കുട്ടികളിലെ മാനസിക സമ്മർദ്ദം: കൗൺസിലിംഗും തെറാപ്പിയും നൽകി എങ്ങനെ മനസ്സിലെ മുറിവുണക്കാം?

കുട്ടികളിലെ മാനസിക സമ്മർദ്ദം: കൗൺസിലിംഗും തെറാപ്പിയും നൽകി എങ്ങനെ മനസ്സിലെ മുറിവുണക്കാം?

മാനസിക സമ്മർദ്ദം മുതിർന്നവർ മാത്രം അനുഭവിക്കുന്ന പ്രശ്നമാണെന്നാണ് നമ്മൾ പൊതുവെ കരുതുന്നത്.

നമ്മുടെ ജോലിത്തിരക്കുകൾ, സാമ്പത്തിക ബാധ്യതകൾ, ഉത്തരവാദിത്തങ്ങൾ… ഇതൊന്നും കുട്ടികൾക്ക് ചിന്തിക്കേണ്ട കാര്യങ്ങളല്ലാത്തതുകൊണ്ട് അവർക്ക് ടെൻഷനുണ്ടാകില്ല എന്നാണ് നമ്മുടെ ധാരണ. നമ്മൾ, നമ്മുടെ ഭാഗത്തുനിന്നുകൊണ്ടു മാത്രം ചിന്തിക്കുമ്പോൾ അങ്ങനെ തോന്നാം. 

എന്നാൽ ഇന്നത്തെ കാലത്ത്, കുട്ടികളും പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നുണ്ട്. 

പഠനഭാരം, മറ്റുള്ളവരുമായുള്ള താരതമ്യങ്ങൾ, ഡിജിറ്റൽ ലോകത്തെ അമിതമായ സ്വാധീനം, കുടുംബത്തിലെ കലഹങ്ങൾ, പഠനത്തിലും മറ്റുപ്രവർത്തനങ്ങളിലും മികവ് പുലർത്താനാകുമോ എന്ന ആശങ്ക… അങ്ങനെയങ്ങനെ നിരവധി സമ്മർദ്ദങ്ങൾ.

മുൻകാലങ്ങളിലുണ്ടായിരുന്ന സാഹചര്യത്തിലല്ല ഇന്നത്തെ കുട്ടികൾ ജീവിക്കുന്നത്. ഒരുതരത്തിൽപ്പറഞ്ഞാൽ, കുട്ടിക്കാലം മാറിക്കൊണ്ടിരിക്കുകയാണ് — അതോടൊപ്പം കുട്ടികൾ നേരിടുന്ന വൈകാരിക വെല്ലുവിളികളും.

കുട്ടികൾക്ക് സമ്മർദ്ദമുണ്ടോ എന്നതല്ല ചോദ്യം. 

അവർക്ക് വിഷമമുണ്ടാകുമ്പോൾ നമ്മളത് ശ്രദ്ധിക്കുന്നുണ്ടോ എന്നതിനാണ് പ്രസക്തി.

എന്താണ് കുട്ടികളിലെ മാനസിക സമ്മർദ്ദം?

വെല്ലുവിളികളോടും ഭീഷണികളോടും ശരീരം സ്വാഭാവികമായി പ്രതികരിക്കുന്ന രീതിയെയാണ് സമ്മർദ്ദം എന്ന് വിശേഷിപ്പിക്കുന്നത്.

ചെറിയതോതിലുള്ള സമ്മർദ്ദം ചിലപ്പോഴൊക്കെ നല്ലതുമാണ്:

  • മുൻകൂട്ടി തയ്യാറെടുക്കാൻ അത് പ്രേരിപ്പിക്കുന്നു
  • പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നൽകുന്നു
  • ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നു

എന്നാൽ നിരന്തരമായ, പരിധിയിൽക്കവിഞ്ഞ സമ്മർദ്ദം താഴെ പറയുന്ന കാര്യങ്ങളെ ദോഷകരമായി ബാധിക്കാം:

  • മസ്തിഷ്ക വികാസം
  • വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്
  • ഉറക്കം
  • രോഗപ്രതിരോധ ശേഷി
  • പഠന നിലവാരം

“എനിക്ക് സ്ട്രെസ്സ് ഉണ്ട്” എന്ന് കുട്ടികൾ എപ്പോഴും വാക്കുകളിലൂടെ പറയണമെന്നില്ല. അവരുടെ പെരുമാറ്റത്തിലൂടെയാണ് അവർ അത് പ്രകടിപ്പിക്കുന്നുണ്ടാകുക.

കുട്ടികളിലെ മാനസിക സമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങൾ

1. പഠന സംബന്ധമായ സമ്മർദ്ദം

  • പരീക്ഷകളെക്കുറിച്ചുള്ള ഭയം
  • എപ്പോഴും മത്സരബുദ്ധിയോടെ പെരുമാറേണ്ടി വരുന്ന സാഹചര്യം
  • മാതാപിതാക്കളുടെ അമിതമായ പ്രതീക്ഷകൾ
  • തോറ്റുപോകുമോ എന്ന പേടി

2. സാമൂഹിക സമ്മർദ്ദം

  • സഹപാഠികളിൽ നിന്നോ കൂട്ടുകാരിൽ നിന്നോ ഉണ്ടാകുന്ന കളിയാക്കലുകളും പീഡനങ്ങളും
  • കൂട്ടുകാർക്കിടയിൽ ഒറ്റപ്പെട്ടുപോകുന്നത്
  • സ്വന്തം ശരീരഘടനയെക്കുറിച്ചുള്ള ആശങ്കകൾ
  • സോഷ്യൽ മീഡിയയിലെ മറ്റുള്ളവരുടെ ജീവിതവുമായി സ്വയം താരതമ്യം ചെയ്യുന്നത്

3. കുടുംബവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാരണങ്ങൾ

  • മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകൾ
  • വിവാഹമോചനം പോലുള്ള സാഹചര്യങ്ങൾ
  • കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ
  • താമസസ്ഥലമോ സ്കൂളോ ഇടയ്ക്കിടെ മാറുന്നത്

4. ഡിജിറ്റൽ ലോകത്തിൻ്റെ അമിത സ്വാധീനം

  • അമിതമായ ഫോൺ/സ്ക്രീൻ ഉപയോഗം
  • പ്രായത്തിന് അനുയോജ്യമല്ലാത്ത ദൃശ്യങ്ങൾ കാണാനിടവരുന്നത്
  • ഉറക്കക്കുറവ്
  • പുറത്തിറങ്ങി കളിക്കാനുള്ള അവസരങ്ങൾ കുറയുന്നത്

5. മാനസികാഘാതം നൽകുന്ന അനുഭവങ്ങൾ

  • ഗുരുതരമായ രോഗങ്ങൾ
  • പ്രിയപ്പെട്ടവരുടെ വേർപാട്
  • അപകടങ്ങൾ
  • ശാരീരിക- മാനസിക    പീഡനങ്ങൾ

കുട്ടികളിലെ സമ്മർദ്ദ ലക്ഷണങ്ങൾ

മുതിർന്നവരേക്കാൾ വ്യത്യസ്തമായാണ് കുട്ടികൾ തങ്ങളുടെ വിഷമങ്ങൾ പ്രകടിപ്പിക്കുന്നത്. ഓരോ പ്രായത്തിലും ഇത് വ്യത്യാസപ്പെട്ടിരിക്കും.

വൈകാരിക ലക്ഷണങ്ങൾ (Emotional Signs):

  • പെട്ടെന്നുള്ള ദേഷ്യവും അസ്വസ്ഥതയും
  • ഇടയ്ക്കിടെയുള്ള കരച്ചിൽ
  • മറ്റുള്ളവരിൽ നിന്ന് ഉൾവലിഞ്ഞ് ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുക
  • അകാരണമായ ഭയം
  • പെട്ടെന്നുണ്ടാകുന്ന സ്വഭാവ മാറ്റങ്ങൾ (Mood swings)

ശാരീരിക ലക്ഷണങ്ങൾ (Physical Signs):

  • ഇടയ്ക്കിടെയുള്ള തലവേദന
  • വയറുവേദന
  • ഉറക്കമില്ലായ്മ അല്ലെങ്കിൽ പേടിസ്വപ്നങ്ങൾ കാണുക
  • ഭക്ഷണത്തോടുള്ള താല്പര്യം കുറയുകയോ കൂടുകയോ ചെയ്യുക
  • മുതിർന്ന കുട്ടിയായ ശേഷവും ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിക്കുക (Bedwetting)

പെരുമാറ്റ ലക്ഷണങ്ങൾ (Behavioural Signs):

  • ആക്രമണോത്സുകത
  • നഖം കടിക്കുന്ന ശീലം
  • മാതാപിതാക്കളെ വിട്ടുമാറാൻ കഴിയാത്ത അവസ്ഥ (Clinginess)
  • പഠനനിലവാരത്തിൽ പെട്ടെന്നുണ്ടാകുന്ന കുറവ്
  • സ്കൂളിൽ പോകാൻ മടി

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ കുട്ടിക്ക് തുടർച്ചയായി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് അവരുടെ മനസ്സ് നൽകുന്ന അപായസൂചനകളാകാം.

കുട്ടികളിലെ സമ്മർദ്ദത്തിനു പിന്നിലെ ശാസ്ത്രം

വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ശരീരത്തിലെ സ്ട്രെസ് ഹോർമോൺ സംവിധാനത്തെ, പ്രത്യേകിച്ച് കോർട്ടിസോൾ (Cortisol) എന്ന ഹോർമോണിനെ അമിതമായി ഉത്തേജിപ്പിക്കുന്നു.

ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് ദീർഘകാലം കൂടിനിൽക്കുന്നത് താഴെ പറയുന്നവയ്ക്ക് കാരണമാകും:

  • തലച്ചോറിലെ ഓർമ്മകളുടെ കേന്ദ്രമായ ഹിപ്പോകാമ്പസിനെ (Hippocampus) ബാധിക്കുന്നു
  • വികാരങ്ങളെ നിയന്ത്രിക്കുന്ന അമിഗ്ഡാല (Amygdala) എന്ന ഭാഗത്തിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്നു
  • ഏകാഗ്രത കുറയുന്നു
  • ഭാവിയിൽ അനാവശ്യമായ പേടിയും ഉത്കണ്ഠയും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

വളർച്ചയുടെ ഘട്ടത്തിലുള്ള കുട്ടികളുടെ തലച്ചോറ് ഇത്തരം മാറ്റങ്ങളോട് വളരെ വേഗത്തിൽ പ്രതികരിക്കും. അതുകൊണ്ടുതന്നെ തുടക്കത്തിൽ തന്നെയുള്ള ഇടപെടലുകൾ അവരുടെ ഭാവിജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

കൗൺസിലിംഗും തെറാപ്പിയും എങ്ങനെ സഹായിക്കുന്നു?

സങ്കീർണ്ണമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കു മാത്രമാണ് തെറാപ്പിയും മറ്റും വേണ്ടിവരിക എന്ന പൊതുധാരണ നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ഈ ധാരണ തെറ്റാണ്. കുട്ടികൾക്ക് അവരുടെ മനസ്സ് തുറന്നു പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ ഇടമാണിത്.

തെറാപ്പിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന ഗുണങ്ങൾ:

  • വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്നു
  • സ്വന്തം വികാരങ്ങളെ മനസ്സിലാക്കാനും അവയെ കൈകാര്യം ചെയ്യാനും പ്രാപ്തരാകുന്നു
  • പ്രതിസന്ധികളിൽ തളരാതെ നേരിടാനുള്ള പ്രായോഗിക വഴികൾ പഠിക്കുന്നു
  • ആത്മവിശ്വാസം വർദ്ധിക്കുന്നു
  • അതിജീവനശേഷി നേടിയെടുക്കാനാകുന്നു

കുട്ടികൾക്ക് സഹായകമാകുന്ന വിവിധ തെറാപ്പികൾ

കുട്ടികളുടെ പ്രായത്തിനും അവരുടെ പ്രശ്നങ്ങൾക്കും അനുസരിച്ച് വ്യത്യസ്തമായ രീതികളാണ് തെറാപ്പിസ്റ്റുകൾ ഉപയോഗിക്കുക. അതിൽ പ്രധാനപ്പെട്ട രണ്ട് രീതികൾ താഴെ നൽകുന്നു:

1. പ്ലേ തെറാപ്പി (Play Therapy)

മുതിർന്നവരെപ്പോലെ കാര്യങ്ങൾ കൃത്യമായി സംസാരിച്ച് വ്യക്തത വരുത്താൻ കുട്ടികൾക്ക് കഴിഞ്ഞെന്നു വരില്ല. അവർക്ക് ഏറ്റവും എളുപ്പമുള്ള ഭാഷ കളികളിലൂടെ പ്രകടിപ്പിക്കുക എന്നതാണ്. 

കളിപ്പാട്ടങ്ങൾ, ചിത്രരചന, കഥപറച്ചിൽ, ഗെയിമുകൾ എന്നിവയിലൂടെ തെറാപ്പിസ്റ്റുകൾ കുട്ടികളുടെ മനസ്സിലുള്ള കാര്യങ്ങൾ മനസ്സിലാക്കുന്നു:

  • അവരുടെ ഉള്ളിലെ പേടികൾ
  • മനസ്സിലെ സംഘർഷങ്ങൾ
  • നേരിട്ട ആഘാതങ്ങൾ (Trauma)
  • വൈകാരിക ബുദ്ധിമുട്ടുകൾ

വാക്കുകളിലൂടെ നിർബന്ധപൂർവ്വം കാര്യങ്ങൾ പറയിപ്പിക്കാതെ തന്നെ, കളിയിലൂടെ അവരുടെ മനസ്സിനെ സുഖപ്പെടുത്താൻ ഈ രീതി സഹായിക്കുന്നു.

2. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT)

കുട്ടികളുടെ ചിന്താരീതിയിലും പെരുമാറ്റത്തിലും പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ രീതി സഹായിക്കുന്നു. ഇത് പ്രധാനമായും താഴെ പറയുന്നവയ്ക്കാണ് ഊന്നൽ നൽകുന്നത്:

  • നെഗറ്റീവ് ചിന്തകൾ തിരിച്ചറിയാൻ
  • തെറ്റായ ധാരണകൾ തിരുത്തി ശുഭചിന്തകൾ വളർത്തുന്നു
  • പേടിയും ഉത്കണ്ഠയും കുറയ്ക്കാനുള്ള വഴികൾ പഠിപ്പിക്കുന്നു
  • കുട്ടികൾക്ക് തങ്ങളെക്കുറിച്ച് തന്നെ തോന്നുന്ന ധാരണകളിൽ പോസിറ്റീവായ മാറ്റങ്ങൾ വരുത്തുന്നു

ഉദാഹരണത്തിന്:

“എനിക്ക് എപ്പോഴും പരാജയം മാത്രമേ ഉണ്ടാകൂ” എന്ന ചിന്ത മാറ്റി, “പരിശീലിച്ചാൽ എനിക്ക് മെച്ചപ്പെടാൻ സാധിക്കും” എന്ന് ചിന്തിക്കാൻ കുട്ടിയെ പ്രാപ്തനാക്കുന്നു.

3. ഫാമിലി കൗൺസിലിംഗ്

ചിലപ്പോൾ കുട്ടികളുടെ മാനസിക സമ്മർദ്ദത്തിന്റെ കാരണം കുടുംബത്തിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാകാം. അത്തരം സന്ദർഭങ്ങളിൽ കുടുംബാംഗങ്ങളെ ഒന്നിച്ചിരുത്തിയുള്ള തെറാപ്പി വളരെയധികം ഗുണം ചെയ്യും.

ഫാമിലി തെറാപ്പി താഴെ പറയുന്ന കാര്യങ്ങൾ മെച്ചപ്പെടുത്തുന്നു:

  • ആശയവിനിമയം
  • വൈകാരികമായ അടുപ്പം
  • വഴക്കുകളും തർക്കങ്ങളും സമാധാനപരമായി പരിഹരിക്കാൻ പഠിപ്പിക്കുന്നു

കുട്ടിയുടെ ചുറ്റുമുള്ള സാഹചര്യം മെച്ചപ്പെടുമ്പോൾ സ്വാഭാവികമായും കുട്ടിയുടെ മനസ്സും സുഖപ്പെടുന്നു.

4. ആർട്ട് ആൻഡ് എക്സ്പ്രസീവ് തെറാപ്പി (കലയിലൂടെയുള്ള തെറാപ്പി)

ചിത്രരചന, സംഗീതം, നൃത്തം, കഥപറച്ചിൽ എന്നിവയിലൂടെ കുട്ടികളുടെ ഉള്ളിൽ അടക്കിവെച്ചിരിക്കുന്ന വികാരങ്ങളെ സുരക്ഷിതമായി പുറത്തുകൊണ്ടുവരാൻ സഹായിക്കുന്ന രീതിയാണിത്.

ക്രിയാത്മകമായ ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ ഉത്കണ്ഠ കുറയ്ക്കുന്നു.

തങ്ങളെക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം (Self-esteem) അതവരിൽ വളർത്തുന്നു.

എപ്പോഴാണ് കൗൺസിലിംഗ് ആവശ്യമായി വരുന്നത്?

കുട്ടികളിലെ എല്ലാ മാറ്റങ്ങളും താൽക്കാലികമാകണമെന്നില്ല. താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു പ്രൊഫഷണൽ കൗൺസിലറുടെയോ തെറാപ്പിസ്റ്റിന്റെയോ സഹായം തേടാൻ മടിക്കരുത്:

  • മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ 2-3 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ
  • സ്കൂളിൽ പോകാൻ വിസമ്മതിക്കുകയോ, പഠനത്തിൽ തീരെ താൽപ്പര്യമില്ലാതാവുകയോ ചെയ്യുന്നത് ഒരു ലക്ഷണമാകാം
  • ഉറക്കത്തെ ബാധിക്കുമ്പോൾ
  • സ്വയം ഉപദ്രവിക്കാനുള്ള പ്രവണത
  • പെരുമാറ്റത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾ
  • പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം, അമിതമായ വിറയൽ, പേടി എന്നിവ അനുഭവപ്പെടുക.

നേരത്തെയുള്ള ഇടപെടലുകൾ കുട്ടിയുടെ ഭാവിയിലെ വൈകാരിക തകർച്ചകൾ ഒഴിവാക്കാൻ സഹായിക്കും.

വീട്ടിലെ സമ്മർദ്ദം കുറയ്ക്കാൻ മാതാപിതാക്കൾക്ക് ചെയ്യാവുന്ന കാര്യങ്ങൾ

തെറാപ്പി നൽകുന്ന ഫലം പൂർണ്ണമാകണമെങ്കിൽ വീട് സുരക്ഷിതമായ ഇടമായി മാറണം. അതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം:

1. വൈകാരിക സുരക്ഷിതത്വം ഉറപ്പാക്കുക 

കുട്ടികളെ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ മനസ്സിലാക്കാൻ ശ്രമിക്കുക.

“നീ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്?” എന്നു ചോദിക്കുന്നതിന് പകരം,

“എന്തോ നിന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. നീ അതിനെക്കുറിച്ച് തുറന്നുപറയാമോ?” എന്നു ചോദിക്കാം.

കുട്ടികൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്നത് തന്നെ അവരുടെ പകുതി സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

2. പ്രകടനത്തിനുള്ള സമ്മർദ്ദം കുറയ്ക്കുക

റാങ്കിനേക്കാൾ പ്രാധാന്യം കുട്ടി എടുക്കുന്ന പ്രയത്നത്തിന് നൽകുക.

ഉപാധികളില്ലാതെ സ്നേഹിക്കപ്പെടുന്നു എന്ന തോന്നൽ കുട്ടികളിൽ വലിയ ആത്മവിശ്വാസം വളർത്തും.

ഇത്തരം കുട്ടികൾക്ക് ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് (Resilience) കൂടുതലായിരിക്കും.

3. സ്ക്രീൻ സമയം നിയന്ത്രിക്കുക 

അമിതമായ ഫോൺ, ടിവി ഉപയോഗം കുട്ടികളിൽ താഴെ പറയുന്ന പ്രശ്നങ്ങൾ ഉണ്ടാക്കാം:

  • കൃത്യമായ ഉറക്കം ലഭിക്കാതെ വരുന്നു
  • സോഷ്യൽ മീഡിയയിലെ മറ്റുള്ളവരുടെ ജീവിതവുമായി സ്വയം താരതമ്യം ചെയ്യുന്നത് വഴി ആശങ്കകൾ കൂടുന്നു
  • കായികമായ കളികൾ കുറയുന്നു

വീടിന് പുറത്തിറങ്ങിയുള്ള കളികൾക്കും (Outdoor activities) സർഗ്ഗാത്മകമായ വിനോദങ്ങൾക്കും കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

4. ലളിതമായ റിലാക്സേഷൻ രീതികൾ പഠിപ്പിക്കുക 

മനസ്സിനെ ശാന്തമാക്കാൻ കുട്ടികളെ താഴെ പറയുന്നവ പഠിപ്പിക്കാം:

  • ദീർഘശ്വാസം (4-4-6 രീതി): 4 സെക്കൻഡ് ശ്വാസം എടുക്കുക, 4 സെക്കൻഡ് പിടിച്ചുനിർത്തുക, 6 സെക്കൻഡ് കൊണ്ട് സാവധാനം പുറത്തുവിടുക.
  • ഗൈഡഡ് ഇമേജറി: കുട്ടിക്ക് ഇഷ്ടമുള്ള ഒരു സ്ഥലത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ സഹായിക്കുക.
  • പേശികൾക്ക് അയവ് വരുത്തുക: ശരീരത്തിലെ ഓരോ ഭാഗത്തെയും പേശികൾ മുറുക്കുകയും പിന്നീട് അയച്ചുവിടുകയും ചെയ്യുക.
  • ലളിതമായ യോഗാഭ്യാസം

ദിവസവും 5 മിനിറ്റ് മാത്രം ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് പോലും കുട്ടികൾക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാൻ വലിയ സഹായമാകും.

5. വികാരങ്ങൾ തുറന്ന് സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക

കുട്ടികൾക്ക് അവരുടെ വികാരങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ ആവശ്യമായ വാക്കുകൾ പഠിപ്പിച്ചു കൊടുക്കുക:

  • ദേഷ്യം
  • നാണക്കേട്
  • പരിഭ്രമം
  • ആകാംക്ഷ
  • സങ്കടം

വികാരങ്ങൾക്ക് ഒരു പേര് നൽകാൻ സാധിക്കുമ്പോൾ തന്നെ അവയുടെ കാഠിന്യം കുറയ്ക്കാൻ കുട്ടികൾക്ക് സാധിക്കുന്നു.

സ്കൂളുകളുടെ പങ്ക്

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ വിദ്യാലയങ്ങൾക്ക് വലിയ പങ്കുണ്ട്. സ്കൂളുകളിൽ താഴെ പറയുന്നവ ഉറപ്പാക്കേണ്ടതുണ്ട്:

  • മാനസികാരോഗ്യ വിദ്യാഭ്യാസം: ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യം എന്ന അവബോധം നൽകുക.
  • കൗൺസിലർമാരുടെ സേവനം: കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും സഹായം തേടാൻ ഒരു കൗൺസിലറുടെ സാന്നിധ്യം ഉറപ്പാക്കുക.
  • സുരക്ഷിതമായ പരാതി പരിഹാര സംവിധാനം: കുട്ടികൾ നേരിടുന്ന പീഡനങ്ങൾ (Bullying) പേടി കൂടാതെ റിപ്പോർട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കുക
  • ആരോഗ്യകരമായ മത്സരബുദ്ധി: മറ്റുള്ളവരെ തകർക്കുന്ന തരത്തിലുള്ള മത്സരങ്ങൾ ഒഴിവാക്കി കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക

കുട്ടികളുടെ മാനസിക സന്തോഷം ബലികൊടുത്തുകൊണ്ടുള്ളതാവരുത് അവരുടെ പഠനനേട്ടങ്ങൾ എന്ന് പ്രത്യേകം ഓർക്കണം.

തെറാപ്പിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാം

പല കുടുംബങ്ങളിലും കുട്ടികൾക്ക് തെറാപ്പി നൽകുന്നതിനെക്കുറിച്ച് ഇന്നും തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ തെറാപ്പി വേണ്ടി വരുന്നത് കുട്ടിയുടെ ദൗർബല്യം മൂലമല്ല. അത് മാതാപിതാക്കളുടെ പരാജയവുമല്ല. തെറാപ്പിക്ക് വിധേയമായാൽ മാനസികരോഗിയാണെന്ന് മുദ്രകുത്തപ്പെടുമെന്നുള്ള ഭീതി ഇന്നും നിലനിൽക്കുന്നുണ്ട്. വാസ്തവത്തിൽ, പനി വരുമ്പോൾ ഡോക്ടറെ കാണുന്നതുപോലെ, മനസ്സിന്റെ ആരോഗ്യത്തിന് നൽകുന്ന മുൻകരുതലാണ് തെറാപ്പി.

നേരത്തെയുള്ള കൗൺസിലിംഗിന്റെ ഗുണങ്ങൾ

കുട്ടിക്കാലത്ത് തന്നെ ശരിയായ രീതിയിലുള്ള തെറാപ്പി ലഭിക്കുന്നവർക്ക് താഴെ പറയുന്ന ഗുണങ്ങൾ ലഭിക്കുന്നു:

  • പ്രതിസന്ധികളെ നേരിടാനുള്ള കഴിവ്
  • പഠനമികവ്
  • നല്ല ബന്ധങ്ങൾ
  • മുതിർന്ന പ്രായത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വിഷാദം (Depression), ഉത്കണ്ഠ (Anxiety) എന്നിവ കുറയാൻ ഇത് സഹായിക്കുന്നു
  • സ്വന്തം വികാരങ്ങളെയും മറ്റുള്ളവരുടെ വികാരങ്ങളെയും മനസ്സിലാക്കാനുള്ള കഴിവ് വളരുന്നു

വൈകാരിക സുരക്ഷിതത്വം അനുഭവിക്കുന്ന കുട്ടികൾക്ക്, മുതിരുമ്പോൾ മനക്കരുത്തുണ്ടാകുമെന്നതിൽ സംശയമില്ല.

മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കുഞ്ഞ്, അത് വാക്കുകളിലൂടെ പ്രകടമാക്കിയെന്നു വരില്ല. ഉൾവലിഞ്ഞ്, നിശബ്ദമായി കഴിയുന്ന കുഞ്ഞുമനസ്സിൻ്റെ മുറിവുകൾ ഉണക്കാൻ കൗൺസിലിംഗിന് കഴിയും. കുഞ്ഞുങ്ങളഉടെ പെരുമാറ്റത്തിൽ കാണുന്ന വ്യത്യാസങ്ങൾ അവഗണിക്കാതെ, കൃത്യസമയത്ത് കൗൺസിലിംഗും തെറാപ്പിയും നൽകിയാൽ, അവരുടെ കുട്ടിക്കാലം മനോഹരമാകും. ആത്മവിശ്വാസമുള്ള, സുരക്ഷിതത്വബോധമുള്ള, മനക്കരുത്തുള്ള വ്യക്തികളായി മാറാൻ അതവരെ പ്രാപ്തരാക്കും.

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe