റെസ്റ്റ്ലെസ് ലെഗ്സ് സിൻഡ്രോം (RLS): കാലുകളുടെ ചലനം  അനിയന്ത്രിതമാകുമ്പോൾ

റെസ്റ്റ്ലെസ് ലെഗ്സ് സിൻഡ്രോം (RLS): കാലുകളുടെ ചലനം  അനിയന്ത്രിതമാകുമ്പോൾ

അനക്കാൻ പ്രേരിപ്പിക്കുന്ന അസ്വസ്ഥത

ദിവസം മുഴുവൻ നീണ്ട ജോലിക്ക് ശേഷം വിശ്രമിക്കാൻ വേണ്ടി കിടക്കയിൽ കിടക്കുകയാണെന്ന് സങ്കൽപ്പിക്കുക. സ്വസ്ഥമായിക്കിടന്ന് സുഖമായി ഉറങ്ങാമന്ന് വിചാരിക്കുമ്പോഴാകും കാലുകളിൽ അസ്വസ്ഥത തുടങ്ങുക. 

തരിപ്പ്, വിറയൽ, അല്ലെങ്കിൽ ഒരുതരം വലിവ് പോലെ അനുഭവപ്പെടുന്നു, ഒപ്പം കാലുകൾ പെട്ടെന്ന് അനക്കാൻ അടക്കാനാവാത്ത തോന്നലും. എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നാലും കാലനക്കുന്നത് നിർത്തുമ്പോൾ വീണ്ടും അതേ അസ്വസ്ഥത തിരിച്ചുവരും.

ജോലി ചെയ്ത ക്ഷീണത്തിൻ്റെ ഭാഗമായിട്ടോ ഉത്ക്കണ്ഠ മൂലമോ അല്ല ഇങ്ങനെ കാലനക്കാനുള്ള പ്രേരണ ഉണ്ടാകുന്നത്. ഇത് ‘റെസ്റ്റ്ലെസ് ലെഗ്സ് സിൻഡ്രോം’ (Restless Legs Syndrome – RLS) എന്നറിയപ്പെടുന്ന  നാഡീസംബന്ധമായ രോഗാവസ്ഥയാണ്. ഇതിനെ ‘വില്ലിസ്-എക്ബോം ഡിസീസ്’ എന്നും വിശേഷിപ്പിക്കാറുണ്ട്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഈ അവസ്ഥ തിരിച്ചറിയപ്പെടാതെ പോകുകയോ അല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യാറുണ്ട്.

എന്താണ് റെസ്റ്റ്ലെസ് ലെഗ്സ് സിൻഡ്രോം (RLS)?

കാലുകളിൽ (ചിലപ്പോൾ കൈകളിലും) അസുഖകരമായ അസ്വസ്ഥതകളും അവ ചലിപ്പിക്കാനുള്ള അടക്കാനാവാത്ത പ്രേരണയും സൃഷ്ടിക്കുന്ന ഒരു നാഡീസംബന്ധമായ തകരാറാണ് (neurological sensorimotor disorder) റെസ്റ്റ്ലെസ് ലെഗ്സ് സിൻഡ്രോം. പ്രത്യേകിച്ചും വിശ്രമിക്കുമ്പോഴോ രാത്രിയിലോ ആണ് ഈ ലക്ഷണങ്ങൾ കൂടുതലായി കാണുന്നത്.

ഈ അസ്വസ്ഥതകൾ പലതരത്തിൽ അനുഭവപ്പെടാം:

  • ചർമ്മത്തിനടിയിലൂടെ എന്തോ ഇഴയുന്നതുപോലെ.
  • തരിപ്പ്, ചൊറിച്ചിൽ, അല്ലെങ്കിൽ ചെറിയ ഷോക്ക് അടിക്കുന്നത് പോലെ.
  • കാലിനുള്ളിൽ കഠിനമായ വേദന അല്ലെങ്കിൽ വലിച്ചുമുറുക്കുന്നത് പോലെ.

നടക്കുകയോ കാലുകൾ മടക്കി നിവർത്തുകയോ അല്ലെങ്കിൽ കുടയുകയോ ചെയ്യുമ്പോൾ ഈ അസ്വസ്ഥതകൾക്ക് താൽക്കാലിക ആശ്വാസം ലഭിക്കും.

പ്രധാന സവിശേഷത: രാത്രികാലങ്ങളിൽ ലക്ഷണങ്ങൾ കൂടുകയും ഉറക്കം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് കടുത്ത ക്ഷീണം, ശ്രദ്ധക്കുറവ്, മാനസിക പിരിമുറുക്കം എന്നിവയ്ക്ക് കാരണമാകുന്നു.

ഇതിന് പിന്നിലെ ശാസ്ത്രം

പേശികളുടെ ചലനത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഒരു രാസവസ്തുവാണ് ഡോപമിൻ (dopamine). ഇതിൻ്റെ അളവിലുണ്ടാകുന്ന അസന്തുലിതാവസ്ഥ ആർ എൽ എസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു.

രാത്രികാലങ്ങളിൽ ഡോപമിൻ്റെ അളവ് സ്വാഭാവികമായും കുറയും. വൈകുന്നേരം കഴിഞ്ഞാൽ  RLS ലക്ഷണങ്ങൾ ശക്തമാകുന്നത് ഇതുകൊണ്ടാകാം.

കൂടാതെ, മസ്തിഷ്ക്കത്തിൽ  ഇരുമ്പിൻ്റെ അംശം കുറയുന്നതും RLS-മായി ബന്ധമുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഡോപമിൻ്റെ ശരിയായ പ്രവർത്തനത്തിന് ഇരുമ്പ് അനിവാര്യമാണ് എന്നതുകൊണ്ടാണത്.

മറ്റ് ചില കാരണങ്ങൾ:

  • പാരമ്പര്യം (കുടുംബത്തിൽ മറ്റാർക്കെങ്കിലും ഈ അവസ്ഥയുണ്ടെങ്കിൽ)
  • ഞരമ്പുകൾക്ക് സംഭവിക്കുന്ന തകരാർ (Nerve damage)
  • ഗർഭകാലം (ഇത് സാധാരണയായി താൽക്കാലികമായിരിക്കും)
  • വൃക്കരോഗം (Kidney failure) അല്ലെങ്കിൽ പ്രമേഹം പോലുള്ള മറ്റ് അസുഖങ്ങൾ

ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം

ലക്ഷണങ്ങളുടെ തീവ്രത ഓരോരുത്തരിലും വ്യത്യസ്തമാകാറുണ്ട്. പൊതുവായി കാണുന്ന രീതികൾ ഇനിപ്പറയുന്നു :

  • കാലുകൾക്കുള്ളിൽ ആഴത്തിൽ അസ്വസ്ഥത (അപൂർവ്വമായി കൈകളിലും).
  • വിശ്രമിക്കുമ്പോൾ കാലുകൾ അനക്കാൻ ശക്തമായ പ്രേരണ.
  • കാലുകൾ ചലിപ്പിക്കുമ്പോൾ താൽക്കാലിക ആശ്വാസം ലഭിക്കുക.
  • വൈകുന്നേരമോ രാത്രിയിലോ ലക്ഷണങ്ങൾ വഷളാകുക.
  • ഉറക്കം തടസ്സപ്പെടുന്നതുകൊണ്ട് പകൽ സമയത്ത് കടുത്ത ക്ഷീണം അനുഭവപ്പെടുക.

‘ഇൻ്റർനാഷണൽ റെസ്റ്റ്ലെസ് ലെഗ്സ് സിൻഡ്രോം സ്റ്റഡി ഗ്രൂപ്പ്’ (IRLSSG) ഈ ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് രോഗം നിർണ്ണയിക്കുന്നത്.

സാധാരണ കാരണങ്ങളും അപകട ഘടകങ്ങളും

1. പ്രൈമറി (Idiopathic) RLS

ഇത് പലപ്പോഴും പാരമ്പര്യമായി കണ്ടുവരുന്നതും ഡോപമിൻ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടതുമാണ്. ലക്ഷണങ്ങൾ സാധാരണയായി 40 വയസ്സിന് മുൻപ് തുടങ്ങുകയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുകയും ചെയ്യാം.

2. സെക്കൻഡറി (Secondary) RLS

മറ്റ് ചില രോഗങ്ങളുടെയോ അവസ്ഥകളുടെയോ ഫലമായി ഇതുണ്ടാകാം. ഉദാഹരണത്തിന്:

  • ഇരുമ്പിൻ്റെ കുറവ് മൂലമുള്ള വിളർച്ച (Iron deficiency anemia)
  • ഗർഭകാലം (പ്രത്യേകിച്ച് അവസാന മൂന്ന് മാസങ്ങളിൽ)
  • വൃക്ക സംബന്ധമായ അസുഖങ്ങൾ
  • പ്രമേഹം അല്ലെങ്കിൽ ഞരമ്പുകളെ ബാധിക്കുന്ന മറ്റ് രോഗങ്ങൾ (Neuropathy)
  • ചില മരുന്നുകളുടെ ഉപയോഗം (അലർജിക്കുള്ള മരുന്നുകൾ, വിഷാദരോഗത്തിനുള്ള മരുന്നുകൾ തുടങ്ങിയവ)

ഉറക്കത്തെയും ജീവിതത്തെയും ഇത് എങ്ങനെ ബാധിക്കുന്നു

RLS എന്നത് കാലിലെ അസ്വസ്ഥതയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല – ഇത് ഉറക്കത്തിൻ്റെ ഗുണനിലവാരത്തെ ഗുരുതരമായി ബാധിച്ചേക്കാം.

RLS ഉള്ള പലരിലും ‘പീരിയോഡിക് ലിംബ് മൂവ്‌മെൻ്റ് ഡിസോർഡർ’ (PLMD) എന്ന അവസ്ഥയും കാണാറുണ്ട്. ഇത് ഉറക്കത്തിൽ അറിയാതെ സംഭവിക്കുന്ന കാലുകളുടെ ചലനങ്ങളാണ് . ഇത് അവരെ ഉറക്കത്തിൽ നിന്ന് വീണ്ടും വീണ്ടും ഉണർത്താൻ കാരണമാകും.

ഇത് ദീർഘകാലം തുടർന്നാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ:

  • സ്ഥിരമായ ഉറക്കക്കുറവ് (Chronic sleep deprivation)
  • വിഷാദം അല്ലെങ്കിൽ പെട്ടെന്നുള്ള ദേഷ്യം 
  • ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക
  • വിഷാദരോഗത്തിനും (depression) ഉത്കണ്ഠയ്ക്കും (anxiety) ഉള്ള സാധ്യത വർധിക്കുന്നു

റെസ്റ്റ്ലെസ് ലെഗ്സ് സിൻഡ്രോം എങ്ങനെ കൈകാര്യം ചെയ്യാം

1. ജീവിതശൈലിയിലെ മാറ്റങ്ങൾ

ദിവസേനയുള്ള ചില ചെറിയ ശീലങ്ങൾ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും:

  • ഉറക്കം ചിട്ടയോടെ: എല്ലാ ദിവസവും ഒരേ സമയം ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
  • സ്ട്രെച്ചിംഗും മസാജും: ഉറങ്ങുന്നതിന് മുമ്പ് ലഘുവായി കാലുകൾ സ്ട്രെച്ച് ചെയ്യുന്നതും മസാജ് ചെയ്യുന്നതും രക്തയോട്ടം മെച്ചപ്പെടുത്തും.
  • ഒഴിവാക്കേണ്ടവ: കാപ്പി, ചായ (കഫീൻ), പുകവലി (നിക്കോട്ടിൻ), മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
  • മിതമായ വ്യായാമം: സ്ഥിരമായ നടത്തം അല്ലെങ്കിൽ യോഗ ചെയ്യുന്നത് നല്ലതാണ്. എന്നാൽ അമിതമായി വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക.
  • ചൂടുവെള്ളത്തിലെ കുളി: ഉറങ്ങുന്നതിന് മുമ്പ് ചെറുചൂടുവെള്ളത്തിൽ കുളിക്കുന്നത് പേശികൾക്ക് ആശ്വാസം നൽകും.

2. ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കാം

  • ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക (ഉദാഹരണത്തിന്: ചീര, ബീൻസ്, റെഡ് മീറ്റ്, ഈന്തപ്പഴം).
  • ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അയൺ, ഫോളേറ്റ്, അല്ലെങ്കിൽ മഗ്നീഷ്യം സപ്ലിമെൻ്റുകൾ കഴിക്കുക.
  • ആവശ്യത്തിന് വെള്ളം കുടിക്കുക.

3. വൈദ്യ ചികിത്സ

ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ട് മാത്രം പ്രയോജനം ലഭിക്കുന്നില്ലെങ്കിൽ, ഡോക്ടർ ചില മരുന്നുകൾ നിർദ്ദേശിച്ചേക്കാം:

  • ഡോപമിൻ അഗോണിസ്റ്റുകൾ (Dopamine agonists)
  • അയൺ സപ്ലിമെൻ്റുകൾ (ഇരുമ്പിൻ്റെ കുറവുണ്ടെങ്കിൽ)
  • ആൻ്റി-സീഷർ മരുന്നുകൾ (ഉദാഹരണത്തിന്: ഗാബാപെൻ്റിൻ)
  • ഉറക്കം ലഭിക്കാനുള്ള മരുന്നുകൾ (ഗുരുതരമായ സന്ദർഭങ്ങളിൽ)

ആർ എൽ എസ്സും മനസ്സും തമ്മിലുള്ള ബന്ധം

മാനസിക പിരിമുറുക്കവും ഉത്കണ്ഠയും ഉള്ളപ്പോൾ ആർ എൽ എസ്  ലക്ഷണങ്ങൾ വഷളാകാറുണ്ട്. മനസ്സിനെ ശാന്തമാക്കാനുള്ള വഴികൾ പരിശീലിക്കുന്നത് ഗുണം ചെയ്യും. ഉദാഹരണത്തിന്:

  • ദീർഘമായി ശ്വാസമെടുക്കുന്നത് (Deep breathing)
  • ധ്യാനം (Meditation)
  • ലഘുവായ യോഗ
  • അരോമാതെറാപ്പി (ലാവെൻഡർ, ചമോമൈൽ എന്നിവയുടെ സുഗന്ധം)

ഇവ നാഡീവ്യൂഹത്തെ ശാന്തമാക്കാനും അതുവഴി ആർ എൽ എസ് ലക്ഷണങ്ങളും ഉറക്കവും മെച്ചപ്പെടുത്താനും സഹായിക്കുന്നു.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

താഴെ പറയുന്ന സാഹചര്യങ്ങളിൽ നിർബന്ധമായും വൈദ്യസഹായം തേടുക:

  • ആഴ്ചയിൽ 3 ദിവസത്തിലധികം ഉറക്കം തടസ്സപ്പെടുന്നുണ്ടെങ്കിൽ.
  • വിട്ടുമാറാത്ത ക്ഷീണമോ ഊർജ്ജക്കുറവോ അനുഭവപ്പെടുന്നുണ്ടെങ്കിൽ.
  • ലക്ഷണങ്ങൾ കാലുകളിൽ നിന്ന് കൈകളിലേക്കും വ്യാപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ, അല്ലെങ്കിൽ കാലക്രമേണ അസ്വസ്ഥതകൾ കൂടുകയാണെങ്കിൽ.

രക്തത്തിലെ ഇരുമ്പിൻ്റെ അളവ് കണ്ടെത്താനുള്ള ലളിതമായ രക്തപരിശോധന വഴിയും ഉറക്കം വിലയിരുത്തുന്നതിലൂടെയും (sleep assessment) ഈ അവസ്ഥയുടെ ചികിത്സിക്കാവുന്ന കാരണങ്ങൾ കണ്ടെത്താൻ സാധിക്കും.

റെസ്റ്റ്ലെസ് ലെഗ്സ് സിൻഡ്രോം എന്നത് ഉറക്കത്തിനിടയിലെ ഒരു തോന്നലല്ല. 

ജീവിതനിലവാരത്തെ സാരമായി ബാധിക്കാൻ സാധ്യതയുള്ള, ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന, നാഡീസംബന്ധമായ തകരാറാണിത്.

അടിസ്ഥാനപരമായ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിലൂടെയും ഉറക്ക ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഡോക്ടറുടെ സഹായം തേടുന്നതിലൂടെയും മിക്കവർക്കും  ഈ അവസ്ഥയിൽ നിന്ന് ശാശ്വതമായ ആശ്വാസം കണ്ടെത്താൻ സാധിക്കും.

References

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe