ഇന്ത്യയിലെ വീട്ടമ്മമാരിൽ രാസവസ്തുക്കൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

ഇന്ത്യയിലെ വീട്ടമ്മമാരിൽ രാസവസ്തുക്കൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

അതിരാവിലെ തുടങ്ങുന്ന ജോലികൾ- ഭക്ഷണം തയ്യാറാക്കുക, പാത്രങ്ങൾ കഴുകുക, ക്ലീനറുകൾ ഉപയോഗിച്ച് വീട് മുഴുവൻ വൃത്തിയാക്കുക, തുണികൾ തേച്ച് ഭംഗിയാക്കുക, പിച്ചള പാത്രങ്ങൾ മിനുക്കുക, ബാക്കി വന്ന ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ അടച്ചു വെക്കുക, മുറികളിൽ സുഗന്ധത്തിനായി എയർ ഫ്രഷ്നർ അടിക്കുക- ഇതെല്ലാം നമ്മുടെ രാജ്യത്ത് സാധാരണ വീട്ടമ്മമാർ ചെയ്യുന്ന പണികളുടെ ഭാഗമാണ്.

ഒറ്റനോട്ടത്തിൽ, ഇത്രയധികം ജോലികളോ എന്നതിനപ്പുറം മറ്റൊന്നും ഇതിൽ അപകടകരമായി തോന്നാനിടയില്ല. എന്നാൽ, ഈ ദൈനംദിന ജോലികൾക്ക് പിന്നിൽ നിശബ്ദമായ അപകടം പതിയിരിപ്പുണ്ട്. വീടുകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായുള്ള നിരന്തര സമ്പർക്കം.

വീട്ടുജോലികൾക്കായി ദിവസവും ഒരുപാട് സമയം ചെലവഴിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക്, പ്രത്യക്ഷത്തിൽ തിരിച്ചറിയാനാകാത്ത ഈ ഭീഷണി, അവരുടെ ആരോഗ്യത്തിന് വലിയ ദോഷം ചെയ്യും. ഇത് സാവധാനത്തിൽ ശ്വാസകോശം, ചർമ്മം, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയെ ബാധിക്കും. കാലക്രമേണ പ്രത്യുൽപാദന ആരോഗ്യത്തിന് വരെ ദോഷം ചെയ്യും.

ഈ സാധാരണ രാസവസ്തുക്കൾ എങ്ങനെയാണ് വീട്ടമ്മമാരുടെ ജീവിതത്തിലേക്ക് കടന്നുവന്നതെന്നും ഇവയുടെ ദോഷങ്ങളെക്കുറിച്ച് ശാസ്ത്രം എന്താണ് പറയുന്നതെന്നും ചെറിയ മാറ്റങ്ങളിലൂടെ എങ്ങനെ നമ്മുടെ വീടുകളെ കൂടുതൽ സുരക്ഷിതവും ആരോഗ്യകരവുമാക്കാം എന്നും nellikka.life ലൂടെ പരിശോധിക്കാം.

രാസവസ്തുക്കൾ ഒളിഞ്ഞിരിക്കുന്നത് എവിടെയെല്ലാം?

വീട്ടിലെ ജോലികൾക്കായി നമ്മൾ പലതരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്. ഇവ ഓരോന്നിലും പലതരം രാസവസ്തുക്കളുടെ മിശ്രിതം അടങ്ങിയിട്ടുണ്ട്.

  ഉൽപ്പന്നം ഹാനികരമായ   രാസവസ്തു(ക്കൾ)ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ
നിലം തുടയ്ക്കുന്ന ലോഷനുകൾ,അണുനാശിനികൾഫീനോളുകൾ, ക്ലോറിൻ, അമോണിയ, ഫോർമാൽഡിഹൈഡ്ശ്വാസകോശത്തിലെ അസ്വസ്ഥത, ആസ്ത്മ, തലവേദന
പാത്രം കഴുകുന്ന ലിക്വിഡുകൾസോഡിയം ലോറിൽ സൾഫേറ്റ് (SLS), ട്രൈക്ലോസാൻചർമ്മം വരളുക, ചർമ്മത്തിലെ അലർജി (ഡെർമറ്റൈറ്റിസ്), ഹോർമോൺ തകരാറുകൾ
അലക്കുപൊടികൾ / ഡിറ്റർജെൻ്റുകൾഓപ്റ്റിക്കൽ ബ്രൈറ്റ്നേഴ്സ്, ഫോസ്ഫേറ്റുകൾ, കൃത്രിമ സുഗന്ധങ്ങൾഅലർജികൾ, ജല മലിനീകരണം
റൂം ഫ്രഷ്നറുകൾ, ചന്ദനത്തിരികൾതാലേറ്റുകൾ, വൊളറ്റൈൽ ഓർഗാനിക് കോമ്പൗണ്ട്സ് (VOCs), ബെൻസീൻഹോർമോൺ അസന്തുലിതാവസ്ഥ, ശ്വാസതടസ്സം, അർബുദ സാദ്ധ്യത
പ്ലാസ്റ്റിക് പാത്രങ്ങൾ, കവറുകൾബിസ്ഫെനോൾ-എ (BPA), താലേറ്റുകൾഹോർമോൺ തകരാറുകൾ, അമിതവണ്ണം, പ്രത്യുൽപാദന പ്രശ്നങ്ങൾ
ഹെയർ ഡൈ, സൗന്ദര്യവർദ്ധക വസ്തുക്കൾപാരബെനുകൾ, അമോണിയ, PPDചർമ്മത്തിലെ അലർജികൾ, കാൻസറിനുള്ള സാധ്യത
കൊതുക് തിരികൾ, റിപ്പെല്ലൻ്റുകൾഅല്ലെത്രിൻ, DEET, പൈറെത്രോയ്ഡുകൾകണ്ണിനും ചർമ്മത്തിനും അസ്വസ്ഥത, ശ്വാസകോശ പ്രശ്നങ്ങൾ, നാഡീസംബന്ധമായ പ്രശ്നങ്ങൾ
നോൺസ്റ്റിക്ക് പാത്രങ്ങൾPFAS (പെർ- ആൻഡ് പോളിഫ്ലൂറോആൽക്കൈൽ സബ്സ്റ്റൻസസ്)കരളിന് ദോഷകരം, തൈറോയ്ഡ് തകരാറുകൾ, അർബുദത്തിന് കാരണമായേക്കാം

ഈ രാസവസ്തുക്കളുടെ അളവ് വളരെ കുറവാണല്ലോയെന്ന് ഓരോ തവണ ഉപയോഗിക്കുമ്പോഴും നമുക്ക് തോന്നിയേക്കാം. എന്നാൽ, വർഷങ്ങളോളം എല്ലാ ദിവസവും ഇത് ഉപയോഗിക്കുമ്പോൾ, ഈ രാസവസ്തുക്കൾ സാവധാനം ശരീരത്തിൽ അടിഞ്ഞുകൂടുന്നു. ഇതിനെ ‘ബയോ അക്യുമുലേഷൻ’ (bioaccumulation) എന്ന് പറയുന്നു.

എന്തുകൊണ്ട് വീട്ടമ്മമാർക്ക് ഭീഷണി കൂടുന്നു?

ഫാക്ടറികളിലും മറ്റും ജോലി ചെയ്യുന്നവരെപ്പോലെ, വീട്ടമ്മമാർക്ക് രാസവസ്തുക്കൾ ഉപയോഗിക്കുന്നതിലുള്ള സുരക്ഷാ പരിശീലനമോ, സുരക്ഷാ ഉപകരണങ്ങളോ (കയ്യുറ, മാസ്ക് പോലുള്ളവ) ലഭിക്കാറില്ല. അവരെ സംബന്ധിച്ച്, വീടുകളിലെ അടുക്കളയും കുളിമുറിയും ആരും തിരിച്ചറിയാത്ത “ജോലിസ്ഥലങ്ങൾ” തന്നെയാണ്. അവിടെ രാസവസ്തുക്കളുടെ പുകയും നീരാവിയും അംശങ്ങളും നിറഞ്ഞുനിൽക്കുന്നു.

വീട്ടമ്മമാർക്ക് ഇതിൻ്റെ ദോഷഫലങ്ങൾ കൂടാനുള്ള പ്രധാന കാരണങ്ങൾ:

  • കൂടുതൽ സമയം ഇവയുമായി സമ്പർക്കം: മിക്ക വീട്ടമ്മമാരും ദിവസവും 8 മുതൽ 10 മണിക്കൂർ വരെ വൃത്തിയാക്കാനും പാചകം ചെയ്യാനും അലക്കാനുമായി ചെലവഴിക്കുന്നു. ഇത് രാസവസ്തുക്കളുമായുള്ള സമ്പർക്കം വർദ്ധിപ്പിക്കുന്നു.
  • വായു സഞ്ചാരത്തിൻ്റെ കുറവ്: ഇന്ത്യയിലെ പല  വീടുകളിലും ആവശ്യത്തിന് എയർ എക്സ്ഹോസ്റ്റ് ഫാനുകളോ, വായു സഞ്ചാരമുള്ള തുറന്ന അടുക്കളകളോ ഉണ്ടാകില്ല.
  • കൈയ്യുറകൾ ഇല്ലാതെയുള്ള ഉപയോഗം: ക്ലീനിംഗ് ലോഷനുകൾ പോലുള്ളവ നേരിട്ട് കൈകൊണ്ട് ഉപയോഗിക്കുന്നത്, അവ ചർമ്മത്തിലൂടെ ശരീരത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യാൻ കാരണമാകുന്നു.
  • കൃത്യമായ ലേബൽ ഇല്ലാത്ത ഉൽപ്പന്നങ്ങൾ: പ്രാദേശികമായി നിർമ്മിക്കുന്ന പല ക്ലീനറുകളും ലേബലുകളോ, അവയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ കൃത്യമായ വിവരങ്ങളോ ഇല്ലാതെയാണ് വിൽക്കുന്നത്.
  • ഒരേസമയം പലതരം രാസവസ്തുക്കൾ ഉപയോഗിക്കുന്നത്: നിലം തുടയ്ക്കാൻ ഫിനോൾ, ഡിറ്റർജൻ്റ്, കൊതുകിനുള്ള സ്പ്രേ, ചന്ദനത്തിരി എന്നിവ ഒരേസമയം ഉപയോഗിക്കുമ്പോൾ, ഈ രാസവസ്തുക്കൾ കൂടിച്ചേർന്ന് മറ്റൊരു രാസമിശ്രിതമായി മാറുന്നു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR, 2021) നടത്തിയ ഒരു പഠനമനുസരിച്ച്, നഗരങ്ങളിലെ ഫ്ലാറ്റുകളിൽ, പുറത്തുള്ളതിനേക്കാൾ ഉയർന്ന അളവിൽ വായു മലിനീകാരികൾ (PM₂.₅, VOCs, ഫോർമാൽഡിഹൈഡ്) ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ ജീവിക്കുന്ന വീട്ടമ്മമാർക്ക് അപകടസാദ്ധ്യത കൂടുതലാണ്.

ശാസ്ത്രം സ്ഥിരീകരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ

1.ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ:

ക്ലീനിംഗ് ലോഷനുകളുടെ നീരാവിയും ചന്ദനത്തിരിയുടെ പുകയും സ്ഥിരമായി ശ്വസിക്കുന്നത് വിട്ടുമാറാത്ത ചുമ, ആസ്ത്മ, ശ്വാസകോശത്തിന്റെ കാര്യക്ഷമത കുറയുക എന്നിവയ്ക്ക് കാരണമാകും.

‘ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത്’ (2018) റിപ്പോർട്ട് അനുസരിച്ച്, സ്ഥിരമായി വീട് വൃത്തിയാക്കുന്നത്, 10-20 വർഷം ദിവസവും ഒരു പായ്ക്കറ്റ് സിഗരറ്റ് വലിക്കുന്നതിന് തുല്യമായ രീതിയിൽ ശ്വാസകോശത്തിൻ്റെ പ്രവർത്തനം തകരാറിലാക്കും എന്നാണ്.

2.ചർമ്മ രോഗങ്ങൾ:

ഡിറ്റർജെൻ്റുകളുമായുള്ള നിരന്തര സമ്പർക്കം ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുന്നു. ഇത് എക്സിമ (കരപ്പൻ), കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് (ചർമ്മത്തിലെ അലർജി), ഫംഗസ് അണുബാധ എന്നിവയ്ക്ക് കാരണമാകുന്നു.

പല സ്ത്രീകളും സ്വയം ചികിത്സ ചെയ്യുന്നത് രോഗാവസ്ഥ കൂടുതൽ വഷളാക്കുന്നു.

3.ഹോർമോൺ തകരാറുകൾ:

താലേറ്റുകൾ, ബിപിഎ (BPA) തുടങ്ങിയ രാസവസ്തുക്കൾ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിനെപ്പോലെ പ്രവർത്തിക്കുകയും ഹോർമോൺ സന്തുലിതാവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.

ഇത് പിസിഒഎസ് (PCOS), തൈറോയ്ഡ് പ്രശ്നങ്ങൾ, പെൺകുട്ടികളിൽ നേരത്തെയുള്ള പ്രായപൂർത്തിയാകൽ, വന്ധ്യത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു.

4.നാഡീ സംബന്ധമായ പ്രശ്നങ്ങൾ:

ലോഷനുകളിലും സ്പ്രേകളിലും അടങ്ങിയ ചില രാസവസ്തുക്കൾ തലവേദന, തലകറക്കം, പെട്ടെന്നുള്ള ദേഷ്യം (mood swings), ഓർമ്മക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

5.അർബുദത്തിനുള്ള സാധ്യത:

ഫോർമാൽഡിഹൈഡ്, ബെൻസീൻ, പിപിഡി (PPD) (ഹെയർ ഡൈകളിലും അണുനാശിനികളിലും കാണപ്പെടുന്നു) എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ദീർഘകാല ഉപയോഗം സ്തനാർബുദം, അണ്ഡാശയ അർബുദം, രക്താർബുദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പാരിസ്ഥിതിക പ്രത്യാഘാതം: വീട്ടിൽ നിന്ന് ഭൂമിയിലേക്ക്, അവിടെ നിന്ന് തിരികെ നമ്മളിലേക്കും

നമ്മുടെ വീടുകളിൽ നിന്ന് അഴുക്കുചാലുകളിലൂടെ ഒഴുകിപ്പോകുന്ന ഡിറ്റർജന്റുകളും ഫിനോളുകളും പ്ലാസ്റ്റിക് അംശങ്ങളും നദികളിലും മണ്ണിലും കലരുന്നു.

അവിടെ നിന്ന് ഇവ നമ്മുടെ ഭക്ഷ്യ ശൃംഖലയിലേക്ക് എത്തുന്നു. പച്ചക്കറികളിലൂടെയും മത്സ്യങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയും ഇതേ വിഷവസ്തുക്കൾ നമ്മുടെ ശരീരത്തിൽ തന്നെ തിരികെയെത്തുന്നു.

അതുകൊണ്ട്, വീട്ടമ്മമാരുടെ ആരോഗ്യം സംരക്ഷിക്കുന്നത് അവരുടെ മാത്രം സുരക്ഷയുടെ പ്രശ്നമല്ല, മറിച്ച് അത് സമൂഹത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിൻ്റെയും പരിസ്ഥിതിയുടെയും കൂടി പ്രശ്നമാണ്.

സുരക്ഷിതമായ മാർഗ്ഗങ്ങളും പ്രായോഗികമായ മാറ്റങ്ങളും

മാറ്റങ്ങൾ ഒറ്റയടിക്ക് ഉണ്ടാകണം എന്നില്ല. ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ വലിയ മാറ്റമുണ്ടാക്കാൻ സാധിക്കും.

വീട് വൃത്തിയാക്കുമ്പോൾ

  • വീര്യം കൂടിയ ഫിനോളുകൾക്കും ആസിഡുകൾക്കും പകരം പ്രകൃതിദത്തമായ ക്ലീനറുകൾ ഉപയോഗിക്കുക. ഉദാഹരണത്തിന്: വിനാഗിരി, ബേക്കിംഗ് സോഡ (അപ്പക്കാരം), നാരങ്ങ, സോപ്പ് നട്ട് (സോപ്പു കായ) എന്നിവ.
  • മണ്ണിൽ അലിഞ്ഞുചേരുന്നതോ (biodegradable) അല്ലെങ്കിൽ “ഗ്രീൻ സർട്ടിഫൈഡ്” ആയതോ ആയ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. അവയിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കുക.
  • വീര്യം കൂടിയ ക്ലീനറുകൾ ഉപയോഗിക്കുമ്പോൾ നിർബന്ധമായും കയ്യുറകളും (ഗ്ലൗസ്) മാസ്കും ധരിക്കുക.

വായു സഞ്ചാരം ഉറപ്പാക്കാൻ

  • വൃത്തിയാക്കുന്ന സമയത്തും അതിനുശേഷവും ജനലുകൾ തുറന്നിടുക.
  • അടുക്കളയിലും കുളിമുറിയിലും എക്സ്ഹോസ്റ്റ് ഫാനുകൾ ഘടിപ്പിക്കുക.
  • ദിവസവും ചന്ദനത്തിരിയോ കർപ്പൂരമോ കത്തിക്കുന്നത് ഒഴിവാക്കുക; പകരം വല്ലപ്പോഴും മാത്രമായി ഉപയോഗം പരിമിതപ്പെടുത്തുക.

വ്യക്തിപരമായ പരിചരണത്തിന്

  • “പാരബെൻ ഫ്രീ”, “സൾഫേറ്റ് ഫ്രീ” എന്ന് രേഖപ്പെടുത്തിയ സൗന്ദര്യവർദ്ധക വസ്തുക്കൾ തിരഞ്ഞെടുക്കുക.
  • ഹെയർ ഡൈയുടെ ഉപയോഗം കുറയ്ക്കുക, അല്ലെങ്കിൽ ഹെർബൽ ഡൈകൾ തിരഞ്ഞെടുക്കുക.
  • ആഹാരം സൂക്ഷിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം ഗ്ലാസ് അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുക.

കൊതുക് / കീട നിയന്ത്രണത്തിന്

  • കെമിക്കൽ സ്പ്രേകൾക്കും കൊതുക് തിരികൾക്കും പകരം കൊതുകുവല ഉപയോഗിക്കുക. സിട്രോനെല്ല ഓയിൽ പോലുള്ള പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുക.

സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ

  • ലേബലുകൾ ശ്രദ്ധാപൂർവ്വം വായിക്കുക. അത്യാവശ്യമില്ലെങ്കിൽ “ഫ്രാഗ്രൻസ്” (കൃത്രിമ സുഗന്ധം), “ആൻ്റിബാക്ടീരിയൽ”, “ബ്രൈറ്റ്നർ” എന്നൊക്കെ എഴുതിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക.
  • രാസവസ്തുക്കളുടെ വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തുന്ന, വിശ്വാസ്യതയുള്ള ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വാങ്ങുക.

കുടുംബത്തിൻ്റെ ആരോഗ്യ സംരക്ഷകർക്ക് കരുത്തേകാം

ഇന്ത്യൻ കുടുംബ വ്യവസ്ഥയുടെ ഹൃദയമാണ് വീട്ടമ്മമാർ. അവർ മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നു, വീട് വൃത്തിയാക്കുന്നു, പരിപാലിക്കുന്നു, പരിചരിക്കുന്നു. എന്നാൽ സ്വന്തം ആരോഗ്യത്തിൻ്റെ കാര്യം പലപ്പോഴും അവർ അവസാനമായാണ് പരിഗണിക്കുന്നത്.

രാസവസ്തുക്കളുടെ ഉപയോഗത്തിലെ സുരക്ഷയെക്കുറിച്ച് അവരെ ബോധവൽക്കരിക്കുന്നത് ഒരു വ്യക്തിപരമായ കാര്യം മാത്രമല്ല, അത് അവരെ ശാക്തീകരിക്കുന്നതിന് തുല്യമാണ്.

കമ്മ്യൂണിറ്റി വർക്ക് ഷോപ്പുകൾ, കുടുംബശ്രീ പോലുള്ള സ്വയം സഹായ സംഘങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ വഴി താഴെ പറയുന്ന കാര്യങ്ങൾ പഠിപ്പിക്കാൻ സാധിക്കും:

  • സുരക്ഷിതമായി വീട് വൃത്തിയാക്കാനുള്ള മാർഗ്ഗങ്ങൾ.
  • വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന പരിസ്ഥിതി സൗഹൃദ ക്ലീനറുകൾ.
  • രാസവസ്തുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ നൽകേണ്ട പ്രഥമശുശ്രൂഷ.
  • ഉൽപ്പന്നങ്ങളിലെ ലേബലുകളെക്കുറിച്ചും ഒരു ഉപഭോക്താവിൻ്റെ അവകാശങ്ങളെക്കുറിച്ചുമുള്ള അറിവ്.

വീട്ടമ്മമാർക്ക് ഈ വിഷയങ്ങളിൽ അറിവ് ലഭിക്കുമ്പോൾ, അത് കുടുംബത്തിൻ്റെയാകെ സുരക്ഷ വർദ്ധിപ്പിക്കുന്നു.

മുന്നോട്ടുള്ള വഴി

സർക്കാരും നയപരമായ പിന്തുണയും

  • ക്ലീനിംഗ് ഏജൻ്റുകളിൽ അടങ്ങിയിരിക്കുന്ന എല്ലാ രാസവസ്തുക്കളുടെയും വിവരങ്ങൾ ലേബലിൽ നിർബന്ധമായും വെളിപ്പെടുത്തുന്ന നിയമങ്ങൾ ശക്തിപ്പെടുത്തുക.
  • വീട്ടുജോലി ചെയ്യുന്ന സ്ത്രീകൾക്ക് (ശമ്പളമില്ലാത്ത ഗാർഹിക തൊഴിലാളികൾക്ക് പോലും) വേണ്ടിയുള്ള തൊഴിൽ സുരക്ഷാ പരിപാടികൾ പ്രോത്സാഹിപ്പിക്കുക.
  • ആയുഷ്മാൻ ഭാരത്, സ്വച്ഛ് ഭാരത് മിഷൻ തുടങ്ങിയ ആരോഗ്യ പ്രചാരണ പരിപാടികളിൽ വീടിനുള്ളിലെ വായു മലിനീകരണത്തെക്കുറിച്ചും രാസവസ്തുക്കളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചുമുള്ള ബോധവൽക്കരണം ഉൾപ്പെടുത്തുക.

കമ്പനികളുടെ ഉത്തരവാദിത്തം

  • പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തതും (eco-certified), വിഷരഹിതവും, കൃത്രിമ സുഗന്ധങ്ങൾ ഇല്ലാത്തതുമായ വീട്ടുപകരണങ്ങൾ നിർമ്മിക്കാൻ FMCG കമ്പനികളെ പ്രോത്സാഹിപ്പിക്കുക.
  • റീഫിൽ ചെയ്യാവുന്നതും (refill) മാലിന്യം കുറയ്ക്കുന്നതുമായ പാക്കേജിംഗ് രീതികളെ പിന്തുണയ്ക്കുക.

ആരോഗ്യ സംവിധാനത്തിൻ്റെ പങ്ക്

  • വീട്ടമ്മമാരിൽ രാസവസ്തുക്കൾ മൂലമുണ്ടാകുന്ന അസുഖങ്ങൾ തിരിച്ചറിയാനും റിപ്പോർട്ട് ചെയ്യാനും പ്രാഥമിക ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുക.
  • രാസവസ്തുക്കളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന സ്ത്രീകളിൽ ശ്വാസകോശം, തൈറോയ്ഡ്, ചർമ്മം എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങൾ നേരത്തെ കണ്ടെത്താനുള്ള പരിശോധനകൾ (periodic screening) പ്രോത്സാഹിപ്പിക്കുക.

nellikka.life ൻ്റെ കാഴ്ച്ചപ്പാട്

ഓരോ വീടും പരോക്ഷമായ വിഷബാധയുടെ ഉറവിടമാകരുത്, മറിച്ച് അത് ആരോഗ്യത്തിൻ്റെയും ക്ഷേമത്തിൻ്റെയും നൈർമ്മല്യം കാത്തുസൂക്ഷിക്കുന്ന പവിത്രമായ ഇടമായിരിക്കണം എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഇന്ത്യയിലെ വീട്ടമ്മമാർക്കിടയിൽ രാസവസ്തുക്കളുടെ സുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നത്, ആരോഗ്യത്തെക്കുറിച്ച് അറിവുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൻ്റെ ഭാഗമാണ്. അവിടെ, അടുക്കളയിൽ നിന്നുതന്നെയാണ് പ്രതിരോധം ആരംഭിക്കുന്നത്.

ഒരു വീടിൻ്റെ ആരോഗ്യം ആരംഭിക്കുന്നത് ആ വീടിനെ സജീവമായി നിലനിർത്തുന്ന വ്യക്തിയെ സംരക്ഷിക്കുന്നതിലൂടെയാണ്.

References

  1. Indian Council of Medical Research (ICMR). Indoor Air Quality and Chemical Exposure in Urban Indian Homes, 2021.
  2. The Lancet Planetary Health (2018). Cleaning and Lung Function Decline in Women.
  3. Environmental Health Perspectives (2019). Phthalates and Endocrine Disruption in Indian Women.
  4. WHO. Household Air Pollution and Health, 2022.
  5. Centre for Science and Environment (CSE). Toxins in Everyday Products: India Report, 2020.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe