പെൽവിക് ആരോഗ്യം: സ്ത്രീകൾ അറിയേണ്ടതെല്ലാം

സ്ത്രീകളുടെ ആരോഗ്യത്തിൽ സുപ്രധാനപങ്ക് വഹിക്കുന്ന ഒന്നാണ് പെൽവിക് സംബന്ധമായ ആരോഗ്യം. മൂത്രാശയം, ഗർഭപാത്രം, കുടൽ എന്നിവയുൾപ്പെട്ട വ്സതിപ്രദേശത്തെ താങ്ങിനിർത്തുന്ന ഒരു കൂട്ടം പേശികളാണ് പെൽവിക് ഫ്ലോർ. ഈ പേശികൾ ദുർബലമാവുകയോ അല്ലെങ്കിൽ അമിതമായി വലിഞ്ഞു മുറുകുകയോ ചെയ്യുമ്പോൾ, സ്ത്രീകൾക്ക് മൂത്രം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ, വേദന, അല്ലെങ്കിൽ ലൈംഗിക ബന്ധത്തിലെ ബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെടാം.
പെൽവിക് ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രായമായ സ്ത്രീകൾ മാത്രമല്ല, സ്ത്രീയുടെ ജീവിതത്തിൻ്റെ എല്ലാ ഘട്ടത്തിലും വസ്തിഭാഗത്തെ ആരോഗ്യം സുപ്രധാന പങ്ക് വഹിക്കുന്നു.
എന്തുകൊണ്ട് പ്രാധാന്യം അർഹിക്കുന്നു?
- മൂത്രാശയത്തിൻ്റെ സുഗമമായ പ്രവർത്തനത്തിന് : പേശികൾ ദുർബലമായാൽ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ബ്ളാഡർ നിയന്ത്രണം നഷ്ടമാകുകയും മൂത്രം അറിയാതെ പോകുകയും ചെയ്തേക്കാം.
- കുടലിന്റെ ആരോഗ്യം: മലബന്ധവും പേശികളുടെ നിയന്ത്രണക്കുറവും അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം.
- ലൈംഗിക ആരോഗ്യം: പെൽവിക് പ്രശ്നങ്ങൾ വേദന, ലൈംഗികാവയവങ്ങളിലെ വരൾച്ച, സംവേദനക്ഷമത കുറയൽ എന്നിവയ്ക്ക് കാരണമാവാം.
- പ്രസവശേഷമുള്ള ആരോഗ്യം: ഗർഭധാരണവും പ്രസവവും പെൽവിക് പേശികളിൽ വലിയ സമ്മർദ്ദം ഉണ്ടാക്കുന്നു.
- വാർദ്ധക്യവും ആർത്തവവിരാമവും: ഈസ്ട്രജന്റെ കുറവ് പേശികളെ ദുർബലമാക്കുകയും, അവയവങ്ങൾ താഴേക്ക് ഇറങ്ങിവരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യാം.
പഠനങ്ങൾ സൂചിപ്പിക്കുന്നത്, മൂന്ന് സ്ത്രീകളിൽ ഒരാൾക്ക് എന്ന കണക്കിൽ, പെൽവിക് ഫ്ലോർ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് എന്നാണ്. എന്നാൽ നാണക്കേട് കാരണം പലരും സഹായം തേടാറില്ല എന്നതാണ് യാഥാർത്ഥ്യം.
പെൽവിക് ഫ്ലോർ പ്രശ്നങ്ങളുടെ കാരണങ്ങൾ
- ഗർഭധാരണവും സാധാരണ പ്രസവവും
- അമിതവണ്ണം
- വിട്ടുമാറാത്ത മലബന്ധം അല്ലെങ്കിൽ ചുമ
- ആർത്തവവിരാമ സമയത്തെ ഹോർമോൺ മാറ്റങ്ങൾ
- വ്യായാമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ
ആരോഗ്യത്തോടെ എങ്ങനെ നിലനിർത്താം?
1.പേശികൾക്ക് കരുത്തേകാൻ വ്യായാമം ചെയ്യുക
1.കെഗൽ വ്യായാമങ്ങൾ: മൂത്രം ഒഴിക്കുന്നത് നിർത്താൻ ശ്രമിക്കുന്നതുപോലെ നിങ്ങളുടെ പെൽവിക് പേശികളെ 5 സെക്കൻഡ് നേരത്തേക്ക് മുറുക്കിപ്പിടിക്കുക. ഇത് ദിവസവും 10-15 തവണ ആവർത്തിക്കുക.
2.യോഗ: മലാസന (സ്ക്വാറ്റ് പോസ്), സേതു ബന്ധാസന (ബ്രിഡ്ജ് പോസ്) എന്നിവ ചെയ്യുന്നത് പെൽവിക് പേശികളുടെ ശക്തിയും അയവും വർദ്ധിപ്പിക്കുന്നു.
2.ജീവിതശൈലിയിലെ മാറ്റങ്ങൾ
1.മലബന്ധം ഒഴിവാക്കാൻ നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുക.
2.പെൽവിക് ഭാഗത്തെ സമ്മർദ്ദം കുറയ്ക്കാൻ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.
3.മൂത്രാശയത്തിൻ്റെ ആരോഗ്യത്തിന് നന്നായി വെള്ളം കുടിക്കുക, കഫീൻ ഉപയോഗം കുറയ്ക്കുക.
3.വിദഗ്ദ്ധ സഹായം
1.പെൽവിക് ഫ്ലോർ ഫിസിയോതെറാപ്പി: ഈ മേഖലയിലെ വിദഗ്ദ്ധർക്ക് ശരിയായ വ്യായാമങ്ങൾ നിർദ്ദേശിക്കാൻ കഴിയും.
2.ബയോഫീഡ്ബാക്ക് തെറാപ്പി: പേശികൾ ഏതെന്ന് മനസ്സിലാക്കാനും അവയുടെ കരുത്തിന് വേണ്ടി പരിശീലിപ്പിക്കാനും ഈ തെറാപ്പി സഹായിക്കും.
3.വൈദ്യസഹായം: അവയവങ്ങൾ താഴേക്ക് ഇറങ്ങിവരിക, മൂത്രം നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥ എന്നീ പ്രയാസങ്ങൾക്ക് ചികിത്സകൾ ലഭ്യമാണ്.
തുറന്ന് പറയാൻ മടിവേണ്ട
മൂത്രം അറിയാതെ പോകുക, വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ പല സ്ത്രീകളും ജീവിതത്തിൻ്റെ ഭാഗമായി സഹിച്ച്, കൊണ്ടുനടക്കുകയാണ് ചെയ്യുന്നത്. പ്രസവശേഷം ഇങ്ങനെ ഉണ്ടാകാമെന്നോ അല്ലെങ്കിൽ പ്രായമായതിൻ്റെ ഭാഗമാണെന്നോ കരുതി നിശ്ശബ്ദമായി സഹിക്കുന്നത് ശാരീരികവും മാനസികവുമായ ദുരിതങ്ങൾ വർദ്ധിപ്പിക്കുന്നു. തുറന്ന സംഭാഷണങ്ങളിലൂടെയും ബോധവൽക്കരണത്തിലൂടെയും പെൽവിക് ആരോഗ്യത്തെ സ്ത്രീകളുടെ പൊതുവായ ആരോഗ്യത്തിൻ്റെ ഭാഗമായി കാണാൻ കഴിയും.
പെൽവിക് ആരോഗ്യം സ്ത്രീകളുടെ സ്വാസ്ഥ്യത്തിൻ്റെ അടിസ്ഥാനമാണ്. ഈ പേശികളെ ശക്തിപ്പെടുത്തുന്നതിലൂടെ അസ്വസ്ഥതകൾ ഒഴിവാക്കാനും ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും ദൈനംദിന ജീവിതത്തിൽ കൂടുതൽ ആത്മവിശ്വാസം നേടാനും സ്ത്രീകൾക്ക് കഴിയും. പെൽവിക് ഫ്ലോറിൻ്റെ ആരോഗ്യം ശ്രദ്ധിക്കുന്നത് സ്വയം മൂല്യം നൽകുന്നതിന് തുല്യമാണ്.
References:




