സീഫുഡ് അലർജിയും ഫിഷ് പോയ്സണിംഗും: അറിഞ്ഞിരിക്കേണ്ട അപകടസാദ്ധ്യതകൾ

സീഫുഡ് അലർജിയും ഫിഷ് പോയ്സണിംഗും: അറിഞ്ഞിരിക്കേണ്ട അപകടസാദ്ധ്യതകൾ

കടൽവിഭവങ്ങൾ കഴിക്കുന്നതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്ന വർത്തമാന സാഹചര്യത്തിൽ   ആഹാരകാര്യത്തിൽ ജനങ്ങൾക്ക് പൊതുവെ ഒരു ഭീതി അനുഭവപ്പെടുന്നുണ്ട്. 

സീഫുഡ് അലർജിയെക്കുറിച്ചും ഫിഷ് പോയ്സണിങ്ങിനെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കുന്നത് അനാവശ്യഭീതി ഒഴിവാക്കുന്നതിനൊപ്പം സ്വയം ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും സഹായിക്കും. 

കടൽവിഭവങ്ങളിൽ നിന്ന് എങ്ങനെയാണ് വിഷബാധ ഏൽക്കുന്നത്?

അലർജിയാണോ ഇതിന് കാരണം? ഏതെല്ലാം വിഭവങ്ങളാണ് ആരോഗ്യപ്രശ്നങ്ങൾക്കിട വരുത്തുന്നത് തുടങ്ങി നിരവധി ചോദ്യങ്ങൾ സാധാരണ ജനങ്ങൾക്കിടയിൽ നിന്നുയരുന്നുണ്ട്. നമുക്ക് എല്ലാക്കാര്യങ്ങളും ശാസ്ത്രീയതലത്തിൽത്തന്നെ മനസ്സിലാക്കാം.

പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമായ, ഏറ്റവും പോഷകഗുണമുള്ള ആഹാരങ്ങളിൽ ഒന്നാണ് സീഫുഡ് അഥവാ കടൽവിഭവങ്ങൾ. എന്നാൽ ചിലരിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

എന്താണ് സീഫുഡ് അലർജി?

മത്സ്യങ്ങളിലോ മറ്റ് കടൽ വിഭവങ്ങളിലോ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകൾ ശരീരത്തിന് ഹാനികരമാണെന്ന് നമ്മുടെ പ്രതിരോധ സംവിധാനം (Immune System) തെറ്റായി ധരിക്കുമ്പോഴാണ് സീഫുഡ് അലർജി ഉണ്ടാകുന്നത്.

ആ പ്രോട്ടീനുകളെ സാധാരണ രീതിയിൽ സ്വീകരിക്കുന്നതിന് പകരം, പ്രതിരോധ സംവിധാനം ‘ഹിസ്റ്റമിൻ’ (Histamine) പോലുള്ള രാസവസ്തുക്കൾ പുറപ്പെടുവിക്കുന്നു. ഇത് താഴെ പറയുന്ന ലക്ഷണങ്ങൾക്ക് കാരണമാകുന്നു:

  • ചൊറിച്ചിൽ, തൊലിപ്പുറത്തെ ചുവന്ന പാടുകൾ
  • ചുണ്ടിലോ മുഖത്തോ വീക്കമുണ്ടാകുക
  • ഛർദ്ദി, വയറിളക്കം
  • ശ്വാസതടസ്സം
  • രക്തസമ്മർദ്ദം പെട്ടെന്ന് താഴുക (ഗുരുതരാവസ്ഥയിലുള്ള സാഹചര്യങ്ങളിൽ)

കൊഞ്ച്, ഞണ്ട്, ലോബ്സ്റ്റർ തുടങ്ങിയ കടുപ്പമേറിയ പുറംതോടുള്ള കടൽ ജീവികളാണ് (Crustaceans) സാധാരണയായി ഇത്തരം അലർജികൾക്ക് കാരണമാകുന്നത്. ചില സന്ദർഭങ്ങളിൽ ഇത് അനാഫിലാക്സിസ് (Anaphylaxis) എന്ന, ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അടിയന്തര സാഹചര്യത്തിലേക്ക് നയിച്ചേക്കാം.

സ്കോംബ്രോയ്ഡ് ഫിഷ് പോയ്സണിംഗ് (ഹിസ്റ്റമിൻ ടോക്സിസിറ്റി)

എല്ലാത്തരം ശാരീരിക അസ്വസ്ഥതകളും യഥാർത്ഥത്തിൽ അലർജി ആകണമെന്നില്ല.

ചില സന്ദർഭങ്ങളിൽ, ശരിയായ രീതിയിൽ സൂക്ഷിക്കാത്ത മത്സ്യങ്ങളിൽ ബാക്ടീരിയകളുടെ പ്രവർത്തനം മൂലം ‘ഹിസ്റ്റമിൻ’ അമിതമായി ഉത്പാദിപ്പിക്കപ്പെടാറുണ്ട്. ഇങ്ങനെയുള്ള മത്സ്യം കഴിക്കുമ്പോൾ അലർജിക്ക് സമാനമായ ലക്ഷണങ്ങൾ പ്രകടമാകുന്നു:

  • മുഖം ചുവന്നു തടിക്കുക
  • തലവേദന
  • നെഞ്ചിടിപ്പ് കൂടുക
  • ഓക്കാനം
  • ഛർദ്ദി
  • വയറിളക്കം

ഈ അവസ്ഥയെയാണ് സ്കോംബ്രോയ്ഡ് ഫിഷ് പോയ്സണിംഗ് എന്ന് പറയുന്നത്.

ഒരിക്കൽ ഹിസ്റ്റമിൻ രൂപപ്പെട്ടുകഴിഞ്ഞാൽ, പാകം ചെയ്താലും അതില്ലാതാകില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അതുകൊണ്ടുതന്നെ, മത്സ്യം ശരിയായ രീതിയിൽ ശീതീകരിച്ചു സൂക്ഷിക്കേണ്ടതും (Refrigeration) കൈകാര്യം ചെയ്യേണ്ടതുമാണ്.  

സ്യൂഡോ അലർജി

ചില സമയങ്ങളിൽ, നമുക്കുണ്ടാകുന്ന അസ്വസ്ഥതകൾ സീഫുഡ് കഴിക്കുന്നതുകൊണ്ടാകണമെന്നില്ല. വിഭവങ്ങളിൽൽ ചേർത്തിട്ടുള്ള മറ്റ് ഘടകങ്ങളും അലർജിക്ക് കാരണമാകാം:

  • കൃത്രിമ നിറങ്ങൾ (Artificial food colours)
  • രുചി വർദ്ധിപ്പിക്കാൻ ചേർക്കുന്ന വസ്തുക്കൾ (Taste enhancers)
  • കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന പ്രിസർവേറ്റീവുകൾ (Preservatives)
  • മറ്റ് രാസവസ്തുക്കൾ (Chemical additives)

നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ (Immune System) തെറ്റായ പ്രതികരണമില്ലാതെ തന്നെ, അലർജിക്ക് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കാൻ ഇത്തരം വസ്തുക്കൾക്ക് സാധിക്കും. ഇതിനെയാണ് സ്യൂഡോ അലർജി എന്ന് വിശേഷിപ്പിക്കുന്നത്.

ചിലരെ മാത്രം ബാധിക്കാൻ കാരണം?

ഒരേ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽപ്പോലും എല്ലാവരിലും ഒരേ പ്രതികരണമല്ല ഉണ്ടാകുന്നത്. ഇതിന് പിന്നിൽ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്:

  • വ്യക്തിപരമായ ശാരീരിക പ്രത്യേകതകൾ: ഓരോരുത്തരുടെയും രോഗപ്രതിരോധ ശേഷിയും സംവേദനക്ഷമതയും വ്യത്യസ്തമാണ്. ഒരാൾക്ക് യാതൊരു പ്രശ്നവുമില്ലാത്ത ആഹാരം മറ്റൊരാളുടെ ശരീരത്തിന് അലർജി ഉണ്ടാക്കിയേക്കാം.
  • പ്രായവും ആരോഗ്യസ്ഥിതിയും: പ്രായമായവർക്കും, കുട്ടികൾക്കും, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും (ഉദാഹരണത്തിന് ആസ്ത്മയോ മറ്റ് അലർജികളോ ഉള്ളവർ) സീഫുഡ് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ വരാൻ സാധ്യത കൂടുതലാണ്.
  • കഴിക്കുന്ന അളവ്: ചിലർക്ക് ചെറിയ അളവിൽ കഴിക്കുമ്പോൾ പ്രശ്നമുണ്ടാകില്ല, എന്നാൽ അമിതമായി കഴിക്കുന്നത് ശരീരത്തിന് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല.
  • ഫ്രഷ്നസും സൂക്ഷിക്കുന്ന രീതിയും: മത്സ്യത്തിൻ്റെ പഴക്കവും  ഐസിട്ടു സൂക്ഷിക്കുന്ന രീതിയും പ്രധാനമാണ്. ശരിയായ രീതിയിൽ സൂക്ഷിക്കാത്ത മത്സ്യം കഴിക്കുന്നത് എല്ലാവരിലും അസ്വസ്ഥതകൾ സൃഷ്ടിക്കും.

കുട്ടികളിലെ സീഫുഡ് അലർജി: പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആഹാര കാര്യത്തിൽ, മുതിർന്ന വ്യക്തികളിൽ നിന്നു വ്യത്യസ്തമായ ശാരീരിക പ്രതികരണങ്ങളാണ് കുട്ടികളുടേത്. കുഞ്ഞുങ്ങളുടെ പ്രതിരോധ സംവിധാനം (Immune system) വളർച്ചയുടെ ഘട്ടത്തിലായതുകൊണ്ട് തന്നെ, വിഷാംശങ്ങളോടും അലർജിയുണ്ടാക്കുന്ന വസ്തുക്കളോടും അവരുടെ ശരീരം പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും.

കുട്ടികളിൽ സീഫുഡ് അലർജി കൂടുതൽ അപകടകരമാകാൻ കാരണമാകുന്ന ഘടകങ്ങൾ ഇവയാണ്:

അപക്വമായ പ്രതിരോധ സംവിധാനം: 

കുട്ടികളുടെ പ്രതിരോധ സംവിധാനം വികസിച്ചുവരുന്ന ഘട്ടത്തിലായിരിക്കും. അതിനാൽ, ദോഷകരമല്ലാത്ത പ്രോട്ടീനുകളെപ്പോലും ഹാനികരമാണെന്ന് തെറ്റായി ധരിച്ച് ശരീരം അമിതമായി പ്രതികരിക്കാൻ സാധ്യതയുണ്ട്.

നിർജ്ജലീകരണം:

ഭക്ഷ്യവിഷബാധ മൂലം ഛർദ്ദിയോ വയറിളക്കമോ ഉണ്ടായാൽ മുതിർന്നവരേക്കാൾ വേഗത്തിൽ കുട്ടികളുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.

ആശയവിനിമയത്തിലെ പ്രയാസങ്ങൾ:

തൊണ്ടയിൽ ഉണ്ടാകുന്ന അസ്വസ്ഥതയോ നെഞ്ചിലെ ബുദ്ധിമുട്ടോ തലകറക്കമോ ഒന്നും കൃത്യമായി വിവരിക്കാൻ ചെറിയ കുട്ടികൾക്ക് കഴിഞ്ഞെന്നു വരില്ല. ഇത് പലപ്പോഴും പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നതു വൈകാൻ കാരണമാകുന്നു.

ആദ്യ പ്രതികരണം തന്നെ ഗുരുതരമാകാം:

മുൻപ് സീഫുഡ് കഴിക്കുമ്പോൾ കുഴപ്പമില്ലായിരുന്നുവെങ്കിലും പെട്ടെന്നൊരു ദിവസം അലർജി പ്രത്യക്ഷപ്പെടാം. ചിലപ്പോൾ ആദ്യമായി പ്രകടമാകുന്ന ലക്ഷണം തന്നെ വളരെ തീവ്രമായേക്കാം.

സ്കൂളുകളിലും യാത്രകളിലുമുള്ള സാധ്യതകൾ:

യാത്രകളിലും സ്കൂൾ ട്രിപ്പുകളിലും അല്ലെങ്കിൽ റെസ്റ്റോറന്റുകളിൽ നിന്നു  ഭക്ഷണം കഴിക്കുമ്പോഴും അലർജിയുണ്ടാക്കുന്ന വിഭവങ്ങൾ അബദ്ധത്തിൽ കലരാൻ (Cross-contamination) സാധ്യതയുണ്ട്. കുട്ടികൾക്ക് അലർജി ഉണ്ടെങ്കിൽ അത് ഭക്ഷണം നൽകുന്നവരെ മുൻകൂട്ടി അറിയിക്കാൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടികളിലെ അപകട ലക്ഷണങ്ങൾ (Red Flags)

താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്:

  • തുടർച്ചയായുള്ള ഛർദ്ദി
  • ചുണ്ടുകളിലോ കൺപോളകളിലോ ഉണ്ടാകുന്ന അസാധാരണമായ വീക്കം
  • ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം അല്ലെങ്കിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്
  • അമിതമായ തളർച്ച
  • വിളറിയ ചർമ്മം
  • വിട്ടുമാറാത്ത വയറുവേദന

മാതാപിതാക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ 

കുടുംബത്തിൽ ആർക്കെങ്കിലും അലർജി ഉണ്ടെങ്കിൽ, പീഡിയാട്രീഷ്യന്റെ ഉപദേശം തേടിയതിനുശേഷം മാത്രം കുട്ടിക്ക് സീഫുഡ് നൽകി തുടങ്ങുക.

ചെറിയ കുട്ടികൾക്ക് റോഡരികിലെ കടകളിൽ നിന്നുള്ള സീഫുഡ് വിഭവങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കുക.

മത്സ്യം വാങ്ങുമ്പോഴും പാകം ചെയ്യുമ്പോഴും അത് ഫ്രെഷ് ആണെന്നും കൃത്യമായ താപനിലയിൽ സൂക്ഷിച്ചതാണെന്നും ഉറപ്പുവരുത്തുക.

ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അലർജിക്കുള്ള മരുന്നുകൾ (Antihistamines) എപ്പോഴും കൂടെ കരുതുക.

കുട്ടിക്ക് അലർജി ഉണ്ടെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ, അത്യാഹിത സാഹചര്യമുണ്ടായാൽ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു പ്ലാൻ തയ്യാറാക്കി വെയ്ക്കുക.

അപകട ലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക:

താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഡോക്ടറെ സമീപിക്കണം:

  • ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക
  • തൊണ്ടയിൽ വീക്കം ഉണ്ടാവുകയോ ശ്വാസനാളം അടയുന്നതായി തോന്നുകയോ ചെയ്യുക
  • കഠിനമായ ഛർദ്ദി
  • രക്തസമ്മർദ്ദം പെട്ടെന്ന് താഴുക
  • സീഫുഡ് കഴിച്ചതിനുശേഷം അസ്വസ്ഥതകൾ മാറാതെ തുടരുക

കടൽവിഭവങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

പഴകിയ മത്സ്യം ഒഴിവാക്കുക: ഫ്രഷ് അല്ലാത്തതോ ശരിയായ രീതിയിൽ സൂക്ഷിക്കാത്തതോ ആയ സീഫുഡ് ഒഴിവാക്കുക.

കടൽവിഭവങ്ങൾ വേണ്ടപോലെ വേവിച്ചിട്ടുണ്ട് എന്നുറപ്പുവരുത്തുക.

വിശ്വസനീയമായ ഇടങ്ങളിൽ നിന്ന് മാത്രം വാങ്ങുക.

മത്സ്യം വാങ്ങിക്കഴിഞ്ഞാൽ വൈകാതെ തന്നെ ശരിയായ ഊഷ്മാവിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക.

അലർജി ഉണ്ടെങ്കിൽ റെസ്റ്റോറന്റുകളിലും മറ്റും അത് മുൻകൂട്ടി വ്യക്തമായി അറിയിക്കുക.

കുട്ടികൾക്കും പ്രായമായവർക്കും സീഫുഡ് നൽകുമ്പോൾ അതീവ ജാഗ്രത പാലിക്കുക.

ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ചികിത്സ തേടുന്നത് അപകടസാധ്യത കുറയ്ക്കും.

കടൽവിഭവങ്ങൾ പോഷകസമൃദ്ധമാണ്. പക്ഷെ അത് സുരക്ഷിതമായി കൈകാര്യം ചെയ്യുകയും വേണ്ടരീതിയിൽ കഴിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഗുണകരമാകൂ.

അലർജി, ഹിസ്റ്റമിൻ പോയ്സണിംഗ്, സ്യൂഡോ അലർജി എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും.

കൃത്യമായ അറിവാണ് ഏറ്റവും മികച്ച പ്രതിരോധം എന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.

Final Word

തയ്യാറാക്കിയത്: ഡോ.വീണ വി നായർ എംബിബിഎസ്, എംഡി, പിഡിസിസി പിജി സർട്ടിഫിക്കറ്റ് ഇൻ അലർജി ആൻ്റ് ഇമ്മ്യൂണോളജി

സീനിയർ കൺസൾട്ടൻറ് ഇൻ പീഡിയാട്രിക് എൻഡോക്രൈനോളജി ആൻ്റ് അലർജിഐറിസ് ഹോസ്പിറ്റൽ, തിരുവനന്തപുരം

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe