ഓയിൽ പുള്ളിംഗ്: ആധുനിക ശാസ്ത്രം അംഗീകരിക്കുന്ന പൗരാണിക ജ്ഞാനം

ആയിരക്കണക്കിന് വർഷങ്ങളായി ഭാരതീയർ അവരുടെ പ്രഭാതം ആരംഭിച്ചിരുന്നത് ഗണ്ഡൂഷം എന്ന പ്രക്രിയയിലൂടെയാണ്. അതാണ് ഓയിൽ പുള്ളിംഗ്. ആധുനിക ശാസ്ത്രവും ഇപ്പോൾ ഇതിൻ്റെ പ്രയോജനങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്.
സൂര്യോദയത്തിനുമുമ്പ്, ഒരു സ്പൂൺ എള്ളെണ്ണയോ വെളിച്ചെണ്ണയോ പതുക്കെ കവിൾ കൊണ്ടശേഷം ശുചീകരണവും ധ്യാനവും. ഭാരതീയരെ സംബന്ധിച്ചിടത്തോളം ഇതൊരു ശുചിത്വ രീതി മാത്രമല്ലായിരുന്നു, സമഗ്രമായ ആരോഗ്യത്തിനായുള്ള ചര്യ കൂടിയായിരുന്നു.
ബാക്ടീരിയകളെ നശിപ്പിക്കുന്ന മൗത്ത് വാഷുകളും ഇലക്ട്രിക് ടൂത്ത് ബ്രഷുകളും ഉള്ള ഇന്നത്തെ ലോകത്ത്, ഓയിൽ പുള്ളിംഗ് അവിശ്വസനീയമായി തോന്നിയേക്കാം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നടന്ന ആധുനിക ഗവേഷണങ്ങൾ ഈ പുരാതന ആയുർവേദ ശീലത്തെ കൂടുതൽ അടുത്തറിഞ്ഞിട്ടുണ്ട്.
ഇത്ര ലളിതമായ ഒരു കാര്യത്തിന് വായിലെ ബാക്ടീരിയകളെ കുറയ്ക്കാനും മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശ്വാസത്തിന് ഉന്മേഷം നൽകാനും എങ്ങനെയാണ് സാധിക്കുന്നത്?
പൗരാണിക ജ്ഞാനത്തെ ശാസ്ത്രീയ യാഥാർത്ഥ്യങ്ങളിൽ നിന്ന് വേർതിരിച്ച് നമുക്ക് ഇക്കാര്യം മനസ്സിലാക്കാം.
എന്താണ് ഓയിൽ പുള്ളിംഗ്?
ഓയിൽ പുള്ളിംഗ് (ഗണ്ഡൂഷം അഥവാ കബളം) ഒരു ആയുർവേദ വദന ശുദ്ധീകരണ രീതിയാണ്.
ഒരു ടേബിൾ സ്പൂൺ എള്ളെണ്ണയോ വെളിച്ചെണ്ണയോ വായിൽ ഒഴിച്ച് 10–15 മിനിറ്റ് നേരം കവിൾക്കൊണ്ട ശേഷം തുപ്പിക്കളയുന്ന രീതിയാണിത്.
ആയുർവേദ തത്വമനുസരിച്ച്, ഈ ദിനചര്യ ദോഷങ്ങളെ സന്തുലിതമാക്കുന്നു, പല്ലുകൾക്കും മോണകൾക്കും ബലം നൽകുന്നു, കൂടാതെ വായിലെ വിഷവസ്തുക്കളെ (“ആമം”) പുറത്തേക്ക് വലിച്ചെടുക്കുന്നു.
ഓയിൽ പുള്ളിംഗ് ഒരു സ്വാഭാവിക ആൻ്റിമൈക്രോബിയൽ മൗത്ത് റിൻസായി പ്രവർത്തിക്കുന്നു—ഇത് ബാക്ടീരിയകളെ കുറയ്ക്കുകയും പ്ലാക്ക് രൂപപ്പെടുന്നത് പരിമിതപ്പെടുത്തി വായയിലെ മൃദുകലകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് ആധുനിക ദന്തശാസ്ത്രം ഇതിന് നൽകുന്ന വിശദീകരണം.
