സ്ട്രോക്കും ഡിമെൻഷ്യയും മാത്രമല്ല: രക്താതിമർദ്ദം മസ്തിഷ്ക്കത്തിൽ വരുത്തുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കാം

രക്തസമ്മർദ്ദം കൂടുതലാണ് എന്ന് തിരിച്ചറിയുമ്പോൾ സാധാരണ, നമ്മൾ ആലോചിക്കുന്നത് ഹൃദയാരോഗ്യത്തിൻ്റെ കാര്യത്തിൽ ഇനി ഇങ്ങനെ അശ്രദ്ധ പാടില്ല എന്നാവും. ബ്ളഡ് പ്രഷർ കൂടുന്നത് ഹൃദയത്തിന് അമിതഭാരം നൽകുമെന്നും അതുകൊണ്ട് ഹൃദയാരോഗ്യം ശ്രദ്ധിക്കണമെന്നുമാണ് പലർക്കും ധാരണയുണ്ടാകുക. എന്നാൽ ഹൃദയത്തിന് മാത്രമല്ല, മസ്തിഷ്ക്കത്തിനും രക്താതിമർദ്ദം ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതാണ് യാഥാർത്ഥ്യം. “നിശബ്ദ കൊലയാളി” എന്നറിയപ്പെടുന്ന ബി പി, കാലക്രമേണ, അതിലോലമായ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് പക്ഷാഘാതം(Stroke), മേധാക്ഷയം(Dementia), മസ്തിഷ്ക്കവുമായി ബന്ധപ്പെട്ട മറ്റസുഖങ്ങൾ എന്നിവയ്ക്ക് വഴിവെയ്ക്കുന്നു.
രക്തസമ്മർദ്ദം തലച്ചോറിന് ഭീഷണിയാകുന്നത് എന്തുകൊണ്ട്?
നമ്മുടെ മസ്തിഷ്ക്കം സുഗമമായി പ്രവർത്തിക്കാൻ ആവശ്യമായ ഓക്സിജനും പോഷകങ്ങളും രക്തത്തിലൂടെയാണ് ലഭിക്കുന്നത്. രക്തസമ്മർദ്ദം കൂടുമ്പോൾ, അത്, രക്തക്കുഴലുകളുടെ ഭിത്തികളിൽ നിരന്തരമായ സമ്മർദ്ദം ചെലുത്തുന്നു, ഇത് രക്തക്കുഴലുകളെ ഇടുങ്ങിയതും കട്ടിയുള്ളതുമാക്കുന്നു. ചില ഘട്ടങ്ങളിൽ അവ പൊട്ടിപ്പോകാനും ഇടയുണ്ട്. ദുർബലമായ പൈപ്പിൽ അമിതമായി മർദ്ദം ചെലുത്തിയാൽ ഉണ്ടാകുന്ന അതേ പ്രതിസന്ധി ഇവിടെയും സംഭവിക്കുന്നു. മന്ദഗതിയിലാണ് നാശമുണ്ടാകുന്നത് എങ്കിലും അതിൻ്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.
സ്ട്രോക്ക്: പൊടുന്നനെയുള്ള ആഘാതം
ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ഏറ്റവും സാധാരണമായ സങ്കീർണ്ണതയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം.
- അസ്കെമിക് സ്ട്രോക്ക് (Ischemic stroke): ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിലെ രക്തക്കുഴലുകളിൽ കൊഴുപ്പടിയാനും കട്ടപിടിക്കാനും ഇടവരുത്തുന്നു. ഇത് രക്തയോട്ടം പൂർണ്ണമായി തടസ്സപ്പെടുത്തുമ്പോൾ, തലച്ചോറിലെ കോശങ്ങൾ ദ്രുതഗതിയിൽ നശിക്കാൻ തുടങ്ങുന്നു.
- ഹെമറാജിക് സ്ട്രോക്ക് (Hemorrhagic stroke): രക്തസമ്മർദ്ദം കൂടുമ്പോൾ, രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങൾ പൊട്ടി രക്തം തലച്ചോറിനകത്തോ ചുറ്റുമോ വ്യാപിക്കാൻ കാരണമാകുന്നു.
ഈ രണ്ട് അവസ്ഥകളും പക്ഷാഘാതം, സംസാരശേഷി നഷ്ടപ്പെടൽ, കാഴ്ചക്കുറവ്, അല്ലെങ്കിൽ മരണത്തിന് വരെയും കാരണമാകാം. ലോകമെമ്പാടും സ്ട്രോക്ക് വരാനുള്ള സാധ്യത കൂട്ടുന്ന ഏറ്റവും വലിയ കാരണം ഉയർന്ന രക്തസമ്മർദ്ദം ആണ്. നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിക്കാൻ കഴിയുന്ന തരം രോഗമാണിതെന്നതാണ് ശ്രദ്ധേയമായ കാര്യം.
ഡിമെൻഷ്യ: പതിയെ സംഭവിക്കുന്ന മാറ്റങ്ങൾ
സ്ട്രോക്ക് പെട്ടെന്നുള്ള ആഘാതമാണെങ്കിൽ, ഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ, തലച്ചോറിന് കേടുപാടുകൾ വരുത്താം.
- വാസ്കുലാർ ഡിമെൻഷ്യ (Vascular dementia): തലച്ചോറിലെ ചെറിയ രക്തക്കുഴലുകൾക്കുണ്ടാകുന്ന തുടർച്ചയായ കേടുപാടുകൾ രക്തയോട്ടം കുറയ്ക്കുന്നു. ഇത് ഓർമ്മശക്തി, തീരുമാനമെടുക്കാനുള്ള ശേഷി, ശ്രദ്ധിക്കാനുള്ള കഴിവ് എന്നിവയെ ദുർബലമാക്കുന്നു.
- അൽസ്ഹൈമേഴ്സുമായുള്ള ബന്ധം: ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിൽ അമാലോയ്ഡ് പ്ലാക്കുകളും ടാങ്കിളുകളും അടിഞ്ഞുകൂടുന്നത് വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു, ഇത് അൽസ്ഹൈമേഴ്സ് രോഗത്തിനുള്ള സാധ്യത കൂട്ടുന്നു.
- മൈൽഡ് കോഗ്നിറ്റീവ് ഇംപെയർമെന്റ് (Mild cognitive impairment): ഡിമെൻഷ്യ എന്ന അവസ്ഥയിലേക്ക് എത്തുന്നതിനു മുൻപേ, നിയന്ത്രണത്തിലല്ലാത്ത തരത്തിലുള്ള ഉയർന്ന രക്തസമ്മർദ്ദം നിശബ്ദമായ ചില മാറ്റങ്ങൾക്ക് കാരണമാകും – ചിന്തയുടെ വേഗം കുറയുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, ഓർമ്മക്കുറവ് എന്നിവ അതിൽ ചിലതാണ്.
സ്ട്രോക്കിനും ഡിമെൻഷ്യയ്ക്കും അപ്പുറം
ഉയർന്ന രക്തസമ്മർദ്ദം ഈ രണ്ട് അവസ്ഥകളിൽ മാത്രം ഒതുങ്ങുന്നില്ല. ബി പി, തലച്ചോറിൽ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങളുണ്ടാകുന്നു:
- മസ്തിഷ്ക്കം ചുരുങ്ങൽ: ദീർഘകാലമായി ഉയർന്ന രക്തസമ്മർദ്ദമുള്ള വ്യക്തികളുടെ തലച്ചോറിൻ്റെ വ്യാപ്തി കുറഞ്ഞതായി MRI സ്കാനുകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രധാനമായും ഓർമ്മശക്തിയും പഠനശേഷിയും നിയന്ത്രിക്കുന്ന ഭാഗങ്ങളിലാണ് കാണുന്നത്.
- വൈറ്റ് മാറ്ററിന് ക്ഷതം : തലച്ചോറിൻ്റെ ആശയവിനിമയ പാതകളായ വൈറ്റ് മാറ്ററിന് കേടുപാടുകൾ സംഭവിക്കുന്നത് ശരീരത്തിൻ്റെ സന്തുലനം, വിഷാദം, ഉന്മേഷമില്ലായ്മ എന്നിവയ്ക്ക് കാരണമാകും.
- മാനസിക പ്രശ്നങ്ങൾ:ഉയർന്ന രക്തസമ്മർദ്ദം മൂലം രക്തക്കുഴലുകളിലും തലച്ചോറിലെ രാസപ്രവർത്തനങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം ഉത്കണ്ഠയും വിഷാദവും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
പ്രതിരോധവും നിയന്ത്രണവും: പ്രതീക്ഷ നൽകുന്ന മാർഗ്ഗങ്ങൾ
വേണ്ടവിധത്തിൽ ശ്രദ്ധിച്ചാൽ, അമിത രക്തസമ്മർദ്ദം വരുത്തുന്ന പ്രതിസന്ധികളെ, വലിയൊരു പരിധി വരെ തടയാനാകുമെന്നതാണ് ആശ്വാസകരം. അതിനുള്ള വഴികൾ ഇനിപ്പറയുന്നു:
- പരിശോധന പതിവാക്കാം: രോഗലക്ഷണങ്ങൾക്കായി കാത്തിരിക്കരുത്. രക്തസമ്മർദ്ദം പതിവായി പരിശോധിക്കുന്നത് ഒരു പ്രധാന പ്രതിരോധ മാർഗ്ഗമാണ്.
- ജീവിതശൈലിക്ക് മുൻഗണന നൽകാം: പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ധാരാളമായി ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക (DASH അല്ലെങ്കിൽ മെഡിറ്ററേനിയൻ ഡയറ്റ് പോലെ). ഉപ്പിൻ്റെ ഉപയോഗം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.
- അപകടസാധ്യത സ്വയം കുറയ്ക്കാം: മദ്യപാനം നിയന്ത്രിക്കുക, പുകവലി ഉപേക്ഷിക്കുക, യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുക.
- മരുന്നുകൾ മുടക്കരുത്: ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള മരുന്നുകൾ മുടങ്ങാതെ കഴിക്കുക. രക്തസമ്മർദ്ദം സ്ഥിരമായി നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്.
- തലച്ചോറിൻ്റെ ആരോഗ്യം ശ്രദ്ധിക്കുക: മാനസികമായി സജീവമായിരിക്കുക, ആളുകളുമായി ഇടപഴകുക, ആവശ്യത്തിന് ഉറങ്ങുക. തലച്ചോറിന് ഉത്തേജനവും വിശ്രമവും അനിവാര്യമാണ്.
ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ല, അത് മസ്തിഷ്ക്കത്തെ ബാധിക്കുന്ന രോഗം കൂടിയാണ്. രക്തസമ്മർദ്ദം പരിശോധിക്കുമ്പോഴും ചിട്ടയോടെ മരുന്ന് കഴിക്കുമ്പോഴും ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കുമ്പോഴും അത് നമ്മുടെ ധമനികളെ മാത്രമല്ല, ചിന്തകളെയും ഓർമ്മകളെയും ഭാവിജീവിതത്തെയും കൂടിയാണ് സംരക്ഷിക്കുന്നത്.
ഇനിമുതൽ അമിത രക്തസമ്മർദ്ദത്തെ മസ്തിഷ്ക്കാരോഗ്യം രൂപപ്പെടുത്തുന്ന ഘടകമായി കാണാൻ തുടങ്ങാം. കാരണം, സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ, പ്രതിരോധം തുടങ്ങുന്നത് കൃത്യമായ അവബോധത്തിൽ നിന്നാണ്.
References :




