വിറ്റാമിൻ എ കുറയാതെ നോക്കാം

നിശാന്ധത ഒഴിവാക്കാം
നേരമിരുണ്ട ശേഷം കാഴ്ച്ചക്കുറവ് തോന്നിയാൽ, അത്, ഏറെ നേരം ജോലി ചെയ്തതുകൊണ്ടോ സ്ക്രീൻ നോക്കിയിരുന്നതുകൊണ്ടോ ഉള്ള ക്ഷീണമാകുമെന്നാണ് പൊതുവെ എല്ലാവരും കരുതുക. പക്ഷെ, ഈ ലക്ഷണം സങ്കീർണ്ണമായ ഒരു ആരോഗ്യപ്രശ്നത്തിലേക്കാകും വിരൽ ചൂണ്ടുന്നത്.
ഇന്ത്യയിൽ ഉൾപ്പെടെ, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് വിറ്റാമിൻ എയുടെ അപര്യാപ്തത.
സംസ്കരിച്ച ഭക്ഷണങ്ങളും (processed food) ഇൻസ്റ്റൻറ് ആഹാരരീതികളും വ്യാപകമായ ഇക്കാലത്ത്, വിറ്റാമിൻ എ യുടെ കുറവനുഭവപ്പെടുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടായിട്ടുണ്ട്.
ഈ അവശ്യ വിറ്റാമിൻ കണ്ണുകളുടെ ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും അതിൻ്റെ കുറവ് എങ്ങനെ നിശാന്ധതയിലേക്ക് നയിക്കുന്നു എന്നും നമുക്ക് മനസ്സിലാക്കാം. ഭക്ഷണരീതിയിലെ ലളിതമായ മാറ്റങ്ങളിലൂടെ കാഴ്ച്ചശക്തിക്ക് എങ്ങനെ കരുത്തേകാമെന്നും nellikka.life പരിശോധിക്കുന്നു.
എന്താണ് നിശാന്ധത?
കുറഞ്ഞ വെളിച്ചത്തിലോ ഇരുട്ടിലോ വ്യക്തമായി കാണാൻ കഴിയാത്ത അവസ്ഥയാണ് നിശാന്ധത (Nyctalopia) . ഇത് ഒരു രോഗമല്ല, രോഗലക്ഷണമാണ്. സാധാരണയായി വിറ്റാമിൻ എയുടെ കുറവ് മൂലമാണ് ഇതുണ്ടാകുന്നത്. പോഷകത്തിലെ ഈ കുറവ്, മങ്ങിയ വെളിച്ചത്തോട് പൊരുത്തപ്പെടാനുള്ള കണ്ണിന്റെ കഴിവിനെ തകരാറിലാക്കുന്നു.
നിശാന്ധത ഉള്ള ആളുകൾക്ക് താഴെ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാകും:
- രാത്രിയിൽ വാഹനം ഓടിക്കുകയോ വെളിച്ചം കുറഞ്ഞ തെരുവുകളിലൂടെ നടക്കുകയോ ചെയ്യുമ്പോൾ.
- നല്ല വെളിച്ചമുള്ള സ്ഥലത്തുനിന്ന് ഇരുണ്ട മുറികളിലേക്ക് പ്രവേശിക്കുമ്പോൾ കാഴ്ച ക്രമീകരിക്കാൻ കൂടുതൽ സമയമെടുക്കുക.
- മങ്ങിയ വെളിച്ചമുള്ള മുറികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതൽ സമയം വേണ്ടി വരിക.
കുട്ടികളിൽ ഇത് ഇരുട്ടിനോടുള്ള ഭയമായി പ്രകടമാകാം; മുതിർന്നവരിൽ ഈ അപര്യാപ്തത, പലപ്പോഴും കണ്ണിൻ്റെ ക്ഷീണമായും രാത്രിയായശേഷം കാഴ്ചയ്ക്ക് വ്യക്തത കുറയുന്നതായും അനുഭവപ്പെടുന്നു.
വിറ്റാമിൻ എയും കാഴ്ചയും തമ്മിൽ
കണ്ണിന്റെ റെറ്റിനയുടെ പ്രവർത്തനത്തിൽ വിറ്റാമിൻ എയ്ക്ക് നിർണായകമായ പങ്കുണ്ട്. പ്രത്യേകിച്ചും, വെളിച്ചത്തെയും ഇരുട്ടിനെയും തിരിച്ചറിയുന്ന കോശങ്ങളായ (rods) റോഡ് കോശങ്ങളിൽ റോഡോപ്സിൻ എന്ന തന്മാത്ര രൂപപ്പെടുത്തുന്നതിൽ.
പ്രവർത്തനരീതി:
- വെളിച്ചം കണ്ണിലേക്ക് പ്രവേശിക്കുമ്പോൾ, ആ വെളിച്ചത്തെ മസ്തിഷ്ക്കം കാഴ്ചയായി വ്യാഖ്യാനിക്കുന്ന വൈദ്യുത സിഗ്നലുകളാക്കി മാറ്റാൻ റോഡോപ്സിൻ സഹായിക്കുന്നു.
- വിറ്റാമിൻ എ യുടെ അഭാവത്തിൽ, റോഡോപ്സിന് കാര്യക്ഷമമായി പുനരുജ്ജീവിക്കാൻ കഴിയില്ല, ഇത് കുറഞ്ഞ വെളിച്ചത്തിൽ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.
വിറ്റാമിൻ എയുടെ കുറവ് നീണ്ടുനിന്നാൽ, കാലക്രമേണ, കോർണിയക്ക് (കണ്ണിന്റെ മുൻഭാഗത്തെ ഉപരിതലം) കേടുപാടുകൾ സംഭവിക്കുകയും, കണ്ണിന് വരൾച്ച, വ്രണങ്ങൾ, സങ്കീർണ്ണാവസ്ഥകളിൽ സ്ഥായിയായ അന്ധത എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട മുന്നറിയിപ്പ് ലക്ഷണങ്ങൾ
വിറ്റാമിൻ എയുടെ കുറവ് പൊടുന്നനെ ഉണ്ടാകുന്നതല്ല.
പ്രാരംഭഘട്ടത്തിലെ ചില പ്രധാന ലക്ഷണങ്ങൾ:
- മങ്ങിയ വെളിച്ചത്തിൽ കാണാനുള്ള ബുദ്ധിമുട്ട് അല്ലെങ്കിൽ ഇരുട്ടുമായി പൊരുത്തപ്പെടാനുള്ള പ്രയാസം
- കണ്ണുകളിൽ വരണ്ടതോ മണൽത്തരി വീണപോലെയുള്ളതോ ആയ തോന്നൽ
- കണ്ണിന് ഇടയ്ക്കിടെ അണുബാധയുണ്ടാകുകയോ ചുവപ്പുനിറം കാണുകയോ ചെയ്യുക
- ബിറ്റോട്ട്‌സ് സ്പോട്ടുകൾ (Bitot’s spots) — കൺജങ്ക്റ്റൈവയിൽ കാണുന്ന വെളുത്ത, പത പോലുള്ള പാടുകൾ
- ചർമ്മത്തിന് വരൾച്ച, മുടി ദുർബലമാകുകയും പൊട്ടിപ്പോകുകയും ചെയ്യുക, രോഗപ്രതിരോധ ശേഷി കുറയുക.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള കുട്ടികളിൽ തടയാൻ കഴിയുന്ന അന്ധതയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് വിറ്റാമിൻ എയുടെ കുറവാണ്. ഈ കേസുകളുടെ വലിയൊരു പങ്ക് ഇന്ത്യയിലാണ് എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.
ആധുനിക കാരണങ്ങൾ
ദാരിദ്ര്യവും ഭക്ഷണക്ഷാമവും മൂലം ഒരു കാലത്ത് വിറ്റാമിൻ എ യുടെ കുറവ് വ്യാപകമായിരുന്നു. എന്നാൽ ഇന്ന്, ഭക്ഷണം ധാരാളം ഉണ്ടെങ്കിലും അനാരോഗ്യകരമായ ആഹാരരീതികൾ അസുഖങ്ങളെ വീണ്ടും വിളിച്ചുവരുത്തുന്നു.
സംസ്കരിച്ചതും വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണമാണ് പലരും പ്രാതലിനും അത്താഴത്തിനും പകരമായി കഴിക്കുന്നത്. പോഷകസമൃദ്ധമായ പച്ചക്കറിയും പാലും പഴങ്ങളും നല്ല മാംസവുമൊന്നും ജങ്ക് ഫുഡ് എന്നറിയപ്പെടുന്ന ഗുണകരമല്ലാത്ത ആഹാരപദാർത്ഥങ്ങളിൽ വേണ്ടത്ര ഉൾപ്പെടുന്നില്ല.
മറ്റ് അപകട ഘടകങ്ങൾ:
- കൊഴുപ്പു കുറഞ്ഞ ഭക്ഷണക്രമം: വിറ്റാമിൻ എ കൊഴുപ്പിൽ ലയിക്കുന്നതിനാൽ, അത് ആഗിരണം ചെയ്യാൻ ശരീരത്തിന് ഭക്ഷണത്തിലൂടെയുള്ള കൊഴുപ്പ് ആവശ്യമാണ്.
- ദഹനസംബന്ധമായ തകരാറുകൾ: സീലിയാക് രോഗം, ക്രോൺസ് രോഗം, അല്ലെങ്കിൽ കരൾ രോഗങ്ങൾ പോലുള്ള അവസ്ഥകൾ വിറ്റാമിൻ എയുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു.
- ശസ്ത്രക്രിയക്ക് ശേഷമുള്ള പോഷകാഹാരക്കുറവ്: ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയകളും കുടലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളും പോഷകങ്ങളുടെ ആഗിരണം കുറയ്ക്കാൻ ഇടയാക്കും.
വിറ്റാമിൻ എയുടെ സ്വാഭാവിക ഉറവിടങ്ങൾ
വിറ്റാമിൻ എ പ്രധാനമായും രണ്ട് രൂപങ്ങളിലുണ്ട്:
- പ്രീഫോംഡ് വിറ്റാമിൻ എ (റെറ്റിനോൾ): മൃഗജന്യ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്നു — കരൾ (liver), മുട്ട, പാൽ ഉൽപ്പന്നങ്ങൾ, മത്സ്യ എണ്ണ.
2.പ്രോവിറ്റാമിൻ എ (ബീറ്റാ കരോട്ടിൻ): സസ്യ സ്രോതസ്സുകളിൽ കാണപ്പെടുന്നു. കാരറ്റ്, ചീര, മത്തങ്ങ, മധുരക്കിഴങ്ങ്, ഇലക്കറികൾ.
ദിവസേന ആവശ്യമുള്ള അളവ്:
- മുതിർന്ന പുരുഷന്മാർ: ഏകദേശം 900 µg (RAE)
- മുതിർന്ന സ്ത്രീകൾ: ഏകദേശം 700 µg (RAE)
- കുട്ടികൾ: 300–600 µg (RAE)
ഈ ഭക്ഷണങ്ങളിൽ ചിലതെങ്കിലും ആഴ്ചയിലൊരിക്കൽ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് അപര്യാപ്തത തടയാൻ സഹായിക്കും:
- മുട്ടയുടെ മഞ്ഞ: ദഹിക്കാൻ എളുപ്പമാണ്, റെറ്റിനോൾ ധാരാളമുണ്ട്.
- കരൾ (പ്രത്യേകിച്ച് കോഡ് ലിവറും ചിക്കൻ ലിവറും): വിറ്റാമിൻ എയുടെ പ്രധാന ഉറവിടമാണ്.
- കാരറ്റും മത്തങ്ങയും: ബീറ്റാ കരോട്ടിനാൽ സമ്പന്നമാണ്, പ്രത്യേകിച്ച് നെയ്യോ എണ്ണയോ ചേർത്ത് പാചകം ചെയ്യുമ്പോൾ.
- ചീര, മുരിങ്ങയില, മുള്ളൻ ചീര: പ്രാദേശികമായി ലഭിക്കുന്നതും, വില കുറഞ്ഞതുമായ സൂപ്പർഫുഡുകളാണിവ.
പൊതുജനാരോഗ്യ വീക്ഷണം: സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രതിസന്ധി
വിറ്റാമിൻ എയുടെ കുറവ് ഇന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയിലുമുള്ള പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളെയും ചെറിയ കുട്ടികളെയും ആണ് കൂടുതലായി ബാധിക്കുന്നത്.
ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും സ്ത്രീകൾക്ക് വിറ്റാമിൻ എയുടെ ആവശ്യം വർദ്ധിക്കും. പക്ഷെ, ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന വിറ്റാമിൻ എ യുടെ അളവ് പലപ്പോഴും അതിനനുസരിച്ച് കൂടുന്നില്ല. അതിൻ്റെ ഫലമായി,കരളിൽ വിറ്റാമിൻ എയുടെ ശേഖരം കുറഞ്ഞ അവസ്ഥയിലാകും കുഞ്ഞുങ്ങൾ പിറന്നുവീഴുക. ഇത് കുട്ടിക്കാലത്തെ അന്ധതയ്ക്കും അണുബാധകൾക്കും ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഇന്ത്യയിലെ ദേശീയ വിറ്റാമിൻ എ പരിപാലന പദ്ധതി (NVAPP) പോലുള്ള പൊതുജനാരോഗ്യ സംരംഭങ്ങൾ ഗ്രാമീണ മേഖലകളിൽ ഈ കുറവ് ഒരളവുവരെ പരിഹരിക്കാൻ സഹായിച്ചിട്ടുണ്ട്, എങ്കിലും നഗരങ്ങളിലെ ഭക്ഷണക്രമം സബ്ക്ലിനിക്കൽ ഡെഫിഷ്യൻസി എന്ന പുതിയൊരു സങ്കീർണ്ണതയ്ക്ക് കാരണമാകുകയാണ്. ഈ കുറവ് നേരിയ തോതിലുള്ളതും പലപ്പോഴും തിരിച്ചറിയപ്പെടാത്തതുമാണെങ്കിലും ഇത് കുട്ടികളിൽ രോഗപ്രതിരോധ ശേഷി ദുർബലമാക്കാനും വളർച്ച മന്ദഗതിയിലാക്കാനും കാരണമാകുന്നു.
സപ്ലിമെന്റുകളോ ഭക്ഷണമോ — ഏതാണ് മികച്ചത്?
ചില പ്രത്യേക കേസുകളിൽ വിറ്റാമിൻ എ ക്യാപ്‌സ്യൂളുകൾ നിർദ്ദേശിക്കാറുണ്ടെങ്കിലും, ഭക്ഷണത്തിലൂടെയുള്ള ആഗിരണമാണ് കൂടുതൽ സുരക്ഷിതം. അമിതമായി സപ്ലിമെൻ്റുകൾ കഴിക്കുന്നത് ശരീരത്തിൽ വിഷാംശം ഉണ്ടാക്കാൻ (hypervitaminosis A) സാധ്യതയുണ്ട്. ഓക്കാനം, തലകറക്കം, കരളിന് കേടുപാടുകൾ മുതലായ ലക്ഷണങ്ങളാണ് ഈ അവസ്ഥയിൽ ഉണ്ടാകുക.
പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെ ആരോഗ്യം കൈവരിക്കുക. ഡോക്ടർ നിർദ്ദേശിക്കുമ്പോൾ മാത്രം സപ്ലിമെൻ്റുകൾ ഉപയോഗിക്കുക എന്നതാണ് ഏറ്റവും ഉചിതമായ നയം.
നേത്രപരിചരണത്തിന് സഹായകമാകുന്ന ശീലങ്ങൾ
1.വർണ്ണാഭമായ ഭക്ഷണം ഉൾപ്പെടുത്തുക — ഇലക്കറികൾ, മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികൾ എന്നിവ ദിവസവും കഴിക്കുക.
2.പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ, വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ ചേർത്ത് പച്ചക്കറികൾ പാചകം ചെയ്യുക.
3.കുട്ടികൾക്കും ഗർഭിണികൾക്കും കൃത്യമായ ഇടവേളകളിൽ നേത്ര പരിശോധനകൾ നടത്തുക.
4.കൊഴുപ്പുകളോ പാൽ ഉൽപന്നങ്ങളോ പൂർണ്ണമായി ഒഴിവാക്കുന്ന തരം (crash diets) കഠിനമായ ഭക്ഷണക്രമീകരണങ്ങൾ ഒഴിവാക്കുക.
5.കുട്ടികളെ പുറത്ത് കളിക്കാൻ പ്രോത്സാഹിപ്പിക്കുക — സൂര്യപ്രകാശം കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ശക്തി പകരും.
കാഴ്ച്ചയ്ക്ക് തെളിച്ചമേകാം
നിശാന്ധത പഴയ കാലത്തെ ഒരു രോഗമായി തോന്നാമെങ്കിലും ആധുനിക ജീവിതരീതിയിലെ പോരായ്മകൾ മൂലം ഈ രോഗം തിരിച്ചുവരികയാണ്.
ആധുനിക കാലത്തെ ഇൻസ്റ്റൻറ് ഭക്ഷണശീലങ്ങളോട് ഗുഡ് ബൈ പറയാം, പോഷകങ്ങൾ നിറഞ്ഞ ആഹാരം കഴിക്കാം. നിശാന്ധത ഉൾപ്പെടെ, ഒഴിവാക്കാൻ കഴിയുന്ന രോഗങ്ങളെ അകറ്റിനിർത്താം.
References:
- World Health Organization (WHO). Global prevalence of Vitamin A deficiency and night blindness, 2023.
- West KP Jr. Vitamin A deficiency disorders in 2020: shifting patterns and public health responses. Am J Clin Nutr. 2020;112(2):394–398.
- Tanumihardjo SA. Vitamin A: Biomarkers of nutrition for development. Am J Clin Nutr. 2016;104(Suppl 3):920S–925S.
- Sommer A, Vyas KS. A global clinical view on Vitamin A deficiency and blindness prevention. Lancet. 2021;397(10276):104–106.
- National Institute of Nutrition, ICMR. Dietary Guidelines for Indians, 2020.