ഓയിൽ പുള്ളിംഗിന് പിന്നിലെ ശാസ്ത്രം
2008ൽ, ഇന്ത്യൻ ജേണൽ ഓഫ് ഡെൻ്റൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച ഡോ. കരുപ്പിയയുടെയും ഡോ. രാജേശ്വരിയുടെയും പഠനത്തിൽ, ദന്തക്ഷയത്തിന് കാരണമാകുന്ന പ്രധാന ബാക്ടീരിയകളിലൊന്നായ സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസിനെ (Streptococcus mutans) ഓയിൽ പുള്ളിംഗ് ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തി.
ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ച് (JCDR) 2016ൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ, ഓയിൽ പുള്ളിംഗിനെ ക്ലോർഹെക്സിഡിനു (ഏറ്റവും മികച്ച മൗത്ത് വാഷ്) മായി താരതമ്യം ചെയ്തു.
ഫലം ഇപ്രകാരമായിരുന്നു:
വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ഓയിൽ പുള്ളിംഗ് പ്ലാക്കിൻ്റെ അളവും മോണവീക്കവും കുറയ്ക്കുന്നതിൽ ക്ലോർഹെക്സിഡിനെപ്പോലെ തന്നെ ഫലപ്രദമായിരുന്നു. ക്ലോർഹെക്സിഡിൻ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പല്ലിലെ കറ, രുചി മാറ്റം തുടങ്ങിയ പാർശ്വഫലങ്ങൾ ഒന്നും ഓയിൽ പുള്ളിംഗിന് ഉണ്ടായിരുന്നില്ല താനും.
എണ്ണ തന്മാത്രകൾക്ക് ലിപ്പോഫിലിക് സ്വഭാവമുള്ളതിനാൽ, അവ ബാക്ടീരിയയുടെ കോശ ഭിത്തിയിലെ കൊഴുപ്പുമായി ബന്ധിപ്പിക്കുകയും ബാക്ടീരിയകളെയും വിഷവസ്തുക്കളെയും വായിൽ നിന്ന് പുറത്തേക്ക് “വലിച്ചെടുക്കാൻ” സഹായിക്കുകയും ചെയ്യുന്നു. ഈ കാരണത്താലാണ് ഇതിനെ ഓയിൽ പുള്ളിംഗ് എന്ന് വിളിക്കുന്നത്.
വെളിച്ചെണ്ണയോ എള്ളെണ്ണയോ: ഏതാണ് മികച്ചത്?
രണ്ട് എണ്ണകൾക്കും ഗുണങ്ങളുണ്ട് — എങ്കിലും അവ പ്രവർത്തിക്കുന്നത് വ്യത്യസ്ത രീതികളിലാണ്.
- വെളിച്ചെണ്ണയിൽ ആൻ്റി-ഇൻഫ്ലമേറ്ററി (വീക്കത്തെ തടയുന്ന), ആൻ്റിമൈക്രോബിയൽ (സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന) ഗുണങ്ങളുള്ള ലോറിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് കാന്റീഡ ആൽബിക്കൻസ് (വായ്പ്പുണ്ണിന് കാരണമാകുന്ന ഫംഗസ്), സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് എന്നിവയ്‌ക്കെതിരെ പ്രത്യേകിച്ചും ഫലപ്രദമാണ്.
- പാരമ്പര്യമായി ആയുർവേദത്തിൽ കൂടുതലായി ഉപയോഗിക്കുന്നത് എള്ളെണ്ണയാണ്. ഇതിൽ സെസമോൾ, സെസമിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമുണ്ട്. ഇത് മോണയെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും വീക്കത്തിൽ നിന്നും സംരക്ഷിക്കുന്നു.
2015ലെ നാഗരാജപ്പയുടെ പഠനത്തിൽ, ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കുന്നതിലും മോണയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും വെളിച്ചെണ്ണയ്ക്ക് അൽപ്പം കൂടുതൽ ഫലപ്രാപ്തി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ, ഓയിൽ പുള്ളിംഗിനെ പിന്തുണയ്ക്കുന്ന ആധുനിക ദന്തഡോക്ടർമാർക്കിടയിൽ ഇത് പ്രിയപ്പെട്ടതായി മാറുന്നു.
ഫ്രഷായ ശ്വാസവും കുറഞ്ഞ ബാക്ടീരിയകളും: പ്രായോഗിക നേട്ടങ്ങൾ
വിട്ടുമാറാത്ത ദുർഗന്ധത്തിന് (Halitosis) കാരണം പലപ്പോഴും വായയിലെ ബാക്ടീരിയകൾ ഉത്പാദിപ്പിക്കുന്ന വോളറ്റൈൽ സൾഫർ സംയുക്തങ്ങളാണ് (VSCs).
ഓയിൽ പുള്ളിംഗ്, ബാക്ടീരിയയുടെ അളവ് കുറയ്ക്കുന്നതിലൂടെയും ഉമിനീർ പ്രവാഹം മെച്ചപ്പെടുത്തുന്നതിലൂടെയും ഈ VSCകൾ കുറയ്ക്കുന്നു.
വാസ്തവത്തിൽ, 14 ദിവസത്തേക്ക് ദിവസവും ഓയിൽ പുള്ളിംഗ് പരിശീലിച്ചവരിൽ ശ്വാസത്തിന് പുതിയ ഉന്മേഷം ലഭിക്കുകയും വായനാറ്റം കുറയുകയും ചെയ്തതായി ഇന്ത്യൻ സൊസൈറ്റി ഓഫ് പീഡോഡോൺറ്റിക്സ് ആൻഡ് പ്രിവൻ്റീവ് ഡെൻ്റിസ്ട്രിയിലെ 2011-ലെ പഠനം പറയുന്നു.
പതുക്കെയുള്ള ഈ കവിൾ കൊള്ളൽ ഉമിനീർ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു, ഇത് ദഹനം മെച്ചപ്പെടുത്തുകയും വായയുടെ പി.എച്ച്. നില സന്തുലിതമായി നിലനിർത്തുകയും ചെയ്യുന്നു. വായയുടെയും കുടലിൻ്റെയും ആരോഗ്യത്തെ ബന്ധിപ്പിക്കുന്ന, ആയുർവേദവും ആധുനിക ശാസ്ത്രവും അംഗീകരിക്കുന്ന സമഗ്രമായ ബന്ധമാണിത്.
ഓയിൽ പുള്ളിംഗിൻ്റെ പ്രയോജനങ്ങൾ
ആധുനിക ദന്ത ശുചിത്വത്തിന് പകരമാവില്ലെങ്കിലും, ഓയിൽ പുള്ളിംഗിൻ്റെ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്:
ഓയിൽ പുള്ളിംഗിൻ്റെ ഗുണങ്ങൾ:
- വായിലെ ദോഷകരമായ ബാക്ടീരിയകളെയും പ്ലാക്കിനെയും കുറയ്ക്കുന്നു.
- മോണയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും രക്തസ്രാവം കുറയ്ക്കുകയും ചെയ്യുന്നു.
- വായനാറ്റം സ്വാഭാവികമായി ഇല്ലാതാക്കുന്നു.
- ഉമിനീർ ഉത്പാദനത്തെയും ഓറൽ ഡിടോക്സിഫിക്കേഷനെയും പിന്തുണയ്ക്കുന്നു.
ഓയിൽ പുള്ളിംഗ്:പരിമിതികൾ
- ബ്രഷിംഗിനോ ഫ്ലോസിംഗിനോ പകരമാവില്ല — മെക്കാനിക്കൽ ക്ലീനിംഗ് അത്യന്താപേക്ഷിതമാണ്.
- പല്ലുകൾക്ക് പ്രകടമായ വെളുപ്പ് നൽകില്ല (പ്ലാക്ക് കുറയ്ക്കുന്നതിലൂടെ നേരിയ തിളക്കം നൽകാം).
- സിസ്റ്റെമിക് രോഗങ്ങളെ ചികിത്സിച്ചു മാറ്റില്ല — ഓയിൽ പുള്ളിംഗ് ‘ശരീരത്തെ വിഷമുക്തമാക്കും’ എന്ന അവകാശവാദങ്ങൾ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല.
ഓയിൽ പുള്ളിംഗിനെ സാധാരണ ശുചിത്വ രീതികൾക്ക് പകരമായല്ല, മറിച്ച് ഒരു അനുബന്ധ ശുശ്രൂഷയായി കാണണമെന്നാണ് ദന്ത ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
ഓയിൽ പുള്ളിംഗ് എങ്ങനെ (ശരിയായ രീതി)
ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ:
1.ഒരു ടേബിൾ സ്പൂൺ കോൾഡ് പ്രസ്സ് ചെയ്ത വെളിച്ചെണ്ണയോ എള്ളെണ്ണയോ എടുക്കുക.
2.ഇത് വായിൽ 10–15 മിനിറ്റ് നേരം പതുക്കെ കവിൾ കൊള്ളുക. ഒരിക്കലും ഗാർഗിൾ (gargle) ചെയ്യരുത്.
3.ഈ എണ്ണ തുപ്പിക്കളയുക — സിങ്കിൽ ഒഴിക്കരുത് (പൈപ്പുകൾ അടഞ്ഞുപോകാൻ സാധ്യതയുണ്ട്).
4.ഇളം ചൂടുവെള്ളം ഉപയോഗിച്ച് വായ കഴുകുക.
5.തുടർന്ന് പതിവുപോലെ പല്ല് തേയ്ക്കുക.
അനുയോജ്യമായ സമയം: അതിരാവിലെ ഒഴിഞ്ഞ വയറ്റിൽ.
ആവൃത്തി: സാധാരണ ഗതിയിൽ ആഴ്ചയിൽ 3–5 തവണ; ചികിത്സാപരമായ ഗുണങ്ങൾക്കായി ദിവസവും ചെയ്യാം.
ദന്താരോഗ്യം മൊത്തത്തിലുള്ള ആരോഗ്യത്തിൻ്റെ പ്രതിഫലനം
വായുടെ ശുചിത്വവും മൊത്തത്തിലുള്ള ആരോഗ്യവും തമ്മിലുള്ള ബന്ധം ഓരോ വർഷവും കൂടുതൽ വ്യക്തമായി വരികയാണ്.
വിട്ടുമാറാത്ത മോണവീക്കത്തിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, തലച്ചോറിൻ്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ എന്നിവയുമായി ബന്ധമുണ്ടെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.
ഈ വീക്ഷണത്തിൽ, ഓയിൽ പുള്ളിംഗിൻ്റെ വീക്കം തടയുന്ന, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളും മൈക്രോബയോമിനെ പിന്തുണയ്ക്കുന്ന കഴിവുകളും സമഗ്രമായ പ്രതിരോധ പരിചരണവുമായി ചേർന്നു പോകുന്നതാണ്.
ആയുർവേദം വായയെ ഒരു പ്രത്യേക അവയവമായല്ല, ആന്തരിക ശരീരത്തിലേക്കുള്ള കവാടമായിട്ടാണ് കണ്ടത്.
ആധുനിക ശാസ്ത്രം ഇതിനെ ഓറൽ-സിസ്റ്റമിക് ആക്സിസ് (Oral–Systemic Axis) എന്ന് വിളിക്കുന്നു—വാസ്തവത്തിൽ ഇവ രണ്ടും നൽകുന്ന സന്ദേശം ഒന്നുതന്നെ: വായയെ പരിപാലിക്കുന്നത് ശരീരത്തെ മൊത്തത്തിൽ പരിപോഷിപ്പിക്കുന്നു.
കൃത്യമായി ചെയ്യുന്ന പക്ഷം, ഓയിൽ പുള്ളിംഗ് നിങ്ങളുടെ ബ്രഷിംഗ് ദിനചര്യക്ക് കരുത്തേകും, മോണകളെ സംരക്ഷിക്കും, ആധുനിക ജീവിതത്തിൽ പലപ്പോഴും മറന്നുപോകുന്ന സ്വയം പരിചരണത്തിൻ്റെ പുരാതന താളവുമായി ഇത് നിങ്ങളെ ബന്ധിപ്പിക്കും.
അതുകൊണ്ട് നാളെ രാവിലെ, ടൂത്ത് ബ്രഷിനായി കൈ നീട്ടുന്നതിനു മുമ്പ്,
സ്പൂണിൽ എണ്ണയെടുത്ത്, പതുക്കെ കവിൾ കൊള്ളുക. കാരണം, യഥാർത്ഥ ആരോഗ്യം തുടങ്ങുന്നത് വായിൽ നിന്ന് തന്നെയാണ്.
References :
2. Effect of coconut oil in plaque related gingivitis – A preliminary report




