ഉണർന്നെണീക്കാം, ഊർജസ്വലരാകാം, സ്വയം തിരിച്ചറിയാം: സ്ത്രീകൾ പ്രാവർത്തികമാക്കേണ്ട തീരുമാനങ്ങൾ

ഉണർന്നെണീക്കാം, ഊർജസ്വലരാകാം, സ്വയം തിരിച്ചറിയാം: സ്ത്രീകൾ പ്രാവർത്തികമാക്കേണ്ട തീരുമാനങ്ങൾ

ഓരോ ദിവസവും ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ പട്ടിക ചുമന്നുകൊണ്ടാണ് ഭൂരിഭാഗം സ്ത്രീകളും ഉറക്കമുണരുക. കട്ടിലിൽ നിന്ന് കാലുകൾ തറയിലൂന്നുന്നതോടെ അവൾ യന്ത്രം കണക്കെ ജോലിചെയ്യാൻ ആരംഭിക്കുകയായി. വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്ത് ഓഫീസിലേക്കോടുന്നവരും വീട്ടിലെ ഒരിക്കലും തീരാത്ത ജോലികൾ രാത്രി കിടക്കയിലെത്തുവരെ ചെയ്തുകൊണ്ടേയിരിക്കുന്നവരും.

ലോകത്തിലെ തിരക്കുകളിലേക്ക് ഓടിക്കയറുന്നതിന് മുമ്പുള്ള ഒരു നിശബ്ദ നിമിഷമുണ്ട്. ഉറക്കമുണർന്ന് ആദ്യ ശ്വാസമെടുക്കുന്ന ആ നിമിഷം — വാസ്തവത്തിൽ  അവിടെയാണ് സ്ത്രീകളുടെ ദിവസം ശരിക്കും ആരംഭിക്കുന്നത്.

പ്രഭാതത്തിൽ, സ്ഥിരം ജോലികളിൽ വ്യാപൃതയാകുന്നതിന് മുമ്പ്, ഒരു നിമിഷം, നിങ്ങളുടെ ഹൃദയമിടിപ്പിന് കാതോർത്തു നോക്കൂ.

അത് വെറുമൊരു തുടിപ്പ് മാത്രമല്ല, കഴിഞ്ഞുപോയ ഇന്നലെകളെ പിന്നിട്ട്, ഇന്നും ജീവിച്ചിരിക്കുന്നു എന്നതോർമ്മിപ്പിക്കുന്ന ജീവതാളം, ഉൾക്കരുത്ത്. അനേകം ദിവസങ്ങൾ സ്വയം സഞ്ചരിച്ച്, ഇന്ന് വീണ്ടും ഉണരാൻ തയ്യാറാണെന്നതിന്റെ സ്പന്ദിക്കുന്ന തെളിവ്. 

ചെയ്തുതീർക്കാനുള്ള പട്ടികയിൽ പെടാത്ത ആരോഗ്യം

മറ്റു ജോലികൾക്കിടയിൽ ചെയ്തുതീർക്കേണ്ട കാര്യങ്ങളിൽ ഒന്നായി പലപ്പോഴും ആരോഗ്യസംരക്ഷണത്തെയും നമ്മൾ ഉൾപ്പെടുത്താറുണ്ട്. യാന്ത്രികമായി ചെയ്യുന്നവയിൽ, നടക്കാൻ പോകലും ഭക്ഷണം കഴിക്കലും വെള്ളം കുടിക്കലും വരെ നമ്മൾ ഉൾപ്പെടുത്തും. വാസ്തവത്തിൽ ഇങ്ങനെ മറ്റുകാര്യങ്ങളുമായി ചേർത്തുവെയ്ക്കേണ്ട ഒരു ടാസ്കല്ല സ്വന്തം ആരോഗ്യം. സ്വയം പരിപാലനത്തിൻ്റെ, സ്വയം സ്നേഹത്തിൻ്റെ പ്രതിഫലനമാണത്. “പണികൾ തീർന്നിട്ടില്ല, ഇനി വ്യായാമവും ചെയ്യണമല്ലോ” എന്ന് ചിന്തിക്കുന്നതിന് പകരം, ” എനിക്ക് സ്വയം സ്നേഹിക്കാൻ, ചലിക്കാൻ, അവസരം കിട്ടുന്നു” എന്ന് കരുതുക. ” ഇനി നന്നായി ഭക്ഷണം കഴിക്കണമല്ലോ ”  എന്നു ചിന്തിക്കുന്നതിന് പകരം, ” എന്നെ പരിപോഷിപ്പിക്കാനും പരിപാലിക്കാനും എനിക്കർഹതയുണ്ട് ” എന്ന് പറയാൻ മനസ്സിനെ സജ്ജമാക്കണം. മറ്റുള്ളവർക്കായി ജോലി ചെയ്യാൻ മാത്രമല്ല,  നമുക്കും കൂടി വേണ്ടിയാണ് നമ്മുടെ ജീവിതമെന്ന് മനസ്സിനെ ബോദ്ധ്യപ്പെടുത്തണം, 

നമ്മൾ ഉപയോഗിക്കുന്ന ഭാഷ നമ്മുടെ ശരീരം ശ്രദ്ധിക്കുന്നുണ്ട്. സൗമ്യമായി  സംസാരിക്കാം. നമ്മൾ ഓരോരുത്തരും ജനിച്ച ദിവസം മുതൽ നമ്മുടെ ശരീരം നമുക്ക് വേണ്ടി പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നത് എപ്പോഴുമോർക്കാം. 

പോഷണം നൽകിക്കൊണ്ട് ദിവസം തുടങ്ങാം

ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം  കുടിക്കാം

ജനലിനരികിൽ നിന്ന് ദീർഘ ശ്വാസമെടുക്കാം, ശുദ്ധവായു ശ്വസിക്കാം.

നീണ്ടു നിവർന്ന് നട്ടെല്ലിന് ഉൻമേഷം നൽകാം.

ആരോഗ്യം ശ്രദ്ധിക്കാൻ വേണ്ടി കഠിന വ്യായാമമുറകൾ പരിശീലിക്കുകയോ കിലോമീറ്ററുകളോളം ഓടുകയോ ഒന്നും വേണ്ട, ശ്രദ്ധയോടെ ചെയ്യുന്ന ചെറിയ പ്രവൃത്തികൾ ആരോഗ്യത്തിന് തുടക്കം കുറിക്കും. അത് ആസ്വദിച്ച് ആവർത്തിച്ചാൽ ഉറപ്പായും ഫലം  കാണുകയും ചെയ്യും.

പ്രഭാത കിരണങ്ങൾ  മനസ്സിനും അനിവാര്യം

രാവിലെ ഉണർന്നു കഴിഞ്ഞാൽ, ഫോൺ എടുക്കുന്നതിനു മുൻപ്, ചിന്തകളെ ഒന്നു പരിശോധിക്കുക.

സ്വയം ചോദിക്കുക: ഇന്ന് എൻ്റെ മനസ്സ്  എന്താണ് ആഗ്രഹിക്കുന്നത്? നന്ദിയോ? കരുത്തോ? ശാന്തതയോ?

ഇത് തെരഞ്ഞെടുക്കാനുള്ള അധികാരം നിങ്ങൾക്കുണ്ട്.

നന്ദി തോന്നുന്ന ഒരുകാര്യം എഴുതിവെയ്ക്കുക — അത്, സ്വസ്ഥമായ അന്തരീക്ഷത്തിൽ സുഖമായുറങ്ങാനായതോ അല്ലെങ്കിൽ ഉൻമേഷം പകർന്ന ഒരു ചായയോ ആകാം. നന്ദി പ്രകടിപ്പിക്കുന്നത് തലച്ചോറിനെ അക്ഷരാർത്ഥത്തിൽ പുനഃക്രമീകരിക്കും. സ്ഥിരമായി കൃതജ്ഞത സ്ഫുരിക്കുന്ന കുറിപ്പുകൾ എഴുതാൻ പരിശീലിക്കുന്നത്, സമ്മർദ്ദ ഹോർമോണുകൾ കുറയ്ക്കുകയും ഉറക്കത്തിൻ്റെ ഗുണമേന്മ വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

സൗന്ദര്യത്തിന് പുതിയ അർത്ഥം നൽകാം: പിന്തുടരേണ്ട, ആസ്വദിക്കാം

നമ്മൾ മറ്റുള്ളവരേക്കാൾ പിന്നിലാണെന്നോ നമുക്ക് കഴിവുകളില്ലെന്നോ ഏറെ വൈകിപ്പോയെന്നോ ചിന്തിക്കേണ്ട കാര്യമേയില്ല. 

നമ്മുടെ ചർമ്മം, പാടുകൾ, ശരീരം — ഇവയെല്ലാം അതിജീവനത്തിൻ്റെ ശേഷിപ്പുകളാണ്. വർണ്ണപ്പകിട്ടുള്ള പളുങ്കു കുപ്പികളിലോ സുഗന്ധപൂരിതമായ ക്രീമുകളിലോ നമ്മുടെ ആത്മസൗന്ദര്യത്തിൻ്റെ ചേരുവകളില്ല. സ്വയം തിരിച്ചറിഞ്ഞ്, സ്വയം പരിപാലിക്കുമ്പോഴാണ്, ജീവശ്വാസത്തിൻ്റെ ആഴമറിഞ്ഞ് ശാന്തത ആസ്വദിക്കുമ്പോഴാണ് , മറ്റൊരാളോട് പുഞ്ചിരിക്കുമ്പോൾ പങ്കുവെയ്ക്കുന്ന സന്തോഷത്തിലാണ്, നമ്മളായിത്തന്നെ ധൈര്യപൂർവ്വം നിലകൊള്ളുമ്പോൾ കൈവരുന്ന ആത്മവിശ്വാസത്തിലാണ് അത് ഉൾച്ചേരുന്നത്.  ആരോഗ്യവും ഊർജവുമാണ് യഥാർത്ഥ സൗന്ദര്യത്തിൻ്റെ കുറിക്കൂട്ട്.

സൗമ്യമായ ലക്ഷ്യത്തിലേക്ക്

ഒരു ദിവസത്തെ പതിവുതിരക്കുകളിലേക്ക് കടക്കുന്നതിനു മുൻപ്, ഒരു തീരുമാനം കൈക്കൊള്ളുക. “ഏറ്റവുമാഴത്തിൽ ഞാൻ  സ്നേഹിക്കുന്നയാളെ പരിപാലിക്കുന്ന പോലെ, ഇന്ന് ഞാൻ എന്നെ പരിപാലിക്കും“എന്ന്.

ഈ ഒരൊറ്റ വാചകത്തിൽ ഒരു ജീവിതത്തിന് വേണ്ട മുഴുവൻ ഊർജവുമുണ്ട്. 

സ്വയം സ്നേഹിക്കുക, പരിപാലിക്കുക എന്ന ലക്ഷ്യത്തോടെ നമ്മൾ യാത്ര തുടങ്ങുമ്പോൾ, ഭക്ഷണക്രമം, ചിന്തകൾ, ജോലി, ബന്ധങ്ങൾ- ഇതെല്ലാം സ്വാഭാവികമായും നമ്മുടെ ക്ഷേമവുമായി ഇഴചേരാൻ  തുടങ്ങും.

എപ്പോഴും ഓർക്കാൻ

നമ്മുടെ മൂല്യം തിളങ്ങുന്ന വസ്ത്രങ്ങളിലോ  ശരീരഭാരത്തിലോ, ചെയ്തു തീർത്ത കാര്യങ്ങളിലോ അല്ല. 

മറ്റെല്ലാ തിരക്കുകൾക്കിടയിലും സ്വയം സ്നേഹിക്കാൻ തുടങ്ങുമ്പോൾ നമ്മുടെ മൂല്യമേറുന്നു. ആരോഗ്യത്തെ അടിത്തറയാക്കി മുന്നേറുമ്പോൾ, സ്വസ്ഥതയും സന്തോഷവും കൈകോർത്ത് കൂടെയെത്തും.

ഓരോ സൂര്യോദയവും ഒരു ഓർമ്മപ്പെടുത്തലാണ്: സ്വയം ശ്രദ്ധിക്കാനും പരിപാലിക്കാനും വളരാനും വീണ്ടും ഒരു അവസരം ലഭിച്ചിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ.

അതുകൊണ്ട്…

ഗാഢമായി ശ്വാസമെടുക്കാം.

സൗമ്യമായി പുഞ്ചിരിക്കാം.

ആസ്വദിച്ച് ഭക്ഷണം കഴിക്കാം.

ശാന്തമായി സംസാരിക്കാം.

സ്വയം തിരിച്ചറിഞ്ഞ് ജീവിക്കാം.

നമ്മുടെ ആത്മാവ് വസിക്കുന്നയിടമാണ് നമ്മുടെ ശരീരം. ഓരോ പ്രഭാതത്തിലും ശുദ്ധവായു ശ്വസിക്കാനും വെളിച്ചം ആസ്വദിക്കാനും സ്വന്തം ആരോഗ്യത്തിന് പ്രഥമപരിഗണന നൽകാനും നമുക്കർഹതയുണ്ട്. 

ആരോഗ്യം സൂക്ഷിക്കാൻ Nellikka നൽകുന്ന സ്നേഹസന്ദേശം

ഉണർന്നെണീക്കുന്ന ഓരോ ദിവസവും ഒരു തുടക്കമാണ്. ശരീരം എഴുതുന്ന പുതിയ ഗാഥ. സ്വയം സ്നേഹിക്കുക,  പരിപാലിക്കുക. 

സൂര്യനുദിക്കുന്നത് നമുക്കുകൂടി വേണ്ടിയാണ്. 

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe