ലൈംഗികാരോഗ്യം: മനസ്സും ശരീരവും തമ്മിലുള്ള ബന്ധം

ലൈംഗികാരോഗ്യം: മനസ്സും ശരീരവും തമ്മിലുള്ള ബന്ധം

പുരുഷന്റെ മൊത്തത്തിലുള്ള ആരോഗ്യമാണ് ലൈംഗികതയിൽ പ്രതിഫലിക്കുക എന്ന് പൊതുവെ പറയാറുണ്ട്. പല പുരുഷന്മാരും ലൈംഗിക ബന്ധത്തെ ബാധിക്കുന്ന ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇതിൽ ഏറ്റവും സാധാരണമായ ഒരു പ്രശ്നമാണ് ഉദ്ധാരണക്കുറവ് (erectile difficulties). ഈ പ്രയാസത്തിന് കാരണം ശാരീരികമായ എന്തങ്കിലും അപാകതയാണോ അതോ ലൈംഗികതയിലെ കെൽപ്പിനെക്കുറിച്ചുള്ള ഉത്ക്കണ്ഠയാണോ എന്ന കാര്യത്തിൽ  പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാകുന്നു.   

ഈ രണ്ട് പ്രശ്നങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം ചികിത്സ, കൗൺസിലിംഗ്, അല്ലെങ്കിൽ ജീവിതശൈലിയിലെ മാറ്റങ്ങൾ തുടങ്ങി ഏത് വഴി സ്വീകരിക്കണം എന്നുള്ളത് യഥാർത്ഥ കാരണം കണ്ടെത്തുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

പെർഫോമൻസിൽ മനസ്സിന്റെ പങ്ക്

ലൈംഗികത ശാരീരിക പ്രവർത്തനം മാത്രമല്ല, മാനസികാവസ്ഥയ്ക്ക് ഇതിൽ വലിയ പങ്കുണ്ട്. ഒരു പുരുഷന് ‘മികച്ച പ്രകടനം’ നടത്താൻ കഴിയുമോ എന്ന ആശങ്ക തോന്നുമ്പോൾ, അത് അവന്റെ മനസ്സിൽ സമ്മർദ്ദം സൃഷ്ടിക്കും. ഈ സമ്മർദ്ദം കാരണം കോർട്ടിസോൾ, അഡ്രിനാലിൻ പോലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുകയും ഇത് തലച്ചോറിൽ നിന്ന് ജനനേന്ദ്രിയത്തിലേക്ക് ഉദ്ധാരണത്തിനുള്ള സിഗ്നലുകൾ അയയ്ക്കുന്നതിന് തടയിടുകയും ചെയ്യുന്നു.

ഇതിനെയാണ് പെർഫോമൻസ് ആൻസൈറ്റി എന്ന് പറയുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പെർഫോമൻസ് കാഴ്ചവെയ്ക്കുന്നതിൽ പരാജയപ്പെട്ടുപോകുമോ എന്നുള്ള ഭയം മൂലം, സ്വാഭാവികമായ ഉദ്ധാരണം തടസ്സപ്പെടുന്ന ഒരുതരം മാനസികാവസ്ഥയാണിത്.

  • പൊതുവായ കാരണങ്ങൾ: പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നുള്ള ഭയം, മുൻപുണ്ടായ മോശം അനുഭവങ്ങൾ, അല്ലെങ്കിൽ ബന്ധങ്ങളിലെ സമ്മർദ്ദം എന്നിവയെല്ലാം ഇതിന് കാരണമാകാം.
  •  കെൽപ്പ് കളയുന്ന ചിന്ത: ഉത്കണ്ഠ → ഉദ്ധാരണക്കുറവ് → അമിതമാകുന്ന ഉത്കണ്ഠ → വീണ്ടും പ്രതിസന്ധി എന്ന രീതിയിൽ ഇത് തുടരുന്നു.

ശാരീരിക പ്രശ്നങ്ങളിൽ നിന്ന് വ്യത്യസ്തമായി, പെർഫോമൻസ് ആൻസൈറ്റി പലപ്പോഴും പെട്ടെന്നാണ് സംഭവിക്കുന്നത്, പ്രത്യേകിച്ചും പുതിയ ബന്ധങ്ങളിലോ അല്ലെങ്കിൽ പെർഫോമൻസിൽ പരാജയപ്പെട്ട സംഭവം ഉണ്ടായതിന് ശേഷമോ.

ശാരീരികമായ തകരാറുകൾ

ശാരീരിക കാരണങ്ങൾ കൊണ്ടുള്ള ഉദ്ധാരണക്കുറവ് (physical or organic erectile dysfunction) അടിസ്ഥാനപരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണം ഉണ്ടാകുന്നതാണത്. ഇവിടെ പ്രശ്നം ചിന്താഗതിയുടേതല്ല, മറിച്ച് ജനനേന്ദ്രിയത്തിലേക്ക് ആവശ്യത്തിന് രക്തയോട്ടം നൽകാനും നാഡീവ്യവസ്ഥയുടെ സന്ദേശങ്ങൾ പ്രവർത്തിപ്പിക്കാനുമുള്ള ശരീരത്തിന്റെ കഴിവിനാണ്.

സാധാരണ കാരണങ്ങൾ:

  • ഹൃദയസംബന്ധമായ അസുഖങ്ങൾ: രക്തധമനികളിൽ തടസ്സമുണ്ടാകുന്നത് രക്തയോട്ടം കുറയ്ക്കുന്നു.
  • പ്രമേഹം: ഇത് നാഡികളെയും രക്തക്കുഴലുകളെയും നശിപ്പിക്കും.
  • ഹോർമോൺ വ്യതിയാനങ്ങൾ: ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോണുകൾ കുറയുന്നത്
  • മരുന്നുകളുടെ പാർശ്വഫലങ്ങൾ: ചില മരുന്നുകളുടെ ഉപയോഗം ഉദ്ധാരണക്കുറവിന് കാരണമാകാം.
  • അമിതമായ മദ്യപാനം, പുകവലി, അല്ലെങ്കിൽ അമിതവണ്ണം.

പെർഫോമൻസ് ആൻസൈറ്റിയിൽ നിന്ന് വ്യത്യസ്തമായി, ശരീരസംബന്ധിയായ പ്രശ്നങ്ങൾ സാധാരണയായി സാവധാനത്തിൽ തുടങ്ങുകയും കാലക്രമേണ കൂടുതലാകുകയും ചെയ്യും. മാനസിക സമ്മർദ്ദം കുറഞ്ഞ സാഹചര്യങ്ങളിൽ പോലും ഇത് സംഭവിക്കാം.

വ്യത്യാസം എങ്ങനെ  തിരിച്ചറിയാം?

  • പെർഫോമൻസ് ആൻസൈറ്റി: ഇത് പെട്ടെന്ന് ഉണ്ടാകുന്നു, കൂടുതലും സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കും. സ്വയംഭോഗം ചെയ്യുമ്പോഴോ ഉറങ്ങുമ്പോഴോ ഉദ്ധാരണം ഉണ്ടായെന്നും വരാം.
  • ശാരീരിക പ്രശ്നങ്ങൾ: ഇത് സാവധാനത്തിൽ തുടങ്ങുന്നു, എല്ലാ സാഹചര്യങ്ങളിലും ഉദ്ധാരണം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകും. രാവിലെ ഉണരുമ്പോഴുള്ള ഉദ്ധാരണവും (morning erections) ഉണ്ടായില്ലെന്ന് വരാം.

പല പുരുഷന്മാർക്കും ഈ രണ്ടു പ്രശ്നങ്ങളും ഒരുപോലെ അനുഭവപ്പെടാം. ശാരീരികമായ ഒരു പ്രശ്നം ആദ്യം ഉത്ക്കണ്ഠ സൃഷ്ടിക്കുകയും അത് പിന്നീട് പ്രശ്നത്തെ കൂടുതൽ വഷളാക്കുകയും ചെയ്യും.

പെർഫോമൻസ് ആൻസൈറ്റിയെ മറികടക്കാൻ ചില മാർഗ്ഗങ്ങൾ

  • തുറന്നു സംസാരിക്കുക: പങ്കാളിയോട് സത്യസന്ധമായി കാര്യങ്ങൾ സംസാരിക്കുക. ഇത് സമ്മർദ്ദം കുറയ്ക്കുകയും ലൈംഗിക ബന്ധം കൂടുതൽ സുരക്ഷിതമായി തോന്നിക്കുകയും ചെയ്യും.
  • ശരീരത്തിനും മനസ്സിനും സൗഖ്യം നൽകാം: ശ്വസനവ്യായാമങ്ങൾ, മൈൻഡ്ഫുൾനെസ്, യോഗ എന്നിവ ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
  • ആരോഗ്യകരമായ ജീവിതശൈലി: പതിവായ വ്യായാമം, കൃത്യമായ ഉറക്കം, സമീകൃതാഹാരം എന്നിവ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
  • കൗൺസിലിംഗ് തേടുക: സെക്സ് തെറാപ്പിയോ കൗൺസിലിംഗോ തേടുന്നത് ഭയം, പ്രകടനത്തെക്കുറിച്ചുള്ള സമ്മർദ്ദം എന്നിവ മാറ്റിയെടുക്കാൻ സഹായിക്കും.

ഡോക്ടറെ കാണേണ്ടതെപ്പോൾ?

സമ്മർദ്ദം നിയന്ത്രണവിധേയമായതിന് ശേഷവും  പ്രശ്നം തുടരുകയാണെങ്കിൽ, അല്ലെങ്കിൽ ക്ഷീണം, നെഞ്ചുവേദന, ഊർജ്ജക്കുറവ് പോലുള്ള മറ്റ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ നിർബ്ബന്ധമായും കാണണം.  ഉദ്ധാരണക്കുറവിന്റെ ശാരീരിക കാരണങ്ങൾ, ചിലപ്പോൾ ഹൃദയസംബന്ധമായ രോഗങ്ങളോ പ്രമേഹമോ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ സൂചന നൽകിയേക്കാം. നേരത്തെയുള്ള ചികിത്സ ലൈംഗിക ജീവിതത്തെ മാത്രമല്ല, ജീവൻ തന്നെയും രക്ഷിക്കാൻ സഹായിക്കും.

പങ്കാളികൾക്കുള്ള പിന്തുണ

ലൈംഗികപരമായ ബുദ്ധിമുട്ടുകൾ ഒരു വ്യക്തിയെ മാത്രമല്ല, ബന്ധത്തെ മുഴുവനായും ബാധിക്കും. പരസ്പരം പഴിക്കുകയും സംസാരിക്കാതിരിക്കുകയും അകന്നു നിൽക്കുകയും ചെയ്യുന്നതിലൂടെ ബന്ധം കൂടുതൽ വഷളാകുകയേ ഉള്ളൂ. അതിനുപകരം:

  • ക്ഷമയോടെയും സഹാനുഭൂതിയോടെയും പെരുമാറുക.
  • ലൈംഗിക ബന്ധത്തിനപ്പുറമുള്ള അടുപ്പത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
  • ആവശ്യമെങ്കിൽ ഒരുമിച്ച് ഒരു പ്രൊഫഷണലിന്റെ സഹായം തേടുക.

പെർഫോമൻസ് ആൻസൈറ്റിയും ശാരീരികമായ തകരാറുകളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ടും ചികിത്സിച്ചു മാറ്റാൻ കഴിയുന്നവയുമാണ്. നിശബ്ദമായി ഉള്ളിലൊതുക്കി ബുദ്ധിമുട്ടരുത്. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് ആത്മവിശ്വാസം, അടുപ്പം, ആരോഗ്യം എന്നിവയെല്ലാം വീണ്ടെടുക്കുന്നതിനുള്ള ആദ്യ പടിയാണ്.

ലൈംഗിക സംതൃപ്തി എന്നത് വെറും പ്രകടനത്തിൽ മാത്രം  ആശ്രയിച്ചുള്ളതല്ല, മറിച്ച് അത് ഇഴയടുപ്പമുള്ള ബന്ധം, പരസ്പര വിശ്വാസം,സ്നേഹം, സമഗ്രമായ ആരോഗ്യം എന്നിവയുമായെല്ലാം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe