ടെറ്റനസ് എന്ന നിശബ്ദ കൊലയാളി: പ്രതിരോധിച്ച് സുരക്ഷിതരാകാം

ടെറ്റനസ് എന്ന നിശബ്ദ കൊലയാളി: പ്രതിരോധിച്ച് സുരക്ഷിതരാകാം

രോഗത്തെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും അറിയേണ്ടതെല്ലാം

ഒരു ചെറിയ മുറിവ്, ഒരു പോറൽ, അല്ലെങ്കിൽ സേഫ്റ്റി പിൻ കൊണ്ടോ മറ്റോ ചർമ്മത്തിലുണ്ടാകുന്ന ശ്രദ്ധിക്കപ്പെടാത്ത തരം മുറിവ് – ടെറ്റനസ് എന്ന മാരക രോഗം നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ ഇതിലൊരൊറ്റക്കാരണം തന്നെ ധാരാളം.

“ലോക്ജോ” (Lockjaw) എന്ന പേരിൽ സാധാരണയായി അറിയപ്പെടുന്ന ടെറ്റനസ്, മനുഷ്യരെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ ബാക്ടീരിയൽ അണുബാധകളിൽ ഒന്നാണ്. വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും വാക്സിനേഷനും മുറിവുപറ്റിയാൽ ശുചിത്വമുള്ള പരിചരണവും അവഗണിക്കപ്പെടുന്ന പ്രദേശങ്ങളിൽ, ഈ നിശബ്ദ കൊലയാളി എല്ലാ വർഷവും ജീവൻ അപഹരിച്ചുകൊണ്ടേയിരിക്കുന്നു.

എന്താണ് ടെറ്റനസ്, അത് എങ്ങനെ പടരുന്നു, എങ്ങനെ തടയാം എന്നതിനെക്കുറിച്ച് എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്—കാരണം, ഈ വിഷയത്തിൽ പ്രതിരോധം തന്നെയാണ് ഏറ്റവും മികച്ച പ്രതിവിധി എന്നതുതന്നെ.

എന്താണ് ടെറ്റനസ്?

ടെറ്റനസ് (Tetanus) എന്നത് ‘ക്ലോസ്ട്രിഡിയം ടെറ്റനി’ (Clostridium tetani) എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്നതും  ജീവന് തന്നെ ഭീഷണിയാകുന്നതുമായ തീവ്രമായ അണുബാധയാണ്.

ഈ ബാക്ടീരിയ ടെറ്റനോസ്പാസ്മിൻ (tetanospasmin) എന്ന ശക്തമായ  ന്യൂറോടോക്സിൻ ഉത്പാദിപ്പിക്കുന്നു. ഇത് നാഡീവ്യൂഹത്തെ ആക്രമിക്കുകയും പേശികളിൽ കഠിനമായ കോച്ചിപ്പിടുത്തത്തിനും (Spasms) മുറുക്കത്തിനും കാരണമാവുകയും ചെയ്യുന്നു.

മറ്റ് അണുബാധകളിൽ നിന്ന് വ്യത്യസ്തമായി, ടെറ്റനസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന ഒരു രോഗമല്ല.

മണ്ണ്, പൊടി, മൃഗങ്ങളുടെ വിസർജ്ജ്യം എന്നിവയിൽ ജീവിക്കുന്ന സി ടെറ്റനി സ്പോറുകൾ മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് ഇതുണ്ടാകുന്നത്.

ഈ സ്പോറുകൾ അഥവാ ബീജകോശങ്ങൾ, ഓക്സിജൻ കുറഞ്ഞ സാഹചര്യങ്ങളിൽ (ഉദാഹരണത്തിന്: ആഴത്തിലുള്ള മുറിവുകൾ, പൊള്ളൽ, ആണിയോ മറ്റോ തുളഞ്ഞുകയറിയുണ്ടാകുന്ന മുറിവുകൾ) പെരുകുകയും നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷവസ്തുക്കളെ ഉത്പാദിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

ടെറ്റനസ് ശരീരത്തെ എങ്ങനെ ബാധിക്കുന്നു?

ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ, ക്ളോസ്ട്രീഡിയം ടെറ്റനി(Clostridium tetani) അതിന്റെ വിഷവസ്തുവിനെ പുറത്തുവിടുന്നു. ഇത് രക്തത്തിലൂടെയും നാഡികളിലൂടെയും സഞ്ചരിച്ച് സുഷുമ്‌നാ നാഡിയിലും തലച്ചോറിലും എത്തുന്നു.

അവിടെ, പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന നാഡീ സിഗ്നലുകളെ ഇത് തടസ്സപ്പെടുത്തുകയും നിയന്ത്രണമില്ലാത്ത പേശീ സങ്കോചത്തിനും മുറുക്കത്തിനും വഴിയൊരുക്കുകയും ചെയ്യുന്നു.

പേശികൾക്ക് അയവുവരുത്താൻ സഹായിക്കുന്ന ഗാമാ-അമിനോബ്യൂട്ടറിക് ആസിഡ് (GABA), ഗ്ലൈസിൻ (glycine) എന്നീ ന്യൂറോട്രാൻസ്മിറ്ററുകളുടെ (നാഡീപ്രേക്ഷകങ്ങൾ) പ്രവർത്തനത്തെയാണ് ഈ വിഷം പ്രധാനമായും പ്രതിരോധിക്കുന്നത്.

ഇതിൻ്റെ ഫലമായി, പേശികൾ തുടർച്ചയായി സങ്കോചിച്ചു നിൽക്കുകയും കഠിനമായ വേദനയുള്ള കോച്ചിപ്പിടുത്തം ഉണ്ടാവുകയും ചെയ്യുന്നു.

ടെറ്റനസിൻ്റെ സാധാരണ ലക്ഷണങ്ങൾ

അണുബാധയുണ്ടായി 3 മുതൽ 21 ദിവസങ്ങൾക്കുള്ളിലാണ് സാധാരണഗതിയിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. എന്നാൽ ഗുരുതരമായ കേസുകളിൽ ഇതിലും വേഗത്തിൽ ലക്ഷണങ്ങൾ പ്രകടമായേക്കാം. മുറിവ് നാഡീവ്യൂഹത്തോട് (Central Nervous System) എത്രത്തോളം അടുത്താണോ, അത്രയും വേഗത്തിൽ ലക്ഷണങ്ങൾ വരാൻ സാധ്യതയുണ്ട്.

തുടക്കത്തിലെ ലക്ഷണങ്ങൾ

  • താടിയെല്ലിന് മുറുക്കം അനുഭവപ്പെടുക (ലോക്ജോ – വായ തുറക്കാൻ പ്രയാസം).
  • വിഴുങ്ങാനും ചവയ്ക്കാനും ബുദ്ധിമുട്ട്.
  • കഴുത്തിലും തോളുകളിലും പേശീവലിവും മുറുക്കവും.
  • മുറിവിനടുത്തുള്ള ഭാഗങ്ങളിൽ പേശികളുടെ ശക്തമായ കോച്ചിപ്പിടുത്തം.
  • അസ്വസ്ഥതയും ക്ഷോഭവും

ഗുരുതരമാകുമ്പോഴത്തെ ലക്ഷണങ്ങൾ 

  • ശരീരത്തിലുടനീളം കഠിനവും വേദനാജനകവുമായ പേശീ കോച്ചിപ്പിടുത്തം.
  • വയറിലെ പേശികൾ മുറുകി കട്ടിയാവുക.
  • പുറം വളയുക (Opisthotonus) – ശരീരം പിന്നിലേക്ക് വില്ലു പോലെ വളയുന്ന അവസ്ഥ.
  • ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്.
  • കടുത്ത പനിയും അമിതമായ വിയർപ്പും.
  • ഹൃദയമിടിപ്പ് വർദ്ധിക്കുക.

കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ, ടെറ്റനസ് ശ്വസന തതകരാറ്, ഹൃദയസ്തംഭനം, മരണം എന്നിവയിലേക്ക് നയിച്ചേക്കാം.

ടെറ്റനസ് എങ്ങനെയാണ് പകരുന്നത്?

ടെറ്റനസ് സ്പോറുകൾ പ്രകൃതിയിൽ മിക്കവാറും എല്ലായിടത്തും കാണപ്പെടുന്നു—മണ്ണിലും, മൃഗങ്ങളുടെ വിസർജ്യത്തിലും, വീടിനുള്ളിലെ പൊടിയിൽ പോലും ഇവയുണ്ട്.

ഇവ താഴെ പറയുന്ന വഴികളിലൂടെ ശരീരത്തിൽ പ്രവേശിക്കാം:

  • ആഴത്തിലുള്ള മുറിവുകൾ, തുളഞ്ഞുകയറിയ മുറിവുകൾ, അല്ലെങ്കിൽ പൊള്ളലുകൾ എന്നിവയിലൂടെ.
  • മൃഗങ്ങളുടെ കടിയേൽക്കുന്നതിലൂടെ  അല്ലെങ്കിൽ ചർമ്മത്തിൽ പോറലുകൾ ഏൽക്കുമ്പോൾ.
  • തുരുമ്പിച്ച ആണികൾ വഴിയോ വൃത്തിയില്ലാത്ത വസ്തുക്കൾ വഴിയോ ഉണ്ടാകുന്ന പരിക്കുകൾ.
  • അഴുക്കോ ചാണകമോ കലർന്ന മണ്ണുമായി സമ്പർക്കത്തിലായ ചർമ്മത്തിലെ മുറിവുകൾ.
  • പ്രസവ സമയത്ത് പൊക്കിൾക്കൊടിയിൽ ഉണ്ടാകുന്ന അണുബാധ (നവജാത ശിശുക്കളിൽ – നിയോനേറ്റൽ ടെറ്റനസ്).

ശ്രദ്ധിക്കുക: തുരുമ്പല്ല ടെറ്റനസിന് കാരണമാകുന്നത്; തുരുമ്പിച്ച വസ്തുക്കളുടെ പരുപരുത്ത പ്രതലം ബാക്ടീരിയകൾക്ക് വളരാനുള്ള ഇടം നൽകുന്നു എന്ന് മാത്രം. ടെറ്റനസ് വരാതിരിക്കാൻ എടുക്കുന്ന ടി ടി ഇഞ്ചക്ഷൻ, തുരുമ്പിച്ച വസ്തുക്കളിൽ നിന്നുള്ള അണുബാധ വരാതിരിക്കാൻ എടുക്കുന്നതാണ് എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. 

ആർക്കാണ് കൂടുതൽ അപകടസാധ്യത?

ടെറ്റനസ് ആർക്കുവേണമെങ്കിലും വരാം, എങ്കിലും പൊതുവിൽ ചില വിഭാഗക്കാർക്ക് അപകടസാധ്യത കൂടുതലാണ്:

  • ഒരിക്കലും വാക്സിൻ എടുക്കാത്തവർ അല്ലെങ്കിൽ ബൂസ്റ്റർ ഡോസുകൾ എടുക്കാൻ മറന്നവർ.
  • പ്രതിരോധശേഷി കുറഞ്ഞ പ്രായമായവർ.
  • അണുവിമുക്തമല്ലാത്ത സാഹചര്യങ്ങളിൽ ജനിക്കുന്ന നവജാത ശിശുക്കൾ.
  • മണ്ണും പൊടിയുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന കർഷകർ, തോട്ടക്കാർ, തൊഴിലാളികൾ.
  • വിട്ടുമാറാത്ത മുറിവുകൾ, പൊള്ളലുകൾ, അല്ലെങ്കിൽ അൾസർ ഉള്ള വ്യക്തികൾ.

പ്രതിരോധം: വാക്സിനേഷന്റെ ശക്തി

ടെറ്റനസിനെതിരായ ഏറ്റവും മികച്ച സംരക്ഷണം നൽകുന്നത് വാക്സിനേഷൻ തന്നെയാണ്.

ടെറ്റനസ് ടോക്സോയ്ഡ് വാക്സിൻ (TT) വളരെ ഫലപ്രദമാണ്, ഇത് ആഗോളതലത്തിൽ സാധാരണ പ്രതിരോധ കുത്തിവയ്പ്പ് പട്ടികയിൽ ഉൾപ്പെടുന്നു

വാക്സിൻ ഷെഡ്യൂൾ:

  • ശിശുക്കൾ: 2, 4, 6 മാസങ്ങളിൽ നൽകുന്ന ഡി.ടി.പി (DPT) അല്ലെങ്കിൽ ഡി.ടി.എ.പി (DTaP) (ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ്) വാക്സിൻ്റെ ഭാഗമായി.
  • കുട്ടികൾ: 15-18 മാസത്തിലും 4-6 വയസ്സിലും ബൂസ്റ്റർ ഡോസുകൾ.
  • മുതിർന്നവർ: ഓരോ 10 വർഷം കൂടുമ്പോഴും ബൂസ്റ്റർ ഡോസ് എടുക്കണം.
  • ഗർഭിണികൾ: ഗർഭകാലത്ത് നൽകുന്ന ടി.ടി. വാക്സിനേഷൻ അമ്മയെയും കുഞ്ഞിനെയും നവജാത ശിശുക്കളിലെ ടെറ്റനസിൽ (Neonatal tetanus) നിന്ന് സംരക്ഷിക്കുന്നു.

കുട്ടിക്കാലത്ത് വാക്സിനെടുത്തതാണെങ്കിൽ പോലും, മുതിർന്നതിനു ശേഷവും പ്രതിരോധശേഷി നിലനിർത്താൻ ബൂസ്റ്റർ ഡോസുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.

മുറിവുകൾക്കും പോറലുകൾക്കുമുള്ള പ്രാഥമിക ചികിത്സ

ടെറ്റനസ് സ്പോറുകൾ മുറിവുകളിലൂടെയാണ് ശരീരത്തിൽ പ്രവേശിക്കുന്നത് എന്നതിനാൽ, മുറിവുകൾ  ഉണ്ടായാൽ ശുചിത്വവും ശ്രദ്ധയും വേണം:

1.മുറിവ് ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

2.അണുവിമുക്തമാക്കിയ ഉപകരണങ്ങൾ ഉപയോഗിച്ച് അഴുക്കോ മാലിന്യങ്ങളോ ഉണ്ടെങ്കിൽ നീക്കം ചെയ്യുക.

3.മുറിവിൽ ഒരു ആന്റിസെപ്റ്റിക് അല്ലെങ്കിൽ ആൻ്റിബയോട്ടിക് ഓയിൻമെൻ്റ് പുരട്ടുക.

4.ആഴത്തിലുള്ളതോ അഴുക്ക് കലർന്നതോ ആയ മുറിവുകൾക്ക് വൈദ്യസഹായം തേടുക.

5.കഴിഞ്ഞ 5-10 വർഷത്തിനിടെ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ, ഒരു ടെറ്റനസ് ബൂസ്റ്റർ ഷോട്ട് എടുക്കുക. 

അടിയന്തിര സാഹചര്യങ്ങളിൽ, ശരീരത്തിൽ കടന്ന വിഷവസ്തുക്കളെ നിർവീര്യമാക്കാനും രോഗം വഷളാകുന്നത് തടയാനും ഡോക്ടർമാർ ടെറ്റനസ് ഇമ്മ്യൂൺ ഗ്ലോബുലിൻ (TIG) നൽകിയേക്കാം.

ടെറ്റനസിനുള്ള ചികിത്സ

രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ, ടെറ്റനസിന് ആശുപത്രിയിൽ കിടത്തി ചികിൽസ വേണം, പലപ്പോഴും തീവ്രപരിചരണ വിഭാഗത്തിലെ (ICU) ചികിത്സ ആവശ്യമായി വരും.

ചികിത്സയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ:

  • രക്തത്തിൽ കലരുന്ന വിഷവസ്തുക്കളെ നിർവീര്യമാക്കാൻ ആന്റിടോക്സിൻ തെറാപ്പി (TIG).
  • ബാക്ടീരിയകളെ നശിപ്പിക്കാൻ ആൻ്റിബയോട്ടിക്കുകൾ (ഉദാഹരണത്തിന്: മെട്രോണിഡാസോൾ അല്ലെങ്കിൽ പെൻസിലിൻ).
  • പേശികളുടെ കോച്ചിപ്പിടുത്തം നിയന്ത്രിക്കാൻ പേശികളെ അയവുള്ളതാക്കുന്ന മരുന്നുകളും (Muscle relaxants) മയങ്ങാനുള്ള മരുന്നുകളും (sedatives).
  • അണുബാധയേറ്റ കോശങ്ങളെ നീക്കം ചെയ്യാനായി മുറിവ് വൃത്തിയാക്കൽ (Wound debridement).
  • ശ്വാസതടസ്സമുള്ള ഗുരുതരമായ കേസുകളിൽ വെന്റിലേറ്റർ സപ്പോർട്ട്.

രോഗമുക്തിക്ക് ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. അത്യാധുനിക ചികിത്സകൾ ലഭ്യമാണെങ്കിൽ പോലും, മരണനിരക്ക് ഉയർന്ന തോതിൽ തന്നെ തുടരുന്നു എന്നത് പ്രതിരോധത്തിൻ്റെ പ്രധാന്യം ഓർമ്മിപ്പിക്കുന്നു.

ആഗോള സ്വാധീനം

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, നവജാത ശിശുക്കളിലെ ടെറ്റനസ് മാത്രം ഓരോ വർഷവും ആയിരക്കണക്കിന് മരണങ്ങൾക്ക് കാരണമാകുന്നുണ്ട്, പ്രത്യേകിച്ച് ആരോഗ്യസംവിധാനങ്ങൾ പരിമിതമായ രാജ്യങ്ങളിൽ.

എങ്കിലും, ആഗോള വാക്സിനേഷൻ യജ്ഞങ്ങളും ഗർഭിണികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് പരിപാടികളും ലോകമെമ്പാടുമുള്ള കേസുകൾ ഗണ്യമായി കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.

ടെറ്റനസ് 100% തടയാൻ കഴിയുന്ന രോഗമാണ്. എന്നിട്ടും, ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തതയും അവബോധക്കുറവും മൂലം വാക്സിനേഷൻ പൂർത്തിയാക്കാത്ത പ്രദേശങ്ങളിൽ, ഇതിപ്പോഴും ഒരു ഭീഷണിയായി നിലനിൽക്കുന്നു.

പ്രതിരോധമാണ് ഏകമാർഗ്ഗം

ഏറ്റവും ചെറിയ മുറിവുപോലും ശ്രദ്ധയോടെ പരിചരിക്കേണ്ടതിൻ്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന രോഗമാണ് ടെറ്റനസ്.

ആധുനിക വൈദ്യശാസ്ത്രം ചികിത്സ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, വിഷവസ്തു ശരീരത്തിൽ പിടിമുറുക്കിക്കഴിഞ്ഞാൽ പൂർണ്ണമായ ചികിത്സയില്ല—അതുകൊണ്ടുതന്നെ, വാക്സിനേഷനിലൂടെയും ശുചിത്വം പാലിച്ചുകൊണ്ടുമുള്ള പ്രതിരോധം തന്നെയാണ് നമ്മുടെ ഏറ്റവും ശക്തമായ പ്രതിരോധ മാർഗ്ഗം.

അതുകൊണ്ട്, ടെറ്റനസ് കുത്തിവയ്പ്പുകൾ എടുക്കുന്നതിൽ കൃത്യത പുലർത്തുക, കുട്ടികളെ മുറിവ് സുരക്ഷിതമായി പരിചരിക്കാൻ പഠിപ്പിക്കുക, സമൂഹത്തിൽ ഇതിനെക്കുറിച്ച് അവബോധം വളർത്തുക.

കൃത്യസമയത്തുള്ള കുത്തിവെയ്പ്പ്, ജീവൻ രക്ഷിച്ചേക്കാം. 

REFERENCES :

1. Tetanus

2. Tetanus: Recognition and Management

3. How you get tetanus

REFERENCES :

1. Tetanus

2. Tetanus: Recognition and Management

3. How you get tetanus

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe