ആർത്തവസമയത്തെ കടുത്ത വേദന നിസ്സാരമാക്കരുത്

ആർത്തവസമയത്തെ കടുത്ത വേദന നിസ്സാരമാക്കരുത്

എൻഡോമെട്രിയോസിസിന്റെയോ പി സി ഒ എസ്സിൻ്റെയോ ലക്ഷണമാകാം

ആർത്തവവേദന സാധാരണമാണെന്നും  അതൊക്കെ എല്ലാവർക്കും ഉള്ളതാണെന്നും പെണ്ണായാൽ കുറച്ചൊക്കെ സഹിച്ചേ മതിയാകൂ എന്നുമുള്ള വാചകങ്ങൾ പഴഞ്ചൊല്ലിനോളം തന്നെ പ്രചാരം നേടിയവയാണ്. കാലങ്ങളായി ആർത്തവകാലത്ത് കേട്ടുപോന്ന കാര്യങ്ങൾ.

വേദനകൊണ്ട് പുളയുമ്പോഴും സ്കൂളിൽ പോകാൻ പെൺകുട്ടികൾ നിർബന്ധിതരാകുന്നു. വേദനസംഹാരികൾ ബാഗിൽ കരുതി സ്ത്രീകൾ ജോലിക്ക് പോകുന്നു.  ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ആരും ചോദിക്കാതെ വർഷങ്ങൾ കടന്നുപോകുന്നു: ഈ വേദന എന്തെങ്കിലും അസുഖം സംബന്ധിച്ച് ശരീരം നൽകുന്ന മുന്നറിയിപ്പാണോ എന്ന ചോദ്യം. 

ആർത്തവസമയത്ത് ചെറിയ അസ്വസ്ഥതകൾ ഉണ്ടാകുന്നത് സാധാരണമായിരിക്കാം. എന്നാൽ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള കഠിന വേദന ഒരിക്കലും സാധാരണയല്ല. പലപ്പോഴും അത് എൻഡോമെട്രിയോസിസ് (Endometriosis) അല്ലെങ്കിൽ പി സി ഒ എസ് (PCOS) പോലുള്ള അവസ്ഥകളുടെ ആദ്യകാല ലക്ഷണമായിരിക്കാം.

ആർത്തവ വേദന: സാധാരണവും അസാധാരണവും

ആർത്തവസമയത്ത് ഗർഭപാത്രത്തിന്റെ ഉൾപാളി പുറന്തള്ളുന്നതിനായി പേശികൾ ചുരുങ്ങുന്നതിനാലാണ് വയറുവേദന ഉണ്ടാകുന്നത്. 

സാധാരണ കണ്ടുവരുന്ന വേദനയുടെ രീതികൾ ഇവയാണ്:

  • മിതമായ വേദന
  • ആർത്തവത്തിന്റെ ആദ്യത്തെ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രം അനുഭവപ്പെടുന്നത്
  • മരുന്നുകൾ ഇല്ലാതെ തന്നെ വിശ്രമത്തിലൂടെയോ ചൂടുപിടിക്കുന്നതിലൂടെയോ മാറുന്നത്
  • ജോലിയിലോ പഠനത്തിലോ തടസ്സങ്ങൾ സൃഷ്ടിക്കാത്തത്

ആർത്തവ വേദന അസാധാരണമാകുന്ന സാഹചര്യങ്ങൾ:

  • സ്കൂളിൽ പോകാനോ ജോലി ചെയ്യാനോ ഉറങ്ങാനോ കഴിയാത്ത വിധം വേദന ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ
  • ഇടയ്ക്കിടെ ശക്തമായ വേദനസംഹാരികൾ (Painkillers) ഉപയോഗിക്കേണ്ടി വരുന്നുണ്ടെങ്കിൽ
  • ഓരോ മാസം കഴിയുന്തോറും വേദനയുടെ കാഠിന്യം കൂടി വരികയാണെങ്കിൽ
  • കഠിനമായ രക്തസ്രാവമോ വലിയ രക്തക്കട്ടകളോ വേദനയോടൊപ്പം ഉണ്ടാകുന്നുണ്ടെങ്കിൽ
  • വേദനയോടൊപ്പം കടുത്ത ക്ഷീണം, ഓക്കാനം (Nausea), വയറ്റിലെ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ

ജീവിതത്തെ നിയന്ത്രിക്കാൻ തുടങ്ങുന്ന തരത്തിലുള്ള വേദനയെ ഗൗരവമായി കാണണം. അതിന് കൃത്യമായ വൈദ്യപരിശോധന ആവശ്യമാണ്.

എന്തുകൊണ്ടാണ് ആർത്തവ വേദന അവഗണിക്കപ്പെടുന്നത്?

വേദനയുണ്ടെന്ന് പറഞ്ഞാലും പലപ്പോഴും ആരുമതിന് ചെവി കൊടുക്കാറില്ല . ഇതിന് പിന്നിൽ പ്രധാനമായും ചില കാരണങ്ങളുണ്ട്:

  • വേദന സഹിക്കുന്നത് ഒരു രീതിയായി മാറിയത്
  • അറിവില്ലായ്മ
  • തുറന്നു സംസാരിക്കാനുള്ള മടി
  • വേദന സ്വാഭാവികമാണെന്ന മുൻവിധികൾ

ഇത്തരം അവഗണനകൾ കാരണം, എൻഡോമെട്രിയോസിസ് പോലുള്ള രോഗങ്ങൾ വന്ന ശേഷം, പലപ്പോഴും 7 മുതൽ 10 വർഷം വരെ കഴിഞ്ഞിട്ടാണ് തിരിച്ചറിയപ്പെടുന്നത്. അത്രയും കാലം സ്ത്രീകൾ കഠിനമായ വേദന സഹിച്ച് ജീവിക്കുന്നു.

എൻഡോമെട്രിയോസിസ്: ആർത്തവ വേദനയ്ക്കപ്പുറം

ഗർഭപാത്രത്തിന്റെ ഉൾപ്പാളിക്ക് (Endometrium) സമാനമായ കോശങ്ങൾ ഗർഭപാത്രത്തിന് പുറത്ത് വളരുന്ന അവസ്ഥയാണിത്. സാധാരണയായി അണ്ഡാശയങ്ങൾ (Ovaries), ഫാലോപ്യൻ ട്യൂബുകൾ, കുടൽ അല്ലെങ്കിൽ പെൽവിക് ഭാഗങ്ങളിലാണ് ഇത്തരം വളർച്ചകൾ കാണപ്പെടുന്നത്.

ഓരോ മാസവും ആർത്തവചക്രത്തിനനുസരിച്ച് ഈ കോശങ്ങളും ഹോർമോണുകളോട് പ്രതികരിക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യുന്നു. എന്നാൽ ഗർഭപാത്രത്തിന് പുറത്തായതിനാൽ ഇതിന് ശരീരത്തിന് പുറത്തേക്ക് പോകാൻ വഴിയില്ലാതാകുന്നു. ഇത് ആ ഭാഗങ്ങളിൽ വീക്കത്തിനും കഠിനമായ വേദനയ്ക്കും കാരണമാകുന്നു.

എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങൾ:

  • കാലക്രമേണ കൂടിവരുന്ന കഠിനമായ ആർത്തവ വേദന
  • ആർത്തവത്തിന് മുൻപും ആർത്തവ സമയത്തും ശേഷവും നീണ്ടുനിൽക്കുന്ന വേദന
  • ആർത്തവസമയത്ത് മലമൂത്രവിസർജ്ജനം നടത്തുമ്പോൾ അനുഭവപ്പെടുന്ന അസ്വസ്ഥത
  • ഇടുപ്പിലോ നടുവിനു താഴെയോ എപ്പോഴും അനുഭവപ്പെടുന്ന വേദന
  • ആർത്തവസമയത്തെ അമിതമായ ക്ഷീണവും തളർച്ചയും 

പലപ്പോഴും എൻഡോമെട്രിയോസിസ് ബാധിച്ച സ്ത്രീകളോട് ഇത് വെറും തോന്നലാണ് എന്ന് മറ്റുള്ളവർ പറയാറുണ്ട്. വാസ്തവത്തിൽ ഇത് തികച്ചും ശാരീരികമായ ഒരവസ്ഥയാണ്, വെറും തോന്നലല്ല.

പി സി ഒ എസ്: ഹോർമോൺ മാറ്റങ്ങളും ആർത്തവ വേദനയും

ഹോർമോൺ വ്യതിയാനങ്ങളും ഉപാപചയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ് പി സി ഒ എസ്. ആർത്തവം ക്രമമല്ലാതിരിക്കുമ്പോഴോ ഏറെ വൈകി വരുമ്പോഴോ ഇത് കഠിനമായ വേദനയ്ക്ക് കാരണമാകാറുണ്ട്.

പി സി ഒ എസ് ഉള്ളവരിൽ സംഭവിക്കുന്നത്:

  • കൃത്യമായ ഇടവേളകളിൽ അണ്ഡോത്പാദനം (Ovulation) നടക്കണമെന്നില്ല
  • ഹോർമോൺ അസന്തുലിതാവസ്ഥ കാരണം ഗർഭപാത്രത്തിന്റെ ഉൾപാളി (Uterine lining) കൂടുതൽ കട്ടിയുള്ളതായി മാറുന്നു
  • മാസങ്ങൾക്ക് ശേഷം ആർത്തവം ഉണ്ടാകുമ്പോൾ, കട്ടിയുള്ള ഈ പാളി പുറന്തള്ളാനായി ശരീരം കൂടുതൽ പ്രയത്നിക്കേണ്ടി വരുന്നു. ഇത് അമിത രക്തസ്രാവത്തിനും കഠിനമായ വേദനയ്ക്കും കാരണമാകുന്നു

വേദന പി സി ഒ എസ് കാരണമാണോ എന്ന് തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ:

  • ആർത്തവം കൃത്യസമയത്ത് വരാതിരിക്കുക (Irregular periods)
  • മുഖത്തോ ശരീരത്തില അമിതമായി രോമങ്ങൾ വളരുക
  • മുഖക്കുരു അല്ലെങ്കിൽ എണ്ണമയമുള്ള ചർമ്മം
  • പെട്ടെന്ന് ശരീരഭാരം കൂടുക അല്ലെങ്കിൽ ഭാരം കുറയ്ക്കാൻ പ്രയാസം നേരിടുക
  • വിട്ടുമാറാത്ത തളർച്ചയും മാനസികാവസ്ഥയിലെ മാറ്റങ്ങളും (Mood swings)
  • ആർത്തവം ഉണ്ടാകുമ്പോൾ അത് കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുകയോ അമിതമായി രക്തം നഷ്ടപ്പെടുകയോ ചെയ്യുക

ചുരുക്കത്തിൽ, പി സി ഒ എസ് ഉണ്ടാകുമ്പോൾ അനുഭവപ്പെടുന്ന വേദന പേശീ സങ്കോചം മൂലം മാത്രമല്ല, അത് ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനത്തിന്റെ ഭാഗം കൂടിയാണ്.

          എൻഡോമെട്രിയോസിസും പി സി ഒ എസും: ഒരു താരതമ്യം

    പ്രത്യേകതകൾഎൻഡോമെട്രിയോസിസ്   പി സി ഒ എസ്
    പ്രധാന പ്രശ്നംഗർഭപാത്രത്തിന് പുറത്തുള്ള കോശവളർച്ചയും വീക്കവുംഹോർമോൺ അസന്തുലിതാവസ്ഥ
  ആർത്തവ രീതിപലപ്പോഴും കൃത്യസമയത്താകും, പക്ഷേ അതികഠിനമായ വേദനയുണ്ടാകുംക്രമമല്ലാതിരിക്കുകയോ മാസങ്ങളോളം വരാതിരിക്കുകയോ ചെയ്യും
വേദനയുടെ കാഠിന്യംകഠിനമായ വേദന ക്രമേണ വേദന വർദ്ധിച്ചുവരുന്നുപലരിലും വ്യത്യസ്തം, അമിത രക്തസ്രാവത്തോടൊപ്പം വരാം
തിരിച്ചറിയാനുള്ള കാലതാമസംപലപ്പോഴും വർഷങ്ങൾ എടുക്കുന്നുലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു

അവഗണിക്കപ്പെടുന്ന വേദന നൽകുന്ന വൈകാരികാഘാതം

വിട്ടുമാറാത്ത ആർത്തവ വേദനയുമായി ജീവിക്കുന്നത് ശാരീരികമായ ഒരു ബുദ്ധിമുട്ടിനുപരിയായി, സ്ത്രീകളിൽ പലവിധത്തിലുള്ള മാനസിക സംഘർഷങ്ങൾക്കും കാരണമാകുന്നു:

  • ആർത്തവത്തോടുള്ള ഭയം
  • സാമൂഹികമായ ഒറ്റപ്പെടൽ
  • പഠനത്തെയും കരിയറിനെയും ബാധിക്കുന്നു
  • വൈകാരികമായ തളർച്ച
  • തനിക്ക് മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ചിന്തയും ആത്മവിശ്വാസക്കുറവും

പുറംലോകം വേദനയെ അവഗണിക്കുമ്പോൾ, അതനുഭവിക്കുന്ന വ്യക്തിയിൽ ആഴത്തിലുള്ള മുറിവായി മാറുന്നു.

വൈദ്യസഹായം തേടേണ്ടത് എപ്പോൾ?

കൃത്യമായ പരിശോധന ആവശ്യമായ സാഹചര്യങ്ങൾ:

  • എല്ലാ മാസവും ആർത്തവസമയത്ത്  മരുന്നുകളെ ആശ്രയിക്കേണ്ടി വരുമ്പോൾ
  • ഓരോ വർഷം കഴിയുന്തോറും ആർത്തവ വേദനയുടെ കാഠിന്യം വർദ്ധിച്ചു വരികയാണെങ്കിൽ
  • ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുമ്പോൾ
  •  കഠിനമായ വേദനയോടൊപ്പം അമിത രക്തസ്രാവം കൂടി ഉണ്ടാകുന്നുണ്ടെങ്കിൽ
  • ആർത്തവ ദിനങ്ങളിലല്ലാതെയും ഇടുപ്പിലോ അടിവയറ്റിലോ വിട്ടുമാറാത്ത വേദന അനുഭവപ്പെട്ടാൽ
  • ആദ്യ ആർത്തവം മുതൽ തുടങ്ങിയ വേദന മാറ്റമില്ലാതെ വർഷങ്ങളോളം തുടരുകയാണെങ്കിൽ

നേരത്തെയുള്ള പരിശോധനയും രോഗനിർണ്ണയവും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വലിയ സങ്കീർണ്ണതകൾ തടയാൻ സഹായിക്കും.

രോഗനിർണ്ണയം എങ്ങനെ?

രോഗനിർണ്ണയത്തിനായി ഡോക്ടർമാർ താഴെ പറയുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാറുണ്ട്:

  • വിശദമായ ആർത്തവ ചരിത്രം പരിശോധിക്കുന്നു
  • ശാരീരിക പരിശോധന (Pelvic Examination)
  • അൾട്രാസൗണ്ട് സ്കാനിംഗ് (Ultrasound)
  • ഹോർമോൺ നിലയറിയാനായുള്ള രക്തപരിശോധന
  • എം ആർ ഐ പോലുള്ള  വിദഗ്ധ പരിശോധനകൾ, വേണ്ടി വന്നാൽ ലാപ്രോസ്കോപ്പി (Laparoscopy) പോലുള്ള ചെറിയ ശസ്ത്രക്രിയകൾ

രോഗിയുടെ അനുഭവങ്ങൾ ശ്രദ്ധയോടെ കേൾക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിഷമതകൾ ഡോക്ടറോട് കൃത്യമായി വിശദീകരിക്കുന്നത് രോഗനിർണ്ണയം എളുപ്പമാക്കാൻ സഹായിക്കും.

ചികിത്സാ രീതികൾ 

ഓരോരുത്തരുടെയും രോഗാവസ്ഥയ്ക്കും ശരീരപ്രകൃതിക്കുമനുസരിച്ച് ചികിൽസയും വ്യത്യാസപ്പെടും.

  • ലക്ഷണങ്ങളുടെ കാഠിന്യം
  • പ്രായം
  • ഗർഭധാരണം സംബന്ധിച്ച ഭാവിയിലെ പ്ലാനുകൾ
  • പൊതുവായ ആരോഗ്യനില

ഇപ്പറഞ്ഞ ഘടകങ്ങളെ ആശ്രയിച്ചാണ് ഡോക്ടർ ചികിൽസ നിശ്ചയിക്കുക.

ലഭ്യമായ വിവിധ ചികിത്സാ മാർഗ്ഗങ്ങൾ

  • വേദന നിയന്ത്രിക്കാനുള്ള വഴികൾ 
  • ഹോർമോൺ ക്രമീകരണം
  • ജീവിതശൈലിയും ഭക്ഷണക്രമവും വ്യത്യാസപ്പെടുത്തുക 
  • ശാരീരികാവസ്ഥയ്ക്കനുസരിച്ചുള്ള പ്രത്യേക മരുന്നുകൾ
  • വേദനയുണ്ടാക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാൻ കൗൺസിലിംഗ് പോലുള്ള പിന്തുണ

വേദന കുറയ്ക്കുന്നതോടൊപ്പം ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതും ചികിൽസ ലക്ഷ്യമിടുന്നു.

അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

ആർത്തവ വേദന നിങ്ങളുടെ സഹനശക്തി അളക്കാനുള്ള ഒരു പരീക്ഷണമല്ല. താഴെ പറയുന്ന കാര്യങ്ങൾ ഗൗരവപൂർവ്വം കണക്കിലെടുക്കേണ്ടതുണ്ട്:

  • ആർത്തവ വേദന സഹനശക്തിയുടെ അളവുകോലല്ല. അത് നിങ്ങളുടെ ശരീരത്തിന് സുഖമില്ല എന്നതിന്റെ ലക്ഷണമാകാം.
  • കുട്ടികൾ പറയുന്ന വേദനയെ മുതിർന്നവർ അവഗണിക്കരുത് 
  • വലുതാകുമ്പോൾ മാറിക്കോളും എന്ന് കരുതി ചികിത്സ തേടാൻ മടിക്കരുത്

കൗമാരത്തിൽ തുടങ്ങുന്ന അസഹനീയമായ വേദന പലപ്പോഴും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വലിയ ആരോഗ്യപ്രശ്നങ്ങളുടെ ആദ്യ സൂചനയായിരിക്കാം. ഇത് നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിലൂടെ, 

പ്രത്യുത്പാദന ശേഷി (Fertility) സംരക്ഷിക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ദീർഘകാല ക്ഷേമം ഉറപ്പാക്കാനും സഹായിക്കും.

നെല്ലിക്ക.ലൈഫ് നൽകുന്ന സന്ദേശം

പെൺകുട്ടികളോടും സ്ത്രീകളോടുമാണ്, 

നിങ്ങളുടെ വേദനയെ ആരെങ്കിലും നിസ്സാരമായി കാണുകയാണെങ്കിൽ, അതിനെതിരെ ഉറച്ചുനിൽക്കുക.

നിങ്ങളുടെ ശരീരം ശ്രദ്ധ ആവശ്യപ്പെടുന്നുണ്ടെങ്കിൽ, നിർവികാരതയോടെയല്ല, കരുതലോടു കൂടിത്തന്നെ പരിചരണം  നൽകുക.

ആർത്തവ വേദന സഹിക്കുന്നത് നിങ്ങളുടെ കരുത്തിന്റെ അടയാളമല്ല. വേണ്ട സഹായം തേടുക എന്നതാണ് യഥാർത്ഥ കരുത്ത്.

നിങ്ങളുടെ ശരീരം നൽകുന്ന ഒരു സൂചനയാണ് വേദന. ആ സൂചനയ്ക്ക് അതർഹിക്കുന്ന ശ്രദ്ധ നൽകിയേ തീരൂ.

സ്ത്രീകളുടെ വേദന അതീവ ഗൗരവത്തോടെ കാണണമെന്നും അത് നേരത്തെ തന്നെ കൃത്യമായി പരിശോധിക്കണമെന്നും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശാസ്ത്രീയമായ ധാരണയോടെയും അനുകമ്പയോടെയും ചികിത്സിക്കപ്പെടണമെന്നും നെല്ലിക്ക.ലൈഫ് ഉറച്ചു വിശ്വസിക്കുന്നു.

Related News

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

മുപ്പതിന് ശേഷം അമ്മയാകാനൊരുങ്ങുമ്പോൾ

ഇന്നത്തെ കാലത്ത് കരിയറിലെ വളർച്ചയ്ക്കും സാമ്പത്തിക സുരക്ഷിതത്വത്തിനും യോജിച്ച പങ്കാളിയെ കണ്ടെത്താനുമൊക്കെയായി പല സ്ത്രീകളും മുപ്പതുകൾക്ക് ശേഷം മാത്രം ഗർഭധാരണത്തിന് തയ്യാറെടുക്കാറുണ്ട്. ഇത് തികച്ചും സ്വാഭാവികവുമാണ്. എങ്കിലും,...

ഫെബ്രുവരി 25, 2026 11:19 pm
വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

ജെറിയാട്രീഷ്യനെ കാണേണ്ടതിൻ്റെ പ്രാധാന്യം അറിഞ്ഞിരിക്കാം പ്രായമായ വ്യക്തികളുള്ള വീടുകളിൽ, പലേടങ്ങളിലും അവർക്കു വേണ്ട പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാകും. കിടപ്പുമുറിയിൽ ആവശ്യത്തിന് വായുസഞ്ചാരവും രാത്രി ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മതിയായ വെളിച്ചവും...

ഫെബ്രുവരി 25, 2026 11:13 pm
വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

വേനൽ വല്ലാതെ തളർത്തുന്നുണ്ടോ?

എന്തുകൊണ്ടാണ് വേനൽക്കാലത്ത് നമുക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടുന്നത്? വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ മധുരമൂറുന്ന മാമ്പഴസീസണും അവധിക്കാലവും യാത്രകളുമൊക്കെയാണ് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക. തൊട്ടടുന്ന നിമിഷം തന്നെ...

ഫെബ്രുവരി 25, 2026 10:11 pm
Top
Subscribe