കളിയല്ല കണ്ണുകളുടെ ആരോഗ്യം: ഇൻറർനെറ്റ് യുഗത്തിൽ നേത്രാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരിച്ചറിയണം

ഈ ഡിജിറ്റൽ യുഗത്തിൽ, കണ്ണുകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള ഉപദേശങ്ങൾക്ക് ഒട്ടും പഞ്ഞമില്ല: ഒരു പ്രത്യേക എണ്ണ ഉപയോഗിച്ചാൽ കണ്ണുകളിലെ വരൾച്ച പൂർണ്ണമായും മാറും എന്ന് വാഗ്ദാനം ചെയ്യുന്ന റീലുകൾ, സ്ക്രീൻ ഉപയോഗിക്കുന്ന എല്ലാവർക്കും ബ്ലൂ-ലൈറ്റ് കണ്ണടകൾ നിർബന്ധമാണെന്ന് പറയുന്ന പോസ്റ്റുകൾ, ശാസ്ത്രീയ അടിത്തറയില്ലാതെ ആകർഷകമായി പ്രചരിക്കുന്ന വൈറൽ ‘ നേത്ര ഡീറ്റോക്സ് ഹാക്കുകൾ’ എന്നിവയെല്ലാം ഇതിൽപ്പെടും.
എന്നാൽ സൈറ്റ്സേവേഴ്സ് ഇന്ത്യയുടെ (Sightsavers India) റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയിലെ നേത്രാരോഗ്യ ഉള്ളടക്കങ്ങളിൽ ഭൂരിഭാഗവും തയ്യാറാക്കുന്നത് വിദഗ്ദ്ധരല്ലാത്തവരാണ്. അൽഗോരിതത്തിൻ്റെ സഹായത്തോടെയും വൈകാരികമായ കാരണങ്ങൾ കൊണ്ടും ഇത്തരം വിവരങ്ങൾ വളരെ വേഗത്തിൽ പ്രചരിക്കുന്നു.
നിങ്ങളുടെ കണ്ണുകൾക്ക് ട്രെൻഡുകൾ നൽകുന്ന അവ്യക്തതയല്ല, വ്യക്തമായ വിവരങ്ങളാണ് ആവശ്യമെന്ന് nellikka.life വിശ്വസിക്കുന്നു. ഓൺലൈനിൽ പ്രചരിക്കുന്ന നേത്രാരോഗ്യ അവകാശവാദങ്ങളെ എങ്ങനെ വിലയിരുത്താം, പ്രചാരത്തിലുള്ള പ്രധാന തെറ്റിദ്ധാരണകൾ എന്തൊക്കെയാണ്, ശാസ്ത്രീയ തെളിവുകൾ യഥാർത്ഥത്തിൽ എന്താണ് പറയുന്നത്, ശാസ്ത്രീയ അടിത്തറയുള്ള സുരക്ഷിതമായ ശീലങ്ങൾ എങ്ങനെ സ്വീകരിക്കാം എന്നിവയെല്ലാം ഈ ബ്ലോഗിൽ വിശദമായി പരിശോധിക്കാം.
1. നേത്രാരോഗ്യം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് എന്തുകൊണ്ട്?
ആധികാരികമാണോ എന്ന കാര്യത്തിൽ സംശയമുള്ള നേത്ര സംരക്ഷണ ഉപദേശങ്ങൾ ഇത്രയധികം പ്രചാരം നേടാനുള്ള കാരണങ്ങൾ ഇതാ:
- വൈറൽ ആകർഷണീയത : വിദഗ്ദ്ധരല്ലാത്തവർ, ‘ഉടനടി ഫലം’ വാഗ്ദാനം ചെയ്യുന്ന, ആകാംക്ഷയുണർത്തുന്ന ഹ്രസ്വ വീഡിയോകൾ നിർമ്മിക്കുകയും അത് വ്യാപകമായി പങ്കുവെക്കപ്പെടുകയും ചെയ്യുന്നു. “ആകർഷകമായ ഉള്ളടക്കം” പലപ്പോഴും കൃത്യതയെ മറികടക്കുന്നുവെന്ന് nellikka.life കണ്ടെത്തിയിട്ടുണ്ട് .
- പക്ഷപാതപരമാകുന്ന അൽഗോരിതം : സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പലപ്പോഴും സത്യം പരിശോധിക്കുന്നതിനേക്കാൾ പ്രാധാന്യം നൽകുന്നത് ലൈക്കുകൾക്കും ഷെയറുകൾക്കുമാണ്. അതിനാൽ, അതിശയോക്തിപരമായ അവകാശവാദങ്ങൾ (ഉദാഹരണത്തിന്: “ഈ എണ്ണ കണ്ണിലൊഴിച്ചാൽ പിന്നെ തുള്ളിമരുന്ന് ഉപയോഗിക്കേണ്ടി വരില്ല”) വ്യാപകമാകാൻ ഇത് കാരണമാകുന്നു.
- ആരോഗ്യ സാക്ഷരതയുടെ അപര്യാപ്തത: പല ഉപയോക്താക്കൾക്കും ഈ അവകാശവാദങ്ങളെ ചോദ്യം ചെയ്യാനുള്ള മതിയായ അറിവില്ല. അതിനാൽ, അവർ ലളിതവൽക്കരിച്ചതോ തെറ്റായതോ ആയ ഉപദേശങ്ങൾക്ക് ഇരയാകുന്നു.
- സ്‌ക്രീൻ യുഗത്തിലെ തെളിവുകളുടെ അഭാവം: സ്‌ക്രീൻ ഉപയോഗം കുതിച്ചുയരുമ്പോൾ, ഡിജിറ്റൽ ഐ സ്‌ട്രെയ്ൻ (കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്നും അറിയപ്പെടുന്നു) പോലുള്ള പുതിയ പ്രശ്നങ്ങൾ പൊതുജനങ്ങളുടെ ധാരണയെ മറികടന്നു. ഇത് തെറ്റിദ്ധാരണകൾക്ക് വ്യാപിക്കാൻ പറ്റിയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.
ഇത് മനസ്സിലാക്കുന്നത്, നേത്രാരോഗ്യ ഉള്ളടക്കങ്ങളെ നിസ്സംഗതയോടെ സ്വീകരിക്കുന്നതിന് പകരം, ജാഗ്രതയോടെ സമീപിക്കാൻ നിങ്ങളെ സഹായിക്കും.
2. നേത്രാരോഗ്യത്തെക്കുറിച്ചുള്ള സാധാരണ തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും
തെറ്റിദ്ധാരണ A: ബ്ലൂ-ലൈറ്റ് കണ്ണടകൾ റെറ്റിനയെ സംരക്ഷിക്കുകയും ഡിജിറ്റൽ ഐ സ്ട്രെയ്ൻ തടയുകയും ചെയ്യും
സ്‌ക്രീനുകൾ ഉപയോഗിക്കുമ്പോൾ ബ്ലൂ-ലൈറ്റ് ഫിൽട്ടറിംഗ് ലെൻസുകൾ വെയ്ക്കുന്നത് നേത്രരോഗങ്ങളെയും കണ്ണിന്റെ ആയാസത്തെയും തടയുമെന്ന് പല പോസ്റ്റുകളും അവകാശപ്പെടുന്നു. എന്നാൽ, പൊതുവായ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇതിന് ക്ലിനിക്കൽ പ്രാധാന്യമുള്ള നേട്ടങ്ങളൊന്നും നൽകാനായിട്ടില്ലെന്ന് ആധികാരിക റിവ്യൂകൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ബ്ലൂ-ലൈറ്റ് ഫിൽട്ടറിംഗ് ലെൻസുകൾ, “കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന കണ്ണിന്റെ ആയാസ ലക്ഷണങ്ങളെ കുറയ്ക്കാൻ സാധ്യതയില്ല” എന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.
നിങ്ങൾ അറിയേണ്ടത്:
- സ്‌ക്രീൻ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് കാരണം കണ്ണുചിമ്മുന്നത് കുറയുന്നത്, കൂടുതൽ നേരം അടുത്തുള്ള വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ശരിയായ വെളിച്ചക്കുറവ്, ഗ്ലെയർ (സ്ക്രീനിലെ പ്രതിഫലനം) എന്നിവയാണ്. ബ്ലൂ ലൈറ്റ് മാത്രമായി ഇതിന് കാരണമാകുന്നില്ല.
- പ്രായോഗിക വഴി: കണ്ണിന് ആശ്വാസം നൽകുന്ന എർഗണോമിക് രീതികൾ (സ്‌ക്രീൻ ദൂരം, വെളിച്ചം) പിന്തുടരുക, ഇടയ്ക്കിടെ കണ്ണുചിമ്മുക, കൃത്യമായ ഇടവേളകൾ എടുക്കുക (വിഭാഗം 4 കാണുക).
- ബ്ലൂ-ലൈറ്റ് കണ്ണടകൾ ഉപയോഗിക്കുന്നത് ദോഷകരമല്ല, പക്ഷേ ഇതിനെ പ്രശ്നങ്ങൾക്കുള്ള ഒറ്റ പരിഹാരമായി കണക്കാക്കരുത്.
തെറ്റിദ്ധാരണ B: എല്ലാ നേത്ര രോഗങ്ങൾക്കും എണ്ണയോ വീട്ടുവൈദ്യത്തിലെ തുള്ളിമരുന്നുകളോ സുരക്ഷിതമാണ്
സുരക്ഷിതമാണോ എന്ന് മനസ്സിലാക്കാതെ എണ്ണകൾ (ആവണക്കെണ്ണ പോലുള്ളവ) അല്ലെങ്കിൽ സ്വയം നിർമ്മിച്ച മിശ്രിതങ്ങൾ കണ്ണിൽ ഒഴിക്കാൻ സോഷ്യൽ മീഡിയ വീഡിയോകൾ ശുപാർശ ചെയ്യാറുണ്ട്. എന്നാൽ ഇത്തരം രീതികൾ അതീവ അപകടകരമാണ്. ഇത് അസ്വസ്ഥതകൾ, അണുബാധകൾ, അല്ലെങ്കിൽ സ്ഥായിയായ കാഴ്ച നഷ്ടം വരെ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് സൈറ്റ്സേവേഴ്സ് (Sightsavers) മുന്നറിയിപ്പ് നൽകുന്നു.
നിങ്ങൾ അറിയേണ്ടത്:
- കണ്ണിന്റെ ഉപരിതലം (കോർണിയ, കൺജങ്റ്റൈവ) വളരെ ലോലമാണ്: വൃത്തിയില്ലാത്തതോ അണുവിമുക്തമല്ലാത്തതോ ആയ വസ്തുക്കൾ കണ്ണിലെ പ്രതിരോധശേഷിയെ തകർക്കുകയും അണുബാധകളോ കേടുപാടുകളോ ഉണ്ടാക്കുകയും ചെയ്യാം.
- നേത്രരോഗ വിദഗ്ദ്ധൻ നിർദ്ദേശിക്കുന്നതോ, അല്ലെങ്കിൽ അണുവിമുക്തമായ നേത്രസംരക്ഷണ ഗ്രേഡിലുള്ള തോ ആയ തുള്ളിമരുന്നുകൾ മാത്രമേ എപ്പോഴും ഉപയോഗിക്കാവൂ.
- വീട്ടുവൈദ്യങ്ങൾ കണ്ണിൻ്റെ വരൾച്ചയ്ക്കോ ക്ഷീണത്തിനോ ചെറിയ ആശ്വാസം നൽകിയേക്കാം. പക്ഷേ, വേദന, ചുവപ്പ്, പഴുപ്പ്/സ്രവം എന്നിവ ഉണ്ടാവുകയോ ലക്ഷണങ്ങൾ തുടരുകയോ വഷളാവുകയോ ചെയ്യുകയാണെങ്കിൽ മെഡിക്കൽ പരിശോധനയ്ക്ക് പകരമായി വീട്ടുവൈദ്യം തുടരരുത്.
തെറ്റിദ്ധാരണ C: ഒരു ആപ്പ് അല്ലെങ്കിൽ ഉൽപ്പന്നം കൊണ്ട് എല്ലാ “സ്‌ക്രീൻ-ഐ” പ്രശ്‌നങ്ങളും പരിഹരിക്കാം
സ്‌ക്രീൻ സെറ്റിങ്ങുകൾ മാറ്റുകയോ ലൈറ്റ് ഫിൽട്ടർ ചെയ്യുകയോ ചെയ്യുന്നതിലൂടെ കണ്ണിന്റെ ആയാസം, ക്ഷീണം, വരൾച്ച എന്നിവ ഇല്ലാതാക്കാം എന്ന് പല ഉപകരണങ്ങളും ആപ്പുകളും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതിന്റെയെല്ലാം മൂലകാരണം സാങ്കേതികതയെ മാത്രമല്ല, നമ്മുടെ രീതികളെയും പരിസ്ഥിതിയെയും അനുസരിച്ചിരിക്കുന്നു എന്നതാണ് സത്യം. ഉദാഹരണത്തിന്, “20-20-20 നിയമം” (ഓരോ 20 മിനിറ്റിലും 20 അടി ദൂരത്തേക്ക് 20 സെക്കൻഡ് നോക്കുക) വ്യാപകമായി അംഗീകരിക്കപ്പെട്ടതാണെങ്കിലും ഇതിന്റെ ഫലപ്രാപ്തിക്ക് സമ്മിശ്രമായ തെളിവുകളേ ഉള്ളൂ എന്ന് ചില പുതിയ പഠനങ്ങൾ പറയുന്നു.
നിങ്ങൾ അറിയേണ്ടത്:
- ഇടവേളകൾ എടുക്കുന്നത് സഹായകവും ഗുണകരവുമാണ്, പക്ഷേ എല്ലാ പ്രശ്‌നത്തിനുമുള്ള ഒറ്റമൂലി എന്നൊരു ഉൽപ്പന്നമില്ല. ശരീരനില, ഇടവേളകൾ, കണ്ണുചിമ്മുന്നതിന്റെ നിരക്ക്, വെളിച്ചം, സ്‌ക്രീൻ ദൂരം എന്നിവയെല്ലാം സംയോജിപ്പിച്ചുള്ള രീതിയാണ് വേണ്ടത്.
- ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ, നേത്രവരൾച്ചാരോഗം, കാഴ്ച വൈകല്യങ്ങൾ, കൺപോളകളിലെ പ്രശ്നങ്ങൾ തുടങ്ങിയ മറ്റ് കാരണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം.
3. ഓൺലൈൻ നേത്രാരോഗ്യ ഉപദേശങ്ങളെ എങ്ങനെ വിലയിരുത്താം?
നിങ്ങൾ ഒരു നേത്ര സംരക്ഷണ ഉപദേശം (റീലുകളിലൂടെയോ, പോസ്റ്റുകളിലൂടെയോ, ബ്ലോഗുകളിലൂടെയോ) കാണുകയാണെങ്കിൽ, ഈ ചെറിയ പരിശോധനകൾ നടത്തുക:
- ആധികാരികത: അവതരിപ്പിക്കുന്ന / എഴുതുന്ന വ്യക്തി അംഗീകൃത സ്ഥാപനവുമായി ബന്ധമുള്ള, യോഗ്യതയുള്ള ഒരു ഒഫ്താൽമോളജിസ്റ്റ് (Ophthalmologist) / ഒപ്‌റ്റോമെട്രിസ്റ്റ് (Optometrist) ആണോ?
- തെളിവുകൾ: ഈ അവകാശവാദങ്ങൾക്ക് പിയർ-റിവ്യൂഡ് പഠനങ്ങളുടെ പിന്തുണയുണ്ടോ? അവലംബങ്ങൾ നൽകിയിട്ടുണ്ടോ?
- സുരക്ഷയും വ്യാപ്തിയും: ഇത് എല്ലാവർക്കും ബാധകമായ കാര്യമാണോ അതോ ഒരു പ്രത്യേക കണ്ടീഷനുള്ളവർക്കുള്ള ഉപദേശമാണോ
- അതിശയോക്തിപരമായ ഭാഷ: “ഒറ്റരാത്രികൊണ്ട് കണ്ണിന് താഴെയുള്ള ചുളിവുകൾ മാറും”, “ഈ എണ്ണ ഉപയോഗിച്ച് ഗ്ലോക്കോമ ചികിത്സിക്കാം” തുടങ്ങിയ അവകാശവാദങ്ങൾ അപകട സൂചനകളാണ്.
- നിർദ്ദേശം: ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ ഒരു വിദഗ്ദ്ധനെ കാണാൻ ഇത് പ്രോത്സാഹിപ്പിക്കുന്നുണ്ടോ? ചികിത്സ വൈകുന്നത് അപകടകരമാണെന്ന് സൈറ്റ്സേവേഴ്സ് എടുത്തുപറയുന്നു.
ഉള്ളടക്കത്തിൽ ശ്രദ്ധാലുവായ വ്യക്തിയായിരിക്കുന്നതിലൂടെ, നിങ്ങളുടെ കണ്ണുകളെയും വിശ്വസനീയമായ ചികിത്സയിലുള്ള വിശ്വാസത്തെയും നിങ്ങൾ സംരക്ഷിക്കുകയാണ്.
4. ശാസ്ത്രീയ അടിത്തറയുള്ള സ്മാർട്ട് ശീലങ്ങൾ
നിങ്ങൾക്ക് ഇന്ന് തന്നെ തുടങ്ങാൻ കഴിയുന്ന, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചില ആരോഗ്യ ശീലങ്ങൾ ഇതാ:
- ഇടയ്ക്കിടെ കണ്ണുചിമ്മുക: സ്‌ക്രീനുകൾ ഉപയോഗിക്കുമ്പോൾ നമ്മൾ കണ്ണുചിമ്മുന്നത് കുറയ്ക്കുന്നു—ഇത് കണ്ണുനീർ പാളിയുടെ താളം തെറ്റിക്കുകയും വരൾച്ചയ്ക്ക് കാരണമാവുകയും ചെയ്യും.
- കൃത്യമായ ഇടവേളകൾ എടുക്കുക: ഉദാഹരണത്തിന്, 20–30 മിനിറ്റ് നേരം അടുത്തുള്ള ജോലി ചെയ്ത ശേഷം, 20–30 സെക്കൻഡ് നേരത്തേക്ക് ദൂരേക്ക് നോക്കുക. 20-20-20 നിയമത്തിന് ഉയർന്ന നിലവാരമുള്ള തെളിവുകൾ കുറവാണെങ്കിലും, പതിവായ ഇടവേളകൾ കണ്ണിന് ആശ്വാസം നൽകുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യും.
- വെളിച്ചവും കോൺട്രാസ്റ്റും ക്രമീകരിക്കുക: സ്‌ക്രീനിലെ ഗ്ലെയർ (പ്രതിഫലനം) കുറയ്ക്കുക, മുറിയിൽ മതിയായ വെളിച്ചം ഉറപ്പാക്കുക, സ്‌ക്രീനിൻ്റെ തെളിച്ചം ക്രമീകരിക്കുക.
- സ്‌ക്രീൻ/വായനാ ദൂരം: സ്‌ക്രീൻ ഏകദേശം ഒരു കൈ അകലത്തിൽ (50–70 സെ.മീ) കണ്ണിന്റെ തലത്തിന് അല്പം താഴെയായി വയ്ക്കുക.
- ജലാംശവും ചുറ്റുപാടും: മുറിയിൽ ഈർപ്പം നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കുക (വരണ്ട വായു കണ്ണിന് അസ്വസ്ഥതയുണ്ടാക്കും), കണ്ണുനീർ ഉൽപാദനത്തെ സഹായിക്കാൻ ധാരാളം വെള്ളം കുടിക്കുക.
- താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നേത്രരോഗ വിദഗ്ദ്ധനെ സന്ദർശിക്കുക: തുടർച്ചയായ ചുവപ്പ്, വേദന, കണ്ണുനീർ വരിക, കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള അണുബാധകൾ, അല്ലെങ്കിൽ കാഴ്ചയിൽ “ഫ്ലോട്ടറുകൾ” (Floaters) കാണുക.
5. വർത്തമാനകാലത്ത് കൂടുതൽ പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട്?
- അമിതമായ സ്‌ക്രീൻ ഉപയോഗം: വിദൂര ജോലി, ഓൺലൈൻ പഠനം, മൊബൈൽ അധിഷ്ഠിത ജീവിതശൈലി എന്നിവ കാരണം നമ്മുടെ കണ്ണുകൾക്ക് മുമ്പെങ്ങുമില്ലാത്തവിധം ആയാസമുണ്ട്. ഉദാഹരണത്തിന്, സ്‌ക്രീൻ ഉപയോഗിക്കുന്നവരിൽ ഡിജിറ്റൽ ഐ സ്‌ട്രെയ്ൻ വർധിച്ചു വരുന്നു.
- തെറ്റായ വിവരങ്ങളുടെ പ്രചാരണം: സൈറ്റ്സേവേഴ്സ് ഇന്ത്യ സൂചിപ്പിച്ചതുപോലെ, ഓൺലൈനിലെ നേത്രാരോഗ്യ ഉള്ളടക്കങ്ങൾ നിയന്ത്രണമില്ലാതെ വർദ്ധിക്കുന്നു, ഇത് ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രതിവിധികളുടെ വ്യാപനം എളുപ്പമാക്കുന്നു.
- ദോഷസാധ്യത: വിദഗ്ധർ പരിശോധിക്കാത്ത ഉപദേശങ്ങൾ പിന്തുടരുന്നത് ആവശ്യമായ ചികിത്സ വൈകിപ്പിച്ചേക്കാം—നേത്രാരോഗ്യത്തിൽ കാലതാമസം കാഴ്ച മോശമാവുന്നതിനോ സങ്കീർണ്ണതകൾക്കോ കാരണമാവാം.
- പ്രതിരോധ സാധ്യത: പല കാഴ്ചാ പ്രശ്നങ്ങളും വിദഗ്ദ്ധരെ കണ്ടാൽ തുടക്കത്തിൽ തന്നെ പരിഹരിക്കാൻ കഴിയും; ഓൺലൈനിലെ തെറ്റിദ്ധാരണകൾ കാരണം നേരത്തെയുള്ള ചികിത്സാ സാധ്യതകൾ നഷ്ടപ്പെട്ടേക്കാം.
6. സംക്ഷിപ്തം: ഡിജിറ്റൽ യുഗത്തിലെ നേത്രജ്ഞാനം
നിങ്ങളുടെ കണ്ണുകൾ അമൂല്യമാണ്. അവയാണ് നിങ്ങളെ ചുറ്റുമുള്ള ലോകവുമായി ബന്ധിപ്പിക്കുന്നത്. സ്‌ക്രീനുകൾ ആധിപത്യം സ്ഥാപിക്കുകയും വൈറൽ തന്ത്രങ്ങൾ പ്രചരിക്കുകയും ചെയ്യുന്ന ഈ കാലത്ത്, കണ്ണുകളുടെ സംരക്ഷണ കാര്യത്തിൽ വിവേകത്തോടെ തീരുമാനമെടുക്കേണ്ടത് എന്നത്തേക്കാളും പ്രധാനമാണ്.
അതുകൊണ്ട്, അടുത്ത തവണ “അത്ഭുത തുള്ളിമരുന്നുകളെക്കുറിച്ചോ” “സ്‌ക്രീൻ-റീസെറ്റ് ഹാക്കുകളെക്കുറിച്ചോ” സോഷ്യൽ മീഡിയ ഉപദേശങ്ങൾ കാണുമ്പോൾ, ഈ കാര്യം ഓർക്കുക:
“നിങ്ങളുടെ കാഴ്ചയ്ക്ക് ‘ലൈക്കുകൾ’ അല്ല ആവശ്യം — കൃത്യമായ തെളിവുകളാണ്.”
നേത്രാരോഗ്യത്തെക്കുറിച്ചുള്ള ട്രെൻഡുകളെ വിമർശനാത്മകമായി സമീപിക്കാനും, തെളിയിക്കപ്പെട്ട ശീലങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനും, സംശയമുണ്ടെങ്കിൽ യോഗ്യതയുള്ള വിദഗ്ദ്ധരെ സമീപിക്കാനും nellikka.life നിർദ്ദേശിക്കുന്നു. കാരണം, വ്യക്തമായ കാഴ്ച തുടങ്ങുന്നത് വ്യക്തമായ തിരഞ്ഞെടുപ്പുകളിൽ നിന്നാണ്.
References:
- Sightsavers India. Truth vs. Trends: Protecting Your Eyes from Social Media Misinformation. May 2025.
- Domínguez-Salgado LA et al. Is the blue light filter for spectacles helpful in improving ocular health? Rev Mex Oftalmol. 2020;94:19.33.
- Talens-Estarelles C et al. The effects of breaks on digital eye strain, dry … 2023.
- Johnson S. 20-20-20 rule: Are these numbers Justified? 2023.




