പ്ലേറ്റ്ലെറ്റുകൾ: രക്തത്തിലെ ജീവൻരക്ഷാസേന

പ്ലേറ്റ്ലെറ്റുകൾ: രക്തത്തിലെ ജീവൻരക്ഷാസേന

സാധാരണഗതിയിൽ, ശാരീരികമായി ക്ഷീണമോ തളർച്ചയോ തോന്നിയാൽ  ഹീമോഗ്ളോബിൻ കുറഞ്ഞിട്ടാണോ, ആർ ബി സി കുറഞ്ഞോ എന്നൊക്കെയാണ് നമ്മൾ പൊതുവെ ചിന്തിക്കുക. നമ്മുടെ രക്തത്തിൽ അതേ പ്രാധാന്യത്തോടെ സദാസമയവും  പ്രവർത്തിക്കുന്ന മറ്റൊരു സൂക്ഷ്മശക്തിയുണ്ട്: അതാണ് പ്ലേറ്റ്‌ലെറ്റുകൾ.

ത്രോംബോസൈറ്റുകൾ എന്നും അറിയപ്പെടുന്ന, ചെറുതും വൃത്താകൃതിയിലുള്ളതുമായ ഈ കോശങ്ങളാണ്, രക്തസ്രാവം ഉണ്ടാകുമ്പോൾ ശരീരത്തിൽ ഉണർന്നു പ്രവർത്തിക്കുന്ന ആദ്യ രക്ഷാസേന. ചെറിയ മുറിവായാലും ആന്തരികമായ  വലിയ പരിക്കായാലും, പ്ലേറ്റ്‌ലെറ്റുകൾ അവിടെയെത്തി രക്തസ്രാവം തടയുകയും മുറിവുണക്കൽ പ്രക്രിയയ്ക്ക് തുടക്കമിടുകയും ചെയ്യുന്നു. മുറിവേറ്റ ഭാഗത്തെ രക്തം കട്ടപിടിപ്പിക്കുന്നതു കൂടാതെ, മറ്റു പല പ്രധാന കർത്തവ്യങ്ങളും പ്ലേറ്റ്ലെറ്റുകൾക്കുണ്ട്.

രോഗപ്രതിരോധം, നീർക്കെട്ട്, മുറിവുണക്കൽ, എന്തിന് കാൻസർ പോലുള്ള രോഗങ്ങളുടെ വിഷയത്തിൽപ്പോലും പ്ലേറ്റ്‌ലെറ്റുകൾക്ക് വലിയ സ്വാധീനമുണ്ട്.

പ്ലേറ്റ്‌ലെറ്റുകൾ യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നതെന്നും, അവയുടെ എണ്ണം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും, നിങ്ങളുടെ രക്തപരിശോധനാ ഫലങ്ങൾ ആരോഗ്യത്തെക്കുറിച്ച് എന്ത് വെളിപ്പെടുത്തുന്നു എന്നും നമുക്ക് മനസ്സിലാക്കാം.

എന്താണ് പ്ലേറ്റ്‌ലെറ്റുകൾ? 

മെഗാകാരിയോസൈറ്റുകൾ (Megakaryocytes) എന്ന വലിയ കോശങ്ങളിൽ നിന്ന് അസ്ഥിമജ്ജയിൽ (Bone Marrow) നിർമ്മിക്കപ്പെടുന്ന, നിറമില്ലാത്ത, ചെറിയ കോശ ശകലങ്ങളാണ് പ്ലേറ്റ്‌ലെറ്റുകൾ. മറ്റ് രക്തകോശങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്ലേറ്റ്‌ലെറ്റുകൾക്ക് ന്യൂക്ലിയസ് ഇല്ല. അവയുടെ ആയുസ്സ് വളരെ കുറവാണ് — ഏകദേശം 7 മുതൽ 10 ദിവസം വരെ. അതിനുശേഷം പ്ലീഹയും കരളും ഇവയെ നീക്കം ചെയ്യുന്നു.

സാധാരണ പ്ലേറ്റ്‌ലെറ്റ് കൗണ്ട്

രക്തത്തിൽ ഒരു മൈക്രോലിറ്ററിന് 150,000 – 450,000 പ്ലേറ്റ്‌ലെറ്റുകൾ എന്ന അളവാണ് സാധാരണയായി കണക്കാക്കുന്നത്. ഈ പരിധിക്ക് പുറത്തുള്ള എണ്ണം — കൂടുതലോ കുറവോ ആകട്ടെ — അത് ഗൗരവമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

പ്ലേറ്റ്‌ലെറ്റുകൾ എങ്ങനെ പ്രവർത്തിക്കുന്നു: രക്തം കട്ടപിടിക്കുന്നതിന്റെ ശാസ്ത്രം 

ഒരു രക്തക്കുഴലിന് പരിക്കേൽക്കുമ്പോൾ, ശരീരം, ഹീമോസ്റ്റാസിസ് (Hemostasis) എന്ന അത്ഭുതകരമായ പ്രക്രിയയെ ശരീരം സജീവമാക്കുന്നു. ഇത് മൂന്ന് പ്രധാന ഘട്ടങ്ങളിലായാണ് നടക്കുന്നത്:

1. രക്തക്കുഴലിന്റെ സങ്കോചം 

രക്തയോട്ടം കുറയ്ക്കുന്നതിനായി, പരിക്കേറ്റ രക്തക്കുഴൽ ചുരുങ്ങുന്നു.

2. പ്ലേറ്റ്‌ലെറ്റ് പ്ലഗ് രൂപീകരണം 

പ്ലേറ്റ്‌ലെറ്റുകൾ കേടുപാടുകൾ സംഭവിച്ച ഭാഗത്തേക്ക് ഓടിയെത്തുകയും അവിടെ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. ത്രോംബോക്സേൻ എ2 (Thromboxane A2) പോലുള്ള രാസ സിഗ്നലുകൾ പുറത്തുവിട്ട് കൂടുതൽ പ്ലേറ്റ്‌ലെറ്റുകളെ ആകർഷിക്കുകയും ഒരു താൽക്കാലിക പ്ലഗ് ഉണ്ടാക്കുകയും ചെയ്യുന്നു.

3. രക്തം കട്ടപിടിക്കൽ 

പ്ലാസ്മയിലെ രക്തം കട്ടപിടിക്കുന്ന ഘടകങ്ങൾ, ഫൈബ്രിനോജനെ (Fibrinogen), ഫൈബ്രിൻ (Fibrin) നൂലുകളാക്കി മാറ്റുന്നു. ഈ നൂലുകൾ പ്ലഗിന് മുകളിൽ ഒരു വലപോലെ രൂപപ്പെട്ട് മുറിവ് പൂർണ്ണമായും അടയ്ക്കുന്നു. ഇതെല്ലാം ഒരുമിച്ച് പ്രവർത്തിച്ച് അമിതമായ രക്തസ്രാവം തടയുകയും കോശങ്ങൾക്ക് സുഖപ്പെടാൻ അവസരം നൽകുകയും ചെയ്യുന്നു.

പ്ലേറ്റ്‌ലെറ്റുകളുടെ മറ്റു ധർമ്മങ്ങൾ 

രക്തസ്രാവം തടയുന്നതിനേക്കാൾ ഉപരിയായി വളരെയധികം കാര്യങ്ങൾ പ്ലേറ്റ്‌ലെറ്റുകൾ ചെയ്യുന്നുണ്ടെന്ന് സമീപകാല ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു:

1. രോഗപ്രതിരോധം

പ്ലേറ്റ്‌ലെറ്റുകൾ ശ്വേത രക്താണുക്കളുമായി ചേർന്ന് പ്രവർത്തിക്കുകയും രോഗാണുക്കളെ കണ്ടെത്താനും കുടുക്കാനും സഹായിക്കുകയും ചെയ്യുന്നു.

ഇവ അണുക്കളെ നശിപ്പിക്കുന്ന പെപ്റ്റൈഡുകൾ (Antimicrobial Peptides) പുറത്തുവിടുന്നു. ഇത് അണുബാധ ചെറുക്കാനും വീക്കം  നിയന്ത്രിക്കാനും സഹായിക്കുന്നു.

2. മുറിവുണക്കൽ 

രക്തം കട്ടപിടിച്ച ശേഷം, പ്ലേറ്റ്‌ലെറ്റുകൾ വളർച്ചാ ഘടകങ്ങൾ പുറത്തുവിടുന്നു. ഇതിൽ പി.ഡി.ജി.എഫ് (PDGF), വി.ഇ.ജി.എഫ് (VEGF) എന്നിവ പ്രധാനമാണ്.

ഈ ഘടകങ്ങൾ കോശങ്ങളെ നന്നാക്കാനും പുതിയ രക്തക്കുഴലുകൾ രൂപപ്പെടുത്താനും (angiogenesis) വളരെ അത്യാവശ്യമാണ്.

3. ഹൃദയ സംബന്ധമായ പ്രവർത്തനം

രക്തക്കുഴലുകളുടെ ആരോഗ്യത്തെയും പ്ലേറ്റ്‌ലെറ്റുകൾ സ്വാധീനിക്കുന്നുണ്ട്. എന്നിരുന്നാലും, സജീവത അമിതമായാൽ, അനാവശ്യമായി രക്തം കട്ടപിടിച്ച് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകാനും സാധ്യതയുണ്ട്.

4. വീക്കവും കാൻസറും 

പ്ലേറ്റ്‌ലെറ്റുകൾ കാൻസർ കോശങ്ങളോടും വീക്കം ഉണ്ടാക്കുന്ന തന്മാത്രകളോടും ആശയവിനിമയം നടത്തുന്നു. പ്ലേറ്റ്‌ലെറ്റുകളുടെ അമിത പ്രവർത്തനം ട്യൂമറുകളുടെ വളർച്ച, മെറ്റാസ്റ്റാസിസ് (Metastasis), സന്ധിവാതം (Arthritis) പോലുള്ള അവസ്ഥകളിലെ വിട്ടുമാറാത്ത വീക്കം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്ലേറ്റ്‌ലെറ്റ് എണ്ണം കുറഞ്ഞാൽ? (Thrombocytopenia)

പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നത്, രക്തത്തിന് കാര്യക്ഷമമായി കട്ടപിടിക്കാൻ കഴിയില്ല എന്നതിനെ സൂചിപ്പിക്കുന്നു, ഇത് അമിതമായ രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

സാധാരണ കാരണങ്ങൾ:

  • വൈറൽ അണുബാധകൾ: (ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ്, എച്ച്.ഐ.വി പോലുള്ളവ).
  • ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ: (ശരീരം സ്വന്തം കോശങ്ങളെ ആക്രമിക്കുന്നത്. ഉദാഹരണത്തിന്, ലൂപ്പസ്, ഐ.ടി.പി).
  • അസ്ഥിമജ്ജയിലെ തകരാറുകൾ അല്ലെങ്കിൽ രക്താർബുദം.
  • ചില മരുന്നുകൾ: (ആന്റിബയോട്ടിക്കുകൾ, കീമോതെറാപ്പി മരുന്നുകൾ).
  • വിറ്റാമിൻ ബി12 അല്ലെങ്കിൽ ഫോളിക് ആസിഡ് കുറവ്.
  • അമിതമായ മദ്യപാനം അല്ലെങ്കിൽ കരൾ രോഗം.

ലക്ഷണങ്ങൾ 

രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം കുറഞ്ഞാൽ (ത്രോംബോസൈറ്റോപീനിയ) കാണുന്ന ലക്ഷണങ്ങൾ ഇതാ:

  • എളുപ്പത്തിൽ ക്ഷതമേൽക്കുക.
  • മുറിവുകളിൽ നിന്ന് കൂടുതൽ നേരം രക്തസ്രാവം തുടരുക.
  • മൂക്കിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം.
  • മലത്തിലോ മൂത്രത്തിലോ രക്തം കാണുക.
  • അമിതമായ ആർത്തവ രക്തസ്രാവം.
  • ചർമ്മത്തിൽ കാണുന്ന ചെറിയ ചുവന്നതോ വയലറ്റ് നിറത്തിലുള്ളതോ ആയ പുള്ളികൾ (Petechiae).

ചികിത്സ:

രോഗ കാരണത്തെ ആശ്രയിച്ചാണ് ചികിത്സ നിശ്ചയിക്കുക. ഇതിൽ

ഉൾപ്പെടുന്ന കാര്യങ്ങൾ:

  • സ്റ്റിറോയ്ഡുകൾ അല്ലെങ്കിൽ ഇമ്മ്യൂണോസപ്രസന്റുകൾ (ഓട്ടോഇമ്മ്യൂൺ പ്രശ്നങ്ങൾക്ക്).
  • പ്ലേറ്റ്‌ലെറ്റ് ട്രാൻസ്ഫ്യൂഷൻ (അത്യാസന്ന നിലയിലുള്ളവർക്ക്).
  • അണുബാധകൾ ചികിത്സിക്കുക, അല്ലെങ്കിൽ പോഷകാഹാരക്കുറവുകൾ പരിഹരിക്കുക.
  • മദ്യപാനവും രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കുന്ന മരുന്നുകളും (ഉദാഹരണത്തിന് ആസ്പിരിൻ) ഒഴിവാക്കുക.

പ്ലേറ്റ്‌ലെറ്റ് എണ്ണം കൂടിയാൽ? (Thrombocytosis)

പ്ലേറ്റ്‌ലെറ്റ് എണ്ണം വളരെ കൂടുതലായാൽ രക്തം അമിതമായി കട്ടിയുള്ളതായി മാറുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

രണ്ട് തരം :

1.പ്രൈമറി ത്രോംബോസൈത്തീമിയ (Primary/Essential Thrombocythemia): അസ്ഥിമജ്ജയിലെ തകരാറുമൂലം പ്ലേറ്റ്‌ലെറ്റ് ഉത്പാദനം നിയന്ത്രണാതീതമായി വർദ്ധിക്കുന്നത്.

2.സെക്കൻഡറി ത്രോംബോസൈറ്റോസിസ് (Secondary/Reactive Thrombocytosis): അണുബാധകൾ, വീക്കം, ശസ്ത്രക്രിയ, അല്ലെങ്കിൽ ഇരുമ്പിന്റെ കുറവ് എന്നിവ കാരണം സംഭവിക്കുന്നത്.

ലക്ഷണങ്ങൾ:

  • തലവേദന അല്ലെങ്കിൽ തലകറക്കം.
  • നെഞ്ചുവേദന.
  • കൈകാലുകളിൽ മരവിപ്പ് അല്ലെങ്കിൽ തരിപ്പ് അനുഭവപ്പെടുക.
  • അസാധാരണമായി രക്തം കട്ടപിടിക്കുക, രക്തസ്രാവം ഉണ്ടാകുക (പ്ലേറ്റ്‌ലെറ്റുകൾക്ക് കൃത്യമായി പ്രവർത്തിക്കാൻ കഴിയാതിരിക്കുമ്പോൾ).

സങ്കീർണ്ണതകൾ :

  • പക്ഷാഘാതം (Stroke)
  • ഡീപ് വെയിൻ ത്രോംബോസിസ് (DVT)
  • ഹൃദയാഘാതം

ചികിത്സ:

  • കുറഞ്ഞ ഡോസിലുള്ള ആസ്പിരിൻ (രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാൻ).
  • സൈറ്റോറിഡക്റ്റീവ് മരുന്നുകൾ (എസ്സെൻഷ്യൽ ത്രോംബോസൈത്തീമിയ പോലുള്ള അവസ്ഥകളിൽ)
  • അണുബാധയോ വീക്കമോ പോലുള്ള അടിസ്ഥാന കാരണങ്ങൾക്കുള്ള ചികിത്സ

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ 

പ്ലേറ്റ്‌ലെറ്റിന്റെ എണ്ണത്തിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുള്ള ചില സാധാരണ ഘടകങ്ങൾ ഇവയാണ്:

  • പ്രായം: പ്രായം കൂടുമ്പോൾ പ്ലേറ്റ്‌ലെറ്റ് എണ്ണം നേരിയ തോതിൽ കുറയാൻ സാധ്യതയുണ്ട്.
  • ഗർഭധാരണം: ഗർഭകാലത്ത് നേരിയ കുറവ് കാണപ്പെടാം (ജെസ്റ്റേഷണൽ ത്രോംബോസൈറ്റോപീനിയ).
  • ഉയരം: ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ എണ്ണം കൂടാം.
  • മരുന്നുകൾ: ചില ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, അപസ്മാരത്തിനുള്ള മരുന്നുകൾ എന്നിവ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്താം.
  • ജീവിതശൈലി: സമ്മർദ്ദം, മദ്യപാനം, പോഷകാഹാരക്കുറവ് എന്നിവ പ്ലേറ്റ്‌ലെറ്റ് ഉത്പാദനത്തെ കുറയ്ക്കാൻ സാധ്യതയുണ്ട്.

പ്ലേറ്റ്‌ലെറ്റ് പരിശോധന എങ്ങനെ?

ഒരു കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC) പരിശോധനയിലൂടെയാണ് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കണ്ടെത്തുന്നത്. ഈ അളവുകളിൽ അപാകതയുണ്ടെങ്കിൽ, കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന പരിശോധനകൾ നടത്താം:

  • പെരിഫെറൽ ബ്ലഡ് സ്മിയർ: പ്ലേറ്റ്‌ലെറ്റുകളുടെ ആകൃതിയും വിതരണവും പരിശോധിക്കാൻ.
  • അസ്ഥിമജ്ജ ബയോപ്സി: മജ്ജ സംബന്ധമായ രോഗങ്ങൾ സംശയിക്കുന്നുണ്ടെങ്കിൽ.
  • ജനിതക പരിശോധനകൾ: ചില പ്രത്യേക രോഗങ്ങൾ (ഉദാഹരണത്തിന്, എസെൻഷ്യൽ ത്രോംബോസൈത്തീമിയ) തിരിച്ചറിയാൻ.
  • കൊയാഗുലേഷൻ പ്രൊഫൈൽ: രക്തം കട്ടപിടിക്കാനുള്ള ശേഷി എത്രത്തോളമെന്ന് വിലയിരുത്താൻ.

പ്ലേറ്റ്‌ലെറ്റ് നില ആരോഗ്യകരമായി നിലനിർത്താൻ

പ്ലേറ്റ്‌ലെറ്റ് നില കൃത്യമായി നിലനിർത്താൻ സ്വീകരിക്കാവുന്ന ലളിതമായ വഴികൾ ഇതാ:

  • ഇരുമ്പ് അടങ്ങിയ ഭക്ഷണം: ചീര, ബീറ്റ്റൂട്ട്, പയറുവർഗ്ഗങ്ങൾ, ചുവന്ന മാംസം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • ഫോളേറ്റും വിറ്റാമിൻ B12 ഉം: മുട്ട, പാൽ ഉൽപന്നങ്ങൾ, ഇലക്കറികൾ എന്നിവ കഴിക്കുന്നത് ഉറപ്പാക്കുക.
  • വിറ്റാമിൻ സി വർദ്ധിപ്പിക്കുക: ഇത് ഇരുമ്പിനെ വലിച്ചെടുക്കാൻ സഹായിക്കുകയും രക്തക്കുഴലുകൾക്ക് ബലം നൽകുകയും ചെയ്യുന്നു.
  • അമിതമായ മദ്യപാനവും പുകവലിയും ഒഴിവാക്കുക.
  • രക്തത്തിന്റെ സ്വാഭാവികമായ സാന്ദ്രത നിലനിർത്താൻ ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക.
  • ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആസ്പിരിൻ പോലുള്ള അനാവശ്യ മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കുക.

പ്ലേറ്റ്‌ലെറ്റ് കുറഞ്ഞാൽ സഹായകമാകുന്നവ:

  • പപ്പായ ഇലയുടെ സത്ത്, മാതളനാരങ്ങ, കിവിപ്പഴം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക (ഇവ പരമ്പരാഗതമായി ഉപയോഗിക്കുന്നവയാണ്, എങ്കിലും ഇവ ചികിത്സയ്ക്ക് പകരമാവില്ല).

പ്ലേറ്റ്‌ലെറ്റുകളെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ 

  • ഒരു വ്യക്തിയുടെ ശരീരത്തിൽ ഏകദേശം 1 ട്രില്യൺ (ഒരു ലക്ഷം കോടി) പ്ലേറ്റ്‌ലെറ്റുകൾ രക്തത്തിലൂടെ ഒഴുകുന്നുണ്ട്. 
  • അവയ്ക്ക് 2–3 മൈക്രോമീറ്റർ വ്യാസം മാത്രമേ ഉള്ളൂ. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കില്ല.
  • പ്ലേറ്റ്‌ലെറ്റുകൾക്ക് സെറോടോണിൻ ഹോർമോൺ സംഭരിക്കാൻ കഴിയും, ഇത് രക്തക്കുഴലുകൾ ചുരുങ്ങുന്നതിനെ സ്വാധീനിക്കുന്നു.
  • അവയവമാറ്റ ശസ്ത്രക്രിയകളിലും കാൻസർ ചികിത്സയിലും പ്ലേറ്റ്‌ലെറ്റ് ട്രാൻസ്ഫ്യൂഷൻ ജീവൻ രക്ഷാമാർഗ്ഗമാണ്.
  • കോശങ്ങളെയും എല്ലുകളെയും സുഖപ്പെടുത്താൻ സഹായിക്കുന്ന പുനരുജ്ജീവന ചികിത്സാ രീതികളിൽ പ്ലേറ്റ്‌ലെറ്റുകൾ എങ്ങനെ സഹായകമാകും എന്നതു സംബന്ധിച്ച് ഗവേഷണം നടക്കുന്നുണ്ട്.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്:

  • തുടർച്ചയായ, എന്നാൽ അകാരണമായ ചതവുകളോ രക്തസ്രാവമോ.
  • ചർമ്മത്തിനടിയിൽ കാണുന്ന ചെറിയ ചുവന്ന കുത്തുകൾ (Petechiae).
  • വിട്ടുമാറാത്ത ക്ഷീണം, വിളർച്ച, അല്ലെങ്കിൽ മൂക്കിൽ നിന്നുള്ള രക്തസ്രാവം.
  • CBC പരിശോധനയിൽ പ്ലേറ്റ്‌ലെറ്റ് എണ്ണം 100,000/μL-ൽ കുറയുകയോ 500,000/μL-ൽ കൂടുകയോ ചെയ്യുമ്പോൾ.

സമയബന്ധിതമായ പരിശോധനയിലൂടെ ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കാനും സങ്കീർണ്ണതകൾ തടയാനും സാധിക്കും.

കുഞ്ഞുകോശങ്ങൾ ചെലുത്തുന്ന വലിയ സ്വാധീനം  

രക്തത്തിലെ ഏറ്റവും ചെറിയ ഘടകങ്ങളാണെങ്കിൽപ്പോലും, പ്ലേറ്റ്‌ലെറ്റുകൾ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.

അപകടകരമായ രക്തസ്രാവം തടയുന്നത് മുതൽ, മുറിവുണക്കൽ വേഗത്തിലാക്കുന്നതും രോഗപ്രതിരോധ ശേഷി നിയന്ത്രിക്കുന്നതും വരെയുള്ള കാര്യങ്ങളിൽ, അവ ശരീരത്തിന്റെ അദൃശ്യ രക്ഷാസേനയായി വർത്തിക്കുന്നു.

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ആരോഗ്യകരമായ പരിധിയിൽ നിലനിർത്തുന്നത് രക്തം കട്ടപിടിക്കുന്നത് തടയാൻ മാത്രമല്ല; അത്, ജീവൻ നിലനിർത്തുന്ന സൂക്ഷ്മ സന്തുലിതാവസ്ഥ കാത്തുരക്ഷിക്കാൻ കൂടിയാണ്.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe