തുറന്നു പറയാം പരിഹാരം കാണാം: പ്രമേഹവും ലൈംഗിക പ്രശ്‌നങ്ങളും

പ്രമേഹരോഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അപൂർവ്വമായി മാത്രം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമുണ്ട് – ലൈംഗിക ആരോഗ്യം. പ്രമേഹരോഗികളായ പല പുരുഷന്മാർക്കും സ്ത്രീകൾക്കും ലൈംഗികപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. എന്നാൽ നാണക്കേടും ലജ്ജയും മൂലം ഈ വിഷയങ്ങൾ പലപ്പോഴും തുറന്നു സംസാരിക്കാതെ, ജീവിതത്തിൻ്റെ ഒരു ഭാഗമായി കൊണ്ടുനടക്കുകയാണ് പതിവ്. ഗ്ളൂക്കോസ് നില പരിശോധിക്കുകയും ഹൃദയം, വൃക്ക,കണ്ണ് തുടങ്ങി, ശരീരത്തിലെ പ്രധാന അവയവങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെയ്ക്കുകയും ചെയ്യുമ്പോഴും
ലൈംഗികാരോഗ്യം സംബന്ധിച്ച സംശയങ്ങൾ ആരോടും പറയാതെ മനസ്സിൽത്തന്നെ ഒതുക്കിവെയ്ക്കുന്നു. ലൈംഗികാരോഗ്യം എന്നത് വാസ്തവത്തിൽ കേവലം ശാരീരിക ബന്ധത്തിൽ അധിഷ്ഠിതമായ കാര്യം മാത്രമല്ല, മറിച്ച് ജീവിതത്തിൻ്റെ നിലവാരം, ആത്മവിശ്വാസം, ബന്ധങ്ങൾ എന്നിവയും ഉൾപ്പെടുന്ന പ്രധാനഘടകമാണത്. ഈ പ്രാധാന്യം തിരിച്ചറിഞ്ഞ്, ഈ നിശബ്ദത അവസാനിപ്പിച്ച് നമുക്ക് സംസാരിച്ചുതുടങ്ങാം.
പ്രമേഹം ലൈംഗികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
പ്രമേഹം നിയന്ത്രിക്കാത്ത അവസ്ഥയിൽ, അത് രക്തക്കുഴലുകൾക്കും നാഡികൾക്കും കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്. ലൈംഗിക പ്രവർത്തനത്തിന് നിർണായകമായ ഈ രണ്ട് വ്യവസ്ഥകളെയും ഇത് ഗുരുതരമായി ബാധിക്കാം. രക്തയോട്ടം കുറയുക, ഹോർമോൺ അസന്തുലിതാവസ്ഥ, നാഡീവ്യൂഹത്തിൻ്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ എന്നിവയെല്ലാം ചേർന്നാണ് വെല്ലുവിളികൾ സൃഷ്ടിക്കുന്നത്. ഇതിനെല്ലാം പുറമെ, രോഗാവസ്ഥയക്കുറിച്ച് ചിന്തിച്ച് ജീവിക്കുന്നതിൻ്റെ മാനസിക സമ്മർദ്ദവും കൂടിയാകുമ്പോൾ, പ്രത്യാഘാതങ്ങൾ കൂടുതൽ ഗുരുതരമാകുന്നു.
പ്രമേഹവും പുരുഷന്മാരും: ഉദ്ധാരണക്കുറവും മറ്റ് പ്രശ്‌നങ്ങളും
പ്രമേഹമുള്ള പുരുഷന്മാരിൽ സാധാരണയായി കണ്ടുവരുന്ന ഒരു സങ്കീർണ്ണതയാണ് ഉദ്ധാരണക്കുറവ് (Erectile Dysfunction – ED). പ്രമേഹരോഗികൾക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാനുള്ള സാദ്ധ്യത, പ്രമേഹമില്ലാത്തവരേക്കാൾ മൂന്നിരട്ടിയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
- ഉദ്ധാരണക്കുറവുണ്ടാകാൻ കാരണം: രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമാകുമ്പോൾ, ലൈംഗികോത്തേജനത്തിന് സഹായിക്കുന്ന നാഡികൾക്കും ലിംഗത്തിലേക്കുള്ള രക്തയോട്ടം ഊർജിതമാക്കുന്ന രക്തക്കുഴലുകൾക്കും തകരാർ സംഭവിക്കുന്നു.
- മറ്റ് പ്രശ്‌നങ്ങൾ: ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുക, സ്ഖലനം വൈകുക, ലൈംഗിക താൽപര്യം കുറയുക എന്നിവയും ഉണ്ടാകാം.
- പരിഹാരങ്ങൾ: ഗ്ളൂക്കോസിൻ്റെ അളവ് നിയന്ത്രിച്ച് നിർത്തുക, ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ (ഉദാഹരണത്തിന് PDE5 ഇൻഹിബിറ്ററുകൾ) മുടങ്ങാത കഴിക്കുക, വ്യായാമം ചെയ്യുക, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വഴികൾ തേടുക എന്നിവ സഹായകമാകും.
പ്രമേഹവും സ്ത്രീകളും: അവഗണിക്കപ്പെടുന്ന പ്രശ്നങ്ങൾ
സ്ത്രീകളെ സംബന്ധിച്ചിടത്തോളം, പ്രമേഹം മൂലമുള്ള പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണവും അത്രതന്നെ മാനസിക പ്രയാസം നൽകുന്നതുമാണ്.
- നാഡീ സംബന്ധമായ തകരാറുകൾ കാരണം യോനീഭാഗത്തെ വരൾച്ച
- ഹോർമോൺ വ്യതിയാനങ്ങളും മാനസിക സമ്മർദ്ദവും മൂലമുണ്ടാകുന്ന ലൈംഗിക താൽപ്പര്യക്കുറവ്
- അണുബാധ, വരൾച്ച എന്നിവ കാരണം ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ വേദന.
- രക്തത്തിലെ ഗ്ലൂക്കോസ് നില കൂടുന്നത് കാരണം യോനിയിലും മൂത്രനാളിയിലും അണുബാധകൾക്കുള്ള സാധ്യത.
ആരോഗ്യ വിദഗ്ദ്ധരുമായി തുറന്നു സംസാരിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. പക്ഷെ നിർഭാഗ്യവശാൽ, പല സ്ത്രീകളും ഈ വിഷയത്തെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കാൻ മടിക്കുന്നു, ലൈംഗികാരോഗ്യവുമായി ബന്ധപ്പട്ട പ്രശ്നങ്ങൾ നിശബ്ദം സഹിക്കുകയും ചെയ്യുന്നു.
വൈകാരിക ഘടകങ്ങൾ
ലൈംഗികത എന്നത് സംഭോഗം എന്നതിനുപരി ആഴമേറിയ വൈകാരിക, മാനസിക സംയോജനം കൂടിയാണ്. പ്രമേഹരോഗം, വ്യക്തികളിൽ മാനസിക സമ്മർദ്ദം, ക്ഷീണം, ശരീരത്തെക്കുറിച്ചുള്ള ആശങ്കകൾ, ബന്ധങ്ങളിലെ പിരിമുറുക്കം എന്നിവ ഉണ്ടാക്കാം. ശാരീരികമായ പ്രശ്നങ്ങളേക്കാൾ മാനസിക സമ്മർദ്ദമായിരിക്കും പലപ്പോഴും ലൈംഗികപരമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നത്.
- പ്രകടനത്തെക്കുറിച്ചുള്ള ഉത്കണ്ഠ
- ലൈംഗിക ബന്ധത്തിനിടയിൽ ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുക) ഉണ്ടാകുമോ എന്ന ഭയം
- ദീർഘകാല പ്രമേഹ പരിചരണം മൂലമുണ്ടാകുന്ന വിഷാദമോ തളർച്ചയോ
ഈ മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത്, രക്തത്തിലെ ഗ്ളൂക്കോസ് നിയന്ത്രിക്കുന്നതുപോലെ തന്നെ പ്രധാനമാണ്.
പ്രായോഗിക മാർഗ്ഗങ്ങൾ
1.രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക – ഗ്ളൂക്കോസിൻ്റെ അളവ് ശരിയായ രീതിയിൽ നിലനിർത്തുന്നത്, രക്തക്കുഴലുകൾ, നാഡികൾ, ഹോർമോണുകൾ എന്നിവയെ സംരക്ഷിക്കുന്നു.
2.സജീവമാകുക – പതിവായ വ്യായാമം രക്തയോട്ടം, മാനസികാവസ്ഥ, ആത്മവിശ്വാസം എന്നിവ മെച്ചപ്പെടുത്തുന്നു.
3.പുകവലി ഉപേക്ഷിക്കുക, മദ്യം ഒഴിവാക്കുക – ഇല്ലെങ്കിൽ ഇവ രണ്ടും ഉദ്ധാരണക്കുറവും ലൈംഗിക പ്രശ്‌നങ്ങളും വർദ്ധിപ്പിക്കും.
4.മാനസികാരോഗ്യത്തിന് മുൻഗണന നൽകുക – കൗൺസിലിംഗ്, തെറാപ്പി, അല്ലെങ്കിൽ സഹായ ഗ്രൂപ്പുകൾ എന്നിവ പ്രയോജനം ചെയ്യും.
5.തുറന്നു സംസാരിക്കുക – പങ്കാളിയോടും ഡോക്ടറോടും തുറന്നു സംസാരിക്കുക. നിശ്ശബ്ദത, പ്രശ്നം വഷളാക്കുക മാത്രമേ ചെയ്യൂ, തുറന്നു പറഞ്ഞാൽ, പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകും.
6.വൈദ്യസഹായം തേടുക – സ്ത്രീകൾക്ക് ലൂബ്രിക്കന്റുകൾ, പുരുഷന്മാർക്ക് ED മരുന്നുകൾ, ഹോർമോൺ തെറാപ്പികൾ, അല്ലെങ്കിൽ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ – ഇവയല്ലാം ഗുണകരമാകും.
പ്രമേഹരോഗികളിലെ ലൈംഗിക പ്രശ്‌നങ്ങൾ സാധാരണമാണ്. ഇത് ചികിത്സിച്ചുമാറ്റാൻ കഴിയുന്നതുമാണ്. ഈ വിഷയങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്നത് പങ്കാളികൾക്കിടയിലെ അടുപ്പം മാത്രമല്ല, മൊത്തത്തിലുള്ള സ്വാസ്ഥ്യത്തിനും ഏറെ ഗുണം ചെയ്തേക്കാം. ഓർക്കുക: ആരോഗ്യകരമായ ജീവിതത്തിൻ്റെ ഒരു പ്രധാന ഘടകമാണ് സംതൃപ്തമായ ലൈംഗിക ജീവിതം. ശരിയായ പരിചരണത്തിലൂടെ പ്രമേഹരോഗികൾക്കും ഇവ രണ്ടും പ്രാപ്യമാകുമെന്നതിൽ സംശയമില്ല.




