കൗമാര ലൈംഗികത: യാഥാർത്ഥ്യങ്ങൾ, അപകടങ്ങൾ, ഉത്തരവാദിത്തങ്ങൾ; എല്ലാം മനസ്സിലാക്കാം

ശൈശവവും ബാല്യവും പിന്നിട്ട് കൗമാരത്തിലേക്ക് കാലുകുത്തുന്നതോടെ കുട്ടികളിൽ പല മാറ്റങ്ങളും പ്രകടമാകും. യൗവനാവസ്ഥയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്ന ഘട്ടം കൂടി ആയതുകൊണ്ടുതന്നെ ഈ പ്രായത്തിൽ, ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നു. ലൈംഗികതയേക്കുറിച്ചും സ്വയംപരിിപാലനത്തെക്കുറിച്ചും അറിയാൻ കൂടുതൽ കൗതുകവും താൽപ്പര്യവും തോന്നുന്ന കൗമാരകാലത്ത്, അവരുടെ ലൈംഗികാരോഗ്യത്തെക്കുറിച്ച് ശാസ്ത്രീയമായ അറിവ് നൽകേണ്ടത് അത്യാവശ്യമാണ്.
സിനിമ, സോഷ്യൽ മീഡിയ, കൂട്ടുകാർ എന്നീ വഴികളിലൂടെയെല്ലാം ലൈംഗികമായ കാര്യങ്ങൾ നിരന്തരം അറിയുന്ന കാലം കൂടിയാണിത്.
കൗമാര ലൈംഗികത എന്നത് സ്വഭാവത്തിലെ സങ്കീർണ്ണത മാത്രമല്ല. മറിച്ച്, ശാരീരിക ആരോഗ്യം, വൈകാരിക വളർച്ച, മാനസികാരോഗ്യം, ഭാവി ജീവിതം എന്നിവയെല്ലാം ഉൾപ്പെട്ട ഒരു പ്രശ്നം കൂടിയാണ്.
ശാസ്ത്രം പറയുന്നത്
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, കുട്ടികളുടെ 10 മുതൽ 19 വയസ്സ് വരെയുള്ള പ്രായം എന്നത് ശാരീരികവും വൈകാരികവും സാമൂഹികവുമായി നിർണ്ണായകമായ വളർച്ച നടക്കുന്ന കാലഘട്ടമാണ്. ഈ വളർച്ചയുടെയും വ്യക്തിത്വ രൂപീകരണത്തിൻ്റെയും ഒരു ഭാഗം തന്നെയാണ് ലൈംഗികമായ പെരുമാറ്റങ്ങളും.
ആഗോളതലത്തിലെ കണക്കുകൾ
- ലോകമെമ്പാടും ഓരോ വർഷവും ഏകദേശം 1.6 കോടി കൗമാരക്കാരായ പെൺകുട്ടികൾ പ്രസവിക്കുന്നു.
- ലോകത്തിലെ പകുതി കൗമാരക്കാർക്ക് മാത്രമേ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കുന്നുള്ളൂ.
ശാരീരികവും ജൈവപരവുമായ ഘടകങ്ങൾ
കൗമാരപ്രായത്തിൽ പ്രത്യുൽപാദനത്തിന് ശാരീരികമായി കഴിവുണ്ടാകുമെങ്കിലും ലൈംഗികബന്ധം മൂലമുണ്ടാകാവുന്ന സങ്കീർണ്ണതകൾ , ഗർഭധാരണം, പ്രസവം, എന്നിവയെല്ലാം താങ്ങാനുള്ള പക്വത അവരുടെ പ്രത്യുൽപാദന വ്യവസ്ഥയ്‌ക്കോ ഹോർമോണുകൾക്കോ ഉണ്ടാകണമെന്നില്ല.
പ്രധാന അപകടസാധ്യതകൾ:
- അപ്രതീക്ഷിത ഗർഭധാരണം: ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ അത് ഉപയോഗിക്കാത്തതോ ഇതിന് കാരണമാകുന്നു.
- ലൈംഗികമായി പകരുന്ന രോഗങ്ങൾ (STIs): എച്ച്പിവി (HPV), എച്ച്ഐവി (HIV), ക്ലമീഡിയ (chlamydia) പോലുള്ള രോഗങ്ങൾ പകരാനുള്ള സാധ്യത ഏറെയാണ്.
- ഗർഭാശയഗള കാൻസർ (Cervical Cancer): ചെറുപ്രായത്തിൽ എച്ച്പിവി (HPV) വൈറസ് ബാധയേൽക്കുന്നത് ഭാവിയിൽ ഗർഭാശയഗള കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
വൈകാരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ
കൗമാരപ്രായക്കാർ വൈകാരികമായി പൂർണ്ണ വളർച്ചയെത്താത്തവരാണ്. അതിനാൽ, വേണ്ടത്ര മാനസിക പക്വതയില്ലാതെ, സമ്മർദ്ദത്തിന് വഴങ്ങിയോ, അല്ലെങ്കിൽ പെട്ടെന്നുള്ള തീരുമാനപ്രകാരമോ ഉണ്ടാകുന്ന ലൈംഗികാനുഭവങ്ങൾ പല മാനസിക പ്രശ്നങ്ങൾക്കും കാരണമായേക്കാം. അവയിൽ ചിലത് ഇനിപ്പറയുന്നു:
- കുറ്റബോധം, അപമാനം, ആശയക്കുഴപ്പം
- വിഷാദം, ഉത്കണ്ഠ
- പഠനത്തിൽ പിന്നോട്ട് പോകുക
- മറ്റുള്ളവരെ വിശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നല്ല ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയാതെ വരിക
ചെറുപ്രായത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന കൗമാരക്കാരിൽ മാനസിക സമ്മർദ്ദവും ആത്മാഭിമാനക്കുറവും കൂടുതലായി കാണപ്പെടുന്നുവെന്ന് ജേണൽ ഓഫ് അഡോളസന്റ് ഹെൽത്തിൽ (Journal of Adolescent Health) പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു.
അനുമതിയുടേയും ആശയവിനിമയത്തിൻ്റെയും പ്രാധാന്യം
സമ്മതം എന്നത് വെറുതെ ‘അതെ’ എന്ന് പറയുന്നതു മാത്രമല്ല. അതിന് പല അർത്ഥങ്ങളുണ്ട്:
- അതിൻ്റെ ഭവിഷ്യത്തുകളെക്കുറിച്ച് ശരിയായ ധാരണയുണ്ടായിരിക്കുക.
- യാതൊരു സമ്മർദ്ദവുമില്ലാതെ പൂർണ്ണ സുരക്ഷിതത്വം തോന്നുക.
- ഏത് നിമിഷവും ‘വേണ്ട’ എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുക.
പലപ്പോഴും ഇത്തരം കാര്യങ്ങൾ സംസാരിക്കാനോ ചർച്ച ചെയ്യാനോ ഉള്ള അറിവോ പിന്തുണയോ കൗമാരക്കാർക്ക് ലഭിക്കാറില്ല. സ്വന്തം ശരീരത്തിൻമേലുള്ള അവകാശം, ആരോഗ്യകരമായ വ്യക്തിബന്ധങ്ങളിലെ അതിർവരമ്പുകൾ, പരസ്പര ബഹുമാനത്തോടെയുള്ള ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ശരിയായ വിദ്യാഭ്യാസം അവർക്ക് നൽകേണ്ടത് അത്യാവശ്യമാണ്.
സുരക്ഷിതമായ ലൈംഗികതയും ഗർഭനിരോധനവും
എങ്ങനെ സ്വയം സുരക്ഷിതരാകണം എന്നതിനെക്കുറിച്ച് പല കൗമാരക്കാർക്കും അറിവില്ല എന്നതാണ് വാസ്തവം. ദി ലാൻസെറ്റ് (The Lancet) എന്ന മെഡിക്കൽ ജേണലിൽ വന്ന പഠനം വ്യക്തമാക്കുന്നത്, ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് വൈകിപ്പിക്കാനും സുരക്ഷിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ്.
സുരക്ഷിതമായി സ്വീകരിക്കാവുന്ന മാർഗ്ഗങ്ങൾ
- കോണ്ടം ഉപയോഗിക്കുക: ലൈംഗിക രോഗങ്ങൾ തടയാൻ ഇത് സഹായിക്കുന്നു.
- ഗർഭനിരോധന ഗുളികകൾ അല്ലെങ്കിൽ IUD: ഇവ നിർബന്ധമായും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
- എച്ച്പിവി വാക്സിൻ: 9 മുതൽ 14 വയസ്സുവരെയുള്ള കാലയളവിൽ ഈ വാക്സിൻ എടുക്കുന്നത് സുരക്ഷിതമാണ്.
- ലൈംഗികാരോഗ്യ പരിശോധന: ലൈംഗികമായി സജീവമാണെങ്കിൽ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തുക.
രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും എങ്ങനെ സഹായിക്കാം?
ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങാം: തെറ്റായ വിവരങ്ങൾ കുട്ടികളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ശാസ്ത്രീയമായ കാര്യങ്ങൾ പറഞ്ഞുകൊടുക്കുക.
- കുറ്റപ്പെടുത്തലുകൾ ഒഴിവാക്കാം: കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് പകരം, അവരുടെ പ്രായത്തിന് അനുയോജ്യമായ രീതിയിൽ ശരിയായ വിവരങ്ങൾ നൽകുക.
- തുറന്നു സംസാരിക്കാം: ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ച് അവരോട് സത്യസന്ധമായി സംസാരിക്കുക.
- വിശ്വാസം നേടിയെടുക്കാം: എന്തു കാര്യവും തുറന്നു സംസാരിക്കാനുള്ള ആരോഗ്യകരമായ അന്തരീക്ഷം വീട്ടിലും സ്കൂളിലും ഉണ്ടാക്കിയെടുക്കുക.
കൗമാരക്കാർ അറിയേണ്ട കാര്യങ്ങൾ
- ലൈംഗികത എന്നത് ശരീരത്തെ സ്വാധീനിക്കുന്നത് മാത്രമല്ല; അത് മനസ്സിനെയും ആരോഗ്യത്തെയും ബന്ധങ്ങളെയും സ്വാധീനിക്കും.
- കാത്തിരിക്കുന്നതിൽ തകരാറില്ല. കൂട്ടുകാരുടെ സമ്മർദ്ദം ഇത്തരം തീരുമാനങ്ങൾ എടുക്കാൻ ഒരു കാരണമാകരുത്.
- ഇന്നെടുക്കുന്ന തീരുമാനങ്ങൾ നിങ്ങളുടെ ഭാവിയെയും, ആരോഗ്യത്തെയും, ആത്മവിശ്വാസത്തെയും ബാധിച്ചേക്കാം.
- സഹായം തേടാൻ മടിക്കരുത്. വിശ്വസ്തരായ മുതിർന്നവരോടോ ഡോക്ടർമാരോടോ കൗൺസിലർമാരോടോ സംസാരിക്കുക.
ലൈംഗികതയെ പ്രോത്സാഹിപ്പിക്കാനോ തടയാനോ ഉള്ളതല്ല കൗമാര ലൈംഗികാരോഗ്യം. മറിച്ച്, അറിവോടെയും സുരക്ഷിതമായും പരസ്പര ബഹുമാനത്തോടെയും ശരിയായ തീരുമാനങ്ങൾ എടുക്കാൻ കൗമാരക്കാരെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നമ്മൾ എത്രത്തോളം സ്നേഹത്തോടെയും വ്യക്തതയോടെയും ഈ വിഷയങ്ങൾ സംസാരിക്കുന്നുവോ, അത്രത്തോളം അവരുടെ ഭാവിയെ നമ്മൾ സുരക്ഷിതമാക്കുകയാണ്.




