പുതുവർഷ തീരുമാനങ്ങൾ നടപ്പിലാക്കണ്ടേ?: ചെറിയ ചുവടുകളിലൂടെ വലിയ മാറ്റത്തിലേക്ക്

പുതുവർഷ തീരുമാനങ്ങൾ നടപ്പിലാക്കണ്ടേ?: ചെറിയ ചുവടുകളിലൂടെ വലിയ മാറ്റത്തിലേക്ക്

ജനുവരി 1: പ്രതീക്ഷയുടെ പുത്തൻ പ്രഭാതം

പുതുവർഷത്തിലെ ആദ്യ സൂര്യോദയത്തിന്  തലേന്ന് രാത്രി ഉറങ്ങാൻ പോകുമ്പോൾത്തന്നെ നമ്മളിൽ പലരും ചില തീരുമാനങ്ങളിൽ എത്തിയിട്ടുണ്ടാകും. നാളെ രാവിലെ പുതുവർഷത്തിലെ ആദ്യദിനം മുതൽ ചില കാര്യങ്ങളിൽ മാറ്റം വരുത്തുമെന്ന്. പിറ്റേന്ന് കാലത്ത് ചായയുമായി, ഫോണിൽ സ്ക്രോൾ ചെയ്തുകൊണ്ട്, നിശബ്ദമായി ആത്മഗതം നടത്തും:

“ഈ വർഷം, ഞാൻ എന്തായാലും ഫിറ്റാകും.” “ഈ വർഷം, ഞാൻ കൂടുതൽ പണം മിച്ചം പിടിക്കും.” “ഈ വർഷം, ഞാൻ എല്ലാ കാര്യങ്ങളിലും സ്ഥിരത പുലർത്തും.”

എന്നാൽ ജനുവരി രണ്ടാം വാരമാകുമ്പോഴേക്കും, യോഗ മാറ്റിൽ പൊടിപിടിച്ചിട്ടുണ്ടാകും, സേവിംഗ്സ് ആപ്പിനെക്കുറിച്ച് നമ്മൾ മറന്നിട്ടുണ്ടാകും, നമ്മുടെ പഴയ ശീലങ്ങൾ നിശബ്ദമായി വന്ന് വീണ്ടും നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടാകും.

നിങ്ങൾക്ക് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആലോചിച്ച് സങ്കടപ്പെടണ്ട- സ്ക്രാൻ്റൺ യൂണിവേഴ്സിറ്റി (University of Scranton) നടത്തിയ ഒരു ഗവേഷണമനുസരിച്ച്, ഏകദേശം 8% ആളുകൾ മാത്രമാണ് പുതുവർഷ തീരുമാനങ്ങൾ യഥാർത്ഥത്തിൽ പ്രാവർത്തികമാക്കുന്നത്.

പ്രശ്നം നിങ്ങളുടേതല്ല. തീരുമാനങ്ങൾ എടുക്കുന്ന രീതിയുടെ കുഴപ്പമാണത്.

തീരുമാനങ്ങൾ പരാജയപ്പെടുന്നത് എന്തുകൊണ്ട്? 

നമ്മൾ പലപ്പോഴും കേൾക്കാൻ നല്ലതെന്ന് തോന്നുന്ന ലക്ഷ്യങ്ങൾ വെയ്ക്കും, എന്നാൽ യഥാർത്ഥ ജീവിതത്തിൽ അവ പ്രാവർത്തികമാക്കാനുള്ള ഘടന (structure) അതിനുണ്ടാകില്ല.

  • “ഞാൻ വ്യായാമം തുടങ്ങും” (പക്ഷേ എപ്പോൾ? എവിടെ? എങ്ങനെ?)
  • “ഞാൻ ഹെൽത്തിയായി ഭക്ഷണം കഴിക്കും” (എന്താണ് ‘ഹെൽത്തി’ എന്നത് കൊണ്ട് നിങ്ങൾ ശരിക്കും അർത്ഥമാക്കുന്നത്?)
  • “ഞാൻ കൂടുതൽ പോസിറ്റീവ് ആകും” (ഒരു മോശം ദിവസം വന്നാൽ അപ്പോൾ എന്ത് ചെയ്യാനാണ് പ്ലാൻ?)

പെട്ടെന്നുള്ള, വലിയ മാറ്റങ്ങളെ നമ്മുടെ തലച്ചോറ് ചെറുക്കുമെന്ന് ന്യൂറോ സയൻസ് പറയുന്നു. അതിന് വേണ്ടത് ‘ഷോക്ക് ട്രീറ്റ്മെൻ്റ്’ അല്ല, മറിച്ച് സ്ഥിരതയാണ് (consistency). നമ്മൾ നടപ്പിലാക്കാൻ കഴിയാത്ത വലിയ വാഗ്ദാനങ്ങൾ നൽകുമ്പോൾ, നമ്മുടെ തലച്ചോറ് ഭീതിയിലാകുന്നു (panics) – അത് നമ്മെ തിരികെ നമ്മുടെ കംഫർട്ട് സോണുകളിലേക്ക് (comfort zones) വലിച്ചിടുന്നു.

മാറ്റത്തിലേക്കുള്ള വഴി: തീരുമാനങ്ങളിൽ നിന്ന് സംവിധാനങ്ങളിലേക്ക് 

വലിയ ലക്ഷ്യങ്ങൾ വെയ്ക്കുന്നതിന് പകരം, നമുക്ക് കൃത്യമായി നടപ്പിലാക്കാൻ  കഴിയുന്ന ചെറിയ സംവിധാനങ്ങൾ ഉണ്ടാക്കുക.

അറ്റോമിക് ഹാബിറ്റ്സ്’ (Atomic Habits) എന്ന പുസ്തകത്തിൻ്റെ രചയിതാവായ ജെയിംസ് ക്ലിയർ പറയുന്നു:

“നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയരുകയല്ല. മറിച്ച്, നിങ്ങളുടെ സംവിധാനങ്ങളുടെ നിലവാരത്തിലേക്ക് വീഴുകയാണ് ചെയ്യുന്നത്.”

അതിനർത്ഥം:

  • “10 കിലോ കുറയ്ക്കും” എന്ന് തീരുമാനിക്കരുത്. പകരം, ദിവസവും 15 മിനിറ്റ് നടക്കാനും ആഹാരം ആസ്വദിച്ചു കഴിക്കാനും (mindful eating) ഒരു സംവിധാനം ഉണ്ടാക്കുക.
  • “ഒരു വർഷം എല്ലാ ദിവസവും ധ്യാനിക്കും” എന്ന ലക്ഷ്യം വേണ്ട. പകരം, ഉറങ്ങുന്നതിനുമുമ്പ് 2 മിനിറ്റ് ശാന്തമായി ശ്വാസമെടുക്കാനും സ്വയം ശ്രദ്ധിക്കാനും ഒരു സംവിധാനം ഉണ്ടാക്കുക.
  • “സോഷ്യൽ മീഡിയ കാണുന്നത്  നിർത്തും” എന്ന് മനസ്സിന് വാഗ്ദാനം നൽകരുത്. പകരം, ദിവസത്തിൽ ഒരു മണിക്കൂർ നിങ്ങളുടെ ഫോൺ മറ്റൊരു മുറിയിൽ വെയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കുക.

ചെറിയ സംവിധാനങ്ങൾ ഒത്തുചേർന്നാണ് വലിയ മാറ്റമുണ്ടാകുന്നത്.

2026ലേക്ക് എങ്ങനെ യഥാർത്ഥ ലക്ഷ്യങ്ങൾ പ്ളാൻ ചെയ്യാം?

നമുക്ക് ഇത് പ്രായോഗികമായി ചെയ്യാം.

ഈ പുതുവർഷം നിങ്ങൾക്ക് വേണ്ടി ശരിക്കും പ്രവർത്തിക്കാൻ സഹായിക്കുന്ന ഒരു ‘നെല്ലിക്ക-സ്റ്റൈൽ’ വെൽനസ് പദ്ധതി ഇതാ:

1. വെറും 3 കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക

ആരോഗ്യം, ബന്ധങ്ങൾ, വ്യക്തിപരമായ വളർച്ച – ഇത് മാത്രം മതി. എല്ലാം നമ്മുടെ മുൻഗണനയിൽ ഉണ്ടാകുമ്പോൾ, ഒന്നിനും മുൻഗണന നൽകാൻ കഴിയാതെ വരും.

2.” സൂക്ഷ്മ ലക്ഷ്യങ്ങൾ” (Micro-Goals) വെയ്ക്കുക

 ഉദാഹരണം: “ഞാൻ വായന തുടങ്ങും” എന്ന് പറയുന്നതിന് പകരം, “ഉറങ്ങുന്നതിന് മുമ്പ് ഞാൻ 10 പേജ് വായിക്കും” എന്ന് പറയുക. ഇത്തരം ചെറിയ ലക്ഷ്യങ്ങൾ നമ്മുടെ തലച്ചോറിൽ ഡോപമിൻ (dopamine) ഹോർമോൺ ഉത്പാദിപ്പിക്കുമെന്ന് ശാസ്ത്രം പറയുന്നു. ഇത് ആ കാര്യം തുടർന്ന് കൊണ്ടുപോകാൻ പ്രേരിപ്പിക്കും.

3. ശീലങ്ങളുമായി പുതിയ ലക്ഷ്യങ്ങളെ കൂട്ടിച്ചേർക്കുക

 ഇതിനെ ‘ഹാബിറ്റ് സ്റ്റാക്കിംഗ്’ (habit stacking) എന്ന് പറയുന്നു.

“പല്ല് തേച്ചതിന് ശേഷം, ഞാൻ ഒരു ഗ്ലാസ് വെള്ളം കുടിക്കും.”

“രാവിലെ കാപ്പി കുടിച്ച ശേഷം, ഞാൻ 5 മിനിറ്റ് സ്‌ട്രെച്ച് ചെയ്യും.”

നിങ്ങൾ പുതിയ സമയം ഉണ്ടാക്കുകയല്ല, മറിച്ച് പഴയ ശീലത്തിനൊപ്പം പുതിയൊരു ലക്ഷ്യം കൂടി കൂട്ടിച്ചേർക്കുകയാണ് (layering purpose).

4. പരാജയങ്ങൾ പ്രതീക്ഷിക്കുക – അതിനായും പ്ലാൻ ചെയ്യാം

 ഒരു ദിവസം മുടങ്ങിയോ? നിർത്തിക്കളയരുത്. വിജയം കെട്ടിപ്പടുക്കുന്നത് ഒരിക്കലും വീഴാതിരിക്കുന്നതിലൂടെയല്ല, മറിച്ച് വീണ്ടും എഴുന്നേൽക്കുന്നതിലൂടെയാണ്. ഒരു ശീലം ഓട്ടോമാറ്റിക് ആകാൻ ശരാശരി 66 ദിവസം എടുക്കുമെന്ന് ‘യൂറോപ്യൻ ജേണൽ ഓഫ് സോഷ്യൽ സൈക്കോളജി’യിലെ പഠനം പറയുന്നു. അതുകൊണ്ട് നിങ്ങളോട് തന്നെ ക്ഷമിക്കുക.

5. ചെറിയ വിജയങ്ങൾ ആഘോഷിക്കുക

പൂർണ്ണതയ്ക്ക് വേണ്ടിയല്ല, പുരോഗതിക്ക് വേണ്ടി സ്വയം അഭിനന്ദിക്കുക. ഓരോ നടത്തവും ഓരോ ദിവസത്തെ ഡയറി എഴുത്തും ശ്രദ്ധയോടെ കഴിച്ച ഓരോ ഭക്ഷണവും – എല്ലാം പ്രധാനമാണ്.

യഥാർത്ഥ മാറ്റം സാവധാനത്തിലാണ് അനുഭവപ്പെടുക -വളർച്ചയെ ഒരു വിത്ത് നടുന്നതുപോലെ ചിന്തിക്കുക. ആഴ്ചകളോളം, അത് മണ്ണിനടിയിലായിരിക്കും, ആരും കാണില്ല. പിന്നെ ഒരു ദിവസം, ഒരു കുഞ്ഞു നാമ്പ് തലനീട്ടും – നിങ്ങൾ അതിനെ പരിപാലിച്ചതുകൊണ്ട്,  ശ്രദ്ധിച്ചതുകൊണ്ട് വെള്ളമൊഴിച്ചതുകൊണ്ട്- അത് വളർന്നുകൊണ്ടേയിരിക്കും. പടർന്ന് പന്തലിക്കും.

ഏറ്റവും മികച്ച ശീലങ്ങളിലേക്കുള്ള നിങ്ങളുടെ തുടക്കം ജനുവരി ഒന്നിന് മാത്രമല്ല. തുടർന്നുള്ള ശാന്തമായ പ്രഭാതങ്ങളിലും സ്ഥിരതയാർന്ന പ്രവർത്തനങ്ങളിലും  പൊതുവെ ആരും കാണാത്ത, എന്നാൽ നിങ്ങൾ സ്വയം തിരിച്ചറിയുന്ന ചെറിയ പ്രവൃത്തികളിലും അതുണ്ടാകും..

ഈ പുതുവർഷം, നടക്കാത്ത ആഗ്രഹങ്ങളുടെ വലിയ ലിസ്റ്റ് ഒഴിവാക്കാം. വലിയ പ്രഖ്യാപനങ്ങൾക്ക് പകരം സൗമ്യമായ സ്ഥിരത തെരഞ്ഞെടുക്കാം.

യഥാർത്ഥ പരിവർത്തനം എന്നത് ഒറ്റരാത്രികൊണ്ട് നിങ്ങളുടെ കഥ മാറ്റിയെഴുതുന്നതല്ല. അത് എല്ലാ ദിവസവും അതിലെ ഓരോരോ വാചകമായി എഡിറ്റ് ചെയ്യുന്നതുപോലെയാണ് – അനുകമ്പയോടെ, അച്ചടക്കത്തോടെ, ആത്മാഭിമാനത്തോടെ.

അപ്പോൾ 2026ലേക്ക് സ്വാഗതം – നിങ്ങൾ സ്വയം നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്ന വർഷം, ചെറിയ ചുവടുവെയ്പ്പുകളിലൂടെ സന്തോഷം നൽകുന്ന ലക്ഷ്യങ്ങളിലേക്ക് മുന്നേറുന്ന പുതുവർഷം.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe