ടോക്സിക് ദാമ്പത്യം വരുത്തുന്ന പ്രശ്നങ്ങൾ: ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

സ്വയം നഷ്ടപ്പെടാതെ നേരിടാം
മനുഷ്യ ജീവിതത്തിലെ ഏറ്റവും ആഴമേറിയ ബന്ധങ്ങളിലൊന്നാണ് വിവാഹം. ബാല്യവും കൗമാരവും പിന്നിട്ട് നിറമുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെയായി ജീവിതം പൂത്തുലയുമ്പോൾ, പ്രണയിക്കാനും സുഖദുഃഖങ്ങളിലും ഉറക്കത്തിലും ഉണർവ്വിലുമെല്ലാം ചേർന്നുനിൽക്കുന്നൊരാളെയാണ് വിവാഹത്തിലൂടെ കൂടെക്കൂട്ടാനാവുക. സമാനചിന്താഗതിയായാലും അഭിപ്രായങ്ങൾ വ്യത്യസ്തമായാലും ഇരുവരെയും ഇഴപിരിയാതെ ചേർത്തുനിർത്തുന്നത് പരസ്പര സ്നേഹവും ബഹുമാനവുമായിരിക്കും. നല്ലതാണെങ്കിൽ ലോകത്തേക്കും വെച്ചേറ്റവും നല്ലതും സ്നേഹവും വിശ്വാസവും നഷ്ടപ്പെട്ട് വലിയ വിള്ളലുകൾ വീണാൽ ലോകത്തെ തന്നെ ഏറ്റവും മോശവുമായേക്കാവുന്ന ബന്ധമാണത്. കരുത്തായി കൂടെ നിൽക്കുന്നതിനുപകരം, അത് വരിഞ്ഞുമുറുക്കുകയോ ശ്വാസം മുട്ടിക്കുകയോ ചെയ്യുമ്പോൾ, വല്ലാത്തൊരു ഏകാന്തതയിലേക്ക് നമ്മൾ വീണുപോകാം.
അവിടെയാണ് ആ ബന്ധം ടോക്സിക് അഥവാ വിഷലിപ്തമാകുന്നത്. ഉപരിപ്ളവമായ ചില സാമ്യങ്ങൾക്കപ്പുറം, വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്ന്, വ്യത്യസ്താനുഭവങ്ങളിൽ നിന്ന്, വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള രണ്ടുപേർ വിവാഹത്തിനുശേഷം എല്ലാക്കാര്യങ്ങളിലും ഒരേമനസ്സോടെ ഇടപഴകുമ്പോൾ, കൂടെ ജീവിക്കുന്ന വ്യക്തിയുടെ സ്വഭാവത്തിൻ്റെ വ്യത്യസ്തതകളും ക്രമേണ തിരിച്ചറിയാൻ തുടങ്ങുന്നു. മനസ്സിലുണ്ടായിരുന്ന ഇമേജിൽ നിന്ന് ഒരുപാടകലെയാണ് ആ വ്യക്തിത്വമെന്ന് പതിയെ മനസ്സിലാകാൻ തുടങ്ങുന്നു.
ഈ വിഷമഘട്ടങ്ങളിലൂടെ കടന്നുപോയ ഒട്ടേറെപ്പേരുടെ അനുഭവങ്ങളിൽ നിന്നുള്ള ചില തിരിച്ചറിവുകൾ സമാനാനുഭവങ്ങളിൽപ്പെട്ട് ജീവിക്കുന്നവർക്ക് സഹായകമാകും. ചില ലക്ഷണങ്ങളെ മനസ്സിലാക്കാനും പ്രതിസന്ധികളിൽ സ്വയം നഷ്ടപ്പെട്ടു പോകാതെ ജീവിക്കാനും സഹായിക്കും. തളർന്നുപോയ മനസ്സിനെ വീണ്ടെടുക്കാനും നഷ്ടപ്പെട്ട സന്തോഷം തിരികെപ്പിടിക്കാനും ഊർജം പകരുന്ന ചില മാർഗ്ഗങ്ങൾ.
ദാമ്പത്യത്തിലെ അസ്വസ്ഥതകൾ പെട്ടെന്നൊരു ദിവസം പൊട്ടിപ്പുറപ്പെടുന്നതായിരിക്കില്ല. കൺമുന്നിലെ കാഴ്ച്ചകളെ പതിയെപ്പതിയെ മങ്ങലേൽപ്പിച്ച് അദൃശ്യമാക്കുന്ന മഞ്ഞുപോലെ, സാവധാനം അത് വ്യാപിക്കുന്നു.
ഒരർത്ഥത്തിൽപ്പറഞ്ഞാൽ, വീടുപോലെയാണ് വിവാഹബന്ധം. അതിന്റെ അടിത്തറ പരസ്പര ബഹുമാനമാണ്. കരുതൽ, അതിന്റെ തൂണുകൾ. വീട്ടിലേക്ക് വെളിച്ചം എത്തിക്കുന്ന ജനലുകളാണ് സന്തോഷം.
എന്നാൽ ബന്ധം മോശമാകുമ്പോൾ വീടിന്റെ ഘടന തന്നെ മാറുന്നു. ഭിത്തികളിൽ അവിശ്വാസത്തിൻ്റെ വിള്ളലുകൾ വീഴുന്നു, അകൽച്ചയുടെ ഇരുട്ട് ജനലുകളിലൂടെ ഉള്ളിലേക്ക് കയറുന്നു. ഒടുവിൽ, ഒരിക്കൽ ഏറെ പ്രിയപ്പെട്ടതായിരുന്ന ആ ഇടം തീർത്തും അപരിചിതമായി മാറുന്നു.
ഞാണിൻമേൽക്കളിയായി മാറുന്ന ജീവിതം
മുൻപ് മനസ്സിൽ വരുന്ന വാക്കുകൾ ഒരു തയ്യാറെടുപ്പുമില്ലാതെ പങ്കുവെച്ചിരുന്നുവെങ്കിൽ, ഇന്നത് പറയുംമുമ്പ് പലവുരു ചിന്തിക്കേണ്ടി വരുന്നു.
രാവിലെ എഴുന്നേറ്റ് കാപ്പി തിളപ്പിക്കുമ്പോൾ പോലും നിങ്ങളുടെ മനസ്സ് ആ ദിവസത്തെ സംഭാഷണങ്ങളിൽ വരാനിടയുള്ള അപകടങ്ങളെ ഒഴിവാക്കാൻ വഴി തിരയുകയാവും. “ഞാൻ ഈ ആഴ്ചയിലെ പ്ലാനുകളെക്കുറിച്ച് പറഞ്ഞാൽ അത് വഴക്കിന് കാരണമാകുമോ? എന്റെ സന്തോഷം പങ്കുവെച്ചാൽ അതിനോട് പുച്ഛമായിരിക്കുമോ പ്രതികരണം?”ഇങ്ങനെയുള്ള ചിന്തകൾ മനസ്സിനെ മഥിക്കാൻ തുടങ്ങുന്നത്, ജാഗ്രത പാലിക്കുന്നതിൻ്റെ ഭാഗമായല്ല, മറിച്ച് പലതവണ ഏറ്റുവാങ്ങിയ മാനസിക മുറിവുകളിൽ നിന്ന് സ്വയം രക്ഷപ്പെടാൻ നിങ്ങൾ പഠിച്ചെടുത്ത ഒരു രീതിയാണ്.
മാനസികാവസ്ഥയെ അടിസ്ഥാനമാക്കിപ്പറഞ്ഞാൽ, ഇതൊരു വലിയ ആഘാതത്തിന്റെ (Trauma) ലക്ഷണമാണ്. നിങ്ങളുടെ നാഡീവ്യൂഹം എപ്പോഴും ജാഗ്രതയിലായിരിക്കും, അതായത്, ‘അലർട്ട്’ മോഡിലായിരിക്കും. പുതിയ സ്വപ്നങ്ങൾ കാണാൻ ഉപയോഗിക്കേണ്ട ഊർജ്ജം, വെറുതെ പിടിച്ചുനിൽക്കാൻ വേണ്ടി മാത്രം നിങ്ങൾക്ക് ചെലവാക്കേണ്ടി വരുന്നു. ജോലിയെയും സൗഹൃദങ്ങളേയും ഉറക്കത്തെത്തന്നെയും ബാധിക്കുന്ന അവസ്ഥയിലേക്ക് പതിയെപ്പതിയെ എത്തിച്ചേരുന്നു. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ ഉള്ളിലെ സ്വാഭാവികമായ സന്തോഷം മാഞ്ഞുപോകുന്നു.
ഒടുവിൽ, നിങ്ങളുടെ യഥാർത്ഥ രൂപത്തിന്റെ നിഴലിലേക്ക് നിങ്ങൾ ചുരുങ്ങിപ്പോകുന്നു.
കുറ്റപ്പെടുത്തലുകളുടെ ലോകം: നിഴൽ പോലെ പിന്തുടരുന്ന കുറ്റബോധം
കുറ്റപ്പെടുത്തലുകൾ, ഇടയ്ക്കിടെയുണ്ടാകുന്ന ദേഷ്യം കൊണ്ടല്ല, അതൊരു സ്ഥിരം ശൈലിയായി മാറുന്നത്, അൽപ്പം ശ്രദ്ധിച്ചാൽ തിരിച്ചറിയാനാകും. “നിനക്ക് ഒന്ന് ശ്രദ്ധിക്കാമായിരുന്നില്ലേ?”, “എല്ലാം നിന്റെ കുഴപ്പമാണ്” തുടങ്ങിയ വാക്കുകൾ കേട്ട് കേട്ട്, ഒടുവിൽ നിങ്ങൾ എത്ര നന്നായി ശ്രമിച്ചാലും അതൊന്നും പോരാ എന്ന തോന്നൽ നിങ്ങളിൽ സ്വയം രൂപപ്പെടുന്നു.
പങ്കാളി സ്വമേധയാ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളും തെറ്റുകളും നിങ്ങളുടെ തലയിൽ കെട്ടിവെയ്ക്കുന്ന അവസ്ഥയുണ്ടാകും. മാസങ്ങളോളം ഈ പെരുമാറ്റം തുടരുമ്പോൾ, അത് നിങ്ങളെ ‘നിസ്സഹായത’ (Learned Helplessness) എന്ന അവസ്ഥയിലെത്തിക്കും—അതായത്, സ്വന്തം ഭാഗം ന്യായീകരിക്കുന്നതോ സത്യം പറയുന്നതോ പോലും വെറുതെയാണെന്ന് തോന്നി നിശബ്ദമായി എല്ലാം സഹിക്കാൻ തുടങ്ങുന്നു.
മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ സ്വയം വിശ്വസിച്ചു തുടങ്ങുന്നു എന്നതാണ് ദൗർഭാഗ്യകരമായ കാര്യം. സമ്മർദ്ദമേറുമ്പോൾ ചില്ലുടയും പോലെ നിങ്ങളുടെ ആത്മവിശ്വാസം തകർന്നുപോകുന്നു.
“ആ തെറ്റുകൾ എന്റെ പ്രശ്നം മൂലമായിരുന്നില്ല, അത് അവരുടെ സ്വഭാവമായിരുന്നു” എന്ന് തിരിച്ചറിയുന്ന നിമിഷമാണ് യഥാർത്ഥ മോചനം ലഭിക്കുന്നത്.
ഗ്യാസ്‌ലൈറ്റിംഗ് എന്ന കൊല്ലാക്കൊല
“നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടുകയാണ്” അല്ലെങ്കിൽ “നീ അമിതമായി പ്രതികരിക്കുകയാണ്”—ഈ വാക്കുകൾ കേൾക്കുമ്പോൾ പുറമേക്ക് സാന്ത്വനം പോലെ തോന്നുമെങ്കിലും, യഥാർത്ഥത്തിൽ അവ നിങ്ങളുടെ ചിന്തകളെയും വിശ്വാസങ്ങളെയും ശ്വാസംമുട്ടിക്കുകയാണു ചെയ്യുന്നത്. നിങ്ങളുടെ സങ്കടങ്ങൾ പങ്കുവെയ്ക്കുമ്പോൾ അത് വെറും തോന്നലാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നത് സഥിരം പരിപാടിയാകുമ്പോൾ,അത് നിങ്ങളിൽ സ്വയം സംശയം ജനിപ്പിക്കും. “എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ? ഇതെല്ലാം എന്റെ വെറും തോന്നലാണോ?” എന്ന് നിങ്ങൾ ചിന്തിക്കാൻ തുടങ്ങുന്നു.
വാസ്തവത്തിൽ ഇതൊരുതരം വഞ്ചനയാണ്. കൂടെ ജീവിക്കുന്നയാളുടെ വ്യക്തിത്വം അംഗീകരിക്കുന്നതിന് പകരം, പങ്കാളി അവരുടെ ഇഷ്ടത്തിനനുസരിച്ച് നിങ്ങളുടെ ചിന്തകളെ മാറ്റിമറിക്കാൻ ശ്രമിക്കുകയാണ്. ഇത് വല്ലാത്ത മാനസിക സമ്മർദ്ദത്തിലേക്കും വിഷാദത്തിലേക്കും നയിച്ചേക്കാം. പരസ്പര വിശ്വാസത്തിൻമേലുള്ള വലിയ കടന്നുകയറ്റമാണത്.
ഇത്തരം സംഭവങ്ങൾ, ഒരു സുഹൃത്തിനോടോ അല്ലെങ്കിൽ കൗൺസിലറോടോ മനസ്സുതുറന്നു പറയുകയാണെന്നിരിക്കട്ടെ, ഒട്ടും പക്ഷം പിടിക്കാതെ, “നിങ്ങൾ പറയുന്നത് ശരിയാണ്, ഈ വിഷമം വെറും തോന്നലല്ല” എന്നവർ പറയുന്നത് കേൾക്കുമ്പോൾ ലഭിക്കുന്ന ആശ്വാസം വളരെ വലുതാണ്. നിങ്ങളുടെ അനുഭവങ്ങളും യാഥാർത്ഥ്യങ്ങളും വിലപ്പെട്ടതാണ്, അതു വെട്ടിത്തിരുത്താൻ ആർക്കും അവകാശമില്ല.
കരുതൽ എന്ന ചതിക്കുഴി: സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ നിയന്ത്രണങ്ങൾ
“എനിക്ക് നിന്നെക്കുറിച്ച് ഉത്കണ്ഠയുള്ളതുകൊണ്ടാണ്” എന്ന് തുടങ്ങുന്ന വാക്കുകൾ പലപ്പോഴും നിങ്ങളെ നിരീക്ഷിക്കാനുള്ള (Surveillance) തന്ത്രമായി മാറാറുണ്ട്. നിങ്ങൾ എവിടെ പോകുന്നു എന്ന് ട്രാക്ക് ചെയ്യുന്നതും കുറച്ചുനേരം ഒറ്റയ്ക്കിരിക്കാൻ ആഗ്രഹിക്കുന്നത് സ്നേഹമില്ലായ്മയായി ചിത്രീകരിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. പങ്കാളിയുടെ അരക്ഷിതാവസ്ഥയിൽ (Insecurity) നിന്നാണ് ഇത്തരം സ്വഭാവങ്ങൾ ഉണ്ടാകുന്നത്. ഇത് പങ്കാളിത്തത്തെ ഉടമസ്ഥാവകാശമായി മാറ്റി നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ചങ്ങലയ്ക്കിടുന്നു.
ഈയവസ്ഥയിൽ, ഉള്ളിൽ ദേഷ്യമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ കഴിയാതെ നിങ്ങൾ കുറ്റബോധം അനുഭവിക്കുന്നു. സ്നേഹവും നിയന്ത്രണവും ഒന്നാണെന്ന് തെറ്റിദ്ധരിച്ചവർക്ക് ഇത് തിരിച്ചറിയാൻ പ്രയാസമായിരിക്കും. സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം തിരിച്ചുപിടിക്കുമ്പോഴാണ് യഥാർത്ഥ സന്തോഷം ലഭിക്കുന്നത്.
നിങ്ങൾ ഒറ്റയ്ക്ക് ചെലവഴിക്കുന്ന സമയം ബന്ധത്തിന് ഭീഷണിയേ ആകുന്നില്ല, വാസ്തവത്തിൽ, നിങ്ങളുടെ മനസ്സിന് ഊർജ്ജം പകരാനുള്ള വിലപ്പെട്ട നിമിഷങ്ങളാണ്. അത് തിരിച്ചറിയുന്നിടത്താണ് മാറ്റം തുടങ്ങുന്നത്.
കൂടെയുണ്ടെങ്കിലും ഒറ്റയ്ക്കുതന്നെ:ഏകാന്തത സൃഷ്ടിക്കുന്ന മുറിവുകൾ
ഒന്നിച്ചായിരിക്കുമ്പോഴും അനുഭവപ്പെടുന്ന ഏകാന്തതയാണ്
ദാമ്പത്യത്തിലെ ഏറ്റവും വലിയ വേദന. അരികിൽ ഒരാളുണ്ടെങ്കിലും മനസ്സ് കൊണ്ട് ഏറെ അകലെയാണെന്ന തോന്നൽ. പരസ്പരം മിണ്ടാതിരിക്കുന്നത് വലിയ വിടവായി മാറുന്നു. നിങ്ങൾ നൽകുന്ന സ്നേഹത്തിന് ഒരു പ്രതികരണവും ലഭിക്കാത്ത അവസ്ഥ.
മനഃശാസ്ത്രപരമായി, വൈകാരിക പട്ടിണി (Emotional Starvation) എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. നമ്മുടെ തലച്ചോറിന് സ്നേഹവും അടുപ്പവും ആവശ്യമാണ്, അത് ലഭിക്കാതെ വരുമ്പോൾ നമുക്ക് വലിയൊരു നഷ്ടബോധം അനുഭവപ്പെടുന്നു. ഡൈനിംഗ് ടേബിളിലിരിക്കുമ്പോൾ അനുഭവപ്പെടുന്ന ശൂന്യതയും രാത്രിയിൽ തലയിണയിൽ മുഖമമർത്തി കരയേണ്ടി വരുന്നതുമെല്ലാം ഈ ഏകാന്തതയുടെ ലക്ഷണങ്ങളാണ്.
ഇവിടെ പ്രത്യേകം തിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്: ഇത് നിങ്ങളുടെ വ്യക്തിപരമായ പരാജയമല്ല. പലപ്പോഴും രണ്ട് വ്യക്തികൾ തമ്മിലുള്ള പൊരുത്തക്കേടുകൾ മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് തുറന്നു സമ്മതിക്കുന്നിടത്താണ് ആശ്വാസത്തിലേക്കും പരസ്പരം മനസ്സിലാക്കലിലേക്കുമുള്ള ആദ്യ ചുവടുവെയ്പ്പ് തുടങ്ങുന്നത്.
മങ്ങിപ്പോകുന്ന ലോകം: സ്വത്വം നഷ്ടമാകുന്ന അവസ്ഥ
ഈ പറഞ്ഞ പ്രശ്നങ്ങളെല്ലാം ഒന്നിച്ചു ചേരുമ്പോൾ, അത് നിങ്ങളെ എന്നെന്നേക്കുമായി നിശബ്ദമാക്കുന്നു. നിങ്ങളുടെ ഇഷ്ടങ്ങൾ മാറ്റിവെയ്ക്കപ്പെടുന്നു, സ്വന്തം അഭിപ്രായങ്ങൾ പറയാൻ ഭയക്കുന്ന അവസ്ഥയുണ്ടാകുന്നു, ചീട്ടുകൊട്ടാരം പോലെ നിങ്ങളുടെ ആത്മവിശ്വാസം ചിതറിവീഴുന്നു. ബന്ധത്തിൽ നിന്ന് ലഭിക്കുന്ന സന്തോഷത്തേക്കാൾ, അതിനായി നിങ്ങൾ എല്ലായ്പ്പോഴും ഏകപക്ഷീയമായി വലിയ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുമ്പോഴാണ് ഇത്തരമൊരു മാറ്റം സംഭവിക്കുന്നത്.
സ്വത്വം നഷ്ടമാകുന്ന അവസ്ഥയാണിത്. ഒരുതരം ശൂന്യത, മടുപ്പ്. ഒരിക്കൽ നിങ്ങളിൽ ഉണ്ടായിരുന്ന പ്രസരിപ്പും കഴിവുകളും നഷ്ടപ്പെടുന്നതോർത്ത് മനസ്സ് വിങ്ങുന്ന അവസ്ഥ.
ഇതിനൊരു മറുവശമുണ്ട്. എല്ലാം അവസാനിച്ചു എന്നു കരുതുന്നിടത്തുനിന്ന് തിരിച്ചുവരുമ്പോഴുള്ള കരുത്ത്. പങ്കാളിയുടെ സന്തോഷത്തിനായി മാത്രം, വഴക്കുകൾ ഒഴിവാക്കാനായി മാത്രം,നിങ്ങൾ മാറ്റിവെച്ച കാര്യങ്ങൾ വീണ്ടും തുടങ്ങുമ്പോഴും ഉറച്ച ശബ്ദത്തിൽ നോ പറയുമ്പോഴും പിഞ്ഞിപ്പോയ ആ പഴയ ചിത്രത്തെ നിങ്ങൾ വീണ്ടും തുന്നിച്ചേർക്കുകയാണ്. തകർച്ചകളിൽ നിന്ന് വീണ്ടും പടുത്തുയർത്തുന്ന ആ ജീവിതത്തിന് പഴയതിനേക്കാൾ തിളക്കമുണ്ടാകും.
വിഷലിപ്തമായ ദാമ്പത്യം: ലക്ഷണങ്ങളും അവയെ നേരിടാനുള്ള ചിന്തകളും
| ലക്ഷണങ്ങൾ | മനസ്സിനെ ബാധിക്കുന്ന രീതി | മനസ്സിൽ ഉറപ്പിക്കേണ്ട മാറ്റങ്ങൾ |
| മുൾമുനയിൽ ജീവിക്കുന്ന അവസ്ഥ | സദാസമയവും ഉത്കണ്ഠ, ഭയം, ജാഗ്രത | “എന്റെ സമാധാനമാണ് എനിക്ക് വലുത്; എനിക്ക് സത്യങ്ങൾ തുറന്നു പറയാം.” |
| എപ്പോഴും കുറ്റപ്പെടുത്തുക | ആത്മവിശ്വാസം തകരുകയും വല്ലാത്ത തളർച്ച അനുഭവപ്പെടുകയും ചെയ്യുക | “ഞാൻ ചെയ്യുന്ന കാര്യങ്ങൾ വിലപ്പെട്ടതാണ്; അത് മറ്റൊരാൾ അംഗീകരിച്ചില്ലെങ്കിലും” |
| വികാരങ്ങളെ പുച്ഛിച്ചു തള്ളുക,ഓവർ റിയാക്ടിംഗ് എന്ന് വിശേഷിപ്പിക്കുക | സ്വയം സംശയവും വികാരങ്ങൾക്ക് വിലയില്ലെന്ന തോന്നലും | “എന്റെ സങ്കടങ്ങൾ സത്യമാണ്; ആർക്കുമത് തള്ളിക്കളയാനാകില്ല” |
| സ്നേഹത്തിന്റെ പേരുള്ള നിയന്ത്രണങ്ങൾ | ശ്വാസം മുട്ടിക്കുന്ന അവസ്ഥ, സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടുക | “സ്നേഹം എന്നത് വിശ്വാസമാണ്; എന്റെ പാത എനിക്ക് തെരഞ്ഞെടുക്കാം” |
| എപ്പോഴും അനുഭവപ്പെടുന്ന ഏകാന്തത | ഭയങ്കരമായ ഒറ്റപ്പെടലും സങ്കടവും | “സ്നേഹം ഉള്ളിൽ നിന്നാണ് തുടങ്ങേണ്ടത്; എന്നെ മനസ്സിലാക്കുന്നവരെ ഞാൻ കണ്ടെത്തും” |
| സ്വത്വം നഷ്ടപ്പെടുക | സന്തോഷം ഇല്ലാതാകുക, താൻ ആരാണെന്ന് പോലും മറന്നുപോവുക | “ഞാൻ ഒരു പൂർണ്ണ വ്യക്തിയാണ്; എന്നെ വീണ്ടെടുക്കേണ്ടത് തികച്ചും നീതിയുക്തമായ ആവശ്യമാണ്.” |
തിരിച്ചുവരവ് എന്നത് പെട്ടെന്നൊരു ദിവസം സംഭവിക്കുന്ന ഒന്നല്ല; അത് പരാജയങ്ങളും വിജയങ്ങളും നിറഞ്ഞ ഒരു നീണ്ട യാത്രയാണ്. നിങ്ങളുടെ മനസ്സിനെ വീണ്ടെടുക്കാനുള്ള ചില മാർഗ്ഗങ്ങൾ ഇനിപ്പറയുന്നു.
അതിർവരമ്പുകൾ വയ്ക്കാം : നിങ്ങളെ വേദനിപ്പിക്കുന്ന കാര്യങ്ങൾ തുറന്നു പറയുക. മറ്റുള്ളവർക്ക് നിങ്ങളുടെ മനസ്സിനുമേൽ എത്രമാത്രം അധികാരം ഉണ്ടെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക.
സഹായം തേടുക: എല്ലാം ഒറ്റയ്ക്ക് സഹിച്ച് സമ്മർദ്ദത്തിൽപ്പെടരുത്. ഒരു കൗൺസിലറോടോ വിശ്വസ്തരായ സുഹൃത്തുക്കളോടോ സംസാരിക്കുന്നത് നിങ്ങൾക്ക് പുതിയൊരു കാഴ്ചപ്പാട് നൽകും.
ചെറിയ ചുവടുവെയ്പ്പുകൾ: ഒരേസമയം എല്ലാം ശരിയാക്കാൻ മെനക്കെടേണ്ട. നിങ്ങളുടെ പഴയൊരിഷ്ടം പൊടിതട്ടിയെടുക്കുകയോ അല്ലെങ്കിൽ ഒരു ദിവസം തനിച്ച് ഇരിക്കുകയോ ചെയ്യുന്ന ചെറിയ കാര്യങ്ങളിൽ നിന്ന് തുടങ്ങാം. ഈ ഓരോ ചുവടും നിങ്ങളെ നിങ്ങളിലേക്ക് തന്നെ തിരിച്ചെത്തിക്കാനുള്ളവയാണ്. നമ്മുടെ ഉള്ളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഇതിന്റെ തുടക്കം. ചായ കുടിച്ചിരിക്കുമ്പോഴോ അല്ലെങ്കിൽ ശാന്തമായ ഒരു നേരത്തോ നിങ്ങളോട് തന്നെ ഈ ചോദ്യങ്ങൾ ചോദിക്കുക: “എന്നെ തളർത്തുന്നത് എന്താണ്? എനിക്ക് സന്തോഷം നൽകുന്നത് എന്താണ്?”
കഷ്ടപ്പാടുകൾ സഹിക്കുന്നത് നിങ്ങളുടെ കടമയാണെന്ന തെറ്റിദ്ധാരണ മാറ്റിവെയ്ക്കുക. ദാമ്പത്യത്തിൽ നിങ്ങൾക്ക് സന്തോഷം ലഭിക്കുന്നില്ല എന്നത് നിങ്ങളുടെ കുറവല്ല, മറിച്ച് മാറ്റങ്ങൾ വരുത്താനുള്ള ഓർമ്മപ്പെടുത്തലാണത്. സ്വന്തം മനസ്സിനെ ഇത്തരത്തിൽ ഒന്ന് പരിശോധിക്കുന്നത് ചിലപ്പോൾ വേദനയുള്ള കാര്യമായിരിക്കാം. പക്ഷേ, ഇത് നിങ്ങളെ കൂടുതൽ കരുത്തരാക്കും. “ഞാൻ എന്നെത്തന്നെ സ്നേഹിക്കുന്നു” എന്ന് ഉറക്കെ പറയാൻ ഇത് നിങ്ങളെ പ്രാപ്തരാക്കും.
ദേഷ്യപ്പെടാതെ തന്നെ അതിരുകൾ നിശ്ചയിക്കാം. ഉദാഹരണത്തിന്, തർക്കം വല്ലാതെ മുറുകുമ്പോൾ ശാന്തമായി അവിടെനിന്ന് മാറിനിൽക്കുക. കാലക്രമേണ, ഇത് നിങ്ങളുടെ ബന്ധത്തിലെ രീതികളെ മാറ്റുകയോ അല്ലെങ്കിൽ പരിഹരിക്കാൻ കഴിയാത്ത വിടവുകൾ എവിടെയാണെന്ന് കാണിച്ചുതരികയോ ചെയ്യും. നിങ്ങൾ നിങ്ങളെത്തന്നെ തിരിച്ചുപിടിക്കുന്നു എന്ന ആത്മവിശ്വാസം ഇതിലൂടെ നേടാനാകും.
അതിർവരമ്പുകൾ നിശ്ചയിക്കുമ്പോൾ ശ്രദ്ധ വേണം:
വ്യക്തതയുണ്ടാവുക: നിങ്ങൾക്ക് എപ്പോഴാണ് വിഷമം തോന്നുന്നതെന്ന് കൃത്യമായി പറയുക.
ശാന്തത പാലിക്കുക: ദേഷ്യപ്പെട്ടുകൊണ്ടല്ല, മറിച്ച് ഉറച്ച ശബ്ദത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുക.
സ്വയം ബഹുമാനിക്കുക:
മറ്റൊരാൾ നിങ്ങളെ ബഹുമാനിക്കണമെങ്കിൽ ആദ്യം നിങ്ങൾ നിങ്ങളെത്തന്നെ ബഹുമാനിക്കേണ്ടതുണ്ട്.
നിങ്ങളുടെ പങ്കാളിയുമായി മനസ്സുതുറന്ന് സംസാരിക്കാൻ സാധിക്കുന്ന ഒരു സാഹചര്യമാണെങ്കിൽ, നിങ്ങളുടെ വിഷമങ്ങൾ സമാധാനപരമായി പങ്കുവെയ്ക്കാൻ ശ്രമിക്കാവുന്നതാണ്. “ഈയിടെയായി നമ്മൾ തമ്മിൽ വലിയൊരു അകലം അനുഭവപ്പെടുന്നു, ഇത് എന്നെ സങ്കടപ്പെടുത്തുന്നുണ്ട്. നമുക്ക് എങ്ങനെ ഒന്നിച്ചുനിന്ന് ഇത് പരിഹരിക്കാം?” എന്ന് ചോദിച്ചുനോക്കൂ.
ഒരാളെയും കുറ്റപ്പെടുത്താതെയുള്ള ഇത്തരം സംഭാഷണങ്ങൾ പലപ്പോഴും വലിയ മാറ്റങ്ങൾ ഉണ്ടാക്കും. പക്ഷേ, സംസാരിക്കുന്തോറും കാര്യങ്ങൾ വഷളാവുകയാണെങ്കിൽ ശാന്തമായി അവിടെനിന്ന് മാറുന്നതാണ് നല്ലത്. വൈകാരികമായ അടുപ്പം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ‘EFT (Emotionally Focused Therapy)’ പോലുള്ള ചികിത്സാരീതികൾ ഇത്തരം തടസ്സങ്ങൾ നീക്കി ദമ്പതികൾക്കിടയിൽ മികച്ച ആശയവിനിമയം ഉറപ്പാക്കാൻ സഹായിക്കും.
ഹൃദയപൂർവ്വം സംസാരിക്കാം: ചില വഴികൾ
കുറ്റപ്പെടുത്തലുകൾ ഒഴിവാക്കാം: “നീ എപ്പോഴും ഇങ്ങനെയാണ്” എന്ന് പറയുന്നതിന് പകരം “എനിക്ക് ഇങ്ങനെയൊക്കെയാണ് തോന്നുന്നത്” എന്ന് പറയാൻ ശീലിക്കുക.
കേൾക്കാൻ തയ്യാറാവുക: പങ്കാളി പറയുന്നത് ഇടയ്ക്ക് തടസ്സപ്പെടുത്താതെ പൂർണ്ണമായും കേൾക്കുക.
ഒരുമിച്ച് തീരുമാനമെടുക്കാം: പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ടുപേരും ചേർന്ന് പ്ലാനുകൾ തയ്യാറാക്കുക.
ഒറ്റപ്പെടൽ വേദന വർദ്ധിപ്പിക്കുന്നു; എന്നാൽ മറ്റുള്ളവരുമായുള്ള നല്ല ബന്ധങ്ങൾ ആ വേദനയുടെ ആഴം കുറയ്ക്കുന്നു. നിങ്ങളെ ഒരു നിബന്ധനയുമില്ലാതെ കേൾക്കാൻ തയ്യാറുള്ള ഒരാളോടോ, അല്ലെങ്കിൽ നിങ്ങളുടെ പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി കാണാൻ കഴിയുന്ന ഒരു പ്രൊഫഷണൽ കൗൺസിലറോടോ സംസാരിക്കുക. സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരുടെ ഓൺലൈൻ കൂട്ടായ്മകൾ (Relational Recovery Forums) നിങ്ങൾക്ക് വലിയൊരാശ്വാസമാകും—” ലോകത്ത് എനിക്ക് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്” എന്ന ചിന്തയിൽ നിന്ന് ഇത് നിങ്ങളെ മോചിപ്പിക്കും.
മാനസികമായി ഇത് വലിയ മാറ്റമുണ്ടാക്കും. തമാശകൾ പങ്കുവെയ്ക്കുന്നതിലൂടെ, നിങ്ങളുടെ സങ്കടങ്ങൾ മറ്റൊരാൾ ശരിവെക്കുന്നതിലൂടെ, മുറിവുകൾ പതിയെ ഉണങ്ങാൻ തുടങ്ങും.
നമ്മുടെ ഉള്ളിലെ മടുപ്പു മാറ്റാൻ ബോധപൂർവ്വമുള്ള സന്തോഷങ്ങൾ കണ്ടെത്തേണ്ടതുണ്ട്. തളർച്ച മാറ്റാൻ അൽപ്പസമയം പ്രകൃതിയിലേക്ക് നടക്കാം. ശാന്തത നൽകുന്ന ഇടങ്ങളിൽ അല്പം സമയം ചെലവഴിക്കാം, ശരീരത്തിന് കരുത്ത് നൽകുന്ന നല്ല ഭക്ഷണം കഴിക്കാം, ഒപ്പം “എനിക്കും മൂല്യമുണ്ട്” എന്ന് സ്വയം ഓർമ്മിപ്പിക്കുകയും ചെയ്യാം.
സമാധാനപൂർണ്ണമായ ജീവിതത്തിലേക്ക് തിരിച്ചറിവോടെ
പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകളാണ് നല്ല ബന്ധങ്ങളുടെ കാതൽ. അവിടെ തെറ്റുകൾ തിരുത്താൻ രണ്ടുപേർക്കും മടിയുണ്ടാവില്ല, ഒന്നിച്ചു മുന്നേറാനുള്ള മികച്ച സാഹചര്യം അവിടെയുണ്ടാകും.
ആത്മാർത്ഥമായി ശ്രമിച്ചിട്ടും സങ്കടം മാത്രം ബാക്കിയായാൽ, ആ ബന്ധം നിങ്ങളുടെ മാത്രം ആവശ്യമായി മാറിയാൽ, ഓർക്കുക: കഷ്ടപ്പാടുകൾ മാത്രം സഹിച്ച് ജീവിക്കാൻ നിങ്ങൾക്ക് ബാദ്ധ്യതയില്ല. ഈ തിരിച്ചറിവാണ് പുതിയൊരു ജീവിതത്തിലേക്കുള്ള ആദ്യപടി. നിരാശയുടെ ഇരുളിൽ നിന്ന് ശാന്തതയുടെ വെളിച്ചത്തിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയാണ്.
ജീവിതഗന്ധിയായ വികാരങ്ങൾ പങ്കുവെയ്ക്കാനും ശരിയായ ദിശാബോധം ആർജിക്കാനുമുള്ള ഒരിടമാണ് നെല്ലിക്ക.ലൈഫ്. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ എന്താണ് തോന്നുന്നത്? അത് ഒരു ഡയറിയിൽ കുറിച്ചിടാം, മറ്റുള്ളവരോട് പങ്കുവെയ്ക്കാം, പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കാം.
നിങ്ങളുടെ സമാധാനത്തിന്റെ ശില്പി നിങ്ങൾ തന്നെയാണ്. ശരിയായ രീതിയിൽ മനസ്സിലാക്കുന്നവരുടെ സ്നേഹത്തണലിൽ,ആ സമാധാനം ജീവിതത്തിൽ എന്നും നിലനിൽക്കട്ടെ.




