അസംബന്ധ വാക്കുകളുടെ കാലം: ആധുനിക ലോകത്തെ സംസാരത്തിൽ നിറയുന്ന അർത്ഥശൂന്യത

വാക്കുകൾ നിരർത്ഥകമാകുമ്പോൾ
ഉള്ളടക്കത്തിൽ ഉപദേശം നിറച്ച്, പ്രചോദനം തുളുമ്പുന്ന പ്രസംഗങ്ങൾ നടത്തി, ലോകത്തേക്കും മികച്ചതെന്ന വീമ്പുകൾ പരസ്യതന്ത്രങ്ങളുടെ തിളക്കമുള്ള പദപ്രയോഗങ്ങൾ കൊണ്ടുപൊതിഞ്ഞ്, പൊള്ളയായ വാഗ്ദാനങ്ങൾ വാരിവിതറി- അങ്ങനെ വാചകങ്ങളുടെ പ്രളയമാണ് നമുക്കുചുറ്റും.
എന്നിട്ടും, ഈ പ്രളയത്തിന് നടുവിൽക്കഴിയുമ്പോഴും എന്തോ ഒരു വല്ലാത്ത ശൂന്യത. അല്ലേ?
സത്യം നേർത്തു നേർത്തു ദുർബലമാകുന്നു. ആത്മാർത്ഥതയുടെ ശോഭ കെടുന്നു. ബാക്കിയാകുന്നത് പലപ്പോഴും അർത്ഥരഹിതമായ വെറും വാക്കുകൾ മാത്രം.
തത്വചിന്തകനായ ഹാരി ഫ്രാങ്ക്ഫർട്ട്, തന്റെ പ്രശസ്തമായ ‘ഓൺ ബുൾഷിറ്റ്’ (On Bullshit – 1986) എന്ന ലേഖനത്തിൽ, ഈ അവസ്ഥയെ മനോഹരമായി നിർവചിക്കുന്നുണ്ട്. യാഥാർത്ഥ്യത്തോടു പ്രതിബദ്ധതയില്ലാത്ത, എന്നാൽ, കേൾക്കുന്നവരിൽ സ്വാധീനം ചെലുത്താൻ ലക്ഷ്യമാക്കിയുള്ള സംസാരമാണ് ബുൾഷിറ്റ്. കള്ളം പറയുന്നയാൾ സത്യത്തെക്കുറിച്ച് ബോധവാനായിരിക്കുകയും അതേസമയം അത് ഒളിച്ചുവെയ്ക്കുകയും ചെയ്യുമ്പോൾ, അർത്ഥശൂന്യമായ വാക്കുകൾ പറയുന്നയാൾ (Bullshitter) താൻ പറയുന്ന കാര്യങ്ങൾ സത്യമാണോ അല്ലയോ എന്നതിന് വിലകൽപ്പിക്കുന്നേയില്ല.
അതാണ് ഇത്തരം വാക്കുകളെ അപകടകരമാക്കുന്നത്. അത് ശൂന്യമാണെങ്കിൽ പോലും, കേൾക്കുമ്പോൾ വലിയ വിശ്വാസം തോന്നുന്നു.
നിരർത്ഥക വാക്കുകളെ നിർവചിക്കുമ്പോൾ
ബുൾഷിറ്റ് (Bullshit) എന്നത് കേവലം മോശം വാക്ക് മാത്രമല്ല.
ഉള്ളടക്കത്തേക്കാൾ പ്രകടനത്തിന് പ്രാധാന്യം നൽകുന്ന എല്ലാ മേഖലകളിലും വികസിച്ചുവരുന്ന ഒരു സാമൂഹിക പ്രതിഭാസമാണിത് — രാഷ്ട്രീയം, പരസ്യം, സോഷ്യൽ മീഡിയ അങ്ങനെയങ്ങനെ.
ലളിതമായി പറഞ്ഞാൽ:
- ഒരു നുണ സത്യത്തെ മറച്ചുപിടിക്കുന്നു.
- നിരർത്ഥക വാക്കുകൾ സത്യത്തെ അവഗണിക്കുന്നു.
കേട്ടിരിക്കുമ്പോൾ ആഴമുള്ളതാണെന്ന് തോന്നുമെങ്കിലും, ഉള്ളു നഷ്ടപ്പെട്ട ഉള്ളടക്കം മാത്രമാണത്.
വിവരങ്ങൾ പങ്കുവെയ്ക്കുന്നതിന് പകരം, വിവരം ഉള്ളതായി അഭിനയിക്കാൻ നടത്തുന്ന കസർത്തു മാത്രമായി അത് ചുരുങ്ങിപ്പോകുന്നു.
ഉദാഹരണത്തിന്: “ക്വാണ്ടം ഹീലിംഗ്” വഴി ഉത്കണ്ഠ മാറ്റാമെന്ന് പറയുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറോ, അല്ലെങ്കിൽ ഒരു അർത്ഥവുമില്ലാതെ “സിനർജിസ്റ്റിക് മൂല്യ സൃഷ്ടി” എന്ന് വിശേഷിപ്പിക്കുന്ന എക്സിക്യൂട്ടീവോ പറയുന്നതെല്ലാം ഇത്തരം വാക്കുകളാണ്.
അജ്ഞതയ്ക്കും ആത്മവിശ്വാസത്തിനും ഇടയിലുള്ള ശൂന്യമായ ഇടത്തെ, ഇത്തരം വാക്കുകൾ (Bullshit) നിറയ്ക്കുന്നു — ആധുനിക ലോകം അതിന് പ്രതിഫലം നൽകുകയും ചെയ്യുന്നു.
ഇത്തരം വാക്കുകൾക്ക് പിന്നിലെ മനഃശാസ്ത്രം
ആത്മവിശ്വാസമുള്ളവരെ വിശ്വസിക്കാൻ എല്ലാക്കാലത്തും മനുഷ്യന് പ്രേരണയുണ്ട് .
വാട്ടർലൂ യൂണിവേഴ്‌സിറ്റിയിലെ (University of Waterloo – 2015) ഗവേഷണങ്ങൾ “വ്യാജ ഗഹന വാക്കുകൾ” (pseudo-profound bullshit) എന്നൊരു പദം കൊണ്ടുവന്നു — അതായത്, കേൾക്കുമ്പോൾ വളരെ അഗാധമെന്ന് തോന്നാമെങ്കിലും യഥാർത്ഥത്തിൽ അർത്ഥമില്ലാത്ത പ്രസ്താവനകൾ. (“മറഞ്ഞിരിക്കുന്ന അർത്ഥതലങ്ങൾ, സമാനതകളില്ലാത്ത അമൂർത്ത സൗന്ദര്യമായി രൂപാന്തരപ്പെടുന്നു”).
ഈ പഠനത്തിൽ, അത്തരം പ്രസ്താവനകൾ ഗഹനമാണെന്ന് കണ്ടെത്തിയ വ്യക്തികൾക്ക് താഴെ പറയുന്ന സ്വഭാവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്:
- വിശകലന ശേഷി കുറഞ്ഞ ചിന്താരീതികൾ ഉണ്ടാകുക
- ഗൂഢാലോചനാ സിദ്ധാന്തങ്ങളിലും (conspiracy theories) കപടശാസ്ത്രങ്ങളിലും (pseudoscience) വിശ്വസിക്കുക
- സങ്കീർണ്ണമായ വിഷയങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണയെ അമിതമായി വിലയിരുത്തുക
നമ്മൾ മനസ്സിലാക്കേണ്ടത്
കേൾക്കുമ്പോൾ, അത് ശരിയാണെന്ന് നമുക്ക് തോന്നുന്നത് കൊണ്ടാണ് ഇത്തരം നിരർത്ഥക സംസാരം നിലനിൽക്കുന്നത്. അത് യുക്തിയെക്കാൾ ഉപരിയായി വികാരത്തെ പ്രീണിപ്പിക്കുന്നു. ഇത് വിമർശനാത്മക ചിന്തയെ മറികടന്ന് സത്യത്തിന്റെ രൂപത്തെ അനുകരിക്കുന്നു.
ആധുനിക യുഗത്തിലെ വളർച്ചയ്ക്ക് കാരണം?
ഇന്നത്തെ ലോകത്ത് കാമ്പില്ലാത്ത വാക്കുകൾ വേരുറപ്പിക്കാൻ നിരവധി കാരണങ്ങളുണ്ട്:
1.സോഷ്യൽ മീഡിയയുടെ സ്വാധീനം:
കൃത്യതയേക്കാൾ കൂടുതൽ ഇടപഴകലിനാണ് (engagement) പ്ലാറ്റ്‌ഫോമുകൾ പ്രതിഫലം നൽകുന്നത്. വൈറലാകുന്ന ഒരു “വസ്തുത” വിരസമായ സത്യത്തേക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കും.
നമ്മുടെ വിശ്വാസങ്ങളെ സ്ഥിരീകരിക്കുന്ന വൈകാരിക ഉള്ളടക്കമാണ് അൽഗോരിതങ്ങൾ നമുക്ക് നൽകുന്നത്. ഇത് ഈ വാക്കുകൾക്ക് മികച്ച വളമാകുന്നു.
2.വിവരങ്ങളുടെ അതിപ്രളയം:
വിവരങ്ങളുടെ നടുക്കടലിൽ, ആളുകൾ ലാളിത്യം തേടുന്നു. സങ്കീർണ്ണമായ സൂക്ഷ്മതയെക്കാൾ ആത്മവിശ്വാസം സ്ഫുരിക്കുന്ന അസംബന്ധങ്ങൾ സുരക്ഷിതമായി തോന്നുന്നു.
3.കോർപ്പറേറ്റ്, രാഷ്ട്രീയ തന്ത്രങ്ങൾ:
സൗകര്യപ്രദമല്ലാത്ത യാഥാർത്ഥ്യങ്ങളെ മറച്ചുവെയ്ക്കാൻ അർത്ഥമില്ലാത്ത പദങ്ങൾ ഉപയോഗിക്കുന്നു — പിരിച്ചുവിടലിന് പകരം “പുനഃക്രമീകരണം” (restructuring), സാധാരണക്കാരുടെ മരണത്തിന് പകരം “അനുബന്ധ നാശനഷ്ടം” (collateral damage) എന്നിങ്ങനെ.
4.സ്വയം മുദ്രണ സംസ്കാരം:
“വിവരമുള്ളവരായി,” “പോസിറ്റീവായി,” അല്ലെങ്കിൽ “വിജയിച്ചവരായി” കാണപ്പെടാനുള്ള സമ്മർദ്ദം മൂലം, ആളുകൾ അവർക്ക് വ്യക്തമായി മനസ്സിലാകാത്ത ആശയങ്ങൾ പോലും ഏറ്റുപറയാൻ പ്രേരിപ്പിക്കപ്പെടുന്നു.
5.ശ്രദ്ധാ സമ്പദ്‌വ്യവസ്ഥ:
ക്ലിക്കുകൾക്കും വിശ്വാസ്യതയ്ക്കും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ, ബുദ്ധിയുള്ളതായി തോന്നുന്നവർ പലപ്പോഴും സത്യം പറയുന്നവരെ പരാജയപ്പെടുത്തുന്നു.
ശുഭാപ്തിവിശ്വാസവും നിരർത്ഥക പദങ്ങളും തമ്മിലുള്ള വ്യത്യാസം
അർത്ഥശൂന്യമായ വാക്കുകൾ പലപ്പോഴും പോസിറ്റിവിറ്റിയുടെ മുഖംമൂടി അണിയും.
ശുഭാപ്തിവിശ്വാസം നിറയ്ക്കുന്ന എല്ലാ സന്ദേശങ്ങളും തെറ്റാണെന്നല്ല. പക്ഷെ പോസിറ്റിവിറ്റി സങ്കീർണ്ണമായ സത്യങ്ങളെ നിഷേധിക്കുമ്പോൾ, അത് ദോഷകരമായി മാറുന്നു.
ഉദാഹരണത്തിന്:
- “എല്ലാ കാര്യങ്ങൾക്കും ഒരു കാരണമുണ്ട്” എന്നത് കേൾക്കുമ്പോൾ ആശ്വാസകരമായിരിക്കാം, എന്നാൽ ഇത് യഥാർത്ഥ വേദനകളെ കണക്കാക്കുന്നില്ല.
- “പോസിറ്റീവായി ചിന്തിച്ചാൽ മതി” എന്ന വാക്കുകൾ കേൾക്കാൻ സുഖകരമാണെങ്കിലും, വിഷാദം അല്ലെങ്കിൽ ആഘാതം പോലുള്ള യഥാർത്ഥ പ്രശ്നങ്ങളെ തള്ളിക്കളയാൻ അത് കാരണമാകും.
യഥാർത്ഥ ജ്ഞാനം വെളിച്ചത്തെയും നിഴലിനെയും അംഗീകരിക്കുന്നു. നിരർത്ഥക പദപ്രയോഗങ്ങളാകട്ടെ, വെളിച്ചത്തെ മാത്രം കാണിക്കുകയും സത്യത്തെ ഒളിച്ചുവെയ്ക്കുകയും ചെയ്യുന്നു.
ദൈനംദിന ജീവിതത്തിൽ ഇത്തരം വാക്കുകൾ എങ്ങനെ തിരിച്ചറിയാം
സ്വയം ചോദിക്കുക:
- ഈ പ്രസ്താവന കേൾക്കുമ്പോൾ ഗഹനമായി തോന്നാമെങ്കിലും യഥാർത്ഥത്തിൽ ഇതിന് അർത്ഥമുണ്ടോ?
- ഇത് പരീക്ഷിക്കാനോ, സ്ഥിരീകരിക്കാനോ, അല്ലെങ്കിൽ തെറ്റാണെന്ന് തെളിയിക്കാനോ കഴിയുമോ?
- ഇത് കേൾക്കുന്നവരെ വൈകാരികമായി സ്വാധീനിക്കാൻ വേണ്ടിയാണോ?
- സംസാരിക്കുന്നയാൾ കാര്യങ്ങൾ ശരിയായി പറയുന്നതിനേക്കാൾ അത് നേരാണെന്ന് തോന്നിപ്പിക്കാനാണോ കൂടുതൽ ശ്രമിക്കുന്നത്?
അർത്ഥശൂന്യമായ വാക്കുകൾ പലപ്പോഴും വ്യക്തതയില്ലാത്ത സങ്കീർണ്ണമായ പദങ്ങളേയും അഭിനയത്തെയും ആശ്രയിക്കുന്നു.
ആരോഗ്യ സംബന്ധിയായ താൽക്കാലിക ട്രെൻഡുകൾ, രാഷ്ട്രീയ പ്രസംഗങ്ങൾ, പുതിയ കമ്പനികളുടെ പരസ്യങ്ങൾ, സാധാരണ സംഭാഷണങ്ങൾ എന്നിവയിലെല്ലാം പൊതുവെ ഇത് കേൾക്കാനാകും. മറ്റുള്ളവരെ ആകർഷിക്കാൻ വേണ്ടി ആളുകൾ സംസാരിക്കുന്നിടത്തെല്ലാം ഇത് കാണാനുമാകും.
നിരർത്ഥക പദസംസ്കാരത്തെ എങ്ങനെ ചെറുക്കാം
1.അനിശ്ചിതത്വം അംഗീകരിക്കുക:
എല്ലാ കാര്യങ്ങളിലും നമ്മുടേതു മാത്രമായ ഒരഭിപ്രായം ഉണ്ടാകണമെന്നില്ല. വിനയമാണ് ഇത്തരം വാക്കുകൾക്കുള്ള മറുമരുന്ന്.
2.സാവധാനം ചിന്തിക്കുക :
ഒരു കാര്യം പങ്കുവെയ്ക്കുന്നതിനോ അംഗീകരിക്കുന്നതിനോ മുമ്പ് ഒന്നിരുത്തി ആലോചിക്കുക. ഇത് വാസ്തവത്തിൽ യുക്തിസഹമാണോ, അതോ കേൾക്കാൻ മാത്രം സുഖകരമായി തോന്നുന്നതാണോ എന്ന്.
3.ബുദ്ധിയേക്കാൾ വ്യക്തതയ്ക്ക് പ്രാധാന്യം നൽകുക:
സങ്കീർണ്ണമായ കാര്യങ്ങൾ ലളിതമായി വിശദീകരിക്കുന്നതിലാണ് യഥാർത്ഥ ബുദ്ധി. അല്ലാതെ നേരെ മറിച്ചല്ല.
4.വിനയപൂർവ്വം ചോദ്യം ചെയ്യുക:
“അങ്ങനെ പറയുന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?” എന്ന് ചോദിക്കുക — ഇത് അവ്യക്തമായ ഭാഷയെ ആക്രമണോത്സുകതയില്ലാതെ നിർവീര്യമാക്കും.
5.സംശയം വേണ്ട, ആകാംക്ഷ മതി:
ആശയങ്ങളിൽ വിശ്വസിക്കുന്നത് നിർത്തരുത് — പക്ഷേ അതിന്റെ ഉള്ളടക്കത്തെ ചോദ്യം ചെയ്യാൻ പഠിക്കുക.
നിർമ്മിത ബുദ്ധിയുടെ യുഗത്തിലെ നിരർത്ഥക പദങ്ങൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഇപ്പോൾ യഥാർത്ഥവും വ്യാജവുമായ ടെക്സ്റ്റ്, ചിത്രങ്ങൾ, വാർത്തകൾ എന്നിവയെല്ലാം സൃഷ്ടിക്കാൻ കഴിയും.
യന്ത്രങ്ങൾ മനുഷ്യന്റെ ബുദ്ധിയെ അനുകരിക്കാൻ പഠിക്കുമ്പോൾ, യഥാർത്ഥ ഉൾക്കാഴ്ചയും പൊലിപ്പിച്ചെടുത്ത അസംബന്ധവും തമ്മിലുള്ള അതിർവരമ്പ് നേർത്തുവരുന്നു.
എ ഐയ്ക്ക് ഇത്തരം നിരർത്ഥക വാക്കുകളെ വർദ്ധിപ്പിക്കാനാകും. എന്നാൽ ധാർമ്മികതയോടെ ഉപയോഗിച്ചാൽ അത് തിരിച്ചറിയാനും സഹായിക്കും.
ആത്യന്തികമായി വിവേചിച്ചറിയാനും ചോദ്യം ചെയ്യാനും യാഥാർത്ഥ്യത്തിൽ കേന്ദ്രീകരിക്കാനുമുള്ള ഉത്തരവാദിത്തം മനുഷ്യരിൽ തന്നെ തുടരുന്നു എന്നർത്ഥം.
സാർത്ഥകത തേടുന്ന മനുഷ്യമനസ്സ്
സങ്കീർണ്ണമായ ലോകത്ത് മനുഷ്യർ അർത്ഥത്തിനുവേണ്ടി കൊതിക്കുന്നത് കൊണ്ടാണ് ഇത്തരം വാക്കുകൾ വളരുന്നത്.
യാഥാർത്ഥ്യം കുഴപ്പങ്ങൾ നിറഞ്ഞതായി തോന്നുമ്പോൾ, നിരർത്ഥക പദങ്ങൾ സ്ഥിരത നൽകുന്നു. വാക്കുകൾ കൊണ്ട് നിർമ്മിച്ച ആശ്വാസത്തിൻ്റെ ആവരണം മാത്രമാണത്.
ചിന്തയിലൂടെയും സംശയത്തിലൂടെയും വിനയത്തിലൂടെയുമാണ് യഥാർത്ഥ അർത്ഥം ഉൾക്കൊള്ളാനാകുന്നത്.
ഫ്രാങ്ക്ഫർട്ട് എഴുതിയതുപോലെ: “അർത്ഥശൂന്യമായ വാക്കുകൾ പറയുന്നയാൾ കാര്യങ്ങൾ കെട്ടിച്ചമയ്ക്കുകയാണ്. അതാണ് അവന്റെ പ്രവൃത്തിയെ അപകടകരമാക്കുന്നതും. ശ്രദ്ധിക്കുന്നതായി നടിക്കുമ്പോൾ തന്നെ അവൻ യാഥാർത്ഥ്യത്തെ തെറ്റായി അവതരിപ്പിക്കുന്നു.”
നമുക്ക് ഒരു കാര്യത്തെക്കുറിച്ച് അറിയില്ലെങ്കിൽ, അതങ്ങനെത്തന്നെ പറയുന്നതാണ് ആത്മാർത്ഥത.
ആരവങ്ങളേക്കാൾ ആഴത്തെയും സ്വാധീനത്തേക്കാൾ സത്യസന്ധതയെയും തെരഞ്ഞെടുക്കുന്നതാണ് ആത്മാർത്ഥത.
ചുറ്റുമുള്ളവർ ഇടമുറിയാതെ സംസാരിച്ചുകൊണ്ടേയിരിക്കുന്ന വർത്തമാനകാലത്ത്, ചിന്തിച്ച ശേഷം മാത്രം സംസാരിക്കുന്നവരാകും യാഥാർത്ഥ്യം തുറന്നു പറയുന്നവർ.
References
- Frankfurt, H. (1986). On Bullshit. Princeton University Press.
- Pennycook, G., et al. (2015). On the Reception and Detection of Pseudo-Profound Bullshit. Judgment and Decision Making Journal.
- Postman, N. (1985). Amusing Ourselves to Death. Penguin Books.
- Oxford Internet Institute (2023). The Economy of Misinformation.




