മസ്തിഷ്ക്കത്തിന് പ്രായമേറുമ്പോൾ:തലച്ചോറിലെ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം

മസ്തിഷ്ക്കത്തിന് പ്രായമേറുമ്പോൾ:തലച്ചോറിലെ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാം

കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന ചിലർ, ‘കണ്ടിട്ട് മനസ്സിലാകുന്നില്ലല്ലോ’, ‘വല്ലാതെ വയസ്സായപോലെ’ ആയല്ലോ, ‘എന്താണിങ്ങനെ മാറാൻ’ തുടങ്ങി നിരവധി കമൻ്റുകൾ നടത്തും. കണ്ണാടി നോക്കുമ്പോഴും പണ്ടത്തേതിൽ നിന്ന് മുഖത്തിന് വന്ന വ്യത്യാസങ്ങൾ പ്രകടമാകും. ചർമ്മം മങ്ങിപ്പോയിരിക്കുന്നു, തലമുടിയിൽ നര പടർന്നിരിക്കുന്നു, മുഖത്തെ പ്രസന്നത പൊയ്പ്പോയിരിക്കുന്നു എന്നെല്ലാം സങ്കടപ്പെടുന്നവരും നമുക്കിടയിലുണ്ട്. 

നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത തരം മാറ്റങ്ങളെക്കുറിച്ച് നമ്മൾ പൊതുവെ ചിന്തിക്കാറില്ല. പക്ഷെ അത്തരത്തിലുള്ള പല മാറ്റങ്ങളിലൂടെയും നമ്മൾ അറിയാതെ കടന്നുപോകുന്നുണ്ട് എന്നതാണ് വാസ്തവം.

മനുഷ്യമസ്തിഷ്ക്കമെന്ന, മൂന്ന് പൗണ്ട് മാത്രം ഭാരമുള്ള, പ്രപഞ്ചത്തിലെ മാസ്റ്റർപീസ് സൃഷ്ടിയും കാലം മാറുന്നതിനനുസരിച്ച് വാർദ്ധക്യത്തിലേക്കെത്തുന്നുണ്ട്. മുട്ടുവേദനയായും നരച്ച മുടിയായും ചർമ്മത്തിലെ ചുളിവുകളായുമൊന്നും അത് പ്രകടമാകുന്നില്ല എന്നുമാത്രം. 

നമ്മൾ ചിന്തിക്കുന്ന, മനസ്സിലാക്കുന്ന, ഓർമ്മിക്കുന്ന, എന്തിന്, സ്വയം തിരിച്ചറിയുന്ന രീതികളിൽ വരുന്ന പരിവർത്തനങ്ങളിലൂടെയാണ് തലച്ചോറിൻ്റെ പ്രായമേറൽ നമുക്ക് ബോധ്യമാകുക.

മസ്തിഷ്കത്തിന് പ്രായമാകുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്നും നാശത്തിനും നിരാശയ്ക്കുമപ്പുറം, ശാസ്ത്രത്തിൻ്റെ സഹായത്തോടെ, അവബോധത്തിലൂടെ, മസ്തിഷ്ക്കത്തെ എങ്ങനെ പരിപോഷിപ്പിക്കാമെന്നും nellikka.life ൽ നമുക്ക് പരിശോധിക്കാം.

വാർദ്ധക്യത്തിന്റെ മന്ദഗതിക്കു പിന്നിലെ ശാസ്ത്രം

നിരന്തരമായി തന്നത്താൻ പുനഃക്രമീകരിച്ചുകൊണ്ടേയിരിക്കുന്ന ഒരു ചലനാത്മക ശൃംഖലയാണ് മസ്തിഷ്ക്കം. ന്യൂറോപ്ലാസ്റ്റിസിറ്റി (Neuroplasticity) എന്ന് വിശേഷിപ്പിക്കുന്ന ഈ കഴിവ് പഠിക്കാനും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും രോഗമുക്തി നേടാനും നമ്മെ സഹായിക്കുന്നു. എന്നാൽ പ്രായമാകുന്നതിനനുസരിച്ച്, ഈ താളത്തിന് മാറ്റം വരുന്നു.

നമ്മുടെ മുപ്പതുകളിലും നാൽപ്പതുകളിലും, നാഡീകോശങ്ങൾ (ന്യൂറോണുകൾ) ആശയവിനിമയം നടത്തുന്നത് കുറച്ചുകൂടി സാവധാനത്തിലാകാൻ തുടങ്ങുന്നു, അങ്ങനെ അറുപതുകളിലും എഴുപതുകളിലും എത്തുമ്പോൾ, ഗ്രേ മാറ്ററിന്റെ (വിവരങ്ങൾ വിശകലനം ചെയ്യുന്ന മസ്തിഷ്ക്ക ഭാഗം) അളവും വൈറ്റ് മാറ്ററിന്റെ (ഇത് തലച്ചോറിലെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്നു) അളവും ക്രമേണ കുറഞ്ഞുവരുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏജിങ്ങ് (National Institute on Aging – NIA) ലെ ഗവേഷകർ വിശദീകരിക്കുന്നത്, ഈ മാറ്റങ്ങൾ താഴെ പറയുന്ന കാര്യങ്ങളെ ബാധിച്ചേക്കാം എന്നാണ്:

  • വിവര വിശകലന വേഗത (Processing speed): ഒരു പേര് ഓർത്തെടുക്കാനോ ഒരു ചോദ്യത്തിന് പ്രതികരിക്കാനോ കൂടുതൽ സമയമെടുത്തേക്കാം.
  • വർക്കിംഗ് മെമ്മറി (Working memory): ഒരേ സമയം ഒന്നിലധികം ആശയങ്ങളോ ജോലികളോ കൈകാര്യം ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാകുന്നു.
  • ശ്രദ്ധ നിയന്ത്രിക്കാനുള്ള കഴിവ് (Attention control): പല കാര്യങ്ങളും മാറിമാറി ചെയ്യുകയോ ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങളെ ഒഴിവാക്കുകയോ ചെയ്യുമ്പോൾ മടുപ്പുണ്ടാകുന്നു. 
  • പുതിയ കാര്യങ്ങൾ പഠിക്കാനുള്ള കഴിവ് (Learning new things): പുതിയ വിവരങ്ങൾ സ്വായത്തമാക്കാൻ കൂടുതൽ തവണ ആവർത്തിക്കേണ്ടി വരുന്നു. 

എന്നാൽ ഇതിനർത്ഥം നമ്മുടെ തലച്ചോറ് പരാജയപ്പെടുന്നു എന്നല്ല. 

വാസ്തവത്തിൽ, വേഗതയേക്കാളും പുതുമയേക്കാളുമേറെ, ധിഷണയ്ക്കും അനുഭവജ്ഞാനത്തിനും മുൻഗണന നൽകിക്കൊണ്ട്, അത് പരിണമിച്ചുകൊണ്ടിരിക്കുകയാണ്.

‘മന്ദഗതിയിലാകുന്നു’ എന്നതിനെ ‘മോശമാകുന്നു’ എന്ന് വിവക്ഷിക്കാൻ എളുപ്പമാണ്. എന്നാൽ, നമ്മുടെ ഗ്രഹണശേഷിയുടെ പല സ്വഭാവങ്ങളും അതേപടി നിലനിൽക്കുകയോ, ചില ഘട്ടങ്ങളിൽ  മെച്ചപ്പെടുകയോ ചെയ്യുമെന്നാണ് ന്യൂറോസയന്റിസ്റ്റുകൾ വിശദീകരിക്കുന്നത്. 

പ്രായമായവരിൽ സാധാരണയായി കാണുന്ന പ്രത്യേകതകൾ:

  • കൂടുതൽ മെച്ചപ്പെട്ട പദസമ്പത്തും ഭാഷയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും.
  • ശക്തമായ വൈകാരിക നിയന്ത്രണം — പെട്ടെന്നുള്ള പ്രതികരണങ്ങൾ കുറവായിരിക്കും, കൂടുതൽ ക്ഷമയോടെയുള്ള ഇടപെടൽ ഉണ്ടാകും.
  • പതിറ്റാണ്ടുകളുടെ ജീവിതാനുഭവം കാരണം അതിസങ്കീർണ്ണമായ വസ്തുതകളെ തരം തിരിച്ചറിയാനുള്ള കഴിവ് .
  • മെച്ചപ്പെട്ട ധാർമിക,അവബോധ ചിന്താഗതി.

ചുരുക്കത്തിൽ, പ്രായമാകുന്ന മസ്തിഷ്കം ദ്രുതഗതിയിലുള്ള  പ്രതികരണങ്ങൾക്ക് പകരം ആഴത്തിലുള്ള ഉൾക്കാഴ്ചകൾക്ക് പ്രാധാന്യം നൽകുന്നു.

മറവി, വെറും മറവി മാത്രമല്ല

താക്കോൽ എവിടെ വെച്ചു എന്ന് മറക്കുക, എന്തിനാണ് ഒരു മുറിയിൽ കയറിയതെന്ന് മറക്കുക- ഇത്തരത്തിലുള്ള ചില ഓർമ്മക്കുറവുകൾ നിർദോഷകരമാണ്. എന്നാൽ, മുതിർന്നവരിൽ ഇനിപ്പറയുന്ന ചില മാറ്റങ്ങൾ കണ്ടാൽ ശ്രദ്ധ നൽകണം:

  • പരിചിതമായ വഴികളോ പേരുകളോ ആവർത്തിച്ച് മറക്കുക.
  • സംഭാഷണങ്ങൾ പിന്തുടരാനുള്ള ബുദ്ധിമുട്ട്.
  • തീരുമാനമെടുക്കുന്നതിനോ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനോ ഉള്ള ബുദ്ധിമുട്ട്.
  • മാനസികാവസ്ഥയിൽ പ്രകടമായ തരത്തിലുള്ള മാറ്റങ്ങളോ ആശയക്കുഴപ്പമോ.

ഇവ നേരിയ വൈജ്ഞാനിക തകരാറിൻ്റെയോ (Mild Cognitive Impairment – MCI) അല്ലെങ്കിൽ ഡിമെൻഷ്യയുടേയോ (Dementia) ആദ്യഘട്ട സൂചനകളാകാം.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 55 ദശലക്ഷത്തിലധികം ആളുകൾ ഡിമെൻഷ്യയോട് പൊരുതി ജീവിക്കുന്നുണ്ട് — ഈ സംഖ്യ 2050 ആകുമ്പോഴേക്കും മൂന്നിരട്ടിയാകുമെന്നാണ് കണക്കാക്കുന്നത്. നേരത്തെയുള്ള പരിശോധനകളും ജീവിതശൈലിയിലെ മാറ്റങ്ങളും രോഗപുരോഗതിയെ സാവധാനത്തിലാക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

മസ്തിഷ്കത്തിന് വയസ്സാകുന്നത് എന്തുകൊണ്ട് — ജീവിതശൈലിക്ക്  ഇതിലുള്ള പങ്കെന്ത്?

ശാസ്ത്രീയ പഠനങ്ങൾ പ്രകാരം മസ്തിഷ്കത്തിന്റെ വാർദ്ധക്യത്തിന് കാരണമാകുന്ന ചില ഘടകങ്ങൾ :

  • രക്തയോട്ടം കുറയുന്നത് (Reduced blood flow): ഇത് ഓക്സിജന്റെയും പോഷകങ്ങളുടെയും അളവ് മസ്തിഷ്ക കോശങ്ങളിലേക്ക് എത്തുന്നത് പരിമിതപ്പെടുത്തുന്നു.
  • ഓക്സിഡേറ്റീവ് സമ്മർദ്ദം (Oxidative stress): ഫ്രീ റാഡിക്കലുകൾ കാലക്രമേണ നാഡീകോശങ്ങളെ (ന്യൂറോണുകളെ) നശിപ്പിക്കുന്നു.
  • വീക്കം (Inflammation): വിട്ടുമാറാത്ത ചെറിയ വീക്കം (Chronic low-grade inflammation) തലച്ചോറിന്റെ ക്ഷയം വേഗത്തിലാക്കുന്നു.
  • മെറ്റബോളിക് മാറ്റങ്ങൾ (Metabolic changes): പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം എന്നിവയെല്ലാം തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.
  • സാമൂഹിക ഒറ്റപ്പെടലും സമ്മർദ്ദവും (Social isolation and stress): ഇത് തലച്ചോറിന് ആവശ്യമായ ഉത്തേജനവും വൈകാരിക സന്തുലിതാവസ്ഥയും ഇല്ലാതാക്കുന്നു.

എന്നാൽ, ഇതിനൊപ്പം തന്നെ ശക്തമായ സംരക്ഷിത ഘടകങ്ങളും ഉണ്ട്:

  • സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ രക്തയോട്ടം മെച്ചപ്പെടുത്തുകയും പുതിയ ന്യൂറോണുകളുടെ നിർമ്മാണത്തെ (Neurogenesis) പിന്തുണയ്ക്കുകയും ചെയ്യുന്നു.
  • സാമൂഹിക ഇടപെടൽ വൈകാരിക സർക്യൂട്ടുകളെ സജീവമായി നിലനിർത്തുന്നു.
  • മാനസിക ഉത്തേജനം — വായന, സംഗീതം, പസിലുകൾ, പുതിയ കാര്യങ്ങൾ പഠിക്കുന്നത്  — ഇവയെല്ലാം വൈജ്ഞാനിക ശേഷിയെ സംരക്ഷിക്കുന്നു.
  • ഒമേഗ-3, പഴങ്ങൾ, ഇലക്കറികൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണരീതി മസ്തിഷ്ക ഘടനയെ പരിപോഷിപ്പിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ ദൈനംദിന ചര്യകളാണ് തലച്ചോറിന് യുവത്വം നൽകുന്നത്. 

പ്രായമാകുന്ന മനസ്സിന്റെ വൈകാരിക വശം

നാഡീകോശങ്ങൾക്കും സിനാപ്‌സുകൾക്കും അപ്പുറം സൂക്ഷ്മമായ മറ്റൊന്നിനെക്കുറിച്ചുകൂടി എടുത്തുപറയേണ്ടതുണ്ട്. അതാണ്  വാർദ്ധക്യത്തിന്റെ മനഃശാസ്ത്രം.

പ്രായമായവർ അവരുടെ മനസ്സിനെ പലപ്പോഴും ‘വേഗത കുറഞ്ഞതെങ്കിലും അനുഭവസമ്പത്തുള്ളത് ‘ എന്ന് വിശേഷിപ്പിക്കാറുണ്ട്. വളരെപ്പെട്ടെന്ന് കാര്യങ്ങൾ ചെയ്തുതീർക്കുന്നതിൽ നിന്നുമാറി, ആ കാര്യങ്ങളുടെ  അർത്ഥം കണ്ടെത്തുന്നതിലേക്കുള്ള മാറ്റമാണത്.

എങ്കിലും, ചിലർക്ക്, ഓർമ്മശക്തി കുറയുന്നത്, ഉത്കണ്ഠയ്ക്കും നിരാശയ്ക്കും കാരണമായേക്കാം. 

യുവത്വത്തെയും വേഗതയെയും ആഘോഷിക്കുന്ന ഈ ലോകത്ത്, തലച്ചോറിന്റെ വേഗത കുറയുന്നത് പരാജയമായി നമുക്ക് തോന്നിയേക്കാം. എന്നിരുന്നാലും, മസ്തിഷ്ക്കത്തിൻ്റെ നാശമല്ല, പുനഃക്രമീകരണമാണ്  സംഭവിക്കുന്നത് എന്ന രീതിയിൽ ഇതിനെ കാണണമെന്നാണ് ന്യൂറോസയന്റിസ്റ്റുകൾ നിർദ്ദേശിക്കുന്നത്.  

അനുഭവങ്ങൾ കൊണ്ട് കരുത്തുറ്റ, പ്രായമായ മസ്തിഷ്കം, കൂടുതൽ മികച്ച രീതിയിൽ കാര്യങ്ങളെ തിരിച്ചറിയാനും പ്രാധാന്യമുള്ളവ തെരഞ്ഞെടുക്കാനും കാര്യക്ഷമത നേടുന്നു. 

മനസ്സിൻ്റെ ചെറുപ്പം കാക്കാം, ഏത് പ്രായത്തിലും

സമയത്തെ തടഞ്ഞുനിർത്താൻ ആർക്കും കഴിയില്ല, പക്ഷേ മനസ്സിൽ സമയം ചെലുത്തുന്ന സ്വാധീനം കുറയ്ക്കാൻ കഴിയും. അതിനുള്ള വഴികൾ ഇതാ:

1.എന്നും സജീവമാകുക: വേഗത്തിൽ അൽപ്പനേരം നടക്കുന്നത് പോലും തലച്ചോറിലേക്കുള്ള രക്തയോട്ടവും ഓക്സിജൻ വിതരണവും മെച്ചപ്പെടുത്തുന്നു.

2.നന്നായി ഉറങ്ങുക: ഉറങ്ങുമ്പോൾ, മസ്തിഷ്ക്കം അൽസ്ഹൈമേഴ്‌സുമായി ബന്ധപ്പെട്ട മാലിന്യ പ്രോട്ടീനുകളെ നീക്കം ചെയ്യുന്നു.

3.നാഡീകോശങ്ങൾക്ക് വേണ്ടിയും ഭക്ഷണം കഴിക്കുക: സസ്യങ്ങളിൽ നിന്നുള്ള ഭക്ഷണം, നട്‌സ്, മത്സ്യം, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ മെഡിറ്ററേനിയൻ അല്ലെങ്കിൽ പരമ്പരാഗത ഇന്ത്യൻ ഭക്ഷണരീതി മികച്ചതാണ്.

4.ജിജ്ഞാസ കൈവിടാതിരിക്കുക: സംഗീതോപകരണം,  പുതിയ പാചകക്കുറിപ്പ്, അല്ലെങ്കിൽ പുതിയ ഭാഷ- ഇത്തരത്തിൽ താൽപ്പര്യമുള്ള കാര്യങ്ങൾ പഠിക്കുന്നത് മസ്തിഷ്ക്കത്തിന് കരുത്തേകും.

5.ബന്ധങ്ങളും വൈകാരികതയും: സ്പർശം, സംഭാഷണം, ചിരി എന്നിവയെല്ലാം മികച്ച വൈകാരിക ഔഷധങ്ങളാണ്.

6.പതിവായി ധ്യാനിക്കുക: മൈൻഡ്ഫുൾനെസ് (Mindfulness) ഏകാഗ്രത മെച്ചപ്പെടുത്തുകയും നാഡീബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

7. ഇന്ദ്രിയങ്ങളെ സംരക്ഷിക്കുക: കേൾവിക്കുറവും കാഴ്ചക്കുറവും വൈജ്ഞാനിക ക്ഷയം വേഗത്തിലാക്കും. അതിനാൽ സ്ഥിരമായി പരിശോധനകൾ നടത്തുക.

ചെറുപ്പകാലത്ത് മസ്തിഷ്കം ഒരു പടക്കം പോലെയാണ്; പ്രായമായ മസ്തിഷ്കം സാവധാനം ജ്വലിക്കുന്ന വിളക്ക് പോലെയും — സ്ഥായിയായി, ഊഷ്മളമായി, കൂടുതൽ പ്രകാശപൂരിതമായി ജ്വലിക്കുന്ന വിളക്ക്.

റൂമി പറഞ്ഞതുപോലെ:

“നിങ്ങൾ എത്രത്തോളം നിശബ്ദനാകുന്നുവോ, അത്രയധികം നിങ്ങൾക്ക് കേൾക്കാനും കഴിയും.”

പ്രായമേറുന്ന മസ്തിഷ്കത്തിന് അതിന്റെ ശബ്ദം നഷ്ടപ്പെടുന്നില്ല. അത് കൂടുതൽ ആഴത്തിൽ, ബോധപൂർവ്വം, പരിപൂർണ്ണമായി കേൾക്കാൻ പഠിക്കുകയാണ്.

References

  1. National Institute on Aging (NIA). How the Aging Brain Affects Thinking.
  2. Cognitive changes with aging.
  3. World Health Organization. Dementia: Key Facts.
  4. Alzheimer’s Association. 2024 Alzheimer’s Disease Facts and Figures.
  5. Frontiers in Aging Neuroscience. Normal cognitive aging: mechanisms, modifiers, and management.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe