വാർദ്ധക്യ കാലത്തെ സങ്കീർണ്ണതകൾ: മൂത്രനിയന്ത്രണമില്ലായ്മ സൃഷ്ടിക്കുന്ന പ്രയാസങ്ങളും പരിഹാരമാർഗ്ഗങ്ങളും

വാർദ്ധക്യ കാലത്തെ സങ്കീർണ്ണതകൾ: മൂത്രനിയന്ത്രണമില്ലായ്മ സൃഷ്ടിക്കുന്ന പ്രയാസങ്ങളും പരിഹാരമാർഗ്ഗങ്ങളും

പ്രായമായ പല വ്യക്തികൾക്കും സാധാരണയായുണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് മൂത്രച്ചോർച്ച അഥവാ മൂത്രനിയന്ത്രണമില്ലായ്മ. 

തികച്ചും സാധാരണമാണെങ്കിലും മാനസികമായി ഏറെ തളർത്തുന്ന ഒരവസ്ഥയാണിത്. പലരും ഈ ബുദ്ധിമുട്ട് തുറന്നുപറയാനും ചികിൽസ തേടാനും മടിക്കാറുണ്ട്. 

വാർദ്ധക്യകാലത്ത് നിശബ്ദമായി സഹിച്ചുകഴിയേണ്ട ഒരു കാര്യമായി ഈ പ്രശ്നത്തെ കണക്കാക്കരുത്. മൂത്രച്ചോർച്ച ശരിയായ രീതിയിൽ നിയന്ത്രിക്കാനും ചികിത്സിക്കാനും സാധിക്കും.

എന്താണ് മൂത്രനിയന്ത്രണമില്ലായ്മ (Urinary Incontinence)?

മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും അപ്രതീക്ഷിതതമായി മൂത്രം പുറത്തുപോവുകയും ചെയ്യുന്ന അവസ്ഥയാണിത്. 

ലക്ഷക്കണക്കിന് വയോജനങ്ങൾ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്കിടയിലാണ് ഇത് കൂടുതൽ കാണപ്പെടാറുള്ളതെങ്കിലും പുരുഷന്മാരിലും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. 

ഈ പ്രശ്നം സാധാരണമാണെങ്കിൽ പോലും, പ്രായമായ പല വ്യക്തികളും ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകാറുണ്ട്:

  • പുറത്തുപറയാൻ നാണക്കേട് തോന്നുന്നു
  • മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കി ഒറ്റപ്പെട്ടു കഴിയുന്നു
  • പേടി കാരണം വെള്ളം കുടിക്കുന്നത് കുറയ്ക്കുന്നു (ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും)
  • ആകാംക്ഷയും വിഷാദവും പ്രതിസന്ധിയിലാക്കുന്നു
  • ഡോക്ടറെ കാണാനോ സഹായം ചോദിക്കാനോ മടിക്കുന്നു

അറിയാത മൂത്രം പോകുന്നത് കേവലം ഒരു ശാരീരിക പ്രശ്നം മാത്രമല്ല;   അതനുഭവിക്കുന്ന വ്യക്തിയുടെ ആത്മാഭിമാനത്തെയും അന്തസ്സിനെയും ബാധിക്കുന്ന കാര്യം കൂടിയാണ്.

എന്തുകൊണ്ടാണ് പ്രായമാകുമ്പോൾ ഈ പ്രശ്നം കൂടുന്നത്?

പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിൽ സ്വാഭാവികമായും ചില മാറ്റങ്ങൾ സംഭവിക്കാറുണ്ട്:

  • മൂത്രസഞ്ചിയെ താങ്ങിനിർത്തുന്ന പേശികൾക്ക് (Pelvic floor muscles) ബലം കുറയുന്നു
  • മൂത്രസഞ്ചിയുടെ ഇലാസ്തികത കുറയുന്നു
  • നാഡീവ്യൂഹത്തിൽ മാറ്റങ്ങളുണ്ടാകുന്നു
  • സ്ത്രീകളിൽ ആർത്തവവിരാമത്തിന് ശേഷം (Post-menopause) ഉണ്ടാകുന്ന മാറ്റങ്ങൾ ഇതിന് കാരണമാകാം
  • പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വികാസം (Enlarged prostate) മൂത്രതടസ്സത്തിനും നിയന്ത്രണമില്ലായ്മയ്ക്കും കാരണമാകുന്നു

മറ്റ് ആരോഗ്യപ്രശ്നങ്ങളും ഈ പ്രയാസത്തിനു കാരണമാകാം:

  • പ്രമേഹം (Diabetes)
  • പക്ഷാഘാതം (Stroke)
  • പാർക്കിൻസൺസ് രോഗം (Parkinson’s disease)
  • മറവിരോഗം (Dementia)
  • നട്ടെല്ലിനെ ബാധിക്കുന്ന അസുഖങ്ങൾ

ഇതുകൂടാതെ, ചില പ്രത്യേക മരുന്നുകളുടെ ഉപയോഗവും (ഉദാഹരണത്തിന് മൂത്രം കൂടുതൽ പോകാനുള്ള മരുന്നുകൾ അല്ലെങ്കിൽ ഉറക്കഗുളികകൾ) ഈ അവസ്ഥയ്ക്ക് കാരണമായേക്കാം.

വിവിധ തരങ്ങൾ

1. സ്ട്രെസ് ഇൻകോണ്ടിനൻസ് (Stress Incontinence)

ചിരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അല്ലെങ്കിൽ ഭാരമുള്ള എന്തെങ്കിലും എടുക്കുമ്പോഴോ അറിയാതെ മൂത്രം പോകുന്ന അവസ്ഥയാണിത്.

പ്രായമായ സ്ത്രീകളിൽ പെൽവിക് പേശികൾക്കുണ്ടാകുന്ന ബലക്കുറവ് മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്.

2. അർജ് ഇൻകോണ്ടിനൻസ് (Urge Incontinence)

ഉടനടി മൂത്രമൊഴിക്കണം എന്ന് തോന്നുകയും ബാത്ത്റൂമിൽ എത്തുന്നതിന് മുൻപേ നിയന്ത്രണം വിട്ടുപോവുകയും ചെയ്യുന്ന അവസ്ഥയാണിത്

മൂത്രസഞ്ചി അമിതമായി ഉത്തേജിപ്പിക്കപ്പെടുന്നത് (Overactive bladder) കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

3. ഓവർഫ്ലോ ഇൻകോണ്ടിനൻസ് (Overflow Incontinence)

മൂത്രസഞ്ചി പൂർണ്ണമായും ഒഴിഞ്ഞുപോകാത്ത അവസ്ഥയാണിത്. മൂത്രസഞ്ചി എപ്പോഴും നിറഞ്ഞിരിക്കുകയും ഇടയ്ക്കിടെ മൂത്രം തുള്ളികളായി പുറത്തുപോകുകയും ചെയ്യുന്നു.

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീങ്ങുന്നത് മൂലമാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.

4. ഫങ്ഷണൽ ഇൻകോണ്ടിനൻസ് (Functional Incontinence)

ഈ പ്രശ്നമുള്ളവരുടെ മൂത്രസഞ്ചിയുടെ പ്രവർത്തനത്തിൽ കുഴപ്പമൊന്നുമുണ്ടാകില്ല. എന്നാൽ ശാരീരികമായോ മാനസികമായോ ഉള്ള മറ്റ് ബുദ്ധിമുട്ടുകൾ കാരണം കൃത്യസമയത്ത് ശുചിമുറിയിൽ എത്താൻ സാധിക്കാതെ വരുന്നു.

മറവിരോഗം (Dementia) ഉള്ളവരിലും  നടക്കാൻ ബുദ്ധിമുട്ടുള്ളവരിലും (Mobility disorders) ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

മൂത്രച്ചോർച്ച വാർദ്ധക്യത്തിൽ സ്വാഭാവികമായുണ്ടാകുന്നതാണോ?

അല്ല. പ്രായമാകുമ്പോൾ ഇതിനുള്ള സാധ്യത കൂടുമെന്നത് ശരിയാണ്, എന്നാൽ വയസ്സാകുമ്പോൾ എല്ലാവർക്കും ഇത് സംഭവിക്കണമെന്നില്ല. 

സാധാരണയായി താഴെ പറയുന്നവയുടെ ലക്ഷണമായാണ് ഇത് കാണപ്പെടുന്നത്:

  • പേശികളുടെ ബലക്കുറവ്
  • നാഡീസംബന്ധമായ തകരാറുകൾ
  • അണുബാധ (Infection)
  • മരുന്നുകളുടെ പാർശ്വഫലങ്ങൾ
  • മറ്റ് ആരോഗ്യപ്രശ്നങ്ങൾ

മൂത്രം പോകുന്നത് തടയാൻ മാത്രം ശ്രമിക്കാതെ, അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.

പ്രായമായവരിലുണ്ടാകുന്ന വൈകാരിക ആഘാതം

ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന പല മുതിർന്നവരും:

  • യാത്രകൾ പോകാൻ മടിക്കുന്നു
  • മറ്റുള്ളവരുമായി ഇടപഴകുന്നതും ചടങ്ങുകളിൽ പങ്കെടുക്കുന്നതും ഒഴിവാക്കുന്നു
  • തങ്ങളുടെ അവസ്ഥയിൽ വലിയ നാണക്കേട് അനുഭവിക്കുന്നു
  • ആത്മവിശ്വാസം നഷ്ടപ്പെട്ട് ഉൾവലിഞ്ഞു കഴിയുന്നു
  • മറ്റുള്ളവർക്ക് താനൊരു ഭാരമാണോ എന്ന് ഭയപ്പെടുന്നു

മൂത്രനിയന്ത്രണമില്ലായ്മ എന്ന ഈ അവസ്ഥ വ്യക്തിജീവിതത്തെ സാവധാനം ചുരുക്കിക്കളയുന്നു.  അവർ തനിച്ചാകാൻ ഇത് കാരണമാകുന്നു.

കൃത്യമായ വാർദ്ധക്യകാല പരിചരണത്തിലൂടെ മൂത്രസഞ്ചിയുടെ നിയന്ത്രണം മാത്രമല്ല, അവരുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം കൂടി നമുക്ക് തിരിച്ചുനൽകാൻ സാധിക്കും.

രോഗനിർണ്ണയം

ഈ അവസ്ഥ കൃത്യമായി മനസ്സിലാക്കാൻ താഴെ പറയുന്ന പരിശോധനകൾ സഹായിക്കും:

  • വിശദമായ ആരോഗ്യ ചരിത്രം
  • മൂത്രപരിശോധന: അണുബാധയുണ്ടോ (Infection) എന്ന് മനസ്സിലാക്കാൻ
  • ബ്ലാഡർ ഡയറി (Bladder Diary): എത്ര തവണ മൂത്രമൊഴിക്കുന്നു, എപ്പോഴൊക്കെയാണ് നിയന്ത്രണം വിട്ടുപോകുന്നത് തുടങ്ങിയ വിവരങ്ങൾ കുറിച്ചുവെയ്ക്കുന്നത് ഡോക്ടർക്ക് അസുഖം സംബന്ധിച്ച് കൃത്യമായ ധാരണ നൽകും.
  • പോസ്റ്റ്-വോയ്ഡ് റെസിഡ്യുവൽ സ്കാൻ: മൂത്രമൊഴിച്ചതിനുശേഷം എത്രത്തോളം മൂത്രം സഞ്ചിയിൽ ബാക്കിയുണ്ടെന്ന് പരിശോധിക്കുന്ന രീതി
  • പെൽവിക് പരിശോധന: സ്ത്രീകളിൽ പേശികളുടെ ബലക്കുറവ് അറിയാൻ സഹായിക്കുന്നു
  • പ്രോസ്റ്റേറ്റ് പരിശോധന: പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം പരിശോധിക്കുന്നു

വാർദ്ധക്യകാല പരിചരണത്തിലെ ചികിത്സാരീതികൾ

മൂത്രനിയന്ത്രണമില്ലായ്മയുടെ തരവും കാരണവും അനുസരിച്ചാണ് ഇതിനുള്ള ചികിത്സ നിശ്ചയിക്കുന്നത്.

1. പെൽവിക് ഫ്ലോർ വ്യായാമങ്ങൾ 

പെൽവിക് പേശികളെ ബലപ്പെടുത്തുന്നത് ‘സ്ട്രെസ് ഇൻകോണ്ടിനൻസ്’ (ചുമയ്ക്കുമ്പോഴും മറ്റും മൂത്രം പോകുന്നത്) കുറയ്ക്കാൻ വളരെയധികം സഹായിക്കും.

കൃത്യമായ പരിശീലനം നൽകിയാൽ പ്രായമായവരിലും ഇത് ഏറെ ഫലം നൽകും.

ഇത് മുടങ്ങാതെ ദിവസവും ചെയ്യേണ്ടത് അത്യാവശ്യമാണ്.

2. ബ്ലാഡർ ട്രെയിനിങ് (Bladder Training)

മൂത്രമൊഴിക്കുന്ന ഇടവേളകൾ സാവധാനം വർദ്ധിപ്പിച്ചുകൊണ്ട് മൂത്രസഞ്ചിയെ പരിശീലിപ്പിക്കുന്ന രീതിയാണിത്.

ഇത് മൂത്രസഞ്ചിയും തലച്ചോറും തമ്മിലുള്ള ഏകോപനം (Bladder-brain connection) മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

പെട്ടെന്ന് മൂത്രം ഒഴിക്കണം എന്ന തോന്നൽ നിയന്ത്രിക്കാൻ ഇത് ഫലപ്രദമാണ്.

3. മരുന്നുകൾ

അമിതമായി ഉത്തേജിപ്പിക്കപ്പെടുന്ന മൂത്രസഞ്ചിയെ (Overactive bladder) നിയന്ത്രിക്കാൻ ചില മരുന്നുകൾ സഹായിക്കും. ഇവ:

  • മൂത്രസഞ്ചിയിലെ പേശികൾക്ക് അയവ് നൽകുന്നു
  • പെട്ടെന്നുണ്ടാകുന്ന മൂത്രശങ്ക കുറയ്ക്കുന്നു
  • നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

പ്രായമായവരിൽ മരുന്നുകളുടെ പാർശ്വഫലങ്ങൾ പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ളതുകൊണ്ട്, ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കൃത്യമായ മരുന്ന് തെരഞ്ഞെടുക്കുക

4. മറ്റ് ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുക

ശരീരത്തെ മൊത്തമായി പരിഗണിച്ചുകൊണ്ടുള്ള ചികിത്സ കൂടുതൽ മികച്ച ഫലം നൽകും:

  • പ്രമേഹം നിയന്ത്രിക്കുക
  • മലബന്ധത്തിന് ചികിൽസ തേടുക
  • മരുന്നുകൾ ക്രമീകരിക്കുക
  • പ്രോസ്റ്റേറ്റ് ചികിത്സ

5. ജീവിതശൈലിയിലെ മാറ്റങ്ങൾ

  • ആരോഗ്യകരമായ ഭാരം നിലനിർത്തുക
  • കഫീൻ ഒഴിവാക്കുക
  • വെള്ളം കുടിക്കുന്നത് ക്രമീകരിക്കുക
  • വിട്ടുമാറാത്ത ചുമയുണ്ടെങ്കിൽ ചികിത്സിക്കുക
  • കൃത്യമായ ശോധന ഉറപ്പാക്കുക

6. സഹായക ഘടകങ്ങൾ 

ചികിത്സയ്‌ക്കൊപ്പം തന്നെ ദൈനംദിന ജീവിതം സുഗമമാക്കാൻ താഴെ പറയുന്നവ സഹായിക്കും:

  • പാഡുകൾ (Absorbent pads)
  • ബെഡ് പ്രൊട്ടക്ടറുകൾ
  • എളുപ്പത്തിൽ മാറാവുന്ന തരം വസ്ത്രങ്ങൾ
  • മൂത്രമൊഴിക്കാൻ കൃത്യമായ സമയക്രമം

ഇവയെല്ലാം താൽക്കാലികമായ സഹായങ്ങൾ മാത്രമാണ്, യഥാർത്ഥ ചികിത്സയ്ക്ക് പകരമാകില്ല ഇവയൊന്നും.

സങ്കീർണ്ണതകൾ ഒഴിവാക്കുക

കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഈ അവസ്ഥ മറ്റ് പല ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം:

  • ചർമ്മത്തിലെ അണുബാധ: നനവ് കാരണം ചർമ്മത്തിൽ ചൊറിച്ചിലും തടിപ്പും വരാൻ സാധ്യതയുണ്ട്.
  • മൂത്രനാളിയിലെ അണുബാധ (UTI): ശരിയായ രീതിയിൽ മൂത്രം ഒഴിഞ്ഞുപോയില്ലെങ്കിൽ അണുബാധയുണ്ടാകാം.
  • വീഴ്ചകൾ: ബാത്ത്റൂമിലേക്ക് തിടുക്കത്തിൽ പോകാൻ ശ്രമിക്കുമ്പോൾ കാലുതെന്നി വീഴാൻ സാധ്യത കൂടുതലാണ്.
  • ഉറക്കമില്ലായ്മ: രാത്രിയിൽ മൂത്ര ശങ്ക മൂലം ഇടയ്ക്കിടെ എഴുന്നേൽക്കുന്നത് ഉറക്കം നഷ്ടപ്പെടുത്തുന്നു
  • ഒറ്റപ്പെടൽ: മറ്റുള്ളവരുടെ മുന്നിൽ ജാള്യത തോന്നുന്നത് കാരണം സാമൂഹിക ജീവിതം ഇല്ലാതാകുന്നു

തുടക്കത്തിലേയുള്ള ചികിത്സയും കരുതലും ഇത്തരം പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

കുടുംബാംഗങ്ങളുടെയും പരിചരിക്കുന്നവരുടെയും പങ്ക്

കുടുംബത്തിന്റെ പിന്തുണ ഈ അവസ്ഥയിൽ അവർക്ക് വലിയ ആശ്വാസമാകും

ഒഴിവാക്കേണ്ട കാര്യങ്ങൾ:

  • കുറ്റപ്പെടുത്തൽ
  • പരിഹാസം
  • ക്ഷമയില്ലായ്മ

പ്രോത്സാഹിപ്പിക്കേണ്ട കാര്യങ്ങൾ:

  • തുറന്ന സംസാരം: ഇത് ഒളിച്ചുവെക്കേണ്ട ഒന്നല്ലെന്നും കൂടെയുണ്ടെന്നും അവർക്ക് ഉറപ്പുനൽകുക.
  • ഡോക്ടറുടെ സഹായം: മടികൂടാതെ ചികിത്സ തേടാൻ അവരെ സഹായിക്കുക.
  • സുരക്ഷിതമായ സാഹചര്യം: ബാത്ത്റൂമിലും പരിസരത്തും ആവശ്യത്തിന് വെളിച്ചം (Night lighting) ഉറപ്പാക്കുക.
  • സൗകര്യങ്ങൾ ഒരുക്കുക: ബാത്ത്റൂമിൽ പിടിച്ചുനടക്കാൻ സൗകര്യപ്രദമായ കമ്പികളും (Grab bars), ഉയരം ക്രമീകരിച്ച ടോയ്‌ലറ്റ് സീറ്റുകളും സ്ഥാപിക്കുക.

പ്രശ്നങ്ങൾ നേരിടുന്നവരുടെ ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ടുള്ള പരിചരണമായിരിക്കണം നമ്മുടെ ലക്ഷ്യം.

ശസ്ത്രക്രിയ എപ്പോഴാണ് ആവശ്യമായി വരുന്നത്?

ചില പ്രത്യേക സാഹചര്യങ്ങളിൽ, അതിശക്തമായ ‘സ്ട്രെസ് ഇൻകോണ്ടിനൻസ്’ ഉള്ളപ്പോഴോ അല്ലെങ്കിൽ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി മൂത്രതടസ്സം ഉണ്ടാക്കുമ്പോഴോ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.

ഒരു ഡോക്ടറുടെ വിശദമായ പരിശോധനയ്ക്കും വാർദ്ധക്യസഹജമായ മറ്റ് ആരോഗ്യസ്ഥിതികൾ വിലയിരുത്തിയതിനും ശേഷം മാത്രമേ ഇത്തരം തീരുമാനങ്ങൾ എടുക്കാവൂ.

മൗനം വെടിയാം

വർഷങ്ങളോളം ഈ വേദന പുറത്തുപറയാതെ മനസ്സിലൊതുക്കി കഴിയുന്ന ധാരാളം പേരുണ്ട്.

തുറന്ന സംസാരമാണ് സൗഖ്യത്തിലേക്കുള്ള ആദ്യപടി 

വീട്ടിലുള്ള പ്രായമായവർക്ക് ഇനിപ്പറയുന്ന ബുദ്ധിമുട്ടുകൾ കണ്ടാൽ ശ്രദ്ധിക്കുക

  • അടിക്കടി ബാത്ത്റൂമിലേക്ക് പോകുന്നു
  • അമിതമായി പാഡുകൾ ഉപയോഗിക്കുന്നു
  • ചടങ്ങുകളിൽ നിന്നോ യാത്രകളിൽ നിന്നോ ഒഴിഞ്ഞുമാറുന്നു
  • കാരണമെന്തെന്നറിയാതെ ഇടയ്ക്കിടെ വീഴുന്നു

കേവലം പ്രായത്തിന്റെ പ്രശ്നങ്ങൾ മാത്രമാകില്ല ഇത്. ഒരുപക്ഷേ യൂറിനറി ഇൻകോണ്ടിനൻസ് ആകാം. കൃത്യമായ ചികിത്സയിലൂടെ മാറ്റിയെടുക്കാവുന്ന പ്രശ്നമാണിത്. 

ഓർത്തുവെയ്ക്കാൻ

ആത്മാഭിമാനത്തോടെ വാർദ്ധക്യത്തിലേക്ക് മുന്നേറുക എന്നതിന്റെ അർത്ഥം ഇതാണ്:

  • ചലനസ്വാതന്ത്ര്യം
  • സ്വയംപര്യാപ്തത
  • ആത്മവിശ്വാസം
  • സാമൂഹികമായ ഒത്തുചേരലുകൾ

മൂത്രനിയന്ത്രണമില്ലായ്മ എന്ന അവസ്ഥ ഒരിക്കലും ഇപ്പറഞ്ഞ കാര്യങ്ങളെ തകർക്കാൻ പാടില്ല.

വാർദ്ധക്യകാല പരിചരണത്തിൽ, രോഗത്തിനപ്പുറം അവരുടെ അന്തസ്സു  കൂടി നമ്മൾ സംരക്ഷിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ നമ്മുടെ രക്ഷിതാക്കൾക്ക് ആത്മവിശ്വാസത്തോടെ അവരുടെ ജീവിതസായാഹ്നം ആസ്വദിക്കാനാകൂ.

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe