കുഞ്ഞുവാശികൾ കടന്ന്, വലിയ വിജയത്തിലേക്ക്: കുഞ്ഞുമനസ്സിലേക്ക് അലിവാർന്ന മാതൃത്വം പകരാൻ

വലുതാകുമ്പോൾ നല്ല വ്യക്തികളായിത്തീരണമെങ്കിൽ, കുഞ്ഞുങ്ങളെ കർശനമായ അച്ചടക്കത്തോടെ, അനുസരണാശീലത്തോടെ വളർത്തണമെന്ന് വിശ്വസിക്കുന്നവരാണ് പല രക്ഷിതാക്കളും. എന്നാൽ, അതിൽ നിന്നു വ്യത്യസ്തമായി സ്നേഹവും സഹാനുഭൂതിയും നൽകി കുട്ടികളെ വളർത്തുന്ന പുതിയ രീതിയാണ് ജെന്റിൽ പേരന്റിംഗ് (Gentle Parenting). കുട്ടികൾ വാശി പിടിക്കുമ്പോഴും കരയുമ്പോഴും അവരെ ശിക്ഷിക്കുന്നതിന് പകരം, കുഞ്ഞുങ്ങൾക്ക് പറയാനുള്ളത് കേൾക്കാനും അവരെ മനസ്സിലാക്കാനും ശരിയായ വഴിയിലൂടെ നയിക്കാനും ഈ രീതി സഹായിക്കുന്നു.
1. എന്താണ് ജെന്റിൽ പേരന്റിംഗ്?
കുട്ടികളുടെ സ്വഭാവത്തെ കുറ്റപ്പെടുത്തി അവരെ വഴക്ക് പറയുന്നതിന് മുമ്പ്, അവരുമായി നല്ലൊരു വൈകാരികബന്ധം സൃഷ്ടിക്കുന്നതിലാണ് ജെന്റിൽ പേരന്റിംഗ് ഊന്നൽ നൽകുന്നത്. ശിക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പകരം, കുട്ടികളുടെ വികാരങ്ങൾ മനസ്സിലാക്കാനും പരസ്പരം ബഹുമാനിക്കാനും ഇത് പഠിപ്പിക്കുന്നു. കുഞ്ഞുമനസ്സ് വേദനിപ്പിക്കുന്നതിന് പകരം, ഈ രീതിയിലൂടെ കുഞ്ഞിന് തിരിച്ചറിവുണ്ടാക്കുന്നു.
ഇത് പ്രധാനമായും 4 അടിസ്ഥാന മൂല്യങ്ങളിൽ അധിഷ്ഠിതമാണ്:
- സഹാനുഭൂതി : നിങ്ങളുടെ കുഞ്ഞിൻ്റെ വികാരങ്ങളെയും പ്രയാസങ്ങളേയും അംഗീകരിക്കുക, അതിന് വേണ്ട മൂല്യം കൽപ്പിക്കുക.
- ബഹുമാനം : ഓരോ കുട്ടിക്കും അവരുടേതായ കഴിവും വ്യക്തിത്വവും ഉണ്ടെന്ന് മനസ്സിലാക്കി അതിനെ മാനിക്കുക.
- തിരിച്ചറിവ്: കുട്ടികളുടെ ഓരോ പെരുമാറ്റത്തിലും അവർ എന്തെങ്കിലും പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതായി മനസ്സിലാക്കുക. അവരുടെ ആവശ്യങ്ങൾ എന്താണെന്ന് തിരിച്ചറിയുക.
- അതിരുകൾ നിർണ്ണയിക്കുക: സ്നേഹത്തോടെ, എന്നാൽ ഉറച്ച നിലപാടുകളോടെ കുട്ടികൾക്ക് ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുക. അതിരുകൾ എവിടെ വരെ എന്ന് നമ്മൾ പറയാതെ തന്നെ ക്രമേണ കുഞ്ഞിന് സ്വാഭാവികമായി തിരിച്ചറിയാൻ സാധിക്കും.
2. ഇന്ത്യയിൽ ജെന്റിൽ പേരന്റിംഗ് ആവശ്യമാകുന്നത് എന്തുകൊണ്ട്?
നമ്മുടെ നാട്ടിൽ കുട്ടികളെ വളർത്തുന്ന പരമ്പരാഗത രീതികളിൽ, മുതിർന്നവരെ അണുവിട തെറ്റാതെ അനുസരിക്കുന്നതിനാണ് പലപ്പോഴും പ്രാധാന്യം നൽകുന്നത്. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെങ്കിലും, ചിലപ്പോൾ കുട്ടികളുടെ മാനസികവും വൈകാരികവുമായ ആവശ്യങ്ങൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. കർശനമായി അനുസരിക്കണമെന്ന വ്യവസ്ഥയോടൊപ്പം വല്ലാത്തൊരു ഭീതിയും കുട്ടികളിൽ ഉടലെടുത്തേക്കാം. ഇത് മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവയ്ക്കും മാതാപിതാക്കളുമായുള്ള ബന്ധം മോശമാകുന്നതിനും ഇടയാക്കും.
ഇവിടെയാണ് ജെന്റിൽ പേരന്റിംഗിൻ്റെ പ്രസക്തി. പരസ്പര ബഹുമാനത്തിൽ വിശ്വസിക്കുന്ന ഇന്ത്യൻ മൂല്യങ്ങളെ നിലനിർത്തിക്കൊണ്ടുതന്നെ, കുട്ടികളിൽ വൈകാരികമായ കഴിവുകൾ വളർത്താനും സ്നേഹവും ആദരവുമുള്ള കുടുംബബന്ധം വാർത്തെടുക്കാനും ഈ രീതി സഹായിക്കുന്നു.
3. വാശിയെ സ്നേഹത്തോടെ കൈകാര്യം ചെയ്യാം
കുട്ടികളുടെ വാശിയെ ദുശ്ശീലമായി കാണേണ്ടതില്ല. അത്, അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള മാർഗ്ഗമാണ്. ജെന്റിൽ പേരന്റിംഗ് രീതി അനുസരിച്ച് ഈ സാഹചര്യങ്ങളിൽ ചെയ്യേണ്ടത് ഇതാണ്:
- ശാന്തത പാലിക്കുക: നമ്മൾ ശാന്തരായിരുന്നാൽ മാത്രമേ കുട്ടികളെ സമാധാനിപ്പിക്കാൻ കഴിയൂ.
- സുരക്ഷ ഉറപ്പാക്കുക: വാശിപിടിക്കുമ്പോൾ കുട്ടി സ്വയം വേദനിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
- വികാരങ്ങളെ അംഗീകരിക്കുക: കുഞ്ഞുങ്ങളുടെ വിഷമം രക്ഷിതാക്കൾക്ക് മനസ്സിലായി എന്ന് അവർ തിരിച്ചറിയണം. നമ്മൾ അത് പറഞ്ഞാൽ മാത്രമേ ചിലപ്പോൾ അവർക്കത് ഉൾക്കൊള്ളാനാകുകയുള്ളൂ. “മോന്/മോൾക്ക് വിഷമമായെന്ന് അമ്മയ്ക്ക് മനസ്സിലായി” എന്ന് അവരോട് പറയുക.
ഒരമ്മ പങ്കുവെച്ച അനുഭവം ഇങ്ങനെയാണ്:
“ഒരു കുഞ്ഞ് വാശിപിടിച്ച് കരയുമ്പോൾ, അവർ വല്ലാത്ത വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആ സമയത്ത് അവരോട് ദേഷ്യപ്പെടുകയോ മോശമായി പെരുമാറുകയോ ചെയ്താൽ, അവരുമായുള്ള നമ്മുടെ ബന്ധം എന്നെന്നേക്കുമായി നഷ്ടപ്പെടും.”
ശിക്ഷിക്കുന്ന രീതിയിൽ നിന്ന് മാറി, കുട്ടികളുടെ വിഷമം മനസ്സിലാക്കി കൂടെ നിന്നപ്പോൾ അവരുടെ വാശിയും കരച്ചിലും പതിയെ കുറഞ്ഞുവന്നുവെന്നും ആ അമ്മ വ്യക്തമാക്കുന്നു.
4. എങ്ങനെ പ്രായോഗികമാക്കാം?
- അഭിനന്ദിക്കുക: വെറുതെ ‘മിടുക്കൻ/മിടുക്കി’ എന്ന് പറയുന്നതിന് പകരം, എന്തിനാണ് അഭിനന്ദിക്കുന്നതെന്ന് വ്യക്തമാക്കുക.
- ഭവിഷ്യത്തുകൾ പറഞ്ഞു മനസ്സിലാക്കുക: കുഞ്ഞുങ്ങൾ വാശി പിടിക്കുന്ന കാര്യം അതേപടി പ്രാവർത്തികമാക്കിയാലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അവരെ പറഞ്ഞ് മനസ്സിലാക്കുന്നത് നല്ലതാണ്. “ഭക്ഷണം പാത്രത്തിൽ വെച്ചില്ലെങ്കിൽ ഉച്ചയ്ക്ക് നിനക്ക് വിശക്കും” എന്ന് പറയുന്നതിലൂടെ, ശിക്ഷിക്കാതെ തന്നെ അവരെ ഉത്തരവാദിത്തം പഠിപ്പിക്കാം.
- സമയം നൽകി മാറ്റങ്ങൾ കൊണ്ടുവരുക: പെട്ടെന്ന് ഒരു കാര്യം നിർത്താൻ പറയുന്നതിന് പകരം, “അഞ്ച് മിനിറ്റ് കൂടി കളിച്ചോളൂ, എന്നിട്ട് നമുക്ക് കുളിക്കാൻ പോകാം” എന്ന് പറയാം. ഇത് വഴക്കുകൾ ഒഴിവാക്കാൻ സഹായിക്കും. കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങൾ അമ്മയ്ക്ക് മനസ്സിലാകുന്നുണ്ടെന്ന് കുഞ്ഞ് തിരിച്ചറിയും.
5. വെല്ലുവിളികളും അവയെ മറികടക്കാനുള്ള വഴികളും
1.കുടുംബത്തിലെ മുതിർന്നവരുടെ കാഴ്ചപ്പാടുകൾ: വീട്ടിലെ പ്രായമായവർക്ക് കർശനമായ അച്ചടക്ക രീതികളോടായിരിക്കും താല്പര്യം.
2.സ്കൂളിൽ നിന്നുള്ള സമ്മർദ്ദം: പഠനത്തിലെ സമ്മർദ്ദം കാരണം കുട്ടികൾ എപ്പോഴും അനുസരണയോടെ ഇരിക്കണമെന്ന് പലരും വാശിപിടിച്ചേക്കാം.
3.രക്ഷാകർത്താക്കളുടെ മാനസിക പിരിമുറുക്കം: കുട്ടികളോട് ശാന്തമായി പെരുമാറാൻ, മാതാപിതാക്കൾ ആദ്യം സ്വയം സ്നേഹിക്കാനും ക്ഷമിക്കാനും പഠിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ പുതിയ കാലഘട്ടത്തിലെ മാതാപിതാക്കൾ, ഈ രീതികളിൽ പതുക്കെ മാറ്റം കൊണ്ടുവരുന്നുണ്ട്. ‘ഞാൻ അനുഭവിച്ചത് എന്റെ കുട്ടി അനുഭവിക്കരുത്’ എന്ന് അവർ ചിന്തിക്കുന്നു. ആയിരക്കണക്കിന് അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മകൾ ജെന്റിൽ പേരന്റിംഗിന് ഇന്ത്യയിൽ സ്വീകാര്യത ഏറിവരുന്നതിന് തെളിവാണ് .
6. ഒരു യഥാർത്ഥ വിജയം: കണ്ണുനീരിൽ നിന്ന് സന്തോഷത്തിലേക്ക്
ദാദറിലുള്ള നീലം എന്ന അമ്മയുടെ അനുഭവം തന്നെ നോക്കാം: അവരുടെ 7 വയസ്സുള്ള മകൻ, തൻ്റെ അനിയത്തിയെ സഹായിച്ചപ്പോൾ അവർ അവനെ അഭിനന്ദിച്ചു. പിറ്റേദിവസം, “മോൻ ഇന്നലെ എത്ര ക്ഷമയോടെയാണ് പെരുമാറിയതെന്ന് അമ്മ ശ്രദ്ധിച്ചു” എന്ന് സ്നേഹത്തോടെ പറഞ്ഞപ്പോൾ, അവൻ്റെ പെരുമാറ്റം സ്വാഭാവികമായും കൂടുതൽ നന്നായി. അമ്മ നൽകിയ ആ ചെറിയ അംഗീകാരം അവന് ആത്മവിശ്വാസം നൽകുകയും അവന്റെ സ്വഭാവത്തിൽ നല്ല മാറ്റം വരുത്തുകയും ചെയ്തു.
ജെന്റിൽ പേരന്റിംഗ് എന്നാൽ കുട്ടികളെ എന്തും ചെയ്യാൻ അനുവദിക്കുക എന്നല്ല, അവരെ നിയന്ത്രിക്കാതിരിക്കുക എന്നല്ല. മറിച്ച്, സ്നേഹത്തിലൂടെയും ശരിയായ മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും അവരെ കാര്യങ്ങൾ പഠിപ്പിക്കാനുള്ള ഒരു തെരഞ്ഞെടുപ്പാണത്. ഇന്ത്യൻ അമ്മമാരെ സംബന്ധിച്ചിടത്തോളം, നമ്മുടെ സംസ്കാരത്തിലെ നല്ല മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടുതന്നെ, വികാരങ്ങളെ മനസ്സിലാക്കാനും മറ്റുള്ളവരെ ബഹുമാനിക്കാനും കഴിവുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് പ്രധാനം. കുട്ടികളുടെ കണ്ണുനീരിനു മൂല്യം കൽപ്പിക്കുമ്പോഴും അവരുടെ വാശികളെ ക്ഷമയോടെ നേരിടുമ്പോഴും നമ്മൾക്ക് അവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് യഥാർത്ഥ വിജയങ്ങളിലേക്ക് വഴിയൊരുക്കും.




