അവരവർക്കായി സമയം കണ്ടെത്താം: സ്വാർത്ഥതയല്ലത്, ജീവശ്വാസം പോലെ അനിവാര്യം

ഉത്പാദനക്ഷമതയെ പുകഴ്ത്തിപ്പാടുകയും വിശ്രമത്തിൻ്റെ കാര്യത്തിൽ കുറ്റബോധം തോന്നിക്കുകയും ചെയ്യുന്ന ഒരു ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്.
ഫോൺ ഓഫ് ചെയ്യുമ്പോഴോ, പുതിയൊരു ഉത്തരവാദിത്തത്തോട് ‘നോ’ പറയുമ്പോഴോ, അല്ലെങ്കിൽ നിങ്ങൾക്കായി ഒരു മണിക്കൂർ ശാന്തമായി ഇരിക്കുമ്പോഴോ എപ്പോഴെങ്കിലും അത് സ്വാർത്ഥതയായി തോന്നിയെങ്കിൽ — നിങ്ങൾ ഒറ്റയ്ക്കല്ല. ഇതേ തോന്നലുകളിലൂടെ കടന്നുപോകുന്ന നിവധി പേർ നമുക്കു ചുറ്റുമുണ്ട്.
നിങ്ങൾക്കായി സമയം കണ്ടെത്തുന്നത് അനാവശ്യകാര്യമല്ല — അത് നിങ്ങളുടെ മാനസിക, വൈകാരിക, ശാരീരിക ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് എന്നതാണ് യാഥാർത്ഥ്യം.
വാസ്തവത്തിൽ, ‘എനിക്കായുള്ള സമയം’ (Me Time) എന്നതിൻ്റെ പിന്നിലെ ശാസ്ത്രം തെളിയിക്കുന്നത്, ഒറ്റയ്ക്കും സ്വയംപരിപാലനത്തിനുമായി (Self-care) ചെലവഴിക്കുന്ന നിമിഷങ്ങൾ സർഗ്ഗാത്മകതയെ, പ്രതിരോധശേഷിയെ, സന്തോഷത്തെ നിലനിർത്താൻ ആവശ്യമായ അനിവാര്യ ഘടകങ്ങളാണ് എന്നാണ്.
‘സ്വന്തം സമയം’ അഥവാ എനിക്കായുള്ള സമയം എന്നാൽ എന്താണ്?
‘എനിക്കായുള്ള സമയം’ എന്നാൽ ബ്യൂട്ടി പാർലറിൽ പോകുന്നതോ അല്ലെങ്കിൽ ചടഞ്ഞിരുന്ന് തുടർച്ചയായി നെറ്റ്ഫ്ലിക്സ് കാണുന്നതോ അല്ല. അത് ഒരു ചെറിയ ഇടവേളയാണ് — ലക്ഷ്യബോധത്തോടെയുള്ള ഇടവേള. നിങ്ങളുടെ ഊർജ്ജം റീചാർജ് ചെയ്യാനും സ്വന്തം മനസ്സ് പറയുന്നത് ശ്രദ്ധിക്കാനും നിരന്തരമായ ആവശ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും വേണ്ടിയുള്ള സമയം.
അത് ഒറ്റപ്പെടലല്ല (isolation); മറിച്ച് സമരസപ്പെടലാണ് — നിങ്ങളോടുതന്നെയും നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോടും ജീവിതത്തിന് അർത്ഥം നൽകുന്ന കാര്യങ്ങളോടുമുള്ള ബോധ്യമാണത്.
മനഃശാസ്ത്രപരമായ ഭാഷയിൽ ഇതിനെ സ്വയം നിയന്ത്രണം (Self-regulation) എന്ന് വിളിക്കുന്നു: നിങ്ങളുടെ ആന്തരിക ആവശ്യങ്ങൾ നിറവേറ്റി സന്തുലിതാവസ്ഥ നിലനിർത്തുന്ന പ്രക്രിയ.
വിശ്രമിക്കാനോ, ചിന്തിക്കാനോ, അല്ലെങ്കിൽ വെറുതെ ശ്വാസമെടുക്കാനോ വേണ്ടി നിങ്ങൾ സമയം മാറ്റിവയ്ക്കുമ്പോൾ, നിങ്ങൾ ജീവിതത്തിൽ നിന്ന് പിന്മാറുന്നില്ല, കൂടുതൽ മികച്ച രീതിയിൽ പങ്കുചേരുകയാണ് ചെയ്യുന്നത്.
ഒറ്റയ്ക്കിരിക്കുന്നതിൻ്റെ പിന്നിലെ ശാസ്ത്രം
സ്വാർത്ഥതയുടെ ലക്ഷണമാകുന്നതിനുപകരം, ഒറ്റയ്ക്കിരിക്കുന്നത് അഥവാ ഏകാന്തതയിൽ സമയം ചെലവഴിക്കുന്നത് മാനസികവും നാഡീപരവുമായ നിരവധി ഗുണങ്ങൾ നൽകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ബോധപൂർവ്വം ഏകാന്തതയിൽ സമയം ചെലവഴിക്കുന്നത് കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും, ശ്രദ്ധ വർദ്ധിപ്പിക്കാനും, വൈകാരിക നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കുന്നു എന്നാണ് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ (APA) നടത്തിയ ഗവേഷണങ്ങൾ പറയുന്നത്.
‘ജേണൽ ഓഫ് പോസിറ്റീവ് സൈക്കോളജി’ യിലെ 2021ലെ ഒരു പഠനം കണ്ടെത്തിയത്, ദിവസവും വെറും 15 മിനിറ്റ് ശാന്തമായ ചിന്തയിൽ (quiet reflection) ചെലവഴിക്കുന്നത് പോലും വ്യക്തികളുടെ സന്തോഷത്തിൻ്റെയും ആത്മാനുകമ്പയുടേയും (self-compassion) തോത് വർദ്ധിപ്പിക്കുന്നു എന്നാണ്.
നാഡീശാസ്ത്രസംബന്ധിയായി നോക്കിയാൽ, ഒറ്റയ്ക്കിരിക്കുമ്പോൾ നിങ്ങളുടെ ഡിഫോൾട്ട് മോഡ് നെറ്റ്‌വർക്ക് (DMN) — അതായത്, സർഗ്ഗാത്മകതയ്ക്കും ആത്മപരിശോധനയ്ക്കും ഇടവരുത്തുന്ന മസ്തിഷ്ക ഭാഗം — സജീവമാകാൻ അവസരം നൽകുന്നു. അതുകൊണ്ടാണ് ‘എനിക്കുള്ള സമയം’ പലപ്പോഴും പുതിയ ആശയങ്ങൾക്കും വൈകാരികമായ വ്യക്തതയ്ക്കും പ്രചോദനമേകുന്നത്.
“വിശ്രമം എന്നത് ജോലിയുടെ വിപരീതമല്ല — അത് ജോലിയെ പ്രാവർത്തികമാക്കുന്ന ഒന്നാണ്.”
— അലക്സ് സൂജംഗ്-കിം പാങ്, ‘വിശ്രമം’ എന്ന പുസ്തകത്തിൻ്റെ രചയിതാവ്.
നിങ്ങൾക്കായി സമയം കണ്ടെത്താൻ പ്രയാസമെന്തുകൊണ്ട്?
ഗുണങ്ങൾ അറിയാമെങ്കിലും, നമ്മളിൽ പലരും ഒരു ചെറിയ ഇടവേളയെടുക്കുമ്പോൾ പോലും കുറ്റബോധവുമായി മല്ലിടുന്നു.
നമ്മൾ മൂല്യത്തെ ഉത്പാദനക്ഷമതയുമായും പരിചരണത്തെ ത്യാഗവുമായും ശാന്തതയെ മടിയുമായും തുലനം ചെയ്യുന്നു.
പ്രത്യേകിച്ച് ഇന്ത്യയുടേതു പോലുള്ള പോലുള്ള സംസ്കാരങ്ങളിൽ — കുടുംബപരവും തൊഴിൽപരവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങൾ, വ്യക്തിപരമായ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിനേക്കാൾ വലുതായി വരുമ്പോൾ — സ്വയം മുൻഗണന നൽകുക എന്ന ആശയം അസുഖകരമായി തോന്നാം.
എന്നാൽ സ്വയം അവഗണിക്കുന്നത് വലിയ വിപത്തിലേക്ക് വഴിനടത്തും:
- വൈകാരികമായ തളർച്ചയും ദേഷ്യവും
- ശ്രദ്ധയും പ്രചോദനവും കുറയുന്നത്
- മാനസിക പിരിമുറുക്കം
- ബന്ധങ്ങളിൽ നിന്നും താൽപ്പര്യങ്ങളിൽ നിന്നുമുള്ള അകൽച്ച
നിങ്ങളുടെ സ്വന്തം ഊർജ്ജം നിറയുമ്പോൾ മാത്രമാണ് നിങ്ങൾക്ക് മറ്റുള്ളവരെ ഏറ്റവും നന്നായി സഹായിക്കാൻ കഴിയുന്നത്.
‘എനിക്കായുള്ള സമയം’ കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങൾ
1.മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നു: ശാന്തമായ സമയം ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയ്ക്കുന്നു. ഇത് ശരീരത്തെ ‘പോരാടുക/ഓടി രക്ഷപ്പെടുക’ (“fight-or-flight”) എന്ന അവസ്ഥയിൽ നിന്ന് ‘വിശ്രമിക്കുക – ശാന്തമാകുക’ (rest-and-digest) എന്ന അവസ്ഥയിലേക്ക് മാറ്റുന്നു.
2.സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നു: ഒറ്റയ്ക്കിരിക്കുന്നത് തലച്ചോറിന് സ്വതന്ത്രമായി സഞ്ചരിക്കാൻ അവസരം നൽകുന്നു — ഇത് സർഗ്ഗാത്മകതയ്ക്കും പ്രശ്നപരിഹാരത്തിനും അത്യാവശ്യമായ പ്രക്രിയയാണ്.
3.വൈകാരിക അവബോധം മെച്ചപ്പെടുത്തുന്നു: ആത്മപരിശോധന, സ്വയം മനസ്സിലാക്കാനുള്ള കഴിവ് വളർത്തുന്നു. ഇത് പെട്ടെന്ന് പ്രതികരിക്കുന്നതിനു പകരം, ചിന്തിച്ച് പ്രതികരിക്കാൻ സഹായിക്കുന്നു.
4.ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നു: നിങ്ങൾ റീസെറ്റ് ചെയ്യാൻ സമയം എടുക്കുമ്പോൾ, നിങ്ങളുടെ ബന്ധങ്ങളിലേക്ക് കൂടുതൽ ക്ഷമ, സഹാനുഭൂതി, ആത്മാർത്ഥത എന്നിവ കൊണ്ടുവരാൻ കഴിയും.
5.ശാരീരിക ആരോഗ്യം കൂട്ടുന്നു: പതിവായുള്ള വിശ്രമം പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.
ചുരുക്കത്തിൽ, സ്വയം നിങ്ങളെത്തന്നെ ശ്രദ്ധിക്കുന്നത്, നിങ്ങൾ മറ്റുള്ളവരെ പരിചരിക്കുന്നതിനെ മെച്ചപ്പെടുത്തുന്നു — ഇത് ആരോഗ്യത്തിൻ്റെ അലകളായി തുടർന്നു പോകുന്നു.
‘എനിക്കായുള്ള സമയം’ എങ്ങനെ ഷെഡ്യൂൾ ചെയ്യാം — എങ്ങനെ മുടങ്ങാതെ പാലിക്കാം
1. ഘട്ടംഘട്ടമായി തുടങ്ങുക, സ്ഥിരത നിലനിർത്തുക
നിങ്ങൾക്കായി മണിക്കൂറുകളോളം സമയം മാറ്റിവെക്കേണ്ടതില്ല. തടസ്സമില്ലാത്ത 10-20 മിനിറ്റ് തന്നെ ധാരാളം. സ്ഥിരതയാണ് പ്രധാനം. മാറ്റിവെക്കാൻ കഴിയാത്ത തരത്തിലുള്ള, ഒരു പ്രത്യേകസമയം തിരഞ്ഞെടുക്കുക.
2.ഉന്മേഷം നൽകുന്നത് എന്താണെന്ന് കണ്ടെത്തുക
‘എനിക്കു മാത്രമായുള്ള സമയം’ എന്നത് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും:
- വായന അല്ലെങ്കിൽ ഡയറി എഴുത്ത് (Journaling)
- പ്രകൃതിഭംഗി ആസ്വദിച്ച് നടക്കുക
- യോഗ അല്ലെങ്കിൽ ധ്യാനം
- സംഗീതം കേൾക്കുക
- ഒന്നും ചെയ്യാതിരിക്കുക — ഒട്ടും കുറ്റബോധമില്ലാതെ
നിങ്ങളോടുതന്നെ ചോദിക്കുക: “എനിക്ക് സ്ഥിരതയും ഉന്മേഷവും നൽകുന്നത് എന്താണ്?” എന്നിട്ട് അതൊരു പതിവാക്കുക
3.ഡിജിറ്റൽ അതിരുകൾ നിശ്ചയിക്കുക
നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്യുക, സോഷ്യൽ മീഡിയയിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുക, ശാന്തമായ ഓരോ നിമിഷത്തിലും മൊബൈൽ ഉപയോഗിക്കാനുള്ള ത്വരയെ ചെറുക്കുക. ഡിജിറ്റൽ ശബ്ദം അവസാനിക്കുന്നിടത്താണ് അവരവർക്ക് വേണ്ടിയുള്ള സമയം ആരംഭിക്കുന്നത്.
4. അതിരുകൾ വ്യക്തമാക്കുക
നിങ്ങൾ ഒറ്റയ്ക്കിരിക്കുന്നത് ഒഴിഞ്ഞുമാറാനല്ല, മറിച്ച് റീസെറ്റ് ചെയ്യാനാണ് എന്ന് കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും അറിയിക്കുക. നിങ്ങൾ സ്വയംപരിപാലനം മാതൃകയാക്കുമ്പോൾ, മറ്റുള്ളവർക്കും അത് സാധാരണമായി തോന്നാൻ തുടങ്ങും.
5.ഒളിച്ചോടരുത്, ചിന്തിക്കുക
മനസ്സിനെ മരവിപ്പിക്കാനായിട്ടല്ല, മറിച്ച് ശ്രദ്ധ നൽകാനായി ‘എനിക്കുള്ള സമയം’ ഉപയോഗിക്കുക. നിങ്ങൾക്ക് എന്ത് തോന്നുന്നു, നിങ്ങളുടെ ശരീരം എങ്ങനെയാണ് പിരിമുറുക്കം പിടിച്ചുനിർത്തുന്നത്, നിങ്ങളുടെ മനസ്സിന് യഥാർത്ഥത്തിൽ എന്താണ് ആവശ്യം എന്നതിനെക്കുറിച്ച് ചിന്തിക്കുക.
‘എനിക്കായുള്ള സമയം’ ഒരു ശീലമാക്കി മാറ്റാം
ഇത് നിങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാക്കാൻ ഈ ആശയങ്ങൾ പരീക്ഷിക്കുക:
- രാവിലെ അൽപ്പം ശാന്തത: ഫോൺ പരിശോധിക്കുന്നതിനു മുൻപ് ദിവസം ശാന്തമായി ആരംഭിക്കുക.
- ഉച്ചയ്ക്കുള്ള ഇടവേള: പുറത്തേക്ക് നടക്കുക, ആഴത്തിൽ ശ്വാസമെടുക്കുക, അല്ലെങ്കിൽ ശരീരം സ്ട്രെച്ച് ചെയ്യുക.
- വൈകുന്നേരത്തെ പതിവ്: നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള ഡയറി എഴുത്തോടെ അല്ലെങ്കിൽ ശാന്തമായ സംഗീതത്തോടെ ദിവസം അവസാനിപ്പിക്കുക.
കാലക്രമേണ, ഈ ചെറിയ പ്രവൃത്തികൾ ഊന്നുവടികളായി മാറും,നിങ്ങളുടെ ക്ഷേമം എല്ലാ ദിവസവും പ്രധാനമാണ് എന്ന് നിങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്.
മനോഭാവത്തിലെ മാറ്റം: കുറ്റബോധത്തിൽ നിന്ന് ആത്മാനുകമ്പയിലേക്ക്
നിങ്ങൾക്കായി സമയം കണ്ടെത്തുന്നത് ഒരിക്കലും നിങ്ങളെ സ്വാർത്ഥരാക്കുന്നില്ല. അത് നിങ്ങളെ സ്വയം തിരിച്ചറിയുന്നവരാക്കി മാറ്റുന്നു.
എഴുത്തുകാരിയായ ആൻ ലാമോട്ട് പറഞ്ഞതുപോലെ:
“അൽപ്പസമയത്തേക്ക് സ്വിച്ച് ഓഫ് ചെയ്താൽ മിക്കവാറും എല്ലാം വീണ്ടും പ്രവർത്തിക്കും — നിങ്ങളടക്കം.”
അതിരുകൾ തീരുമാനിക്കുന്നതിലൂടെയാണ് സന്തുലനത്തിന് തുടക്കമാകുക എന്നും സ്വയംപരിപാലനം നമുക്കെല്ലാവർക്കും വേണ്ട നിശബ്ദമായ വിപ്ലവമാണ് എന്നും nellikka.life വിശ്വസിക്കുന്നു.
‘എനിക്കായുള്ള സമയം’ കണ്ടെത്തുന്നത് ജീവിതത്തിൽ നിന്ന് ഒളിച്ചോടലല്ല — അത് സ്വയം നിങ്ങളിലേക്ക് തന്നെ മടങ്ങിവരലാണ്.
References
- American Psychological Association (APA). The Science of Solitude and Self-Care (2021).
- Journal of Positive Psychology (2021). Solitude and Emotional Regulation in Adults.
- Alex Soojung-Kim Pang. Rest: Why You Get More Done When You Work Less. Basic Books, 2016.
- Harvard Health Publishing (2023). Mindful Downtime and Stress Hormone Regulation.
- World Health Organization. Work-Life Balance and Mental Health.




