പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം
മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ നിർമ്മിക്കപ്പെട്ട ഈ ഹൃദയത്തെ പൊതിഞ്ഞു സംരക്ഷണം നൽകുന്ന ഇരുപാളികളുള്ള ആവരണമാണ് പെരികാർഡിയം.
ഒരു പുറംചട്ട പോലെ പ്രവർത്തിക്കുന്ന ഈ ആവരണം ഹൃദയത്തിന് സുരക്ഷ നൽകുന്നു, അതിനെ കൃത്യ സ്ഥാനത്ത് നിലനിർത്തുന്നു, കൂടാതെ ഹൃദയം മിടിക്കുമ്പോൾ പാളികൾ തമ്മിൽ ഉരസൽ (friction) ഉണ്ടാകാതെ തടയുകയും ചെയ്യുന്നു.
ഈ സംരക്ഷണ കവചത്തിന് നീർക്കെട്ട് (inflammation) ഉണ്ടാകുന്ന അവസ്ഥയെയാണ് പെരികാർഡൈറ്റിസ് എന്ന് വിശേഷിപ്പിക്കുന്നത്. ഇത് പൊതുവെ താത്കാലികമായിരിക്കുമെങ്കിലും, ചിലരിൽ കഠിനമായ വേദനയ്ക്കോ ഹൃദയത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്ന സങ്കീർണ്ണതകൾക്കോ കാരണമാകാറുണ്ട്.
എന്താണ് പെരികാർഡൈറ്റിസ്?
പെരികാർഡിയത്തിന് ഉണ്ടാകുന്ന നീർക്കെട്ടാണ് പെരികാർഡൈറ്റിസ് . അണുബാധയോ (infection) അല്ലെങ്കിൽ രോഗപ്രതിരോധ പ്രതികരണമോ (immune response) ആണ് സാധാരണയായി നീർവീക്കത്തിന് കാരണമാകുന്നത്.
ഇത് പെട്ടെന്ന് തീവ്രമായ അവസ്ഥയിലെത്തുകയോ സാവധാനം സങ്കീർണ്ണമാകുകയോ ചെയ്യാം.
നീർക്കെട്ട് ഉണ്ടാകുമ്പോൾ പെരികാർഡിയത്തിൻ്റെ പാളികൾ പരസ്പരം ഉരസാൻ തുടങ്ങുന്നു. ഇത് ഹൃദയാഘാതത്തിന്റേതിന് സമാനമായ, അതിശക്തമായ നെഞ്ചുവേദനയ്ക്ക് കാരണമാകുന്നു.
പെരികാർഡൈറ്റിസിൻ്റെ പ്രധാനപ്പെട്ട തരങ്ങൾ
പെരികാർഡൈറ്റിസിൻ്റെ സ്വഭാവമനുസരിച്ച് ഇതിനെ പലതായി തിരിക്കാം
1. തീവ്രത കൂടിയ പെരികാർഡൈറ്റിസ് പെട്ടെന്ന് തുടങ്ങുന്നു; ഏതാനും ആഴ്ചകൾക്കുള്ളിൽ മാറും.
2.ആവർത്തിച്ചുണ്ടാകുന്ന പെരികാർഡൈറ്റിസ് രോഗലക്ഷണങ്ങൾ പൂർണ്ണമായും മാറിയ ശേഷം വീണ്ടും തിരികെ വരുന്നു.
3.ദീർഘകാല പെരികാർഡൈറ്റിസ് നീർക്കെട്ട് കുറേക്കാലം നിലനിൽക്കുന്നു. ഇത് പെരികാർഡിയം കട്ടിയാകാനും വടുക്കൾ ഉണ്ടാക്കാനും കാരണമായേക്കാം.
4.കൺസ്ട്രിക്റ്റീവ് പെരികാർഡൈറ്റിസ് ഗുരുതരമായ ദീർഘകാല രോഗാവസ്ഥയാണിത്. പെരികാർഡിയം വഴക്കമില്ലാത്തതും കട്ടിയുള്ളതുമായി മാറുന്നു. ഹൃദയത്തിന് രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാനുള്ള ശേഷിയെ ഇത് തടസ്സപ്പെടുത്തുന്നു.
പെരികാർഡൈറ്റിസിനുള്ള കാരണങ്ങൾ
പെരികാർഡൈറ്റിസിന് പല കാരണങ്ങളുണ്ടാകാം. പലപ്പോഴും കൃത്യമായ കാരണം കണ്ടെത്താൻ സാധിക്കാതെയും ഈ രോഗം വരാറുണ്ട് (Idiopathic).
സാധാരണയായി കണ്ടുവരുന്ന കാരണങ്ങൾ :
- വൈറൽ അണുബാധകൾ: (കോക്സാക്കി വൈറസ്, ഇൻഫ്ലുവൻസ, കൊവിഡ്-19 പോലുള്ളവ)
- ബാക്ടീരിയ അണുബാധകൾ: (ഇന്ത്യയിൽ, പ്രത്യേകിച്ച് ക്ഷയരോഗം പോലുള്ളവ)
- ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ: (റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ലൂപസ് പോലുള്ള രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന രോഗങ്ങൾ)
- ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം: (പോസ്റ്റ്-മയോകാർഡിയൽ ഇൻഫാർക്ഷൻ പെരികാർഡൈറ്റിസ്)
- വൃക്കകളുടെ തകരാറ്: (യുറീമിക് പെരികാർഡൈറ്റിസ്)
- ചില മരുന്നുകൾ അല്ലെങ്കിൽ റേഡിയേഷൻ ചികിത്സ
- നെഞ്ചിന് ഏൽക്കുന്ന പരിക്ക് അല്ലെങ്കിൽ ട്രോമ
സാധാരണ ലക്ഷണങ്ങൾ
ശക്തമായ, കുത്തിനോവിക്കുന്ന തരത്തിലുള്ള നെഞ്ചുവേദനയാണ് പെരികാർഡൈറ്റിസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം.
ഈ വേദനയുടെ പ്രത്യേകതകൾ:
- മലർന്നു കിടക്കുമ്പോഴോ അല്ലെങ്കിൽ ആഴത്തിൽ ശ്വാസമെടുക്കുമ്പോഴോ വേദന വർദ്ധിക്കുന്നു.
- ഇരുന്നിട്ട് മുന്നോട്ടായുമ്പോൾ വേദനയ്ക്ക് ശമനം ലഭിക്കുന്നു.
മറ്റ് ലക്ഷണങ്ങൾ
നെഞ്ചുവേദന കൂടാതെ ഇനിപ്പറയുന്ന ലക്ഷണങ്ങളും കണ്ടേക്കാം:
- പനിയും ക്ഷീണവും
- ശ്വാസംമുട്ട്
- ഹൃദയമിടിപ്പ് കൂടുന്നതായി തോന്നുക (Palpitations)
- വരണ്ട ചുമ
- കാലുകളിലോ വയറിലോ നീര് വരുന്നത് (ദീർഘകാല രോഗാവസ്ഥകളിൽ)
പ്രത്യേക ശ്രദ്ധയ്ക്ക്: പെരികാർഡൈറ്റിസിൻ്റെ വേദന ചിലപ്പോൾ ഹൃദയാഘാതത്തിന്റേതിന് സമാനമായി തോന്നാം. സംശയമുണ്ടെങ്കിൽ ഉടൻതന്നെ വൈദ്യസഹായം തേടണം.
രോഗം നിർണ്ണയിക്കുന്നതെങ്ങനെ?
പരിശോധന, സ്കാനിംഗുകൾ, രക്തപരിശോധനകൾ എന്നിവ സംയോജിപ്പിച്ചാണ് രോഗനിർണ്ണയം:
1.ശാരീരിക പരിശോധന (Physical Examination):
ഡോക്ടർ സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് പരിശോധിക്കുമ്പോൾ, പെരികാർഡിയത്തിലെ പാളികൾ ഉരസുന്നതിൻ്റെ പ്രത്യേക ശബ്ദം (പെരികാർഡിയൽ ഫ്രിക്ഷൻ റബ്) കേൾക്കാൻ സാധ്യതയുണ്ട്. ഇത് ഒരു പ്രധാന ലക്ഷണമാണ്.
2.ഇ സി ജി (ECG/Electrocardiogram): ഹൃദയാഘാതത്തിൽ നിന്ന് വ്യത്യസ്തമായ ചില മാറ്റങ്ങൾ രേഖപ്പെടുത്താൻ സഹായിക്കുന്നു.
3.ഇക്കോകാർഡിയോഗ്രാം (Echocardiogram): ഹൃദയത്തിന് ചുറ്റും ദ്രവം കെട്ടിക്കിടക്കുന്നുണ്ടോ, പെരികാർഡിയത്തിന് കട്ടിയുണ്ടോ എന്ന് കണ്ടെത്താൻ.
4.നെഞ്ചിൻ്റെ എക്സ്-റേ / സി.ടി / എം.ആർ.ഐ: ഹൃദയത്തിൻ്റെ വലുപ്പത്തിലോ നീർക്കെട്ടിലോ ഉള്ള മാറ്റങ്ങൾ മനസ്സിലാക്കാൻ സഹായിക്കും.
5.രക്തപരിശോധനകൾ (Blood Tests):
ഇ.എസ്.ആർ (ESR), സി.ആർ.പി (CRP), ട്രോപോണിൻ എന്നിവയുടെ അളവ് കൂടുന്നത് ശരീരത്തിലെ നീർക്കെട്ട് (Inflammation) സ്ഥിരീകരിക്കാൻ സഹായിക്കുന്നു.
ചികിത്സ: ഹൃദയത്തിലെ സമ്മർദ്ദം കുറയ്ക്കുക
തീവ്ര പെരികാർഡൈറ്റിസിൻ്റെ മിക്ക കേസുകളും കൃത്യസമയത്തുള്ള ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ്.
നീർക്കെട്ട് കുറയ്ക്കുക എന്നതും അടിസ്ഥാന കാരണം കണ്ടെത്തി ചികിത്സിക്കുക എന്നതുമാണ് ചികിത്സയുടെ ലക്ഷ്യം .
സാധാരണ ചികിത്സാ രീതികൾ:
- നീർക്കെട്ട് കുറയ്ക്കുന്ന മരുന്നുകൾ: (NSAIDs അല്ലെങ്കിൽ കോൾക്കിസിൻ പോലുള്ളവ)
- കോർട്ടികോസ്റ്റിറോയ്ഡുകൾ: (ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ മൂലമുള്ളതോ ആവർത്തിച്ചു വരുന്നതോ ആയ കേസുകളിൽ)
- ആൻ്റിബയോട്ടിക്കുകളോ ക്ഷയരോഗത്തിനുള്ള മരുന്നുകളോ: (ബാക്ടീരിയ മൂലമോ ക്ഷയരോഗം മൂലമോ ആണെങ്കിൽ)
- ദ്രവം നീക്കം ചെയ്യൽ: പെരികാർഡിയൽ ദ്രാവകം കെട്ടിക്കിടന്ന് ഹൃദയത്തിൽ സമ്മർദ്ദം ഉണ്ടാക്കുകയാണെങ്കിൽ, സൂചി ഉപയോഗിച്ച് ആ ദ്രവം പുറത്തെടുക്കും (പെരികാർഡിയോസെൻ്റസിസ്). ഈ ഗുരുതരമായ അവസ്ഥയെ കാർഡിയാക് ടാംപോണേഡ് എന്ന് വിളിക്കുന്നു.
നേരത്തെയുള്ള ചികിത്സയിലൂടെ ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർണ്ണമായി സുഖം പ്രാപിക്കാൻ സാധിക്കും.
സാധ്യതയുള്ള സങ്കീർണ്ണതകൾ
ചികിത്സിക്കാതെ അവഗണിക്കുകയോ രോഗം വീണ്ടും വരികയോ ചെയ്താൽ അത്, താഴെ പറയുന്ന ഗുരുതരാവസ്ഥകളിലേക്ക് നയിച്ചേക്കാം:
- പെരികാർഡിയൽ എഫ്യൂഷൻ: (ഹൃദയത്തിന് ചുറ്റും ദ്രവം കെട്ടിക്കിടക്കുന്ന അവസ്ഥ)
- കാർഡിയാക് ടാംപോണേഡ്: (ജീവന് ഭീഷണിയായേക്കാവുന്ന രീതിയിൽ ഹൃദയത്തിന് സമ്മർദ്ദം ഉണ്ടാകുന്നത്)
- കൺസ്ട്രിക്റ്റീവ് പെരികാർഡൈറ്റിസ്: (പെരികാർഡിയം കട്ടിയായി ഹൃദയത്തിൻ്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത്)
പ്രതിരോധവും ജീവിതശൈലിയിലെ മാറ്റങ്ങളും
പെരികാർഡൈറ്റിസ് എല്ലായ്പ്പോഴും തടയാൻ കഴിഞ്ഞെന്ന് വരില്ല, എങ്കിലും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗ സാധ്യത കുറയ്ക്കാൻ സാധിക്കും:
- അണുബാധകൾക്ക് (Infections) ഉടൻ തന്നെ ചികിത്സ തേടുക.
- ഓട്ടോഇമ്മ്യൂൺ, ദീർഘകാല രോഗങ്ങളെ നിയന്ത്രിച്ചു നിർത്തുക.
- ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വയം മരുന്നുകൾ കഴിക്കുന്നത് ഒഴിവാക്കുക.
- ഹൃദയ ശസ്ത്രക്രിയയ്ക്കോ ഹൃദയാഘാതത്തിനോ ശേഷം കൃത്യമായ തുടർ പരിശോധനകൾ നടത്തുക.
ഹൃദയാരോഗ്യത്തിനായുള്ള ശീലങ്ങൾ സഹായകമാകും:
- നീർക്കെട്ട് കുറയ്ക്കുന്ന ഭക്ഷണങ്ങൾ (ഒമേഗ-3, ഇലക്കറികൾ, മഞ്ഞൾ, പഴങ്ങൾ) കഴിക്കുക.
- പുകവലിയും മദ്യപാനവും പൂർണ്ണമായി ഒഴിവാക്കുക.
- മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ലഘുവായ യോഗയും ശ്വസന വ്യായാമങ്ങളും പരിശീലിക്കുക.
ഹൃദയം പറയുന്നത് കേൾക്കാം
അപൂർവ രോഗമാണെങ്കിലും പെരികാർഡൈറ്റിസിൻ്റെ ലക്ഷണങ്ങൾ ചിലപ്പോൾ നിസ്സാരമായ മറ്റെന്തെങ്കിലും രോഗമായോ അല്ലെങ്കിൽ അതീവ ഗുരുതരമായ രോഗമായോ തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
ശരിയായ അവബോധം വളരെ പ്രധാനമാണ്.
തുടർച്ചയായ നെഞ്ചുവേദന, പനി, ശ്വാസംമുട്ട് എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, ഒട്ടും വൈകിക്കരുത്.
ഒരു ഹൃദ്രോഗ വിദഗ്ധനെ (Cardiologist) സമീപിക്കുകയോ അല്ലെങ്കിൽ മാർഗ്ഗനിർദ്ദേശങ്ങൾക്കും പരിശോധനകൾക്കുമായി Nellikkaയുടെ ഹൃദയാരോഗ്യ വിദഗ്ദ്ധ പാനലുമായി ബന്ധപ്പെടുകയോ ചെയ്യുക.
ഹൃദയത്തിന് അസ്വസ്ഥതകൾ തോന്നുന്നത് അനാരോഗ്യത്തിൻ്റെ സൂചനയാകാം. അതവഗണിക്കാതെ ചികിൽസ തേടുന്നത് രോഗം ഗുരുതരമാകാതിരിക്കാൻ സഹായിക്കും.




