മനുഷ്യ രക്തത്തിലും പ്ലാസ്റ്റിക്: മൈക്രോപ്ലാസ്റ്റിക്കുകളും ആരോഗ്യവും സംബന്ധിച്ച ഞെട്ടിക്കുന്ന യാഥാർത്ഥ്യം

പ്ലാസ്റ്റിക് നമ്മുടെ ഭാഗമായി മാറുമ്പോൾ
സമുദ്രങ്ങളെ മലിനമാക്കുന്ന അതേ വസ്തു ഇപ്പോൾ നമ്മുടെ രക്തധമനികളിലൂടെ ഒഴുകുന്നുണ്ടോ? മലിനീകരണം സംബന്ധിച്ച നമ്മുടെ ധാരണയെ തിരുത്തിക്കുറിച്ചുകൊണ്ട് 2022ൽ ശാസ്ത്രജ്ഞർ ഒരു നിർണ്ണായക വിവരം പുറത്തുവിട്ടു. മനുഷ്യ രക്തത്തിൽ മൈക്രോപ്ലാസ്റ്റിക്കുകൾ കണ്ടെത്തി എന്ന ഞെട്ടിക്കുന്ന വിവരമായിരുന്നു അത്. കുപ്പികളുടെയും പാക്കറ്റുകളുടേയും സിന്തറ്റിക് തുണികളുടേയുമൊക്കെ ഭാഗമായിരുന്ന ഈ അദൃശ്യ കണികകൾ, ഇപ്പോൾ നമ്മുടെ രക്തപ്രവാഹത്തിലും കോശങ്ങളിലും അവയവങ്ങളിൽ പോലും എത്തിപ്പെട്ടിരിക്കുന്നു.
അതിവിദൂര ഭാവിയിൽ സംഭവിച്ചേക്കാനിടയുള്ള കാൽപ്പനികത നിറഞ്ഞ സങ്കൽപ്പത്തെക്കുറിച്ചല്ല നമ്മൾ പറയുന്നത്. ഇത് നമ്മുടെ ഇന്നത്തെ യാഥാർത്ഥ്യമാണ്. ആധുനിക ജീവിതത്തിൻ്റെ അദൃശ്യമായ ഈ അവശിഷ്ടങ്ങൾ ഇപ്പോൾ മനുഷ്യൻ്റെ ആവാസവ്യവസ്ഥയുടെ ഭാഗമായിത്തീർന്നിരിക്കുന്നു.
എന്താണ് മൈക്രോപ്ലാസ്റ്റിക്കുകൾ?
5 മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള പ്ലാസ്റ്റിക് ശകലങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകൾ. വലിയ പ്ലാസ്റ്റിക്കുകൾ പൊടിഞ്ഞുണ്ടാകുന്നവ (ദ്വിതീയ മൈക്രോപ്ലാസ്റ്റിക്കുകൾ), അല്ലെങ്കിൽ സൗന്ദര്യവർദ്ധക വസ്തുക്കളിലും ഡിറ്റർജൻ്റുകളിലും വസ്ത്ര നാരുകളിലും ഉപയോഗിക്കാനായി നിർമ്മിക്കുന്നവ (പ്രാഥമിക മൈക്രോപ്ലാസ്റ്റിക്കുകൾ) എന്നിങ്ങനെ രണ്ടുതരത്തിൽ ഇവ കാണപ്പെടുന്നു
ഈ കണികകൾ കാലക്രമേണ നശിക്കുന്നുണ്ടെങ്കിലും പൂർണ്ണമായും അപ്രത്യക്ഷമാകുന്നില്ല. പകരം, അവ മണ്ണ്, വായു, നദികൾ, ഭക്ഷ്യശൃംഖല എന്നിവയിലേക്ക് വ്യാപിക്കുന്നു.
പ്രധാന ഉറവിടങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- പ്ലാസ്റ്റിക് കുപ്പികളും പാക്കേജിംഗുകളും (PET, പോളിഎത്തിലീൻ, പോളിപ്രൊപ്പിലീൻ).
