കരുത്തുറ്റ ശരീരവും തെളിഞ്ഞ മനസ്സും നേടാം: കുട്ടികളുടെ ആരോഗ്യത്തിനും സന്തോഷത്തിനുമായി ഇതാ ശിശുദിന ഗൈഡ്

ഭാവിയെ വാർത്തെടുക്കുന്ന കുരുന്നുകൾക്ക് കരുത്തേകാം
വീണ്ടുമൊരു ശിശുദിനം വന്നെത്തുകയായി. എല്ലാ വർഷവും നവംബർ 14ന് നമ്മൾ ശിശുദിനം ആഘോഷിക്കുന്നുണ്ടല്ലോ. കൊച്ചുകൂട്ടുകാർക്ക് അവരുടെ സന്തോഷവും ചുറുചുറുക്കുമെല്ലാം ആഘോഷിക്കാനുള്ള ഒരു ദിവസം. അവരുടെ പുഞ്ചിരിക്കും സ്വപ്നങ്ങൾക്കുമൊപ്പം, നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ചുകൂടി ഓർക്കാനുള്ള അവസരമാണിത്: നമ്മുടെ കുട്ടികളുടെ ആരോഗ്യം.
ആരോഗ്യമുള്ള കുട്ടികളാണ് രാഷ്ട്രത്തിൻ്റെ ആരോഗ്യമുള്ള ഭാവി. കുത്തിവയ്പ്പുകളിലോ ഡോക്ടറെ കാണിക്കുന്നതിലോ മാത്രം കുട്ടികളുടെ ആരോഗ്യം പൂർണ്ണമാകുന്നില്ല. അവരുടെ ശരീരത്തെയും മനസ്സിനെയും ഹൃദയത്തെയും പരിപോഷിപ്പിക്കുന്ന ശീലങ്ങൾ ചെറുപ്പത്തിലേ വളർത്തിയെടുക്കുക എന്നതും പ്രധാനമാണ്.
കുട്ടികളുടെ ആരോഗ്യം എന്നത്തേക്കാളും പ്രധാനമാകാൻ കാരണം
ഒരു തലമുറയ്ക്ക് മുൻപില്ലാതിരുന്ന പല വെല്ലുവിളികളും ഇന്നത്തെ കുട്ടികൾ നേരിടുന്നുണ്ട്. ജങ്ക് ഫുഡ് സംസ്കാരം, സ്‌ക്രീൻ അഡിക്ഷൻ (മൊബൈൽ/ടിവി അമിതമായി ഉപയോഗിക്കുന്നത്) തുടങ്ങി കുട്ടികളിൽ കൂടിവരുന്ന അമിതവണ്ണം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവയെല്ലാം ഇതിൽപ്പെടുന്നു.
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സിൻ്റെ (IAP) കണക്കനുസരിച്ച്, 8-10 വയസ്സ് പ്രായമുള്ള കുട്ടികളിൽ പോലും ജീവിതശൈലീ രോഗങ്ങൾ കണ്ടുവരുന്നുണ്ട്. ഇതിന് പ്രധാന കാരണം തെറ്റായ ആഹാരക്രമവും വ്യായാമക്കുറവും മാനസിക പിരിമുറുക്കവുമാണ്.
ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന തരത്തിൽ ആരോഗ്യത്തിൻ്റെ അടിത്തറ പാകുന്നത് കുട്ടിക്കാലത്താണ്. അതിനാൽത്തന്നെ, കുട്ടിക്കാലത്തെ ഓരോ തീരുമാനങ്ങളും ഏറെ പ്രധാനമാണ്.
1. പോഷകാഹാരം: വളർച്ചയുടെ അടിസ്ഥാനം
കുട്ടികൾക്ക് സമ്പൂർണ്ണമായ (perfect) ഒരു ഡയറ്റ് അല്ല വേണ്ടത്; മറിച്ച്, സ്ഥായിയായ, സമീകൃതമായ, പല നിറങ്ങളിലുള്ളതുമായ ആഹാരമാണ് വേണ്ടത്.
‘പഞ്ചവർണ്ണത്തളിക’ (5-color plate) തത്വം ഭക്ഷണത്തിലെ വൈവിധ്യം ഉറപ്പാക്കാൻ സഹായിക്കും:
- ചുവപ്പ് നിറം: തക്കാളി, സ്ട്രോബെറി (വിറ്റാമിൻ സി)
- പച്ച നിറം: ചീര, ബ്രൊക്കോളി (ഇരുമ്പ്, ഫോളേറ്റ്)
- മഞ്ഞ/ഓറഞ്ച് നിറം: കാരറ്റ്, മാമ്പഴം (വിറ്റാമിൻ എ)
- വെള്ള നിറം: വാഴപ്പഴം, തൈര് (ഊർജ്ജം, കാൽസ്യം)
- തവിട്ട് നിറം: ചെറുധാന്യങ്ങൾ (മില്ലറ്റുകൾ), മുഴുധാന്യങ്ങൾ (നാരുകൾ/ഫൈബർ)
പാക്കറ്റ് പലഹാരങ്ങളും മധുര പാനീയങ്ങളും ഒഴിവാക്കുക. അവ പെട്ടെന്ന് ഉന്മേഷം നൽകുമെങ്കിലും പെട്ടെന്ന് തന്നെ അത് ഇല്ലാതാക്കുകയും ചെയ്യും.
