സൂര്യപ്രകാശവും ചർമ്മത്തിലെ പാടുകളും: ചൂടും വെയിലും ജീവിതശൈലിയും ത്വക്കിൽ ചെലുത്തുന്ന സ്വാധീനം

ചർമ്മസംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ധാരാളം സെൻ്ററുകളും ചർമ്മ സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന അറിവുകൾ നൽകുന്ന ഒട്ടനവധി വീഡിയോകളും നമ്മൾ നിത്യേനയെന്നോണം കാണാറുണ്ട്. ഓരോ പ്രായത്തിനും ജീവിതശൈലിക്കും കാലാവസ്ഥയ്ക്കുമെല്ലാമനുസൃതമായുള്ള ഉൽപ്പന്നങ്ങൾ വിപണിയിലും സുലഭമാണ്.
സൗന്ദര്യസംബന്ധിയായ ചർച്ചകളിൽ കൂടുതൽ ഉയർന്നു കേൾക്കുന്ന പ്രശ്നമാണ് പിഗ്മെൻ്റേഷൻ (Pigmentation)എന്നത്. ചർമ്മത്തിലെ കറുത്ത കലകൾ, നിറവ്യത്യാസം, വെയിൽ ഏൽക്കുമ്പോഴുണ്ടാകുന്ന പാടുകൾ, മെലാസ്മ എന്നിവയെല്ലാം സൗന്ദര്യത്തെ മാത്രം ബാധിക്കുന്ന കാര്യമായാണ് പൊതുവെ
നമ്മൾ കണക്കാക്കുന്നത്.
എന്നാൽ വാസ്തവത്തിൽ, പിഗ്മെന്റേഷൻ എന്നത് നമ്മുടെ തൊലിപ്പുറത്തു സംഭവിക്കുന്ന നിസ്സാര നിറവ്യത്യാസമല്ല. സൂര്യപ്രകാശം, ഹോർമോൺ വ്യതിയാനങ്ങൾ, നീർവീക്കം, ജീവിതശൈലി എന്നിവയോട് ശരീരം കാണിക്കുന്ന സ്വാഭാവിക പ്രതിരോധ പ്രക്രിയയാണത്.
സമ്പൂർണ്ണാരോഗ്യത്തിൽ നിന്ന് വേറിട്ടു കാണേണ്ടതല്ല ചർമ്മത്തിൻ്റെ ആരോഗ്യമെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു. ത്വക്കുൾപ്പെടെയുള്ള അവയവങ്ങളുടെ ആരോഗ്യം, സമഗ്രമായ സ്വാസ്ഥ്യത്തിന് അത്യന്താപേക്ഷിതമാണ്. ആന്തരികാരോഗ്യത്തിന്റെയും ജീവിക്കുന്ന ചുറ്റുപാടുകളുടെയും മാനസികാവസ്ഥയുടേയും പ്രതിഫലനമാണ് ചർമ്മം എന്ന ജീവനുള്ള അവയവം.
നമ്മുടെ രാജ്യത്ത് ജീവിക്കുന്നവരുടെ ചർമ്മപ്രകൃതിയിലുണ്ടാകുന്ന പിഗ്മെന്റേഷനെക്കുറിച്ച് പറയുമ്പോൾ, നാം ആദ്യം ശ്രദ്ധ നൽകേണ്ടത് സൂര്യപ്രകാശത്തിന് തന്നെയാണ്. സൂര്യനെ ഒരു ശത്രുവായിട്ടല്ല, ചർമ്മത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഊർജ്ജസ്രോതസ്സായാണ് കണക്കാക്കേണ്ടത്. പ്രപഞ്ചത്തിനും അതിലെ സമസ്ത ജീവജാലങ്ങൾക്കും കരുത്തും വെളിച്ചവും നൽകുന്ന ഊർജ്ജസ്രോതസ്സിനെ, അതർഹിക്കുന്ന പ്രാധാന്യം നൽകിക്കൊണ്ടുതന്നെ മനസ്സിലാക്കേണ്ടതുണ്ട്.
പാടുകൾ – പ്രതിരോധത്തിൻ്റെ അടയാളങ്ങൾ
മെലാനിൻ (Melanin) എന്ന പിഗ്മെന്റാണ് നമ്മുടെ ചർമ്മത്തിന്റെ നിറം നിശ്ചയിക്കുന്നത്. ചർമ്മത്തിലെ മെലനോസൈറ്റുകളാണ് ഇത് ഉൽപ്പാദിപ്പിക്കുന്നത്. ചർമ്മത്തിന് സംരക്ഷണം നൽകുക എന്നതാണ് മെലാനിന്റെ പ്രധാന ദൗത്യം. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (UV) രശ്മികൾ ചർമ്മത്തിൽ ഏൽക്കുമ്പോൾ, ആഴത്തിലുള്ള ചർമ്മ പാളികൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ മെലനോസൈറ്റുകൾ കൂടുതൽ മെലാനിൻ ഉൽപ്പാദിപ്പിക്കുന്നു. ഇത് ചർമ്മത്തെ ഒരു കവചം പോലെ പൊതിയുന്നു. അതുകൊണ്ടാണ് വെയിൽ ഏൽക്കുമ്പോൾ ചർമ്മം ഇരുണ്ടുപോകുന്നത് (Tanning). തുടർച്ചയായി വെയിൽ ഏൽക്കുമ്പോൾ പാടുകൾ കൂടുതൽ കടുപ്പമുള്ളതാകുന്നതും ഇതുകൊണ്ടുതന്നെ.
ചുരുക്കിപ്പറഞ്ഞാൽ, മെലാനിൻ്റെ ഉൽപ്പാദനം ക്രമരഹിതമാവുകയോ അമിതമാവുകയോ ദീർഘനേരം നീണ്ടുനിൽക്കുകയോ ചെയ്യുമ്പോഴാണ് അത് ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന പാടുകളായി മാറുന്നത്.
സൂര്യപ്രകാശം എങ്ങനെയാണ് പിഗ്മെന്റേഷന് കാരണമാകുന്നത്?
സൂര്യപ്രകാശം ചർമ്മത്തിൽ പതിക്കുമ്പോൾ അതിസങ്കീർണ്ണമായ ജൈവപ്രക്രിയ നടക്കുന്നുണ്ട്. സൂര്യരശ്മികൾ ചർമ്മത്തിന്റെ ഉൾപ്പാളികളിലേക്ക് ഇറങ്ങിച്ചെല്ലുകയും മെലനോസൈറ്റുകളെ സജീവമാക്കുകയും ചെയ്യുന്നു. അങ്ങനെ ഉൽപ്പാദിപ്പിക്കപ്പെടുന്ന മെലാനിൻ, ചർമ്മത്തിന്റെ മുകളിലെ പാളികളിലേക്ക് എത്തുകയും ഇരുണ്ട നിറം നൽകുകയും ചെയ്യുന്നു.
മിതമായ രീതിയിൽ, ആവശ്യമായ മുൻകരുതലുകളോടെ (സൺസ്ക്രീൻ ഉപയോഗിച്ച്) വെയിൽ കൊള്ളുമ്പോൾ ഈ പ്രക്രിയ സ്വാഭാവികമായി സംഭവിക്കുന്നു. എന്നാൽ വേണ്ടത്ര സംരക്ഷണമില്ലാതെ ദീർഘനേരം കഠിനമായ വെയിലേൽക്കുന്നത് മെലനോസൈറ്റുകളെ നിരന്തരമായും അമിതമായും പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു (Overactivity).
ഇത് കാലക്രമേണ, ഇനിപ്പറയുന്ന പ്രശ്നങ്ങളിലേക്ക് നയിക്കുന്നു:
- ചർമ്മം സ്ഥിരമായി കറുത്തുപോകുന്നു
- ചർമ്മത്തിന്റെ പല ഭാഗങ്ങളിലായി പുള്ളികളും പാടുകളും പ്രത്യക്ഷപ്പെടുന്നു
- ഒരിക്കൽ വന്ന പാടുകൾ പെട്ടെന്ന് മാഞ്ഞുപോകാത്ത അവസ്ഥയുണ്ടാകുന്നു
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് (UV) രശ്മികൾ മാത്രമല്ല, കഠിനമായ ചൂടും പ്രകാശവും (Visible Light) ഇത്തരം പാടുകൾ വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്—പ്രത്യേകിച്ച് മെലാസ്മ പോലുള്ള അവസ്ഥകളിൽ.
സൂര്യപ്രകാശവും വിവിധതരം പിഗ്മെന്റേഷനും
സൂര്യപ്രകാശം താഴെ പറയുന്ന തരം ചർമ്മ പ്രശ്നങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു:
- ടാനിംഗ് (Tanning): വെയിൽ ഏൽക്കുമ്പോൾ ചർമ്മം ഇരുണ്ടുപോകുന്ന അവസ്ഥ. തുടർച്ചയായി വെയിൽ കൊണ്ടാൽ നിറം സ്ഥായിയായി ഇരുണ്ടതാകും.
- സൺ സ്പോട്ടുകൾ (Solar Lentigines): പ്രായമാകുമ്പോഴും വർഷങ്ങളോളം വെയിൽ ഏൽക്കുന്നതിന്റെ ഫലമായും ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന ചെറിയ കറുത്ത പാടുകൾ
- കരിമംഗല്യം (Melasma): കവിളുകളിലും മൂക്കിന്റെ പാലത്തിലും കാണപ്പെടുന്ന വലിയ പാടുകൾ. സൂര്യപ്രകാശം, അമിതമായ ചൂട്, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ ഈ അവസ്ഥയെ കൂടുതൽ മോശമാക്കും
- പിഗ്മെന്റേഷൻ പാടുകൾ (PIH): മുഖക്കുരു, തിണർപ്പുകൾ അല്ലെങ്കിൽ മുറിവുകൾ എന്നിവ മാറിയതിനുശേഷം ഉണ്ടാകുന്ന പാടുകൾ സൂര്യപ്രകാശം ഏൽക്കുമ്പോൾ കൂടുതൽ കറുപ്പായി മാറുന്നു.
ഇന്ത്യക്കാരുടെ ചർമ്മത്തിൽ മെലനോസൈറ്റുകൾ സ്വാഭാവികമായിത്തന്നെ കൂടുതൽ സജീവമാണ്. അതുകൊണ്ട് പാടുകൾ വരാനുള്ള സാധ്യത കൂടുതലാണ്. അവ വന്നാൽ മാറാനും കൂടുതൽ സമയമെടുക്കും.
ഇന്ത്യക്കാരുടെ ചർമ്മത്തിന്റെ പ്രത്യേകതകൾ:
സൂര്യരശ്മികളെ പ്രതിരോധിക്കാൻ ചർമ്മത്തിന് കൂടുതൽ ശേഷിയുണ്ട്. വെയിൽ ഏൽക്കുമ്പോൾ ചർമ്മം പെട്ടെന്ന് പൊള്ളുകയോ ചുവന്ന് തടിക്കുകയോ ചെയ്യില്ല.
അതേസമയം, നമ്മുടെ ചർമ്മത്തിലെ മെലാനിൻ വളരെ വേഗത്തിൽ സജീവമാകുന്നു. ഇത് ചർമ്മത്തിന്റെ പല ഭാഗങ്ങളിലും നിറവ്യത്യാസമുണ്ടാക്കാനും പാടുകൾ വരാനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ, വെയിലിൽ നിന്നു സംരക്ഷണം നേടേണ്ടത് ഏറെ അനിവാര്യമാണ്.
സൂര്യപ്രകാശം ദോഷകരമാകുന്നത് എപ്പോൾ?
ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി (Vitamin D) നൽകാനും ജൈവതാളം (Circadian Rhythm) ക്രമീകരിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനുമെല്ലാം സൂര്യപ്രകാശം സഹായിക്കുന്നുണ്ട്. പക്ഷെ, ഏതു സമയം, എത്രനേരം, എങ്ങനെ വെയിലേൽക്കുന്നു എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
യാതൊരു സംരക്ഷണവുമില്ലാതെ വർഷങ്ങളോളം തുടർച്ചയായി വെയിൽ ഏൽക്കുന്നത് പല പ്രശ്നങ്ങൾക്കും കാരണമാകും.
പിഗ്മെന്റേഷൻ തകരാറുകൾ, അകാല വാർദ്ധക്യം (Premature Aging), ചർമ്മം അയഞ്ഞു തൂങ്ങുന്ന അവസ്ഥ, കോശങ്ങളിലെ മാറ്റങ്ങൾ എന്നിവയെല്ലാം ഈ പ്രശ്നങ്ങളിൽ ഉൾപ്പെടുന്നു.
ജീവിതശൈലി ചെലുത്തുന്ന സ്വാധീനം
സൂര്യപ്രകാശം ചർമ്മപ്രശ്നങ്ങൾക്ക് തുടക്കമിടുമെങ്കിലും, നമ്മുടെ മോശം ജീവിതശൈലിയാണ് പലപ്പോഴും ഈ പാടുകൾ മാറാതെ നിലനിൽക്കാൻ കാരണമാകുന്നത്.
പിഗ്മെന്റേഷൻ കൂടാൻ കാരണമാകുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:
- നിരന്തരമായ മാനസിക സമ്മർദ്ദവും കോർട്ടിസോൾ ഹോർമോൺ വർദ്ധനയും
- ഉറക്കമില്ലായ്മയും ഉറക്കക്കുറവും
- തൈറോയ്ഡ്, ഈസ്ട്രജൻ, ഇൻസുലിൻ തുടങ്ങിയ ഹോർമോണുകളിലെ വ്യതിയാനങ്ങൾ
- നീർക്കെട്ടുണ്ടാക്കുന്ന തരം ഭക്ഷണക്രമം
- ചർമ്മത്തിന് യോജിക്കാത്തതോ അമിതമായി വീര്യമുള്ളതോ ആയ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം
വെയിൽ കൊള്ളുന്നത് കുറച്ചാലും ചിലരുടെ പാടുകൾ മാറാത്തത് എന്തുകൊണ്ടാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ചർമ്മത്തെ പുറമെ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം ആന്തരിക സൗഖ്യവും അത്യാവശ്യമാണ്.
കഠിനമായ ചികിത്സകൾ വിപരീതഫലം നൽകുന്നത് എന്തുകൊണ്ട്?
ചർമ്മത്തിൽ പാടുകൾ കണ്ടുതുടങ്ങുമ്പോൾ പലരും വളരെ പെട്ടെന്ന് അവ മാറ്റാൻ തിടുക്കം കൂട്ടാറുണ്ട്. കഠിനമായ കെമിക്കൽ പീലുകൾ, ഇടയ്ക്കിടെയുള്ള ലേസർ ചികിത്സകൾ, അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ കടകളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് ക്രീമുകൾ എന്നിവ താൽക്കാലികമായി വ്യത്യാസം വരുത്തിയേക്കാമെങ്കിലും പലപ്പോഴും ഇവ ചർമ്മത്തിന്റെ സ്വാഭാവിക സുരക്ഷാപാളിയെ തകർക്കുന്നു.
ചർമ്മത്തിന്റെ ഈ സുരക്ഷാപാളിക്ക് കേടുപറ്റി കഴിഞ്ഞാൽ അത് നീർവീക്കത്തിന് കാരണമാകും. ഇത് കൂടുതൽ മെലാനിൻ ഉൽപ്പാദിപ്പിക്കാൻ മെലനോസൈറ്റുകൾക്ക് സന്ദേശം നൽകുന്നു. ഇതിന്റെ ഫലമായി പാടുകൾ പഴയതിനേക്കാൾ കടുപ്പത്തിൽ തിരിച്ചുവരുന്നു. ഇതിനെയാണ് ‘റീബൗണ്ട് പിഗ്മെന്റേഷൻ’ (Rebound Pigmentation) എന്ന് വിളിക്കുന്നത്.
ചർമ്മത്തിന് വേണ്ടത്ര ഈർപ്പവും (Hydration) സുരക്ഷിതത്വവും കരുതലുമാണ് നൽകേണ്ടത്. എങ്കിൽ മാത്രമേ ചർമ്മം ശരിയായ രീതിയിൽ സുഖപ്പെടുകയുള്ളൂ.
ചർമ്മത്തെ സംരക്ഷിക്കാം ശ്രദ്ധയോടെ
സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണം (Sun Protection) ആണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വെയിലുള്ളപ്പോഴും വീടിനുള്ളിൽ ഇരിക്കുമ്പോഴും ‘ബ്രോഡ് സ്പെക്ട്രം’ സൺസ്ക്രീൻ ഉപയോഗിക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി എന്നിവ ശീലമാക്കുക.
സൂര്യപ്രകാശം ഏറ്റവും കഠിനമായ സമയത്ത് (പ്രത്യേകിച്ച് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ) വെയിൽ കൊള്ളുന്നത് ഒഴിവാക്കുക.
ചർമ്മത്തിൽ വരൾച്ചയുണ്ടാക്കാത്ത തരം ക്ലെൻസറുകൾ ഉപയോഗിക്കുക.
അനുയോജ്യമായ മോയ്സ്ചറൈസർ ഉപയോഗിച്ച് ചർമ്മം എപ്പോഴും ഈർപ്പമുള്ളതാക്കി വെക്കുക. ഇടയ്ക്കിടെ സ്ക്രബ് ചെയ്യുന്നതും അമിതമായി എക്സ്ഫോളിയേറ്റ് (Exfoliation) ചെയ്യുന്നതും ചർമ്മത്തിന് ദോഷം ചെയ്യും.
എപ്പോഴാണ് ചികിൽസ തേടേണ്ടത്?
താഴെ പറയുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ഒരു ചർമ്മരോഗ വിദഗ്ധന്റെ (Dermatologist) നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്:
- ചർമ്മത്തിലെ കറുത്ത നിറം വളരെ പെട്ടെന്ന് മറ്റു ഭാഗങ്ങളിലേക്ക് പടരുന്നുണ്ടെങ്കിൽ
- പാടുകളുടെ ആകൃതിയിൽ അസ്വാഭാവികതയുണ്ടെങ്കിൽ
- ചൊറിച്ചിലോ തൊലി ഇളകുകയോ വേദനയോ അനുഭവപ്പെട്ടാൽ
- ചർമ്മത്തിന് മാസങ്ങളോളം സംരക്ഷണം നൽകിയിട്ടും പാടുകൾ കുറയുന്നില്ലെങ്കിൽ
സാധാരണ പാടുകളും ചർമ്മത്തെ ബാധിക്കുന്ന മറ്റ് അസുഖങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ വിദഗ്ധ പരിശോധന സഹായിക്കും.
ആന്തരിക ആരോഗ്യം പ്രതിഫലിക്കുന്ന കണ്ണാടിയാണ് ചർമ്മം. നിറംമാറ്റവും പാടുകളും ശരീരം നൽകുന്ന സൂചനയാണ്. മതിയായ സംരക്ഷണം ഉറപ്പുവരുത്തുക, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക, അസ്വസ്ഥതകളുണ്ടെങ്കിൽ വിദഗ്ധ നിർദ്ദേശം തേടുക.
ചർമ്മത്തിൻ്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് വേണ്ട സംരക്ഷണവും പരിചരണവും നൽകിയാൽ ആരോഗ്യം തുടിക്കുന്ന ചർമ്മം നിലനിർത്താനാകും.




