വാർദ്ധക്യം ബാധിക്കാത്ത ലൈംഗികത : പ്രായമേറുന്തോറും പ്രിയതരമാക്കാം

യൌവനത്തിൽ നിന്ന് മധ്യവയസ്സിലേക്കും വാർദ്ധക്യത്തിലേക്കും സഞ്ചരിക്കുന്നതിനിടയിൽ മനുഷ്യർ സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. യൌവനകാലത്തെ് ജോലി നേടി, വിവാഹവും കുഞ്ഞുങ്ങളുമൊക്കെയായി, മധ്യവയസ്സിൽ സ്വപ്നങ്ങളും ഉത്തരവാദിത്തങ്ങളും പൂർത്തീകരിച്ച്, വാർദ്ധക്യ കാലത്തെ സ്വസ്ഥജീവിതത്തിലേക്കുള്ള പ്രയാണം തന്നെയാണ് ജീവിതം.
ഓരോ കാലഘട്ടത്തിലും വരുന്ന മാറ്റങ്ങൾക്കൊപ്പം നമ്മൾ അറിഞ്ഞും അറിയാതെയും ജീവിതരീതിയിലും കാഴ്ച്ചപ്പാടിലും വ്യത്യാസങ്ങൾ വന്നുചേരും. ഈ സ്വാഭാവിക പരിവർത്തനത്തിൽ ശാരീരിക-മാനസിക ആരോഗ്യം നില നിർത്തുന്നതോടൊപ്പം കൂടുതൽ ആസ്വാദ്യകരമാക്കേണ്ടതാണ് ലൈംഗികതയും. മധ്യവയസ്സിനു ശേഷമുള്ള ആഹ്ളാദകരമായ ലൈംഗികത, ഏറെ പ്രയോജനം ചെയ്യുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
ശരീരത്തിനും മനസ്സിനും ആരോഗ്യമുള്ളിടത്തോളം കാലം ലൈംഗികതയുടെ ആനന്ദം അനുഭവിക്കുന്നത് കൊണ്ടുണ്ടാകുന്ന പ്രധാന ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
1.ആരോഗ്യം തുടിക്കുന്ന മനസ്സ്
- കൂടുതൽ സന്തോഷം
ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്സിലെ ഗവേഷണ വിഭാഗം നടത്തിയ പഠനങ്ങളിൽ 65 വയസ്സിന് മുകളിലുള്ള, ലൈംഗികത ആസ്വദിക്കുന്ന വ്യക്തികൾക്ക് ജീവിതം കൂടുതൽ ആനന്ദപ്രദമാക്കാൻ കഴിയുന്നുണ്ടന്ന് കണ്ടെത്തിയിട്ടുണ്ട്.
- കൂടുതൽ മെച്ചപ്പെട്ട ഉറക്കം, കുറഞ്ഞ സമ്മർദ്ദം
ലൈംഗികബന്ധത്തിൻ്റെ സമയത്ത് ശരീരം പുറപ്പെടുവിക്കുന്ന ഓക്സിടോസിനും എൻഡോർഫിനും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളെ കുറച്ച് ആരോഗ്യകരമായ ഉറക്കം പ്രദാനം ചെയ്യാൻ കാരണമാകുന്നു.
2. കരുത്തുള്ള ഹൃദയവും ശരീരവും
- ഹൃദയാരോഗ്യം മെച്ചപ്പെടും
ഇടയ്ക്കിടെ ലൈംഗികബന്ധം പുലർത്തുന്ന പ്രായമേറിയ വ്യക്തികൾക്ക്, ലൈംഗിക താൽപ്പര്യം നഷ്ടപ്പെട്ടവരേക്കാൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറവാണ്.
- രക്തസമ്മർദ്ദം ക്രമീകരിക്കാം
മാനസിക സമ്മർദ്ദം കൂടുമ്പോൾ രക്തസമ്മർദ്ദവും ഉയരുന്നതായി കാണാറുണ്ട്. ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുന്നവരുടെ രക്തസമ്മർദ്ദത്തിൽ ഈ സങ്കീർണ്ണത ഉണ്ടാകുന്നില്ല.
3. മികച്ച ധാരണാശക്തി
- മസ്തിഷ്ക പ്രവർത്തനത്തിൽ ഊർജസ്വലത
സന്തോഷകരമായ ലൈംഗിക ജീവിതം നയിക്കുന്ന പ്രായമേറിയ വ്യക്തികൾ, ഓർമ്മശക്തിയിലും പ്രശ്നപരിഹാര ശേഷിയിലും ധാരണാശേഷിയിലുമെല്ലാം മുന്നിട്ടു നിൽക്കുന്നതായി യു സി എൽ നയിച്ച പഠനത്തിൽ വ്യക്തമായിട്ടുണ്ട്.
- മെച്ചപ്പെട്ട മാനസിക പ്രതിരോധ ശേഷി
ലൈംഗികബന്ധത്തെത്തുടർന്ന് ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിൻ, മാനസിക സന്തുലനം നിലനിത്താൻ സഹായിക്കുന്നു.
4. രോഗപ്രതിരോധശേഷിയും ആരോഗ്യവും
- അസുഖങ്ങളെ അകറ്റിനിർത്താം
ക്രമീകൃതമായ ലൈംഗികബന്ധം പുലത്തുന്നവരിൽ ഇമ്മ്യൂണോഗ്ളോബുലിൻ എ എന്ന ആൻറിബോഡി കൂടിയ തോതിൽ പുറപ്പെടുവിക്കുന്നതു മൂലം ശരീരത്തിന് രോഗങ്ങളെ ചെറുത്തു തോൽപ്പിക്കാൻ സാധിക്കുന്നു.
- പ്രോസ്ട്രേറ്റ് കാൻസർ സാദ്ധ്യത കുറയ്ക്കാം
പ്രായമേറിയ പുരുഷൻമാരിൽ ഉദ്ധാരണമുണ്ടാകുന്നത് പ്രോസ്ട്രേറ്റ് അർബുദത്തിനുള്ള സാദ്ധ്യത കുറയ്ക്കുന്നു.
5. ആയുസ്സുകൂട്ടാം, യൌവനം കാത്തുസൂക്ഷിക്കാം
- ചെറുപ്പം നിലനിർത്താം, മനസ്സിലും ശരീരത്തിലും
സജീവ ലൈംഗികത ആസ്വദിക്കുന്ന പ്രായമേറിയ വ്യക്തികൾക്ക് , ലൈംഗികത ഉപേക്ഷിച്ച സമപ്രായക്കാരെ അപേക്ഷിച്ച് കാഴ്ച്ചയിൽ ഏഴോ എട്ടോ വയസ്സ് കുറവേ തോന്നിക്കുകയുള്ളൂ.
- പെൽവിക് മസിലുകൾ ദൃഢമാക്കാം
ആസ്വാദ്യകരമായ ലൈംഗികബന്ധം തുടരുന്നതു വഴി ഇടയ്ക്കിടെയുണ്ടാകുന്ന രതിമൂർച്ഛ, സ്ത്രീകളിൽ , പെൽവിക് മസിലുകൾ ശക്തമാക്കും, അതുവഴി ആരോഗ്യകരമായ ലൈംഗികജീവിതം നയിക്കാനും പ്രായമാകുമ്പോൾ അനിയന്ത്രിതമായി മൂത്രം പോകുന്നത് തടയാനും സാധിക്കും.
6. വൈകാരികമായി ശക്തരാകാം, സാമൂഹ്യബന്ധം ഉറപ്പിക്കാം
- ശാരീരിക അടുപ്പം മാനസിക ബന്ധം ദൃഢമാക്കാൻ സഹായിക്കും. ഒറ്റയ്ക്കാണെന്ന തോന്നൽ ഒഴിവാക്കി, മെച്ചപ്പെട്ട സാമൂഹ്യബന്ധം പുലർത്താനും ഇതുവഴി സാദ്ധ്യമാകും.
- ആസ്വാദ്യകരമായ ദാമ്പത്യം നിലനിർത്താം
നല്ല ലൈംഗികബന്ധം ആസ്വദിക്കുന്ന ദമ്പതികൾക്ക് മികച്ച മാനസികാരോഗ്യവും സന്തോഷവും അനുഭവപ്പെടുന്നതായ് കണ്ടെത്തിയിട്ടുണ്ട്.
7. ശാരീരിക ആരോഗ്യം നന്നാക്കാം
- വ്യായാമത്തിൻ്റെ ഗുണം നേടാം
അരമണിക്കൂർ ലൈംഗികാസ്വാദനത്തിലൂടെ 100 കാലറിയിലേറെ കത്തിച്ചു കളയാനാകും. വ്യായാമം ചെയ്യുന്നതുവഴി നേടുന്ന ആരോഗ്യം പോലെയാണ് ലൈംഗികതയിലൂടെ കൈവരുന്ന ഊർജസ്വലതയും.
- വേദനയിൽ നിന്ന് മുക്തി
രതിമൂർച്ഛയിലെത്തുന്നതോടെ ശരീരം പുറപ്പെടുവിക്കുന്ന എൻഡോർഫിൻ ഹോർമോണിന് വേദന കുറയ്ക്കാനുള്ള കഴിവുണ്ട് . തലവേദന, പേശീവേദന, കടുത്ത ശരീരവേദന- ഇതെല്ലാം കുറയ്ക്കാൻ ലൈംഗികതയ്ക്ക് കഴിയും.
പ്രായമേറിയവർക്കായി ചില നിർദ്ദേശങ്ങൾ
തുറന്ന ചർച്ച – ലൈംഗികത സംബന്ധിച്ച ആശങ്കകൾ പങ്കാളിയോടും ഡോക്ടറോടും സംസാരിച്ച് വ്യക്തത വരുത്തണം.
വേഴ്ച്ച മാത്രമല്ല ലൈംഗികത – ശാരീരിക ബന്ധമെന്നാൽ ലൈംഗിക വേഴ്ച്ചയാണെന്ന ധാരണ വേണ്ട. തലോടലും ചുംബനവും ആശ്ളേഷവും വൈകാരിക ബന്ധത്തിന് കെട്ടുറപ്പേകും.
മരുന്നുകളുടെ ഉപയോഗം – സുഖകരമായ വേഴ്ച്ചക്ക് തടസ്സമുണ്ടെങ്കിൽ സ്നിഗ്ധതയ്ക്കായി ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ക്രീമുകൾ ഉപയോഗിക്കാം.
കൃത്യമായ ഇടവേളകൾ – വാർദ്ധക്യ കാലത്ത് ആഴ്ച്ചയിൽ ഒരിക്കൽ ലൈംഗികത ആസ്വദിക്കുന്നത് ശാരീരിക-മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്തും.
ഒരു പ്രായം കഴിഞ്ഞാൽപ്പിന്നെ സെക്സ് വേണ്ട എന്നുകരുതുന്നതിൽ ഒരു കാര്യവുമില്ല.പ്രായംമറന്ന്,പങ്കാളിയോടൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കുന്നതിലൂടെ ആരോഗ്യം, ആനന്ദം,വൈകാരികശക്തി എന്നുമാത്രല്ല, ആയുസ്സും വർദ്ധിപ്പിക്കാമെന്ന്പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വയസ്സുകാലത്തെ അനാവശ്യ ചിന്തയല്ല, സമ്പൂർണ്ണമായ സൌഖ്യത്തിനുള്ള അവശ്യ ഘടകമാണ് രതിയെന്ന്തിരിച്ചറിഞ്ഞ് സംതൃപ്തിയോടെ ജീവിതം ആസ്വദിക്കാം.