പകരം വീട്ടിൽത്തന്നെ ഉണ്ടാക്കുന്ന വിഭവങ്ങൾ നൽകാം. ഉദാഹരണത്തിന്: പലതരം പഴങ്ങൾ മുറിച്ചത് (fruit bowls), മുളപ്പിച്ച പയർവർഗ്ഗങ്ങൾ, സ്മൂത്തികൾ എന്നിവ.
2. മാനസികവും വൈകാരികവുമായ ആരോഗ്യം
ഇന്നത്തെ കുട്ടികൾക്ക് ഒരേസമയം പഠനവും (academics), കൂട്ടുകാരിൽ നിന്നുള്ള സമ്മർദ്ദവും (peer pressure), ഡിജിറ്റൽ ഉപകരണങ്ങളോടുള്ള ആകർഷണവും (digital distractions) കൈകാര്യം ചെയ്യേണ്ടതുണ്ട്.
ശാരീരിക വളർച്ച പോലെ തന്നെ പ്രധാനമാണ് വൈകാരിക ആരോഗ്യവും.
താഴെ പറയുന്ന കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുക:
- മനസ്സ് തുറന്നുള്ള സംഭാഷണങ്ങൾ: അവരുടെ ആശങ്കകളും വികാരങ്ങളും പ്രകടിപ്പിക്കാൻ അവരെ അനുവദിക്കുക.
- സ്ക്രീനിൽ നിന്നുള്ള ഇടവേളകൾ: മൊബൈൽ, ടിവി, ടാബ് എന്നിവയുടെ ഉപയോഗം ദിവസം 2 മണിക്കൂറിൽ താഴെയായി പരിമിതപ്പെടുത്തുക.
- സർഗ്ഗാത്മകമായ കാര്യങ്ങൾ: സംഗീതം, ചിത്രം വര, എഴുത്ത്, അല്ലെങ്കിൽ കഥ പറയൽ എന്നിവയ്ക്കായി സമയം കണ്ടെത്തുക.
ശാന്തരായി, ക്ഷമയോടെ കേൾക്കാൻ ആളുണ്ടെന്ന് ബോധ്യമുള്ള കുട്ടികൾ മുതിരുമ്പോൾ ആത്മവിശ്വാസമുള്ളവരായി മാറും.
3. കളിയുടെ പ്രാധാന്യം
കളി ഒരു വിനോദം മാത്രമല്ല, അതൊരു ‘തെറാപ്പി’ കൂടിയാണ്.
ഓട്ടം, മരംകയറ്റം, മറ്റ് ഔട്ട്ഡോർ കളികൾ എന്നിവ കുട്ടികളുടെ ശക്തി, ഏകോപനം (coordination), സാമൂഹിക കഴിവുകൾ എന്നിവ വളർത്തുന്നു.
ദിവസവും കുറഞ്ഞത് 60 മിനിറ്റെങ്കിലും പുറത്ത് കളിക്കുന്ന കുട്ടികൾക്ക് കൂടുതൽ ബലമുള്ള എല്ലുകളും മെച്ചപ്പെട്ട മാനസികാവസ്ഥയും ഉയർന്ന രോഗപ്രതിരോധ ശേഷിയും ഉണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു.
കൂട്ടുകാരുമായി ചേർന്ന് കളിക്കാൻ പ്രോത്സാഹിപ്പിക്കുക. അത് പാർക്കിലോ, മൈതാനത്തോ അല്ലെങ്കിൽ വൈകുന്നേരം ടെറസിലോ ആകാം.
4. ഉറക്കം: അദൃശ്യമായ രോഗശാന്തി
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്ക് കൂടുതൽ ഉറക്കം ആവശ്യമാണ്. കാരണം അവരുടെ മസ്തിഷ്ക്കം നിരന്തരം വളർന്നുകൊണ്ടിരിക്കുകയാണ്.
- 3–5 വയസ്സ്: രാത്രി 10–13 മണിക്കൂർ
- 6–12 വയസ്സ്: രാത്രി 9–12 മണിക്കൂർ
- കൗമാരക്കാർ: രാത്രി 8–10 മണിക്കൂർ
നല്ല ഉറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും പഠനമികവും വൈകാരിക സ്ഥിരതയും മെച്ചപ്പെടുത്തുന്നു.
ഉറങ്ങുന്നതിന് ചിട്ട വേണം: ഉറങ്ങുന്നതിന് മുൻപ് സ്ക്രീനുകൾ കാണുന്നത്(മൊബൈൽ/ടിവി) ഒഴിവാക്കുക, മുറിയിൽ വെളിച്ചം കുറയ്ക്കുക, ശാന്തമായി ഉറങ്ങാൻ സഹായിക്കുന്ന ശീലങ്ങൾ വളർത്തിയെടുക്കുക.
5. പതിവായ ആരോഗ്യപരിശോധനയും ശുചിത്വവും
ചികിത്സിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത് രോഗം തടയുന്നതു തന്നെയാണ്. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തിൽ.
- കൃത്യമായ പരിശോധനകൾ: ഓരോ 6 മാസം കൂടുമ്പോഴും കുട്ടികളുടെ ഡോക്ടറെ കാണിച്ച് പരിശോധനകൾ നടത്തുക.
- ദന്തശുചിത്വം: ദിവസം രണ്ടുതവണ പല്ല് തേക്കുന്നത് ഉറപ്പാക്കുക.
- കുത്തിവയ്പ്പുകൾ : എടുക്കേണ്ട എല്ലാ കുത്തിവയ്പ്പുകളും കൃത്യസമയത്ത് എടുക്കുക.
- ശുചിത്വ ശീലങ്ങൾ: കൈകൾ കഴുകുന്നതിൻ്റെ പ്രാധാന്യവും മാസ്ക് ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകതയും (പനി പോലുള്ള അസുഖങ്ങൾ പടരുന്ന സമയത്ത്) കുട്ടികളെ പഠിപ്പിക്കുക.
ഇന്നത്തെ ഈ ലളിതമായ ശീലങ്ങൾ നാളത്തെ പല വലിയ ആരോഗ്യപ്രശ്നങ്ങളെയും തടയും.
6. വൈകാരികമായ അടുപ്പം:
സ്നേഹത്തിനും പരസ്പര ബന്ധത്തിനും പകരമാവാൻ മറ്റൊരു പോഷകഘടകത്തിനും കഴിയില്ല.
തങ്ങൾ സുരക്ഷിതരാണെന്നും പിന്തുണയുണ്ടെന്നും മനസ്സിലാക്കാൻ ആളുണ്ടെന്നും തോന്നുമ്പോൾ കുട്ടികൾ ആരോഗ്യത്തോടെ വളരുന്നു.
അവരോടൊപ്പം സമയം ചെലവഴിക്കുക. അവരെ പഠിപ്പിക്കാൻ വേണ്ടി മാത്രമല്ല, അവരെ കേൾക്കാനും സമയം കണ്ടെത്തുക.
കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് കഴിക്കുന്ന ഭക്ഷണം, ഉറങ്ങാൻ നേരത്തെ ഒരു കൊച്ചുകഥ, അല്ലെങ്കിൽ ദിവസവും അൽപ്പനേരം ഒന്നിച്ചുള്ള നടത്തം എന്നിവയ്ക്ക് ഏതൊരു വിറ്റാമിനേക്കാളും ശക്തമായ മാനസിക കരുത്ത് നൽകാൻ കഴിയും.
മാതാപിതാക്കൾക്കും അദ്ധ്യാപകർക്കുമായി ഒരു സന്ദേശം
ഈ ശിശുദിനത്തിൽ, നമുക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കാം:
- കുട്ടികളുടെ റിപ്പോർട്ട് കാർഡുകൾക്കൊപ്പം തന്നെ അവരുടെ ആരോഗ്യ പരിശോധനകൾക്കും പ്രാധാന്യം നൽകും.
- അക്കാദമിക് വിഷയങ്ങൾക്കൊപ്പം അനുകമ്പ, പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവ് (resilience), നന്ദി എന്നിവയും അവരെ പഠിപ്പിക്കും.
- പേടിയില്ലാതെ വളരാൻ കഴിയുന്ന വീടുകളും ക്ലാസ് മുറികളും ഒരുക്കും.
ഓരോ കുട്ടിയും കേവലം അതിജീവിക്കുകയല്ല, മികച്ച രീതിയിൽ തഴച്ചുവളരുകയാണ് വേണ്ടത്.
ആരോഗ്യമുള്ള കുട്ടിക്കാലം കരുത്തുള്ള ഒരു രാജ്യത്തെ വാർത്തെടുക്കും.
നമുക്ക് ഈ ശിശുദിനത്തിൽ, സമ്മാനങ്ങൾക്കും ബലൂണുകൾക്കും അപ്പുറം നമ്മുടെ കുട്ടികൾക്ക് പരമപ്രധാനമായ ഒന്നുകൂടി നൽകാം: ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന കരുത്തുറ്റ ആരോഗ്യത്തിനുള്ള ശക്തമായ അടിത്തറ.




