പകർച്ചവ്യാധികളുടെ സീസൺ : ഈ കാലത്ത് അസുഖങ്ങൾ വർദ്ധിക്കാനുള്ള കാരണങ്ങളും സുരക്ഷിതരാകാനുള്ള മാർഗ്ഗങ്ങളും

വൈറൽ രോഗങ്ങളുടെ സീസണിൽ ആരോഗ്യം കാത്തുസൂക്ഷിക്കാൻ Nellikka.life നൽകുന്ന ഗൈഡ്
കാലാവസ്ഥ മാറുന്ന സമയത്ത് ആരോഗ്യമേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് പകർച്ചവ്യാധികൾ. ഇടയ്ക്കിടെ അസുഖങ്ങൾ ബാധിക്കാനുള്ള കാരണങ്ങൾ എന്താണെന്നും പകർച്ചപ്പനി പ്രശ്നം സൃഷ്ടിക്കുമോ എന്നും വയറുമായി ബന്ധപ്പെട്ട രോഗങ്ങൾ ചില സീസണുകളിൽ വർദ്ധിക്കുന്നതെന്തുകൊണ്ടാണെന്നുമെല്ലാം നമുക്ക് സംശയം തോന്നാം.
ഋതുക്കൾ മാറുന്നതിനെത്തുടർന്നുണ്ടാകുന്ന രോഗങ്ങൾ പുതിയ കാര്യമല്ലെങ്കിലും അതിൻ്റെ തീവ്രതയും രോഗബാധയുടെ പ്രവചനാതീത സ്വഭാവവും ആവർത്തനവുമെല്ലാം ഈയിടെയായി വർദ്ധിച്ചുവരുന്നുണ്ട്. ഈ വർദ്ധന, സീസണൽ രോഗങ്ങളെ പൊതുജനാരോഗ്യപ്രശ്നമാക്കി മാറ്റിയിരിക്കുകയാണ്. വൈറൽ പനി, ഇൻഫ്ളുവൻസ,നോറോവൈറസ്, ഡെങ്കി,ശ്വാസകോശ രോഗങ്ങൾ, തൊണ്ടയിലെ അണുബാധ, കുടലിലെ അണുബാധകൾ എന്നിവയെല്ലാം ലോകത്തിൻ്റെ പലയിടങ്ങളിലായി കാലാവസ്ഥാമാറ്റങ്ങൾക്കൊപ്പം ദശലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന വലിയ പകർച്ചവ്യാധികളായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഇത്തരം രോഗവ്യാപനം കൂടാനുള്ള കാരണങ്ങളെക്കുറിച്ചും അസുഖങ്ങൾ ബാധിക്കാതെ സുരക്ഷിതമാകാൻ കൈക്കൊള്ളേണ്ട പ്രതിരോധമാർഗ്ഗങ്ങളെക്കുറിച്ചും എല്ലാവരും അറിഞ്ഞിരിക്കേണ്ടത് മുൻകാലങ്ങളേക്കാൾ പ്രാധാന്യം അർഹിക്കുന്നു
കാലാവസ്ഥ മാറുമ്പോൾ രോഗങ്ങൾ കൂടാൻ കാരണം?
നമ്മുടെ ശരീരത്തിനും പരിസ്ഥിതിക്കും രോഗം പരത്തുന്ന അണുക്കൾക്കുമെല്ലാം ഒരേസമയം മാറ്റങ്ങൾ സംഭവിക്കുന്നതുകൊണ്ടാണ് സീസൺ മാറുമ്പോൾ വ്യാധികളും വർദ്ധിക്കുന്നത്.
- ഊഷ്മാവിൽ പൊടുന്നനെ ഉണ്ടാകുന്ന വ്യതിയാനങ്ങൾ
ഋതുക്കൾ മാറിവരുമ്പോൾ അന്തരീക്ഷോഷ്മാവിൽ ദ്രുതഗതിയിൽ വ്യത്യാസം സംഭവിക്കുന്നു. ഈ മാറ്റങ്ങളെ ഉൾക്കൊള്ളാൻ നമ്മുടെ ശരീരം മന്ദഗതിയിലാണ് സജ്ജമാകുക. എന്നാൽ, ഈ അവസ്ഥയിൽ രോഗാണുക്കൾ വളരെ വേഗത്തിൽ പെറ്റുപെരുകുന്നു.
- തണുത്ത കാറ്റ് മൂക്കിനുൾവശം വരണ്ടതാക്കുന്നു
- ശ്വാസോച്ഛ്വാസപാതകളിലെ സ്വാഭാവിക ശുചീകരണ സംവിധാനം തണുപ്പുകാലത്ത് സാവധാനത്തിലാകുന്നു.
- അന്തരീക്ഷത്തിൽ പൊടുന്നനെ ഈർപ്പമുണ്ടാകുന്നത് വൈറസുകൾക്ക് വായുവിൽ കൂടുതൽ നേരം അതിജീവിക്കാൻ വഴിയൊരുക്കുന്നു.
ഈ സാഹചര്യങ്ങൾ കാലാവസ്ഥാമാറ്റത്തിനിടെ എളുപ്പത്തിൽ രോഗങ്ങൾ പിടിപെടാൻ കാരണമാകുന്നു.
2. സീസണുകളിലെ മാറ്റം വൈറസുകളുടെ കരുത്തുകൂട്ടുന്നു
ഇൻഫ്ളുവൻസ, ആർ എസ് വി, അഡിനോവൈറസ്, നോറോവൈറസ്, റൈനോവൈറസ് മുതലായ വൈറസുകൾ തണുത്ത, വരണ്ട കാലാവസ്ഥയിൽ കൂടുതൽ ശക്തരാകും.
ഉദാഹരണത്തിന്,
- ഈർപ്പം കുറഞ്ഞ സാഹചര്യങ്ങളിൽ ഇൻഫ്ളുവൻസ പകരുന്നതിൻ്റെ വേഗം 28% കൂടുന്നു.
- തണുപ്പേറിയ മാസങ്ങളിൽ നോറോവൈറസിൻ്റെ കരുത്തു കൂടുന്നു. മലിനമായ പ്രതലങ്ങളിലൂടെ അതിവേഗം വ്യാപിക്കുന്നു.
- ശ്വസനേന്ദ്രിയങ്ങളെ ആക്രമിക്കുന്ന വൈറസുകൾക്ക്,വായുസഞ്ചാരം കുറഞ്ഞ അകത്തളങ്ങളിൽ കൂടുതൽ സമയം അതിജീവിക്കാനാകുന്നു.
ഇക്കാരണങ്ങൾ മൂലമാണ് സീസൺ വ്യത്യാസപ്പെടുമ്പോൾ പകർച്ചപ്പനി, ജലദോഷം, ചുമ, വയറിലെ രോഗാണുബാധ എന്നിവയെല്ലാം വർദ്ധിക്കുന്നത്.
3. പ്രകൃതി മാറുമ്പോൾ മനുഷ്യമനസ്സും മാറുന്നു
കാലാവസ്ഥ മാറുന്നതിനനുസരിച്ച്, നമ്മുടെ ജീവിതശൈലിയും വ്യത്യാസപ്പെടുന്നു.
- കൂടുതൽ സമയം വീടുകൾക്കുള്ളിൽ കഴിച്ചുകൂട്ടുന്നു- സമ്പർക്ക സാദ്ധ്യത കൂടുന്നു.
- സ്കൂളുകൾ തുറക്കുമ്പോൾ പൊതുവായി ഉപയോഗിക്കപ്പെടുന്ന ഇടങ്ങൾ വർദ്ധിക്കുന്നു- അണുബാധകൾ അതിവേഗം വ്യാപിക്കുന്നു.
- മഴക്കാലത്തും തണുപ്പുകാലത്തും പൊതുഗതാഗതം തിരക്കേറുന്നു
- ആഘോഷ സീസണുകളിൽ വഴിയോരക്കടകളിൽ നിന്നും തട്ടുകടകളിൽ നിന്നും കൂടുതൽ പേർ ഭക്ഷണം കഴിക്കുന്നു
- തിരക്കേറിയ ജീവിതരീതികൾക്കിടയിൽ കൈകൾ ശുചിയായി സൂക്ഷിക്കാൻ വിട്ടുപോകുന്നു.
ഈ സാഹചര്യങ്ങൾ പകർച്ചവ്യാധികൾക്ക് പടർന്നുപിടിക്കാനുള്ള അവസരം ഒരുക്കുന്നു.
4. രോഗ പ്രതിരോധശേഷിക്കുറവ്
പ്രതിരോധശേഷി കുറയുന്ന സാഹചര്യങ്ങൾ ഇനിപ്പറയുന്നു:
- ഉറക്കപ്രശ്നങ്ങൾ
- മാനസിക സമ്മർദ്ദം
- കാലാവസ്ഥാമാറ്റത്തെത്തുടർന്നുള്ള നിർജലീകരണം
- വിറ്റാമിൻ അപര്യാപ്തത( വിറ്റാമിൻ ഡി, വിറ്റാമിൻ സി, സിങ്ക്)
കാലാവസ്ഥ മാറുമ്പോൾ, ശരീരത്തിൽ സൂക്ഷ്മസമ്മർദ്ദ പ്രതികരണങ്ങൾ ഉണ്ടാകുകയും അത്, രോഗാണുക്കളെ നേരിടാനുള്ള കരുത്തിനെ നേരിയ തോതിൽ ബാധിക്കുകയും ചെയ്യുന്നു.
ഈ സീസണിലെ സാധാരണ പകർച്ചവ്യാധികൾ
ആരോഗ്യസുരക്ഷാ റിപ്പോർട്ടുകൾ,കാലാവസ്ഥയിലെ പ്രാദേശിക വ്യത്യാസങ്ങൾ എന്നിവയനുസരിച്ച് കണ്ടുവരുന്ന പകർച്ചവ്യാധികളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ നൽകുന്നു.
1.വൈറൽ പനിയും ഫ്ളൂവിന് സമാനമായ അസുഖങ്ങളും (ഐഎൽഐ)
ലക്ഷണങ്ങൾ : പനി,ശരീരവേദന,തൊണ്ടവേദന. ചുമ,ക്ഷീണം
2.നോറോവൈറസും വയറിലെ അസുഖങ്ങളും
ലക്ഷണങ്ങൾ : ഛർദ്ദി,വയറിളക്കം,കോച്ചിപ്പിടുത്തം
വൃത്തിഹീനമായ സാഹചര്യങ്ങളിൽ നോറോവൈറസ് അതിവേഗം പടർന്നുപിടിക്കുന്നു
3. ശ്വാസകോശ വൈറൽ അണുബാധകൾ
ആർ എസ് വി, അഡിനോവൈറസ്, റൈനോവൈറസ് എന്നിവ കുട്ടികളെയും മുതിർന്നവരേയും ഒരുപോലെ ബാധിക്കുന്നു.
4.ഡെങ്കിപ്പനിയും കൊതുകുജന്യരോഗങ്ങളും
കാലാവസ്ഥാവ്യതിയാനത്തോടൊപ്പം മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം കൂടിയാകുമ്പോൾ കൊതുകുകൾക്ക് ദ്രുതഗതിയിൽ വളരാൻ സൗകര്യം ലഭിക്കുന്നു.
5. അണുബാധയ്ക്ക് ശേഷമുള്ള തളർച്ച
തുടർച്ചയായ ക്ഷീണം, ചിന്തകളിൽ അവ്യക്തത, രോഗം ഭേദമായ ശേഷവും പ്രതിരോധശേഷിക്കുറവ് എന്നിവ അനുഭവപ്പെടാം.
ജീവിതശൈലിയിൽ ശാസ്ത്രീയ പിൻബലമുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതുവഴി ഈ അസുഖങ്ങളെ പ്രതിരോധിക്കാൻ കഴിയും.
ചികിൽസ തേടേണ്ടതെപ്പോൾ?
താഴെപ്പറയുന്ന ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന പക്ഷം ഡോക്ടറെ സമീപിക്കണം.
- പനി 48 മണിക്കൂറിലധികം നീണ്ടുനിൽക്കുക
- തുടർച്ചയായ ഛർദ്ദി അല്ലെങ്കിൽ നിർജ്ജലീകരണം
- ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്
- മലത്തിൽ രക്തം കാണുക
- കഠിനമായ തലവേദന അല്ലെങ്കിൽ കഴുത്തിന് പിടുത്തം
- നെഞ്ചുവേദന
- പനിയും ശരീരത്തിൽ തിണർപ്പും
- കടുത്ത ക്ഷീണം
സീസൺ മാറുമ്പോൾ വരുന്ന പകർച്ചപ്പനി പൊതുവെ കാര്യമായി ബാധിക്കില്ല എങ്കിലും അസുഖത്തിൻ്റെ തുടക്കത്തിൽ ലക്ഷണങ്ങൾ അവഗണിച്ച് ചികിൽസ തേടിയില്ലെങ്കിൽ രോഗം സങ്കീർണ്ണമായേക്കാം.
കാലാവസ്ഥാമാറ്റം : പ്രതിരോധ ശേഷി എങ്ങനെ വർദ്ധിപ്പിക്കാം
പ്രതിരോധം തന്നെയാണ് പകർച്ചവ്യാധികളുടെ കാലത്തും സുരക്ഷിതമാകാനുള്ള മാർഗ്ഗം.
1.സ്വാഭാവിക പ്രതിരോധ മാർഗ്ഗങ്ങൾ ശക്തിപ്പെടുത്താം
- നാസാരന്ധ്രങ്ങൾ ഈർപ്പമുള്ളതാക്കി സൂക്ഷിക്കുക.വരണ്ട കാറ്റ് രോഗസാദ്ധ്യത വർദ്ധിപ്പിക്കും.
- തണുത്ത കാലാവസ്ഥയിൽ കഴുത്തും നെഞ്ചും മൂടുന്ന വസ്ത്രങ്ങൾ ധരിച്ചുമാത്രം പുറത്തിറങ്ങുക.
- അകത്തളങ്ങളിൽ വായു വരണ്ടതാണെങ്കിൽ ഹ്യുമിഡിഫയർ ഉപയോഗിക്കുക.
- പോഷകങ്ങൾ ഉറപ്പാക്കാം
- വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം : ഓറഞ്ച്, പേരയ്ക്ക, നെല്ലിക്ക
- സിങ്ക്: മത്തങ്ങ വിത്തുകൾ,പയർ വർഗ്ഗങ്ങൾ,നട്സ്
- പ്രോബയോട്ടിക്സ് : തൈര്, പുളിപ്പിച്ച ഭക്ഷണങ്ങൾ
- മഞ്ഞളും ഇഞ്ചിയും ചേർത്ത ചൂടുവെള്ളം
- ജലാംശം നിലനിർത്താം : 2.5-3 ലിറ്റർ വെള്ളം ദിവസവും കുടിക്കണം
- അവഗണിക്കാൻ പാടില്ലാത്ത ശുചിത്വശീലങ്ങൾ
- ആഹാരം കഴിക്കുന്നതിനു മുമ്പും പുറത്തുപോയി വന്ന ശേഷവും കൈകൾ കഴുകി വൃത്തിയാക്കുക
- സാനിറ്റൈസർ ഉപയോഗിക്കുക
- ഇടയ്ക്കിടെ മുഖത്ത് തൊടുന്നത് ഒഴിവാക്കുക
- തുടർച്ചയായി ഉപയോഗിക്കുന്ന പ്രതലങ്ങൾ(ഫോൺ,വാതിൽപ്പിടികൾ മുതലായവ) അണുവിമുക്തമാക്കുക
4. ശ്വാസകോശത്തിന് കരുത്തേകാം
- ദിവസത്തിലൊരിക്കൽ ആവി കൊള്ളുക
- ശ്വസനവ്യായാമങ്ങൾ പരിശീലിക്കുക
- പുകവലി ഒഴിവാക്കുക, മലിനീകരണമുള്ള സാഹചര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുക.
5.വയറിലെ അണുബാധകൾ തടയാം
നോറോവൈറസ്, കുടലിനെ ബാധിക്കുന്ന രോഗാണുക്കൾ എന്നിവ ആരോഗ്യം വഷളാക്കാൻ സാദ്ധ്യതയുണ്ട്.
പ്രതിരോധിക്കാനുള്ള വഴികൾ :
- പഴകിയ ആഹാരം കഴിക്കരുത്
- വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന സാലഡുകൾ, കട്ട് ഫ്രൂട്ടുകൾ,ജ്യൂസുകൾ എന്നിവ ഒഴിവാക്കാം
- കുടിവെള്ളം അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തുക
- ആഹാരം കഴിക്കുന്നതിന് മുമ്പ് കൈകൾ നന്നായി വൃത്തിയാക്കുക
- അടുക്കളയും ഫ്രിഡ്ജും വൃത്തിയായി സൂക്ഷിക്കുക.
പ്രത്യേകശ്രദ്ധയ്ക്ക് : കുഞ്ഞുങ്ങളെയും പ്രായമേറിയവരെയും രോഗങ്ങൾ പെട്ടെന്ന് ബാധിച്ചേക്കാം
കുട്ടികൾ പൊതുവെ എല്ലാ പ്രതലങ്ങളിലും തൊട്ടുനോക്കുകയും കൈകൾ വായിൽ വെയ്ക്കുകയും ചെയ്യാനിടയുണ്ട്. സ്കൂളുകളിൽ പകർച്ചപ്പനി വേഗത്തിൽ വ്യാപിച്ചേക്കാം. പ്രായമായവർക്ക് സ്വാഭാവികമായും രോഗപ്രതിരോധശേഷി കുറവായിരിക്കും. അവർക്ക് പ്രത്യേകശ്രദ്ധ നൽകണം.
- കുത്തിവെയ്പ്പുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക
- പകർച്ചവ്യാധികൾ പടരുന്ന സാഹചര്യങ്ങളിൽ കുട്ടികളെയും വൃദ്ധരെയും വീടിനു പുറത്ത് കൊണ്ടുപോകാതിരിക്കുക.
- ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- വിശപ്പു കുറവ്, ക്ഷീണം മുതലായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് വേണ്ട പരിശോധനകൾ നടത്തുക.
സീസണനുസരിച്ച് വരുന്ന അസുഖങ്ങൾ സാധാരണ പനിയാകാനിടയില്ല. അത്തരം അസുഖങ്ങൾ, കാലാവസ്ഥാവ്യതിയാനങ്ങൾക്കു മുമ്പിൽ നമ്മുടെ ശരീരം എത്രമാത്രം സെൻസിറ്റീവ് ആണെന്നതിനുള്ള ലക്ഷണമാണ് പ്രകടമാക്കുന്നത്.
ആരോഗ്യത്തിനും ഒരു താളമുണ്ട്. കാലാവസ്ഥ മാറുമ്പോൾ, കൂടുതൽ ശ്രദ്ധ ചെലുത്താനും പോഷകങ്ങൾ ഉറപ്പാക്കാനും അവബോധം സൃഷ്ടിക്കാനും നമ്മുടെ ശരീരം നമ്മളോട് ആവശ്യപ്പെടുന്നു.
ചെറിയ ചില പ്രതിരോധ ശീലങ്ങളിലൂടെ, ശ്രദ്ധാപൂർവ്വമുള്ള ആഹാരരീതികളിലൂടെ, സമ്പൂർണ്ണശുചിത്വത്തിലൂടെ, മതിയായ വിശ്രമത്തിലൂടെ, കാലാവസ്ഥാമാറ്റങ്ങളുടെ കാലത്തും രോഗബാധിതരാകാതിരിക്കാൻ നമുക്ക് സാധിക്കും.




