നോ പറയാൻ മടിക്കുന്നതെന്തിന്? അതിരുകൾ നിശ്ചയിക്കാം,ആരോഗ്യം സംരക്ഷിക്കാം

എന്തെങ്കിലും ഒരു കാര്യത്തിൽ നോ പറയാൻ ബുദ്ധിമുട്ടു തോന്നാറുണ്ടോ? അങ്ങനെ പറഞ്ഞാൽ കേൾക്കുന്നയാൾക്ക് അത് വിഷമമായാലോ എന്നു കരുതി അക്കാര്യം ഏറ്റെടുക്കാറുണ്ടോ? മനസ്സുകൊണ്ട് നോ പറഞ്ഞ ശേഷവും അതേ കാര്യം സമ്മതിക്കുന്നതോടെ സ്വന്തം കാര്യങ്ങൾ താറുമാറാകാറുണ്ടോ?
അധിക ജോലി ഏറ്റെടുക്കുന്നത്, നിർബന്ധത്തിന് വഴങ്ങി ഒരു പരിപാടിക്ക് പോകുന്നത്, അല്ലെങ്കിൽ 24 മണിക്കൂറും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നത് – ഇതെല്ലാം പല സ്ത്രീകളെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനായി എല്ലാം ഏറ്റെടുക്കുന്നതിന് പകരം, ബുദ്ധിമുട്ടുള്ള, അല്ലെങ്കിൽ ഭാരമാകുമെന്ന് തോന്നുന്ന വിഷയങ്ങളിൽ, ഒരൊറ്റ വാക്കിൽ നോ പറയാൻ മടിക്കേണ്ടതില്ല. കാരണം, ‘വേണ്ട’, അല്ലെങ്കിൽ ‘കഴിയില്ല’ എന്ന് പറയുന്നത് സ്വാർത്ഥതയല്ല, ആത്മബോധമാണ്.
സ്ത്രീകൾ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യണം എന്ന് സമൂഹം പ്രതീക്ഷിക്കുന്ന ഒരു ലോകത്ത്, ‘വേണ്ട’ എന്ന് പറയാൻ പഠിക്കുന്നത് സങ്കീർണ്ണമായ പ്രശ്നമായി തോന്നിയേക്കാം. പക്ഷേ, അതങ്ങനെയല്ല; നിങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും സ്വയം മൂല്യം നൽകാനും ആധികാരികമായ ജീവിതം നയിക്കാനുമുള്ള ഒരു അവശ്യ ചുവടുവെയ്പ്പാണത്.
നോ പറയാൻ പ്രയാസം തോന്നാൻ കാരണം
പ്രത്യേകിച്ച് സ്ത്രീകൾക്കാണ് നോ പറയാൻ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. സമൂഹത്തിൽ സ്ത്രീകൾ എക്കാലവും മറ്റുള്ളവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നവരും സദാ സേവന സന്നദ്ധതയുള്ളവരും സമാധാനം നിലനിർത്തുന്നവരും ആയിരിക്കാൻ പരിശീലിപ്പിക്കപ്പെടുന്നു. കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന ഒരലിഖിത നിയമമാണിത്. മറ്റുള്ളവർക്ക് വേണ്ടി എത്രമാത്രം പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പല സ്ത്രീകളും തങ്ങളുടെ മൂല്യം അളക്കുന്നത്.
അതുകൊണ്ട് തന്നെ, ‘വേണ്ട’ എന്ന് പറയുമ്പോൾ സ്ത്രീകൾക്ക് സ്വയം ഇങ്ങനെ തോന്നിയേക്കാം:
- മറ്റുള്ളവരെ നിരാശപ്പെടുത്തുന്നു
- അവസരം നഷ്ടപ്പെടുന്നു
- മര്യാദയില്ലാത്തവരോ തൻ്റേടികളോ ആകുന്നു
- സംഘർഷത്തിന് വഴി വെയ്ക്കുന്നു
മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം സ്വന്തം ജീവിതം ജീവിച്ചു തീർക്കേണ്ടതില്ല, പ്രത്യേകിച്ചും നോ പറയാത്തത് മൂലം നിങ്ങൾ പ്രതിസന്ധിയിലാകുമെങ്കിൽ. നിങ്ങൾ നിശ്ചയിക്കുന്ന അതിരുകളെക്കുറിച്ച് മറ്റൊരാൾക്ക് മോശമായി തോന്നുന്നതിന് നിങ്ങൾ ഉത്തരവാദിയല്ല. കാരണം, നിങ്ങൾ സൃഷ്ടിക്കുന്ന അതിരുകൾ നിങ്ങളുടെ അവകാശമാണ് എന്നതുതന്നെ.
അതിരുകൾ നിശ്ചയിക്കുന്നതിൻ്റെ കരുത്ത്
അതിരുകൾ (Boundaries) നിശ്ചയിക്കുക എന്നാൽ മതിലുകൾ കെട്ടി ഉയർത്തുക എന്നല്ല അർത്ഥമാക്കുന്നത്. നിങ്ങളുടെ സമയത്തിനും ഊർജ്ജത്തിനും മാനസികാരോഗ്യത്തിനും ബഹുമാനം ലഭിക്കുന്ന ഒരു സുരക്ഷിത ഇടം നിങ്ങൾക്കായി സൃഷ്ടിക്കുക എന്നാണ്.
ആരോഗ്യകരമായ അതിരുകൾ നിശ്ചയിക്കുമ്പോൾ:
- സമ്മർദ്ദവും ഉത്കണ്ഠയും കുറയുന്നു
- ആത്മാഭിമാനം വർദ്ധിക്കുന്നു
- ബന്ധങ്ങൾ കൂടുതൽ ആരോഗ്യകരമാകുന്നു
- നിങ്ങൾക്ക് പ്രിയപ്പെട്ട കാര്യങ്ങൾക്കായി കൂടുതൽ സമയം ലഭിക്കുന്നു
കുറ്റബോധമില്ലാതെ ‘വേണ്ട’ എന്ന് പറയാനുള്ള വഴികൾ
നിങ്ങളുടെ മൂല്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ട്, ‘വേണ്ട’ എന്ന് പറയാൻ സഹായിക്കുന്ന ചില പ്രായോഗികമായ മാർഗ്ഗങ്ങൾ താഴെ നൽകുന്നു:
1.വ്യക്തവും സൗഹാർദ്ദപരവുമായ ഭാഷ ഉപയോഗിക്കുക:
ഉദാഹരണം: “ക്ഷണിച്ചതിന് നന്ദിയുണ്ട്, പക്ഷേ എനിക്കിപ്പോൾ ഇതിൽ പങ്കെടുക്കാൻ കഴിയില്ല.”
നേരിട്ട് കാര്യം പറയുന്നത് പരുഷമായ പെരുമാറ്റമല്ല. വ്യക്തതയോടെ സംസാരിക്കുന്നത് നല്ല കാര്യമാണ്.
2.മറുപടി പറയാൻ സമയം എടുക്കുക:
ഉദാഹരണം: “എൻ്റെ പരിപാടികൾ ഒന്നു നോക്കട്ടെ, എന്നിട്ട് മറുപടി പറയാം.”
മറുപടി പറയാൻ അല്പം ഇടവേള എടുക്കുന്നത്, തിടുക്കമില്ലാതെ, നന്നായി ആലോചിച്ച് തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കും.
3.പകരമായി മറ്റൊന്ന് വാഗ്ദാനം ചെയ്യുക (ആവശ്യമെങ്കിൽ മാത്രം):
ഉദാഹരണം: “ഈ ആഴ്ച എനിക്കിത് ഏറ്റെടുക്കാൻ കഴിയില്ല, പക്ഷേ അടുത്തയാഴ്ച എന്നെക്കൊണ്ട് കഴിയുന്ന സഹായം ചെയ്യാം.”
നിങ്ങൾക്ക് കഴിയുമെങ്കിൽ മാത്രം ബദൽ നിർദ്ദേശിക്കുക. സഹായിക്കാൻ കഴിഞ്ഞില്ലല്ലോ എന്നുള്ള കുറ്റബോധം തോന്നുന്നത് കൊണ്ട് മാത്രം ഒന്നും വാഗ്ദാനം ചെയ്യരുത്.
4.കണ്ണാടിയിൽ നോക്കി പരിശീലിക്കാം:
ഇതൊരു തമാശയായി തോന്നാമെങ്കിലും, പരിശീലിക്കുന്നത് യഥാർത്ഥ സാഹചര്യങ്ങളിൽ കൂടുതൽ ആത്മവിശ്വാസം നേടാനും പെട്ടെന്ന് പ്രതികരിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.
നിങ്ങൾ മറ്റുള്ളവരോട് ‘വേണ്ട’ എന്ന് പറയുമ്പോൾ, സ്വയം ‘ശരി’ എന്ന് പറയുകയാണ്!
നിങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ എന്ത് സംഭവിക്കുമെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ:
- അമിതമായി കാര്യങ്ങൾ ഏറ്റെടുക്കുന്നത് നിർത്തുക
- കുറ്റബോധം മനസ്സിൽ നിന്ന് ഒഴിവാക്കുക
- നിങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്ക് മുൻഗണന നൽകുക
അപ്പോൾ നിങ്ങൾക്ക് കൂടുതൽ സമാധാനവും കൂടുതൽ ഏകാഗ്രതയും കൂടുതൽ ശക്തിയും ലഭിക്കും.
‘നോ’ പറയാൻ ഇപ്പോഴും മടിക്കുന്ന സ്ത്രീകളോട്:
നിങ്ങൾ ജീവിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ഏറ്റെടുത്ത്, എല്ലാം സഹിച്ച്
നിങ്ങളുടെ മൂല്യം തെളിയിക്കാൻ വേണ്ടിയല്ല.
നിങ്ങളുടെ മാനസിക സ്വാസ്ഥ്യം സംരക്ഷിക്കുന്നത് സ്വാർത്ഥതയല്ല.
നിങ്ങൾ സ്വയം തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ ‘നല്ലത്’ അല്ലെങ്കിൽ ‘മോശം’ ആകുന്നില്ല.
‘വേണ്ട’ എന്നത് സ്വയം പരിപാലനത്തിൻ്റെ ഉദാത്ത രൂപം
‘വേണ്ട’ എന്ന് പറയുന്നത് മറ്റുള്ളവരെ നിരാകരിക്കുകയല്ല, മറിച്ച് അത് നിങ്ങളെത്തന്നെ അംഗീകരിക്കുന്നതാണ്.
അതുകൊണ്ട്, അടുത്ത തവണ ‘ശരി’ എന്ന് പറയാൻ സമ്മർദ്ദം തോന്നുമ്പോൾ, അൽപ്പസമയം നിശബ്ദമായിരിക്കുക. ദീർഘമായി ശ്വാസമെടുക്കുക. എന്നിട്ട്
ചിന്തിക്കുക: നിങ്ങൾക്ക് സ്വന്തമായ ഒരു ഇടത്തിനും സ്വന്തം സമാധാനം സംരക്ഷിക്കാനും അർഹതയുണ്ട്.
References :
1. The Hard Truth About Overcommitting
2.Setting Boundaries With Grace
3. Her Agenda




