമായ ഡാൻ ബ്യൂട്ട്‌നർ (Dan Buettner) ആണ് “ബ്ലൂ സോണുകൾ” എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ലോകത്ത് ഏറ്റവും സ്വാഭാവികമായി, ആരോഗ്യത്തോടെ ദീർഘകാലം ജീവിക്കുന്ന അഞ്ച് അവിസ്മരണീയ പ്രദേശങ്ങളെ അദ്ദേഹം മനസ്സിലാക്കി:
1.ജപ്പാനിലെ ഒക്കിനാവ (Okinawa, Japan): ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന സ്ത്രീകൾക്ക് പേരുകേട്ട ഇടം.
2.ഇറ്റലിയിലെ സാർഡീനിയ (Sardinia, Italy): ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്മാരുടെ വാസസ്ഥലം.
3.ഗ്രീസിലെ ഐകാരിയ (Ikaria, Greece): ആളുകൾ മരിക്കാൻ മറന്നുപോകുന്ന ഒരു “വിസ്മൃത ദ്വീപ്” — ഇവിടെ മൂന്നിൽ ഒരാൾ 90 വയസ്സിനപ്പുറവും ജീവിക്കുന്നു.
4.കോസ്റ്റാറിക്കയിലെ നികോയ പെനിൻസുല (Nicoya Peninsula, Costa Rica): ഊർജ്ജസ്വലതയ്ക്കും ശക്തമായ കുടുംബ ബന്ധങ്ങൾക്കും പേരുകേട്ട പ്രദേശം.
5.ലോമ ലിൻഡ, കാലിഫോർണിയ (Loma Linda, California – USA): അമേരിക്കൻ ശരാശരിയേക്കാൾ 10 വർഷം കൂടുതൽ ജീവിക്കുന്ന സെവൻത്-ഡേ അഡ്വെന്റിസ്റ്റുകളുടെ ഒരു സമൂഹം.
ഈ സമൂഹങ്ങൾക്ക് ജനിതകപരമായ പ്രത്യേകതകളൊന്നും തന്നെയില്ല. അവരുടെ ദീർഘായുസ്സിൻ്റെയും ആരോഗ്യത്തിൻ്റെയും രഹസ്യം അവരുടെ ജീവിതരീതിയിൽ അധിഷ്ഠിതമായിരിക്കുന്നു.
ദി പവർ 9®: ബ്ലൂ സോണുകളിലെ 9 രഹസ്യങ്ങൾ
ഭക്ഷണക്രമങ്ങൾക്കോ ഫിറ്റ്‌നസ് ട്രെൻഡുകൾക്കോ അതീതമായ പൊതുവായ ഒൻപത് ജീവിതശൈലികൾ അഥവാ ശീലങ്ങൾ, ബ്യൂട്ട്‌നറും സംഘവും കണ്ടെത്തി. സ്ഥിരതയാർന്നതും ലളിതവുമായ ഈ ശീലങ്ങളാണ് ദീർഘവും സന്തോഷകരവുമായ ജീവിതത്തിന്റെ അടിത്തറ.
ഈ രഹസ്യങ്ങൾ ഓരോന്നായി നമുക്ക് മനസ്സിലാക്കാം — ഇവ എങ്ങനെയാണ് നമ്മുടെ ഭാരതീയ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും നോക്കാം.
1️⃣ സ്വാഭാവികമായി ചലിക്കുക
ബ്ലൂ സോണുകളിലെ ആളുകൾ “വർക്ക് ഔട്ട്” ചെയ്യുന്നവരല്ല. അവർ ദിവസത്തിൽ ഉടനീളം സജീവമാകുക മാത്രമാണ് ചെയ്യുന്നത്. തോട്ടപ്പണി, നടത്തം, പാചകം, വീട് വൃത്തിയാക്കൽ, കൃഷി — ഇതെല്ലാം അവർക്ക് സ്വാഭാവികമായ വ്യായാമങ്ങളാണ്.
ഇന്ത്യൻ സാദൃശ്യം: പറമ്പ് വൃത്തിയാക്കിയും തുളസിത്തറയിൽ വെള്ളമൊഴിച്ചും അമ്പലങ്ങളിലേക്ക് നടന്നുമൊക്കെ പോയ നമ്മുടെ മുത്തശ്ശീമുത്തശ്ശന്മാരെ ഓർക്കുക. അവർക്ക് ചലനമെന്നത് ജിമ്മിൽ പോയുള്ള പ്രവർത്തനങ്ങളായിരുന്നില്ല, മറിച്ച് ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു.
ചെയ്യേണ്ടത്: ➡️ അടുത്തുള്ള ഇടങ്ങളിലേക്ക് വാഹനത്തിൽ പോകുന്നതിന് പകരം നടന്നുപോകുക. ➡️ വീട്ടിലെ ജോലികൾ സ്വയം ചെയ്യുക — ഇതെല്ലാം ശാരീരിക വ്യായാമമാണ്.
2️⃣ ലക്ഷ്യബോധം ഉണ്ടാകുക (‘ഇക്കിഗായ്’ – Ikigai)
ഓരോ ബ്ലൂ സോൺ സമൂഹത്തിനും ശക്തമായ ലക്ഷ്യബോധമുണ്ട്. എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കാൻ കാരണമാകുന്ന ഒരു ലക്ഷ്യം.
ഓക്കിനാവയിൽ ഇതിനെ ‘ഇക്കിഗായ്’ (Ikigai) എന്ന് വിളിക്കുന്നു; നിക്കോയയിൽ ‘പ്ലാൻ ഡി വിദാ’ (Plan de Vida) എന്നും.
നമ്മുടെ രാജ്യത്ത്, ഇത് ‘ധർമ്മം’ (Dharma) എന്ന ആശയവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു — അതായത് രക്ഷകർത്താവ്, അധ്യാപകൻ, അല്ലെങ്കിൽ കലാകാരൻ എന്ന നിലയിലുള്ള ഒരാളുടെ ജീവിത ലക്ഷ്യം അല്ലെങ്കിൽ കടമ.
ചെയ്യേണ്ടത്: ➡️ എല്ലാ ദിവസവും സ്വയം ചോദിക്കുക: “ഞാൻ എന്തിനാണ് ഉണരുന്നത്?” ➡️ നിങ്ങളുടെ ജോലിയെയോ സേവനത്തെയോ ജീവിതത്തിന് അർത്ഥം നൽകുന്ന ഒരു ഘടകവുമായി ബന്ധിപ്പിക്കുക.
3️⃣ സമ്മർദ്ദം കുറയ്ക്കുക
ഏറ്റവും സന്തോഷകരമായ ഇടങ്ങളിൽ പോലും സമ്മർദ്ദം ഉണ്ടാകും. എന്നാൽ പ്രാർത്ഥനകൾ, ഉച്ചയുറക്കം, അല്ലെങ്കിൽ സുഹൃത്തുക്കളോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ എന്നിവയിലൂടെ സമ്മർദ്ദം കളയാൻ ബ്ലൂ സോൺ സമൂഹങ്ങൾക്ക് അവരുടേതായ വഴികളുണ്ട്.
ഭാരതീയ സാദൃശ്യം: യോഗ, ധ്യാനം, നാമജപം, വൈകുന്നേരങ്ങളിലെ നടത്തം എന്നിവയൊക്കെ നാഡീവ്യൂഹത്തെ ശാന്തമാക്കാൻ പണ്ടുമുതലേ നാം ഉപയോഗിക്കുന്ന വഴികളാണ്.
ചെയ്യേണ്ടത്: ➡️ ദിവസവും 10 മിനിറ്റ് നിശബ്ദതയ്‌ക്കോ ശ്രദ്ധാപൂർവ്വമുള്ള ശ്വസനത്തിനോ വേണ്ടി നീക്കിവയ്ക്കുക. ➡️ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
4️⃣ 80% തത്വം പാലിക്കുക
ഒക്കിനാവയിൽ, വയർ 80% നിറയുമ്പോൾ ഭക്ഷണം കഴിക്കുന്നത് നിർത്തുന്നു — ഇതിനെ അവർ ‘ഹാര ഹച്ചി ബു’ (Hara Hachi Bu) എന്ന് വിളിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ശരിയായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.
ഭക്ഷണം ശ്രദ്ധാപർവ്വം കഴിക്കാനാണ് ആയുർവേദം പറയുന്നത് — പകുതി ഭക്ഷണം, കാൽഭാഗം വെള്ളം, കാൽഭാഗം ഒഴിച്ചിടുന്ന രീതി.
ചെയ്യേണ്ടത്: ➡️ സാവധാനത്തിലും ശ്രദ്ധയോടെയും ഭക്ഷണം കഴിക്കുക. ➡️ വയറു നിറഞ്ഞു എന്ന് തോന്നുന്നതിന് മുൻപ് നിർത്തുക.
5️⃣ സസ്യങ്ങൾക്ക് പ്രാധാന്യം
ബ്ലൂ സോണുകളിലെ ഭക്ഷണക്രമത്തിൽ സസ്യങ്ങൾക്കാണ് മുൻഗണന. പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ, പരിപ്പുകൾ, മുഴുധാന്യങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണങ്ങൾ. മാംസം വളരെ കുറഞ്ഞ അളവിൽ, അപൂർവ്വമായി മാത്രമേ അവർ കഴിക്കാറുള്ളൂ.
ഇന്ത്യൻ സമാന്തരം: നമ്മുടെ പരമ്പരാഗത ഭക്ഷണങ്ങളായ പരിപ്പ്, പച്ചക്കറി വിഭവങ്ങൾ , ചെറുധാന്യങ്ങൾ, പഴങ്ങൾ എന്നിവയെല്ലാം ഈ തത്ത്വചിന്തയോട് ചേർന്ന് നിൽക്കുന്നവയാണ്.
ചെയ്യേണ്ടത്: ➡️ ചെറുധാന്യങ്ങളും പയറുവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ➡️ സംസ്‌കരിച്ച ഭക്ഷണങ്ങളും ശുദ്ധീകരിച്ച എണ്ണകളും പരിമിതപ്പെടുത്തുക.
6️⃣ അഞ്ചുമണിക്ക് വീഞ്ഞ്
ലോമ ലിൻഡ ഒഴികെയുള്ള മിക്ക ബ്ലൂ സോൺ സമൂഹങ്ങളിലും, ഭക്ഷണ സമയത്ത് സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ ഒപ്പം മിതമായ അളവിൽ മദ്യം, പ്രത്യേകിച്ച് റെഡ് വൈൻ, ആസ്വദിക്കാറുണ്ട്. ശ്രദ്ധയോടെ, മിതമായ തോതിലാണ് അവർ വൈൻ കഴിക്കുക. അമിതമായ മദ്യപാനം ഇവർക്കിടയിൽ പതിവില്ല.
ഇന്ത്യൻ സമാന്തരം: കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒരുമിച്ചുള്ള വൈകുന്നേരത്തെ ചായ, ഒത്തുചേർന്നുള്ള ഭക്ഷണം, ശ്രദ്ധാപൂർവ്വമുള്ള ആഘോഷങ്ങൾ എന്നിവയുമായി താരതമ്യം ചെയ്യാം — ഒറ്റപ്പെടുത്തുന്നതിന് പകരം വ്യക്തികളെ പരസ്പരം ബന്ധിപ്പിക്കുന്ന നിമിഷങ്ങളാണിത്.
ചെയ്യേണ്ടത്: ➡️ മദ്യപാനം ശീലമുള്ളവരാണെങ്കിൽ, അത് ശ്രദ്ധയോടെ — ഭക്ഷണത്തോടൊപ്പം, നല്ല സൗഹൃദത്തിൽ മാത്രം മതി. ➡️ അല്ലാത്തവർ, ഭക്ഷണത്തിലൂടെയോ ഒത്തുചേരലുകളിലൂടെയോ സാമൂഹിക ബന്ധം സ്ഥാപിക്കുക.
7️⃣ ഒറ്റ സമൂഹത്തിൽ ഉൾപ്പെടുക
ബ്ലൂ സോൺ നിവാസികളിൽ മിക്കവാറും എല്ലാവരും വിശ്വാസപരമായ സമൂഹത്തിൽ അംഗങ്ങളാണ്. പ്രാർത്ഥന, ആചാരങ്ങൾ, നന്ദി പ്രകാശനം എന്നിവയിലൂടെയുള്ള ആത്മീയ ബന്ധം വൈകാരികമായ സന്തുലിതാവസ്ഥയും പ്രത്യാശയും നൽകുന്നു.
ഇന്ത്യൻ സാദൃശ്യം: ദീപം കൊളുത്തുന്നതോ, “ഓം” ചൊല്ലുന്നതോ, ക്ഷേത്രങ്ങളിൽ തൊഴുന്നതോ ഒക്കെ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇഴചേർന്ന, സ്ഥിരതയ്ക്കും നന്ദിയർപ്പിക്കലിനുമുള്ള മാർഗ്ഗങ്ങളാണ്.
ചെയ്യേണ്ടത്: ➡️ എല്ലാ ദിവസവും നന്ദിയുള്ളവരായിരിക്കാൻ പരിശീലിക്കുക. ➡️ നിങ്ങളുടെ ആത്മീയ സമൂഹവുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ അതിൽ ചേരുകയോ ചെയ്യുക.
8️⃣ കുടുംബത്തിന് പ്രഥമ സ്ഥാനം
ശക്തമായ കുടുംബബന്ധങ്ങളാണ് ബ്ലൂ സോണിലെ ദീർഘായുസ്സിന്റെ അടിത്തറ. മുതിർന്നവർ കുട്ടികളോടൊപ്പം താമസിക്കുന്നു; തലമുറകൾ പരസ്പരം പരിചരിക്കുന്നു.
ഇന്ത്യയിൽ, കൂട്ടുകുടുംബങ്ങൾ, മുതിർന്നവരോടുള്ള ആദരവ്, കുടുംബത്തോടൊപ്പമുള്ള ഭക്ഷണം എന്നിവയൊക്കെ ഒരുകാലത്ത് നമ്മൾ ആചരിച്ചുപോന്ന മൂല്യങ്ങളാണ് — എക്കാലവും സംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങൾ.
ചെയ്യേണ്ടത്: ➡️ ദിവസവും ഒരു നേരമെങ്കിലും കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുക. ➡️ ഒരു മുതിർന്ന ബന്ധുവുമായോ സുഹൃത്തുമായോ ബന്ധം പുനഃസ്ഥാപിക്കുക.
9️⃣ ആത്മാർത്ഥമായ കൂട്ടുകെട്ട്
ബ്ലൂ സോണുകളിൽ, ആരോഗ്യകരവും പോസിറ്റീവുമായ, നല്ല ശീലങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന സുഹൃത്തുക്കളാൽ ചുറ്റപ്പെട്ടാണ് ഓരോ വ്യക്തിയും ജീവിക്കുന്നത്.
ഇന്ത്യയിൽ, അയൽപക്കവുമായുള്ള ആത്മബന്ധം മുതൽ സത്സംഗങ്ങൾ വരെ, സമൂഹമാണ് ഇപ്പോഴും നമ്മുടെ ശക്തി.
ചെയ്യേണ്ടത്: ➡️ നല്ല ചിന്താഗതിയും ശീലങ്ങളുമുള്ള ആളുകളുമായി സൗഹൃദം സ്ഥാപിക്കുക. ➡️ ഒരുമിച്ച് നടക്കാനോ, ഭക്ഷണം കഴിക്കാനോ, ധ്യാനിക്കാനോ കഴിയുന്ന ഒരു ചെറിയ “വെൽനസ് കൂട്ടായ്മ” രൂപീകരിക്കുക.
ഇന്ത്യയ്ക്കായുള്ള പാഠങ്ങൾ: നമുക്ക് സ്വന്തമായി ബ്ലൂ സോണുകൾ സൃഷ്ടിക്കാനാകുമോ?
തീർച്ചയായും സാധിക്കും. ദീർഘായുസ്സിനായുള്ള സാംസ്കാരികമായ അടിത്തറ ഇന്ത്യക്ക് പണ്ടുമുതൽ തന്നെയുണ്ട്. യോഗ, ആയുർവേദം, സസ്യാഹാരം, കുടുംബബന്ധങ്ങൾ, ആത്മീയമായ കൂടിച്ചേരലുകൾ എന്നിവയെക്കുറിച്ചുള്ള നമ്മുടെ പുരാതന പാരമ്പര്യങ്ങളെല്ലാം ബ്ലൂ സോൺ തത്വങ്ങളുമായി യോജിച്ചു പോകുന്നവയാണ്.
ആധുനികമായ അസന്തുലിതാവസ്ഥയാണ് നമ്മുടെ ഇന്നത്തെ വെല്ലുവിളി. സമ്മർദ്ദം, ജങ്ക് ഫുഡ്, ഒറ്റപ്പെടൽ, ഡിജിറ്റൽ അതിപ്രസരം എന്നീ സങ്കീർണ്ണതകളാണ് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നത്. പുരാതന വിജ്ഞാനത്തെ ആധുനിക ജീവിതവുമായി ബോധപൂർവ്വം വീണ്ടും സമന്വയിപ്പിച്ചാൽ, നമുക്ക് ഇന്ത്യയിൽ “ഗ്രീൻ ബ്ലൂ സോണുകൾ” സൃഷ്ടിക്കാൻ കഴിയും — അവിടെ ആരോഗ്യം എന്നത് സംസ്കാരം തന്നെയായി മാറുന്നു.
ദീർഘായുസ്സിനായുള്ള ഭാരതീയ രൂപരേഖ
‘ബ്ലൂ ലൈഫ്’ നയിക്കാൻ നമ്മുടെ ജീവിതത്തിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ ഇനിപ്പറയുന്നു:
- നല്ല ഭക്ഷണം കഴിക്കുക — പാരമ്പര്യ പാചകത്തിൽ ഉണ്ടാക്കിയിരുന്നത് പോലെ.
- കൂടുതൽ ചലിക്കുക — നടക്കുക, പടികൾ കയറുക, ശരീരത്തിന് ആയാസം നൽകുക, നൃത്തം ചെയ്യുക.
- ബോധപൂർവ്വം ശ്വാസമെടുക്കുക — ധ്യാനത്തിലൂടെ അല്ലെങ്കിൽ നിശബ്ദമായി.
- ബന്ധങ്ങൾ നിലനിർത്തുക — മനുഷ്യരുമായും പ്രകൃതിയുമായും ജീവിത ലക്ഷ്യങ്ങളുമായും.
- ജീവിതം സാവധാനം ആഘോഷിക്കുക — തിരക്ക് കുറയ്ക്കുക, ജീവിതത്തിന് താളം നൽകുക.
ഇന്ന് തന്നെ ബ്ലൂ സോൺ ആരംഭിക്കാം
ഒക്കിനാവയിലേക്കോ ഐകാരിയയിലേക്കോ താമസം മാറ്റേണ്ട കാര്യമില്ല. ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് തന്നെ നമുക്ക് ആരംഭിക്കാം.
ഇന്ന് തന്നെ മാറ്റം വരുത്തി തുടങ്ങുക:
കുടുംബത്തോടൊപ്പം നടക്കാൻ പോകുക.
ഒരുമിച്ച് ഭക്ഷണം പാചകം ചെയ്യുക.
5 മിനിറ്റ് കൃതജ്ഞതയോടെ സ്വസ്ഥമായി ഇരിക്കുക.
ഫോണിൽ സ്‌ക്രോൾ ചെയ്യുന്നതിന് പകരം പഴയ സുഹൃത്തിനെ വിളിക്കുക.
ഭാരതീയ പാരമ്പര്യ ദർശനങ്ങളിലേക്കുള്ള പിൻനടത്തം, നമ്മെ സ്വാഭാവികമായി ബ്ളൂ സോണിലെത്തിക്കും. അങ്ങനെ, ആരോഗ്യവും സന്തോഷവും നിറഞ്ഞ മേഖലയിൽ നമുക്ക് ദീർഘകാലം ജീവിക്കാം.




