ഉറക്കം ശരിയല്ലെങ്കിൽ എല്ലാം താളം തെറ്റും – ഉറക്കക്കുറവ് നിസ്സാരമാക്കല്ലേ …

ജോലിത്തിരക്ക്, സാമൂഹ്യ മാദ്ധ്യമങ്ങളിലെ കാഴ്ച്ചകളിലൂടെ മണിക്കൂറുകൾ നീണ്ട യാത്ര, കിടക്കയിലെത്തും മുമ്പ് ഒന്നുകൂടിയുള്ള റീലുകൾ കാണൽ- എല്ലാത്തിനും ശേഷം സമയമില്ലാതെ വരുന്നത് ഉറക്കത്തിനാണ്. പക്ഷെ, ഉറക്കത്തിനുള്ള സമയം കുറച്ച് കുറച്ച് , വാസ്തവത്തിൽ നമ്മൾ നിശബ്ദമായി ശിക്ഷനൽകുന്നത് നമുക്കുതന്നെയാണ്.
മാനസികാരോഗ്യം , വൈകാരിക ശക്തി എന്നിവയെ മാത്രമല്ല ഉറക്കക്കുറവ് ബാധിക്കുക. തലച്ചോറിൻ്റെ കാതലായ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാൻ നമ്മൾ നിസ്സാരമായി കാണുന്ന ഉറക്കക്കുറവിന് കഴിയും എന്നറിയുമ്പോഴാണ് അതിൻ്റെ ഗൌരവം വ്യക്തമായി മനസ്സിലാക്കാനാകുക.
കണ്ണിന് താഴെ കറുപ്പ് പടരുന്നത് മാത്രം കാര്യമായെടുക്കുന്നവരാണ് നമ്മളിൽ പലരും. മാനസികാരോഗ്യത്തിൽ കറുപ്പ് വ്യാപിക്കുന്നത് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയാൽ അത് ജീവിതത്തിലുണ്ടാക്കുന്ന നഷ്ടം ചെറുതാകില്ല.ഉറക്കവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദമായിത്തന്നെ നമുക്ക് പരിശോധിക്കാം.
1.ശ്വാസകോശത്തിന് ജീവവായു പോലെ മസ്തിഷ്ക്കത്തിന് ഉറക്കം
നിദ്രയെന്നത് വെറും നിഷ്ക്രിയമായ ഒരവസ്ഥയല്ല.പ്രത്യകിച്ച് മസ്തിഷ്ക്കത്തെ സംബന്ധിച്ച്. ഉറങ്ങുമ്പോൾ തലച്ചോറിൽ പല സജീവ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
- വിഷാംശങ്ങൾ നീക്കുന്നു,ഉപാപചയ പ്രവർത്തനങ്ങൾ ബാക്കിയാക്കിയ അനാവശ്യ വസ്തുക്കളെ പുറന്തള്ളുന്നു.
- ഓർമ്മകളെ അടുക്കി ചിട്ടപ്പെടുത്തി വിളക്കിച്ചേർക്കുന്നു
- വികാരങ്ങളേയും അനുഭവങ്ങളേയും ക്രമപ്പെടുത്തുന്നു
- കോർട്ടിസോൺ, സിറോടോണിൻ മുതലായ ഹോർമോണുകളെ ക്രമീകരിക്കുന്നു
വേണ്ടത്ര വിശ്രമം ലഭിച്ച മസ്തിഷ്ക്കത്തിന് വികാരങ്ങളെ നിയന്ത്രിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളാനും സമ്മർദ്ദങ്ങളെ അതിജീവിക്കാനുമുള്ള കഴിവ്, ഉറക്കക്കുറവ് അനുഭവപ്പെട്ട മസ്തിഷ്ക്കത്തേക്കാൾ പലമടങ്ങ് കൂടുതലാണ്.
2. ഉറക്കക്കുറവും മാനസികാരോഗ്യവും തമ്മിൽ
മതിയായ ഉറക്കം കിട്ടിയില്ല എങ്കിൽ നമുക്ക് ക്ഷീണം അനുഭവപ്പെടുക മാത്രമല്ല, അത് തലച്ചോറിൻ്റെ പ്രവർത്തനങ്ങളിൽപ്പോലും മാറ്റങ്ങൾ വരുത്തും. ഉറക്കവും മാനസികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കം കുറയുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും, മാനസികാരോഗ്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉറക്കക്കുറവിന് കാരണമാകുകയും ചെയ്യും.
ശാസ്ത്രം പറയുന്നത്
- കൃത്യമായ ഉറക്കം ലഭിക്കാത്തവരിൽ വിഷാദരോഗത്തിനുള്ള സാദ്ധ്യത പത്ത് മടങ്ങ് കൂടുതലാണ്.
- കടുത്ത ഉറക്കക്കുറവ് മൂലം ഉൽക്കണ്ഠാ പ്രശ്നങ്ങൾക്കുള്ള സാദ്ധ്യത 17 മടങ്ങ് വർദ്ധനയുള്ളതായി കാണാം.
- വികാരങ്ങളെ നിയന്ത്രിക്കുക, ഓർമ്മകൾ രൂപീകരിക്കുക, തീരുമാനങ്ങൾ കൈക്കൊള്ളുക തുടങ്ങിയ നിർണ്ണായക പ്രവർത്തനങ്ങൾക്ക് സുപ്രധാന പങ്ക് വഹിക്കുന്ന മസ്തിഷ്ക്ക ഭാഗമാണ് അമിഗ്ഡാല(amygdala). ഉറക്കം കുറയുന്നത് അമിഗ്ഡാലയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും തൽഫലമായി വ്യക്തിയുടെ വൈകാരിക പ്രതികരണ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
3. ദൈനംദിന പ്രവർത്തനങ്ങളെ എങ്ങനെയെല്ലാം ബാധിക്കും
- അസഹിഷ്ണുത കൂടും, വൈകാരിക സ്ഥിരത കുറയും
- ഏകാഗ്രത കുറയും , മറവി കൂടും
- വൈകാരിക മരവിപ്പ് , അല്ലെങ്കിൽ അമിത വൈകാരികത
- അമിത ചിന്തകൾ, അല്ലെങ്കിൽ ഒരേസമയം പലതരം ചിന്തകൾ
- സർഗ്ഗാത്മകത നഷ്ടമാകും, പ്രശ്നപരിഹാര ശേഷി കുറയും
- ബേൺ ഔട്ട് അവസ്ഥയിൽ എത്തിച്ചേരും
4. ഉറക്കപ്രശ്നങ്ങളും മാനസികാവസ്ഥയും
- ഉറക്കമില്ലായ്മ
വിഷാദം, ഉത്ക്കണ്ഠ, പിടിഎസ്ഡി എന്നീ രോഗങ്ങളുമായി ബന്ധപ്പെട്ടാണ് കണ്ടുവരാറുള്ളത് എങ്കിലും ഇൻസോംനിയ എന്ന അവസ്ഥ മാത്രമായും കാണാറുണ്ട്.
- സ്ലീപ് ആപ്നിയ
ഉറക്കത്തിനിടെ ശ്വാസോച്ഛ്വാസം നിലയ്ക്കുന്ന അവസ്ഥയാണിത്. സ്വസ്ഥമായ ഉറക്കം കിട്ടാത്തതിനാൽ പകൽ മുഴുവൻ ക്ഷീണം അനുഭവപ്പെടാം, പരിഭ്രാന്തിയും പെട്ടെന്ന് ദേഷ്യം വരികയും ചെയ്യും.
- സക്കേഡിയൻ റിഥം ഡിസോഡർ
സ്ഥിരമായി പല ഷിഫ്റ്റുകളിൽ മാറി മാറി ജോലി ചെയ്യേണ്ടി വരുന്നവരിൽ അനുഭവപ്പെടുന്ന ഈ അവസ്ഥ, ജീവതാളത്തിൽ വരുന്ന പിഴവുകൾ മൂലമാണ് സംഭവിക്കുന്നത്. ഇത് ബൈപോളാർ ഡിസോഡറുകൾ, വൈകാരിക വൈകല്യങ്ങൾ,കടുത്ത മാനസിക സമ്മർദ്ദം എന്നീ പ്രശ്നങ്ങളിലേക്ക് രോഗികളെ കൊണ്ടെത്തിക്കും.
5. ആരോഗ്യകരമായ ഉറക്കത്തിൻ്റെ പ്രാധാന്യം
ജീവിതത്തിൽ സംഭവിക്കുന്ന എല്ലാക്കാര്യങ്ങളിലും മാറ്റം വരുത്താൻ നമുക്ക് സാധിച്ചെന്നു വരില്ല, പക്ഷെ ഏത് സാഹചര്യത്തിലായാലും അവശ്യം വേണ്ട ഉറക്കത്തിനായി മറ്റു കാര്യങ്ങൾ ക്രമീകരിക്കാൻ നമുക്ക് സാധിക്കും.ശരീരത്തിനും മനസ്സിനും ദോഷമുണ്ടാക്കുന്ന ശീലങ്ങൾ മാറ്റാൻ നമുക്ക് കഴിയണം.
നല്ല ഉറക്കത്തിന് പിന്തുടരേണ്ട ശീലങ്ങൾ
- എന്നും ഒരേ സമയത്ത് ഉറങ്ങാൻ ശീലിക്കാം. ഇത് ഉറക്കത്തിനും ഉണർവ്വിനും താളം കൊണ്ടുവരും.
- സ്ക്രീനിലെ നീലവെളിച്ചം മെലാടോണിൻ ഉൽപ്പാദനം കുറയ്ക്കുമ്പോൾ, ഉറങ്ങാൻ ഏറെ വൈകും. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും സ്ക്രീൻ നോക്കുന്നത് അവസാനിപ്പിക്കണം.
- തണുപ്പുള്ള, ഇരുട്ടുള്ള മുറിയിൽ ഉറങ്ങാൻ കിടന്നാൽ, അത്, വേഗം നിദ്രയിൽ ആഴ്ന്നുപോകാൻ സഹായിക്കും.
- ഉച്ചക്ക് 2 മണിക്ക് ശേഷം കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കാം.
- ഉറക്കം വരാനായി കാത്തുകിടക്കാതെ, പുസ്തകങ്ങൾ വായിക്കാം. സന്ധ്യക്ക് ശേഷം ഇളംചൂടുവെള്ളത്തിൽ കുളിക്കുന്നതും ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്യുന്നതും നല്ലതാണ്.
- കിടന്നിട്ടും ഉറക്കം വന്നില്ലെങ്കിൽ എണീറ്റിരുന്ന് പുസ്തകം വായിക്കുകയോ ശാന്തമായ സംഗീതം കേൾക്കുകയോ ആവാം.
- ഉത്ക്കണ്ഠ അനുഭവപ്പെടുന്നുണ്ടെങ്കിൽ മനസ്സിലുള്ള കാര്യങ്ങൾ എഴുതാം. ധ്യാനം ശീലമാക്കുന്നതും നന്ന്.
സഹായം തേടേണ്ടത് എപ്പോൾ
തുടർച്ചയായി ഉറക്കമില്ലായ്മ, ഉറങ്ങിയ ശേഷവും പകൽ അമിത ക്ഷീണം, അസ്വസ്ഥമായ ഉറക്കം എന്നിവ ഉണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധനെയോ, സ്ളീപ് സ്പെഷലിസ്റ്റിനേയോ ന്യൂറോളജിസ്റ്റിനേയോ കണ്ട് ബുദ്ധിമുട്ടുകൾ തുറന്നുപറയണം.
ഉറക്കമില്ലായ്മ മാറ്റാൻ സിബിടി പോലുള്ള തെറാപ്പികൾ വളരെ പ്രയോജനപ്രദമാണ്.
ഉറക്കം സമ്പൂർണ്ണാരോഗ്യത്തിൻ്റെ അടിസ്ഥാന ഘടകം
ശരീരത്തിൻ്റെ സൌഖ്യത്തിന് വേണ്ടി മാത്രമല്ല, മനസ്സിൻ്റെ സന്തുലനത്തിനും ഉറക്കം അത്യാവശ്യമാണ്.അതുകൊണ്ട്, മനസ്സിൻ്റെയും മസ്തിഷ്ക്കത്തിൻ്റെയും ശരിയായ പ്രവർത്തനത്തിന് വേണ്ട മരുന്നായി ഉറക്കത്തെ കാണാൻ കഴിയണം.




