പല്ലുകളുടെയും വായയുടെയും സംരക്ഷണം: മൊത്തത്തിലുള്ള ആരോഗ്യത്തിന് കരുത്തേകുന്ന ശീലം

പല്ലുകളുടെയും വായയുടെയും സംരക്ഷണം: മൊത്തത്തിലുള്ള ആരോഗ്യത്തിന് കരുത്തേകുന്ന ശീലം

മനസ്സുതുറന്ന് ചിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. അങ്ങനെ ചിരിക്കാനുള്ള കാരണങ്ങൾ ഉണ്ടാകുമ്പോഴും ചിരിക്കാൻ പ്രയാസപ്പെടുന്ന ചിലരുണ്ട്. പല്ലുകളെക്കുറിച്ച്, വായയെക്കുറിച്ച് ആത്മവിശ്വാസം ഇല്ലാത്തവരാണ് ആ ഗണത്തിൽപ്പെടുന്നത്. ഓരോ ചിരിയും പറയാതെ പറയുന്ന ചില വസ്തുതകളുണ്ട്- ആത്മവിശ്വാസം, ആരോഗ്യം, ശ്രദ്ധ എന്നിങ്ങനെ എല്ലാവർക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ചില കാര്യങ്ങൾ.

പല്ലുതേപ്പിൻ്റെ പ്രാധാന്യത്തെപ്പറ്റി എല്ലാമറിയാമെങ്കിലും പലരും അത് എളുപ്പത്തിൽ തീർക്കാവുന്ന ഒരു ചടങ്ങുമാത്രമായാണ് കണക്കാക്കുന്നത് എന്നതാണ് സത്യം. ഉറക്കച്ചടവോടെ, കാപ്പികുടിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒന്നുരണ്ടു മിനിറ്റ് നേരത്തെ കാര്യം മാത്രമായി പല്ലുതേപ്പിനെ ചുരുക്കുമ്പോൾ, പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങും.

 നമ്മുടെ ശരീരത്തിലേക്ക് തുറക്കുന്ന കവാടമാണ് വായ. വായ്ക്കുള്ളിലുള്ള ബാക്ടീരിയകളും ഭക്ഷണാവശിഷ്ടങ്ങളും നമ്മുടെ ശീലങ്ങളും, ഹൃദയാരോഗ്യം മുതൽ പ്രതിരോധശേഷി വരെയുള്ള എല്ലാ ഘടകങ്ങളേയും സ്വാധീനിക്കാൻ കഴിവുള്ളവയാണ്.

വായയുടെ സംരക്ഷണത്തിന് പിന്നിലുള്ള ശാസ്ത്രം എന്തെന്ന് nellikka.life ലൂടെ നമുക്ക് മനസ്സിലാക്കാം. വായുടെ ആരോഗ്യത്തിന് ശ്രദ്ധ നൽകേണ്ടതിൻ്റെ ആവശ്യകത, വായിലെ രോഗങ്ങൾ എങ്ങനെ ശരീരത്തെ ഒന്നാകെ സ്വാധീനിക്കുന്നു, ആയുഷ്ക്കാലം മുഴുവൻ ആരോഗ്യമുള്ള പല്ലുകൾ സ്വായത്തമാക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും വിശദമായി പരിശോധിക്കാം.

വായയുടെ ആരോഗ്യം പല്ലുകളിൽ മാത്രം ഒതുങ്ങുന്നതല്ല

നമ്മുടെ വായയിൽ എഴുന്നൂറിലേറെത്തരം ബാക്ടീരിയകൾ വസിക്കുന്നുണ്ട്. ഇതിൽ ചിലത് നല്ല ബാക്ടീരിയകളാണ് — അവ ഭക്ഷണം ദഹിപ്പിക്കാനും ദോഷകരമായ മറ്റ് സൂക്ഷ്മാണുക്കളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. എന്നാൽ വായുടെ ശുചിത്വം കുറയുമ്പോൾ, ദോഷകരമായ ബാക്ടീരിയകൾ പെരുകുകയും പ്ലാക്ക്, മോണവീക്കം എന്നിവ വരാനും കാലക്രമേണ പല്ലുകൾ കേടാകാനും കാരണമാകുന്നു. 

അമേരിക്കൻ ഡെന്റൽ അസോസിയേഷൻ, വായയുടെ ആരോഗ്യത്തെ, ‘ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യം പ്രതിഫലിപ്പിക്കുന്ന കണ്ണാടി’ എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം, മോണരോഗങ്ങൾക്കിടയാക്കുന്ന അതേ ബാക്ടീരിയകൾക്ക്, രക്തത്തിൽ കലർന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ആക്രമിക്കാൻ കഴിയും എന്നതുതന്നെ. 

സാദ്ധ്യതയുള്ള സങ്കീർണ്ണതകൾ ഇനിപ്പറയുന്നു:

  • ഹൃദയ സംബന്ധമായ രോഗങ്ങളും പക്ഷാഘാതവും (Stroke)
  • പ്രമേഹ സങ്കീർണ്ണതകൾ (Diabetes complications)
  • ശ്വസന സംബന്ധമായ അണുബാധകൾ (Respiratory infections)
  • ഗർഭകാല സങ്കീർണ്ണതകൾ

അതായത്, ടൂത്ത് ബ്രഷ്, നമ്മുടെ ചിരിയെ മാത്രമല്ല സംരക്ഷിക്കുന്നത് — അത് ഹൃദയത്തെയും ശ്വാസകോശത്തെയും ഗർഭസ്ഥശിശുവിനെപ്പോലും കാത്തുസൂക്ഷിക്കുന്നു.

അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാം: പ്ലാക്ക്, ടാർട്ടർ, മോണരോഗം

  • പ്ലാക്ക് (Plaque) ഭക്ഷണം കഴിച്ച ശേഷം പല്ലുകളിൽ ഉണ്ടാകുന്ന മൃദുവായതും ഒട്ടിപ്പിടിക്കുന്നതുമായ ബാക്ടീരിയകളുടെ പാടയാണിത്. വൃത്തിയാക്കിയില്ലെങ്കിൽ ഇതിന് കട്ടികൂടുന്നു.
  • ടാർട്ടർ (Tartar/Calculus) കട്ടിയായ പ്ലാക്കാണിത്. ബ്രഷ് ചെയ്യുന്നത് കൊണ്ട് മാത്രം ഇത്  നീക്കം ചെയ്യാൻ കഴിയില്ല. ഇതിന് ഡെന്റിസ്റ്റിന്റെ സഹായം ആവശ്യമാണ്.
  • ജിഞ്ചിവിറ്റിസ് (Gingivitis)മോണവീക്കത്തിന്റെ ആദ്യ ഘട്ടം. ബ്രഷ് ചെയ്യുമ്പോൾ മോണകൾ ചുവക്കുകയും രക്തം വരുകയും ചെയ്യും.
  • പെരിയോഡോണ്ടൈറ്റിസ് (Periodontitis)മോണരോഗം മൂർച്ഛിക്കുന്ന അവസ്ഥ. പല്ലിനെ താങ്ങിനിർത്തുന്ന എല്ലുകൾ ദുർബലമാവുകയും പല്ലുകൾക്ക് ഇളക്കം സംഭവിക്കുകയും ചെയ്യുന്നു.

മോണരോഗം പ്രകടമാകാത്ത തരത്തിലാണ് ഉണ്ടാകുക. വേദനയോ മുന്നറിയിപ്പോ ഒന്നുമില്ലാതെ അത് വഷളാകും. അതുകൊണ്ട്, കേടുപാടുകൾ ഗുരുതരമാകുംമുമ്പ് തിരിച്ചറിയാൻ കൃത്യമായ ദന്ത പരിശോധന അത്യാവശ്യമാണ്.

ശാസ്ത്രീയവും ലളിതവുമായ ദന്താരോഗ്യ ചര്യ 

1. ദിവസവും രണ്ടുനേരം ശരിയായ രീതിയിൽ ബ്രഷ് ചെയ്യുക 

  • മൃദുവായ നാരുകളുള്ള (Soft-bristled) ടൂത്ത് ബ്രഷും ഫ്ലൂറൈഡ് അടങ്ങിയ പേസ്റ്റും ഉപയോഗിക്കുക.
  • പല്ലും മോണയും ചേരുന്ന ഭാഗത്തേക്ക് ബ്രഷ് 45° ചരിച്ചുപിടിച്ച്  വേണം ബ്രഷ് ചെയ്യാൻ.
  • വൃത്താകൃതിയിൽ ചലിപ്പിച്ച്  2 മിനിറ്റ് നേരം പതുക്കെ ബ്രഷ് ചെയ്യുക.
  • നാവ് വൃത്തിയാക്കാൻ മറക്കരുത്. ശുചിത്വം ഇല്ലാതിരുന്നാൽ ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകൾ നാവിൽ വളരാനിടയാകും. 

2. ദിവസവും ഫ്ലോസ് ചെയ്യുക 

ബ്രഷിൻ്റെ നാരുകൾക്ക് എത്താൻ കഴിയാത്ത പല്ലുകൾക്കിടയിലെ വിടവുകളിൽച്ചെന്ന് ഭക്ഷണാവശിഷ്ടങ്ങളും പ്ലാക്കും നീക്കാൻ ഫ്ലോസ് ഉപയോഗിക്കണം.

ഫ്ലോസ് ചെയ്യാതിരിക്കുന്നത്, കുളിക്കുമ്പോൾ കക്ഷം കഴുകാതിരിക്കുന്നത് പോലെയാണ്!

3. മൗത്ത് വാഷ് ഉപയോഗിക്കുക (വിവേകപർവ്വം വേണം)

ബാക്ടീരിയകളെ കുറയ്ക്കാൻ സഹായിക്കുന്ന ആന്റിമൈക്രോബിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കാം. വായിലെ വരൾച്ച ഒഴിവാക്കാൻ ആൽക്കഹോൾ ഇല്ലാത്തവ തെരഞ്ഞെടുക്കുക.

ഫ്ലൂറൈഡ് അടങ്ങിയ മൗത്ത് വാഷ് പല്ലിന്റെ ഇനാമലിന് കരുത്തുനൽകും. 

4. ടൂത്ത് ബ്രഷ് ഇടയ്ക്കിടെ മാറ്റുക

3–4 മാസം കൂടുമ്പോഴോ അല്ലെങ്കിൽ ബ്രഷിന്റെ നാരുകൾ ദുർബലമാകുന്നതിന് മുൻപോ മാറ്റാം.

 ഒഴിവാക്കാം:

  • പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും സോഡകളും — ഇവ ആസിഡ് ഉണ്ടാക്കുന്ന ബാക്ടീരിയകളെ വളർത്തുന്നു.
  • പല്ലിൻറെ ഇനാമലിൽ ഒട്ടിപ്പിടിക്കുന്ന കട്ടിയുള്ള പലഹാരങ്ങൾ (ഉദാഹരണത്തിന്, കാരമൽ, ശർക്കര).
  • ഇടവിട്ടിടവിട്ട് കുറേശ്ശെ കഴിക്കുന്നത് — ഇത് ദിവസം മുഴുവൻ ആസിഡിന്റെ അളവ് കൂട്ടാൻ കാരണമാകും.

കഴിക്കേണ്ടവ:

  • കറുമുറുപ്പുള്ള പഴങ്ങളും പച്ചക്കറികളും (ആപ്പിൾ, കാരറ്റ്, വെള്ളരി) — ഇവ പ്ലാക്ക് നീക്കം ചെയ്യുന്ന സ്വാഭാവിക സ്ക്രബറുകളാണ്.
  • പാൽ ഉത്പന്നങ്ങൾ, എള്ള്, റാഗി — കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ്.
  • ഗ്രീൻ ടീ — ഇതിലെ കാറ്റെച്ചിൻസ് (Catechins) വായിലെ ബാക്ടീരിയകളെ ചെറുക്കുന്നു.
  • ധാരാളം വെള്ളം കുടിക്കുക — ഇത് ഉമിനീരിന്റെ ഒഴുക്ക് നിലനിർത്തുകയും ഇനാമലിനെ സ്വാഭാവികമായി സംരക്ഷിക്കുകയും ചെയ്യുന്നു.

വായുടെ ശുചിത്വം കുറഞ്ഞാലുള്ള പ്രശ്നങ്ങൾ

വായയുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില പ്രധാന പ്രശ്നങ്ങൾ ഇവയാണ്:

1.പല്ലുകളിലെ പോട്: ആസിഡ് കാരണം പല്ലുകൾ ദ്രവിക്കുകയും കറുത്ത കുഴികൾ രൂപപ്പെടുകയും ചെയ്യുന്നു. വേദനയും ഉണ്ടാകും.  

2.ദുർഗന്ധം: വായിൽക്കിടന്ന് അഴുകുന്ന ഭക്ഷണാവശിഷ്ടങ്ങളും ബാക്ടീരിയകളുടെ പ്രവർത്തനവും മൂലം ദുർഗന്ധം ഉണ്ടാകുന്നു.

3.പല്ലുകൾ ഇളകിപ്പോകുന്നു: കഠിനമായ മോണരോഗം പല്ലുകളുടെ വേരുകളെയും താങ്ങി നിർത്തുന്ന എല്ലുകളെയും ദുർബലമാക്കുമ്പോൾ പല്ലുകൾ ഇളകിപ്പോകുന്നു.

4.വായ്ക്കുള്ളിലെ അർബുദം: പുകയില, അടയ്ക്ക എന്നിവ ഉപയോഗിക്കുന്നവരിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.

5. നീർവീക്കം : മോണരോഗത്തിന് കാരണമാകുന്ന ബാക്ടീരിയകൾ രക്തത്തിൽ പ്രവേശിച്ച് സന്ധിവാതം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

മുതിർന്നവർക്കും പ്രായമായവർക്കും പ്രത്യേക ശ്രദ്ധ വേണം

പ്രായം കൂടുമ്പോൾ പല കാരണങ്ങൾകൊണ്ടും ഉമിനീരിന്റെ ഉത്പാദനം കുറയുന്നു. മരുന്നുകളുടെ ഉപയോഗവും വായ വരളാൻ കാരണമാകാം. ഇത് മോണകളെ കൂടുതൽ ദുർബലമാക്കും.

  • വായ വരളുന്നുണ്ടെങ്കിൽ, പഞ്ചസാര ചേർക്കാത്ത മിഠായികളോ (lozenges) കൃത്രിമ ഉമിനീരോ (artificial saliva) ഉപയോഗിക്കുക.
  • കൃത്രിമ പല്ലുകൾ (Dentures) ഉണ്ടെങ്കിൽ, ഭക്ഷണം കഴിച്ച ശേഷം അത് അഴിച്ചു കഴുകി വൃത്തിയായി സൂക്ഷിക്കുക.
  • വേദന ഇല്ലെങ്കിൽ പോലും, ആറുമാസത്തിലൊരിക്കൽ ഡെന്റിസ്റ്റിനെ കാണുന്നത് ശീലമാക്കുക.
  • വായിൽ വെളുത്ത പാടുകളോ ഉണങ്ങാത്ത മുറിവുകളോ കാണുകയാണെങ്കിൽ ഉടൻ ഡോക്ടറെ കാണണം — ഇത് വായിലെ കാൻസറിന്റെ ആദ്യ ലക്ഷണങ്ങളാകാം.

ചെറുപ്പത്തിലേ തുടങ്ങാം: കുട്ടികളെ ശീലിപ്പിക്കാനുള്ള വഴികൾ

ചെറുപ്പത്തിലേ തന്നെ  വായയുടെ ആരോഗ്യം ശ്രദ്ധിക്കാൻ തുടങ്ങണം.

ആദ്യത്തെ പല്ല് മുളയ്ക്കുമ്പോൾ തന്നെ കുട്ടികളെ ബ്രഷ് ചെയ്യാൻ പഠിപ്പിക്കണം.

ബ്രഷിംഗ് ആനന്ദകരമാക്കാം — പാട്ടുകൾ വയ്ക്കുക, ആകർഷകമായ  നിറങ്ങളിലുള്ള ബ്രഷുകൾ ഉപയോഗിക്കുക. കൃത്യനിഷ്ഠ പാലിക്കുന്നുണ്ടെങ്കിൽ  സമ്മാനങ്ങൾ നൽകി പ്രോൽസാഹിപ്പിക്കാം.

രാത്രി ഉറങ്ങുന്നതിന് മുൻപ് പാൽ, ജ്യൂസ് എന്നിവ കുടിക്കാൻ കൊടുക്കുന്നത് ഒഴിവാക്കുക. ഇത് പല്ലുകൾക്കിടയിൽ കെട്ടിക്കിടന്ന് കേടുപാടുകൾ ഉണ്ടാക്കുന്നു (ബേബി ബോട്ടിൽ കാരിസ്).

വായ സംരക്ഷിക്കാനുള്ള സ്വാഭാവിക വഴികൾ 

  • ഓയിൽ പുള്ളിംഗ് (Oil Pulling): വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് വായ കഴുകുന്നത് (കുലുക്കുഴിയുന്നത്) ബാക്ടീരിയകളെ കുറയ്ക്കാനും വായിലെ ഫ്രഷ്‌നെസ് കൂട്ടാനും സഹായിക്കുന്ന ആയുർവേദ രീതിയാണ്.
  • ഗ്രാമ്പൂ എണ്ണ: ചെറിയ പല്ലുവേദനയ്ക്ക് ഉപയോഗിക്കാവുന്ന സ്വാഭാവിക അണുനാശിനിയാണ്.
  • മഞ്ഞൾ പേസ്റ്റ്: വീക്കം കുറയ്ക്കാനും മോണകൾക്ക് ആശ്വാസം നൽകാനും സഹായിക്കുന്നു.

(ഇവ ആധുനിക ദന്തപരിചരണത്തിന് പകരമാകില്ല, ഒരു സഹായക വസ്തുമായി മാത്രം ഉപയോഗിക്കാം)

ഡെന്റിസ്റ്റിനെ കാണേണ്ടതെപ്പോൾ?

വേദന വരുന്നത് വരെ കാത്തിരിക്കരുത്. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡെന്റിസ്റ്റിനെ കാണുക:

  • മോണയിൽ നിന്ന് രക്തം വരിക
  • ചൂടുള്ളതോ തണുത്തതോ ആയ വസ്തുക്കളോടുള്ള അമിതമായ സെൻസിറ്റിവിറ്റി
  • മാറാത്ത ദുർഗന്ധം
  • ഇളകിയതോ സ്ഥാനചലനം വന്നതോ ആയ പല്ലുകൾ
  • രണ്ടാഴ്ചയായിട്ടും ഉണങ്ങാത്ത വായ്പ്പുണ്ണുകൾ

ഓർക്കുക, പ്രതിരോധം എന്നത്, രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ വളരെ ചെലവ് കുറഞ്ഞതും എളുപ്പമുള്ളതുമാണ്.

ആരോഗ്യത്തെ പ്രതിഫലിക്കുന്ന ചിരി

ചിരിയിൽ സൗന്ദര്യത്തിനുമപ്പുറം ശരീരത്തിന്റെ ജീവശാസ്ത്രപരമായ താളവും പ്രതിഫലിക്കുന്നു.

ശുചിത്വമുള്ള വായ ആത്മവിശ്വാസം വർദ്ധിപ്പിക്കും, രോഗങ്ങളെ തടയും, ഒപ്പം നമ്മുടെ ഊർജ്ജസ്വലത പ്രകടമാക്കുകയും ചെയ്യും.

യഥാർത്ഥ ആരോഗ്യം തുടങ്ങുന്നത് ശുചിത്വമുള്ള ശീലങ്ങളിൽ നിന്നാണെന്ന് nellikka.life വിശ്വസിക്കുന്നു.

രാവിലെ ചായ കുടിക്കും മുൻപ് ബ്രഷ് ചെയ്യുന്നതിലൂടെ, അത്താഴത്തിനുശേഷം ഫ്ലോസ് ചെയ്യുന്നതിലൂടെ, വായുടെ ആരോഗ്യം ശ്രദ്ധിക്കുന്നതിലൂടെ, ഈ ശുചിത്വ ശീലങ്ങൾ അർത്ഥവത്താകുന്നു. 

References

  1. American Dental Association (ADA) – Oral Health Topics, 2024.
  2. World Health Organization – Global Oral Health Status Report (2023).
  3. Harvard School of Dental Medicine – Oral-Systemic Health Connection.
  4. Indian Dental Association – National Oral Health Policy, 2024.
  5. Mayo Clinic – Gum Disease and Heart Disease Link.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe