മസ്തിഷ്ക്കത്തിലെ നീർക്കെട്ട്: മനോരോഗമായും മറവിരോഗമായും തെറ്റിദ്ധരിക്കപ്പെടുന്ന ഓട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസ്

ഒരു വ്യക്തി, പെട്ടെന്ന് അമിതമായി ഉത്കണ്ഠാകുലനാവുകയോ അസ്വാഭാവികമായി പെരുമാറുകയോ മറ്റുള്ളവരിൽ നിന്ന് ഉൾവലിയുകയോ ചെയ്താൽ നമുക്ക് തോന്നുക അയാൾക്ക് മാനസികമായി എന്തോ പ്രശ്നം സംഭവിച്ചിട്ടുണ്ട് എന്നാകും. അമിതമായ സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ,
മറവിരോഗത്തിന്റെ ആരംഭം – ഇതിലെന്തെങ്കിലുമാകാം പൊടുന്നനെയുണ്ടായ സ്വഭാവമാറ്റത്തിനു കാരണം എന്ന് ആ വ്യക്തിയുമായി ഇടപഴകുന്നവർക്കും തോന്നിയേക്കാം. പക്ഷെ, ഇതൊന്നുമാകില്ല യഥാർത്ഥ കാരണം.
തലച്ചോറിൽ നീർക്കെട്ടുണ്ടാകുമ്പോഴും പെരുമാറ്റത്തിൽ സമാനമായ വ്യതിയാനങ്ങളുണ്ടാകാം.
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തലച്ചോറിലെ കോശങ്ങളെ ആക്രമിക്കുന്ന അപൂർവ്വമായ ഒരവസ്ഥയാണ് ഓട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസ് (Autoimmune encephalitis). ഈ രോഗം തിരിച്ചറിയപ്പെടാതിരിക്കുകയും മറ്റേതെങ്കിലും അസുഖമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നത്, രോഗാവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
പലപ്പോഴും മാസങ്ങളോളം നീണ്ടുനിൽക്കുന്ന മാനസിക വിഷമങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും തെറ്റായ ചികിത്സകൾക്കും ശേഷമാണ് ഈ രോഗം തിരിച്ചറിയപ്പെടുന്നത്.
എന്താണ് ഓട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസ്?
നമ്മുടെ രോഗപ്രതിരോധ സംവിധാനം തലച്ചോറിലെ കോശങ്ങളെ ആക്രമിക്കുന്ന ആന്റിബോഡികൾ ഉത്പാദിപ്പിക്കുകയും അങ്ങനെ തലച്ചോറിലെ കലകളിൽ നീർക്കെട്ട് (Inflammation) ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണിത്.
സാധാരണ പനിയിലും മറ്റും സംഭവിക്കുന്നതു പോലെ ബാക്ടീരിയയോ വൈറസോ അല്ല ഇവിടെ പ്രശ്നമുണ്ടാക്കുന്നത്. ശരീരം തന്നെയാണ് അബദ്ധത്തിൽ തലച്ചോറിനെ ആക്രമിക്കുന്നത്.
ഇതിന്റെ ഫലമായി താഴെ പറയുന്ന കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു:
- ഓർമ്മശക്തി
- വികാരങ്ങൾ
- പെരുമാറ്റം
- ചിന്താശേഷി
- ബോധാവസ്ഥ
- അപസ്മാരം പോലെയുള്ള ശാരീരിക ലക്ഷണങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്
ഇതിന്റെ ലക്ഷണങ്ങൾക്ക് പലപ്പോഴും മാനസികരോഗങ്ങളുമായി സാമ്യമുള്ളതുകൊണ്ട് തന്നെ, തുടക്കത്തിൽ അങ്ങനെ തെറ്റിദ്ധരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.
രോഗാവസ്ഥ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകാൻ കാരണം
മിക്ക കേസുകളിലും ഓട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസ് പെട്ടെന്ന് ഒരു വലിയ പ്രശ്നമായിട്ടല്ല പ്രത്യക്ഷപ്പെടുന്നത്. വളരെ നിസ്സാരമെന്ന് തോന്നുന്ന തരത്തിലുള്ള മാറ്റങ്ങളോടെയാണ് ഇത് തുടങ്ങുന്നത്.
പ്രാരംഭ ലക്ഷണങ്ങളിൽ ഇവ ഉണ്ടാകാം:
- പെട്ടെന്നുണ്ടാകുന്ന ഉത്കണ്ഠ അല്ലെങ്കിൽ പരിഭ്രാന്തി (Panic)
- വ്യക്തിത്വത്തിൽ വരുന്ന മാറ്റങ്ങൾ
- ഉറക്കമില്ലായ്മ
- ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
- ചെറിയ കാര്യങ്ങൾ മറന്നുപോവുക
ഈ ഘട്ടത്തിൽ നടത്തുന്ന ബ്രെയ്ൻ സ്കാനിംഗുകളും (MRI/CT) സാധാരണ രക്തപരിശോധനകളും ഒരുപക്ഷേ നോർമൽ ആയി തന്നെ കാണപ്പെട്ടേക്കാം.
രോഗം കൂടുമ്പോൾ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടേക്കാം:
- കടുത്ത ആശയക്കുഴപ്പവും സ്ഥലകാലബോധം നഷ്ടമാകലും
- ഇല്ലാത്ത കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുക (Hallucinations)
- അനാവശ്യമായ ഭയവും സംശയരോഗവും
- അപസ്മാരം (Seizures)
- സംസാര തടസ്സം
- തിരിച്ചറിവ് നഷ്ടമാകുക
- അസാധാരണമായ ശാരീരിക ചലനങ്ങൾ
പല രോഗികളും തുടക്കത്തിൽ മാനസികരോഗത്തിനുള്ള ചികിത്സയാണ് തേടുക. ഇത് അനിവാര്യമായ ന്യൂറോളജിക്കൽ ചികിത്സ (Neurological care) ലഭിക്കുന്നത് വൈകിപ്പിക്കാൻ കാരണമാകുന്നു.
തലച്ചോറിലെ പ്രശ്നം മനസ്സിന്റെ രോഗമായി തോന്നുമ്പോൾ
ഓട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസിന്റെ ഏറ്റവും പേടിപ്പെടുത്തുന്ന വശം അത് ഒരു മാനസികരോഗമാണെന്ന് നമ്മളെ അത്രത്തോളം വിശ്വസിപ്പിക്കും എന്നതാണ്.
രോഗികൾക്ക് താഴെ പറയുന്ന പ്രശ്നങ്ങളാണെന്ന് മറ്റുളളവർ പലപ്പോഴും പറഞ്ഞേക്കാം:
- കടുത്ത മാനസികരോഗം (Acute psychosis)
- ഗുരുതരമായ വിഷാദം
- ബൈപോളാർ ഡിസോർഡർ
- ചെറുപ്പത്തിൽ തന്നെയുള്ള മറവിരോഗം
മാനസികരോഗത്തിനുള്ള മരുന്നുകൾ മാത്രം നൽകുന്നത് കൊണ്ട് ഫലമുണ്ടാകില്ല. ചിലപ്പോഴത് പ്രശ്നങ്ങൾ കൂടുതൽ മോശമാക്കുകയും ചെയ്തേക്കാം. രോഗത്തിൻ്റെ അടിസ്ഥാന കാരണം മനസ്സിന്റേതല്ല, തലച്ചോറിലെ നീർക്കെട്ടാണ്.
ആരെയൊക്കെ ബാധിക്കാം?
സ്ത്രീപുരുഷ ഭേദമന്യേ ഏതു പ്രായത്തിലുള്ളവരെയും ഓട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസ് ബാധിക്കാം. എങ്കിലും ചില നിശ്ചിത സ്വഭാവമുള്ള എൻസെഫലൈറ്റിസ് ഒരു പ്രത്യേക പ്രായത്തിലുള്ളവരിലാണ് കൂടുതൽ കണ്ടുവരുന്നത്.
മാറ്റത്തിന്റെ ഘട്ടം: കുടുംബാംഗങ്ങൾ അവഗണിക്കരുതാത്ത അപായസൂചനകൾ
ഒരു വ്യക്തിയിൽ താഴെ പറയുന്ന മാറ്റങ്ങൾ കണ്ടാൽ അടിയന്തരമായി വിദഗ്ദ്ധ വൈദ്യസഹായം തേടേണ്ടതുണ്ട്:
- പെരുമാറ്റത്തിലും സ്വഭാവത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ
- മുൻപില്ലാത്തവിധം പെട്ടെന്നുണ്ടാകുന്ന അപസ്മാരം
- ഇടയ്ക്കിടെ വരുന്ന ആശയക്കുഴപ്പങ്ങൾ
- ഓർമ്മക്കുറവിൻ്റെ ആക്കം ദ്രുതഗതിയിൽ കൂടുക
- മാനസികമായി പ്രശ്നങ്ങളൊന്നും മുമ്പ് ഉണ്ടായിട്ടില്ലെങ്കിലും മതിഭ്രമം വരിക
- ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പെട്ടെന്നുണ്ടാകുന്ന പ്രയാസം
- സംസാരത്തിലോ ശാരീരിക ചലനങ്ങളിലോ ഉണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ
ഈ രോഗത്തെ സംബന്ധിച്ച് സമയം ഏറെ പ്രധാനമാണ്. എത്ര നേരത്തെ ചികിത്സ തുടങ്ങുന്നുവോ അത്രയും വേഗത്തിൽ രോഗമുക്തിയും നേടാനാകും.
എങ്ങനെ തിരിച്ചറിയാം?
ഒരു പ്രത്യേക പരിശോധന കൊണ്ട് മാത്രം ഈ രോഗം കണ്ടെത്തുക പ്രയാസമാണ്. ഡോക്ടറുടെ കൃത്യമായ നിരീക്ഷണമാണ് ഏറ്റവും പ്രധാനം.
രോഗനിർണ്ണയത്തിനായി ഡോക്ടർമാർ താഴെ പറയുന്ന പരിശോധനകൾ നടത്തിയേക്കാം:
- വിശദമായ ന്യൂറോളജിക്കൽ പരിശോധനകൾ
- എം.ആർ.ഐ (MRI) ബ്രെയിൻ സ്കാനിംഗ്
- ഇ ഇ ജി
- നട്ടെല്ലിൽ നിന്നുള്ള ദ്രാവകം പരിശോധിക്കൽ (Cerebrospinal fluid analysis)
- പ്രത്യേക ആന്റിബോഡി പരിശോധനകൾ
- മറ്റ് അണുബാധകളോ കാരണങ്ങളോ അല്ലെന്ന് ഉറപ്പുവരുത്തൽ
തുടക്കത്തിൽ എല്ലാ പരിശോധനാ ഫലങ്ങളും പോസിറ്റീവ് ആയിക്കൊള്ളണമെന്നില്ല—അതുകൊണ്ട് തന്നെ ലക്ഷണങ്ങൾ എങ്ങനെ മാറുന്നു എന്ന് കൃത്യമായി നിരീക്ഷിക്കുന്നത് രോഗനിർണ്ണയത്തിൽ വളരെ പ്രധാനമാണ്.
നേരത്തെ തിരിച്ചറിയുന്നതിൻ്റെ പ്രാധാന്യം
ഓട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസ് കൃത്യമായി ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖമാണ്. എത്രയും നേരത്തെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം.
ചികിത്സ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഘടകങ്ങൾ:
- രോഗപ്രതിരോധ സംവിധാനത്തിന്റെ തെറ്റായ ആക്രമണത്തെ തടയുക
- തലച്ചോറിലെ നീർക്കെട്ട് കുറയ്ക്കുക
- തലച്ചോറിന്റെ പ്രവർത്തനങ്ങൾ പഴയ രീതിയിലേക്ക് വീണ്ടെടുക്കാൻ സഹായിക്കുക
സാധാരണയായി സ്വീകരിക്കുന്ന ചികിത്സാരീതികൾ:
- സ്റ്റിറോയ്ഡുകൾ (Steroids)
- ഇമ്മ്യൂണോതെറാപ്പി (Immunotherapy)
- പ്രതിരോധ സംവിധാനത്തെ ക്രമീകരിക്കുന്ന പ്രത്യേക മരുന്നുകൾ
- അപസ്മാരം നിയന്ത്രിക്കാനുള്ള മരുന്നുകൾ
- പുനരധിവാസ ചികിത്സ
കൃത്യസമയത്ത് ചികിത്സ ലഭിക്കുകയാണെങ്കിൽ, ഭൂരിഭാഗം രോഗികൾക്കും അവരുടെ ചിന്താശേഷിയും വ്യക്തിത്വവും സ്വാശ്രയത്വവും വീണ്ടെടുക്കാനാകും.
രോഗനിർണ്ണയം വൈകുന്നത് താഴെ പറയുന്ന പ്രയാസങ്ങളിലേക്ക് നയിച്ചേക്കാം:
- ദീർഘകാലം നീണ്ടുനിൽക്കുന്ന ഓർമ്മക്കുറവ്
- വിട്ടുമാറാത്ത അപസ്മാരം
- വ്യക്തിത്വത്തിൽ വരുന്ന സ്ഥായിയായ മാറ്റങ്ങൾ
- വൈകല്യങ്ങൾ
- ഗുരുതരമായ അവസ്ഥകളിൽ മരണം വരെ സംഭവിക്കാം
വേണ്ടപ്പെട്ടവർ അനുഭവിക്കുന്ന മാനസിക വിഷമം
പ്രിയപ്പെട്ടവർ കൂടെയുള്ളപ്പോൾ തന്നെ അവരെ നഷ്ടമായതുപോലുള്ള അവസ്ഥ എന്നാണ് പല കുടുംബങ്ങളും ഈ സാഹചര്യത്തെ വിശേഷിപ്പിക്കാറുള്ളത്.
തങ്ങൾക്ക് പ്രിയപ്പെട്ട ഒരു വ്യക്തി പെട്ടെന്നിങ്ങനെ മാറിപ്പോകുന്നത് കാണുമ്പോൾ കുടുംബാംഗങ്ങൾ മാനസികമായി തളർന്നു പോകുക സ്വാഭാവികമാണ്.
കുടുംബാംഗങ്ങൾ സാധാരണയായി നേരിടുന്ന വെല്ലുവിളികൾ:
- ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാൻ കഴിയാത്തതിലുള്ള കുറ്റബോധം
- രോഗനിർണ്ണയം വൈകുന്നതിലുള്ള ദേഷ്യവും നിരാശയും
- പേടിയും നിസ്സഹായതയും
- മനസ്സിനും ശരീരത്തിനുമുണ്ടാകുന്ന തളർച്ച
ഈ രോഗത്തെക്കുറിച്ചുള്ള അറിവും അവബോധവും ആരോഗ്യപരമായ ബുദ്ധിമുട്ടു മാത്രമല്ല, കുടുംബം അനുഭവിക്കുന്ന മാനസികാഘാതങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
പൊതുജനങ്ങക്ക് അവബോധം നൽകേണ്ടതിൻ്റെ ആവശ്യകത
ഓട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസ് തിരിച്ചറിയപ്പെടാതെ പോകുന്ന തരത്തിലുള്ള അപൂർവ്വ രോഗമല്ല. പക്ഷെ, ഈ അസുഖത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ, പ്രശ്നങ്ങൾ അതീവ സങ്കീർണ്ണമാക്കുന്നു.
കൃത്യമായഅവബോധം ഉണ്ടാകുന്നത് പല കാര്യങ്ങളിലും സഹായകമാകും:
- നേരത്തെ തന്നെ വിദഗ്ദ്ധ ചികിത്സ തേടാൻ കുടുംബാംഗങ്ങളെ പ്രാപ്തരാക്കുന്നു
- മാനസിക ലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ അതിന്റെ ശാരീരിക കാരണങ്ങളെക്കുറിച്ച് (Neurological causes) ഡോക്ടർമാർക്ക് സംശയം തോന്നാനിട നൽകുന്നു
- തെറ്റായ രോഗനിർണ്ണയം നടത്താനുള്ള സാധ്യത കുറയുന്നു
- രോഗമുക്തി നേടാനുള്ള അവസരങ്ങൾ കൂടുന്നു
രോഗനിർണ്ണയത്തിൽ ഉണ്ടാകുന്ന കാലതാമസം രോഗിയെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള അവസരം നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്.
നെല്ലിക്ക.ലൈഫ് നൽകുന്ന സന്ദേശം
ഓട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസ് എന്താണെന്നും അത് കൃത്യസമയത്ത് തിരിച്ചറിയേണ്ടതിൻ്റെ പ്രാധാന്യമെന്താണെന്നും ഇതിനോടകം തന്നെ പ്രിയവായനക്കാർക്ക് മനസ്സിലായിക്കാണുമല്ലോ.
നിങ്ങൾക്ക് പ്രിയപ്പെട്ട ഒരാൾ പഴയതുപോലെയല്ല എന്ന് തോന്നുകയും അതിൻ്റെ കാരണങ്ങൾ നിങ്ങൾക്ക് പൂർണ്ണമായി ബോധ്യപ്പെടാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക.
കാര്യങ്ങൾ കൂടുതൽ വ്യക്തമായി ചോദിച്ചറിയുക. വിദഗ്ധ ഡോക്ടറെ കാണുക.
ഓർക്കുക: ഹൃദയത്തിനോ ശ്വാസകോശത്തിനോ രോഗം ബാധിക്കുന്നത് പോലെ തന്നെ തലച്ചോറിനും അസുഖം വരാം. അങ്ങനെ സംഭവിക്കുമ്പോൾ, ഒട്ടും വൈകാതെ ശാസ്ത്രീയമായ ചികിത്സ നൽകാൻ നമ്മൾ ശ്രദ്ധിക്കണം.
ആരോഗ്യാവബോധം ജീവൻ രക്ഷിക്കുമെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു. പ്രത്യേകിച്ചും ഓട്ടോഇമ്മ്യൂൺ എൻസെഫലൈറ്റിസ് പോലുള്ള, സജീവ ശ്രദ്ധയും കരുതലും ആവശ്യമുള്ള സാഹചര്യങ്ങളിൽ.




