ഡിജിറ്റൽ യുഗത്തിലെ പുതിയ ആരോഗ്യപ്രശ്നങ്ങൾ:

നിങ്ങൾക്കുമുണ്ടോ ടെക് നെക്കും ടെക്സ്റ്റ് തംബും സ്ക്രീൻ ഐസും?
രോഗങ്ങളൊന്നുമില്ല, ഇതുവരെ പരിക്കൊന്നും പറ്റിയിട്ടില്ല…എങ്കിലും കഴുത്തുവേദനയുണ്ടോ? കൈവിരലിന് മരവിപ്പുണ്ടോ? കണ്ണുനീറുന്നുണ്ടോ?
ഡിജിറ്റൽ യുഗം സമ്മാനിക്കുന്ന ജീവിതശൈലി രോഗങ്ങൾ (lifestyle disorders) സൃഷ്ടിക്കുന്ന അസ്വസ്ഥതകളാണവ. നമ്മുടെ ജീവിതരീതി, തൊഴിൽ, ഫോൺ ഉപയോഗം എന്നീ കാര്യങ്ങളെ ആശ്രയിച്ചാണ് ഈ അസുഖങ്ങൾ രൂപപ്പെടുന്നത്.
‘ടെക് നെക്ക്’ (Tech neck), ‘ടെക്സ്റ്റ് തംബ്’ (Text thumb), ‘സ്ക്രീൻ ഐസ്’ (Screen eyes) എന്നീ പ്രയാസങ്ങൾ ഇന്ന് കൗമാരക്കാരെയും ജോലി ചെയ്യുന്നവരെയും കുട്ടികളെപ്പോലും ബാധിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. എന്നാൽ പലരും ഇതു തിരിച്ചറിയാതെ പോകുന്നുമുണ്ട്. എന്തായാലും നവീനകാലത്തെ ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളായി ഇവ മാറിക്കഴിഞ്ഞു.
സാങ്കേതികത മനുഷ്യശരീരത്തെ മാറ്റുമ്പോൾ
പരിണാമത്തിൻ്റെ പാതകളിലൂടെ മുന്നേറിയ മനുഷ്യൻ്റെ ശരീരഘടന രൂപപ്പെട്ടത്, അവൻ്റെ ആവശ്യങ്ങൾക്കധിഷ്ഠിതമായാണ്:
- കാലുകളൂന്നി നിവർന്നു നിൽക്കുന്ന ശാരീരിക നില (Upright posture)
- പല ദൂരങ്ങളിലുള്ള കാഴ്ചകളിൽ സ്വാഭാവികമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന തരത്തിലുള്ള കണ്ണുകൾ
- സ്വതന്ത്രമായും സന്തുലിതമായും ഉപയോഗിക്കാനാകുന്ന തരത്തിൽ കൈകൾ
പക്ഷെ, നമ്മുടെ ഇന്നത്തെ ആധുനിക ജീവിതം ആവശ്യപ്പെടുന്നത് മറ്റുചിലതാണ്:
- മണിക്കൂറുകളോളം താഴേക്ക് മാത്രം നോക്കിയിരിക്കുക
- വിരലുകളുടെ (പ്രത്യേകിച്ച് തള്ളവിരലിന്റെ) തുടർച്ചയായ ചലനം
- ദീർഘനേരം സ്ക്രീനുകളിലേക്ക് മിഴിനട്ടിരിക്കുക
നമ്മുടെ ശരീരഘടനയും ശീലങ്ങളും തമ്മിലുള്ള ഈ പൊരുത്തക്കേട് വേദനയിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു.
ടെക് നെക്ക്: നടുവൊടിക്കുന്ന സ്മാർട്ട്‌ഫോൺ
എന്താണ് ടെക് നെക്ക്?
ഫോണോ ലാപ്ടോപ്പോ ഉപയോഗിക്കുമ്പോൾ ദീർഘനേരം തല കുനിച്ചിരിക്കുന്നത് മൂലം കഴുത്തിനുണ്ടാകുന്ന വേദനയെയും വലിച്ചിലിനെയുമാണ് ‘ടെക് നെക്ക്’ എന്ന് പറയുന്നത്.
ഏറെ സമയം തല മുന്നോട്ട് കുനിക്കുമ്പോൾ സംഭവിക്കുന്നത്:
- കഴുത്തിലെ കശേരുക്കളിൽ (Cervical spine) വലിയ തോതിൽ സമ്മർദ്ദമുണ്ടാകുന്നു
- കഴുത്തിലെ പേശികൾ എപ്പോഴും വലിഞ്ഞു മുറുകിയ അവസ്ഥയിൽ തുടരുന്നു
- കശേരുക്കൾക്കും സന്ധികൾക്കും അമിത സമ്മർദ്ദം അനുഭവപ്പെടുന്നു
സാധാരണ നിലയിൽ മനുഷ്യന്റെ തലയ്ക്ക് ഏകദേശം 4.5–5.5 കിലോ ഭാരമാണുള്ളത്. എന്നാൽ നമ്മൾ തല 45 ഡിഗ്രി മുന്നോട്ട് കുനിക്കുമ്പോൾ, കഴുത്തിന് അനുഭവപ്പെടുന്ന ഭാരം ഏകദേശം 20–25 കിലോയ്ക്ക് തുല്യമാണ്!
ടെക് നെക്കിന്റെ സാധാരണ ലക്ഷണങ്ങൾ:
- കഴുത്തിലും തോളെല്ലിലും വിട്ടുമാറാത്ത വേദന
- നടുവിന് മുകൾഭാഗം വലിഞ്ഞുമുറുകി അസ്വസ്ഥത അനുഭവപ്പെടുക
- തലയോട്ടിക്ക് പിന്നിൽ നിന്ന് തുടങ്ങുന്ന തലവേദന
- കൈകളിൽ അനുഭവപ്പെടുന്ന തരിപ്പ് അല്ലെങ്കിൽ മരവിപ്പ് (ഞരമ്പുകൾ വലിയുന്നത് മൂലം)
- കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്
ഇത് ശ്രദ്ധിക്കാതിരുന്നാൽ കാലക്രമേണ താഴെ പറയുന്നവ ബുദ്ധിമുട്ടുകൾക്ക് കാരണമാകും:
- സെർവിക്കൽ ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ
- എല്ലുകളുടെ തേയ്മാനം നേരത്തെയാകുന്നു
- വിട്ടുമാറാത്ത പേശി വലിച്ചിൽ
ടെക്സ്റ്റ് തംബ്: ചെറിയ ചലനങ്ങൾ, വലിയ പ്രത്യാഘാതങ്ങൾ
എന്താണ് ടെക്സ്റ്റ് തംബ്?
സ്മാർട്ട്ഫോണിൻ്റെ തുടർച്ചയായ ഉപയോഗം മൂലം തള്ളവിരലിലെ ഞരമ്പുകൾക്കും സന്ധികൾക്കും ഉണ്ടാകുന്ന അമിതമായ സമ്മർദ്ദത്തെയാണ് ‘ടെക്സ്റ്റ് തംബ്’ എന്ന് വിശേഷിപ്പിക്കുന്നത്. സ്മാർട്ട്ഫോൺ തംബ് എന്നും ഗെയിമേഴ്സ് തംബ് എന്നും ഈ അവസ്ഥയെ പറയാറുണ്ട്.
ഫോണിലെ തുടർച്ചയായ സ്ക്രോളിംഗ്, ടൈപ്പിംഗ് എന്നിവ താഴെ പറയുന്നവയെ ബാധിക്കുന്നു:
- തള്ളവിരലിന്റെ ചുവട്ടിലെ ഞരമ്പുകൾ
- കൈത്തണ്ടയിലെ സന്ധികൾ (Wrist joints)
- കൈകളിലെ പ്രധാന ഞരമ്പുകൾ (Median and radial nerves)
കൗമാരക്കാരിലും മുതിർന്നവരിലും ഈ അസ്വസ്ഥതകൾ ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പലപ്പോഴും ഈ പ്രശ്നത്തെ സന്ധിവേദനയായി (Arthritis) ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്.
ടെക്സ്റ്റ് തംബ് ഉണ്ടെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ:
- തള്ളവിരലിന്റെ താഴെയായി വേദന അനുഭവപ്പെടുക
- വിരൽ അനക്കുമ്പോൾ ശബ്ദം കേൾക്കുകയും ചലിപ്പിക്കാൻ തടസ്സവും
- തള്ളവിരലിന്റെ സന്ധികളിൽ വീക്കം
- കൈകൾ ദുർബലമാവുക
- ഫോൺ ഉപയോഗിക്കുമ്പോൾ വേദന കൂടുക
ഈ ബുദ്ധിമുട്ടുകൾ അവഗണിച്ചാൽ അത് ഞരമ്പുകളുടെ വീക്കത്തിലേക്കും കഠിനമായ വേദനയിലേക്കും നയിച്ചേക്കാം. പിന്നീടത് ഭേദമാകാൻ ഏറെ നാളത്തെ വിശ്രമമോ ഫിസിയോതെറാപ്പിയോ വേണ്ടിവരും.
സ്ക്രീൻ ഐസ്: ഡിജിറ്റൽ ഐ സ്ട്രെയ്ൻ നിസ്സാരമാക്കരുത്
എന്താണ് സ്ക്രീൻ ഐസ്?
കണ്ണുകൾക്കാവശ്യമായ വിശ്രമം നൽകാതെ ദീർഘനേരം സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്നത് മൂലം ഉണ്ടാകുന്ന അസ്വസ്ഥതയാണ് ‘സ്ക്രീൻ ഐസ്’. ഡിജിറ്റൽ ഐ സ്ട്രെയ്ൻ (Digital Eye Strain) എന്നും കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്നും ഇതറിയപ്പെടുന്നു.
പുസ്തകം വായിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി സ്ക്രീനുകൾ:
- നീല വെളിച്ചം (Blue light) പുറപ്പെടുവിക്കുന്നു
- കണ്ണ് ചിമ്മുന്നതിന്റെ തവണകൾ കുറയ്ക്കുന്നു
- കണ്ണിന്റെ ഫോക്കസ് എപ്പോഴും അടുത്തുള്ള സ്ക്രീനിൽ മാത്രം നിലനിർത്താൻ നിർബന്ധിതമാക്കുന്നു
സ്ക്രീനുകൾ ഉപയോഗിക്കുമ്പോൾ നമ്മൾ കണ്ണ് ചിമ്മുന്നത്, സാധാരണയുള്ളതിനേക്കാൾ 60% കുറവാണ്.
സാധാരണ ലക്ഷണങ്ങൾ:
- കണ്ണിൽ കരട് പോയതുപോലെയുള്ള തോന്നൽ, കണ്ണ് നീറ്റൽ അല്ലെങ്കിൽ വരൾച്ച
- കാഴ്ചയിൽ അനുഭവപ്പെടുന്ന മങ്ങൽ
- കണ്ണിന് അനുഭവപ്പെടുന്ന അമിത ക്ഷീണം
- തലവേദന
- ഫോൺ ഉപയോഗത്തിന് ശേഷം പെട്ടെന്ന് മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
കുട്ടികളുടെ കണ്ണിന്റെ വികാസം പൂർണ്ണമാകാത്തതിനാൽ ഇത്തരം പ്രശ്നങ്ങൾ അവരെ കൂടുതൽ വേഗത്തിൽ ബാധിക്കാൻ സാധ്യതയുണ്ട്.
ഞരമ്പുകളുടെ മർദ്ദവും പേശീ തളർച്ചയും
ടെക് നെക്ക്, ടെക്സ്റ്റ് തംബ്, സ്ക്രീൻ ഐസ് എന്നിവ അമിതോപയോഗം കൊണ്ട് മാത്രം ഉണ്ടാകുന്നതല്ല. ഞരമ്പുകളുടെ മർദ്ദവും (Nerve compression) പേശികളുടെ അസന്തുലിതാവസ്ഥയും ഈ അസുഖങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്.
അനുയോജ്യമല്ലാത്ത ശാരീരിക നില (Poor posture) കഴുത്തിലെയും തോളിലെയും ഞരമ്പുകളിൽ അമിതമർദ്ദം ചെലുത്തും. ഇത് കൈവേദന,വിരലുകളിൽ തരിപ്പ്, കൈകളുടെ ദൗർബല്യം എന്നീ ബുദ്ധിമുട്ടുകൾക്കിടയാക്കും.
കണ്ണിന് അനുഭവപ്പെടുന്ന അമിത സമ്മർദ്ദം (Eye strain) പലപ്പോഴും താഴെ പറയുന്നവയോടൊപ്പമാണ് കണ്ടുവരുന്നത്:
- കഴുത്തിലെ വലിച്ചിൽ
- ചുമലിലെ പിടുത്തം
- താടിയെല്ലിലെ മുറുക്കം
അതുകൊണ്ടാണ് ലക്ഷണങ്ങൾക്ക് മാത്രം ചികിത്സ നൽകുന്നത് പലപ്പോഴും ഫലം കാണാത്തത്. നമ്മുടെ ശാരീരിക നിലയിലുള്ള അപാകതകളാണ് യഥാർത്ഥ കാരണം.
ഈ ലക്ഷണങ്ങൾ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ട്?
മിക്ക ആളുകളും ഈ പ്രശ്നങ്ങൾക്ക് കൃത്യമായ ചികിത്സ തേടാത്തതിന് പിന്നിൽ ചില കാരണങ്ങളുണ്ട്:
- ലക്ഷണങ്ങൾ വളരെ സാവധാനത്തിലാണ് പ്രത്യക്ഷപ്പെടുന്നത്
- തുടക്കത്തിൽ വേദന വളരെ കുറവായിരിക്കും
- ഈ അസ്വസ്ഥതകൾ ജോലിഭാരം കൊണ്ടോ പ്രായം കൂടുന്നതു കൊണ്ടോ
ആണെന്ന് പലരും തെറ്റിദ്ധരിക്കുന്നു
എന്നാൽ, ശരീരത്തിനേൽക്കുന്ന ഇത്തരം ചെറിയ ആഘാതങ്ങൾ പ്രകടമാകാതെതന്നെ വർദ്ധിച്ചുകൊണ്ടിരിക്കും. തുടക്കത്തിലെ ഈ മുന്നറിയിപ്പുകൾ അവഗണിച്ചാൽ, അത് പിന്നീട് ഗുരുതര ആരോഗ്യപ്രശ്നങ്ങളായി മാറാൻ സാധ്യതയുണ്ട്.
ലളിതമായ പരിഹാരങ്ങളിലൂടെ വലിയ നേട്ടങ്ങൾ
ടെക് നെക്ക് തടയാൻ:
- ഫോണും ലാപ്ടോപ്പും കണ്ണിന്റെ നേർരേഖയിലുള്ള ഉയരത്തിൽ (Eye level) വെച്ച് ഉപയോഗിക്കുക
- നട്ടെല്ലിന് കൃത്യമായ സപ്പോർട്ട് നൽകുന്ന സൗകര്യപ്രദമായ കസേരകൾ (Ergonomic chairs) ഉപയോഗിക്കുക
- ഓരോ 30–45 മിനിറ്റിലും ഇരിക്കുന്ന പൊസിഷനിൽ മാറ്റം വരുത്തുകയോ എഴുന്നേറ്റു നടക്കുകയോ ചെയ്യുക
- ദിവസവും കഴുത്തിന് ആശ്വാസം നൽകുന്ന ചെറിയ വ്യായാമങ്ങൾ (Stretches) ചെയ്യുക
ടെക്സ്റ്റ് തംബ് തടയാൻ:
- സ്ക്രോൾ ചെയ്യുമ്പോൾ എപ്പോഴും തള്ളവിരൽ മാത്രം ഉപയോഗിക്കാതെ മറ്റ് വിരലുകൾ കൂടി മാറി മാറി ഉപയോഗിക്കുക
- കഴിയുമെങ്കിൽ ടൈപ്പ് ചെയ്യുന്നതിന് പകരം വോയ്സ് ടൈപ്പിംഗ് (Voice typing) ശീലമാക്കുക.
- ദീർഘനേരം ഒരു കൈ കൊണ്ട് മാത്രം ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക
- കൃത്യമായ ഇടവേളകളിൽ തള്ളവിരലിലെയും കൈത്തണ്ടയിലെയും പേശികൾക്ക് വ്യായാമം നൽകുക
സ്ക്രീൻ ഐസ് തടയാൻ:
- 20–20–20 നിയമം പാലിക്കുക: ഓരോ 20 മിനിറ്റ് കൂടുമ്പോഴും 20 അടി ദൂരത്തുള്ള ഒരു വസ്തുവിലേക്ക് 20 സെക്കൻഡ് നേരം നോക്കുക.
- ഫോണിലെയും കമ്പ്യൂട്ടറിലെയും അക്ഷരങ്ങളുടെ വലിപ്പം (Font size) വർദ്ധിപ്പിക്കുക
- സ്ക്രീനിലെ വെളിച്ചം (Brightness) കണ്ണിന് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ക്രമീകരിക്കുക
- മുറിയിൽ ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്തുക (ഇരുട്ടത്തിരുന്ന് ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക).
എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്?
താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെയോ ഫിസിയോതെറാപ്പിസ്റ്റിനെയോ കണ്ട് ഉപദേശം തേടുക:
- 2-3 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിട്ടുമാറാത്ത വേദന
- കൈകളിലും വിരലുകളിലും മരവിപ്പും തരിപ്പും അനുഭവപ്പെടുക
- സ്ക്രീൻ ഉപയോഗിക്കുമ്പോൾ കഠിനമായ തലവേദന
- വിശ്രമിച്ചിട്ടും കാഴ്ചയിൽ അനുഭവപ്പെടുന്ന വ്യത്യാസങ്ങൾ മാറുന്നില്ലെങ്കിൽ
ശ്രദ്ധിക്കേണ്ടത്: സാങ്കേതികവിദ്യയ്ക്ക് പരിധികൾ നിശ്ചയിക്കണം
സാങ്കേതികത വളർന്നു വികസിച്ചത് നമ്മുടെ കാര്യങ്ങളെല്ലാം സുഗമമാക്കാനായാണ്. ഡിജിറ്റൽ കാലത്തെ വൃഥാ കുറ്റപ്പെടുത്തുന്നതിനു പകരം അതിൻ്റെ ഉപയോഗത്തിൽ നമുക്കു പറ്റുന്ന പിഴവുകൾ തിരുത്തുകയാണ് വേണ്ടത്.
നമ്മുടെ ശരീരം, മണിക്കൂറുകളോളം സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കാൻ വേണ്ടി രൂപപ്പെട്ടതല്ല. ബോധപൂർവ്വം ചില നല്ല ശീലങ്ങൾ ആർജിച്ചെടുത്താൽ, ഈ ആരോഗ്യപ്രശ്നങ്ങളെയെല്ലാം നമുക്ക് തടയാൻ സാധിക്കും.
ടെക് നെക്ക്, ടെക്സ്റ്റ് തംബ്, സ്ക്രീൻ ഐസ് തുടങ്ങിയ പ്രയാസങ്ങൾ വാസ്തവത്തിൽ നമ്മുടെ ശരീരം നൽകുന്ന സൂചനകളാണ്. നമ്മുടെ ഡിജിറ്റൽ ജീവിതവും ശാരീരിക ആരോഗ്യവും തമ്മിൽ പൊരുത്തം ആവശ്യമാണെന്ന് മനസ്സിലാക്കിയാൽ ഈ പ്രശ്നങ്ങളോട് ഗുഡ് ബൈ പറയാനാകും.
ആധുനിക കാലത്തെ ആരോഗ്യ വെല്ലുവിളികളെ നേരിടാൻ ശാസ്ത്രീയമായ അറിവും കൃത്യമായ മുൻകരുതലുകളും സ്വന്തം ആരോഗ്യത്തിലുള്ള ശ്രദ്ധയും അനിവാര്യമാണെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.




