കൂർക്കംവലി ശല്യമാകുന്നുണ്ടോ? ശരീരം നൽകുന്ന ലക്ഷണങ്ങൾ മനസ്സിലാക്കാം

കൂർക്കം വലിക്കുന്ന സ്വഭാവം പലപ്പോഴും അടുത്തുകിടന്നുറങ്ങുന്നവർക്ക് ബുദ്ധിമുട്ടാകാറുണ്ട്. ചില ഘട്ടങ്ങളിൽ ഈ പ്രശ്നം വഴക്കിലേക്ക് വരെ എത്താറുമുണ്ട്. കൂർക്കംവലിക്കുന്ന ആൾ സുഖമായുറങ്ങുകയും അത് കേട്ടുണരുന്ന വ്യക്തിക്ക്, ഉറങ്ങാതെ കഴിച്ചുകൂട്ടേണ്ടിവരികയും ചെയ്യുന്നത് പ്രയാസം തന്നെയാണ്. പൊതുവെ കൂർക്കംവലിയെപ്പറ്റി തമാശ പറയുകയും കളിയാക്കുകയുമൊക്കെ ചെയ്ത് അത് തള്ളിക്കളയാറാണ് പതിവ്. എന്നാൽ കൂർക്കംവലിക്കുന്നത് ശരീരം നൽകുന്ന ഒരു സന്ദേശമാണെന്ന് മനസ്സിലാക്കുമ്പോഴാണ് അതിൻ്റെ ഗൗരവം തിരിച്ചറിയാനാകുക.
അസ്വസ്ഥത സൃഷ്ടിക്കുന്ന വലിയ ശബ്ദമെന്നതിലുപരി, മൂക്കിലെ തടസ്സങ്ങൾ, മൂക്കിൻ്റെ പാലത്തിലെ വളവ്, ഉറക്കപ്രശ്നങ്ങൾ തുടങ്ങിയ അവസ്ഥകൾ എങ്ങനെയാണ് ഉറക്കത്തെയും ശ്വാസോച്ഛ്വാസത്തേയും ഹൃദയാരോഗ്യത്തെ പോലും നിശബ്ദമായി ബാധിക്കുന്നത് എന്ന് ഈ ബ്ളോഗിലൂടെ nellikka.life വിശകലനം ചെയ്യുന്നു.
കൂർക്കം വലിക്കാനുള്ള കാരണം: ശ്വാസനാളം അടയുന്നതിന് പിന്നിലെ ശാസ്ത്രം
നമ്മൾ ഉറങ്ങുമ്പോൾ, നമ്മുടെ തൊണ്ടയിലെയും നാക്കിലെയും പേശികൾ വിശ്രമാവസ്ഥയിലാകുന്നു. ഇത് വായു കടന്നു പോകുന്ന പാതയെ ചുരുക്കുന്നു. അങ്ങനെ ചുരുങ്ങിയ പാതയിലൂടെ വായു ശ്വാസകോശത്തിലേക്ക് പോകുമ്പോൾ തടസ്സം മാറ്റാനായി മർദ്ദം ചെലുത്തുന്നു. വായുവിൻ്റെ തള്ളലിൽ അവിടത്തെ കോശങ്ങൾ പ്രകമ്പനം കൊള്ളുന്നത് കൂർക്കംവലിയായി നമ്മൾ കേൾക്കുന്നു.
മൂക്കിലെ തടസ്സം മൂലവും തൊണ്ടയിലെ കലകൾ അയയുന്നതുകൊണ്ടും മൂക്കിൻ്റെ ഘടനാപരമായ വ്യത്യാസങ്ങൾ കാരണവും ശ്വാസനാളം ഇടുങ്ങുമ്പോൾ വായുവിൻ്റെ ഒഴുക്ക് അനിയന്ത്രിതമാകുമ്പോഴും ഇത്തരത്തിൽ കമ്പനങ്ങൾ സൃഷ്ടിക്കപ്പെടാറുണ്ട്.
ക്ഷീണമോ മദ്യപാനമോ കാരണം ചിലപ്പോഴൊക്കെ കൂർക്കം വലിക്കുന്നത് സാധാരണമാണെങ്കിലും സ്ഥിരമായ കൂർക്കം വലി പലപ്പോഴും ഗൗരവമായ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു:
- മൂക്കിലെ തടസ്സം: അലർജി, സൈനസൈറ്റിസ്, അല്ലെങ്കിൽ ഡീവിയേറ്റഡ് സെപ്റ്റം എന്നിവ കാരണം.
- അമിതവണ്ണം/കഴുത്തിലെ കൊഴുപ്പ്: ഇത് ശ്വാസനാളത്തെ ഞെരുക്കുന്നു.
- ഉറങ്ങുന്ന രീതി: മലർന്നു കിടക്കുമ്പോൾ നാക്ക് പിന്നോട്ട് പോകാൻ സാധ്യതയുണ്ട്.
- മൂക്കിലെ ശുചിത്വമില്ലായ്മ: പൊടി, വരൾച്ച, അല്ലെങ്കിൽ ചികിത്സിക്കാത്ത സൈനസ് വീക്കം എന്നിവ വായുസഞ്ചാരം തടസ്സപ്പെടുത്തുന്നു.
വായുവിന് സുഗമമായി കടന്നുപോകാൻ ബുദ്ധിമുട്ടുമ്പോൾ, ഓരോ ശ്വാസത്തിനും പോരാട്ടം നടത്തേണ്ടി വരുന്നു. ആ കൂർക്കംവലി ആരോഗ്യം സംബന്ധിച്ച് ശരീരം നൽകുന്ന മുന്നറിയിപ്പാണ്!
കൂർക്കം വലി ആരോഗ്യ പ്രശ്നമായി മാറുമ്പോൾ
സ്വസ്ഥമായ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണ് കൂർക്കംവലി. എന്നാൽ ചിലരിൽ, ഇത് ഒബ്സ്റ്റ്രക്ടീവ് സ്ളീപ് അപ്നിയ(Obstructive Sleep Apnea) അഥവാ ഒ എസ് എ (OSA) എന്ന കൂടുതൽ ഗുരുതരമായ അവസ്ഥയുടെ സൂചനയാകാം. ഉറക്കത്തിനിടയിൽ ശ്വാസം ക്ഷണനേരത്തേക്ക് പലതവണ നിന്നുപോകുന്ന അവസ്ഥയാണ് ഒഎസ്എ.
കാലക്രമേണ, ഈ അവസ്ഥകൾ താഴെ പറയുന്ന ബുദ്ധിമുട്ടുകളിലേക്ക് നയിച്ചേക്കാം:
- തടസ്സപ്പെടുന്ന നിദ്രാചക്രം: ശ്വാസം തിരികെ കൊണ്ടുവരാനായി തലച്ചോറ് ആവർത്തിച്ച് ഉണരുന്നു.
- ഓക്സിജൻ അളവ് കുറയുന്നു: ഇത് ഹൃദയത്തിനും തലച്ചോറിനും സമ്മർദ്ദം നൽകുന്നു.
- രാവിലെ ക്ഷീണം, തലവേദന, ശ്രദ്ധക്കുറവ് എന്നിവ ഉണ്ടാകുന്നു.
- രക്താതിമർദ്ദം (Hypertension), ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ (AASM) നടത്തിയ ഗവേഷണങ്ങൾ കാണിക്കുന്നത്, സ്ലീപ്പ് അപ്നിയ ചികിൽസിക്കാത്ത പക്ഷം അത് ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത 140% വരെ ഉയർത്തും എന്നാണ്. രാത്രിയിൽ ഉണ്ടാകുന്ന ഒരു ചെറിയ ശല്യം എന്ന് തോന്നുന്ന കാര്യം, കൂർക്കംവലിക്കുന്ന വ്യക്തിയുടെ ദീർഘകാല ആരോഗ്യത്തെ നിശബ്ദമായി നശിപ്പിച്ചേക്കാം.
ആരോഗ്യകരമായ ഉറക്കത്തിൽ നാസികയുടെ പങ്ക്
മൂക്ക് ഒരു സ്വാഭാവിക എയർ ഫിൽട്ടറും ഈർപ്പം നൽകുന്ന അവയവവുമാണ്. അതടയുമ്പോൾ, നമ്മൾ വായിലൂടെ ശ്വാസമെടുക്കാൻ തുടങ്ങുന്നു — ഇത് തൊണ്ട വരളാനും കൂർക്കം വലി കൂടാനും കാരണമാകും.
കൂർക്കം വലിക്കുള്ള സാധാരണ നാസികാ സംബന്ധമായ കാരണങ്ങൾ ഇനിപ്പറയുന്നു:
- ഡീവിയേറ്റഡ് സെപ്റ്റം (Deviated Septum): മൂക്കിൻ്റെ പാലം വളഞ്ഞിരിക്കുന്നത് ഒരു നാസാരന്ധ്രത്തിലെ വായുസഞ്ചാരം തടസ്സപ്പെടുത്തുന്നു.
- നേസൽ പോളിപ്സ് (Nasal Polyps): മൂക്കിൻ്റെ അറയെ ഇടുങ്ങിയതാക്കുന്ന മൃദലമായ വളർച്ചകൾ.
- വിട്ടുമാറാത്ത സൈനസൈറ്റിസ്/അലർജി: നീണ്ടുനിൽക്കുന്ന വീക്കം കാരണം നീർക്കെട്ടും മൂക്കടപ്പും ഉണ്ടാകുന്നത്.
ശ്വാസനാളം വൃത്തിയായി സൂക്ഷിക്കാനുള്ള ലളിതമായ ശീലങ്ങൾ
നല്ല ഉറക്കം തുടങ്ങുന്നത് തടസ്സമില്ലാത്ത ശ്വാസോച്ഛ്വാസത്തിൽ നിന്നാണ്. ജീവിതശൈലിയിലെ ചെറിയ ചില മാറ്റങ്ങൾ കൊണ്ട് സ്വസ്ഥത തിരികെ നേടാനാകും:
1.ശുചിത്വം പാലിക്കുക: പൊടിയും അലർജനുകളും നീക്കാൻ സലൈൻ സ്പ്രേകളോ അല്ലെങ്കിൽ റിൻസുകളോ ദിവസവും ഉപയോഗിക്കുക.
2.മുറിയിൽ ഈർപ്പം നിലനിർത്തുക: വരണ്ട കാറ്റ് മൂക്കിലെ കലകളെ പ്രകോപിപ്പിക്കും; കിടക്കയ്ക്കടുത്ത് ഒരു ഹ്യുമിഡിഫയറോ അല്ലെങ്കിൽ ഒരു പാത്രത്തിൽ വെള്ളമോ വെച്ച് ഈർപ്പം കൂട്ടുക.
3.ഉറങ്ങുന്ന രീതി ശ്രദ്ധിക്കുക: ഒരു വശം തിരിഞ്ഞുറങ്ങുന്നത് ശ്വാസനാളം അടഞ്ഞുപോകുന്നത് തടയും.
4.വൈകിയുള്ള മദ്യപാനം/സെഡേറ്റീവ് ഒഴിവാക്കുക: ഇവ തൊണ്ടയിലെ പേശികളെ അമിതമായി അയവുള്ളതാക്കും.
5.ശരീരത്തിൽ ജലാംശം നിലനിർത്തുക: ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മൂക്കിലെ കഫം നേർത്തതും എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയുന്നതുമാക്കും.
6.ഭാരം നിയന്ത്രിക്കുക, വ്യായാമം ചെയ്യുക: ചെറിയ രീതിയിൽ ഭാരം കുറയ്ക്കുന്നത് പോലും കൂർക്കം വലിയുടെ തീവ്രത കുറയ്ക്കും.
ഡോക്ടറെ കാണേണ്ടതെപ്പോൾ?
താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഒരു ഇഎൻടി (ENT) അല്ലെങ്കിൽ സ്ലീപ്പ് സ്പെഷലിസ്റ്റിനെ കാണേണ്ട സമയമായെന്ന് മനസ്സിലാക്കാം:
- ഉറക്കെയുള്ള, സ്ഥിരമായ കൂർക്കം വലി
- ഉറക്കത്തിനിടയിൽ ശ്വാസം നിലച്ചുപോകുകയോ കിതയ്ക്കുകയോ ചെയ്യുക
- പകൽ സമയത്തെ അമിതമായ മയക്കം അല്ലെങ്കിൽ തലവേദന
- വിട്ടുമാറാത്ത മൂക്കടപ്പ് അല്ലെങ്കിൽ വായ തുറന്നുള്ള ശ്വാസമെടുപ്പ്
- ഉറക്കമുണരുമ്പോൾ വായയിലും തൊണ്ടയിലും അനുഭവപ്പെടുന്ന വരൾച്ച
രോഗനിർണയത്തിൽ സാധാരണയായി, നേസൽ എൻഡോസ്കോപ്പി (മൂക്കിലെ ഘടനാപരമായ തടസ്സം കണ്ടെത്താൻ) അല്ലെങ്കിൽ സ്ലീപ്പ് സ്റ്റഡി (പോളിസോമ്‌നോഗ്രാഫി) (ഓക്സിജൻ്റെ അളവും സ്ലീപ് അപ്നിയയുടെ തീവ്രതയും വിലയിരുത്താൻ) എന്നിവ ഉൾപ്പെട്ടേക്കാം.
കാരണങ്ങൾക്കനുസരിച്ച്, ചികിത്സകൾ പലതരത്തിലാവാം. ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മൂക്കിലെ ശസ്ത്രക്രിയ മുതൽ, സ്ലീപ് അപ്നിയക്കുള്ള സി പി എ പി (CPAP) തെറാപ്പി വരെ ഇതിൽ ഉൾപ്പെടും. ഓക്സിജൻ പ്രവാഹം പുനഃസ്ഥാപിക്കുന്നതിനും ഗാഢമായ ഉറക്കം ലഭിക്കുന്നതിനും ഈ ചികിത്സകൾ വളരെ ഫലപ്രദമാണ്.
സുഗമമായ ശ്വാസം, സ്വസ്ഥമായ ഉറക്കം
കൂർക്കംവലിയുടെ ശബ്ദം ഇല്ലാതാക്കുക എന്നതു മാത്രമല്ല ചികിൽസയുടെ ലക്ഷ്യം. ഉന്മേഷം വീണ്ടെടുക്കുക എന്നതുകൂടിയാണ്. മൂക്കും ശ്വാസനാളവും ഒത്തിണങ്ങി പ്രവർത്തിക്കുമ്പോൾ, നിങ്ങളുടെ ഉറക്കം നവോന്മേഷം നൽകുന്നതാകും, മനസ്സ് കൂടുതൽ തെളിച്ചമുള്ളതാകും, ഹൃദയം കൂടുതൽ സുരക്ഷിതമാകും.
അതുകൊണ്ട്, അടുത്ത തവണ കൂർക്കം വലി കേൾക്കുമ്പോൾ, അതിനെ തമാശയായി തള്ളിക്കളയരുത്. “കൂടുതൽ നന്നായി ശ്വാസമെടുക്കുക” എന്ന് ശരീരം നിശബ്ദമായി പറയുന്ന സന്ദേശമാണത്.