- പോളിയെസ്റ്റർ, നൈലോൺ പോലുള്ള സിന്തറ്റിക് തുണികൾ, ഇവ ഓരോ തവണ അലക്കുമ്പോഴും നാരുകൾ പുറത്തുവരുന്നു.
- മൈക്രോബീഡുകൾ അടങ്ങിയ വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ.
- ടയറുകളും റോഡിലെ പൊടിയും, ഇത് വായുവിലേക്ക് കണികകളെ പുറത്തുവിടുന്നു.
ഇന്ന്, ഉപ്പ്, കുപ്പിവെള്ളം, മത്സ്യം എന്തിന്, മുലപ്പാലിൽ വരെ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
പരിസ്ഥിതിയിൽ നിന്ന് രക്തത്തിലേക്ക്: മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിൽ പ്രവേശിക്കുന്നത് എങ്ങനെ?
മൈക്രോപ്ലാസ്റ്റിക്കുകൾ പ്രധാനമായും മൂന്ന് വഴികളിലൂടെയാണ് മനുഷ്യശരീരത്തിൽ എത്തുന്നത്:
1.ശ്വസനത്തിലൂടെ: സിന്തറ്റിക് വസ്ത്രങ്ങൾ, നഗരത്തിലെ പൊടി, വാഹനങ്ങളുടെ പുക എന്നിവയിൽ നിന്നുള്ള വായുവിലൂടെയുള്ള കണികകൾ വളരെ ചെറുതായതിനാൽ ശ്വാസകോശത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നു.
2.ആഹാരത്തിലൂടെ: മലിനമായ ഭക്ഷണത്തിലൂടെയും (പ്രത്യേകിച്ച് കടൽ വിഭവങ്ങളും പച്ചക്കറികളും) ജലസ്രോതസ്സുകളിലൂടെയും കണികകൾ കുടലിൽ എത്തുന്നു.
3.ചർമ്മത്തിലൂടെയുള്ള ആഗിരണം: കോസ്മെറ്റിക്കുകളിലെ പ്ലാസ്റ്റിക് കണികകളോ പൊടിയോ ചർമ്മത്തിൽ അടിഞ്ഞുകൂടി സുഷിരങ്ങളിലൂടെയോ മുറിവുകളിലൂടെയോ ശരീരത്തിൽ പ്രവേശിക്കാം.
ശരീരത്തിനകത്ത് എത്തിയാൽ, ഈ കണികകൾ കുടൽഭിത്തി അല്ലെങ്കിൽ ശ്വാസകോശം പോലുള്ള ജൈവ തടസ്സങ്ങൾ മറികടന്ന് രക്തപ്രവാഹത്തിലേക്കും ലിംഫാറ്റിക് സിസ്റ്റത്തിലേക്കും പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
2022ൽ വ്രീജെ യൂണിവേഴ്സിറ്റി ആംസ്റ്റർഡാമിലെ ഗവേഷകർ പരിശോധിച്ച മനുഷ്യരക്ത സാമ്പിളുകളിൽ 77% ശതമാനത്തിലും മൈക്രോപ്ലാസ്റ്റിക്കുകൾ കണ്ടെത്തി. ഏറ്റവും സാധാരണയായി കണ്ട പ്ലാസ്റ്റിക് തരങ്ങൾ ഏതാണെന്നോ? പോളിഎഥിലീൻ ടെറെഫ്താലേറ്റ് (PET), പോളിസ്റ്റൈറീൻ, പോളിഎത്തിലീൻ — പാക്കേജിംഗിലും കുപ്പികളിലും ഉപയോഗിക്കുന്ന അതേ വസ്തുക്കൾ!
ശരീരത്തിനുള്ളിൽ മൈക്രോപ്ലാസ്റ്റിക്കുകൾ എന്തുചെയ്യുന്നു?
ഇവയുടെ ആരോഗ്യപരമായ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടക്കുകയാണ്, പക്ഷേ ആദ്യകാല കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്:
- കോശങ്ങളിലെ നീർക്കെട്ട് : അന്യ വസ്തുക്കളോട് പ്രതികരിക്കുന്നത് പോലെ, മൈക്രോപ്ലാസ്റ്റിക്കുകൾ നീർക്കെട്ടിന് കാരണമാവുന്ന പ്രതികരണങ്ങളെ ഉത്തേജിപ്പിക്കാം.
- ഓക്സിഡേറ്റീവ് സമ്മർദ്ദം: ഇവ ഫ്രീ റാഡിക്കലുകൾ ഉത്പാദിപ്പിക്കുകയും അത് ഡിഎൻഎ യുടെ കേടുപാടുകൾക്കും വേഗത്തിലുള്ള വാർധക്യത്തിനും കാരണമാവുകയും ചെയ്യുമെന്ന് പഠനങ്ങൾ കാണിക്കുന്നു.
- എൻഡോക്രൈൻ തടസ്സം: പല പ്ലാസ്റ്റിക്കുകളിലും ബിസ്ഫെനോൾ എ (BPA), താലേറ്റുകൾ (Phthalates) പോലുള്ള അഡിറ്റീവുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഹോർമോണുകളെ അനുകരിക്കുകയും പ്രത്യുൽപാദനം, മെറ്റബോളിസം, തൈറോയ്ഡ് പ്രവർത്തനം എന്നിവയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നവയാണ്.
- പ്രധാന തടസ്സങ്ങൾ മറികടക്കുന്നു: മൈക്രോപ്ലാസ്റ്റിക്കുകൾ രക്ത-മസ്തിഷ്ക തടസ്സവും മറുപിള്ളയും (Placenta) മറികടക്കാൻ സാധ്യതയുണ്ടെന്ന് ലബോറട്ടറി തെളിവുകൾ സൂചിപ്പിക്കുന്നു. ഇത് നാഡീപരമായ വികാസത്തെയും ഗർഭസ്ഥ ശിശുവിൻ്റെ ആരോഗ്യത്തെയും ബാധിച്ചേക്കാം.
മൃഗങ്ങളിൽ അടുത്തിടെ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, മൈക്രോപ്ളാസ്റ്റിക്കുകൾ കരൾ, വൃക്ക, കുടൽ എന്നിവിടങ്ങളിൽ അടിഞ്ഞുകൂടുകയും ചയാപചയ തകരാറുകൾക്കും രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനും കാരണമാവുകയും ചെയ്യുന്നു എന്നാണ്. മനുഷ്യരിൽ നേരിട്ട് ബാധിക്കുന്നതു സംബന്ധിച്ച തെളിവുകൾ ഇപ്പോഴും പഠനവിധേയമാണെങ്കിലും പ്രാഥമിക വിവരങ്ങൾ വ്യക്തമായ മുന്നറിയിപ്പാണ് നൽകുന്നത്.
അദൃശ്യമായ മലിനീകരണ ചക്രം
മൈക്രോപ്ലാസ്റ്റിക്കുകൾ സമുദ്രങ്ങളിൽ ഒതുങ്ങുന്നില്ല — അവ ജലചക്രത്തിൽ (hydrological cycle) പ്രവേശിച്ചിരിക്കുന്നു.
മഴവെള്ളം അവയെ മണ്ണിലേക്ക് കൊണ്ടെത്തിക്കുന്നു, വിളകൾ വേരുകളിലൂടെ അവയെ വലിച്ചെടുക്കുന്നു, കന്നുകാലികൾ ഭക്ഷണത്തിലൂടെ അവയെ കഴിക്കുന്നു. നമ്മുടെ വ്യവസായങ്ങൾ ഉത്പാദിപ്പിക്കുന്നത് നമ്മൾ കഴിക്കുകയും കുടിക്കുകയും ശ്വസിക്കുകയും ചെയ്യുമ്പോൾ ഈ ചക്രം പൂർത്തിയാകുന്നു.
ഒരു സാധാരണ വ്യക്തി പ്രതിവർഷം 39,000 മുതൽ 52,000 വരെ മൈക്രോപ്ലാസ്റ്റിക് കണികകൾ ഉള്ളിലേക്ക് എടുക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ കണക്ക് — കുപ്പിവെള്ളത്തിലൂടെ ഇത് ഇനിയും കൂടാൻ സാധ്യതയുണ്ട്.
അകത്തളങ്ങൾ പോലും സുരക്ഷിതമല്ല; ഫർണിച്ചറിൽ മൈക്രോപ്ലാസ്റ്റിക് പൊടി അടിഞ്ഞുകൂടുകയും നമ്മൾ ശ്വസിക്കുന്ന വായുവിൽ കലരുകയും ചെയ്യുന്നു.
ആഗോള ആരോഗ്യ ആശങ്ക
സുരക്ഷിതമായ അളവ് എത്രയെന്ന് ലോകാരോഗ്യ സംഘടന (WHO) ഇതുവരെ നിർവചിച്ചിട്ടില്ലെങ്കിലും അടിയന്തിര അന്വേഷണം ആവശ്യപ്പെട്ട് നിരവധി ആഗോള ഏജൻസികൾ രംഗത്തുണ്ട്. യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റിയും (EFSA) യുഎൻഇപിയും (UNEP) മുന്നറിയിപ്പ് നൽകുന്നത്, ദൂരവ്യാപകമായ ഈ സ്വാധീനം ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽ വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറിയേക്കാം എന്നാണ്.
ഇവിടെ ആശങ്ക വിഷാംശത്തെക്കുറിച്ച് മാത്രമല്ല — അതിന്റെ സ്ഥിരതയെക്കുറിച്ചുകൂടിയാണ്. പ്ലാസ്റ്റിക്കുകൾ ജൈവികമായി നശിക്കാൻ സാധ്യതയില്ലാത്തതിനാൽ, അവ പരിസ്ഥിതിയിൽ അടിഞ്ഞുകൂടുന്നതുപോലെ, കാലക്രമേണ നമ്മുടെ ശരീരത്തിലും അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.
നമുക്ക് എന്തുചെയ്യാൻ കഴിയും
മൈക്രോപ്ലാസ്റ്റിക്കുകളെ പൂർണ്ണമായി ഒഴിവാക്കാൻ നമുക്ക് കഴിയില്ലെങ്കിലും ശ്രദ്ധയോടെയുള്ള ചില പ്രവർത്തനങ്ങൾ വലിയ ഗുണം ചെയ്യും:
1.വെള്ളം ശുദ്ധീകരിക്കുക: പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ആക്ടിവേറ്റഡ് കാർബൺ അല്ലെങ്കിൽ റിവേഴ്സ് ഓസ്മോസിസ് (RO) സംവിധാനങ്ങൾ ഉപയോഗിക്കുക.
2.പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുക: പകരം ഗ്ലാസ്, സ്റ്റീൽ, അല്ലെങ്കിൽ ചെമ്പ് പാത്രങ്ങൾ തിരഞ്ഞെടുക്കുക.
3.സിന്തറ്റിക് വസ്ത്രങ്ങൾ കഴുകുന്നത് കുറയ്ക്കുക: വാഷിംഗ് മെഷീനുകൾക്കായി മൈക്രോപ്ലാസ്റ്റിക് ഫിൽട്ടറുകൾ ഉപയോഗിക്കുക.
4.മൈക്രോബീഡുകൾ വേണ്ടെന്ന് വെക്കുക: “പോളിഎത്തിലീൻ” അല്ലെങ്കിൽ “പോളിപ്രൊപ്പിലീൻ” എന്നിവ അടങ്ങിയിട്ടുണ്ടോ എന്നറിയാൻ കോസ്മെറ്റിക്കുകളിലെയും സ്ക്രബുകളിലെയും ലേബലുകൾ പരിശോധിക്കുക.
5.പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം ചൂടാക്കുന്നത് ഒഴിവാക്കുക: ചൂട് കൂടുതൽ മൈക്രോപ്ലാസ്റ്റിക്കുകളെയും ദോഷകരമായ രാസവസ്തുക്കളെയും പുറത്തുവിടും.
6.അകത്തളങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കുക: കാറ്റോട്ടം ഉറപ്പാക്കിയും പതിവായി പൊടി തട്ടിയും വായുവിലെ പ്ലാസ്റ്റിക് നാരുകൾ കുറയ്ക്കുക.
വ്യക്തിപരമായ പ്രവർത്തനങ്ങൾക്കപ്പുറം
വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ പ്രധാനമാണെങ്കിലും, ഈ പ്രതിസന്ധിക്ക് ഘടനപരമായ മാറ്റം അനിവാര്യമാണ്. പ്ലാസ്റ്റിക്കുകളുടെ ആഗോള ഉത്പാദനം പ്രതിവർഷം 400 ദശലക്ഷം ടൺ കവിഞ്ഞിരിക്കുന്നു, ഈ അവസ്ഥ തുടർന്നാൽ, 2060ഓടെ ഇത് മൂന്നിരട്ടിയാകാൻ സാധ്യതയുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കാനും വ്യവസായങ്ങളിലെ മൈക്രോപ്ലാസ്റ്റിക് പുറന്തള്ളലിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നയരൂപീകരണ വിദഗ്ധർ ഇപ്പോൾ ശ്രമിക്കുന്നുണ്ട്. എന്നാൽ യഥാർത്ഥ മാറ്റത്തിന്, ജൈവപരമായ നശീകരണ സാധ്യതയുള്ള വസ്തുക്കൾ (biodegradable materials), തുണിത്തരങ്ങൾക്ക് പകരമുള്ള സംവിധാനങ്ങൾ, കാര്യക്ഷമമായ പുനരുപയോഗ സംവിധാനങ്ങൾ (circular recycling systems) എന്നിവയിൽ നമുക്ക് നൂതനമായ കണ്ടുപിടിത്തങ്ങൾ ആവശ്യമാണ്.
അസ്വസ്ഥമാക്കുന്ന യാഥാർത്ഥ്യം
പ്ലാസ്റ്റിക് മലിനീകരണം ഇനി പരിസ്ഥിതി പ്രശ്നം മാത്രമല്ല, അത് ഒരു ജൈവ പ്രശ്നം കൂടിയാണ്.
നമ്മുടെ സൗകര്യങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ അക്ഷരാർത്ഥത്തിൽ നമ്മുടെ രക്തധമനികളിൽ എത്തിയിരിക്കുന്നു. എത്രത്തോളം അവഗണിക്കുന്നുവോ, അത്രത്തോളം തന്നെ അത് നമ്മളിൽ ആഴ്ന്നിറങ്ങുമെന്നുറപ്പാണ്.
അതുകൊണ്ട്, അടുത്ത തവണ നിങ്ങൾ ഒരു പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ ഓർക്കുക –
നമ്മൾ അത് ശ്വസിക്കുന്നു, കഴിക്കുന്നു, നമ്മുടെ ഉള്ളിൽ വഹിക്കുകയും ചെയ്യുന്നു.
Science-Backed References
- Leslie, H. A., et al. (2022). “Discovery and quantification of plastic particle pollution in human blood.” Environment International, 163, 107199.
- Schwabl, P., et al. (2019). “Detection of various microplastics in human stool.” Environmental Science & Technology, 53(12), 7068–7075.
- Sharma, S., & Chatterjee, S. (2017). “Microplastic pollution, a threat to marine ecosystem and human health: a short review.” Environmental Science and Pollution Research, 24(27), 21530–21547.
- Ragusa, A., et al. (2021). “Plastic particles in human placenta.” Environment International, 146, 106274.
- World Health Organization (2023). Microplastics in Drinking Water: State of the Science Review.
At Nellikka.life, we believe awareness is the first antidote. Understanding how plastic enters and alters our bodies is not alarmism — it’s the science of survival in a plastic age.




