വെറുതെയിരിക്കുന്നതിൻ്റെ കല — നിക്സെൻ

സദാ ചലിക്കുന്ന ഈ ലോകത്തിൽ ഒരു ചെറുവിരാമമാകാം
കൊച്ചിയിലെ ഒരു വീടാണ് രംഗം. ഒരു ഞായറാഴ്ച്ച. ഉച്ചവെയിലിൻ്റെ ചൂടു കുറയ്ക്കാൻ മുകളിൽ ഫാൻ അലസമായി കറങ്ങുന്നുണ്ട്. അടുക്കളയിൽ നിന്ന് സാമ്പാറിൻ്റെ മണം മെല്ലെ ഒഴുകിപ്പരക്കുന്നുണ്ട്. മീര ജനലിനരികിൽ ഇരിക്കുകയായിരുന്നു; ഇലകൾക്കിടയിലൂടെ അരിച്ചെത്തുന്ന വെയിലും നോക്കി. ചെയ്തുതീർക്കാനുള്ള ജോലികളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് ഫോൺ ഇടയ്ക്കിടെ ശബ്ദിച്ചെങ്കിലും, അവൾ അനങ്ങിയില്ല.
മീര ധ്യാനിക്കുകയായിരുന്നില്ല, ഡയറി എഴുതുകയായിരുന്നില്ല, വിശ്രമത്തിൻറെ ചട്ടക്കൂടിൽ ഒതുങ്ങുകയുമായിരുന്നില്ല.
അവൾ… വെറുതെയിരിക്കുകയായിരുന്നു.
അഞ്ച് മിനിറ്റ് പത്തായി, പതിനഞ്ചായി. അവളുടെ ചിന്തകൾ ഒഴുകിനീങ്ങിക്കൊണ്ടേയിരുന്നു – കലാലയകാല ഓർമ്മകൾ, പാതിമറന്ന ഒരു പാട്ട്, മഴ പെയ്തുതോർന്ന ശേഷം കണ്ട ആകാശത്തിന്റെ നിറം… മകൻ്റെ വിളി കേട്ടപ്പോഴാണ് അവൾ ഓർത്തത്, കഴിഞ്ഞ എത്രയോ മാസങ്ങളായി മനസ്സിന് ഇത്രയും ഭാരക്കുറവ് തോന്നിയിട്ടില്ലെന്ന്.
അതാണ് നിക്സെൻ (Niksen) — വെറുതെയിരിക്കുന്നതിൻ്റെ ഡച്ച് കല.
എന്താണ് യഥാർത്ഥത്തിൽ ‘നിക്സെൻ’?
എപ്പോഴും തിരക്കിട്ട് ഓടിക്കൊണ്ടിരിക്കുന്ന, എല്ലാം ‘പെർഫെക്റ്റ്’ ആക്കാൻ ശ്രമിക്കുന്ന ഈ ലോകത്ത്, നിശ്ചലതയിലൂടെയുള്ള ഒരുതരം ചെറുത്തുനിൽപ്പാണ് നിക്സെൻ.
ഇത് മൈൻഡ്ഫുൾനെസ് (mindfulness) അല്ല. ധ്യാനവുമല്ല (meditation). നമ്മൾ സാധാരണ ഉദ്ദേശിക്കുന്ന അർത്ഥത്തിലുള്ള വിശ്രമവുമല്ല.
ഇത് മനഃപൂർവ്വം ഒന്നും ചെയ്യാതിരിക്കുന്ന ഒരവസ്ഥയാണ്. മനസ്സിനെ ഒരു പ്രത്യേക ലക്ഷ്യമോ ദിശയോ ഇല്ലാതെ അലസമായി അലയാൻ വിടുക.
“ശൂന്യം” എന്ന് അർത്ഥം വരുന്ന “നിക്സ്” (niks) എന്ന ഡച്ച് പദത്തിൽ നിന്നാണ് ഈ വാക്കിൻ്റെ തുടക്കം. സ്വയം മെച്ചപ്പെടുത്താനോ, പ്രശ്നങ്ങൾ പരിഹരിക്കാനോ, ഭാവി പ്ലാൻ ചെയ്യാനോ ശ്രമിക്കാത്ത ചില നിമിഷങ്ങൾ സ്വയം നൽകുക. നിങ്ങളുടെ സാന്നിദ്ധ്യം ആ നിമിഷത്തിൽ ഉണ്ട് എന്ന് മാത്രം.
‘ദി അപ്‌സൈഡ് ഓഫ് ഡൗൺടൈം’ (The Upside of Downtime) എന്ന പുസ്തകത്തിൻ്റെ രചയിതാവായ സൈക്കോളജിസ്റ്റ് സാൻഡി മാൻ പറയുന്നത്, വിരസതയും നിശ്ചലതയും പലപ്പോഴും നമ്മുടെ സർഗ്ഗാത്മകതയെ (creativity) ഉണർത്തും എന്നാണ്. നമ്മുടെ മനസ്സ് നിരന്തരമായ വിവരങ്ങൾ കൊണ്ട് (constant input) നിറയാതിരിക്കുമ്പോൾ, ഉപബോധമനസ്സ് (subconscious) കാര്യങ്ങളെ വിശകലനം ചെയ്യാനും പരസ്പരം ബന്ധിപ്പിക്കാനും പുതിയത് സങ്കൽപ്പിക്കാനും തുടങ്ങുന്നു.
വെറുതെയിരിക്കുന്നത് ഇത്ര ബുദ്ധിമുട്ടാകുന്നത് എന്തുകൊണ്ട്?
“ഓരോ നിമിഷവും പാഴാക്കരുത്”, “സമയം വിലപ്പെട്ടതാണ്” എന്നൊക്കെ കേട്ടാണ് നമ്മൾ വളർന്നു വരുന്നത്.
വെറുതെയിരിക്കുന്നതിനെ പലപ്പോഴും മടിയുമായിട്ടാണ് നാം ഉപമിക്കാറ്. ജോലി ചെയ്യുകയോ, വായിക്കുകയോ, പാചകം ചെയ്യുകയോ, അല്ലെങ്കിൽ ഫോണിൽ സ്ക്രോൾ ചെയ്യുകയോ ചെയ്യുന്നില്ലെങ്കിൽ നമുക്ക് കുറ്റബോധം തോന്നും.
എന്നാൽ നിരന്തരമായ തിരക്ക് സന്തോഷത്തിന് പകരമാകുന്നില്ല. കാലിഫോർണിയ യൂണിവേഴ്സിറ്റിയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്, ഒരേ സമയം പല ജോലികൾ ചെയ്യുന്നതും (multitasking) ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗവും, ജോലിസ്ഥലത്തെ സമ്മർദ്ദത്തേക്കാൾ ഉപരിയായി നമ്മുടെ ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ (cortisol) അളവ് വർദ്ധിപ്പിക്കുന്നു എന്നാണ്.
നമ്മുടെ ശരീരത്തെപ്പോലെ തന്നെ, തലച്ചോറിനും കൃത്യമായ ചിട്ടകളില്ലാത്ത, വിശ്രമിക്കാനുള്ള സമയം ആവശ്യമുണ്ട് എന്നതാണ് സത്യം.
അതുകൊണ്ട്, വെറുതെയിരിക്കുന്നത് സമയം പാഴാക്കലല്ല – അപ്പോൾ നമ്മുടെ തലച്ചോറിൻ്റെ അറ്റകുറ്റപ്പണി (neural maintenance) നടക്കുകയാണ്.
ഈ നിശ്ചലതയ്ക്ക് പിന്നിലെ ശാസ്ത്രം
‘നിക്സെൻ’ പരിശീലിക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ഇതാ:
- ഡിഫോൾട്ട് മോഡ് നെറ്റ്‌വർക്ക് (DMN) ഉണരുന്നു: നമ്മുടെ തലച്ചോറിലെ ഈ ഭാഗം നമ്മൾ ദിവാസ്വപ്നം കാണുമ്പോഴോ, മനസ്സിനെ വെറുതെ അലയാൻ വിടുമ്പോഴോ ആണ് സജീവമാകുന്നത്. ആത്മപരിശോധന, മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് (empathy), സർഗ്ഗാത്മകത (creativity) എന്നിവയുമായി ഈ നെറ്റ്‌വർക്കിന് അടുത്ത ബന്ധമുണ്ട്.
- സ്ട്രെസ് ഹോർമോണുകൾ കുറയുന്നു: ശരീരത്തിലെ സമ്മർദ്ദം കുറയുകയും “വിശ്രമിക്കുക, ശാന്തമാകുക” (rest-and-digest) എന്നറിയപ്പെടുന്ന പാരാസിംപതറ്റിക് നാഡീവ്യൂഹത്തിന്റെ പ്രവർത്തനം വർദ്ധിക്കുകയും ചെയ്യുന്നു.
- മാനസിക ക്ഷീണം കുറയുന്നു: ഇത് നമ്മൾ തിരികെ ജോലിയിലേക്ക് പ്രവേശിക്കുമ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ (focus) സഹായിക്കുന്നു.
നാഡീ ശാസ്ത്രജ്ഞർ ഇതിനെ “മെന്റൽ ഐഡ്ലിംഗ്” (mental idling) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് പ്രയോജനപ്രദമാണെന്ന് മാത്രമല്ല, നമ്മുടെ ബൗദ്ധികമായ ആരോഗ്യത്തിന് (cognitive health) അത്യാവശ്യമായ കാര്യവുമാണ്.
നിത്യജീവിതത്തിൽ ‘നിക്സെൻ’ എങ്ങനെ പരിശീലിക്കാം?
ലഘുവായി തുടങ്ങാം. ‘നിക്സെൻ’ എന്നത് ചെയ്യാനുള്ള കാര്യങ്ങളുടെ പട്ടികയിൽ (to-do list) ചേർക്കാനുള്ള മറ്റൊരു പ്രവൃത്തിയല്ല എന്ന് പ്രത്യേകം ഓർക്കണം.
- മഴ പെയ്യുന്നത് നോക്കിയിരിക്കുക: അതിൻ്റെ ഫോട്ടോ എടുക്കരുത്. റീൽസും വേണ്ട. വെറുതെ, മറ്റൊന്നിനുമായല്ലാതെ അത് കാണുക.
- ചായ കുടിക്കുമ്പോൾ നിശബ്ദമായി ഇരിക്കുക: ഫോണോ പുസ്തകമോ ഇല്ലാതെ, മറ്റൊരു ചിന്തയുമില്ലാതെ.
- യാത്ര ചെയ്യുന്ന ബസിൻ്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുക: മനസ്സിനെ പ്രത്യേകിച്ചൊരിടത്തേക്കും തിരിച്ചുവിടാതെ വെറുതെ അലയാൻ അനുവദിക്കുക.
- ഉച്ചഭക്ഷണത്തിന് ശേഷം ടിവി ഓൺ ചെയ്യാതെ അൽപ്പസമയം വെറുതെ കിടക്കുക.
ഈ നിമിഷങ്ങളിലാണ് നമ്മുടെ തലച്ചോറ് നിശബ്ദമായി സ്വയം സുഖപ്പെടുന്നത് – ഒരുപാട് നേരം പ്രവർത്തിച്ചതിന് ശേഷം തണുക്കുന്ന ഒരു കമ്പ്യൂട്ടർ പോലെ.
സാംസ്കാരിക വീക്ഷണം
പുരാതന ഭാരതീയ ജീവിതരീതിയിലും ‘നിക്സെൻ’ ആശയത്തിൻ്റെ ചില അടരുകൾ ഉണ്ടായിരുന്നു എന്നതാണ് കൗതുകകരം.
ഭഗവദ്ഗീതയിലെ ‘നിഷ്കാമ കർമ്മം’ – ഫലത്തിൽ ആശങ്കയില്ലാതെ കർമ്മം ചെയ്യുക എന്ന ആശയത്തിലും ഇതേ സത്തയുണ്ട്.
യോഗ പാരമ്പര്യത്തിലെ ‘മൗനം’ (Mauna), ‘സാക്ഷി ഭാവം’ (Sakshi Bhava – സാക്ഷിയായി നിലകൊള്ളുക) എന്ന ആശയങ്ങളും ഇതുതന്നെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഡച്ചുകാർ ഇതിന് ആധുനിക നാമം നൽകിയെങ്കിലും അർത്ഥവത്തായ ഇത്തരം ചെറുവിരാമങ്ങളുടെ മൂല്യം ഭാരതം പണ്ടേ തിരിച്ചറിഞ്ഞിരുന്നു.
തിരക്ക് എന്ന ആധുനിക മഹാമാരി
നമ്മളിന്ന് ‘തിരക്ക്’ ഒരു വലിയ നേട്ടമായി കൊണ്ടുനടക്കുകയാണ്.
“എന്തുണ്ട് വിശേഷം?” എന്ന് ഒരാളോട് ചോദിച്ചാൽ, മിക്കവാറും ഉത്തരം “തിരക്കിലാണ്!” എന്നായിരിക്കും. ഒഴിവ് സമയം കിട്ടുന്നത് ഒരു പരാജയമാണെന്ന മട്ടിലാണ് പലരും കരുതുന്നത്.
എങ്കിലും ജേണൽ ഓഫ് ഹാപ്പിനസ് സ്റ്റഡീസ് (Journal of Happiness Studies) പ്രസിദ്ധീകരിച്ച ഗവേഷണങ്ങൾ പറയുന്നത്, ദിവസത്തിൽ പത്ത് മിനിറ്റെങ്കിലും കൃത്യമായ ലക്ഷ്യമില്ലാത്ത ഒഴിവ് സമയം കണ്ടെത്തുന്നവർ, ജീവിതത്തിൽ കൂടുതൽ സംതൃപ്തിയും വൈകാരിക സന്തുലിതാവസ്ഥയും അനുഭവിക്കുന്നു എന്നാണ്.
കാരണം, നമ്മൾ എന്തെങ്കിലും ചെയ്യുന്നത് നിർത്തുമ്പോൾ, യഥാർത്ഥത്തിലുള്ള നമ്മളായിത്തീരാൻ തുടങ്ങുന്നു.
ഇക്കാര്യവും ഓർമ്മ വേണേ
കാര്യക്ഷമത കൂട്ടാനുള്ള എന്തെങ്കിലും മാർഗ്ഗങ്ങളാകില്ല ഒരുപക്ഷേ നിങ്ങൾക്ക് വേണ്ടത്.
ജനലിനരികിലെ ഇരിപ്പിടം, ചാറ്റൽ മഴ, പോക്കുവെയിൽ വരയ്ക്കുന്ന നിഴൽ ചിത്രങ്ങൾ, ആരെയും കാണാതെ, ഒന്നും ചിന്തിക്കാതെ, ഒന്നും പറയാതെ അൽപ്പനേരത്തെ നിശ്ചലത- അതാകും ചിലപ്പോൾ മനസ്സിനെ ശാന്തമാക്കുന്നത്.
ഉച്ചനേരത്ത് ഇലകൾക്കിടയിലൂടെ അരിച്ചെത്തുന്ന വെയിലും നോക്കി അലസമായിരുന്നപ്പോൾ മീര മനസ്സിലാക്കിയതുപോലെ, വെറുതെയിരിക്കുന്നതിൻ്റെ കല സമയം പാഴാക്കലല്ല – അത് നിങ്ങളിലേക്കു തന്നെയുള്ള പിൻനടത്തമാണ്.




