ആരവങ്ങളുടെ ലോകത്ത് കേൾവി എങ്ങനെ സംരക്ഷിക്കാം

ആരവങ്ങളുടെ ലോകത്ത് കേൾവി എങ്ങനെ സംരക്ഷിക്കാം

കേൾവിയുടെ ആനന്ദം കൈവിടാതെ സുരക്ഷിതമാകാനുള്ള മാർഗ്ഗങ്ങൾ

പാട്ടുകൾ, പോഡ്‌കാസ്റ്റുകൾ, ഫോൺകോളുകൾ, സോഷ്യൽ മീഡിയയിലെ വ്യത്യസ്ത വിഷയങ്ങൾ — നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിക്കഴിഞ്ഞു ഹെഡ്‌ഫോൺ എന്ന ഉപകരണം. ബാഹ്യലോകവുമായി നമ്മെ ബന്ധിപ്പിക്കുന്ന മൂന്നാം ചെവിയായി അത് മാറി എന്നതാണ് വസ്തുത.   

എന്നാൽ ഈ സൗകര്യത്തോടൊപ്പം ഒരപകടം ഒളിച്ചിരിപ്പുണ്ട്: ശബ്ദം മൂലം കേൾവിക്ക് സംഭവിക്കുന്ന തകരാർ (Noise-induced hearing damage) ആണത്.

കാതുകൾക്ക് ദോഷം വരുത്താതെ ശബ്ദം എങ്ങനെ ആസ്വദിക്കാം എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണെങ്കിലും നമ്മളത് പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. 

നമ്മൾ കരുതുന്നതിനേക്കാൾ ദുർബലമാണ് കാതുകൾ 

നമ്മുടെ ഉൾച്ചെവിയിൽ (Inner ear) കോക്ലിയ (Cochlea) എന്ന അതിലോലമായ ഒരു ഭാഗമുണ്ട്. ഈ ഭാഗം സൂക്ഷ്മമായ രോമകോശങ്ങൾ (Hair cells) കൊണ്ട് നിറഞ്ഞിരിക്കുന്നു. ശബ്ദത്തിന്റെ കമ്പനങ്ങളെ (vibrations) നമ്മുടെ തലച്ചോറിന് മനസ്സിലാക്കാൻ കഴിയുന്ന നാഡീസിഗ്നലുകളാക്കി മാറ്റുന്നത് ഈ ഹെയർ സെല്ലുകളാണ്.

ഒരിക്കൽ നാശമായാൽ പിന്നെ ഈ രോമകോശങ്ങൾ പുനരുജ്ജീവിക്കുകയില്ല. കൂടാതെ, ഉയർന്ന ശബ്ദത്തിൽ കേൾക്കുന്നത്, കാലക്രമേണ ഇവയെ സ്ഥായിയായി ദുർബലമാക്കുകയും ചെയ്യും. ശബ്ദം മൂലമുണ്ടാകുന്ന കേൾവി നഷ്ടം വളരെ സാവധാനത്തിൽ സംഭവിക്കുന്ന ഒന്നാണ്. കാര്യമായി തകരാർ സംഭവിച്ച ശേഷം മാത്രമേ പലപ്പോഴും വ്യക്തമായ ലക്ഷണങ്ങൾ കണ്ടു തുടങ്ങുകയുള്ളൂ എന്നത് നിരന്തരമായി ശ്രദ്ധ നൽകേണ്ടതിൻ്റെ പ്രധാന്യം വർദ്ധിപ്പിക്കുന്നു. [1]

ശബ്ദം മൂലമുണ്ടാകുന്ന കേൾവിക്കുറവ് നമുക്ക് തടയാൻ കഴിയും എന്നതാണ് ആശ്വാസകരമായ കാര്യം. എത്രയും നേരത്തെ കേൾവി സംരക്ഷണത്തിനായുള്ള ആരോഗ്യകരമായ കാര്യങ്ങൾ ശീലമാക്കുന്നുവോ, അത്രതന്നെ വേഗത്തിൽ അമൂല്യമായ ഈ  ഇന്ദ്രിയത്തെ സംരക്ഷിക്കാൻ കഴിയും.

ശബ്ദത്തിൻ്റെ സുരക്ഷിതമായ തോത് 

ശബ്ദത്തിന്റെ തീവ്രത അളക്കുന്നത് ഡെസിബെൽ (dB) എന്ന യൂണിറ്റിലാണ്:

  • സാധാരണ സംഭാഷണം: ഏകദേശം 60 dB
  • തിരക്കേറിയ ട്രാഫിക്: ഏകദേശം 80–85 dB
  • മിക്ക ഹെഡ്‌ഫോണുകളുടെയും പരമാവധി ശബ്ദം: 100 dBക്ക് മുകളിലാണ്.  മിനിറ്റുകൾക്കുള്ളിൽ കാതുകൾക്ക് തകരാറുണ്ടാക്കാൻ ഈ ഉയർന്ന ശബ്ദവീചികൾക്ക് കഴിയും.  [2]

ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്:

  • ഹെഡ്‌ഫോണിന്റെ ശബ്ദം പരമാവധി വോളിയത്തിന്റെ 60% ൽ കൂടാതെ നിലനിർത്തുക. [3]
  • മൊത്തത്തിലുള്ള അപകടസാധ്യത കുറയ്ക്കാൻ, ശബ്ദം 80–85 dBയിൽ താഴെയായി നിലനിർത്തുക. [4]

കുറഞ്ഞ ശബ്ദത്തിൽ കുറച്ചുനേരം ഉപയോഗിച്ചാൽ ചെവികളുടെ ആരോഗ്യം നിലനിർത്താം.

കേൾവി സംരക്ഷിക്കാൻ 60/60 നിയമം

കാതുകളെ സംരക്ഷിക്കാനുള്ള ഏറ്റവും പ്രായോഗികമായ വഴിയാണ് 60/60 നിയമം:

  • 60% വോളിയത്തിൽ കൂടുതൽ കേൾക്കാതിരിക്കുക.
  • ഓരോ 60 മിനിറ്റിലും ഒരു ചെറിയ ഇടവേള എടുക്കുക. [5]

ശബ്ദം കേട്ട് കഴിഞ്ഞ ശേഷം അതിൽ നിന്ന്  ‘വിശ്രമം’ എടുക്കാൻ ഇത് കാതുകൾക്ക് അവസരം നൽകുന്നു. കൂടിയ ശബ്ദത്തിൽ ദീർഘനേരം കേൾക്കുന്നത് നമ്മുടെ ആന്തര കർണ്ണത്തിലെ സൂക്ഷ്മ രോമകോശങ്ങളെ തുടർച്ചയായി സമ്മർദ്ദത്തിലാക്കുന്നു, അങ്ങനെ കാലക്രമേണ ഈ തകരാർ സ്ഥിരമായി മാറുകയും ചെയ്യുന്നു.

ഒരു മണിക്കൂർ പാട്ട് കേട്ട ശേഷമോ ഒരു നീണ്ട കോളിന് ശേഷമോ ശബ്ദത്തിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നത് പോലുള്ള ലളിതമായ ശീലങ്ങൾ വലിയ മാറ്റങ്ങളുണ്ടാക്കും.

എത്ര സമയം കേൾക്കുന്നു എന്നതും പ്രധാനം

ശബ്ദത്തിന്റെ തീവ്രതയ്ക്കൊപ്പം തന്നെ എത്ര നേരം കേൾക്കുന്നു എന്നതും പ്രധാനമാണ്.

കേൾവി സംബന്ധമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ സംഘടനകൾ നിർദ്ദേശിക്കുന്നതനുസരിച്ച്:

  • ഏകദേശം 80 dB ശബ്ദം ആഴ്ചയിൽ 40 മണിക്കൂർ വരെ കേൾക്കാം.
  • എന്നാൽ, ശബ്ദം 90 dB ആകുമ്പോൾ, ഈ സുരക്ഷിത പരിധി ആഴ്ചയിൽ ഏകദേശം 4 മണിക്കൂർ മാത്രമായി കുറയുന്നു. [6]

ശബ്ദം ഏകദേശം 85 dBയേക്കാൾ കൂടുമ്പോൾ (പല ഉപകരണങ്ങളിലും  എളുപ്പത്തിൽ ഈ വോളിയത്തിലേക്കെത്താനാകും) ചെവിക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുന്നു. സ്വകാര്യ ശ്രവണോപകരണങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കൗമാരക്കാരും യുവജനങ്ങളും ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. [7]

ഉടൻ തന്നെ തുടങ്ങാവുന്ന കേൾവി ശീലങ്ങൾ

ശബ്ദം ആസ്വദിക്കുന്നതിനോടൊപ്പം നിങ്ങളുടെ കേൾവി സംരക്ഷിക്കാനുമുള്ള പ്രായോഗികമായ ചില വഴികളാണിത്:

1. ശബ്ദം കുറയ്ക്കുക

ഉപകരണത്തിന്റെ പരമാവധി ശബ്ദത്തിന്റെ 50–60% നിലനിർത്താൻ ശ്രമിക്കുക. മിക്ക ഫോണുകളിലും ശബ്ദത്തിന് പരിധി നിശ്ചയിക്കാനും ശബ്ദം കൂടുമ്പോൾ മുന്നറിയിപ്പ് നൽകാനുമുള്ള സൗകര്യങ്ങൾ ഇപ്പോഴുണ്ട്.

2. ഇടവേള എടുക്കുക

ഒരു മണിക്കൂറോളം ശബ്ദത്തിൽ മുഴുകിയ ശേഷം, 10–15 മിനിറ്റ് നേരം ചെവികൾക്ക് വിശ്രമം നൽകുക. നിശബ്ദത അനുഭവിച്ചറിയുക. ദീർഘശ്വാസമെടുക്കുക, ഒരല്പം സ്ട്രെച്ച് ചെയ്യുക, ചെവികൾക്ക് സ്വസ്ഥത നൽകുക.

3. ശരിയായ ഹെഡ്‌ഫോണുകൾ തെരഞ്ഞെടുക്കുക

  • ചെവിക്കുള്ളിൽ നേരിട്ട് വെയ്ക്കാത്ത ഓവർ-ഇയർ ഹെഡ്‌ഫോണുകൾ (Over-ear headphones) ഇയർബഡുകളേക്കാൾ (earbuds) സുരക്ഷിതമാണ്.
  • നോയ്സ്-കാൻസലിംഗ് (Noise-cancelling) ഓപ്ഷനുകളുള്ള ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നത്, ചുറ്റുമുള്ള ശബ്ദം കുറയ്ക്കുന്നതിനാൽ, കുറഞ്ഞ വോളിയത്തിൽ കൂടുതൽ വ്യക്തമായി കേൾക്കാൻ ഇത് സഹായിക്കും.

4. വോളിയം മോണിറ്ററിംഗ് ആപ്പുകളോ ക്രമീകരണങ്ങളോ ഉപയോഗിക്കുക

നിങ്ങൾ സ്ഥിരമായി ഉയർന്ന വോളിയത്തിൽ കേൾക്കുന്ന വ്യക്തിയാണെങ്കിൽ

അത് അറിയിക്കുന്ന ഹെൽത്ത് അലേർട്ടുകൾ (hearing health alerts) മിക്ക ഉപകരണങ്ങളിലും ഇപ്പോൾ ലഭ്യമാണ്.

5. മുന്നറിയിപ്പ് ലക്ഷണങ്ങൾ ശ്രദ്ധിക്കുക

ചെവിയിൽ മൂളൽ (Tinnitus), കേൾവിക്ക് മങ്ങൽ അനുഭവപ്പെടുന്നത്, അല്ലെങ്കിൽ ശബ്ദത്തിനിടയിൽ സംസാരം മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത് എന്നിവ സാധാരണ അവസ്ഥയല്ല വ്യക്തമാക്കുന്നത്. ഈ ലക്ഷണങ്ങൾ നിങ്ങളുടെ ശീലങ്ങളിൽ മാറ്റം വരുത്താനുള്ള സൂചനകളാണ്, ആവശ്യമെങ്കിൽ കേൾവി വിദഗ്ദ്ധനെ (hearing professional) സമീപിക്കുകയും വേണം.

എല്ലാ ഹെഡ്‌ഫോണുകളും ഒരുപോലെയല്ല

  • ഇൻ-ഇയർ ഇയർബഡുകൾ (In-ear earbuds): ഇത് ശബ്ദം നേരിട്ട് ചെവിക്കുള്ളിലേക്ക് എത്തിക്കുന്നു. പുറത്തുള്ള ഒച്ചകൾ ഇല്ലാതാക്കാൻ വേണ്ടി പലപ്പോഴും ഇത് ഉപയോഗിക്കുന്നവർക്ക് വോളിയം കൂട്ടേണ്ടി വരുന്നു. 
  • ഓവർ-ഇയർ ഹെഡ്‌ഫോണുകൾ (Over-ear headphones): ഇത് ശബ്ദത്തെ  തുല്യമായി വിന്യസിക്കുന്നു. നോയ്സ് കാൻസലേഷൻ (Noise cancellation) കൂടിയാകുമ്പോൾ, ശബ്ദം കൂട്ടി വെയ്ക്കാനുള്ള പ്രേരണ കുറയ്ക്കുന്നു.
  • ബോൺ-കണ്ടക്ഷൻ ഉപകരണങ്ങൾ (Bone-conduction devices): ഇവ കർണ്ണപടത്തെ ഒഴിവാക്കിക്കൊണ്ട് ഉൾച്ചെവിയിലെ രോമകോശങ്ങളിലേക്ക് ശബ്ദം എത്തിക്കുന്നു. അതിനാൽ അശ്രദ്ധമായി ഉപയോഗിക്കുന്നത് കേൾവിയെ ബാധിക്കാൻ സാധ്യതയുണ്ട്.

ചെറിയ കാര്യങ്ങളിൽ ശ്രദ്ധ നൽകാം, ബധിരത ഒഴിവാക്കാം

ഇപ്പോൾ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും പതിറ്റാണ്ടുകളോളം നിങ്ങളുടെ കാതുകളെ സംരക്ഷിക്കും.

ലോകാരോഗ്യ സംഘടനയും കേൾവി സംബന്ധിച്ച അറിവുകളും നമ്മെ ഓർമ്മിപ്പിക്കുന്നത് പോലെ, ശ്രദ്ധയോടെയുള്ള ശീലങ്ങളും വേണ്ടത്ര അവബോധവും ഉണ്ടെങ്കിൽ, ശബ്ദക്കൂടുതൽ മൂലമുണ്ടാകുന്ന കേൾവി തകരാറുകൾ തടയാൻ കഴിയും.

ഇഷ്ടഗാനങ്ങളും പോഡ്‌കാസ്റ്റുകളും കേൾക്കുമ്പോൾ നമുക്ക് സന്തോഷവും ഉൻമേഷവും തോന്നും. പക്ഷെ, ആ സന്തോഷം എല്ലാക്കാലവും നിലനിൽക്കണമെങ്കിൽ, കേൾവി സംബന്ധമായ സുരക്ഷിത മാർഗ്ഗങ്ങൾ ശീലമാക്കിയേ മതിയാകൂ.

ശബ്ദത്തിന്റെ തോതും കേൾക്കുന്ന സമയവും ക്രമീകരിക്കുക, ശരിയായ ഉപകരണം തെരഞ്ഞെടുക്കുക, ശ്രദ്ധയോടെ കേൾക്കുക. സന്തോഷം നഷ്ടപ്പെടുത്താതെ നിങ്ങളുടെ കാതുകൾക്ക് സുരക്ഷ ഉറപ്പാക്കാം.

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe