പാമ്പുകടിയേറ്റാൽ നൽകേണ്ട പ്രഥമശുശ്രൂഷ: ആശുപത്രിയിൽ എത്തും മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ

ഇന്ത്യയെപ്പോലെയുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ പാമ്പുകടിയേൽക്കുന്നത് അപൂർവ്വ സംഭവമല്ല. പ്രത്യേകിച്ച്, ഗ്രാമപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും പാമ്പുകളുടെ സാന്നിദ്ധ്യം സാധാരണമാണ്. മഴക്കാലത്ത് പാമ്പുകടിയേൽക്കാനുള്ള സാദ്ധ്യത കടുതലാണ്. ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾക്ക് പാമ്പുകടിയേൽക്കുന്നുണ്ട്, ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്തവയാണെങ്കിലും ചില ഇനങ്ങൾ അതീവ അപകടകാരികളാണ്.
മിക്ക കേസുകളിലും, പാമ്പുകടി മൂലമുള്ള മരണത്തിനോ അംഗവൈകല്യത്തിനോ കാരണം വിഷം മാത്രമല്ല. പരിഭ്രാന്തി, ചികിത്സ നൽകാൻ വൈകുന്നത്, തെറ്റായ പ്രഥമശുശ്രൂഷ എന്നിവയെല്ലാം അപകടത്തിൽ കലാശിക്കുന്നു.
പാമ്പുകടിയേറ്റതിന് ശേഷമുള്ള ആദ്യത്തെ 30 മിനിറ്റിനുള്ളിൽ എന്തുചെയ്യണം, എന്തു ചെയ്യരുത് എന്ന് മനസ്സിലാക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായകമാകും.
പാമ്പുകടിയേറ്റാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് ചെയ്യേണ്ട ശാസ്ത്രീയമായ പ്രഥമശുശ്രൂഷാ നടപടികളും അടിയന്തര സാഹചര്യങ്ങളിലെ ചികിത്സാ രീതികളും നമുക്ക് വിശദമായി പരിശോധിക്കാം.
പാമ്പുകടിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ
പലയിനം പാമ്പുകൾ
എല്ലാ പാമ്പുകളും വിഷം വമിപ്പിക്കുന്നവയല്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണകാരണമാകുന്ന വിഷപ്പാമ്പുകൾ പ്രധാനമായും നാലെണ്ണമാണ്—ഇവയെ പൊതുവെ “ബിഗ് ഫോർ” (Big Four) എന്ന് വിളിക്കുന്നു:
1.മൂർഖൻ (Cobra)
2.വെള്ളിക്കെട്ടൻ (Krait)
3.അണലി (Russell’s Viper)
4.ചുരുട്ടമണ്ഡലി (Saw-scaled Viper)
വിഷത്തിന്റെ തരങ്ങൾ
ഓരോ പാമ്പിന്റെ വിഷവും ശരീരത്തിൽ വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാക്കുന്നത്:
- ന്യൂറോടോക്സിക് വിഷം (Neurotoxic venom – മൂർഖൻ, വെള്ളിക്കെട്ടൻ): നാഡീവ്യവസ്ഥയെ ബാധിക്കുന്നു — തളർച്ച, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്നു.
- ഹീമോടോക്സിക് വിഷം (Hemotoxic venom – അണലി): ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നു, രക്തസ്രാവത്തിനും കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും കാരണമാകുന്നു.
- സൈറ്റോടോക്സിക് വിഷം (Cytotoxic venom): കടിയേറ്റ ഭാഗത്ത് കഠിനമായ വീക്കത്തിനും കോശനാശത്തിനും കാരണമാകുന്നു.
ചില ദംശനങ്ങൾ വിഷം വമിപ്പിക്കാത്തവയാണ്. (Dry Bites). എങ്കിലും, ഇത് തിരിച്ചറിയാൻ സാധിക്കില്ല. പാമ്പുകടിയേറ്റാൽ, അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സാഹചര്യമായി കണക്കാക്കുകയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും വേണം.
പാമ്പുകടിയുടെ ലക്ഷണങ്ങൾ തിരിച്ചറിയാം
കൃത്യസമയത്ത് ചികിത്സ നൽകാൻ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
കടിയേറ്റ ഭാഗത്ത് കാണുന്ന ലക്ഷണങ്ങൾ:
- കുത്തേറ്റ രണ്ടു പാടുകളോ അല്ലെങ്കിൽ നിരവധി ചെറിയ പല്ലുകളുടെ പാടുകളോ
- കടിയേറ്റ ഭാഗത്ത് വേദനയും വീക്കവും
- ചുവപ്പ് നിറമോ നീലകലർന്ന നിറവ്യത്യാസമോ
- രക്തസ്രാവം അല്ലെങ്കിൽ കുമിളകൾ ഉണ്ടാകുന്നത്
ശരീരത്തെ ബാധിക്കുന്ന ലക്ഷണങ്ങൾ – പൊതുവായി കാണുന്നത്:
- ഓക്കാനം, ഛർദ്ദി
- അമിതമായ വിയർപ്പ്, തലകറക്കം, അല്ലെങ്കിൽ ബോധക്ഷയം
- കാഴ്ച മങ്ങുക, കൺപോളകൾ തൂങ്ങുക
- സംസാരിക്കാനോ ഭക്ഷണം ഇറക്കാനോ ഉള്ള ബുദ്ധിമുട്ട്
- ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ തളർച്ച
- മോണയിൽ നിന്നോ മൂത്രത്തിലൂടെയോ നിയന്ത്രണമില്ലാത്ത രക്തസ്രാവം (അണലിയുടെ കടിയേറ്റാൻ)
ഇവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ, ആ വ്യക്തിയെ അടിയന്തരമായി ആശുപത്രിലെത്തിച്ച് പരിചരണം നൽകണം. കാരണം ആന്റിവെനം (antivenom) ചികിത്സയും ഓക്സിജൻ നൽകുന്നതും ജീവൻ രക്ഷിക്കാൻ സാധ്യതയുണ്ട്.
പ്രഥമശുശ്രൂഷ (ഘട്ടം ഘട്ടമായി)
ജീവൻ രക്ഷിക്കാൻ ഈ ഘട്ടങ്ങൾ കൃത്യമായി പാലിക്കുക.
ആദ്യഘട്ടം: കടിയേറ്റയാൾക്ക് പരിഭ്രമം ഉണ്ടാക്കാതെ ശാന്തനാക്കുക
- പരിഭ്രാന്തി ഉണ്ടായാൽ ഹൃദയമിടിപ്പ് കൂടുകയും വിഷം രക്തത്തിലൂടെ വേഗത്തിൽ വ്യാപിക്കാൻ കാരണമാവുകയും ചെയ്യും.
- കടിയേറ്റ വ്യക്തിയെ ആശ്വസിപ്പിക്കുക — മിക്ക പാമ്പുകടികളും പെട്ടെന്ന് മാരകമാകുന്നവയല്ല.
- അനങ്ങാതെ കിടക്കാൻ ആവശ്യപ്പെടുക. ഓടുകയോ നടക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം.
ഓർക്കുക: ശാന്തമായിരുന്നാൽ അത് വിഷം ശരീരത്തിൽ കലരുന്നത് സാവധാനത്തിലാക്കാൻ സഹായിക്കും.
രണ്ടാംഘട്ടം: അബദ്ധങ്ങളും അന്ധവിശ്വാസങ്ങളും ഒഴിവാക്കുക
സാധാരണയായി ആളുകൾ ചെയ്യുന്നതും എന്നാൽ അപകടകരവുമായ കാര്യങ്ങൾ ഇവയാണ്:
- കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം കളയുകയോ വായ് കൊണ്ട് രക്തം വലിച്ചെടുക്കുകയോ വിഷം പുറത്തുകളയാൻ ശ്രമിക്കുകയോ ചെയ്യരുത്.
- മുറുക്കി കെട്ടിവയ്ക്കുന്ന ടൂർണിക്കറ്റ് (Tourniquet) ഉപയോഗിക്കരുത് — ഇത് രക്തയോട്ടം തടസ്സപ്പെടുത്തുകയും കോശങ്ങൾ നശിച്ച് അവയവം അഴുകാൻ (gangrene) കാരണമാവുകയും ചെയ്യും.
- ഐസ്, രാസവസ്തുക്കൾ, നാടൻ മരുന്നുകൾ (ചിലയിനം ഇലകൾ , ലേപനങ്ങൾ) എന്നിവ പുരട്ടരുത്.
- മദ്യം, കാപ്പി, അല്ലെങ്കിൽ മയങ്ങാനുള്ള ഗുളികകൾ എന്നിവ നൽകരുത്.
- പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിക്കരുത് — ഇത് സമയം പാഴാക്കുകയും വീണ്ടും കടിയേൽക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
മൂന്നാംഘട്ടം: കടിയേറ്റ ഭാഗം അനക്കാതിരിക്കുക
- കടിയേറ്റ ഭാഗം ഹൃദയത്തിന്റെ ലെവലിൽ താഴെയായി വയ്ക്കുക. ഇത് വിഷം വ്യാപിക്കുന്നത് കുറയ്ക്കാൻ സഹായിക്കും.
- കൈയോ കാലോ അനങ്ങാതിരിക്കാൻ (സ്പ്ലിൻ്റ്), വിറക് കഷ്ണമോ മറ്റോ ഉപയോഗിച്ച് കെട്ടിവയ്ക്കുക (ഒടിവ് സംഭവിച്ചാൽ ചെയ്യുന്നത് പോലെ).
- കടിയേറ്റ വ്യക്തിയോട് ശരീരം ഒട്ടും അനക്കാതിരിക്കാൻ പറയുക.
നാലാംഘട്ടം: മുറുകിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക
- പാമ്പുകടിയേറ്റ ഭാഗത്ത് വീക്കം ഉണ്ടാകുന്നത് സാധാരണമാണ്.
- കടിയേറ്റ ഭാഗത്തിന് സമീപം മോതിരം, വളകൾ, വാച്ച്, അല്ലെങ്കിൽ ഇറുകിയ വസ്ത്രങ്ങൾ എന്നിവയുണ്ടെങ്കിൽ ഉടൻ തന്നെ ഊരിമാറ്റുക. അല്ലെങ്കിൽ വീക്കം കൂടുമ്പോൾ ഇത് രക്തയോട്ടം തടസ്സപ്പെടുത്താൻ കാരണമാകും.
അഞ്ചാംഘട്ടം: മുറിവ് മൃദുവായി വൃത്തിയാക്കുക
- ഒഴുകുന്ന വെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് കടിയേറ്റ സ്ഥലം കഴുകുക.
- കടിയേറ്റ ഭാഗം ഉരസുകയോ അമർത്തുകയോ തിരുമ്മുകയോ ചെയ്യരുത്.
- ആന്റിസെപ്റ്റിക്കുകളോ മറ്റ് മരുന്നുകളോ പുരട്ടരുത്.
- മുറിവ് അമർത്തിക്കെട്ടി വെയ്ക്കരുത്. ശുദ്ധമായ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് ലഘുവായി മൂടുക.
ആറാംഘട്ടം: പ്രഷർ ബാൻഡേജ് ഉപയോഗിക്കുക (ന്യൂറോടോക്സിക് വിഷത്തിന് മാത്രം)
- മൂർഖൻ അല്ലെങ്കിൽ വെള്ളിക്കെട്ടൻ തുടങ്ങിയ ന്യൂറോടോക്സിക് വിഷമുള്ള പാമ്പുകളാണ് കടിച്ചതെന്ന സംശയം ഉണ്ടെങ്കിൽ, കംപ്രഷൻ ബാൻഡേജ് ഉണ്ടെങ്കിൽ മാത്രം ഇത് ചെയ്യുക:
- കടിയേറ്റ സ്ഥലത്തിന് മുകളിൽ നിന്ന് ഒരു വീതിയുള്ള ഇലാസ്റ്റിക് ബാൻഡേജ് (ക്രേപ്പ് ബാൻഡേജ് പോലുള്ളവ) ഉപയോഗിച്ച് ദൃഢമായി (മുറുകെ വലിക്കരുത്) താഴേക്ക് ചുറ്റുക.
- ഈ കെട്ട് രക്തയോട്ടം നിലയ്ക്കുന്ന രീതിയിലായിരിക്കരുത് — ബാൻഡേജിനടിയിലൂടെ ഒരു വിരൽ കടത്താൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക.
ഈ രീതി (Pressure Immobilization Technique – PIT) വിഷം വ്യാപിക്കുന്നത് സാവധാനത്തിലാക്കാൻ സഹായിക്കും.
മണ്ഡലിയുടെ കടിയാണ് ഏറ്റതെങ്കിൽ ഈ രീതി ഉപയോഗിക്കരുത് — അത് കോശങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടം വർദ്ധിപ്പിക്കും.
ഏഴാംഘട്ടം: ഉടൻ ആശുപത്രിയിൽ എത്തിക്കുക
- കടിയേറ്റ വ്യക്തിയെ ആന്റിവെനം ചികിത്സ ലഭിക്കുന്ന ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് ഉടൻ തന്നെ സുരക്ഷിതമായി എത്തിക്കുക.
- കടിയേറ്റ വ്യക്തി യാത്രയിലുടനീളം കിടക്കുകയാണെന്ന് ഉറപ്പുവരുത്തുക
- യാത്രയിൽ അനാവശ്യമായ ചലനങ്ങൾ ഒഴിവാക്കുക.
സാധ്യമെങ്കിൽ, ഈ വിവരങ്ങൾ കുറിച്ചു വെയ്ക്കുക:
- കടിയേറ്റ സമയം
- പാമ്പിനെക്കുറിച്ചുള്ള വിവരങ്ങൾ (നിറം, പാറ്റേൺ, തലയുടെ ആകൃതി)
ഈ വിവരങ്ങൾ കണ്ടെത്താനായി ഒരിക്കലും സമയം പാഴാക്കരുത്. ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത് ചികിത്സയ്ക്ക് തന്നെയാണ് .
എട്ടാംഘട്ടം: ആശുപത്രിയിൽ എത്തിയാൽ എന്താണ് സംഭവിക്കുക?
ആശുപത്രിയിൽ, വിദഗ്ദ്ധരായ ഡോക്ടർമാർ ആദ്യം ചെയ്യുന്നത് ഇതാണ്:
1.ശരീരത്തിന്റെ പ്രധാന ലക്ഷണങ്ങൾ (Vital Signs), അതായത് രക്തസമ്മർദ്ദം, ശ്വാസം, ഹൃദയമിടിപ്പ് എന്നിവയും മറ്റ് ലക്ഷണങ്ങളും വിലയിരുത്തുന്നു.
2.പാമ്പുകടി വിഷമുള്ളതാണോ വിഷമില്ലാത്തതാണോ എന്നതിൽ വ്യക്തത വരുത്തുന്നു.
3.ആന്റി-സ്നേക്ക് വെനം (Anti-Snake Venom – ASV) നൽകുന്നു — വിഷപ്പാമ്പ് കടിക്ക് നിലവിലുള്ള ഫലപ്രദമായ ഏകചികിത്സയാണിത്.
1.രക്തത്തിൽ കലർന്ന വിഷത്തെ ASV നിർവീര്യമാക്കുന്നു.
2.എത്ര ഡോസ് ASV വേണമെന്ന് പാമ്പിന്റെ ഇനത്തെയും ലക്ഷണങ്ങളുടെ തീവ്രതയെയും ആശ്രയിച്ചിരിക്കും.
4.ശ്വാസം നിരീക്ഷിക്കുന്നു — തളർച്ച (paralysis) ഉണ്ടാകുന്ന ചില രോഗികൾക്ക് വെന്റിലേറ്റർ സഹായം ആവശ്യമായി വന്നേക്കാം.
5.സഹായക പരിചരണം നൽകുന്നു (ഫ്ലൂയിഡുകൾ, ആൻറിബയോട്ടിക്കുകൾ, മുറിവിനുള്ള പരിചരണം).
മുറിവ് ചികിത്സയുടെ ഭാഗമായി ടെറ്റനസ് കുത്തിവയ്പ്പും സാധാരണയായി നൽകും.
ഒൻപതാംഘട്ടം: സമയം വൈകരുത് — “സുവർണ്ണ മണിക്കൂർ” (Golden Hour) തത്വം
പാമ്പുകടി ചികിത്സയിൽ സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്.
കടിയേറ്റതിന് ശേഷം 60 മിനിറ്റിനുള്ളിൽ (സുവർണ്ണ മണിക്കൂറിനുള്ളിൽ) ആശുപത്രിയിൽ എത്തിയാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് ഒപ്പം മറ്റ് സങ്കീർണ്ണതകൾ കുറയ്ക്കാനും സാധിക്കും.
വിഷപ്പാമ്പാണ് കടിച്ചതെന്ന് സംശയിക്കേണ്ടതെപ്പോൾ?
താഴെ പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും കണ്ടാൽ ഉടൻ തന്നെ അടിയന്തിര ചികിത്സ തേടുക:
- വ്യത്യസ്ത കുത്തുകളേറ്റ രണ്ട് പാടുകൾ കാണുകയാണെങ്കിൽ.
- കടിയേറ്റ ഭാഗത്ത് വേഗത്തിൽ വീക്കമോ കഠിനമായ വേദനയോ വ്യാപിക്കുകയാണെങ്കിൽ.
- കടിയേറ്റ വ്യക്തിക്ക് തലകറക്കം, ശ്വാസംമുട്ടൽ, അല്ലെങ്കിൽ ആശയക്കുഴപ്പം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ.
- മോണ, മൂത്രം, അല്ലെങ്കിൽ മലം എന്നിവയിലൂടെ രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കിൽ.
- കൺപോളകൾ തൂങ്ങുകയോ സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിൽ.
ആദ്യം ലക്ഷണങ്ങൾ കുറവാണെങ്കിൽ പോലും — കാത്തിരിക്കരുത്. വിഷത്തിന്റെ ഫലങ്ങൾ മണിക്കൂറുകൾക്ക് ശേഷവും പ്രത്യക്ഷപ്പെടാം.
പാമ്പുകടി ഉണ്ടായാൽ ആളുകൾ ചെയ്യുന്ന ചില കാര്യങ്ങൾ ജീവന് കൂടുതൽ അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. ശാസ്ത്രീയമായ വസ്തുതകൾ എന്താണെന്ന് നോക്കാം:
തെറ്റിദ്ധാരണകളും വസ്തുതകളും
| തെറ്റിദ്ധാരണ | യഥാർത്ഥ വസ്തുത |
| “വിഷം വലിച്ചെടുത്താൽ ജീവൻ രക്ഷിക്കാം.” | ഇത് അപകടകരമാണ്. വിഷം വേഗത്തിൽ ശരീരത്തിൽ വ്യാപിക്കുന്നതിനാൽ ഈ രീതി ഒട്ടും സഹായകമാകില്ല. |
| “വിഷം തടയാൻ മുറുക്കി കെട്ടിവയ്ക്കുക.” | ഇത് കൈകാലുകളിലേക്കുള്ള രക്തയോട്ടം തടയുകയും, കോശങ്ങൾ നശിച്ച് ഗാംഗ്രീൻ ഉണ്ടാകാനും ആ അവയവം നഷ്ടപ്പെടാനും കാരണമായേക്കാം. |
| “വേദന ഇല്ലെങ്കിൽ പാമ്പ് വിഷമില്ലാത്തതാണ്.” | ഇത് തെറ്റാണ്. വെള്ളിക്കെട്ടൻ പോലുള്ള ചില വിഷപ്പാമ്പുകളുടെ കടിക്ക് തുടക്കത്തിൽ വേദന തീരെ കുറവായിരിക്കും. |
| “കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കിയാൽ വിഷം പുറത്തുപോകും.” | ഇങ്ങനെ ചെയ്യുന്നത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും രക്തനഷ്ടം ഉണ്ടാക്കുകയും ചെയ്യും. |
| “കറുത്ത പാമ്പുകൾ എപ്പോഴും വിഷമുള്ളതായിരിക്കും.” | പാമ്പിന്റെ നിറം മാത്രം നോക്കി വിഷാംശം നിർണ്ണയിക്കാൻ കഴിയില്ല. പാമ്പിൻ്റെ ഇനമാണ് ശ്രദ്ധിക്കേണ്ടത്. |
ഓരോ നിമിഷവും അമൂല്യമാണ്
പാമ്പുകടിയേറ്റാൽ പരിഭ്രാന്തിയോ ഊഹങ്ങളോ കൂടാതെ എത്രയും വേഗം ശാന്തതയോടെ പ്രവർത്തിക്കുകയാണ് വേണ്ടത്.
ശരിയായ പ്രഥമശുശ്രൂഷ നൽകുന്നത് വിഷം വ്യാപിക്കുന്നത് സാവധാനത്തിലാക്കാനും വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നതുവരെയുള്ള നിർണായക നിമിഷങ്ങൾ ലാഭിക്കാനും സഹായിക്കും.
ഈ സുവർണ്ണ മന്ത്രം എപ്പോഴും ഓർക്കുക:
“മുറിക്കരുത്. വലിച്ചെടുക്കരുത്. കെട്ടിവെയ്ക്കരുത്. പരിഭ്രമിക്കരുത്.”
മുറിവ് വൃത്തിയാക്കി, അനക്കാതെ വെച്ച്, ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുക.
കാരണം, പാമ്പുകടിയുടെ കാര്യത്തിൽ, സമയം തന്നെയാണ് ജീവൻ രക്ഷിക്കുന്ന പ്രധാന ഘടകം.
References.




