വെവ്വേറെ മുറികളിൽ ഉറങ്ങിയാൽ അടുപ്പം നഷ്ടമാകുമോ?

ദമ്പതികൾ സ്ലീപ് ഡിവോഴ്സ് തെരഞ്ഞെടുക്കാനുള്ള കാരണമെന്താണ്?
വിവാഹശേഷം ദമ്പതികൾ ഒരുമിച്ചൊരു മുറിയിൽ, ഒരേ കിടക്കയിൽ ഉറങ്ങുന്ന പതിവാണ് വീടുകളിൽ പൊതുവെ നമ്മൾ കണ്ടുവന്നിട്ടുള്ളത്.
ഒരുമിച്ച് ഒരേ കട്ടിലിൽ ഉറങ്ങുന്നത് സ്നേഹത്തിന്റെയും ഇണക്കത്തിൻ്റെയും അടയാളമായി കണക്കാക്കപ്പെടുന്നു. സിനിമകളിലും കഥകളിലുമെല്ലാം ദമ്പതികൾ ഒരുമിച്ചുറങ്ങുന്നത് പ്രണയത്തിന്റെ പ്രതീകമായാണ് ചിത്രീകരിക്കുന്നത്.
എന്നാൽ അടുത്ത കാലത്തായി, ഇതിലൊരു മാറ്റം കാണുന്നുണ്ട്. ലോകമെമ്പാടുമുള്ള നഗരങ്ങളിലെ പല വീടുകളിലും ഭർത്താവും ഭാര്യയും വെവ്വേറെ മുറികളിലാണുറങ്ങുന്നത്.“സ്ലീപ്പ് ഡിവോഴ്സ്” (Sleep Divorce) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മാറ്റത്തിനു പിന്നിലുള്ള കാര്യകാരണങ്ങൾ നമുക്ക് മനസ്സിലാക്കാം.
ഡിവോഴ്സ്- പലകാലങ്ങളിലും പലരുടേയും മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുള്ള വാക്കാണത്. ജന്മജന്മാന്തര ബന്ധത്തിൻ്റെ തുടർച്ചയെന്ന് കരുതി ജീവിതം തുടങ്ങുന്നവരെ സംബന്ധിച്ച്, ആ വാക്ക് ഏറ്റവും ഇഴുകിച്ചേർന്ന ബന്ധത്തിൻ്റെ മരണം തന്നെയാണ്. അതുകൊണ്ടുതന്നെ, ഉറക്കത്തെ ഡിവോഴ്സ് എന്ന പദവുമായി കൂട്ടിച്ചേർക്കുമ്പോൾ, അത് നല്ലതല്ലെന്ന തോന്നൽ കേൾക്കുന്നവരിലുണ്ടാകുന്നത് തികച്ചും സ്വാഭാവികം.
എന്നാൽ സ്ളീപ് ഡിവോഴ്സ്, ദാമ്പത്യം തുടർന്നുകൊണ്ടുപോകാനുള്ള മാർഗ്ഗമാണെന്ന് സമർത്ഥിക്കുന്നവർ മില്ലേനിയൽസിൽ നിരവധിയാണ്.
‘സ്ലീപ്പ് ഡിവോഴ്സ്’ എന്നാൽ ദാമ്പത്യം തകരുന്നു എന്നല്ല അർത്ഥം. നന്നായി ഉറങ്ങാൻ വേണ്ടി ദമ്പതികൾ വെവ്വേറെ കട്ടിലുകളോ മുറികളോ തെരഞ്ഞെടുക്കുന്ന രീതിയാണത്. ഇത് ബന്ധങ്ങളെ കൂടുതൽ കരുത്തുറ്റതാക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഈ മാറ്റം ഇത്രയധികം ശ്രദ്ധിക്കപ്പെടാൻ കാരണം?
ഇക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ ഉറക്കത്തെക്കുറിച്ചുള്ള ഗവേഷണങ്ങളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. മോശം ഉറക്കം നമ്മുടെ ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് ഇന്ന് നമുക്കറിയാം. പ്രധാനമായും താഴെ പറയുന്ന ഘടകങ്ങളെ അത് ദോഷകരമായി ബാധിക്കുന്നു:
- ഹോർമോൺ സന്തുലനം: ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനം താളംതെറ്റുന്നു.
- മനസ്സിന്റെ നിയന്ത്രണം: പെട്ടെന്ന് ദേഷ്യം വരാനും സങ്കടം തോന്നാനും ഇത് കാരണമാകുന്നു.
- മെറ്റബോളിസം: ദഹനപ്രക്രിയയെയും ശരീരഭാരത്തെയും ബാധിക്കുന്നു.
- രോഗപ്രതിരോധ ശേഷി: രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
- ഓർമ്മശക്തിയും ഏകാഗ്രതയും: കാര്യങ്ങൾ ഓർത്തുവെയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
- ലൈംഗികാരോഗ്യം: ശാരീരിക ബന്ധത്തിൽ താൽപ്പര്യം കുറയാൻ ഇത് കാരണമാകുന്നു.
പങ്കാളികളിൽ ഒരാൾ ഉറക്കെ കൂർക്കം വലിക്കുകയോ, ഉറക്കത്തിൽ കൈകാലുകൾ കുടയുകയോ, രാത്രി വൈകി ഫോൺ ഉപയോഗിക്കുകയോ ചെയ്യുമ്പോൾ, അത് പങ്കാളിയുടെ ഉറക്കത്തെ വല്ലാതെ തടസ്സപ്പെടുത്തും.
ഇത് തുടർന്നാൽ സംഭവിക്കുന്നത്:
- പെട്ടെന്നുള്ള ദേഷ്യം
- ക്ഷമയില്ലായ്മ
- ചെറിയ കാര്യങ്ങൾക്ക് പോലും വഴക്ക്
- പകൽ സമയത്തെ തളർച്ച
- ലൈംഗിക താൽപ്പര്യക്കുറവ്
ചുരുക്കത്തിൽ, ഇത്തരം സാഹചര്യങ്ങളിൽ ദമ്പതികൾ വേറെ കിടന്നുറങ്ങുന്നത് പരസ്പര ബഹുമാനവും സ്നേഹവും നിലനിർത്താൻ സഹായകമാകും.
ദമ്പതികളുടെ ഉറക്കം തടസ്സപ്പെടുന്നതിന് പിന്നിലുള്ള ശാസ്ത്രീയ വശങ്ങൾ
കൂടെ കിടക്കുന്ന പങ്കാളി കൂർക്കം വലിക്കുകയോ ഉറക്കത്തിൽ കൈകാലുകൾ ദേഹത്ത് കയറ്റിവെയ്ക്കുകയോ ചെയ്യുന്നത് മറ്റേയാളുടെ ഉറക്കത്തെ ഇടയ്ക്കിടെ തടസ്സപ്പെടുത്തുമെന്ന് (Micro-awakenings) പഠനങ്ങൾ തെളിയിക്കുന്നു. ഇത്തരം ചെറിയ തടസ്സങ്ങൾ ഗാഢനിദ്രയെ ദോഷകരമായി ബാധിക്കും.
ആർ ഇ എം (REM) ഉറക്കം,നമ്മുടെ മാനസികാരോഗ്യം നിലനിർത്താനും വികാരങ്ങളെ നിയന്ത്രിക്കാനും വളരെ പ്രധാനമാണ്.
ഗാഢനിദ്ര (Deep Sleep)യാകട്ടെ, ശരീരത്തിലെ കോശങ്ങളുടെ അറ്റകുറ്റപ്പണികൾക്കും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അത്യാവശ്യമാണ്. ആരോഗ്യകരമായ ഈ ഉറക്കത്തിന് പങ്കാളി തടസ്സം സൃഷ്ടിക്കാം.
പങ്കാളിയുടെ കൂർക്കംവലി, പ്രത്യേകിച്ച് ‘ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ’ (Obstructive Sleep Apnea) പോലുള്ള അവസ്ഥകളുമായി ബന്ധപ്പെട്ടതാണെങ്കിൽ, അത് കൂടെ കിടക്കുന്നയാളുടെ ഉറക്കത്തെ പല ഭാഗങ്ങളാക്കി മുറിക്കുന്നത് പോലെ തടസ്സപ്പെടുത്തും.
സ്ലീപ്പ് അപ്നിയ താഴെ പറയുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം:
- ഉയർന്ന രക്തസമ്മർദ്ദം (High Blood Pressure)
- ഹൃദ്രോഗങ്ങൾ
- സ്ട്രോക്ക് (Stroke)
- ഇൻസുലിൻ പ്രതിരോധം (പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു)
- പകൽ സമയത്തെ അമിതമായ തളർച്ചയും അപകടങ്ങളും
പങ്കാളികളിൽ ഒരാൾക്ക് ഇത്തരത്തിൽ ചികിത്സയില്ലാത്ത സ്ലീപ്പ് അപ്നിയ ഉണ്ടെങ്കിൽ, മറ്റേയാൾ നിരന്തരമായി, ഉറക്കക്കുറവിന്റെ ഇരയായി മാറാൻ സാധ്യതയുണ്ട്.
സ്ലീപ്പ് ഡിവോഴ്സ്’ എന്തെല്ലാം പ്രശ്നങ്ങൾ പരിഹരിക്കും?
പ്രധാനമായും മൂന്ന് വലിയ പ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കാനാകും:
1. ഉറക്കത്തിന്റെ ഗുണനിലവാരം (Quality of Sleep)
നന്നായി ഉറങ്ങുന്നത് മനസ്സിന്റെ ശാന്തത നിലനിർത്താനും ചിന്തകളിൽ വ്യക്തത വരുത്താനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
2. അനാവശ്യ പിരിമുറുക്കങ്ങൾ കുറയ്ക്കുന്നു (Reduced Relationship Tension)
പങ്കാളികൾ രണ്ടുപേരും കൃത്യമായി ഉറങ്ങി ഉന്മേഷത്തോടെ ഉണരുമ്പോൾ, അവർ തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുഗമമാകും. ചെറിയ കാര്യങ്ങൾക്ക് വഴക്കുണ്ടാക്കുന്നത് സ്വാഭാവികമായും കുറയുകയും ചെയ്യും.
3. ആരോഗ്യ സംരക്ഷണം (Health Preservation)
നിരന്തരമായി ഉറക്കം കുറയുന്നത്, അമിതവണ്ണം (Obesity), വിഷാദം (Depression), മെറ്റബോളിക് തകരാറുകൾ എന്നിവയ്ക്ക് കാരണമാകുന്നു.
ചുരുക്കത്തിൽ, ദമ്പതികൾ വെവ്വേറെ മുറികളിൽ ഉറങ്ങുന്നത് പരസ്പരമുള്ള അകൽച്ചയായി കാണുന്നതിന് പകരം, രോഗങ്ങൾ വരാതിരിക്കാനുള്ള ഒരു മുൻകരുതലായി കാണാവുന്നതാണ്.
അപ്പോൾ അടുപ്പം വേണ്ടേ?
സ്ളീപ് ഡിവോഴ്സിനെപ്പറ്റി പറയുമ്പോൾ എല്ലാവരുടെയും മനസ്സിലുയരുന്ന ചോദ്യമാണിത്.
വേറെ വേറെ കട്ടിലുകളിൽ കിടക്കുന്നത് പരസ്പരമുള്ള മാനസിക അകൽച്ചയ്ക്ക് കാരണമാകുമെന്ന് പലരും ഭയപ്പെടുന്നു. എന്നാൽ വാസ്തവത്തിൽ, ചില സാഹചര്യങ്ങളിൽ ഇതിന് നേർവിപരീതമായ ഫലമാണ് ഉണ്ടാകുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
പങ്കാളികൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ മാറ്റം ഗുണകരമാകും:
- ശാരീരികമായ അടുപ്പം നിലനിർത്താൻ ബോധപൂർവം ശ്രമിക്കുക.
- ഉറങ്ങാൻ പോകുന്നതിന് മുൻപ് കുറച്ച് നല്ല സമയം (Quality Time) ഒരുമിച്ച് ചെലവഴിക്കുക.
- വെവ്വേറെ കിടന്നുറങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് പരസ്പരം തുറന്ന് സംസാരിക്കുക.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ഉറക്കക്കുറവ് മൂലം പങ്കാളിയോട് തോന്നുന്ന ദേഷ്യവും നീരസവും കുറയ്ക്കാനും ബന്ധം കൂടുതൽ ദൃഢമാക്കാനും സാധിക്കും.
ഒരേ കിടക്ക പങ്കിടുന്നത് മാത്രമല്ല സ്നേഹത്തിന്റെ അടയാളം. മനസ്സിൽപ്പതിഞ്ഞ ബന്ധത്തിലാണ് യഥാർത്ഥ അടുപ്പമുണ്ടാകുക.
സ്ലീപ്പ് ഡിവോഴ്സ് ഗുണകരമാകുന്നത് എപ്പോൾ?
താഴെ പറയുന്ന സാഹചര്യങ്ങളിൽ പ്രത്യേകം ദമ്പതികൾക്കിത് ഗുണകരമായേക്കാം:
- പങ്കാളികളിൽ ഒരാൾക്ക് കൂർക്കംവലിയും ശ്വാസതടസ്സവും (Sleep Apnea) ഉണ്ടെങ്കിൽ
- ജോലി സമയത്തിൽ വ്യത്യാസം വരുമ്പോൾ
- രണ്ടുപേരും ശീലിച്ച ഉറക്കസമയത്തിൽ മാറ്റമുണ്ടെങ്കിൽ
- ഉറക്കത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന ‘റെസ്റ്റ്ലെസ് ലെഗ് സിൻഡ്രോം’ (Restless Leg Syndrome) അല്ലെങ്കിൽ ഉറക്കമില്ലായ്മ (Insomnia) എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ.
- ഉറക്കം ശരിയാകാത്തത് കാരണം പകൽ സമയങ്ങളിൽ ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ ഉണ്ടാകുന്നുണ്ടെങ്കിൽ.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഈ തീരുമാനം ഒരിക്കലും ഒരു പിണക്കത്തിന്റെയോ വഴക്കിന്റെയോ പേരിൽ എടുക്കരുത്. പരസ്പര ധാരണയോടും ആലോചനയോടും കൂടി ഒന്നിച്ചെടുക്കേണ്ട തീരുമാനമാണിത്.
ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കല്ലേ
വെവ്വേറെ കിടന്നുറങ്ങാൻ തീരുമാനിക്കുന്നതിന് മുൻപ്, ദമ്പതികൾ താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങളാണോ ഉറക്കം തടസ്സപ്പെടുത്തുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്:
- ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ (Sleep Apnea)
- മാനസിക സമ്മർദ്ദം മൂലമുള്ള ഉറക്കമില്ലായ്മ
- തൈറോയ്ഡ് പ്രശ്നങ്ങൾ (Thyroid Disorders)
- വിട്ടുമാറാത്ത ശാരീരിക വേദനകൾ
- ആർത്തവവിരാമവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ
ഇപ്പറഞ്ഞ കാരണങ്ങളിൽ ഏതെങ്കിലുമാണെങ്കിൽ,ദമ്പതികൾ മാറിക്കിടന്നതുകൊണ്ട് പ്രയോജനമില്ല. ആരോഗ്യ പ്രശ്നങ്ങൾക്ക് ശരിയായ വൈദ്യസഹായം തേടുകയാണ് വേണ്ടത്.
സ്ലീപ്പ് ഡിവോഴ്സ്’ എല്ലാവർക്കും അനുയോജ്യമാണോ?
ഒരിക്കലുമല്ല. ചില ദമ്പതികൾക്ക് ഒരുമിച്ച് ഉറങ്ങുന്നത് സുരക്ഷിതത്വബോധവും അടുപ്പവും നൽകുന്നു. ശാരീരികമായ സാമീപ്യം ശരീരത്തിൽ ‘ഓക്സിടോസിൻ’ (Oxytocin) എന്ന ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുകയും അത് മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഓരോ ബന്ധവും ഓരോ രീതിയിലാണ്. അതിന്റെ താളവും ഒഴുക്കും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ, നിങ്ങൾ സ്വയം ചോദിക്കേണ്ട യഥാർത്ഥ ചോദ്യം ഇതാണ്:
“സുഖമായി ഉറങ്ങാൻ കഴിയുന്നുണ്ടോ?”
ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ, മാറ്റങ്ങൾക്കായി നിങ്ങളുടെ ശരീരം തന്നെ വൈകാതെ ആവശ്യപ്പെട്ടു തുടങ്ങും. അതു തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ അസ്വസ്ഥതകൾ മാറ്റാനാകും.
ആരോഗ്യസംരക്ഷണത്തിലെ പ്രധാന പാഠം
ഈ പുതിയ രീതി നമ്മെ പ്രധാനപ്പെട്ട ഒരു കാര്യം പഠിപ്പിക്കുന്നുണ്ട്.
മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രം നമ്മുടെ ആരോഗ്യം ബലികഴിക്കേണ്ടതില്ല.
വിവാഹം എന്നത് പങ്കാളിത്തമാണ്. ചെറിയൊരു മാറ്റം വരുത്തിയാൽ ദമ്പതികൾക്ക് രണ്ടുപേർക്കും കൂടുതൽ സുഖവും ആരോഗ്യവും ലഭിക്കുമെന്നുണ്ടെങ്കിൽ, അതിനെ ഒരു കുറവായി കാണേണ്ടതില്ല.
വിട്ടുമാറാത്ത തളർച്ച, അമിതമായ കൂർക്കംവലി, മാനസികാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ, രാവിലെ എഴുന്നേൽക്കുമ്പോഴുള്ള തലവേദന,
കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് – ഈ ലക്ഷണങ്ങൾ നിങ്ങൾക്കോ പങ്കാളിക്കോ ഉണ്ടെങ്കിൽ ഉറക്കത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു എന്നർത്ഥം.
ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ചികിത്സ നടത്തുകയോ ജീവിതശൈലിയിൽ മാറ്റം വരുത്തുകയോ വേണ്ടി വന്നേക്കാം. അല്ലെങ്കിൽ പരസ്പര ധാരണയോടെ, സ്നേഹത്തോടെ, വെവ്വേറെ ഉറങ്ങാം.
സ്വസ്ഥമായ ഉറക്കം മെച്ചപ്പെട്ട ആരോഗ്യവും കൂടുതൽ ദൃഢമായ ബന്ധങ്ങളും സമ്മാനിക്കും.
ഇടയ്ക്ക് വല്ലപ്പോഴും മാറി കിടന്നുറങ്ങുന്നത് ദമ്പതികൾക്കിടയിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കും.




