അഭിനിവേശത്തിൻ്റെ ജീവശാസ്ത്രം: ലൈംഗികാകർഷണം തോന്നാനുള്ള കാരണങ്ങൾ അറിയാമോ?

ഒരാൾക്ക് മറ്റൊരാളോട് ശക്തമായ ആകർഷണം തോന്നാൻ കാരണം എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് രൂപമാണോ, ഗന്ധമാണോ, ശബ്ദമാണോ, ഊർജ്ജമാണോ — അതോ അതിലും ആഴത്തിലുള്ള മറ്റെന്തെങ്കിലും കാരണങ്ങളോ?
മനുഷ്യർക്ക് പരസ്പരം തോന്നുന്ന ആകർഷണത്തിന് പിന്നിലെ ശാസ്ത്രമെന്താണ്, അതിൽ ഉൾപ്പെടുന്ന രസതന്ത്രവും മനഃശാസ്ത്രവുമെന്തായിരിക്കും? ഇതെല്ലാം നമുക്ക് നോക്കാം.
ലൈംഗികാകർഷണം എന്നത് യാദൃശ്ചികമായൊരു കാര്യമല്ല എന്നാണ് ശാസ്ത്രം പറയുന്നത്. അത് ശരീരവും മസ്തിഷ്ക്കവും അതിപുരാതനമായ സഹജവാസനയും തമ്മിലുള്ള സങ്കീർണ്ണമായ സംയോജനമാണ്.
നമ്മുടെ ഹോർമോണുകൾ, തലച്ചോറിലെ രാസപ്രവർത്തനങ്ങൾ, ഇന്ദ്രിയങ്ങൾ എന്നിവ ഒരുമിച്ചു പ്രവർത്തിച്ച്, എങ്ങനെയാണ് നമ്മൾ ആഗ്രഹം എന്ന് വിളിക്കുന്ന ഈ വികാരം സൃഷ്ടിക്കുന്നത് എന്ന് വിശദമായിത്തന്നെ മനസ്സിലാക്കാം.
തുടങ്ങുന്നത് തലച്ചോറിൽ നിന്ന്
പരസ്പരാകർഷണം എന്നത് ഹൃദയത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല — അത് തലച്ചോറിലാണ് ആരംഭിക്കുന്നത്.
നിങ്ങൾക്ക് ഒരാളോട് അടുപ്പം തോന്നുമ്പോൾ, തലച്ചോറിലെ ചില ഭാഗങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നു:
- ഹൈപ്പോതലാമസ് (Hypothalamus): ലൈംഗിക സ്വഭാവങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകൾ പുറത്തുവിടുന്നു.
- ലിംബിക് സിസ്റ്റം ( Limbic System): പ്രത്യേകിച്ചും അമിഗ്ഡാലയും (amygdala) ന്യൂക്ലിയസ് അക്കംബെൻസും (nucleus accumbens) — സന്തോഷവും ആകാംക്ഷയും ആളിക്കത്തിക്കുന്നു.
- ഡോപമിൻ (Dopamine): സന്തോഷം നൽകുന്ന ഈ രാസവസ്തു (ന്യൂറോട്രാൻസ്മിറ്റർ), സമ്മാനം, പ്രചോദനം, ആസക്തി എന്നിവയുമായി ബന്ധപ്പെട്ടതുമാണ്. ഇത് ശരീരത്തിൽ കുതിച്ചുയരുന്നു.
അതുകൊണ്ടാണ് പുതിയ പ്രണയബന്ധമോ ലൈംഗികമായ അടുപ്പമോ ഉണ്ടാകുമ്പോൾ, അത് സന്തോഷകരവും ചിലപ്പോൾ ഒരുതരം ആസക്തിയുളവാക്കുന്നതുമായി തോന്നുന്നത് — നിങ്ങൾക്ക് ഒരു സമ്മാനം ലഭിക്കുകയോ, ചോക്ലേറ്റ് കഴിക്കുകയോ ചെയ്യുമ്പോൾ പ്രകാശിക്കുന്ന അതേ സർക്യൂട്ടുകളാണ് ലൈംഗികാകർഷണം തോന്നുന്ന സമയത്തും തലച്ചോറിൽ സജീവമാകുന്നത്!
രസകരമായ വസ്തുത:
പ്രണയാകർഷണം ഉണ്ടാകുമ്പോഴുള്ള തലച്ചോറിലെ പ്രവർത്തനം, കൊക്കെയ്‌ൻ ഉപയോഗിക്കുമ്പോഴുള്ള അമിതമായ സന്തോഷത്തിന് സമാനമാണെന്ന് റട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ (Rutgers University) ബ്രെയിൻ ഇമേജിംഗ് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതായത്, ഗാഢമായ, ഒരൊറ്റ കാര്യത്തിൽ കേന്ദ്രീകരിച്ച, നിഗൂഢതകൾ തിരിച്ചറിയാനുള്ള അഭിവാഞ്ഛ നൽകുന്ന ആനന്ദം.
ആകർഷണത്തിന്റെ രസതന്ത്രം
അനുയോജ്യമായ ജൈവിക സൂചനകളെ തിരിച്ചറിയാൻ മികച്ച രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് നമ്മുടെ ശരീരം. ആകർഷിക്കപ്പെടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം:
1. ഫെറോമോണുകളും ഗന്ധവും: വാസനയുടെ രസതന്ത്രം
മൃഗങ്ങളെപ്പോലെ മനുഷ്യരും ഫെറോമോണുകൾ പുറത്തുവിടുന്നുണ്ട്. ആകർഷണത്തെ സ്വാധീനിക്കുന്ന അദൃശ്യമായ രാസസന്ദേശങ്ങളാണിവ.
സ്ത്രീകൾ തങ്ങളുടെ പ്രതിരോധ വ്യവസ്ഥാ ജീനുകളിൽ (MHC) നിന്ന് വ്യത്യാസമുള്ള പുരുഷ ഗന്ധമാണ് ഉപബോധമനസ്സിൽ ഇഷ്ടപ്പെടുന്നത് എന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. കൂടുതൽ ആരോഗ്യമുള്ള സന്താനങ്ങളെ ഉത്പാദിപ്പിക്കാനായി പ്രകൃതി ഒരുക്കിയ സംവിധാനമാണിത്.
2. ഹോർമോണുകൾ എന്ന ആന്തരിക ഓർക്കസ്ട്ര
ശരീരത്തിനകത്തുള്ള ഈ ‘ഓർക്കസ്ട്ര’യാണ് നമ്മുടെ ആകർഷണത്തെ നിയന്ത്രിക്കുന്നത്:
- ടെസ്റ്റോസ്റ്റിറോൺ: ലിംഗഭേദമന്യെ ലൈംഗിക ചോദനയെ വർദ്ധിപ്പിക്കുകയും ലൈംഗിക പ്രേരണ ഉച്ചസ്ഥായിയിൽ എത്തിക്കുകയും ചെയ്യുന്നു.
- ഈസ്ട്രജൻ: പ്രത്യുൽപാദനകാലത്ത് സംവേദനക്ഷമതയും മോഹവും വർദ്ധിപ്പിക്കുന്നു.
- ഓക്സിടോസിൻ: ലൈംഗിക ബന്ധത്തിന് ശേഷം അടുപ്പവും വിശ്വാസവും സുദൃഢമാക്കുന്നു.
- സെറോടോണിൻ: അമിതമായ അഭിനിവേശം സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇതിന്റെ അളവ് കുറഞ്ഞാൽ ആകർഷണം വെറുമൊരു ഭ്രമം മാത്രമായി മാറിയേക്കാം.
ഈ ഹോർമോണുകളുടെ രാഗതാളങ്ങൾ ഒരു വ്യക്തിയിലേക്കുള്ള ആകർഷണത്തിന് കാന്തികശക്തിയുള്ളതായി തോന്നിപ്പിക്കുന്നു. ഇതിൽ താളപ്പിഴകൾ ഉണ്ടാകുമ്പോൾ ആകർഷണം കുറയാനും സാധ്യതയുണ്ട്.
ആകർഷണം വെറും ശാരീരികമല്ല — അത് പരിണാമപരമാണ്
പരിണാമ ജീവശാസ്ത്രം പറയുന്നതനുസരിച്ച്, അതിജീവനവും പ്രത്യുൽപാദനവും ഉറപ്പാക്കാനുള്ള പ്രകൃതിയുടെ തന്ത്രമാണ് ആകർഷണം എന്നാണ്.
ആരോഗ്യം, പ്രത്യുൽപാദനശേഷി, ചൈതന്യം എന്നിവയുടെ സൂചനകളിലേക്കാണ് നമ്മൾ ഉപബോധമനസ്സിൽ ആകർഷിക്കപ്പെടുന്നത്:
- വദന സൌഷ്ഠവം: ജനിതക സ്ഥിരതയെ സൂചിപ്പിക്കുന്നു.
- ശരീരഗന്ധം : പ്രതിരോധശേഷിയിലെ പൊരുത്തത്തെ സൂചിപ്പിക്കുന്നു.
- ശബ്ദത്തിലെ താളവും ശരീരഭാഷയും: ഹോർമോൺ നിലയും ആത്മവിശ്വാസവും പ്രതിഫലിപ്പിക്കുന്നു.
- ഹാസ്യം, സഹാനുഭൂതി, ബുദ്ധി: ദീർഘകാല ബന്ധത്തിന് ആവശ്യമായ വൈകാരിക ശേഷിയെ വ്യക്തമാക്കുന്നു.
അതുകൊണ്ട്, ആകർഷണം വൈകാരികമോ നിഗൂഢമോ ആണെന്ന് നമ്മൾ കരുതുന്നുണ്ടെങ്കിലും — അത് ദശലക്ഷക്കണക്കിന് വർഷങ്ങളായുള്ള മനുഷ്യ പരിണാമത്തിലൂടെ രൂപപ്പെട്ട, ജൈവികമായ ഒരു പ്രക്രിയ കൂടിയാണ്.
വൈകാരിക തലം: ജീവശാസ്ത്രത്തിനപ്പുറം
യഥാർത്ഥ അടുപ്പം വെറും രസതന്ത്രത്തിൽ ഒതുങ്ങുന്നില്ല.
ആഗ്രഹം ജ്വലിപ്പിക്കുന്നത് ജീവശാസ്ത്രമായിരിക്കാം, പക്ഷേ അത് നിലനിർത്തുന്നത് വൈകാരികമായ അനുരണനം, പരസ്പരം പങ്കുവെയ്ക്കുന്ന മൂല്യങ്ങൾ, സുരക്ഷിതത്വം എന്നിവയാണ്.
ആധുനിക ന്യൂറോസയൻസ് പഠനങ്ങൾ പ്രകാരം, ദീർഘകാലമായി പങ്കാളികളായി ജീവിക്കുന്ന, പ്രണയം കെടാതെ സൂക്ഷിക്കുന്നവർക്ക് പൊതുവായ പ്രത്യേകതയുണ്ട്:
പുതുമയുള്ള കാര്യങ്ങളിലൂടെയും സ്നേഹപ്രകടനങ്ങളിലൂടെയും ഗാഢമായ വൈകാരിക ബന്ധങ്ങളിലൂടെയും അവർ അവരുടെ മസ്തിഷ്ക്കത്തിലെ ഡോപമിൻ പാതകളെ സജീവമാക്കി നിലനിർത്തുന്നു.
പുതിയ അനുഭവങ്ങൾ, ചിരി, ശാരീരിക സ്പർശം, നന്ദി പ്രകടിപ്പിക്കൽ തുടങ്ങിയ ലളിതമായ കാര്യങ്ങൾ പോലും ആദ്യത്തെ ആകർഷണത്തിന് തിരികൊളുത്തിയ അതേ ‘റിവാർഡ് സർക്യൂട്ടുകളെ’ വീണ്ടും ജ്വലിപ്പിക്കാൻ സഹായിക്കും.
അഭിനിവേശം കെടാതെ സൂക്ഷിക്കാൻ ആരോഗ്യകരമായ മാർഗ്ഗങ്ങൾ
1.നിങ്ങളുടെ ശരീരത്തെ തിരിച്ചറിയുക: ഹോർമോണുകൾക്ക് ഏറ്റക്കുറച്ചിൽ വരാം. പക്ഷെ, സ്വാഭാവിക താളത്തിനനുസരിച്ച് പ്രവർത്തിക്കാൻ സ്വാവബോധം നമ്മെ സഹായിക്കും.
2.വൈകാരിക അടുപ്പത്തിന് പ്രാധാന്യം നൽകുക: സുരക്ഷിതമായ ബന്ധത്തിൽ ആഗ്രഹത്തിൻ്റെ നാളം ജ്വലിച്ചുകൊണ്ടേയിരിക്കും.
3.ശാരീരിക ആരോഗ്യം നിലനിർത്തുക: വ്യായാമം ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. അതിലൂടെ ലൈംഗികശേഷിയും ആത്മവിശ്വാസവും കൂട്ടുന്നു.
4.മാനസിക സമ്മർദ്ദം കുറയ്ക്കുക: കോർട്ടിസോൾ (സമ്മർദ്ദ ഹോർമോൺ) ലൈംഗികാസക്തിയെ അടിച്ചമർത്തുന്നു — ശാന്തമായ മനസ്സ് ആകർഷണം വർദ്ധിപ്പിക്കും.
5.ജിജ്ഞാസ നിലനിർത്തുക: മസ്തിഷ്ക്കം എപ്പോഴും പുതുമ ആഗ്രഹിക്കുന്നു; ഒരുമിച്ചുള്ള പുതിയ അനുഭവങ്ങൾ ഡോപമിൻ ഒഴുക്ക് നിലനിർത്തുന്നു.
ഹോർമോണുകളും നാഡീവ്യൂഹവും വികാരങ്ങളും ഒത്തുചേർന്ന് നിറം നൽകുന്ന ചിത്രമാണ് ലൈംഗികാകർഷണം. എല്ലാം ഒരേ താളത്തിൽ ചലിക്കുന്നു.
താൽക്കാലിക ചിന്ത മാത്രമല്ല ഇത്. നിങ്ങളുടെ ഉത്ക്കർഷത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരാൾ എന്ന് ജീവശാസ്ത്രം പറയാതെ പറയുന്ന രീതിയാണ് ഈ അഭിലാഷം.
ഇത് മനസ്സിലാക്കുന്നത് നമുക്ക് ശക്തി നൽകുന്നു — ബന്ധങ്ങളെ ബോധപൂർവ്വം പരിപോഷിപ്പിക്കാനും രസതന്ത്രത്തെ ഇടപെട്ട് തടസ്സപ്പെടുത്താതിരിക്കാനും ജീവശാസ്ത്രത്തിലും ആത്മാവിലും ആഴത്തിൽ വേരൂന്നിയ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും.
“മോഹം ശരീരത്തിൽ തുടങ്ങുന്നു, സ്നേഹം ആത്മാവിൽ നിന്നും.”




