ഉറക്കത്തിനിടയിലെ ശ്വാസതടസ്സം: അമിതവണ്ണമല്ല കാരണം

സ്ലീപ്പ് അപ്നിയയെക്കുറിച്ച് അറിഞ്ഞിരിക്കാം
അമിതവണ്ണമുള്ളവരെ മാത്രം ബാധിക്കുന്ന അസുഖമാണ് സ്ലീപ്പ് അപ്നിയ അഥവാ ഉറക്കത്തിലെ ശ്വാസതടസ്സം എന്നൊരു പൊതുധാരണ നിലവിലുണ്ട്. വണ്ണമില്ലാത്തവരിൽ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായാൽ പോലും പലപ്പോഴും രോഗികളും ഡോക്ടർമാരും ഇത് തിരിച്ചറിയാതെ പോകുന്നു എന്നതാണ് യാഥാർത്ഥ്യം. സ്ളീപ് അപ്നിയ, അമിതവണ്ണമുള്ളവർക്കു മാത്രമേ വരൂ എന്ന തെറ്റിദ്ധാരണ എത്രമാത്രം പ്രബലമാണെന്ന് ഇതിൽ നിന്ന് നമുക്ക് വ്യക്തമാകും. രോഗനിർണ്ണയം ശരിയല്ലാത്തതുകൊണ്ട്, ഈ ആരോഗ്യപ്രശ്നം വർഷങ്ങളോളം അനുഭവിക്കേണ്ടി വരുന്ന നിരവധി പേരുണ്ട്.
ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന്റെ ആണിക്കല്ലായാണ് നെല്ലിക്ക.ലൈഫ്, ഉറക്കത്തെ കണക്കാക്കുന്നത്. ശരീരഭാരം എന്ന മാനദണ്ഡത്തിനപ്പുറം ഈ രോഗത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത്, രോഗികളുടെ ഉന്മേഷം തിരിച്ചുപിടിക്കാനും ചിന്തകളിൽ വ്യക്തത കൈവരിക്കാനും ദീർഘകാല ആരോഗ്യം ഉറപ്പാക്കാനും അത്യന്താപേക്ഷിതമാണ്.
എന്താണ് സ്ലീപ്പ് അപ്നിയ?
ഉറക്കത്തിനിടയിൽ ഇടയ്ക്കിടെ ശ്വാസം നിലച്ചു പോകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് സ്ലീപ്പ് അപ്നിയ. ശ്വാസം നിലയ്ക്കുന്ന ഈ അവസ്ഥ ഏതാനും സെക്കൻഡുകൾ മുതൽ ഒരു മിനിറ്റ് വരെ നീണ്ടുനിൽക്കാം. ഒരു രാത്രിയിൽ മാത്രം പത്തോ നൂറോ തവണ വരെ ഇത്തരത്തിൽ ശ്വാസം തടസ്സപ്പെടാൻ സാദ്ധ്യതയുണ്ട്.
ഓരോ തവണ ശ്വാസം തടസ്സപ്പെടുമ്പോഴും തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറയുന്നു. ഇത് തടയാൻ ശരീരം പെട്ടെന്ന് ഉണരുകയും ശ്വസനം പുനരാരംഭിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മിക്കവാറും ആളുകൾ തങ്ങൾ ഉറക്കത്തിൽ ഇടയ്ക്ക് ഉണരുന്നത് അറിയാറില്ലെങ്കിലും ആ സമ്മർദ്ദം (Stress) തലച്ചോറിനെ ബാധിക്കാനിടയുണ്ട്.
വിവിധതരം സ്ലീപ്പ് അപ്നിയ
ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ (OSA):
ഏറ്റവും സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണിത്. ഉറങ്ങുമ്പോൾ തൊണ്ടയുടെ മുകളിലുള്ള പേശികൾ അയഞ്ഞുപോകുകയും വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യുന്നതാണ് ഇതിന് കാരണം.
സെൻട്രൽ സ്ലീപ്പ് അപ്നിയ (Central Sleep Apnea): ശ്വാസകോശത്തിന് ശ്വസിക്കാൻ ആവശ്യമായ സന്ദേശങ്ങൾ അയക്കുന്നതിൽ തലച്ചോറിന് തടസ്സം നേരിടുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
കോംപ്ലക്സ് സ്ലീപ്പ് അപ്നിയ (Complex Sleep Apnea): ഒബ്സ്ട്രക്റ്റീവ്, സെൻട്രൽ സ്ലീപ്പ് അപ്നിയകൾ ഒരുമിച്ചു വരുന്ന അവസ്ഥയാണിത്.
അമിതവണ്ണമില്ലാത്തവരിലും സാധാരണയായി ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ തന്നെയാണ് കണ്ടുവരുന്നത്. എന്നാൽ ഇവരിലുണ്ടാകുന്ന ശ്വാസതടസ്സത്തിന് ഹേതുവാകുന്നത് ശരീരത്തിലെ കൊഴുപ്പല്ല, മറിച്ച് മറ്റ് ചില കാരണങ്ങളാണ്.
അമിതവണ്ണമില്ലാത്തവരിലും സ്ലീപ്പ് അപ്നിയ ഉണ്ടാകുന്നത് എന്തുകൊണ്ട്?
1. ശരീരഭാരത്തേക്കാൾ പ്രധാനം ശ്വാസനാളത്തിന്റെ ഘടന
വണ്ണമില്ലാത്തവരിൽ ശ്വാസനാളം ഇടുങ്ങിയതാകാൻ കാരണമാകുന്ന ചില ശാരീരിക പ്രത്യേകതകൾ ഉണ്ടാകാം. അവ താഴെ പറയുന്നു:
- ചെറിയ താടിയെല്ലോ പിന്നിലേക്ക് തള്ളിയ നിലയിലുള്ള താടിയെല്ലോ (Recessed jaw) ഉള്ളവരിൽ ശ്വാസതടസ്സം ഉണ്ടാകാം.
- ഉയർന്ന ആകൃതിയിലുള്ളതോ ഇടുങ്ങിയതോ ആയ അണ്ണാക്ക് (Palate).
- അമിത വലിപ്പമുള്ള ടോൺസിലുകൾ.
- നിരതെറ്റിയതോ തിങ്ങിനിറഞ്ഞതോ ആയ പല്ലുകൾ.
- നീളമേറിയ അണ്ണാക്ക് (Soft palate)
ഉറങ്ങുമ്പോൾ തൊണ്ടയിലെ പേശികൾ അയയുന്നത് സ്വാഭാവികമാണ്. എന്നാൽ മേൽപ്പറഞ്ഞ ശാരീരിക പ്രത്യേകതകൾ ഉള്ളവരിൽ, ശരീരഭാരം കുറവാണെങ്കിൽ പോലും ഈ പേശികൾ വായുസഞ്ചാരത്തെ എളുപ്പത്തിൽ തടസ്സപ്പെടുത്തിയേക്കാം.
2. മൂക്കിലെ തടസ്സവും വായയിലൂടെയുള്ള ശ്വസനവും
മൂക്കിലൂടെ ശ്വസിക്കാൻ പ്രയാസം നേരിടുന്ന അവസ്ഥ സ്ലീപ്പ് അപ്നിയയ്ക്ക് കാരണമാവാം. ഇതിന്റെ പ്രധാന കാരണങ്ങൾ:
- അലർജികൾ
- മൂക്കിലെ അസ്ഥിയുടെ വളവ്
- സൈനസ് പ്രശ്നങ്ങൾ
ഇത്തരം പ്രശ്നങ്ങളുള്ളവർ ഉറക്കത്തിൽ വായയിലൂടെ ശ്വസിക്കാൻ നിർബന്ധിതരാകുന്നു. ഇത് തൊണ്ടയിലെ വായുസഞ്ചാര പാത പെട്ടെന്ന് അടഞ്ഞുപോകാനും ശ്വസനത്തിന് തടസ്സം നേരിടാനും കാരണമാകുന്നു.
3. പേശികളുടെ ബലക്കുറവും നാഡീവ്യൂഹത്തിന്റെ പങ്കും
ചില ആളുകൾക്ക് ഉറക്കത്തിൽ ശ്വാസനാളത്തിന്റെ മുകൾ ഭാഗത്തെ പേശികളുടെ മുറുക്കം സ്വാഭാവികമായും കുറവായിരിക്കും. അമിതമായ മാനസിക സമ്മർദ്ദം, മദ്യപാനം, ഉറക്ക ഗുളികകളുടെ ഉപയോഗം, ചിട്ടയില്ലാത്ത ഉറക്ക രീതികൾ തുടങ്ങിയ ഘടകങ്ങൾ ഈ പേശികളെ കൂടുതൽ അയവുള്ളതാക്കുകയും ശ്വാസതടസ്സത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു
4. ഉറങ്ങുന്ന രീതി
നമ്മൾ ഏത് വശത്തേക്ക് തിരിഞ്ഞു കിടക്കുന്നു എന്നത് പ്രധാനമാണ്. മെലിഞ്ഞവരാണെങ്കിൽ പോലും മലർന്നു കിടന്നുറങ്ങുമ്പോൾ (Back sleeping) ഗുരുത്വാകർഷണം മൂലം ശ്വാസനാളത്തിലെ പേശികൾ പിന്നിലേക്ക് താഴാൻ സാധ്യതയുണ്ട്. ഇത് വായുസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ശ്വാസം മുട്ടൽ ഉണ്ടാക്കുകയും ചെയ്യും.
5. ഹോർമോൺ മാറ്റങ്ങളും പ്രായവും
ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ ശ്വാസനാളത്തിന്റെ കരുത്തിനെ ബാധിക്കാറുണ്ട്. പ്രത്യേകിച്ച് ഈസ്ട്രജൻ (Estrogen), ടെസ്റ്റോസ്റ്റിറോൺ (Testosterone) എന്നീ ഹോർമോണുകളുടെ അളവിൽ കുറവുണ്ടാകുന്നത് പേശികളുടെ ബലക്ഷയത്തിന് കാരണമാകും. ഇതുകൊണ്ടാണ് ആർത്തവവിരാമത്തോട് അടുക്കുന്ന സ്ത്രീകളിലും പ്രായമായ ചിലരിലും
അമിതവണ്ണമില്ലെങ്കിലും സ്ലീപ്പ് അപ്നിയ കണ്ടുവരുന്നത്.
വണ്ണമില്ലാത്തവരിലെ സ്ലീപ്പ് അപ്നിയ തിരിച്ചറിയപ്പെടാതെ പോകാൻ കാരണം?
അമിതവണ്ണമില്ലാത്ത പലർക്കും ഡോക്ടറെ കാണുമ്പോഴോ സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴോ ശരീരഭാരത്തെക്കുറിച്ചുള്ള പരാമർശമാണ് കേൾക്കേണ്ടി വരിക. സ്ളീപ് അപ്നിയ അനുഭവപ്പെടാൻ തക്ക വണ്ണമെല്ലെന്നും അതിനാൽത്തന്നെ മാനസികസമ്മർദ്ദമോ ഉത്ക്കണ്ഠയോ മൂലമുള്ള പ്രശ്നങ്ങളാകാമെന്നുമാകും പൊതുവെ ചികിൽസകരുടെ വിലയിരുത്തൽ. ഉറക്കത്തിൻ്റെ രീതി മാറ്റിയാൽ ഉറക്കത്തിനിടയിലെ ശ്വാസതടസ്സവും മാറുമെന്ന അനുമാനത്തിലെത്താനും സാദ്ധ്യതയുണ്ട്.
ഇത്തരം ധാരണകൾ കാരണം, യഥാർത്ഥ രോഗലക്ഷണങ്ങൾ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. രോഗനിർണ്ണയത്തിലുണ്ടാകുന്ന ഈ താമസം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
വണ്ണമില്ലാത്തവരിലെ സാധാരണ ലക്ഷണങ്ങൾ
സ്ലീപ്പ് അപ്നിയ എല്ലായ്പ്പോഴും പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. ഇതിന്റെ ലക്ഷണങ്ങൾ ലളിതമാണെങ്കിലും നിരന്തരം അനുഭവപ്പെടും.
രാത്രികാലങ്ങളിൽ കാണുന്ന ലക്ഷണങ്ങൾ:
- ഉച്ചത്തിലുള്ളതോ ഇടയ്ക്കിടെ നിലച്ചുപോകുന്നതോ ആയ കൂർക്കംവലി.
- ഉറക്കത്തിനിടയിൽ ശ്വാസം കിട്ടാതെ പിടയുകയോ ശ്വാസം മുട്ടുകയോ ചെയ്യുക.
- ഇടയ്ക്കിടെ ഉറക്കം തടസ്സപ്പെട്ട് ഉണരുക.
- ഉറക്കമുണരുമ്പോൾ അനുഭവപ്പെടുന്ന വായയിലെ വരൾച്ച.
- ഉറക്കത്തിൽ അമിതമായി വിയർക്കുക.
പകൽസമയത്ത് കാണുന്ന ലക്ഷണങ്ങൾ:
- പകൽസമയത്ത് അനുഭവപ്പെടുന്ന അമിതമായ ഉറക്കവും തളർച്ചയും
- രാവിലെ എഴുന്നേൽക്കുമ്പോഴുള്ള തലവേദന
- ചിന്താക്കുഴപ്പവും ഏകാഗ്രതക്കുറവും (Brain Fog)
- പെട്ടെന്നുണ്ടാകുന്ന മൂഡ് മാറ്റങ്ങളും ദേഷ്യവും
- ആവശ്യത്തിന് ഉറങ്ങിയാലും ഉന്മേഷമില്ലാതിരിക്കുക
അമിതവണ്ണമില്ലാത്തവരിൽ ഉച്ചത്തിലുള്ള കൂർക്കംവലിയേക്കാൾ, വിട്ടുമാറാത്ത ക്ഷീണവും ചിന്താശേഷിക്കുറവുമാണ് പ്രധാന ലക്ഷണങ്ങളായി കണ്ടുവരുന്നത്.
തലച്ചോറും ഓക്സിജനും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
നമ്മുടെ തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് കൃത്യമായ അളവിൽ ഓക്സിജൻ ആവശ്യമാണ്. ഉറക്കത്തിനിടയിൽ ഓക്സിജന്റെ അളവ് ഇടയ്ക്കിടെ കുറയുന്നത് തലച്ചോറിനെ നിരന്തര സമ്മർദ്ദത്തിലാക്കുന്നു. ഇത് കാലക്രമേണ താഴെ പറയുന്നവയെ ദോഷകരമായി ബാധിക്കും:
- ഓർമ്മശക്തി
- ഏകാഗ്രത
- വൈകാരിക നിയന്ത്രണം
- തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്
സ്ലീപ്പ് അപ്നിയയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു:
- ഓർമ്മക്കുറവും ചിന്താശേഷിക്കുറവും
- ഉത്കണ്ഠയും വിഷാദവും
- ഉയർന്ന രക്തസമ്മർദ്ദവും ഹൃദ്രോഗ സാധ്യതയും
ആവശ്യത്തിന് ഓക്സിജനും സ്വസ്ഥമായ ഉറക്കവും ലഭിച്ചാൽ മാത്രമേ മസ്തിഷ്ക്കത്തിന്, ശരീരത്തിലെ കേടുപാടുകൾ തീർക്കാനും അടുത്ത ദിവസത്തേക്ക് ഉന്മേഷം വീണ്ടെടുക്കാനും സാധിക്കുകയുള്ളൂ.
രോഗനിർണ്ണയം
സ്ലീപ്പ് അപ്നിയ കൃത്യമായി തിരിച്ചറിയാൻ ഏറ്റവും മികച്ച മാർഗ്ഗം സ്ലീപ്പ് സ്റ്റഡി (Polysomnography) നടത്തുക എന്നതാണ്. ഒരു ലാബിലോ ക്ലിനിക്കിലോ രാത്രി താമസിച്ച് നടത്തുന്ന പരിശോധനയിൽ താഴെ പറയുന്നവ നിരീക്ഷിക്കുന്നു:
- ശ്വാസഗതി
- ഓക്സിജന്റെ അളവ്
- ഹൃദയമിടിപ്പ്
- തലച്ചോറിലെ തരംഗങ്ങൾ
- പേശികളുടെ ചലനം
ചില സന്ദർഭങ്ങളിൽ വീട്ടിൽ വെച്ച് തന്നെ ചെയ്യാവുന്ന ‘ഹോം സ്ലീപ്പ് ടെസ്റ്റുകൾ’ ഉപകരിക്കാറുണ്ടെങ്കിലും, അമിതവണ്ണമില്ലാത്തവരിലെ ചെറിയ ലക്ഷണങ്ങൾ പോലും കൃത്യമായി തിരിച്ചറിയാൻ ലാബിൽ പോയി നടത്തുന്ന പരിശോധനയാണ് (In-lab study) കൂടുതൽ ഫലപ്രദം.
വണ്ണമില്ലാത്തവരിലെ ചികിത്സാ രീതികൾ
പൊണ്ണത്തടിയില്ലാത്തവരിൽ ശ്വാസനാളത്തിന്റെ ഘടന ശരിയാക്കാനും നാഡീവ്യൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനുമാണ് ചികിൽസ നൽകുന്നത്.
1. സി-പാപ്പ് തെറാപ്പി (CPAP Therapy):
ഉറക്കത്തിൽ ശ്വാസനാളം തുറന്നിരിക്കാൻ സഹായിക്കുന്ന മെഷീനാണിത്. ഈ യന്ത്രം വായുവിന്റെ മർദ്ദം ഉപയോഗിച്ച് ശ്വാസതടസ്സം ഇല്ലാതാക്കുന്നു. വളരെ ഫലപ്രദമാണെങ്കിലും, എല്ലാവർക്കും തുടക്കത്തിൽ ഇതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞെന്നു വരില്ല.
2. ഓറൽ അപ്ലയൻസസ് (Oral Appliances):
പല്ലിന്റെയും താടിയെല്ലിന്റെയും ഘടനയിൽ മാറ്റം വരുത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന പ്രത്യേക ഉപകരണങ്ങളാണിത്. താടിയെല്ലും നാവും ശരിയായ സ്ഥാനത്ത് നിലനിർത്തുന്നതിലൂടെ ശ്വാസതടസ്സം ഒഴിവാകുന്നു. താടിയെല്ലിന്റെ ഘടനയിൽ പ്രശ്നമുള്ള മെലിഞ്ഞ രോഗികൾക്ക് ഇത് പ്രയോജനകരമാണ്.
3. കിടക്കുന്ന രീതിയിലെ മാറ്റങ്ങൾ (Positional Therapy):
മലർന്നു കിടന്നുറങ്ങുന്നത് ഒഴിവാക്കാൻ ശരീരത്തെ പരിശീലിപ്പിക്കുന്ന രീതിയാണിത്. വശങ്ങളിലേക്ക് തിരിഞ്ഞു കിടക്കുന്നത് ശ്വാസം തടസ്സപ്പെടുന്നത് ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും.
4. മൂക്കിലെയും സൈനസിലെയും പ്രശ്നങ്ങൾ പരിഹരിക്കുക:
അലർജി, സൈനസ് രോഗങ്ങൾ, മൂക്കിലെ തടസ്സങ്ങൾ എന്നിവയ്ക്ക് ചികിത്സ തേടുന്നത് വായുസഞ്ചാരം സുഗമമാക്കാനും ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
5. നാഡീവ്യൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുക:
മാനസിക സമ്മർദ്ദം കുറച്ച്, കൃത്യമായ ശ്വസന വ്യായാമങ്ങൾ, ധ്യാനം (Meditation) എന്നിവ ശീലിക്കുന്നത് ഉറക്കത്തിന്റെ രീതി മെച്ചപ്പെടുത്തുന്നതിനും പേശികളുടെ കരുത്ത് നിലനിർത്തുന്നതിനും സഹായിക്കുന്നു.
മികച്ച ഉറക്കത്തിനും ശ്വസനത്തിനുമായി ചില മാറ്റങ്ങൾ
വൈദ്യസഹായം തേടുന്നതിനൊപ്പം തന്നെ താഴെ പറയുന്ന ശീലങ്ങൾ പിന്തുടരുന്നത് സ്ലീപ്പ് അപ്നിയ നിയന്ത്രിക്കാൻ സഹായകമാകും:
- ഉറക്കസമയത്തിലെ കൃത്യത
- മദ്യവും ഉറക്കഗുളികകളും ഒഴിവാക്കുക
- മൂക്കിലൂടെയുള്ള ശ്വസനം ശീലിക്കുക
- വ്യായാമം ശീലമാക്കുക
- സമ്മർദ്ദം കുറയ്ക്കുക
ശരീരത്തിന് സ്വസ്ഥതയും വിശ്രമവും അച്ചടക്കവും അനുഭവപ്പെടുമ്പോൾ സ്ലീപ്പ് അപ്നിയ എന്ന അവസ്ഥയിൽ വലിയ മാറ്റങ്ങൾ പ്രകടമാകും.
വിദഗ്ദ്ധ പരിശോധന വേണ്ടതെപ്പോൾ?
താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വിദഗ്ധ പരിശോധന നടത്തുന്നത് നല്ലതാണ്:
- വേണ്ടത്ര ഉറങ്ങിയിട്ടും ക്ഷീണിച്ച അവസ്ഥ
- ഉറക്കം ഉണരുമ്പോൾ സ്ഥിരമായി തലവേദന
- ഓർമ്മക്കുറവും ശ്രദ്ധക്കുറവും
- കൂർക്കംവലിയും ഉറക്കത്തിൽ തടസ്സങ്ങളും
- അകാരണമായ മൂഡ് മാറ്റങ്ങൾ
അമിതവണ്ണമില്ലാത്തവർക്കും സ്ലീപ്പ് അപ്നിയ ഉണ്ടാകാം എന്നത് മറക്കരുത്. നേരത്തെ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ നൽകിയാൽ ജീവിതനിലവാരം മെച്ചപ്പെടുത്താനാകും എന്നതിൽ സംശയമില്ല.
ചികിൽസയ്ക്ക് ശേഷം ഉറക്കത്തിലെ ശ്വസനം വീണ്ടും ആയാസരഹിതമാകുമ്പോൾ, തലച്ചോറിന് പൂർണ്ണമായി വിശ്രമിക്കാനുള്ള അവസരം ലഭിക്കുന്നു, അങ്ങനെ സ്വാഭാവിക ആരോഗ്യം തിരികെ കിട്ടുന്നു.




