പക്ഷാഘാതത്തിന് ശേഷമുള്ള ലൈംഗികാരോഗ്യം: പ്രത്യുൽപ്പാദനശേഷിയേയും സ്വാസ്ഥ്യത്തേയും കുറിച്ച് ശാസ്ത്രം പറയുന്നത്

ചില അപകടങ്ങളും രോഗങ്ങളും ജീവിതം തന്നെ മാറ്റിമറിക്കും. ചലനത്തെയും സ്വാശ്രയത്വത്തെയും ജോലിയെയും ദിനചര്യയെയുമെല്ലാം അത് ബാധിക്കും. അത്തരത്തിലുള്ള ഒരവസ്ഥയാണ് സുഷുമ്നാനാഡിക്കേൽക്കുന്ന പരിക്ക് അല്ലെങ്കിൽ പക്ഷാഘാതം. സ്ട്രോക്ക് എന്നും തളർവാതമെന്നും ഈവസ്ഥയെ വിശേഷിപ്പിക്കാറുണ്ട്.
നിത്യജീവിതത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ലൈംഗികാരോഗ്യം ഒഴികെ മറ്റെല്ലാം കടന്നുവരും. സ്ട്രോക്കിന് ശേഷം തുടർന്നുള്ള ലൈംഗികജീവിതത്തെക്കുറിച്ച് ഡോക്ടറോട് സംശയങ്ങൾ ചോദിക്കാൻ പോലും പലർക്കും മടിയാണ്.
പക്ഷാഘാതം സംഭവിച്ചു എന്നതുകൊണ്ട്, ലൈംഗികചോദനകളോ സംതൃപ്തിയോ പ്രത്യുൽപ്പാദന ശേഷിയോ അവസാനിക്കുന്നില്ല.
ആധുനിക ശാസ്ത്രം, പുനരധിവാസ ചികിത്സ, കൃത്രിമ പ്രത്യുൽപ്പാദന രീതികൾ എന്നിവ, ലൈംഗികത സംബന്ധിച്ച കാര്യങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുന്ന പരിഹാരങ്ങൾ നൽകുന്നു.
പക്ഷാഘാതം വന്ന ശേഷമുള്ള ലൈംഗികജീവിതത്തിൽ ശാരീരികമായും വൈകാരികമായും ചികിൽസാപരമായും വരുന്ന മാററങ്ങളെക്കുറിച്ച് ഈ ലേഖനത്തിലൂടെ നമുക്ക് മനസ്സിലാക്കാം.
1. പക്ഷാഘാതം ലൈംഗികതയെ എങ്ങനെ ബാധിക്കുന്നു?
പക്ഷാഘാതം ലൈംഗികാവയവങ്ങളെ നേരിട്ട് ബാധിക്കുന്നില്ല. പക്ഷെ, ലൈംഗിക പ്രതികരണങ്ങളെ നിയന്ത്രിക്കുന്ന നാഡീപാതകളിൽ (nerve pathways) അത് സ്വാധീനം ചെലുത്താം.
പുരുഷന്മാരിലെ രണ്ട് തരം ഉദ്ധാരണങ്ങൾ (Erections):
1.റിഫ്ലെക്സോജെനിക് (Reflexogenic) (സ്പർശം വഴിയുള്ളത്):
1.ശരീരത്തിലെ സ്പർശം വഴി ഉണ്ടാകുന്നത്.
2.സുഷുമ്‌നാ നാഡിയുടെ താഴത്തെ S2–S4 നാഡികളാണ് ഇത് നിയന്ത്രിക്കുന്നത്.
3.സുഷുമ്‌നാ നാഡിയുടെ മുകൾഭാഗത്ത് (കഴുത്ത്, നെഞ്ച്, നെഞ്ചിനു പിൻവശം) പരിക്കേറ്റ പുരുഷന്മാരിൽ ഈ തകരാറിന് സാധ്യതയില്ല.
2.സൈക്കോജെനിക് (Psychogenic) (മനസ്സും വികാരവും വഴിയുള്ളത്):
1.ചിന്തകൾ, വികാരങ്ങൾ, കാഴ്ചകൾ എന്നിവയിലൂടെ ഉണ്ടാകുന്നത്.
2.തലച്ചോറും സുഷുമ്‌നാ നാഡിയും സംയുക്തമായാണ് ഇത് നിയന്ത്രിക്കുന്നത്.
3.പരിക്കുകൾ T12-ന് മുകളിലാണെങ്കിൽ ഇത് ബാധിക്കാൻ സാധ്യതയുണ്ട്.
അതായത്, പക്ഷാഘാതം വന്ന പല പുരുഷന്മാർക്കും മാനസികമായ ഉണർവിലൂടെയുള്ള ഉദ്ധാരണം കുറവായാൽപ്പോലും സ്പർശം വഴി ഉദ്ധാരണം (erection) ഉണ്ടാകാൻ സാധ്യതയുണ്ട് എന്നർത്ഥം.
സ്ത്രീകൾക്ക്:
- പരിക്കിന് അനുസരിച്ച് യോനിയിലെ ഈർപ്പം (lubrication) കുറഞ്ഞേക്കാം.
- യോനിയുടെ സംവേദനക്ഷമത (sensitivity) വ്യത്യസ്തമാകാം.
- രതിമൂർച്ഛ (Orgasm) സാധ്യമാണ്.
- ആർത്തവ ചക്രങ്ങളിലും പ്രത്യുത്പാദനശേഷിയിലും സാധാരണയായി മാറ്റമൊന്നുമുണ്ടാകില്ല.
2. ലൈംഗിക താൽപ്പര്യം നിലനിൽക്കുന്നു
പക്ഷാഘാതം വന്നാൽ ലൈംഗിക താൽപ്പര്യം നഷ്ടപ്പെടുമെന്ന് പലരും ചിന്തിക്കുന്നു .
ഇത് തികച്ചും തെറ്റായ ധാരണയാണ്.
ലൈംഗിക മോഹങ്ങളെ നിയന്ത്രിക്കുന്നത് സുഷുമ്‌നാ നാഡിയല്ല, തലച്ചോറാണ്.
പക്ഷാഘാതം വന്ന വ്യക്തികൾ വെളിപ്പെടുത്തിയതനുസരിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു:
- സാധാരണ ലൈംഗിക താൽപ്പര്യം
- പതിവുപോലെയുള്ള വൈകാരിക അടുപ്പം
- മുൻപുണ്ടായിരുന്ന തരത്തിൽത്തന്നെ ശാരീരിക ആകർഷണം
- സാധാരണരീതിയിലുള്ള പ്രണയാഭിനിവേശം
ശാരീരികമായി ചില മാറ്റങ്ങൾ വരുന്നു എന്നതിൽ മാത്രമേ വ്യത്യാസം വരുന്നുള്ളൂ. ആന്തരികചോദനകളിൽ ഒരുതരത്തിലുള്ള വ്യത്യാസങ്ങളും വരുന്നില്ല.
3. പക്ഷാഘാതത്തിന് ശേഷമുള്ള പുരുഷ ലൈംഗികത
A. ഉദ്ധാരണം (Erections)
- സ്പർശം വഴിയുള്ള ഉദ്ധാരണം മിക്കവാറും ഉണ്ടാകുന്നു.
- സിൽഡെനാഫിൽ (വയാഗ്ര), ടഡാലാഫിൽ തുടങ്ങിയ ഉദ്ധാരണ മരുന്നുകളോ വാക്വം ഇറെക്ഷൻ ഉപകരണങ്ങളോ (Vacuum erection devices) സഹായകമാകാം.
- ചില പുരുഷന്മാർക്ക് ലിംഗത്തിൽ പിടിപ്പിക്കുന്ന ഇംപ്ലാന്റുകൾ (Penile implants) ഉപയോഗപ്രദമാകാറുണ്ട്.
B. സ്ഖലനം (Ejaculation)
സ്ഖലനത്തിന് സങ്കീർണ്ണമായ തരത്തിൽ നാഡീപാതകളുടെ പ്രവർത്തനം വേണ്ടിവരുന്നതുകൊണ്ട് ചില പുരുഷന്മാർക്ക് ബുദ്ധിമുട്ടുണ്ടാകാം.
എങ്കിലും ബീജം ശേഖരിക്കാൻ വൈദ്യശാസ്ത്രപരമായ സാങ്കേതിക വിദ്യകൾ നിലവിലുണ്ട്:
- പെനൈൽ വൈബ്രേറ്ററി സ്റ്റിമുലേഷൻ (Penile Vibratory Stimulation – PVS): (വൈബ്രേറ്റർ ഉപയോഗിച്ച് ഉത്തേജിപ്പിക്കുന്നത്)
- ഇലക്ട്രോ ഇജാക്കുലേഷൻ (Electroejaculation – EEJ): (തീരെചെറിയ അളവിൽ ഇലക്ട്രിക് ഷോക്ക് നൽകി സ്ഖലനം ഉണ്ടാക്കുന്നത്)
- വൃഷണത്തിൽ നിന്ന് ബീജം എടുക്കുന്നത് (Testicular sperm extraction – TESE)
- കൈ കൊണ്ടുള്ള ഉത്തേജനം (Manual stimulation) (ഭാഗികമായി പരിക്കു പറ്റിയവർക്ക്)
C. പ്രത്യുത്പാദനശേഷി (Fertility)
പക്ഷാഘാതം വന്ന മിക്ക പുരുഷന്മാരിലും സാധാരണ രീതിയിൽ ബീജം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. താഴെ പറയുന്ന വഴികളിലൂടെ തീർച്ചയായും അച്ഛനാകാൻ സാധിക്കും:
- സ്വാഭാവിക ലൈംഗിക ബന്ധത്തിലൂടെ
- ഐ.യു.ഐ. (IUI) (ബീജത്തെ നേരിട്ട് ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന രീതി)
- ഐ.വി.എഫ്. / ഐ.സി.എസ്.ഐ. (IVF / ICSI) (കൃത്രിമ ഗർഭധാരണ രീതികൾ)
4. പക്ഷാഘാതത്തിന് ശേഷമുള്ള സ്ത്രീലൈംഗികത
പക്ഷാഘാതം വന്ന സ്ത്രീകൾക്ക് സാധാരണയായി താഴെ പറയുന്ന കാര്യങ്ങളെക്കുറിച്ച് ആശങ്കയുണ്ടാകും:
- താൽപ്പര്യം
- സംവേദനം
- ഗർഭധാരണത്തിലെ അപകടസാധ്യതകൾ
- പ്രത്യുത്പാദനശേഷി
ആശങ്കപ്പടേണ്ട കാര്യമില്ലെന്ന് താഴെ പറയുന്ന വിവരങ്ങൾ സ്പഷ്ടമാക്കും:
✓ പ്രത്യുത്പാദനശേഷി സാധാരണയായിത്തന്നെ നിലനിൽക്കുന്നു. മിക്ക സ്ത്രീകൾക്കും സ്വാഭാവികമായി ഗർഭം ധരിക്കാനും ആരോഗ്യത്തോടെ തന്നെ ഗർഭകാലം പൂർത്തിയാക്കാനും കഴിയും.
✓ ആർത്തവം ഏതാനും ആഴ്ചകൾക്കുള്ളിലോ മാസങ്ങൾക്കുള്ളിലോ തിരികെ വരും. പരിക്ക് പറ്റിയ ഉടനെ താൽക്കാലികമായി ആർത്തവത്തിന് മാറ്റങ്ങൾ വരാം. ഇത് സമ്മർദ്ദം മൂലമാണ്. സ്ഥിരമായ വന്ധ്യതയ്ക്ക് ഇത് കാരണമാകില്ല.
✓ ലൈംഗികതയിലൂടെ പൂർണ്ണതൃപ്തി നേടാൻ ഇപ്പോഴും സാധിക്കും. ലൂബ്രിക്കേഷൻ നൽകാനുള്ള ക്രീമുകൾ, ശരീരത്തിന് അനുയോജ്യമായ പൊസിഷനുകൾ, ഫിസിയോതെറാപ്പി എന്നിവയെല്ലാം സഹായകമാകും.
✓ ഗർഭധാരണം സാധ്യമാണെന്നതിൽ സംശയം വേണ്ട. പക്ഷാഘാതം വന്ന സ്ത്രീകൾക്ക് താഴെ പറയുന്ന കാര്യങ്ങളിൽ സഹായം ആവശ്യമായി വന്നേക്കാം:
- ബെഡ് സോർ (Pressure sore) വരാതെ ശ്രദ്ധിക്കുക
- കുടലിൻ്റെയും മൂത്രസഞ്ചിയുടേയും സുഗമമായ പ്രവർത്തനത്തിന് വേണ്ട പരിചരണം
- പ്രസവ സമയത്തെ നിരീക്ഷണം. ഗർഭധാരണത്തിനും പ്രസവത്തിനും തടസ്സങ്ങളുണ്ടാകില്ലെന്നത് തീർച്ചയാണ്.
5. പക്ഷാഘാതത്തിന് ശേഷമുള്ള വൈകാരികാരോഗ്യം
വൈകാരികനിലയ്ക്ക് ലൈംഗികതയുമായി അഭേദ്യബന്ധമാണുള്ളത്.
പക്ഷാഘാതം സംഭവിച്ചവർക്ക് താഴെ പറയുന്ന വികാരങ്ങൾ ഉണ്ടാകാം:
- ഒഴിവാക്കപ്പെടുമോ എന്ന ഭയം
- പ്രകടനം മോശമാകുമോ എന്ന ആശങ്ക
- ആത്മവിശ്വാസമില്ലായ്മ
- ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വരുന്ന മാറ്റങ്ങൾ
- പങ്കാളിയെ ആശ്രയിക്കുന്നത് കൊണ്ടുള്ള കുറ്റബോധം
- പങ്കാളിക്ക് ഭാരമാകുമോ എന്ന ചിന്ത
ഈ ചിന്തകളൊക്കെ മനസ്സിൽ തോന്നാമെങ്കിലും ഉള്ളുതുറന്നുള്ള ആശയവിനിമയവും പിന്തുണയും ദമ്പതികളെ കൂടുതൽ തീവ്രമായ അടുപ്പത്തിലേക്ക് നയിക്കാറുണ്ട്.
ഈ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യാം:
- ആവശ്യങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചും തുറന്ന് സംസാരിക്കുക
- ആദ്യം വൈകാരികമായ അടുപ്പം ഉണ്ടാക്കുക.
- പുതിയ പൊസിഷനുകളും രീതികളും പരീക്ഷിക്കുക.
- ലൈംഗികാരോഗ്യ ചികിത്സകരിൽ നിന്ന് മാർഗ്ഗനിർദ്ദേശം സ്വീകരിക്കാവുന്നതാണ്.
- താൽപ്പര്യമുള്ള പൊസിഷന് സഹായകമാകുന്ന വസ്തുക്കൾ ഉപയോഗിക്കുക (തലയിണകൾ, വെഡ്ജുകൾ).
- പരിപൂർണ്ണമായ മികവിന് വേണ്ടി ശ്രമിക്കുന്നതിനേക്കൾ നല്ലത് ചെറിയ സന്തോഷങ്ങളെ ആഘോഷമാക്കുന്നതാണ്.
6. മെച്ചപ്പെട്ട ലൈംഗികാരോഗ്യത്തിനായുള്ള പ്രായോഗിക മാർഗ്ഗങ്ങൾ
പുരുഷന്മാർക്ക്:
- മരുന്നുകൾ പരീക്ഷിക്കുക (ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം)
- സ്പർശം വഴിയുള്ള ഉത്തേജനം പരീക്ഷിക്കുക
- ആവശ്യമെങ്കിൽ വാക്വം ഇറെക്ഷൻ ഉപകരണങ്ങൾ ഉപയോഗിക്കുക
- കഴിയുമെങ്കിൽ ശ്രോണീപേശികളെ (pelvic muscles) ശക്തിപ്പെടുത്തുക
- ഫിസിയോതെറാപ്പിയിലൂടെ പേശികളുടെ ബുദ്ധിമുട്ടുകൾ മാറ്റാം, പൊസിഷനുകൾ ക്രമീകരിക്കുക
സ്ത്രീകൾക്ക്:
- ലൂബ്രിക്കന്റുകൾ ഉപയോഗിക്കുക
- ശരീരത്തിൽ മർദ്ദം കുറയ്ക്കുന്ന പൊസിഷനുകൾ പരീക്ഷിക്കുക
- ശ്രോണിയിലെ പേശികളുടെ അയവിന് സഹായകമാകുന്ന മാർഗ്ഗങ്ങൾ തേടാം
- ഉത്തേജനം വർദ്ധിപ്പിക്കാൻ സംവേദന സഹായികൾ ഉപയോഗിക്കുക
ഇരുപങ്കാളികളും ഒരേപോലെ ശ്രദ്ധിക്കാൻ:
- വൈകാരിക ബന്ധത്തിന് മുൻഗണന നൽകുക.
- വെറും ലൈംഗിക ബന്ധത്തിനപ്പുറം സ്പർശനത്തിലൂടെയുള്ള ഉണർവ്വിന് സമയം കണ്ടെത്തുക.
- ഇടവേളകൾ എടുക്കുക, പൊസിഷനുകൾ ക്രമീകരിക്കുക.
- വൈകാരിക അടുപ്പത്തിലൂടെ ആനന്ദമറിയുക
7. പക്ഷാഘാതത്തിന് ശേഷമുള്ള രക്ഷാകർതൃത്വം
പുരുഷന്മാർക്ക് അച്ഛനാകാൻ കഴിയും:
- PVS
- EEJ
- TESE
- IUI/IVF/ICSI എന്നീ മാർഗ്ഗങ്ങൾ സഹായകമാകും
സ്ത്രീകൾക്ക് ഗർഭം ധരിക്കാനും പ്രസവിക്കാനും കഴിയും:
പ്രത്യേക പരിചരണവും കരുതലും വേണ്ടിവരുമെങ്കിലും
പക്ഷാഘാതം ഗർഭധാരണത്തിനും മാതൃത്വത്തിനും തടസ്സമാകില്ല.
പക്ഷാഘാതം ലൈംഗികതയ്ക്ക് പ്രതിബന്ധമാകില്ല:
മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ മിക്ക ആളുകൾക്കും ലൈംഗികതയിൽ ബുദ്ധിമുട്ടുണ്ടാകില്ല.
8. പക്ഷാഘാതത്തിന് ശേഷമുള്ള ജീവിതം
ജീവിതരീതിയിൽ ചില മാറ്റങ്ങൾ വന്നേക്കാമെങ്കിലും പക്ഷാഘാതം ജീവിതത്തിലും ബന്ധങ്ങളിലും താളപ്പിഴകൾ സൃഷ്ടിക്കില്ല.
കൂടുതൽ സർഗ്ഗാത്മകമായ, വൈകാരികമായ ലൈംഗികതയ്ക്ക് ശാരീരിക പരിമിതികളെ മറികടക്കാനാകും, ബന്ധം കൂടുതൽ അർത്ഥവത്താക്കാനുമാകും.
ശരിയായ മാർഗ്ഗനിർദ്ദേശവും ക്ഷമയും പിന്തുണയുമുണ്ടെങ്കിൽ, പക്ഷാഘാതം വന്ന വ്യക്തികൾക്ക് ആഴത്തിൽ ആനന്ദവും സംതൃപ്തിയും നൽകുന്ന ലൈംഗിക ജീവിതം നയിക്കാൻ കഴിയും.
References (Science-Backed)
- National Institute of Neurological Disorders & Stroke (NINDS) – Sexual health after spinal cord injury
- Spinal Cord Injury Rehabilitation Evidence (SCIRE)
- Cleveland Clinic – Sexual function after paralysis
- WHO – Disability, intimacy & reproductive health
- American Spinal Injury Association (ASIA) guidelines on sexual health




